അശുദ്ധമായ ചിന്തകളെ തീക്ഷ്ണതയോടെ കൈകാര്യം ചെയ്യുക – WFTW 7 ആഗസ്റ്റ് 2022

സാക് പുന്നന്‍

ഗിരിപ്രഭാഷണത്തിൽ യേശു തൻ്റെ ശിഷ്യന്മാരോട്, ഒരു സ്ത്രീയെ മോഹത്തോടെ നോക്കുന്നവൻ, അവളുമായി വ്യഭിചാരം ചെയ്യുന്നു എന്നു പറഞ്ഞു. അവിടുന്നു തുടർന്നു പറഞ്ഞത് അവൻ രണ്ടു കണ്ണുകളുമായി നരകത്തിലേക്കു പോകുന്നതിനേക്കാൾ അവൻ്റെ കണ്ണു ചൂഴ്ന്നെടുത്തു കളയുന്നതാണ് ആ മനുഷ്യനു നല്ലത് എന്നാണ്. അതിലൂടെ അവിടുന്നു പഠിപ്പിച്ചത് നിരന്തരം ഒരുവൻ്റെ കണ്ണുകൾ കൊണ്ട് ലൈംഗികമായി സ്ത്രീകളെ മോഹിക്കുന്നത് ആ മനുഷ്യനെ ഒടുവിൽ നരകത്തിലേക്ക് അയയ്ക്കുന്നതിനു മതിയായ കാര്യമാണ് എന്നാണ്.

ഇന്ന് ഒരു മനുഷ്യൻ്റെ ഹൃദയത്തിലുള്ള, മോഹത്തിൻ്റെ അഗ്നി, ആദാമിൻ്റെ കാലം മുതൽ ഓരോ പുരുഷൻ്റെയും ഉള്ളിൽ കത്തിയിരുന്ന അതേ നരകാഗ്നി തന്നെയാണ്. പരിശുദ്ധാത്മാവിൻ്റെ അഗ്നിക്കു മാത്രമേ അതിനെ നശിപ്പിക്കാൻ കഴിയൂ. നിങ്ങളുടെ ഹൃദയം ഒന്നുകിൽ മോഹം കൊണ്ടു ജ്വലിച്ച് പാപം ചെയ്യും അല്ലെങ്കിൽ യേശുവിനോടുള്ള സ്നേഹം കൊണ്ടു ജ്വലിക്കും. നിങ്ങളുടെ തെരഞ്ഞെടുപ്പ് ഇവ രണ്ടിൽ ഏതെങ്കിലും ഒന്നായിരിക്കേണ്ടിയിരിക്കുന്നു. ഒന്നുകിൽ ഇന്ന് ശുദ്ധീകരിക്കുന്നവൻ്റെ അഗ്നി അല്ലെങ്കിൽ, ഭാവിയിൽ നരകാഗ്നി. മൂന്നാമതൊരു മാർഗ്ഗമില്ല.

കർത്താവ് സംസാരിച്ച യഹൂദന്മാർക്ക് ന്യായപ്രമാണത്തിലൂടെ സദാചാരപരമായി വളരെ ഉയർന്ന ഒരു നിലവാരം നേരത്തേ തന്നെ ഉണ്ടായിരുന്നു. വിവാഹ ജീവിതത്തിനു പുറത്തുളള ലൈംഗികതയ്ക്ക് എപ്പോഴും മരണശിക്ഷ നൽകിയിരുന്ന കർശനമായ ഒരു സദാചാര നിയമ സംഹിതയാലാണ് അവർ ജീവിച്ചത്. മനുഷ്യരെ അസന്മാർഗ്ഗികതയ്ക്കു പ്രലോഭിപ്പിക്കുന്ന, അശ്ലീല പുസ്തകങ്ങളോ, മാഗസിനുകളോ അല്ലെങ്കിൽ ടെലിവിഷൻ പരിപാടികളോ ഒന്നും അന്നുണ്ടായിരുന്നില്ല. ആ സമൂഹത്തിലെ ഓരോ സ്ത്രീയും മാന്യമായി വസ്ത്രം ധരിച്ചവരായിരുന്നു. തന്നെയുമല്ല പുരുഷന്മാരും സ്ത്രീകളും തമ്മിൽ ഒരിക്കലും സംസാരിക്കുമായിരുന്നില്ല. എന്നിട്ടും, അങ്ങനെയുള്ള ഒരു സമൂഹത്തിൽ പോലും, അതിൻ്റെ എല്ലാ നിയന്ത്രണങ്ങളും ഉള്ളപ്പോൾ തന്നെ, പുരുഷന്മാർ സ്ത്രീകളുടെ പിന്നാലെ മോഹിച്ചു കൊണ്ടു നടക്കും എന്നു കർത്താവ് അറിഞ്ഞതുകൊണ്ട്, അവിടുത്തേക്ക് തൻ്റെ ശിഷ്യന്മാർക്ക് അതിനെതിരെ മുന്നറിയിപ്പു നൽകണമായിരുന്നു. അത്തരം കാർക്കശ്യമുള്ള ഒരു സമൂഹത്തിൽ അങ്ങനെ ആയിരുന്നെങ്കിൽ, നാം ജീവിക്കുന്ന ഈ ദുർന്നടപ്പുള്ള അഴിഞ്ഞ സമൂഹത്തിൽ ഉള്ള യുവാക്കൾക്ക് ഈ കാര്യങ്ങളെക്കുറിച്ച് എത്ര മുന്നറിയിപ്പു നൽകണം.

നമ്മുടെ ലൈംഗിക മോഹങ്ങളെ പോഷിപ്പിക്കേണ്ടതിന്, സാധ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ഇന്നത്തെ സമൂഹം നമ്മുടെ മനസ്സിലേക്ക് ഇന്ധനം എറിയുന്നു. അതുകൊണ്ടാണ് നമ്മുടെ ഈ നാളുകളിൽ നാം അതീവ ശ്രദ്ധാലുക്കൾ ആയിരിക്കേണ്ടത്. ഈ മോഹാഗ്നി കെടുത്തുന്ന കാര്യത്തിൽ നിങ്ങൾ ഗൗരവമുള്ളവരാണെങ്കിൽ, അപ്പോൾ ആ ഇന്ധനത്തിൻ്റെ വിതരണം വിച്ഛേദിക്കുന്ന കാര്യത്തിലും നിങ്ങൾ ഗൗരവമുള്ളവരായിരിക്കണം. ഒരു കാരുണ്യവും കൂടാതെ ആ ഇന്ധനത്തിൻ്റെ ഉറവ തീക്ഷ്ണതയോടെ സമൂലമായി വിച്ഛേദിക്കണം. ഇതാണ് കണ്ണു ചൂഴ്ന്നെടുത്തു കളയുക എന്നതിൻ്റെയും കൈ വെട്ടി കളയുക എന്നതിൻ്റെയും അർത്ഥം. പാപത്തിനു കാരണമാകുന്ന കാര്യങ്ങൾ നശിപ്പിക്കാനാണ് യേശു നമ്മോടു കൽപ്പിക്കുന്നത്. മറ്റാരെക്കാളും അധികം പാപത്തിൻ്റെ അപകടത്തെ കുറിച്ചും നരകാഗ്നിയുടെ യാഥാർത്ഥ്യത്തെ കുറിച്ചും യേശു ബോധവാനായിരുന്നു – അതുകൊണ്ടാണ് പാപത്തിൽ നിന്നു രക്ഷിക്കപ്പെടാൻ അത്തരം സമൂലമായ ഒരു ആത്മീയ ശസ്ത്രക്രിയയ്ക്കായി അവിടുന്ന് വ്യഗ്രതപ്പെടുത്തിയത്.

കർത്താവിൻ്റെ കൽപ്പനയ്ക്ക് ഇന്നു നമുക്കുള്ള പ്രായോഗികത ഇതാണ്, “നിങ്ങളുടെ മനസിൽ പാപം ചെയ്യാൻ നിങ്ങളുടെ ടെലിവിഷൻ കാരണമാകുന്നെങ്കിൽ, ഉടനെ തന്നെ ടെലിവിഷൻ ഉപേക്ഷിക്കുക”. നിങ്ങൾ സ്‌ക്രീനിൽ കണ്ടിരിക്കുന്ന ടിവി താരങ്ങളോടൊപ്പം നരകത്തിൽ പോകുന്നതിനേക്കാൾ ടിവിയിലുള്ളത് നഷ്ടപ്പെട്ടവനായി സ്വർഗ്ഗത്തിൽ പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അത് ചില മാഗസിനുകളോ അല്ലെങ്കിൽ നിങ്ങളെ ഉത്തേജിപ്പിച്ച് പാപം ചെയ്യിക്കാൻ കാരണമാകുന്ന പ്രത്യേകതരം സംഗീതമോ ആയാലും ആ മാഗസിനുകളോടും കാസറ്റ് ടേപ്പുകളോടും അതു തന്നെ ചെയ്യുക. ഒരു കാര്യം മുറുകെ പിടിക്കുന്നതിൻ്റെ ഫലമായി സ്വർഗ്ഗം നഷ്ടപ്പെട്ട് ഒടുവിൽ നരകത്തിൽ പോകേണ്ടി വന്നാലും അതിനെ മുറുകെ പിടിച്ചേ തീരൂ എന്ന വിധത്തിൽ അത്ര വിലയുള്ള ഒരു കാര്യവും ഈ ഭൂമിയിലില്ല.

നിങ്ങൾ ഇതു വായിക്കുമ്പോൾ തന്നെ സാത്താൻ നിങ്ങളുടെ കാതിൽ വളരെ വേഗത്തിൽ ഇങ്ങനെ മന്ത്രിക്കും, “ഇത്രയും ചെറിയ ഒരു കാര്യത്തിൻ്റെ പേരിൽ നിങ്ങൾ തീർച്ചയായും മരിക്കയില്ല (നരകത്തിൽ പോകുകയില്ല). ഒരു മാഗസിനിലെ പടമോ ടിവി സ്ക്രീനിൽ കാണുന്ന ആരെയെങ്കിലുമോ, നോക്കി മോഹിക്കുന്നത് വ്യഭിചാരമല്ല എന്നു വളരെ കൗശലത്തോടു കൂടെ നിങ്ങളോടു പറയും. അവൻ പറയുന്നതു കേൾക്കരുത് – കാരണം സാത്താൻ ആദി മുതൽ ഭോഷ്കു പറയുന്നവനാണെന്ന് യേശു ആണ് നമുക്കു മുന്നറിയിപ്പു നൽകിയിരിക്കുന്നത്.

ഈ പാപത്തിൻ്റെ കാര്യത്തിൽ “ഭാവിയിൽ ഞാൻ കുറച്ചു കൂടി നന്നായി ശ്രമിക്കും എന്നോ” അല്ലെങ്കിൽ “അതു വിട്ടു കളയാൻ ഞാൻ ശ്രമിക്കും” എന്നോ വെറുതെ പറയരുത്. ദോഷത്തിൻ്റെ കാഴ്ചയിൽ നിന്നു പോലും വിട്ടുമാറിനിൽക്കാനാണ് വേദപുസ്തകം മുന്നറിയിപ്പു നൽകുന്നത്. ഈ പാപത്തെ പെട്ടെന്നു തന്നെ സ്ഥിരമായി ഉപേക്ഷിക്കാൻ സാധ്യമായ എല്ലാ മാർഗ്ഗത്തിലും ദൈവം നിങ്ങളെ സഹായിക്കും എന്നു വിശ്വസിക്കുക. ഇന്നു മുതൽ തന്നെ യുദ്ധം ഏറ്റെടുക്കുക, ജീവനുള്ള ദൈവത്തിൻ്റെ സൈന്യത്തിലെ ഒരു പടയാളിയായ നിന്നെ വെല്ലുവിളിച്ചു കൊണ്ടിരിക്കുന്ന ഈ ഗോല്യാത്തിൻ്റെ തല ഛേദിക്കുന്നതു വരെ ആ യുദ്ധം നീ വിട്ടു കളയരുത്.

പെൺകുട്ടികളുമായുള്ള ശാരീരിക സ്പർശനം ഒഴിവാക്കുവാൻ 1 കൊരി. 7:1 നമുക്കു മുന്നറിയിപ്പു നൽകുന്നു. ചില കാര്യങ്ങൾ “നല്ലതല്ല” എന്നു പരിശുദ്ധാത്മാവു പറയുമ്പോൾ (അവിടുന്ന് അവിടെ പറഞ്ഞതുപോലെ) ഏതൊരു ശിഷ്യനും അത് അപ്പാടെ ഒഴിവാക്കാൻ പര്യാപ്തമായതാണ്. നിയമവാദികൾ കൽപ്പനകളുടെ അക്ഷരത്താൽ ജീവിക്കുന്നു, അതേസമയം ശിഷ്യന്മാർ അതിൻ്റെ ആത്മാവിനാൽ ജീവിക്കുന്നു. ഉദാഹരണത്തിന് : മോഹത്തോടെ സ്ത്രീയെ നോക്കുന്നത് ഒരുവൻ്റെ ഹൃദയം കൊണ്ടു വ്യഭിചാരം ചെയ്യുന്നതാണെന്ന് യേശുവിനറിയാമായിരുന്നു, കാരണം അവിടുന്ന് ഏഴാമത്തെ കൽപ്പനയുടെ ആത്മാവു മനസ്സിലാക്കാൻ ശ്രമിച്ചു. അതേപോലെ തന്നെ, നിങ്ങൾ പൂർണ്ണഹൃദയമുള്ളവരാണെങ്കിൽ, എല്ലാ ദൈവകൽപ്പനകളുടെയും വേരിൽ കിടക്കുന്നത് എന്താണെന്നു നിങ്ങൾ കാണും. പൗലൊസ് തിമൊഥെയോസിനോടു പറയുന്നതെന്താണെന്നു കാണുക: “യുവാക്കൾക്ക് പലപ്പോഴും ഉള്ള പ്രലോഭനങ്ങൾ നിങ്ങൾക്കു തരുന്ന ഏതു കാര്യത്തിൽ നിന്നും ഓടി രക്ഷപ്പെടുക” (2 തിമൊ. 2:22 – ലിവിംഗ്). അത്തരത്തിലുള്ള എല്ലാ സാധ്യതകളിൽ നിന്നും നിങ്ങൾ ഓടി രക്ഷപ്പെടണം.

കർത്താവ് ഒരിക്കൽ കൂടി അവിടുത്തെ ആലയം ശുദ്ധീകരിക്കുകയാണ്. ഇപ്പോൾ നമ്മുടെ ശരീരമാണ് അവിടുത്തെ ആലയം. അതിൽ സമഗ്രമായ ഒരു പ്രവൃത്തി ചെയ്യുവാൻ അവിടുത്തെ അനുവദിക്കുക.