ദൈവത്തെ ശ്രദ്ധിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക – WFTW 25 ജനുവരി 2015

സാക് പുന്നന്‍

   

ലൂക്കൊസ്‌ 17:26–30ല്‍, യേശു നമ്മോടു പറയുന്നത്‌ അന്ത്യനാളുകള്‍ നോഹയുടെയും ലോത്തിന്റെയും നാളുകള്‍പോലെ ആകും എന്നാണ്‌, അന്ന്‌ ആളുകള്‍ തിന്നുക, കുടിക്കുക, വാങ്ങുക, വില്‍ക്കുക, നടുക, പണിയുക മുതലായ കാര്യങ്ങള്‍ ചെയ്‌തുപോന്നു. ഈ കാര്യങ്ങളൊന്നും അതില്‍ തന്നെ പാപകരമല്ല എന്നുള്ള കാര്യം നിങ്ങള്‍ ശ്രദ്ധിച്ചോ? അതെല്ലാം നിയമാനുസൃതമായ പ്രവൃത്തികളാണ്‌. പിന്നെ എന്തുകൊണ്ടാണ്‌ യേശു അവയെ ആ പാപകരമായ ദിനങ്ങളുടെ പ്രത്യേകതയായി എടുത്തു പറഞ്ഞിരിക്കുന്നത്‌? കാരണം, ആ കാലത്തെ ആളുകള്‍, ദൈവത്തിനുവേണ്ടി ഒട്ടും തന്നെ സമയം ഇല്ലാത്ത വിധത്തില്‍ ഇങ്ങനെയുള്ള നിയമാനുസൃതമായ കാര്യങ്ങളാല്‍ വ്യാപൃതരായിരുന്നു. ദൈവത്തെ തങ്ങളുടെ ജീവിതങ്ങളില്‍ നിന്നു മുഴുവനായും പുറത്തു തള്ളിക്കളയത്തക്ക വിധത്തില്‍ അവരെ ആക്കി തീര്‍ക്കുന്നതില്‍ പിശാചു വിജയിച്ചു. എപ്പോഴും സംഭവിക്കാറുള്ളതുപോലെ ഇതു തീര്‍ച്ചയായും സദാചാര ശോഷണത്തിലും ജീര്‍ണതയിലും കലാശിച്ചു.

സംഗതികളുടെ ഈ അസ്ഥയെ ഇന്നു നാം ലോകത്തില്‍ കാണുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കൃത്യമായി അതേപോലെയുള്ള മനോഭാവവും അതിന്റെ അനന്തരഫലവും നമുക്കു കാണാം. പുരുഷന്മാരും സ്‌ത്രീകളും എല്ലാം, ദൈവത്തെ ശ്രദ്ധിക്കാന്‍ ഒട്ടും സമയം ഇല്ലാത്ത വിധത്തില്‍ വളരെ തിരക്കിലാണ്‌. നിങ്ങളുടെ സ്വന്ത ജീവതത്തിലെക്കു തന്നെ നോക്കിയിട്ട്‌ ഇത്‌ സത്യമല്ലേ എന്നു കാണുക. ലോകത്തിന്റെ ഈ അത്മാവ്‌ വിശ്വാസിയുടെ ഹൃദയത്തിലേക്കു തന്നെ കൃത്യമായി നുഴഞ്ഞു കയറിയിരിക്കുന്നു. നമ്മുടെ പൂര്‍വ്വ പിതാക്കന്മാ ര്‍ക്കില്ലാതിരുന്ന, സമയ ലാഭം ഉണ്ടാകുന്ന അനേക ഉപകരണങ്ങള്‍ ശാസ്‌ത്രം കണ്ടു പിടിച്ചിട്ടുണ്ട്‌. എന്നിട്ടും മനുഷ്യന്‍ സമയത്തിനുവേണ്ടി ബദ്ധപ്പെടുന്നതായിട്ടാണ്‌ കാണുന്നത്‌. പണ്ട്‌ മനുഷ്യര്‍ മൃഗങ്ങളുടെ മേല്‍ കയറിയോ, അവരുടെ സ്വന്തം പാദങ്ങളില്‍ നടന്നോ യാത്ര ചെയ്‌തിടത്ത്‌ ഇന്ന്‌ നമുക്ക്‌ കാറിലോ, ട്രെയിനിലോ, വിമാനത്തിലോ യാത്ര ചെയ്യാന്‍ കഴിയും. നമ്മുടെ പൂര്‍വ്വികര്‍ വളരെ നീണ്ട സമയം എടുത്തു ചെയ്‌ത ദിവസേനയുള്ള ഗൃഹജോലികള്‍ ഇന്ന്‌ നമുക്കുവേണ്ടി ചെറിയ വീട്ടുപകരണങ്ങളും യന്ത്രങ്ങളും ചെയ്‌തു തരുന്നു.എന്നിട്ടും ഇന്ന്‌ ദൈവത്തിനുവേണ്ടി ആളുകള്‍ കണ്ടെത്തുന്നതിനേക്കാള്‍ വളരെ അധികം സമയം അന്ന്‌ അവരില്‍ മിക്കപേരും കണ്ടെത്തിയിരുന്നു. എന്തുകൊണ്ട്‌? കാരണം അവര്‍ക്ക്‌ അവരുടെ മുന്‍ഗണന ശരിയായ വിധത്തിലായിരുന്നു. ഒന്നാമത്തെ കാര്യം അവര്‍ ഒന്നാമതു വച്ചു.

നാം നമ്മുടെ കര്‍ത്താവിനുവേണ്ടി ഫലപ്രദമായ സാക്ഷികളാകണമെങ്കില്‍, നാം ഓരോ ദിവസവും അവിടുത്തെ ശബ്‌ദം ശ്രദ്ധിച്ചുകൊണ്ട്‌ അവിടുത്തെ പാദങ്ങളില്‍ ആയിരിക്കണമെന്നത്‌ അനുപേക്ഷണീയമായ കാര്യമാണ്‌. ദിവസംതോറും ദൈവത്തിന്റെ ശബ്‌ദം ശ്രദ്ധിക്കുന്ന ഈ ശീലം ഒരിക്കലും വളര്‍ത്തി എടുക്കാതെ പ്രസംഗിക്കുവാന്‍ ആഗ്രഹമുള്ളവര്‍ ഇന്ന്‌ അനേകരാണ്‌. അതിന്റ ഫലം ദൈവവചനത്തിന്റെ സങ്കടകരമായ ഒരു കുറവും, മാനുഷ വാക്കുകളുടെ അസുഖകരമായ ബഹുലതയുമാണ്‌. “കര്‍ത്താവിന്റെ വചനം അവനോടു കൂടെ ഉണ്ട്‌” (2 രാജാ. 3:12) എന്ന്‌ പറയാന്‍ കഴിയുന്ന പ്രസംഗകരുടെ എണ്ണം ഇന്ന്‌ എത്ര കുറവാണ്‌. എന്നാലും ബൈബിളില്‍ യഥാര്‍ത്ഥ ദൈവദാസന്മാരെ തിരിച്ചറിയാനുള്ള അടയാളം ഇതു തന്നെയായിരുന്നു. ആദ്യം ദൈവം തന്നെ പറയുന്നതെന്താണെന്ന്‌ ശ്രദ്ധിച്ചു കേള്‍ക്കാന്‍ സമയം ചെലവഴിക്കാത്ത ആര്‍ക്കും, മറ്റു മനുഷ്യരോടു ദൈവത്തെക്കുറിച്ചു പറയാനുള്ള അവകാശം ഇല്ല – ഇതു പരാമര്‍ശിക്കുന്നത്‌ വ്യക്തികളോട്‌ സാക്ഷ്യം പറയുന്നതിനെയും അതുപോലെ തന്നെ പരസ്യമായി പ്രസംഗിക്കുന്നതിനെയും ആണ്‌. മോശെയെക്കുറിച്ചു പറഞ്ഞിരിക്കുന്നത്‌ അവന്‍ യഹോവയുടെ തിരുസന്നധിയിലേക്കു കയറി പോകുകയും അതിനുശേഷം `തന്നോടു കല്‌പിച്ചതു മോശെ പുറത്തു വന്ന്‌ യിസ്രയേല്‍ മക്കളോട്‌ അറിയിക്കുകയും (പുറ. 34:34)ചെയ്‌തു എന്നാണ്‌. യോശുവയോട്‌ പറഞ്ഞത്‌ അവന്റെ ജീവിതം സഫലമാകണമെങ്കില്‍ രാവും പകലും ദൈവത്തിന്റെ വചനം ധ്യാനിച്ചുകൊണ്ടിരിക്കണെന്നാണ്‌ (യോശു. 1:8). ദൈവം പറയുന്നത്‌ കേള്‍ക്കാന്‍ ക്ഷമയോടെ കാത്തിരിക്കുകയും അതിനു ശേഷം ജനങ്ങളോടു സംസാരിക്കുകയും ചെയ്‌ത ഒരു വ്യക്തി എന്ന നിലയില്‍ മറ്റൊരു ഉത്തമ മാതൃകയാണ്‌ ശമുവേല്‍. അതിന്റെ ഫലമായി “അദ്ദേഹത്തിന്റെ വാക്കുകളിലൊന്നും വ്യര്‍ത്ഥമായി പോകുവാന്‍ യഹോവ ഇടയാക്കിയില്ല” (1ശമു. 3:19).

യെശ. 50:4ല്‍ കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള പ്രവചന പരാമര്‍ശത്തില്‍ അവിടുത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ തന്റെ പിതാവിന്റെ ശബ്‌ദം കേള്‍ക്കുന്നതിന്‌, അവിടുത്തെ കാതുകള്‍ ഒരുക്കപ്പെട്ടിരുന്നതുകൊണ്ട്‌ രാവിലെ തോറും കര്‍ത്താവ്‌ തന്നോടു സംസാരിക്കുന്നു. അതിന്റെ ഫലം, അതേ വാക്യം നമ്മോടു പറയുന്നതുപോലെ, അവിടുത്തെ സന്നിധിയില്‍ ചെല്ലുന്ന എല്ലാവര്‍ക്കും അവരുടെ ആവശ്യമനുസരിച്ചു കൊടുക്കുവാന്‍ ഒരുക്കപ്പെട്ട ഒരു വചനം യേശുവിനുണ്ടായിരുന്നു എന്നതാണ്‌. അവിടുന്ന്‌ സത്യത്തില്‍ പതാവിന്റെ പരിപൂര്‍ണ്ണനായ വക്താവായിരുന്നു. യേശുവിനു തന്നെ ദിനംതോറും ദൈവത്തിന്റെ ശബ്‌ദം ശ്രദ്ധിച്ചു കേള്‍ക്കുന്ന ശീലം ആവശ്യമായിരുന്നെങ്കില്‍, നമുക്ക്‌ അത്‌ എത്ര അധികമായി ആവശ്യമുണ്ട്‌. ഇവിടെ നാം പരാജയപ്പെട്ടാല്‍ ആവശ്യത്തിലിരിക്കുന്നവര്‍ക്ക്‌ മതിയാകുംവണ്ണം ശുശ്രൂഷ ചെയ്യാന്‍ നമുക്ക്‌ ഒരിക്കലും കഴിയുകയില്ല. നാം ഒരു ശിഷ്യനെപ്പോലെ കേള്‍ക്കാന്‍ പഠിച്ചെങ്കിലെ നമുക്ക്‌ ഒരു ശിഷ്യന്റന്റേതുപോലെയുള്ള ഒരു നാവ്‌ ഉണ്ടാകുകയുള്ളു. നിര്‍ഭാഗ്യവശാല്‍, ഇതിനോടകം മറ്റുള്ളവരെ പഠിപ്പിക്കുവാന്‍ പ്രാപ്‌തരാകേണ്ടിയിരുന്ന അനേകരും ഇപ്പോഴും ആത്മീയ ശിശുക്കളായിരിക്കുന്നു. കാരണം അവര്‍ ഒന്നുകില്‍ ഈ `ഒരു കാര്യം’ അവഗണിച്ചുകളഞ്ഞു അല്ലെങ്കില്‍ ഉപേക്ഷിച്ചു കളഞ്ഞു.

കര്‍ത്താവിനെ ശ്രദ്ധിക്കുക എന്നാല്‍ വേദപുസ്‌തകം വായിക്കുക എന്നു മാത്രമല്ല അര്‍ത്ഥമാക്കുന്നത്‌. ഒരു പതിവു പരിപാടിയുടെ ഭാഗമായി നിര്‍മ്മലതയോടെ തങ്ങളുടെ വേദപുസ്‌തകം വായിക്കുന്ന അനേകരുണ്ട്‌. കര്‍ത്താവിനെ ശ്രദ്ധിച്ചു കേള്‍ക്കുക എന്നത്‌ അതിനേക്കാള്‍ കൂടുതലായ ഒരു കാര്യമാണ്‌. അവിടുത്തെ സന്ദേശം തന്റെ വചനത്തിലൂടെ നാം പ്രാപിക്കുന്നതു വരെ അതു ധ്യാനിക്കുക എന്നാണ്‌ അതിന്റെ അര്‍ത്ഥം. അങ്ങനെ മാത്രമെ നമ്മുടെ മനസ്സ്‌ ക്രിസ്‌തുവിന്റെ മനസ്സിനോട്‌ അനുരൂപമായി പുതുക്കം പ്രാപിച്ചു വളരുകയുള്ളു. എന്നാല്‍ തങ്ങളുടെ വേദപുസ്‌തകം വായിക്കുന്ന അനേകരും ഇതുവരെ ഒരിക്കലും അങ്ങനെ ധ്യാനിക്കുവാന്‍ പഠിച്ചിട്ടില്ല.

മറിയ യേശുവിന്റെ പാദപിഠത്തില്‍ ഇരിക്കുന്നതില്‍ നിന്ന്‌ കുറഞ്ഞത്‌ മൂന്ന്‌ ആത്മീയ സത്യങ്ങളെങ്കിലും പഠിക്കാനുണ്ട്‌. ഇരിക്കുക എന്നത്‌ – നടപ്പ്‌, ഓട്ടം, അല്ലെങ്കില്‍ നില്‍പ്പ്‌ ഇവയെപ്പോലെ അല്ല – പ്രാഥമികമായി സ്വസ്ഥതയുടെ ഒരു ചിത്രമാണ്‌. ഇതു നമ്മെ പഠിപ്പിക്കുന്നത്‌, ദൈവം നമ്മോടു സംസാരിക്കുന്നതു കേള്‍ക്കാന്‍ കഴിയുന്നതിനു മുമ്പ്‌, നമ്മുടെ ഹൃദയം സ്വസ്ഥതയിലായിരിക്കുകയും നമ്മുടെ മനസ്സു നിശ്ചലമായിരിക്കുകയും വേണം. ഏറ്റു പറയാത്ത പാപങ്ങള്‍ ആദ്യത്തേതിനെ തടയുന്നു. അതേസമയം ഈ ലോകത്തിന്റെ ഉല്‍ക്കണ്‌ഠയും ധനവുമായി ബന്ധപ്പെട്ട്‌ അമിതാദ്ധ്വാനവും രണ്ടാമത്തേതിന്‌ തടസ്സമാകുന്നു. സ്വൈര്യമായിരിക്കുമ്പോഴും സുഖകരമല്ലാത്ത ഒരു മനസ്സാക്ഷിയും ആകുല ചിന്തകളോ ഭയമോ നിറഞ്ഞിരിക്കുന്ന ഒരു മനസ്സും ഉള്ള ഒരാളിന്‌ “ദൈവത്തിന്റെ മന്ദമായ ശബ്‌ദം” കേള്‍ക്കാമെന്ന്‌ എങ്ങനെ നമുക്കു പ്രതീക്ഷിക്കാന്‍ കഴിയും. സങ്കീ. 46:10 പറയുന്നത്‌ ദൈവത്തെ അറിയണമെങ്കില്‍ നാം നിശ്ചലമായിരിക്കണമെന്നാണ്‌.

രണ്ടാമത്‌, ഒരാളിന്റെ പാദത്തില്‍ ഇരിക്കുക എന്നത്‌ താഴ്‌മയുടെ ഒരു ചിത്രം കൂടിയാണ്‌. യേശു ഇരുന്ന അതേ നിരപ്പില്‍ ഉള്ള ഒരു കസേരയിലല്ല മറിയ ഇരുന്നിരുന്നത്‌. എന്നാല്‍ അതേ ദൈവം ഒരിക്കലും നിഗളിയായ ഒരു മനുഷ്യനോടു സംസാരിക്കാറില്ല. എന്നാല്‍ തന്റെ സന്നിധിയില്‍ ഒരു ശിശുവിനെപ്പോലെ ആയിരിക്കുന്ന താഴ്‌മയുള്ള ഒരു ദേഹിയോടു സംസാരിക്കുവാനും തന്റെ കൃപ നല്‍കുവാനും അവിടുന്ന്‌ സദാ സന്നദ്ധനാണ്‌ (മത്താ. 11:25).

മൂന്നാമതായി, മറിയ ചെയ്‌തതുപോലെ ഇരിക്കുന്നത്‌ കീഴ്‌പ്പെടലിന്റെ ഒരു ചിത്രമാണ്‌. ഇത്‌ തന്റെ ഗുരുവിന്റെ സന്നിധിയില്‍ ആയിരിക്കുന്ന ഒരു ശിഷ്യന്റെ മനോഭാവമാണ്‌. നമ്മുടെ കീഴ്‌പ്പെടല്‍ വെളിപ്പെടുന്നത്‌ ദൈവത്തിന്റെ വചനത്തോടുള്ള അനുസരണത്തിലാണ്‌. ദൈവം തന്റെ വചനത്തില്‍ സംസാരിച്ചിരിക്കുന്നത്‌ നമ്മുടെ ജിഞ്‌ജാസയെ തൃപ്‌തിപ്പെടുത്താനോ നമുക്ക്‌ അറിവു നല്‍കുവാനോ അല്ല. അവിടുത്തെ വചനം തന്റെ ഹൃദയവാഞ്‌ഛയുടെ ഒരു പ്രകടനം ആണ്‌. അവിടുന്നു സംസാരിക്കുന്നത്‌ നാം അനുസരിക്കേണ്ടതിനാണ്‌. നാം ദൈവഹിതം ചെയ്യുവാന്‍ മനസ്സുള്ളരാണെങ്കില്‍ മാത്രമേ നമുക്ക്‌ ആ തിരുഹിതത്തെക്കുറിച്ച്‌ ഒരു അറിവു പ്രാപിക്കുവാന്‍ കഴിയുകയുള്ളു എന്നു യോഹ. 7:17ല്‍ യേശു വ്യക്തമാക്കിയിരിക്കുന്നു.

അനേകം ക്രിസ്‌ത്യാനികളും ദൈവവചനത്തിലൂടെ ദൈവം അവരോട്‌ സംസാരിക്കുന്നതെന്താണെന്ന്‌ അന്വേഷിക്കാതെ മാസങ്ങളും വര്‍ഷങ്ങളും വേദപുസ്‌തക വയനയിലൂടെ കടന്നു പോകുന്നു. അപ്പോഴും അവര്‍ വളരെ സംതൃപ്‌തരായി കാണപ്പെടുന്നു. ഞാന്‍ നിങ്ങളോടു ചോദിക്കുന്നു. നിങ്ങള്‍ കര്‍ത്താവിന്റെ ശബ്‌ദം ഓരോ ദിവസവും കേള്‍ക്കാറുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണമെന്താണ്‌? തന്നെ ശ്രദ്ധിച്ചു കേള്‍ക്കുന്നവരോട്‌ അവിടുന്നു സംസാരിക്കുന്നു. നിങ്ങളുടെ ആത്മാവിന്റെ ചെവികളെ തടയുന്നത്‌ എന്താണ്‌? അത്‌ അവിടുത്തെ മുമ്പില്‍ മിണ്ടാതെയിരിക്കുന്നതിലുള്ള കുറവാണോ, അതോ ആത്മാവിന്റെ താഴ്‌മയുടെ കുറവാണോ, അതോ അവിടുന്നു നിന്നോടു നേരത്തേ പറഞ്ഞിട്ടുള്ള കാര്യങ്ങളോടുള്ള അനുസരണത്തിന്റെ കുറവാണോ? അതോ ഒരുപക്ഷേ അതിനുള്ള ആഗ്രഹത്തിന്റെ തന്നെ ഒരു കുറവാണോ? അത്‌ എന്തു തന്നെയായാലും അത്‌ ഉടനെ തന്നെ എന്നേക്കുമായി പരിഹരിക്കാമെന്ന്‌ ദൈവം സമ്മതിച്ചിരിക്കുന്നു. ശമുവേലിന്റെ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുക “കര്‍ത്താവേ, അരുളി ചെയ്യണമെ അടിയന്‍ കേള്‍ക്കുന്നു.” എന്നിട്ടു നിങ്ങളുടെ വേദപുസ്‌തകം തുറന്ന്‌ ആത്മാര്‍ത്ഥമായി കര്‍ത്താവിന്റെ മുഖം അന്വേഷിക്കുക, അപ്പോള്‍ നിങ്ങളും അവിടുത്തെ ശബ്‌ദം കേള്‍ക്കും.