മകളുടെ വിശ്വാസം

മകൾ മരണാസന്നയായി കിടക്കുകയാണ്. പിതാവും മാതാവും ദുഃഖാകുലരായി കിടക്കയ്ക്ക് ഇരുവശവും ഇരിക്കുന്നു.

മകൾ കണ്ണുതുറന്നു ഇരുവരെയും നോക്കി. അവളുടെ മനസ്സിലൂടെ മാതാപിതാക്കളെക്കുറിച്ചുള്ള ധാരാളം ഓർമ്മകൾ കടന്നുപോയി. അവരുടെ അതുവരെയുള്ള ജീവിതം സന്തോഷകരമായിരുന്നു. ഒരു കാര്യത്തിൽ ഒഴിച്ച്, അമ്മയും മകളും ക്രിസ്തുവിശ്വാസികളായിരുന്നെങ്കിലും പിതാവ് ആത്മീയകാര്യങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്ന ആളായിരുന്നു. എത്രയോവട്ടം അമ്മയും താനും പിതാവിനോട് ക്രിസ്തുവിൽ വിശ്വസിച്ച് രക്ഷ പ്രാപിക്കുന്നതിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പക്ഷേ ഒരു ഫലവും ഉണ്ടായിട്ടില്ല….

മകൾ ഓർമ്മകൾക്കു കടിഞ്ഞാണിട്ട് കിടക്കയ്ക്കരികിലിരിക്കുന്ന അമ്മയുടെ മുഖത്തേക്കു നോക്കി. വിഷാദമൂകമാണാമുഖം. എന്നാൽ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും ആ മുഖത്ത് അവൾ കണ്ടു. തുടർന്നു മറുവശത്തിരിക്കുന്ന പിതാവിന്റെ മുഖത്തേക്ക് അവൾ മിഴി കൾ ഊന്നി. ദൈവമില്ലാത്തതിനാലുള്ള നിരാശയും കൊടിയ ദുഃഖവുമാണ് അവൾ ആ മുഖത്തു കണ്ടത്.

പെട്ടെന്ന് അവൾ അപ്പന്റെ കൈയിൽ പിടിച്ചുകൊണ്ടു ചോദിച്ചു. “ഡാഡി, ഞാനീ ലോകം വിട്ടുപോകേണ്ടത് എന്റെ അപ്പന്റെ ദൈവമില്ലായ്മയോടുകൂടിയാണോ അതോ അമ്മയുടെ ജീവിക്കുന്ന ദൈവത്തിലും സ്നേഹിക്കുന്ന ക്രിസ്തുവിലുമുള്ള വിശ്വാസത്തോടുകൂടിയുമാണോ?’

മരണാസന്നയായ മകളുടെ വാക്കുകൾ ആ പിതാവിന്റെ ഹൃദയം തകർത്തു. കണ്ണുനീരോടെ അയാൾ നിലവിളിച്ചു. “മോളെ, നിന്റെ അമ്മയുടെ വിശ്വാസം നീ പിൻതുടരുക. ഞാനും ക്രിസ്തുവിൽ വിശ്വാസം അർപ്പിച്ചുകൊണ്ടു നിന്റെ പിന്നാലെ ഉണ്ടാകും”.

ആശ്വാസത്തിന്റെ ചെറുപുഞ്ചിരിയോടെ അവൾ ലോകം വിട്ടു മഹത്വത്തിലേക്കു പ്രവേശിച്ചു. ആ പിതാവ് മകളുടെ മരണക്കിടക്കയ്ക്ക മുമ്പിൽ വച്ചുതന്നെ പാപങ്ങൾ ഏറ്റുപറഞ്ഞ് രക്ഷിതാവായ യേശുവിൽ വിശ്വസിച്ച് രക്ഷ പ്രാപിച്ചു.

“ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു. എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവനു നിത്യജീവൻ ഉണ്ട്. അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽനിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.” (യോഹന്നാൻ.5:24)

What’s New?