ബൈബിളിലൂടെ : ഹബക്കൂക്

വിശ്വാസത്തിന്റെ സംഘട്ടനവും ജയഘോഷവും

നഹൂം ദൈവത്തിന്റെ കോപത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും സംസാരിച്ചു എങ്കില്‍ ഹബക്കൂക് വിശ്വാസത്തിന്റെ സംഘട്ടനത്തെക്കുറിച്ചും വിശ്വാസത്തിന്റെ ജയഘോഷത്തെക്കുറിച്ചും സംസാരിക്കുന്നു. ചോദ്യങ്ങള്‍ ചോദിക്കുകയും ഒടുവില്‍ സംശയങ്ങളില്‍ നിന്നു വ്യക്തതയിലേക്കു വരികയും ചെയ്യുന്ന ഒരുവന്റെ കഥയാണിത്. ”യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? സാഹസം നിമിത്തം ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും” (1:2) എന്ന സന്ദേഹത്തോടെ അവന്‍ ആരംഭിക്കുന്നു. ”എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും. യഹോവയായ കര്‍ത്താവ് എന്റെ ബലം ആകുന്നു. ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു”(3:18,19) എന്ന രീതിയില്‍ സുനിശ്ചിതത്വത്തോടെയാണ് അവന്‍ അവസാനിപ്പിക്കുന്നത്.

ഹബക്കൂക് രണ്ട് ചോദ്യങ്ങളാണ് ദൈവത്തോടു ചോദിക്കുന്നത്. ദൈവം അവനു മറുപടികളും നല്കുന്നു. ഒരു ദൈവമനുഷ്യനു പോലും സംശയങ്ങളും ചോദ്യങ്ങളും മനസ്സിലുണ്ടാകാം. ദൈവത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നതില്‍ ഒരു തെറ്റുമില്ല. കൊച്ചുകുട്ടികള്‍ അവര്‍ വളര്‍ന്നു വരുമ്പോള്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കുന്നില്ല എങ്കില്‍ അതൊരു നല്ല ലക്ഷണമല്ല. ഒരു നല്ല പിതാവ് ചോദ്യങ്ങള്‍ ചോദിക്കുവാന്‍ എപ്പോഴും കുട്ടികളെ ഉത്സാഹിപ്പിക്കും. കൊച്ചുകുട്ടികള്‍ ചോദ്യം ചോദിച്ചാല്‍ ഒരു നല്ല പിതാവും അതില്‍ അസന്തുഷ്ടി പ്രകടിപ്പിക്കില്ല. നിങ്ങള്‍ ചോദ്യം ചോദിച്ചാല്‍ ദൈവവും അസന്തുഷ്ടനാവുകയില്ല. നിങ്ങള്‍ക്കു ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ പക്വത മാത്രം ഉള്ളവരുടെ അടുത്തു പോകരുത്. അവര്‍ നിങ്ങളെ കുഴപ്പിക്കും. നിങ്ങളുടെ ചോദ്യം അവരേയും ചിന്താക്കുഴപ്പം ഉള്ളവരാക്കും. നിങ്ങള്‍ അത്തരം ചോദ്യം ചോദിക്കുംവരെ അവര്‍ക്ക് ഒരു സംശയവും ഉണ്ടായിരിക്കയില്ല. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ അവരുടെ മനസ്സിനെ സന്ദേഹത്തിലാക്കിത്തീര്‍ത്തു. അതിനു പകരം ദൈവത്തിന്റെ അടുക്കലേക്കു തന്നെ പോകുക.

ആദ്യത്തെ ചോദ്യം

നമ്മളെല്ലാം ചോദിക്കുന്ന ഒരു ചോദ്യം തന്നെയാണ് ഹബക്കൂക്കും ആദ്യമായി ചോദിക്കുന്നത്: ‘എന്തുകൊണ്ട് ദുഷ്ടജനങ്ങള്‍ അഭിവൃദ്ധി പ്രാപിക്കുന്നു?’ ആസാഫിനും ഇതേ ചോദ്യം ഉണ്ടായിരുന്നു (സങ്കീ. 73). യിരെമ്യാവ് ഹബക്കൂക്കിന്റെ സമകാലികനായ ഒരു പ്രവാചകനായിരുന്നു. അദ്ദേഹത്തിനും ഇതേ ചോദ്യം ഉണ്ടായിരുന്നു. അപ്പോള്‍ ”കാലാളുകളോടുകൂടെ ഓടീട്ടു നീ ക്ഷീണിച്ചുപോയാല്‍ കുതിരകളോട് എങ്ങനെ മത്സരിച്ചോടും?” (യിരെമ്യാ. 12:5) എന്നാണ് കര്‍ത്താവ് യിരെമ്യാവിന് മറുപടി കൊടുത്തത്. അതിന്റെ അര്‍ത്ഥം ”ഇത്തരം ലളിതമായ പ്രശ്‌നങ്ങള്‍ക്കു നിനക്ക് ഉത്തരം കിട്ടിയില്ലെങ്കില്‍ ജീവിതത്തിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ നീ എങ്ങനെ നേരിടും?” ആസാഫ് ദൈവസന്നിധിയില്‍ ചെന്നപ്പോള്‍ അവന് ഉത്തരം ലഭിച്ചു (സങ്കീ. 73:17). അതുപോലെ യിരെമ്യാവും ദൈവസന്നിധിയില്‍ ചെന്നപ്പോള്‍ അവന് ഉത്തരം കിട്ടി. ഹബക്കൂക്കും ദൈവസന്നിധിയില്‍ പോയപ്പോള്‍ അവനു മറുപടി ലഭിച്ചു. നിന്റെ മനസ്സില്‍ ഒരു ചോദ്യം ഉണ്ടെങ്കില്‍ ദൈവഭക്തനായ ഒരുവനോട് നിനക്ക് ആ കാര്യം പങ്കിടാം. ഹബക്കൂക്കിന്റെ സമീപം ഒരു ദൈവ ഭക്തനും ഉണ്ടായിരുന്നില്ല. അതിനാല്‍ അവന്‍ ദൈവത്തിന്റെ അടുക്കലേക്കു പോയി. യിരെമ്യാവും ഇതേ കാലഘട്ടത്തിലാണു പ്രവചിച്ചിരുന്നതെങ്കിലും അവന്‍ ഹബക്കൂക്കിനു സമീപം അല്ലായിരിക്കും താമസിച്ചിരുന്നത്.

”യഹോവേ, എത്രത്തോളം ഞാന്‍ അയ്യം വിളിക്കയും നീ കേള്‍ക്കാതിരിക്കയും ചെയ്യും? ഞാന്‍ നിന്റെ ദാസനാണ്. അഭക്തര്‍ എന്നോടു ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുക. ഞാന്‍ എത്രത്തോളം നിന്നോടു നിലവിളിക്കയും നീ രക്ഷിക്കാതിരിക്കയും ചെയ്യും?” (1:2). ഇങ്ങനെയാണ് ദൈവത്തോടു ഹബക്കൂക് കരഞ്ഞപേക്ഷിച്ചത്. ഈ രീതിയില്‍ നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? രണ്ടായിരം വര്‍ഷമായി ധാരാളം ക്രിസ്ത്യാനികള്‍ ഈ വിധം ചിന്തിച്ചിട്ടുണ്ട്. ”അഭക്തര്‍ എന്തുകൊണ്ട് അഭിവൃദ്ധി പ്രാപിക്കുന്നു? ദൈവമക്കളെ ഇവര്‍ പീഡിപ്പിക്കുവാന്‍ എന്തുകൊണ്ട് നീ അനുവദിക്കുന്നു? കവര്‍ച്ചയും സാഹസവും എന്റെ മുമ്പില്‍ ഉണ്ട്. കലഹവും നടക്കുന്നു. കലഹവും ശണ്ഠയും ഇഷ്ടപ്പെടുന്നവരാല്‍ ഞാന്‍ ചുറ്റപ്പെട്ടിരിക്കുന്നു” (1:3). ഹബക്കൂക് യെഹൂദയെ നോക്കി പറയുന്നു: ”ന്യായപ്രമാണം അയഞ്ഞിരിക്കുന്നു. കോടതികളിലും നീതി ലഭിക്കുന്നില്ല. ദുഷ്ടന്മാര്‍ നീതിമാന്മാരെക്കാള്‍ കവിഞ്ഞിരിക്കുന്നു. കൈക്കൂലിയും ചതിയും നിമിത്തം ന്യായം വക്രതയായി വെളിപ്പെട്ടു വരുന്നു” (1:4 സ്വതന്ത്ര പരാവര്‍ത്തനം).

2600 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇത് എഴുതിയത്. എങ്കിലും ഇത്തരം കാര്യങ്ങള്‍ ഇന്നും പ്രസക്തമാണ്! കര്‍ത്താവിനെ സാക്ഷിക്കുന്ന ഒരു ക്രിസ്ത്യാനി ആണ് നിങ്ങള്‍ എങ്കില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഇതു സത്യമായിരിക്കുന്നതു നിങ്ങള്‍ക്കു കാണാം- നിയമങ്ങള്‍ മരവിക്കപ്പെടുന്നു, നിങ്ങളുടെ നാട്ടിലെ കോടതികളില്‍ നിന്നു നിങ്ങള്‍ക്കു ന്യായം കിട്ടുന്നില്ല.

ദൈവത്തിന്റെ ഉത്തരം

ഹബക്കൂക്കിനു ദൈവം നല്കിയ ഉത്തരം നേരിട്ടുള്ള ഒന്നായിരുന്നില്ല. യേശുവും ചോദ്യങ്ങള്‍ക്കു ഉത്തരം നല്കുന്നത് നേരിട്ടല്ല. ഇതിനു കാരണം ദൈവത്തിന്റെ ജ്ഞാനം നമ്മുടേതിനേക്കാള്‍ വളരെ ഉത്തമമായതാണ് എന്നുള്ളതാണ്. ദൈവം ഹബക്കൂക്കിനു നല്കിയ മറുപടി ശ്രദ്ധിക്കുക: ”ജാതികളുടെ ഇടയില്‍ ദൃഷ്ടിവെച്ചു നോക്കുവീന്‍. ആശ്ചര്യപ്പെട്ടു വിസ്മയിപ്പിന്‍. ഞാന്‍ നിങ്ങളുടെ കാലത്ത് ഒരു പ്രവൃത്തി യെഹൂദയില്‍ ചെയ്യും. അതു വിവരിച്ചു കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല” (1:5).

യിസ്രായേല്‍ അടിമത്വത്തില്‍ പോയിട്ടുണ്ട്. എന്നാല്‍ യെഹൂദ അത് അനുഭവിച്ചിട്ടില്ല. എട്ടു നൂറ്റാണ്ട് മുന്‍പാണ് ഇവര്‍ എല്ലാം ഈജിപ്തില്‍ അടിമകളായിരുന്നത്. അത് അവര്‍ക്ക് ഒരു വിദൂരസ്മരണ മാത്രമാണ്. അവര്‍ക്കു വിശ്വസിക്കുവാന്‍ കഴിയാത്ത ഒരു കാര്യം കര്‍ത്താവ് ഇപ്പോള്‍ ചെയ്യുവാന്‍ പോവുകയാണ്. ശക്തമായ വിടുതല്‍ പോലുള്ള അത്ഭുതമൊന്നുമല്ല കര്‍ത്താവ് ചെയ്യുവാന്‍ പോകുന്നത്. ദൈവം ചെയ്യുവാന്‍ പോകുന്ന വലിയ അത്ഭുതകരമായ വാഗ്ദാനമായി ചിലര്‍ ഈ വാക്യത്തെ തെറ്റായി ഉദ്ധരിക്കാറുണ്ട്. തന്റെ മക്കളെ അടിമത്വത്തില്‍ കൊണ്ടുപോകുവാനായി ദൈവം ഒരു ദുഷ്ടജാതിയെ എഴുന്നേല്‍പിക്കുവാന്‍ പോവുകയാണ്. തങ്ങളടെ ദൈവം ഇത്തരം ഒരു കാര്യം ചെയ്യും എന്ന് അവര്‍ക്കു വിശ്വസിക്കുവാന്‍ ബുദ്ധിമുട്ടാണ്. ”ഞാന്‍ ബാബിലോണിനെ ഒരു പുതിയ ലോകശക്തിയായി എഴുന്നേല്‍പ്പിക്കുവാന്‍ പോവുകയാണ്. അവര്‍ ആകസ്മികമായി എഴുന്നേറ്റു വരികയല്ല ചെയ്യുന്നത്. ഞാന്‍ അവരെ എഴുന്നേല്‍പ്പിക്കും. ലോകത്തിലുള്ള സകല കാര്യങ്ങളും എന്റെ നിയന്ത്രണത്തിലാണ്:” ദൈവം പറയുന്നു.

ഇന്ത്യയില്‍ ദേശീയ തിരഞ്ഞെടുപ്പുണ്ടാകുന്ന കാലത്ത് ഞങ്ങള്‍ എപ്പോഴും അതിനായി പ്രാര്‍ത്ഥനയില്‍ സമയം ചെലവഴിക്കാറുണ്ട്. വിശ്വാസികളുടെ സംഖ്യ വളരെ കുറവായതിനാല്‍ വോട്ടെടുപ്പു സമയത്തു രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ഫലങ്ങളെ സ്വാധീനിക്കുവാന്‍ ഞങ്ങള്‍ക്കു കഴിയില്ല. എന്നാല്‍ ദൈവം ആത്യന്തികമായി ആളുകളെ നിയന്ത്രിക്കുന്നതിനാല്‍ തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കുവാന്‍ പ്രാര്‍ത്ഥനയാല്‍ സാധ്യമാണ് എന്നു ഞങ്ങള്‍ക്കറിയാം. ദൈവമാണ് ഒരു അധികാരത്തെ എഴുന്നേല്പിക്കുന്നതും മറ്റൊന്നിനെ താഴ്ത്തുന്നതും. ഞങ്ങള്‍ ഇങ്ങനെയാണ് പ്രാര്‍ത്ഥിക്കുന്നത്: ”കര്‍ത്താവേ, ഇന്ത്യയ്ക്കും ഇവിടെയുള്ള വിശ്വാസികള്‍ക്കും സുവിശേഷത്തിന്റെ പ്രചാരണത്തിനും എന്താണ് നല്ലത് എന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ. അവിടുത്തെ സര്‍വ്വാധിപത്യത്തില്‍ അവിടുത്തെ ഉദ്ദേശ്യങ്ങളുടെ സഫലീകരണത്തിനായി ആരെ അവിടുന്നു കണ്ടിട്ടുണ്ടോ അവര്‍ അധികാരത്തിലേക്കു വരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.” നാം ഏതു നല്ലതായി കരുതുന്നുവോ അതായിരി ക്കുകയില്ല നമുക്ക് ഏറ്റവും ഉത്തമമായത്. യെഹൂദയെ ഭരിക്കുവാന്‍ ബാബിലോന്യരെ നമ്മില്‍ ആര് തിരഞ്ഞെടുക്കും? ആരും തിരഞ്ഞെടുക്കുകയില്ല. ”നിങ്ങള്‍ക്കു വിശ്വസിക്കുവാന്‍ സാധിക്കാത്ത ഒരു കാര്യം ഞാന്‍ ചെയ്യും. എന്റെ വഴികള്‍ നിങ്ങളുടെ വഴികളല്ല” എന്ന് അതുകൊണ്ടാണ് ദൈവം പറയുന്നത്. ദൈവവഴികളെ നാം അറിയാത്തതുകൊണ്ട് ബാബിലോണ്‍ എന്ന രാജ്യത്തെ ദൈവം എന്തിന് ഒരു ലോകശക്തിയാക്കുന്നു എന്ന കാര്യം നാം മനസ്സിലാക്കുന്നില്ല.

തങ്ങള്‍ക്കു പാരിതോഷികങ്ങള്‍ നല്കി തങ്ങളെ എപ്പോഴും സന്തോഷിപ്പിക്കുന്ന സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഒരു ”വല്യപ്പച്ചനാണ്” തങ്ങളുടെ ദൈവം- ഇതാണ് ധാരാളം ക്രിസ്ത്യാനികള്‍ക്കുമുള്ള ധാരണ. ഇതു ദൈവത്തെക്കുറിച്ചുള്ള പൂര്‍ണ്ണമായും തെറ്റായ ധാരണയാണ്. ദൈവവിശുദ്ധിയെക്കുറിച്ച് ഭൂരിപക്ഷം ക്രിസ്ത്യാനികള്‍ക്കും ശരിയായ ധാരണയില്ല. അതുകൊണ്ടാണു തന്റെ മക്കളെ ശിക്ഷണം ചെയ്യുവാന്‍ അക്രൈസ്തവരെ ദൈവം ഉപയോഗിക്കും എന്ന വസ്തുത പലരും വിശ്വസിക്കാത്തത്. ഉദാഹരണത്തിന് ഒരു രാജ്യത്ത് തിരഞ്ഞെടുപ്പു വരുന്നു എന്നു കരുതുക. എന്നാല്‍ അവിടുത്തെ ക്രിസ്ത്യാനികള്‍ തമ്മില്‍ തമ്മില്‍ പോരടിച്ചു വിമര്‍ശിച്ച് ഓരോ സഭാവിഭാഗവും തങ്ങളാണ് ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട കൂട്ടം എന്നു കരുതുന്നുവെങ്കില്‍ ഏതുതരം രാഷ്ട്രീയ പാര്‍ട്ടിയെയാണ് തിരഞ്ഞെടുപ്പില്‍ ജയിക്കു വാന്‍ ദൈവം അനുവദിക്കുക? ”കര്‍ത്താവേ, സുവിശേഷം പ്രസംഗിക്കുവാന്‍ സ്വാതന്ത്ര്യം നല്കുന്ന ഒരു ഗവണ്‍മെന്റ് വരണമേ. അമേരിക്കയില്‍ നിന്ന് തടസ്സം കൂടാതെ പണം കിട്ടുവാന്‍ സഹായിക്കുന്ന പാര്‍ട്ടി വിജയിക്കണമേ” എന്നും ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിച്ചേക്കാം. എന്നാല്‍ അമേരിക്കന്‍ പണം ഈ രാജ്യത്തെ തന്റെ മക്കളുടെ സാക്ഷ്യത്തെ നശിപ്പിക്കുന്നു എന്നതിനാല്‍ പുറത്തു നിന്നുള്ള പണം നിറുത്തി ക്രിസ്ത്യാനികളെ പീഡനത്തിന് വിട്ടു നല്കുന്ന ഒരു പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ ജയിക്കുവാന്‍ ദൈവം അനുവദിച്ചേക്കാം. അന്യോന്യം വിമര്‍ശിക്കുന്ന ക്രിസ്ത്യാനികള്‍ അപ്പോള്‍ അതു നിര്‍ത്തും. അവര്‍ തമ്മില്‍ തമ്മില്‍ കൂടുതല്‍ ഐക്യപ്പെടും. പുറംരാജ്യങ്ങളുടെ പണത്തെ ആശ്രയിച്ചിരുന്ന ക്രിസ്ത്യാനികള്‍ കര്‍ത്താവിന്റെ പ്രവൃത്തിക്കായി ഇവിടെ തന്നെ ധാരാളം പണം ഉണ്ട് എന്ന വസ്തുത കണ്ടെത്തും. അതുമൂലം ക്രിസ്ത്യാനികള്‍ കൂടുതല്‍ ശക്തരും സഭ കൂടുതല്‍ ഐക്യമത്യമുള്ളതുമായിത്തീരും. ദൈവവഴികളാണ് എപ്പോഴും അഭികാമ്യം.

അതുകൊണ്ട് ഇവിടെ ഞാന്‍ ബാബിലോണ്യരെ എഴുന്നേല്പിക്കുന്നു എന്നു കര്‍ത്താവ് പറയുന്നു. ദൈവമാണ് അവരെ എഴുന്നേല്‍പ്പിച്ചത്. ”ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നത് നിന്നില്‍ എന്റെ ശക്തി കാണിക്കേണ്ടതിനാണ്” എന്ന് അന്നത്തെ ഏറ്റവും വലിയ അധികാരിയായ ഫറവോനെക്കുറിച്ച് കര്‍ത്താവ് അരുളിച്ചെയ്യുന്നു (റോമര്‍. 9:17). എന്നാല്‍ ഫറവോന്‍ ദൈവത്തിനെതിരെ മറുതലിച്ചപ്പോള്‍ ദൈവം അവനെ തകര്‍ത്തു തന്റെ മഹാശക്തിയെ അവന്‍ മുഖാന്തരം വെളിപ്പെടുത്തി. ഇതേ സമയം ദൈവം മോശെയെ അതേ തലമുറയില്‍ എഴുന്നേല്പിച്ച് തന്റെ ശക്തിയെ മറ്റൊരു രീതിയില്‍ പ്രദര്‍ശിപ്പിച്ചു. ദൈവവുമായി നിങ്ങള്‍ സഹകരിച്ചാല്‍ മോശെയെപ്പോലെ ദൈവശക്തിയെ നിങ്ങള്‍ മുഖാന്തരം അവിടുന്നു പ്രദര്‍ശിപ്പിക്കും. എന്നാല്‍ നിങ്ങള്‍ ദൈവവുമായി സഹകരിച്ചില്ലെങ്കില്‍ ദൈവത്തെ എതിര്‍ക്കുന്ന വ്യക്തിക്ക് എന്തു സംഭവിക്കും എന്ന വസ്തുത വരുംതലമുറയ്ക്ക് അവിടുന്നു നിങ്ങള്‍ മുഖാന്തരം പ്രദര്‍ശിപ്പിക്കും. നിങ്ങളെ ഒരു മോശമായ ഉദാഹരണമായല്ല പിന്നയോ ഒരു നല്ല ഉദാഹരണമായി ദൈവത്തിനു കാണിക്കുവാന്‍ തക്കവണ്ണം ദൈവമുമ്പാകെ നിങ്ങളെ തന്നെ താഴ്ത്തുകയാണ് ഏറ്റവും ഉത്തമം. നിങ്ങള്‍ വിശ്വാസി ആണെങ്കില്‍ തന്നെ നിങ്ങള്‍ നിഗളിയാണെങ്കില്‍ ദൈവം നിങ്ങളെ എതിര്‍ക്കുകയും മറ്റു വിശ്വാസികള്‍ക്ക് ഒരു താക്കീതായി വയ്ക്കുകയും ചെയ്യും.

ബാബിലോണ്യര്‍ ”ഉഗ്രതയും വേഗതയുള്ളവരും ഘോരത്വവും ഭയങ്കരത്വവുമായുള്ളവരും ചെന്നായ്ക്കളെക്കാള്‍ ഉഗ്രതയുള്ളവരുമെന്ന്” പറഞ്ഞിരിക്കുന്നു (6-9 വരെയുള്ള വാക്യങ്ങളില്‍). അവര്‍ കാറ്റുപോലെ മുന്നേറുന്നവരും ബാക്കി രാജ്യങ്ങളുടെ പ്രതിരോധത്തെ അവജ്ഞയോടെ വീക്ഷിക്കുന്നവരുമാണ്. എന്നാല്‍ ”സ്വന്ത ശക്തിയല്ലോ അവനു ദൈവം” (വാ.11) എന്നു പറഞ്ഞിരിക്കുന്നതിനാല്‍ അവര്‍ ദൈവമുമ്പാകെ വളരെ കുറ്റക്കാരാണ്.

ദുഷ്ടന്മാര്‍ എന്തുകൊണ്ട് തഴയ്ക്കുന്നു എന്ന ഹബക്കൂക്കിന്റെ ചോദ്യത്തിനുള്ള ഉത്തരമാണോ ഇത്?

”നീ എന്റെ ചോദ്യത്തിന് ഉത്തരം നല്കിയിട്ടില്ല. ദുഷ്ടന്മാര്‍ പുഷ്ടിപ്പെടും എന്ന് അവിടുന്നു പറഞ്ഞല്ലോ” എന്ന് ഹബക്കൂക്ക് ദൈവത്തോട് ചോദിക്കുന്നു. എന്നാല്‍ ദൈവം അവനു മറുപടി നല്കി: ”സകല കാര്യങ്ങളും എന്റെ അധീനത്തിലാണ്. നിനക്ക് കാര്യങ്ങള്‍ പൂര്‍ണ്ണമായി കാണുവാന്‍ കഴിവില്ലെങ്കിലും ബാബിലോണ്‍ മുഖാന്തരം എന്റെ ഉദ്ദേശ്യങ്ങള്‍ ഞാന്‍ പൂര്‍ത്തീകരിക്കയാണ്.”

ഇന്ന് 2600 വര്‍ഷങ്ങള്‍ക്കു ശേഷം നാം പുറകോട്ട് നോക്കുമ്പോള്‍ ദൈവം ബാബിലോണ്യരെ എഴുന്നേല്പിക്കയും പിന്നീട് നശിപ്പിക്കയും ചെയ്തത് എന്തിനു വേണ്ടി എന്ന് നമുക്കു കാണാന്‍ കഴിയും. ”കര്‍ത്താവേ, നീ ചെയ്ത കാര്യം അത്ഭുതം തന്നെ” എന്ന് ഇന്നു നമുക്കു പറയാന്‍ സാധിക്കും.

യെഹൂദ രാജ്യത്തെ അടിമകളാക്കി 70 വര്‍ഷം ബാബിലോണില്‍ കൊണ്ടു പോയതിന്റെ പരിണതഫലം നമുക്കു നോക്കാം. ന്യായാധിപന്മാരുടെ (ബി.സി. 1300) കാലം മുതല്‍ ബാബിലോണ്യ അടിമത്ത സമയം (ബി.സി. 600) വരെ യിസ്രായേല്‍ വിഗ്രഹങ്ങളെ തുടര്‍മാനമായി ആരാധിച്ചു പോന്നു. ദാവീദിന്റെ സമയത്തുപോലും പലരും പിച്ചള സര്‍പ്പത്തെ (2 രാജാ. 18:4) ആരാധിക്കുന്നവര്‍ ആയിരുന്നു. വിഗ്രഹാരാധന യിസ്രായേലില്‍ 700 വര്‍ഷം തുടര്‍ന്നുപോന്നു. ഇതിനുശേഷം ദൈവം അവരെ 70 വര്‍ഷം ബാബിലോണിലേക്കയച്ചു. എന്നാല്‍ യെഹൂദര്‍ മടങ്ങിവന്ന കാലം മുതല്‍ അവര്‍ ഒരിക്കലും വിഗ്രഹത്തെ ആരാധിച്ചിട്ടില്ല (കഴിഞ്ഞ 2500 വര്‍ഷത്തോളം). അടിമത്വത്തിലൂടെ ദൈവം ആ പ്രശ്‌നം എന്നന്നേക്കുമായി പരിഹരിച്ചു. ഇത് അത്ഭുതം തന്നെ അല്ലേ? യെഹൂദര്‍ മറ്റു പല പാപങ്ങള്‍ ചെയ്തവരായിരിക്കാം. എന്നാല്‍ വിഗ്രഹാരാധനയിലേക്ക് അവര്‍ ഒരിക്കലും പിന്നീട് പോയിട്ടില്ല.

ദൈവത്തിന് ഇപ്രകാരം ഒരു അന്തിമ പാഠത്തിലൂടെ ഒരുവനെ വ്യത്യാസപ്പെടുത്തി എന്നെന്നേക്കുമായി അവനെ തിരിക്കുവാന്‍ കഴിയും. പെനിയേലില്‍ വച്ച് ദൈവം യാക്കോബിനെ നുറുക്കി എന്നെന്നേക്കുമായി തകര്‍ന്നവനാക്കി തീര്‍ത്തു. അതിനു ശേഷം യാക്കോബ് ഒരു വ്യത്യസ്തനായ വ്യക്തിയായി. ചില കാലത്ത് ദൈവം തന്റെ ബലമുള്ള ഭുജം കൊണ്ട് ചില ശാശ്വത പാഠങ്ങള്‍ നമ്മെ പഠിപ്പിക്കും. ദൈവം എന്തിനു വേണ്ടി പല കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്നു എന്ന് നമുക്കു മനസ്സിലാവുകയില്ല. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന സകല സാഹചര്യങ്ങളും തന്റെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ് എന്ന് നാം അറിഞ്ഞാല്‍ മതിയാകും. അതുപോലെ ദൈവം തന്റെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനായി ഉപയോഗിക്കുന്ന ആളുകള്‍ ചിലപ്പോള്‍ ബാബിലോണ്യരെപ്പോലെ ദുഷ്ടന്മാരായിരിക്കും.

തന്റെ ഉദ്ദേശ്യങ്ങള്‍ നിവര്‍ത്തിക്കുവാനായി ദൈവം ക്രിസ്ത്യാനികളെ വെറുക്കുന്ന ആളുകളെ ഉപയോഗിച്ചിട്ടുണ്ട്. പഴയ റോമാ സാമ്രാജ്യത്തിലും ഇക്കാലങ്ങളില്‍ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇതേ കാര്യം നമുക്കു കാണാം. നമ്മുടെ ജീവിത കാലത്തു പോലും ധാരാളം കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നത് നാം കണ്ടിട്ടുണ്ട്. ഇത്തരം കമ്യൂണിസ്റ്റ് രാജ്യങ്ങളിലെ ഗവണ്മെന്റ് നിലനില്ക്കണം എന്ന് എത്ര ക്രിസ്ത്യാനികള്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്? ഇത്തരം ക്രിസ്തീയ വിരോധികള്‍ ഒരു സമയത്തേക്ക് അധികാരത്തില്‍ ഇരിക്കുന്നതും പിന്നീട് ഇവര്‍ അധികാര ഭ്രഷ്ടരാകുന്നതും നാം കണ്ടിട്ടുണ്ട്. എന്നാല്‍ അവര്‍ ഭരിച്ചിരുന്ന സമയത്ത് എന്താണ് സംഭവിച്ചത്? ലോകത്തെ ഏറ്റവും മികച്ച ക്രിസ്ത്യാനികള്‍ ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു. പീഡനങ്ങള്‍ ഇല്ലാത്ത രാജ്യങ്ങളിലെ പണസ്‌നേഹികളും ആഡംബരമോഹികളുമായ ക്രിസ്ത്യാനികളെക്കാള്‍ ഈ രാജ്യങ്ങളിലെ ക്രിസ്ത്യാനികള്‍ വളരെയേറെ മികച്ചവരായിരുന്നു. പീഡനത്തിന്റെ തീ നിമിത്തം ധാരാളം ക്രിസ്ത്യാനികള്‍ നിര്‍മലരായിത്തീര്‍ന്നു. ഒരു സമയത്തേക്ക് കമ്യൂണിസ്റ്റുകളെ ദൈവം ചില രാജ്യങ്ങളില്‍ ഭരിക്കുവാന്‍ അനുവദിച്ചത് ഇതിനു വേണ്ടിയാണ്. ‘എന്തു പ്രാര്‍ത്ഥിക്കണം.’ എന്ന് നമുക്കു പലപ്പോഴും അറിഞ്ഞുകൂടാ. എന്നാല്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന് എല്ലാ സമയത്തും എല്ലാ ദേശത്തുമുള്ള തന്റെ മക്കള്‍ക്ക് എന്താണ് നന്മയായുള്ളത് എന്ന് അറിയാം. ലോകത്തില്‍ സംഭവിക്കുന്ന ”സകലത്തിന്റേയും അനുഗൃഹീതനായ നിയന്ത്രകന്‍” എന്നാണ് 1 തിമൊഥെയൊസ് 6:15-ല്‍ (ജെ.ബി. ഫിലിപ്‌സ് തര്‍ജ്ജമ) ദൈവത്തെ അഭിസംബോധന ചെയ്തിരിക്കുന്നത്. ഹല്ലേലുയ്യാ!!

രണ്ടാമത്തെ ചോദ്യം

ഇതിനു ശേഷം ഹബക്കൂക്ക് ഒരു കോടതിയിലെ വക്കീല്‍ എന്നവണ്ണം വീണ്ടും ചോദിക്കുന്നു: ”നിത്യനായ കര്‍ത്താവായ ദൈവമേ, ഞങ്ങളെ ഉന്‍മൂലനം ചെയ്യുകയാണോ നിന്റെ പദ്ധതി? തീര്‍ച്ചയായും അല്ല. ദൈവമേ ഞങ്ങളുടെ ഭയങ്കരമായ പാപങ്ങള്‍ നിമിത്തം ഞങ്ങളെ തിരുത്തുവാനും ശരിപ്പെടുത്തുവാനുമായി കല്ദായരെ (ബാബിലോണ്യരെ) നീ ഉയര്‍ത്തുവാനായി തീരുമാനിച്ചിരിക്കുന്നു. ഞങ്ങള്‍ ദുഷ്ടരാണ്. എന്നാല്‍ അവര്‍ എത്രയോ അധികം ദുഷ്ടരാണ്! പാപത്തെ ഒരു വിധേനയും അനുവദിക്കാത്ത അങ്ങ് ഞങ്ങള്‍ വിഴുങ്ങപ്പെടുമ്പോള്‍ വെറുതെ നോക്കി നില്‍ക്കുകയാണോ? തങ്ങളേക്കാള്‍ ഭേദപ്പെട്ടവരെ അവര്‍ നശിപ്പിക്കുമ്പോള്‍ അങ്ങ് മിണ്ടാതെ ഇരിക്കുകയാണോ ചെയ്യുന്നത്? വലയില്‍ കുടുങ്ങി കൊല്ലപ്പെടത്തക്കവണ്ണം ഞങ്ങള്‍ മീനുകള്‍ മാത്രമാണോ? ശത്രുക്കളെ പ്രതിരോധിക്കുവാന്‍ ഒരു നേതാവുമില്ലാത്ത വെറും ഇഴജന്തുക്കളാണോ ഞങ്ങള്‍? ഞങ്ങള്‍ അവരുടെ ചൂണ്ടയില്‍ കോര്‍ക്കപ്പെടുകയും വലയിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുമ്പോള്‍ അവര്‍ സന്തോഷിക്കുന്നത് അവിടുന്നു കാണുന്നില്ലേ? അവര്‍ അവരുടെ വലകളെ ആരാധിച്ച് അവയ്ക്കു ബലി കഴിക്കുന്നു! ‘ഞങ്ങളെ സമ്പന്നന്മാരാക്കുന്ന ദൈവങ്ങള്‍ ഇവയാണെന്ന്’ അവര്‍ പറയുന്നു. ഇവര്‍ക്ക് എന്നേക്കും ഒരു ശിക്ഷയും കിട്ടാതെ പോകുന്നത് ശരിയാണോ?” (1:12-17).

ബാബിലോണ്യര്‍ യെഹൂദാദേശത്തെ പിടിക്കുന്നതില്‍ വിജയിക്കുകയാണെങ്കില്‍ അവര്‍ ഫലത്തില്‍ തങ്ങളുടെ തന്നെ കഴിവുകളെ ആരാധിക്കും എന്ന് ഹബക്കൂക്ക് കര്‍ത്താവിനോട് ഇവിടെ പറയുകയാണ്.

ദൈവത്തിന്റെ ഉത്തരം

ഹബക്കൂക്ക് തന്റെ കാവല്‍ഗോപുരത്തില്‍ കയറിക്കൊണ്ട് തന്റെ ആവലാതിക്ക് കര്‍ത്താവ് എന്ത് ഉത്തരം നല്കും എന്ന് പ്രതീക്ഷിച്ചു കാത്തു നില്ക്കുകയാണ് (2:1). ദൈവം അതിനു നല്‍കിയ ഉത്തരം ഇതാണ്: ”നീ ദര്‍ശനം എഴുതുക. എല്ലാവരും വ്യക്തമായി വായിച്ച് സകലരേയും അറിയിക്കത്തവണ്ണം അതു പലകയില്‍ തെളിവായി എഴുതുക. ദര്‍ശനത്തിന് ഒരു അവധി വെച്ചിരിക്കുന്നു. അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു. സമയം തെറ്റുകയില്ല. അതു വൈകിയാലും അതിനായി കാത്തിരിക്ക. അതു വരും നിശ്ചയം. താമസിക്കയുമില്ല. അവസാനം എന്റെ ജനം അഭിവൃദ്ധി പ്രാപിക്കയും അവര്‍ വിധിക്കപ്പെടുകയും ചെയ്യും. എന്നാല്‍ ഒരു രാത്രികൊണ്ടു നടക്കുന്ന കാര്യമല്ല ഇത്” (2:2,3).

കര്‍ത്താവ് ഹബക്കൂക്കിനോട് ക്ഷമയോടെ കാത്തിരിക്കുവാന്‍ ഉദ്‌ബോധിപ്പിക്കുന്നു. ദുഷ്ടതയെ വിധിക്കുവാന്‍ ദൈവം വ്യഗ്രതയുള്ളവനല്ല. ദൈവം നമുക്കായി പെട്ടെന്ന് പ്രവര്‍ത്തിക്കണം എന്ന് നാം താല്പര്യപ്പെടുന്നു. ‘ഇന്‍സ്റ്റന്റ് കാപ്പി’ പോലെ പ്രാര്‍ത്ഥന മുഖാന്തരം ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ പൊടുന്നനെ ഒരു അത്ഭുതം നടക്കണം എന്ന് നാം ആഗ്രഹിക്കുന്നു. പൊടുന്നനെ രക്ഷ, പൊടുന്നനെ പരിശുദ്ധാത്മ അഭിഷേകം, പൊടുന്നനെ അത്ഭുതം ഇവ നാം അന്വേഷിക്കുന്നു. എന്നാല്‍ നാം ക്ഷമയോടെ കാത്തിരിക്കണം എന്നു കര്‍ത്താവ് പറയുന്നു. സ്വഭാവ രൂപീകരണവും പൊടുന്നനെ ഉണ്ടാകുന്ന ഒന്നല്ല. കഷ്ടത, പരിശോധന എന്നിവയാല്‍ വളരെ സമയം കൊണ്ടാണ് സ്വഭാവ സവിശേഷതകള്‍ ഉണ്ടായി വരുന്നത്. ‘കഷ്ടത സഹിഷ്ണുതയെയും സഹിഷ്ണുത സിദ്ധതയെയും ഉളവാക്കുന്നു” (റോമ. 5:3,4).

ഒന്നാമതായി ദൈവം ഹബക്കൂക്കിനോട് ക്ഷമയുള്ളനാകുവാന്‍ പറയുന്നു.

വിശ്വാസത്താല്‍ ജീവിക്കുവാന്‍ ദൈവം അവനോട് രണ്ടാമതായി പറയുന്നു (2:4). വിശ്വാസവും ദീര്‍ഘക്ഷമയും ഒരുമിച്ചു പോകുന്നവയാണ് (എബ്രാ. 6:12,15). പരിശോധനാ സമയത്ത് ഈ രണ്ട് സ്വഭാവങ്ങളാണ് നമുക്ക് ആവശ്യം.

‘നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും’ എന്ന വാക്യം പുതിയനിയമത്തില്‍ മൂന്ന് സ്ഥലത്ത് ഉദ്ധരിക്കുന്നു. റോമര്‍ 1:17, ഗലാത്യര്‍ 3:11, എബ്രായര്‍ 10:38. ”വിശ്വാസ ത്താലുള്ള നീതീകരണം” എന്നത് നവീകരണ പ്രസ്ഥാനത്തിന്റെ കാവല്‍ വചനമായിരുന്നു. നവീകരണ വാദക്കാര്‍ ഈ വാക്യമാണ് ആ സമയത്ത് ഉദ്‌ഘോഷിച്ചത്.

എന്നാല്‍ ഈ പശ്ചാത്തലത്തില്‍ ബാബിലോണ്യര്‍ യെഹൂദയിലേക്കു വരുന്ന കാര്യമാണ് ഈ വാക്യം കാണിക്കുന്നത്. യെഹൂദന്മാര്‍ക്കു ഈ സമയത്തു വേണ്ടതു ദൈവത്തിലുള്ള വിശ്വാസമാണ്. ദൈവം പറയുന്നു: ”നിഗളികളായ ബാബിലോണ്യരെ നോക്കുക. അവര്‍ അവരില്‍ തന്നെ വിശ്വാസം അര്‍പ്പിക്കുന്നു. അവര്‍ വക്രതയുള്ള വരാണ്. എന്നാല്‍ നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും.”

ഇവിടെ എന്തു വിശ്വാസമാണ് നമുക്ക് ആവശ്യം? ദൈവം സകലത്തേയും ഭൂമിയിലുള്ള സകലരേയും നിയന്ത്രിക്കുന്നു എന്നും നമ്മെ ആത്യന്തികമായി സ്‌നേഹിക്കുന്നു എന്നും നമ്മുടെ ശത്രുക്കളോട് ശരിയായ സമയത്ത് ദൈവം ഇടപെട്ടുകൊള്ളുമെന്നും ഉള്ള അറിവാണ് നമുക്കാവശ്യം.

”അഹങ്കാരികളെ നോക്കുക! അവര്‍ അവരില്‍ തന്നെ ആശ്രയിക്കുന്നു. അവര്‍ നേരുള്ളവരല്ല. നീതിമാനോ വിശ്വാസത്താല്‍ ജീവിച്ചിരിക്കും” (2:4). ഈ വാക്യം അനുസരിച്ച് ലോകത്തില്‍ രണ്ടു വിഭാഗത്തില്‍ പെട്ട ആളുകളേ ഉള്ളൂ. വക്രതയുള്ള അഹങ്കാരികള്‍, വിശ്വാസത്താല്‍ ജീവിക്കുന്ന നീതിമാന്മാര്‍.

അതിനാല്‍ വിശ്വാസത്തിന്റെ എതിര്‍പദം അവിശ്വാസം മാത്രമല്ല. അഹങ്കാരവും അതിന്റെ എതിര്‍ പദമാണ്. വിശ്വാസമുള്ള വ്യക്തി എപ്പോഴും താഴ്മയുള്ളവനാണ്. യഥാര്‍ത്ഥ ബൈബിള്‍ വിശ്വാസവും യഥാര്‍ത്ഥ താഴ്മയും എല്ലായ്‌പ്പോഴും ഒരുമിച്ചു പോകുന്നവയാണ്. വിശ്വാസത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്ന ഇന്നത്തെ പ്രസംഗകരില്‍ യഥാര്‍ത്ഥ വിശ്വാസം ഉണ്ടോ എന്നറിയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അവര്‍ താഴ്മ ധരിച്ചിട്ടുണ്ടോ എന്നതു പരിശോധിക്കുന്നതിലൂടെ ആണ്. അതു ധരിച്ചിട്ടില്ലെങ്കില്‍ ആ വിശ്വാസം ബൈബിളില്‍ കാണുന്ന വിശ്വാസമല്ല എന്നു തീര്‍ച്ച ആണ്. ഈ വാക്യം കാണിക്കുന്ന മറ്റൊരു വസ്തുത അഹങ്കാരികള്‍ വക്രതയുള്ള വരാണെന്നുള്ളതാണ്. വളഞ്ഞ വഴികള്‍ എപ്പോഴും അഹങ്കാരത്തോടൊപ്പം പോകുന്നു. അഹങ്കാരിയായ ഒരു വ്യക്തിയെ കണ്ടുമുട്ടിയാല്‍ അയാളുടെ ജീവിതത്തില്‍ മറഞ്ഞിരിക്കുന്ന വക്രത കാണും എന്ന് ഉറപ്പാണ്. നേരുള്ള വ്യക്തി എപ്പോഴും താഴ്മയുള്ളവനാണ്. ”ദൈവം നിഗളികളോട് എതിര്‍ത്തു നില്‍ക്കയും താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുകയും ചെയ്യുന്നു” (യാക്കോബ് 4:6).

സമ്പത്തിന്റെ വഞ്ചനാത്മകമായ സ്വഭാവമാണ് നാം അടുത്തതായി കാണുന്നത് (2:5). ഏതു തരത്തിലുള്ള സമ്പത്തായാലും- പണത്തിലോ, ബുദ്ധിയിലോ ലോകത്തില്‍ ഏതിലെങ്കിലുമുള്ള സമ്പത്തായാലും- അത് അതിന്റെ ഉടമസ്ഥനെ അഹങ്കാരിയാക്കത്തക്കവണ്ണം വഞ്ചനാത്മകമാണ്. ഇത്തരം ആളുകളില്‍ കാണുന്ന മറ്റൊരു സ്വഭാവ പ്രത്യേകത ഇവര്‍ ഒന്നിലും തൃപ്തരല്ല എന്നതാണ്. ഒന്നും അവരെ തൃപ്തിപ്പെടുത്തുന്നില്ല. അവര്‍ അത്യാഗ്രഹികളാണ്. എപ്പോഴും അവര്‍ക്കു കൂടുതല്‍ കൂടുതല്‍ വേണം (2:5). എന്നാല്‍ ഒരിക്കല്‍ നീതി ഇവരെ പിടികൂടും എന്നത് ഉറപ്പാണ് (2:6).

സ്വയത്തില്‍ കേന്ദ്രീകരിക്കപ്പട്ട ജീവിതം ഒടുവില്‍ സ്വയം നശിപ്പിക്കും എന്നതിന്റെ ഒരു വിവരണമാണ് 2:6 മുതല്‍ 19 വരെയുള്ള ഭാഗത്തു കാണുന്നത്. ഒരു നിഗളി തന്നില്‍ത്തന്നെ കേന്ദ്രീകൃതനാണ്. അവന്‍ വിശ്വാസത്താല്‍ ജീവിക്കുന്നവനല്ല. തന്നില്‍തന്നെ അവന്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. ‘അനീതിയായ മാര്‍ഗ്ഗത്തില്‍ പണം സമ്പാദിച്ച് സമ്പന്നരാവുന്നവര്‍ക്ക് എത്ര കഷ്ടം! നിന്റെ സമ്പത്ത് നിനക്കു സുരക്ഷിതത്വം നല്കുമെന്നും നിന്റെ കുടുംബങ്ങളെ ആപത്തില്‍ നിന്നു കാത്തുകൊള്ളും എന്നും നീ വിശ്വസിച്ചിരിക്കുന്നു” എന്നു കര്‍ത്താവ് പറയുന്നു (2:9). ഏതൊരു വ്യക്തിയുടെ സുരക്ഷിതത്വം സമ്പത്തിലാണോ അത് അവസാനം അവനെ നശിപ്പിക്കും. ഇത്തരം അഹങ്കാരികളുടെ മധ്യേ വിശ്വാസത്തിന്റെ മനുഷ്യന്‍ വിശ്വസിക്കുന്നത് ”വെള്ളം സമുദ്രത്തില്‍ നിറഞ്ഞിരിക്കുന്നതു പോലെ ഭൂമി (ഒരുനാള്‍) യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താല്‍ നിറയും” എന്നാണ് (2:14). അവന്‍ ആ ദിവസത്തിനായി നോക്കിപ്പാര്‍ക്കുകയും ക്ഷമയോടെ കാത്തിരിക്കയും ചെയ്യുന്നു.

ഹബക്കൂക്ക് കര്‍ത്താവിനെ കണ്ടപ്പോള്‍ തന്റെ ഹൃദയം സ്തുതിയാല്‍ നിറഞ്ഞുകൊണ്ടു പറയുന്നത് ”എന്നാല്‍ യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ട്. സര്‍വഭൂമിയും അവന്റെ സന്നിധിയില്‍ മൗനമായിരിക്കട്ടെ” (2:20) എന്നാണ്. തന്റെ വിശ്വാസത്തിന്റെ സംഘട്ടനം വിശ്വാസത്തിന്റെ ജയോത്സവത്തില്‍ അവസാനിക്കുന്നു. ”കര്‍ത്താവേ, ഞാന്‍ നിന്റെ മഹത്വത്തിന്റെ മുമ്പില്‍ മൗനമായിരിക്കുന്നു. എനിക്ക് ഇനി ചോദ്യങ്ങള്‍ ഇല്ല” എന്ന് അവന്‍ പറയുന്നു. ഇയ്യോബ് ദൈവത്തിന്റെ മഹത്വം കണ്ടപ്പോള്‍ ”ഇപ്പോഴോ എന്റെ കണ്ണാല്‍ നിന്നെ കാണുന്നു. ഞാന്‍ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു” (ഇയ്യോബ് 42:5; 40:4) എന്നു പറയുന്നത് ശ്രദ്ധിക്കുക. കര്‍ത്താവിനെ കണ്ടതിനു ശേഷം ഇയ്യോബിന് ചോദ്യങ്ങള്‍ ഇല്ല. ദൈവം നിന്റെ പതിനായിരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുകയില്ല. അങ്ങനെ നല്‍കിയാല്‍ നിനക്കു വീണ്ടും പതിനായിരം ചോദ്യങ്ങള്‍ കാണും. എല്ലാ ചോദ്യത്തിനുമുള്ള ഉത്തരം (ഇയ്യോബിന്റെയും ഹബക്കൂക്കിന്റെയും കാര്യങ്ങളില്‍ കാണുന്നതുപോലെ) കര്‍ത്താവിനെ തന്നെ ദര്‍ശിക്കുക എന്നതാണ്. കര്‍ത്താവ് തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ട്. നിങ്ങള്‍ അവനെ കണ്ടിട്ടുണ്ടോ? അങ്ങനെയെങ്കില്‍ നിന്റെ ജഡം അവനു മുമ്പില്‍ മൗനമായിരിക്കും. പിന്നീട് ഒരു ചോദ്യവും ഉണ്ടായിരിക്കുകയില്ല.

ഹബക്കൂക്കിന്റെ സ്തുതി

ഹബക്കൂക്ക് ദൈവത്തെ കണ്ടപ്പോള്‍ ഒരു വിശ്വാസജീവിതത്തിന്റെ പ്രതിഫലം എന്താണെന്നു മനസ്സിലായി. ദൈവത്തില്‍ കേന്ദ്രീകരിച്ച ജീവിതം ജയോത്സവമായ ഒന്നാണ്. ദുഷ്ടന്മാരെ ശിക്ഷിക്കുവാന്‍ ദൈവം ഒന്നും തന്നെ ചെയ്യുന്നില്ല എന്നു ചിന്തിച്ച ഹബക്കൂക്ക് ഇപ്പോള്‍ ‘നിന്റെ ക്രോധത്തിന്റെ നടുവില്‍ കരുണ കാണിക്കണമേ’ എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു (3:2). തന്റെ മക്കളെ ദൈവം കൈവിട്ടു എന്നു ചിന്തിച്ച ഹബക്കൂക്ക് ഇപ്പോള്‍ സ്തുതിഗാനം പാടുന്നതു കാണാം: ”ദൈവമേ നീ ചെയ്ത കാര്യങ്ങളെ അത്ഭുതത്തോടെ ഞാന്‍ വീക്ഷിക്കുന്നു. ഞാന്‍ വിശുദ്ധനായ ദൈവത്തെ വീക്ഷിക്കുമ്പോള്‍ അവിടുത്തെ വലിയ മഹത്വം സ്വര്‍ഗ്ഗത്തെ നിറയ്ക്കുന്നു. ഭൂമി അവിടുത്തെ സ്തുതിയാല്‍ നിറഞ്ഞിരിക്കുന്നു. അവിടുന്ന് എത്ര അത്ഭുതവാന്‍! അവിടുത്തെ അമ്പരപ്പിക്കുന്ന ശക്തിയില്‍ അവിടുന്നു സന്തോഷിക്കുന്നു. അവിടു ത്തെ നോട്ടത്തില്‍ ജാതികള്‍ വിറയ്ക്കുന്നു. അവിടുത്തെ അഭിഷിക്ത ജനത്തെ രക്ഷിക്കുവാനും തിരഞ്ഞെടുക്കപ്പെട്ട ജനത്തെ വിടുവിക്കാനും ആയി അവിടുന്നു പുറപ്പെട്ടു വന്നിരിക്കുന്നു. അവിടുന്നു ദുഷ്ടന്റെ വീടിന്റെ തലയെ തകര്‍ത്തിരിക്കുന്നു” (3:2-13).

ഇപ്പോള്‍ ഹബക്കൂക്ക് ബാബിലോണ്യരെ കാണുന്നതിനു മുന്‍പ് ദൈവത്തെ കണ്ടിരിക്കുന്നു. ഹൃദയശുദ്ധി ഉള്ളവര്‍ ദൈവത്തെ എല്ലായിടത്തും എല്ലാ സമയത്തും കാണും (മത്തായി 5:8). ദുഷ്ട ബാബിലോണ്യര്‍ പുഷ്ടിപ്പെടുന്നതു മാത്രമാണ് ഹബക്കൂക്ക് ഇതുവരെ കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ദൈവത്തെ സകലത്തേയും നിയന്ത്രിക്കുന്നവനായി കാണുന്നു.

‘ദുഷ്ടന്റെ വീടിന്റെ തല’ എന്ന പ്രയോഗം സാത്താനെ കുറിക്കുന്നു. യേശു അവന്റെ തല ക്രൂശില്‍ തകര്‍ത്തു.

ദൈവത്തെ തന്റെ മഹത്വത്തിലും വിപുലതയിലും ഹബക്കൂക്ക് കണ്ടപ്പോള്‍ തന്റെ സകല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭ്യമായി. ദൈവത്തെ കണ്ടപ്പോള്‍ ഹബക്കൂക്ക് നടുങ്ങിക്കൊണ്ട് പറയുകയാണ്: ”ഞങ്ങളെ കീഴടക്കുന്നവര്‍ക്കു വരാന്‍ പോകുന്ന ദുരന്തദിവസം കാണുവാന്‍ ഞാന്‍ ക്ഷമയോടെ കാത്തിരിക്കുന്നു” (2:16). നിനക്കു സംശയങ്ങള്‍ വരുമ്പോള്‍ മനുഷ്യരോടല്ല ദൈവത്തോടു സംസാരിക്കുക. ഹബക്കൂക്കിനോടെന്നവണ്ണം നമ്മോടുള്ള ദൈവത്തിന്റെ അവസാന വാക്ക് ”കാത്തിരിക്കുക” എന്നതാണ്. ഹബക്കൂക്ക് കാത്തിരുന്ന് ദൈവത്തെ ശ്രവിച്ചപ്പോള്‍ അവന്റെ ആവലാതി ഒരു ഗാനമായി രൂപപ്പെട്ടു. ഇതു നമ്മുടെ കാര്യത്തിലും സത്യമാണ്. ‘കാത്തിരിക്കുക’ എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള പ്രയത്‌നം.

മുഴുവന്‍ പഴയ നിയമത്തിലും ഏറ്റവും മനോഹരമായ വിശ്വാസത്തിന്റെ ഗാനമാണ് ഹബക്കൂക്കിന്റെ അത്ഭുതകരമായ തുടര്‍ന്നുള്ള ഗാനം. ഒരു പുതിയ നിയമ വിശുദ്ധനെ പോലെ അവന്‍ പാടുകയാണ്: ”അത്തിവൃക്ഷം തളിര്‍ക്കയില്ല. മുന്തിരി വള്ളിയില്‍ അനുഭവം ഉണ്ടാകുകയില്ല. ഒലിവു മരത്തിന്റെ പ്രയത്‌നം നിഷ്ഫലമായി പോകും. നിലങ്ങള്‍ ആഹാരം വിളയിക്കയില്ല. ആട്ടിന്‍കൂട്ടം തൊഴുത്തില്‍ നിന്നു നശിച്ചു പോകും. ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും. എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും” (3:17,18).

ഇയ്യോബിനെപ്പോലെ തന്റെ വ്യാപാരം തകര്‍ന്നടിഞ്ഞു. തന്റെ സര്‍വ്വസ്വവും നഷ്ടപ്പെട്ടു. എന്നാല്‍ അവന്‍ വീണ്ടും സന്തോഷിക്കുന്നു. കാരണം അവന്റെ സന്തോഷം കര്‍ത്താവിലാണ്. ലോകത്തുള്ള എന്തെങ്കിലും കാര്യങ്ങളില്‍ അല്ല. ചുറ്റുമുള്ള സകലവും പരാജയപ്പെട്ടാലും നമ്മുടെ രക്ഷയുടെ ദൈവത്തില്‍ നമ്മള്‍ വീണ്ടും ആനന്ദിക്കും.

അകമേ നടക്കുന്ന വിശ്വാസ ജയഘോഷത്തിന്റെ പ്രതിഫലനമാണ് സ്തുതിഗാനം. ”അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു. അവനു സ്തുതി പാടുകയും ചെയ്തു” (സങ്കീ. 106:12).

”യഹോവയായ കര്‍ത്താവു എന്റെ ബലം ആകുന്നു. അവന്‍ എന്റെ കാല്‍ പേടമാന്‍ കാല്‍പോലെ ആക്കുന്നു. ഉന്നതികളിന്മേല്‍ എന്നെ നടക്കുമാറാക്കുന്നു” (3:19). ഈ പ്രവാചകന് ആരംഭത്തില്‍ ധാരാളം സംശയങ്ങളും ഭയങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ‘സംശയത്തിന്റെ സകല മലകള്‍ക്കും മീതെ കൂടെ ഒരു മാന്‍ പര്‍വ്വതങ്ങളില്‍ എത്ര കാലുറപ്പോടെ കിഴക്കാംതൂക്കായ പാറകളില്‍ പതറാതെ നടക്കുന്നോ അതുപോലെ കര്‍ത്താവ് എന്നെ സുരക്ഷിതമായി നയിക്കും’ എന്ന് അവന്‍ ഉറപ്പോടെ പറയുകയാണ്.

ഹബക്കൂക്ക് ഹൃദയഹാരിയായ ഒരു കുറിപ്പ് അവസാനം കൊടുക്കുന്നു (”സംഗീത പ്രമാണിക്ക്: ഈ പ്രാര്‍ത്ഥന തന്ത്രിനാദത്തോടെ പാടേണ്ടതാണ്”- 3:19) . അവന്‍ പറയുന്നത് സകലവും നഷ്ടപ്പെട്ടെങ്കിലും ഈ പാട്ട് വിലാപഗാനമായി പാടുവാന്‍ പാടില്ല! ഇതു സന്തോഷഗാനമായി ആലപിക്കുക. പല സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ ഇതു പാടുക!

പൂര്‍ണ്ണ ഹൃദയത്തോടെ നാം കര്‍ത്താവിനെ സ്തുതിക്കുവാന്‍ പഠിക്കണം. അനാകര്‍ഷകമായി വിരസമായി ഒരിക്കലും പാട്ടുകള്‍ പാടരുത്. ലോകത്തില്‍ എന്തു സംഭവിച്ചാലും കര്‍ത്താവ് സിംഹാസനത്തില്‍ ഇരിക്കുന്നു. യേശു എപ്പോഴും ജയാളിയാണ്. അതിനാല്‍ ദൈവം നമുക്കു തന്ന ശബ്ദത്താലും സംഗീത ഉപകരണങ്ങളാലും ദൈവത്തെ സ്തുതിച്ച് അവിടുത്തെ നാമത്തെ മഹത്വപ്പെടുത്താം. ആമേന്‍.