ആത്മീയ ശക്തിയും ദേഹീ ശക്തിയും തമ്മിൽ വേർതിരിക്കുന്നത് – WFTW 23 ഒക്ടോബർ 2022

സാക് പുന്നന്‍

1 കൊരി. 2:14, 15 വാക്യങ്ങളിൽ, നാം പ്രാകൃത മനുഷ്യനെ (ദേഹീമയൻ) കുറിച്ചും ആത്മീയ മനുഷ്യനെ (ആത്മീയനെ) കുറിച്ചും വായിക്കുന്നു. ഒരു ദേഹീമയനായ ക്രിസ്ത്യാനിയും ഒരു ആത്മീയനായ ക്രിസ്ത്യാനിയും തമ്മിൽ വലിയ ഒരു വ്യത്യാസമുണ്ട്. അവിടെ പറഞ്ഞിരിക്കുന്നതു പോലെ അതു മനസ്സിലാക്കാൻ മാനുഷിക ബുദ്ധിക്കു കഴിയുകയില്ല: “പ്രാകൃത മനുഷ്യൻ ദൈവാത്മാവിൻ്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അത് അവനു ഭോഷത്തം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അത് അവനുഗ്രഹിപ്പാൻ കഴിയുന്നതുമല്ല. ആത്മികനോ സകലത്തെയും വിവേചിക്കുന്നു; താൻ ആരാലും വിവേചിക്കപ്പെടുന്നതുമില്ല”.

കണ്ണും കാതും വ്യത്യാസമായിരിക്കുന്നതു പോലെ മനസ്സും ആത്മാവും വ്യത്യസ്തമാണ്. നല്ല കേൾവിയുള്ള ഒരാളിന് അന്ധനായിരിക്കാൻ സാധ്യതയുള്ളതുപോലെ, നല്ല ബുദ്ധിയുള്ള ഒരുവന് ‘ചത്ത’ ആത്മാവുള്ളവനായിരിക്കാൻ സാധ്യതയുണ്ട് – മറിച്ചും. ഈ ലോകത്തിൽ ജോലി ചെയ്യാൻ, നമുക്ക് നല്ല ഒരു മനസ് ആവശ്യമാണ്. എന്നാൽ ദൈവീക കാര്യങ്ങളിലേക്കു വരുമ്പോൾ, നമ്മുടെ ആത്മാവിൻ്റെ അവസ്ഥയാണ് കാര്യമായിട്ടുള്ളത്. ദൈവത്തിൻ്റെ കാര്യങ്ങൾ മനസ്സിലാക്കാൻ നമുക്ക് പരിശുദ്ധാത്മാവിൽ നിന്ന് വെളിപ്പാട് ആവശ്യമാണ്, അതു നൽകപ്പെടുന്നത് താഴ്മയുള്ളവർക്കു മാത്രവുമാണ് (താഴ്മയുടെ ആത്മാവുള്ള “ശിശുക്കൾക്ക്” (മത്താ.11: 25), ബുദ്ധിമാന്മാർക്കല്ല (അവർക്കു താഴ്മയില്ലെങ്കിൽ).

ബുദ്ധിമാനായ ഒരുവന് വിനയമുള്ളവനായിരിക്കുന്നത് പ്രയാസമുള്ള കാര്യമാണ്, അസാധ്യമല്ലെങ്കിൽ പോലും. അത് സ്വയ നീതിയുള്ള ഒരു പരീശന് താൻ പാപിയാണ് എന്ന് ഏറ്റുപറയാൻ പ്രയാസമാണ് എന്നതുപോലെയാണ്, എങ്കിലും അത് അസാധ്യമല്ല. വേശ്യമാർക്കും കള്ളന്മാർക്കും തങ്ങൾ പാപികളാണെന്ന് ഏറ്റുപറയാൻ എളുപ്പമാണ്. അതുപോലെ തന്നെയാണ് ദിവ്യമായ വെളിപ്പാടിൻ്റെ കാര്യത്തിലും: വിദ്യാഭ്യാസമില്ലാത്ത ഒരു മനുഷ്യന് താൻ ബുദ്ധിമാനല്ല എന്ന് സമ്മതിക്കാൻ എളുപ്പമാണ് – അതുകൊണ്ട് അയാൾക്ക് വേഗത്തിൽ ദിവ്യ വെളിപ്പാട് പ്രാപിക്കാൻ കഴിയും. അതുകൊണ്ടാണ് യേശു തൻ്റെ കൂടുതൽ സമയവും വിദ്യാഭ്യാസമില്ലാത്ത മൂന്നു മുക്കുവരോടൊപ്പം ചെലവഴിച്ചത് – പത്രൊസ്, യാക്കോബ്, യോഹന്നാൻ – കാരണം അവർ ആത്മീയ കാര്യങ്ങളോട് വളരെയധികം പ്രതികരണ ശേഷിയുള്ളവരാണെന്ന് അവിടുന്നു കണ്ടെത്തി. പരീശന്മാർ ക്രിസ്തുവിനെ സ്വീകരിക്കാൻ വളരെ പ്രയാസമുള്ളതായി കണ്ടെത്തിയതും അതുകൊണ്ടാണ്- കാരണം അവരുടെ ബുദ്ധിശക്തിയിലുള്ള അഹങ്കാരം തങ്ങൾ ആത്മീയമായി വിഡ്ഢികളാണെന്നു സമ്മതിക്കുന്നതിൽ നിന്ന് അവരെ തടഞ്ഞു. ബുദ്ധിശക്തിയും സാമർത്ഥ്യവുമുള്ള കോളേജ് വിദ്യാർത്ഥികളുമായി ഇടപെടുമ്പോൾ സ്ഥിരമായി നിങ്ങളുടെ മനസ്സിൽ വഹിക്കേണ്ട ഒരു കാര്യമാണിത്.

മാനുഷിക ബുദ്ധിക്ക് ദൈവമുമ്പാകെ ഒരു വിലയുമില്ല. ദൈവത്തിന് നമ്മുടെ ചർമ്മത്തിൻ്റെ നിറം അപ്രധാനമായിരിക്കുന്നതു പോലെ – കാരണം ഇവയുമായാണ് നാം ജനിക്കുന്നത്. ജന്മനാ മനുഷ്യർക്കുള്ളതിൻ്റെ പേരിൽ, ദൈവ മുമ്പാകെ അവർക്ക് ഒരു മുൻഗണനയുമില്ല. മാനുഷ നീതി പോലെ, ബുദ്ധിശക്തിയും ദൈവത്തിൻ്റെ കാഴ്ചയിൽ കറ പുരണ്ട തുണി പോലെയാണ് (യെശ: 64:6). ക്രിസ്തു നമ്മുടെ നീതി മാത്രമല്ല ആയിതീർന്നിരിക്കുന്നത്, എന്നാൽ ജ്ഞാനവും കൂടെയാണ് (1കൊരി. 1:30 കാണുക).

പൗലൊസിനെപ്പോലെ സ്വയ-നീതിയുള്ളവനും അതിബുദ്ധിമാനുമായ (രണ്ടു വൈകല്യങ്ങൾ), ഒരു മനുഷ്യന് രക്ഷിക്കപ്പെടുവാൻ മാത്രമല്ല, ക്രിസ്തുവിൻ്റെ ഒരു വലിയ അപ്പോസ്തലനും ആയി തീരാൻ കഴിഞ്ഞു എന്ന വസ്തുതയാൽ നാം ഏതു വിധത്തിലും ഉത്സാഹിപ്പിക്കപ്പെടുന്നു. എന്നാൽ അദ്ദേഹം സ്ഥിരമായി തന്നെത്തന്നെ താഴ്ത്തിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കൊരിന്ത്യരോട് സംസാരിക്കുമ്പോൾ, തൻ്റെ പ്രസംഗം തൻ്റെ ബുദ്ധിശക്തിയെ ആശ്രയിച്ചാകരുത് എന്ന് അദ്ദേഹം ഭയപ്പെട്ടു എന്നു പറയുന്നു, അതു കൊണ്ടാണ്- അദ്ദേഹം “അവരുടെ ഇടയിൽ ഭയത്തോടും വിറയലോടും കൂടെ ആയിരുന്നത്” (1കൊരി.2:3). ദൈവാത്മാവിൻ്റെ ശക്തിയിൽ പ്രസംഗിക്കുന്നതിനു പകരം തൻ്റെ മനസ്സിൻ്റെ (ദേഹിയുടെ) ശക്തി കൊണ്ട് പ്രസംഗിക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടു. സംസാരിക്കുമ്പോഴെല്ലാം ആ ഭയം നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണം. അതു കൊണ്ടാണ് പരിശുദ്ധാത്മ ശക്തിക്കായി നാം തുടർമാനം പ്രാർത്ഥിക്കേണ്ടത് – കാരണം ഇതു നമുക്ക് തുടർമാനം ആവശ്യമാണ്.

അതു കൊണ്ട് വേദപുസ്തക സത്യങ്ങളുടെ ബുദ്ധിപരമായ അവതരണത്തെ, ആത്മീകമായ ഒന്നാണെന്ന് തെറ്റിദ്ധരിക്കരുത്. അതുപോലെ തന്നെ വൈകാരികമായ സന്ദേശങ്ങളെയും ആത്മീകമായ ഒന്നാണെന്നു തെറ്റിധരിക്കരുത്. ബുദ്ധിശക്തിയും വികാരങ്ങളും നമ്മുടെ ദേഹിയുടെ ഭാഗങ്ങളാണ്. ഇവ നല്ല ദാസന്മാരാണ് എന്നാൽ മോശം യജമാനന്മാരാണ്. നമ്മുടെ ജീവിതങ്ങളിൽ പരിശുദ്ധാത്മാവു മാത്രമായിരിക്കണം കർത്താവ്. ഞാൻ പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ, ആത്യന്തികമായി ആത്മീയരാകാനുള്ള മാർഗ്ഗം അന്തർലീനമായിക്കുന്നത് ക്രിസ്തീയ ജീവിതത്തിലെ മൂന്നു രഹസ്യങ്ങളിലാണ്: താഴ്മ, താഴ്മ, പിന്നെയും താഴ്മ! അതു നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ സുരക്ഷിതരായിരിക്കും.