2024 ൽ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ- WFTW 14 ജനുവരി 2024

സാക് പുന്നൻ

കർത്താവ് എന്നെ എങ്ങനെ നയിച്ചിരിക്കുന്നു എന്നതിലേക്ക് എൻ്റെ ജീവിതത്തിൽ പല തവണ ഞാൻ പിമ്പിലേക്ക് തിരിഞ്ഞു നോക്കിയിട്ടുണ്ട്. അതെൻ്റെ വിശ്വാസത്തെ പുതുക്കിയുമിരിക്കുന്നു. ഞാൻ പ്രയാസമുള്ള ഒരു സാഹചര്യത്തെ നേരിടുകയും അതിൽ നിന്നു പുറത്തു കടക്കാൻ ഒരു വഴിയും ഇല്ലാത്തതുപോലെ തോന്നുകയും ചെയ്യുമ്പോൾ, ഞാൻ വേദപുസ്തകത്തിലുള്ള വാഗ്ദത്തങ്ങളെ കുറിച്ച് എന്നെ തന്നെ ഓർപ്പിക്കയും മറ്റു വിശ്വാസികൾ എനിക്കു നൽകുന്ന പ്രോത്സാഹനം ശ്രദ്ധിക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാറ്റിലുമധികം എൻ്റെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്ന കാര്യം ഞാൻ പുറകിലേക്കു തിരിഞ്ഞു നോക്കുന്നതാണ്. കർത്താവ് എന്നോട് ഇപ്രകാരം ചോദിക്കുന്നു, “ഞാൻ ഇതുവരെ എപ്പോഴെങ്കിലും ഒരിക്കലെങ്കിലും നിന്നെ നിരാശപ്പെടാൻ അനുവദിച്ചിട്ടുണ്ടോ?” “ഇല്ല കർത്താവേ ഒരിക്കൽ പോലും ഇല്ല” എന്ന് എനിക്കു മറുപടി പറയേണ്ടി വന്നു. അപ്പോൾ കർത്താവ് പറയുന്നത്, “ഇപ്പോഴും നിരാശപ്പെടുവാൻ ഞാൻ അനുവദിക്കുകയില്ല”. മറ്റെന്തിനെക്കാളും അധികം ഇതെന്നെ പ്രോത്സാഹിപ്പിക്കുന്നു.

നിങ്ങൾ വീണ്ടും വീണു പോയോ? കഴിഞ്ഞ നാളുകളിൽ കർത്താവ് നിങ്ങളോടു ക്ഷമിച്ചതെങ്ങനെയാണെന്ന് പുറകോട്ടു തിരിഞ്ഞു നോക്കി കാണുക. അവിടുന്നു നിന്നോടു ക്ഷമിച്ചപ്പോൾ, നിങ്ങൾ വീണ്ടും വീഴും എന്ന് അവിടുത്തേക്ക് അറിയില്ലായിരുന്നോ? നീ വീണ്ടും വീണു എന്നത് അവിടുത്തേക്ക് ഒരു അത്ഭുത വിഷയമായിരുന്നോ? ഇല്ല. അപ്പോൾ അവിടുന്നു നിന്നോടു വീണ്ടും ക്ഷമിക്കും. നന്ദിയോടെ പുറകിലേക്കു തിരിഞ്ഞു നോക്കുക. അതു നിങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തും. കർത്താവിൻ്റെ കരുണയ്ക്കായി നന്ദിയുള്ളവരായിരിക്കുക. നിങ്ങളുടെ ഭൂതകാല പരാജയങ്ങളിലേക്കു നിങ്ങൾ നോക്കുമ്പോൾ, നിങ്ങൾക്കു ചുറ്റുമുള്ള പരാജിതരാകുന്ന വിശ്വാസികളോട് കരുണയുള്ളവരാകാൻ നിങ്ങൾ പഠിക്കും.

ഉയരത്തിലേക്കു നോക്കി കർത്താവിൻ്റെ തേജസ് അധികമായി കാണുന്നത് ഒരിക്കലും നാം നിർത്തരുത്. നാം ഇനിയും കണ്ടിട്ടില്ലാത്ത യേശുവിൻ്റെ തേജസ് വളരെയധികമുണ്ട്. നാം അതിനായിട്ട് വിശപ്പുള്ളവരായിരിക്കണം, കാരണം അതേ പ്രതിബിംബത്തിലേക്ക് നമ്മെ രൂപാന്തരപ്പെടുത്തുവാനാണ് പരിശുദ്ധാത്മാവ് ശ്രമിക്കുന്നത്. നാം കർത്താവിൻ്റെ മഹത്വം കാണുന്തോറും, നാം നമ്മുടെ സ്വന്തം ആവശ്യം കാണുന്നതു കൊണ്ട് അതു നമ്മെ വിനയാന്വിതരാക്കും. നമ്മുടെ ജീവിതാവസാനം വരെ താഴ്മയിൽ നിലനിൽക്കുന്നതിനുള്ള രഹസ്യം ഇതാണ്.

ദൈവം അഭിഷേകം ചെയ്തിരിക്കുന്നവനും ശക്തിയോടെ ഉപയോഗിക്കപ്പെടുന്നവനുമായ ഒരുവന് നിഗളി ആകുവാൻ വളരെ എളുപ്പമാണ്. അതുപോലെയുള്ള ധാരാളം പ്രാസംഗികരെ ഞാൻ കണ്ടിരിക്കുന്നു. ദൈവം അവരെ ഉപയോഗിക്കുന്നതുകൊണ്ട് അവർ വളരെ നിഗളമുള്ളവരും ആളുകളിൽ നിന്നു വളരെ അകന്നു നിൽക്കുന്നവരുമാണ്. നമ്മുടെ ജീവിതാവസാനം വരെ നമ്മെ നുറുക്കത്തിലും താഴ്മയിലും സൂക്ഷിക്കുന്ന കാര്യം എന്താണ്? ഒരു കാര്യം മാത്രം: നമ്മുടെ വിശ്വാസത്തിൻ്റെ നായകനും പൂർത്തിവരുത്തുന്നവനുമായ യേശുവിലേക്കു നോക്കുക. യേശുവിലേക്കു നോക്കുമ്പോൾ നമുക്ക് നിഗളി ആയിരിക്കുവാൻ കഴിയുകയില്ല. ഒരു മനുഷ്യൻ നിഗളി ആയി തീരുന്നത് അവൻ മറ്റുള്ളവരിലേക്കു നോക്കുവാൻ തുടങ്ങിയിട്ട്, താൻ അവരെക്കാൾ നല്ലവനാണെന്നോ, അല്ലെങ്കിൽ അവരെക്കാൾ അധികം അഭിഷിക്തൻ ആണെന്നോ, അല്ലെങ്കിൽ അവരെക്കാൾ അധികം ഉപയോഗിക്കപ്പെടുന്നു എന്നോ തുടങ്ങിയ കാര്യങ്ങൾ അവനെ കുറിച്ചു തന്നെ സങ്കൽപിക്കുമ്പോഴാണ്.

ഏതു വിധത്തിലായാലും അയാൾ, ഉയരത്തിലേക്ക് യേശുവിനെ നോക്കിയിരുന്നെങ്കിൽ അവൻ മാനസാന്തരപ്പെട്ട് തൻ്റെ മുഖത്തെ പൊടിയിൽ താഴ്ത്തിയേനെ- പത്മൊസ് ദ്വീപിൽ അപ്പൊസ്തലനായ യോഹന്നാൻ ചെയ്തതുപോലെ. അവൻ യേശുവിലേക്കു തുടർന്നും നോക്കിക്കൊണ്ടിരുന്നെങ്കിൽ, അവൻ തൻ്റെ മുഖത്തെ എന്നെന്നും പൊടിയിൽ താഴ്ത്തി സൂക്ഷിക്കുമായിരുന്നു. നാം എല്ലാവരും നമ്മുടെ മുഖത്തെ എല്ലാ സമയത്തും പൊടിയിൽ താഴ്ത്തി നിലനിർത്താൻ പഠിക്കേണ്ട ആവശ്യമുണ്ട്. അതാണ് സുരക്ഷിത സ്ഥാനം. അതുകൊണ്ട് നിങ്ങളുടെ ജീവിതാന്ത്യം വരെ, ദൈവം നിങ്ങളിൽ സന്തുഷ്ടനാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിങ്ങൾ ഉയരത്തിലേക്കു നോക്കിക്കൊണ്ടേയിരിക്കുക.

ദൈവം നമുക്കു വേണ്ടി അത്ഭുത കാര്യങ്ങൾ കരുതിവച്ചിട്ടുണ്ട്. നമുക്കു വേണ്ടി ചെയ്യാൻ അവിടുത്തേക്ക് ഒരു വലിയ പ്രവൃത്തിയുണ്ട്. നാം ഈ ലോകം വിട്ടു പോകേണ്ടത് എപ്പോഴാണെന്നു നമുക്കറിയില്ല. എന്നാൽ കർത്താവു വരുന്നതിനു മുമ്പ്, ഈ ഭൂമിയിൽ അവിടുത്തേക്കു വേണ്ടി പ്രയോജനകരമായ എന്തെങ്കിലും ചെയ്യുവാൻ നാം മുമ്പോട്ടു നോക്കുന്നു. ഈ ലോകത്തിലെ മിക്ക ആളുകളും ഭാവിയിലേക്കു നോക്കുന്നത് ഭയത്തോടും ഉത്കണ്ഠയോടും കൂടെയാണ്. എന്നാൽ നാം മുന്നോട്ടു നോക്കുന്നത് വിശ്വാസത്തിലാണ്.

ആവർത്തന പുസ്തകം 11:21ൽ (കെ ജെ വി), മോശെ അവരോടു പറഞ്ഞത് “വാഗ്ദത്ത ദേശത്ത് അവരുടെയും അവരുടെ മക്കളുടെയും നാളുകൾ ഭൂമിയിലെ സ്വർഗീയ ദിനങ്ങൾ എന്നവണ്ണം പെരുകി വരണം എന്നാണ്‌ അവർക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ആഗ്രഹം” എന്നാണ്. നമുക്കെല്ലാവർക്കും വേണ്ടിയുള്ള ദൈവത്തിൻ്റെ ഹിതം ഇതാണ് – നമ്മുടെ ഭൂമിയിലെ നാളുകൾ സ്വർഗ്ഗത്തിൻ്റെ ദിനങ്ങൾ പോലെ ആകണമെന്നാണ്. സ്വർഗ്ഗത്തിൻ്റെ സന്തോഷം, സമാധാനം, സ്നേഹം, നിർമ്മലത, നന്മ ഇവയുടെ ഒരു മുൻ രുചി ഇപ്പോഴേ നമ്മുടെ ഭവനങ്ങളിലും നമ്മുടെ സഭകളിലും നമുക്കുണ്ടാകണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതിൻ്റെ ഒരൽപം ഞാൻ അനുഭവിച്ചിരിക്കുന്നു. അതുകൊണ്ട് എൻ്റെ ജീവിതവും എൻ്റെ ശുശ്രൂഷയും ഒരിക്കലും ഒരു ഭാരമുള്ള ചുമടായിരിക്കുന്നില്ല. ഒട്ടും തന്നെയല്ല. അത് സന്തോഷകരവും ഓരോ ദിവസവും ആവേശമുണർത്തുന്നതുമായിരിക്കുന്നു, കാരണം ഞാൻ സ്വർഗത്തിൻ്റെ പ്രമാണ പ്രകാരം ജീവിക്കാൻ പഠിച്ചിരിക്കുന്നു, ഭൂമിയുടെ പ്രമാണ പ്രകാരമല്ല. നിങ്ങളുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുമ്പോൾ ഇങ്ങനെ ചെയ്യുമെന്നു തീരുമാനമെടുക്കാൻ നിങ്ങൾക്കെളുപ്പമാണ്. ഈ വരുന്ന വർഷം മുഴുവൻ ഭൂമിയുടേതല്ല, സ്വർഗ്ഗത്തിൻ്റെ പ്രമാണമനുസരിച്ച് ജീവിക്കുവാൻ നിങ്ങൾ തീരുമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവസാനത്തോളം സഹിച്ചു നിന്ന യേശുവിൽ നിങ്ങളുടെ കണ്ണുകൾ ഉറപ്പിക്കുക- നിങ്ങളുടെ നാളുകൾ ഭൂമിയിലെ സ്വർഗ്ഗീയ ദിനങ്ങൾ പോലെ ആകാൻ കഴിയേണ്ടതിന്. അതാണ് നമുക്കു വേണ്ടിയുള്ള ദൈവഹിതം.

എല്ലാ ദിവസവും ദൈവത്തിൻ്റെ ഏറ്റവും സമൃദ്ധമായ അനുഗ്രഹം നിറഞ്ഞ, വളരെ അനുഗ്രഹീതമായ ഒരു പുതുവർഷം നിങ്ങൾക്കെല്ലാവർക്കും ഞാൻ ആശംസിക്കുന്നു.