ചത്ത ഈച്ചയും തൈലവും

ഗ്രാമത്തിലെ ഗുരു തന്റെ ജനങ്ങള്‍ സല്‍സ്വഭാവികളായി ജീവിക്കാന്‍ വേണ്ട പ്രബോധനങ്ങള്‍ തുടരെ നല്‍കിയിരുന്നു. എങ്കിലും വാക്കുകളിലൂടെ നല്‍കുന്ന ഉപദേശങ്ങള്‍ അവരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്നതായും അവരുടെ ജീവിതത്തില്‍ അത് ഉദ്ദേശിക്കുന്ന മാറ്റം ഉണ്ടാക്കുന്നതായും ഗുരുവിനു തോന്നിയില്ല. അതുകൊണ്ട് അവര്‍ക്ക് ഒരു പ്രായോഗിക പാഠം നല്‍കാന്‍ അദ്ദേഹം തീരുമാനിച്ചു.

ഒരു ദിവസം അദ്ദേഹം കുറെ ആളുകളെ സംഘടിപ്പിച്ച് ഒരു വലിയ കല്ല് ഗ്രാമത്തിന്റെ മധ്യത്തിലുള്ള കുന്നിന്‍ മുകളിലേക്ക് ഉരുട്ടിക്കയറ്റിച്ചു. വളരെ കഷ്ടപ്പെട്ട് മലയുടെ നെറുകയില്‍ കയറ്റിയ കല്ല് പെട്ടെന്ന് ഗുരു താഴോട്ട് ഉരുട്ടിവിട്ടു. വീണ്ടും കൂലിക്കാരെക്കൊണ്ട് കല്ല് മലയുടെ നെറുകയിലേക്ക് ഉരുട്ടിക്കയറ്റി. വീണ്ടും പഴയപോലെ ഗുരു അതു താഴേക്ക് ഉരുട്ടി വിട്ടു. ഇതു പലവട്ടം ആവര്‍ത്തിച്ചപ്പോള്‍ ഗ്രാമവാസികള്‍ ഒന്നടങ്കം ഗുരുവിനു ചുറ്റും കൂടി ഈ പ്രവൃത്തിയുടെ അര്‍ത്ഥം വിശദീകരിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. ഗുരു ഇങ്ങനെ പറഞ്ഞു: ”നോക്കൂ, ഒരു പേരു നേടിയെടുക്കുന്നത് കല്ല് മലയുടെ ഉച്ചിയില്‍ ഉരുട്ടിക്കയറ്റുന്നതുപോലെ വളരെ നാളത്തെ അച്ചടക്കവും ശ്രമാവഹമായ പ്രവൃത്തികളും കൊണ്ടാണ്. എന്നാല്‍ സൂക്ഷ്മതയില്ലാത്ത നിമിഷത്തിലെ ഒരൊറ്റ തെറ്റായ പ്രവൃത്തിയോ വാക്കോ മതി അതു നഷ്ടമാകാന്‍. കല്ല് താഴേക്കു പതിച്ചതുപോലെ ശ്രദ്ധയില്ലാത്ത നിമിഷത്തിലെ തെറ്റായ ഒരു പ്രവൃത്തി മൂലം സല്‌പേര്, അംഗീകാരം, നഷ്ടപ്പെടും. കല്ലിന്റെ പതനം എത്ര വേഗത്തിലായിരുന്നുവെന്നു നിങ്ങള്‍ കണ്ടല്ലോ. വീഴ്ചയില്‍ നിന്നു വീണ്ടും മുകളിലേക്കു കയറുന്നതു എത്ര കഠിനമാണെന്നു നിങ്ങളെ ബോധ്യപ്പെടുത്താനാണു പാറക്കല്ല് വീണ്ടും കുന്നിന്‍ മുകളിലേക്ക് ഉരുട്ടിക്കയറ്റിയത്!!”.

ഗ്രാമവാസികള്‍ പറഞ്ഞു: ”അങ്ങു നല്‍കിയ ഈ സാധനപാഠം ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല!!”.

സഭാപ്രസംഗി പറയുന്നു: ”ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു. അല്പ ഭോഷത്വം ജ്ഞാനങ്ങളേക്കാള്‍ ഘനമേറുന്നു” (10:1).

ഒരു ചെറിയ ദുസ്വഭാവം, ഒരു തെറ്റായ വാക്ക്, മോശമായ ഒരൊറ്റ പ്രതികരണം. അതു നാം ജീവിതകാലം മുഴുവനും കൊണ്ടു നേടിയ സല്‌പേരിനെ ദുഷിപ്പിക്കും –
ചത്ത ഈച്ച, തൈലത്തെ എന്നപോലെ.

What’s New?


Top Posts