ഞാന്‍ ധനികനായി മരിക്കട്ടെ…

ഒരു കാലത്തു സ്വര്‍ണ്ണവേട്ടക്കാരുടെ പ്രിയപ്പെട്ട സ്ഥലമായിരുന്നു ബ്രസീല്‍ അവിടെ ചെന്നു ധാരാളം സ്വര്‍ണ്ണവും വെള്ളിയും സംഭരിച്ച് ആളുകള്‍ ബ്രിട്ടാനിയ എന്ന കപ്പലില്‍ അതു കയറ്റി ബ്രസീലിന്റെ തീരം വിട്ടു.

കപ്പല്‍ കടലിലൂടെ നീങ്ങുന്നതിനിടെ ഒരു പാറക്കെട്ടില്‍ ഇടിച്ചു. കപ്പലിന്റെ അടിത്തട്ടിനു തുള വീണു. വെള്ളം മെല്ലെ കപ്പലില്‍ കയറുവാന്‍ തുടങ്ങി. ആളുകള്‍ പരിഭ്രാന്തരായി. അവര്‍ തങ്ങളുടെ സ്വര്‍ണ്ണം നിറച്ച് പെട്ടികള്‍ കപ്പിലിന്റെ മുകള്‍ത്തട്ടില്‍ കയറ്റി വച്ചു. പക്ഷേ സമയം കടന്നുപോയി. മറ്റു കപ്പലുകളൊന്നും രക്ഷിക്കാനായി കടന്നുവന്നില്ല. ബ്രിട്ടാനിയ മെല്ലെ മുങ്ങുകയാണ്…

കപ്പല്‍ ജോലിക്കാര്‍ സകലതും കപ്പലില്‍ ഉപേക്ഷിച്ചു യാത്രക്കാരെയെല്ലാം രക്ഷാബോട്ടുകളില്‍ കയറ്റി രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങി. ആളുകള്‍ എല്ലാവരും രക്ഷാബോട്ടില്‍ കയറി. ബ്രിട്ടാനിയായുടെ കപ്പിത്താന്‍, ഒടുവിലായി അവസാനബോട്ടും
വിടുന്നതിനു മുമ്പ് ആരെങ്കിലും കപ്പലില്‍ ഉണ്ടോ എന്നറിയാന്‍ എല്ലായിടവും വേഗത്തില്‍ പരിശോധിച്ചു.

മുകള്‍ത്തട്ടില്‍ ചെന്നപ്പോള്‍ ഇതാ ഒരാള്‍ അവിടെ നിന്നു സ്വര്‍ണ്ണം നിറച്ച വീഞ്ഞപ്പെട്ടികള്‍ എല്ലാം ഒരു കമ്പിപ്പാരകൊണ്ട് തുറക്കുന്നു. കപ്പിത്താന്‍ ചോദിച്ചു: ‘നിങ്ങള്‍ എന്താ ഇവിടെ നില്‍ക്കുന്നത്? വരൂ അവസാനബോട്ടും പോകുകയാണ്. ഇതെല്ലാം കളഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ നോക്ക്.

അയാളുടെ മറുപടി ഇങ്ങനെ: ”എന്റെ ആയുഷ്‌ക്കാലം മുഴുവന്‍ ഞാന്‍ ദരിദ്രനായി ജീവിച്ചു. മരിക്കുമ്പോഴെങ്കിലും ഞാന്‍ ധനികനായി മരിക്കട്ടെ. ഈ സ്വര്‍ണ്ണം ഉപേക്ഷിച്ചിട്ടു ഞാന്‍ വരുന്നില്ല”.

കപ്പിത്താന്‍ പിന്നെയും പലവട്ടം നിര്‍ബന്ധിച്ചു. അയാള്‍ അതു ചെവിക്കൊള്ളാതെ ആഹ്ലാദത്തോടെ പെട്ടികള്‍ ഒന്നൊന്നായി തുറന്നു സ്വര്‍ണ്ണത്തിനു നടുവില്‍ മതി മറന്നു നില്‍ക്കുകയാണ്.

കപ്പിത്താന്‍ നിവൃത്തിയില്ലാതെ അയാളെ കൂടാതെ അവസാനബോട്ടില്‍ കയറി രക്ഷപ്പെട്ടു. അല്പം കഴിഞ്ഞപ്പോള്‍ ബ്രിട്ടാനിയ സ്വര്‍ണ്ണശേഖരത്തിനു നടുവില്‍ നില്ക്കുന്ന ആ ദോഷനായ മനുഷ്യനോടൊപ്പം ആഴിയുടെ അഗാധതയിലേക്കു മെല്ലെ മെല്ലെ താണുപോയി…..

ഈ ലോകം മുങ്ങുന്ന ഒരു കപ്പലാണ്. ഇവിടെ നിക്ഷേപം സ്വരൂപിക്കുന്ന ദോഷനായി നിങ്ങള്‍ മാറരുതേ.

‘നാം ഈ ആയുസ്സില്‍ മാത്രം… പ്രത്യാശ വച്ചിരിക്കുന്നുവെങ്കില്‍ സകല മനുഷ്യരിലും അരിഷ്ടന്മാര് (1 കൊരി.15:19). ദ്രവ്വാഗ്രഹം സകലവിധ ദോഷത്തിനും മൂലമല്ലോ’ (1 തിമോ.6:10)