വിവേചനവും ശിക്ഷണവും – WFTW 13 സെപ്റ്റംബർ 2020

സാക് പുന്നന്‍

വിവേചനം:

നാം അന്ത്യകാലത്തോട് അടുക്കുന്തോറും, സഭയിൽ പരിശുദ്ധാത്മാവിൻ്റെ പ്രവർത്തനം അധികമധികം നടക്കും. അതേ സമയം തന്നെ, ലോകത്തിൽ വഞ്ചിക്കുന്ന ആത്മാക്കളും അധികമധികം പ്രവർത്തിക്കും. അതുകൊണ്ട് നാം വഞ്ചിക്കപ്പെടുന്നതിൽ നിന്ന് ഒഴിവാകണമെങ്കിൽ, നാം താഴെ പറയുന്ന കാര്യങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്.

1.വൈകാരിക വ്യാജാനുകരണങ്ങൾ
2. തീവ്രവാദം
3. പരീശത്വം
4. അന്ധാരാധനാ മനോഭാവം.

ആത്മാവു പ്രവർത്തിക്കുന്നിടത്താണ് എപ്പോഴും ശത്രുവും പ്രവർത്തിക്കുന്നത്. അതുകൊണ്ട് നിങ്ങൾ കാണുന്നതും കേൾക്കുന്നതുമായ എല്ലാ കാര്യങ്ങളും അപ്പാടെ വിഴുങ്ങരുത്. വിവേചിക്കുന്നവരായിരിക്കുക. ആത്മാവിൻ്റെ വ്യാപാരത്തിനൊപ്പം ശബ്ദവും വികാരവും ഉണ്ടാകാം- ഇത് അവരുടെ ആന്തരിക വിലക്കിൽ നിന്നും മാനുഷ ഭയത്തിൽ നിന്നും സ്വതന്ത്രരാകാൻ അവരെ സഹായിക്കുന്നു. നാം നമ്മുടെ വികാരങ്ങളെ വില കുറച്ചു കാണുന്നില്ല, കാരണം അവ ദൈവത്താൽ നമ്മുടെ വ്യക്തിത്വത്തിനു നൽകപ്പെട്ട ഭാഗമാണ്. എന്നാൽ അതേസമയം തന്നെ നാം അവയെ അമിതമായി വിലമതിക്കുകയും അരുത്, കാരണം ദൈവം കാണുന്നത് ഹൃദയത്തെയാണ് വികാരങ്ങളെയല്ല. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ ശബ്ദം ഉയർത്തുന്നതു നല്ലതാണ്, കാരണം അതു നിങ്ങൾക്കു ചുറ്റുമുള്ള മറ്റുള്ളവരെ കുറിച്ചുള്ള ബോധം കുറയ്ക്കുവാൻ സഹായിക്കും. അത് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ നിങ്ങളുടെ കണ്ണുകൾ അടയ്ക്കുന്നതു പോലെ മാത്രമാണ്, അതുമൂലം നിങ്ങൾക്കു കുറച്ചു കൂടി നന്നായി ഏകാഗ്രമാകാൻ കഴിയും, നിങ്ങൾക്കു ചുറ്റും നിൽക്കുന്നവരാൽ നിങ്ങളുടെ ശ്രദ്ധ വ്യതിചലിക്കപ്പെടാതെ. അത്തരം പ്രവൃത്തികൾ നിങ്ങളുടെ പ്രാർത്ഥനയെ കൂടുതൽ ആത്മീയമാക്കി തീർക്കുകയില്ല. എന്നാൽ അതു നിങ്ങളുടെ ചുറ്റുപാടുകളിൽ നിന്നു സ്വതന്ത്രനാകാൻ നിങ്ങളെ സഹായിക്കും. പരിശുദ്ധാത്മാവിൻ്റെ ശക്തി വെളിപ്പെടുത്തപ്പെടുന്നത് ഒച്ച വെയ്ക്കുന്നതിലൂടെയല്ല, എന്നാൽ ഒരു വിശുദ്ധ ജീവിതത്തിലൂടെയും, സഭയിലെ ശക്തമായ ഒരു ശുശ്രൂഷയിലൂടെയും, നിങ്ങളുടെ ജോലി സ്ഥലങ്ങളിൽ കർത്താവിൻ്റെ ലജ്ജിക്കപ്പെടാത്ത ഒരു സാക്ഷിയാകുന്നതിലൂടെയുമാണ്.

മാനുഷ ദേഹിയിൽ ബൃഹത്തായ ഒരു ശക്തിയുണ്ട് (ബൗദ്ധികശക്തി, വൈകാരിക ശക്തി, കൂടാതെ ഇച്ഛാശക്തി). അനേകർ ഇതിനെ ചൂഷണം ചെയ്തിട്ട് (യോഗയിൽ ചെയ്യുന്നതു പോലെ) അത് ആത്മാവിൻ്റെ ശക്തിയാണെന്നു ചിന്തിക്കുന്നു. അത്തരം ശക്തിയാൽ നിങ്ങൾ വഞ്ചിക്കപ്പെടരുത്. പരിശുദ്ധാത്മാവ് എപ്പോഴും ക്രിസ്തുവിനെ മഹത്വീകരിക്കും- മനുഷ്യനെയോ അല്ലെങ്കിൽ അനുഭവങ്ങളെയോ അല്ല. അതുകൊണ്ട് വ്യാജാനുകരണങ്ങളെ കണ്ടു പിടിക്കുവാൻ സുനിശ്ചിതമായ ഒരു മാർഗ്ഗമാണത്.

ശിക്ഷണം:

“ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല, ശക്തിയുടെയും, സ്നേഹത്തിൻ്റെയും, ശിക്ഷണത്തിൻ്റെയും (സുബോധത്തിൻ്റെയും) ആത്മാവിനെയത്രെ ദൈവം നമുക്കു തന്നത്” (2തിമൊ.1:7) പരിശുദ്ധാത്മാവ് നിങ്ങളുടെ ജീവിതത്തിൽ നിന്ന് സകല ഭയത്തെയും ഭീരുത്വത്തെയും ദൂരീകരിച്ചിട്ട് അതിൻ്റെ സ്ഥാനത്ത് ശക്തിയും സ്നേഹവും ശിക്ഷണവും (സുബോധവും) വയ്ക്കും. ശിക്ഷണം കൂടാതെ ആർക്കും യഥാർത്ഥ ആത്മീയനായി തീരാൻ കഴിയുകയില്ല. ആത്മാവിൻ്റെ ഫലം ആത്മനിയന്ത്രണമാണ് (ഗലാ. 5:23). ശിക്ഷണമില്ലാത്ത ജീവിതം ചോർച്ചയുള്ള ഒരു പാത്രം പോലെയാണ്. അത് എത്ര പ്രാവശ്യം നിറച്ചാലും ആവർത്തിച്ചാവർത്തിച്ച് നിറയ്ക്കേണ്ടി വരുന്നു. അധികമധികം ശിക്ഷണം ലഭിച്ചവരായിരിക്കുവാൻ നിങ്ങൾ ആഗ്രഹിക്കേണ്ട മൂന്നു മേഖലകളാണ് താഴെ പറയുന്നത് :

1. നിങ്ങളുടെ ശരീരം ഉപയോഗിക്കുന്നതിൽ
2. നിങ്ങളുടെ സമയം ഉപയോഗിക്കുന്നതിൽ
3. നിങ്ങളുടെ പണം ഉപയോഗിക്കുന്നതിൽ

റോമ.8:13 പറയുന്നത് നാം ആത്മാവിനാൽ ജഡത്തിൻ്റെ പ്രവൃത്തികളെ മരിപ്പിക്കണമെന്നാണ്. ഇവ ഹൃദയത്തിൽ നിന്നു ചെയ്യപ്പെടുന്ന പ്രവൃത്തികൾ അല്ല- കാരണം അത്തരം പ്രവൃത്തികൾ മനഃപൂർവമായ പാപങ്ങൾ ആയിരിക്കും. നമ്മുടെ ശരീരത്തെ ശിക്ഷണം കൂടാതെ തുടരുവാൻ നാം അനുവദിക്കുന്നതു കൊണ്ട്, ശരീരത്തിൽ നിന്ന് ഉണ്ടായി വരുന്ന പ്രവൃത്തികളാണിവ – ഉദാഹരണത്തിന്, അമിത ഭക്ഷണം, അമിത ഉറക്കം, മടി, അല്ലെങ്കിൽ അമിത സംസാരം തുടങ്ങിയവ പോലുള്ള മേഖലകളിൽ. പരിശുദ്ധാത്മാവ് വിശേഷാൽ നമ്മുടെ നാവിനെ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നു.

എഫെ.5:16 നമ്മോടു പറയുന്നത് സമയം തക്കത്തിൽ ഉപയോഗിക്കണമെന്നാണ്. അതുകൊണ്ട് പാഴാക്കി കളയുന്ന സമയത്തിൻ്റെ അധികഭാഗവും വീണ്ടെടുത്ത് തിരുവചനം പഠിക്കുന്നതിനായി ഉപയോഗപ്പെടുത്താൻ കഴിയും, നിങ്ങൾ ശിക്ഷണം ലഭിച്ചവരാണെങ്കിൽ. നിങ്ങൾ വിശ്രമിക്കരുതെന്നോ അല്ലെങ്കിൽ കളികളിൽ പങ്കെടുക്കരുതെന്നോ ഒന്നുമല്ല ഞാൻ അർത്ഥമാക്കുന്നത്. നിങ്ങൾ ഒരു സന്യാസി ആയി തീരരുത്, കാരണം സന്യാസം നിങ്ങളെ ബന്ധനത്തിലേക്കു കൊണ്ടുവരും. എന്നാൽ, ശിഷ്യന്മാർ “ഒന്നും നഷ്ടമാക്കാതെ” അപ്പ നുറുക്കുകൾ ശേഖരിച്ചതു പോലെ (യോഹ. 6:12) നിങ്ങൾക്കും എവിടെയൊക്കെ “സമയത്തിൻ്റെ തുണ്ടുകൾ ശേഖരിക്കാൻ” കഴിയും എന്ന കാര്യം പരിഗണിക്കുക. നിങ്ങളുടെ സമയത്തിൻ്റെ അധിക ഭാഗവും തക്കത്തിൽ ഉപയോഗിക്കത്തക്കവിധം ശിക്ഷണം ചെയ്യപ്പെട്ടവരായിരിക്കുക. എന്നാൽ ആ കാര്യത്തിൽ ഒരു കടുംപിടുത്തക്കാരൻ ആകാതിരിക്കുക ! അയവുള്ളവനായിരിക്കുക.

ലൂക്കോ. 16:11 ൽ, യേശു പറഞ്ഞത്, പണത്തോട് അവിശ്വസ്തരായവർക്ക് യഥാർത്ഥ സമ്പത്ത് നൽകുകയില്ലെന്നാണ്. സാമ്പത്തിക കാര്യങ്ങളിൽ നീതിയുള്ളവനാകുക എന്നതാണ് ആദ്യത്തെ പടി- ചതിക്കാതിരിക്കുക, കടങ്ങളെല്ലാം വീട്ടുക മുതലായവ. വിശ്വസ്തനായിരിക്കുക എന്നതാണ് അടുത്ത പടി- പാഴാക്കൽ, അമിതവ്യയപരമായ ജീവിതം, പ്രയോജനമില്ലാത്ത ആഡംബരം, മറ്റ് അനാവശ്യ ചെലവുകളെല്ലാം തുടങ്ങിയവ ഒഴിവാക്കുക. തങ്ങളുടെ ജീവിതങ്ങളെ ശിക്ഷണത്തിലൂടെ നടത്തുവാൻ പരിശുദ്ധാത്മാവിനെ അനുവദിക്കുന്നവർക്കാണ് തങ്ങളുടെ ക്രിസ്തീയ ജീവിതത്തിൽ ദൈവത്തിൻ്റെ ഏറ്റവും നല്ലത് ലഭിക്കുന്നതെന്ന് ഓർക്കുക.