ദിവ്യമായ കൈമാറ്റം – WFTW 20 സെപ്റ്റംബർ 2020

സാക് പുന്നന്‍

കാൽവറി ക്രൂശിൽ നടന്ന മൂന്നു മേഖലകളിലുള്ള ദിവ്യമായ കൈമാറ്റത്തെ സംബന്ധിച്ച് ഞാൻ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ – യേശു നമുക്കു വേണ്ടി എന്തായി തീർന്നുവെന്നും അതിൻ്റെ ഫലമായി ഇപ്പോൾ നമുക്ക് യേശുവിൽ എന്തായി തീരാൻ കഴിയും എന്നതും.

1. നാം ക്രിസ്തുവിൽ ദൈവത്തിൻ്റെ നീതി ആകേണ്ടതിന് അവിടുന്ന് നമുക്കുവേണ്ടി പാപം ആയിത്തീർന്നു (2 കൊരി. 5:21).

വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ചുള്ള മഹത്വകരമായ സത്യം ഇതാണ്: ദൈവത്തിൻ്റെ നിലവാരത്തിലെത്തിച്ചേരാൻ വേണ്ടത്ര നീതിമാൻ ആകുവാൻ തങ്ങൾക്ക് ഒരിക്കലും കഴിയുകയില്ല എന്നു മനസ്സിലാക്കുവാൻ മതിയായ താഴ്മയുള്ളവർക്ക് ദൈവത്തിൽ നിന്നു ലഭിക്കുന്ന സൗജന്യമായ ദാനമാണത്. യേശു നമ്മുടെ പാപങ്ങൾക്കുള്ള ശിക്ഷ വഹിക്കുക മാത്രമല്ല ചെയ്തത്. അവിടുന്ന് വാസ്തവത്തിൽ പാപമായി തീരുക കൂടി ചെയ്തു. യേശുവിന് അതെത്ര ഘോരമായ ഒരു അനുഭവമായിരുന്നു എന്നത് പൂർണ്ണമായി മനസ്സിലാക്കാൻ നമുക്ക് കഴിയുകയില്ല, കാരണം നിർഭാഗ്യവശാൽ ഒരു പന്നി അഴുക്കുമായി സുപരിചിതമായിരിക്കുന്നതുപോലെ നാം പാപവുമായി സുപരിചിതരാണ്. യേശുവിന് പാപത്തോടുണ്ടായിരുന്ന വെറുപ്പ് നേരിയ തോതിലെങ്കിലും മനസ്സിലാക്കുന്നതിന്, നിറഞ്ഞു കിടക്കുന്ന ഒരു സെപ്റ്റിക് ടാങ്കിലേക്ക് എടുത്തു ചാടിയിട്ട് അതിലുള്ള മാലിന്യത്തോടും മലത്തോടും സ്ഥിരമായി സ്വാംശീകരിക്കപ്പെടുന്നതിനെക്കുറിച്ചു ചിന്തിക്കുക. അത് അവിടുത്തേക്കു നമ്മോടുള്ള സ്നേഹത്തിൻ്റെ ആഴത്തെ കാണിക്കുന്ന ഒരു മങ്ങിയ ചിത്രം നമുക്കു തരുന്നു. അത് നാം ക്രിസ്തുവിൽ ദൈവത്തിൻ്റെ നീതി ആയിരിത്തീരേണ്ടതിന്, അവിടുന്ന് എന്തിനെയാണോ വെറുത്തത് അതാക്കി തീർത്തു എന്നതാണ്. സ്വർഗ്ഗം ഭൂമിക്കു മീതെ എത്രയും ഉയർന്നതാണോ അത്രയും ഉയർന്നതാണ് ഭൂമിയിലെ ഏറ്റവും വിശുദ്ധനായ ഒരു മനുഷ്യൻ്റെ നീതിക്കു മീതേ ദൈവത്തിൻ്റെ നീതി. പാപമില്ലാത്ത ദൂതന്മാർക്ക് ദൈവത്തിൻ്റെ മുഖത്തേക്കു നോക്കാൻ കഴിയുകയില്ല ( യെശ.6:2,3). എന്നാൽ നാം ക്രിസ്തുവിൽ ആയതു കൊണ്ട് നമുക്കു കഴിയും. നാം പാപത്തിൻ്റെ ഭയങ്കരത്വം കാണുമ്പോൾ, യേശുവിനെ ക്രൂശിച്ച പാപത്തെ നാം വെറുക്കാൻ തുടങ്ങും. നാം ക്രിസ്തുവിൽ എന്തായി തീർന്നിരിക്കുന്നു എന്നു നോക്കുമ്പോൾ ദൈവത്തിൻ്റെ മുമ്പാകെയുള്ള നമ്മുടെ പരിപൂർണ്ണമായ സ്വീകാര്യതയിൽ നാം സന്തോഷിക്കും.

2. നാം സമ്പന്നരായി തീരേണ്ടതിന്, ക്രിസ്തു നമുക്കു വേണ്ടി ദരിദ്രനായി തീർന്നു (2 കൊരി. 8:9)

ഈ വാക്യത്തിൻ്റെ സന്ദർഭം കാണിക്കുന്നത് അത് ഭൗതിക ദാരിദ്ര്യത്തെയും ഭൗതിക സമ്പത്തിനെയും കുറിച്ചാണ് പറയുന്നത് എന്നാണ്. ക്രിസ്തു ഒരിക്കൽ സമ്പന്നനായിരുന്നു എന്നാണ് ഈ വാക്യം നമ്മോടു പറയുന്നത്. “സമ്പന്നനാകുക” എന്നതിൻ്റെ അർത്ഥം എന്താണ്? സമ്പന്നനാകുക എന്നാൽ ധാരാളം പണവും വസ്തുവകകളും ഉണ്ടാകുക എന്നല്ല, എന്നാൽ അതിലുപരി നമ്മുടെ ആവശ്യങ്ങൾക്കും മറ്റുള്ളവരെ സഹായിക്കുവാനും മറ്റുള്ളവരെ അനുഗ്രഹിക്കുവാനും വേണ്ടത് ഉണ്ടായിരിക്കുക എന്നാണ്. ഇതാണ് നമുക്കെല്ലാവർക്കും ഉണ്ടായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നത്. സമ്പന്നൻ ആയിരിക്കുക എന്നത് വെളി. 3:17ൽ വിവരിക്കപ്പെട്ടിരിക്കുന്നത് “ഒന്നിനും മുട്ടില്ലാതിരിക്കുക” എന്നാണ്. ദൈവം സമ്പന്നനായിരിക്കുന്നത് അപ്രകാരമാണ്. ദൈവത്തിന് വെള്ളിയോ, പൊന്നോ, ഒരു ബാങ്ക് അക്കൗണ്ടോ, അല്ലെങ്കിൽ ഒരു മടിശീല പോലുമോ ഇല്ല. എന്നാൽ അവിടുത്തേക്ക് ഒന്നിനും മുട്ടില്ലായിരുന്നു. യേശു ഭൂമിയിലായിരുന്നപ്പോഴും അവിടുന്ന് ഈ വിധത്തിൽ സമ്പന്നനായിരുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൂടാതെ 5000 പുരുഷന്മാർക്കു ഭക്ഷണം കൊടുക്കുവാൻ അവിടുത്തേക്കു കഴിഞ്ഞു. ഇന്ന് സമ്പന്നനായ ഒരുവനു മാത്രമേ അത്തരം ഒരു കാര്യം ചെയ്യാൻ കഴിയൂ. തൻ്റെ നികുതി കൊടുക്കാനുള്ള പണം അവിടുത്തേക്ക് ഉണ്ടായിരുന്നു. ഒരു വ്യത്യാസം മാത്രം, മനുഷ്യർ നികുതി കൊടുക്കാൻ തങ്ങളുടെ ബാങ്കിൽ നിന്ന് പണം എടുക്കുന്ന സ്ഥാനത്ത്, അവിടുന്ന് അത് ഒരു മത്സ്യത്തിൻ്റെ വായിൽ നിന്ന് എടുത്തു. ദരിദ്രർക്കു കൊടുക്കാൻ വേണ്ടത്ര പണം അവിടുത്തേക്കുണ്ടായിരുന്നു (യോഹ.13:29). ഭൂമിയിൽ അവിടുന്നു ദരിദ്രനായിരുന്നില്ല. കാരണം അവിടുത്തേക്ക് “ഒന്നിനും മുട്ടില്ലായിരുന്നു”. എന്നാൽ ക്രൂശിന്മേൽ അവിടുന്ന് ദരിദ്രനായി തീർന്നു. നാം കണ്ടിരിക്കുന്ന ഏറ്റവും ദരിദ്രനായ യാചകനു പോലും കുറഞ്ഞ പക്ഷം അവൻ്റെ ശരീരത്തിൽ ഒരു പഴന്തുണിയെങ്കിലും കാണും. യേശു ക്രൂശിക്കപ്പെട്ടപ്പോൾ അവിടുത്തേക്ക് അതു പോലും ഇല്ലായിരുന്നു. അവിടുന്നു മരിച്ചപ്പോൾ താൻ യഥാർത്ഥമായി ദരിദ്രനായിരുന്നു. എന്തുകൊണ്ടാണ് അവിടുന്നു ക്രൂശിന്മേൽ ദരിദ്രനായി തീർന്നത്? അതു നാം സമ്പന്നരായി തീരേണ്ടതിനാണ്- അതായത് നമ്മുടെ ജീവിതങ്ങളിൽ ഏതു സമയത്തും നമുക്ക് “ഒന്നിനും മുട്ടില്ലാത്ത” അവസ്ഥ ഉണ്ടാകേണ്ടതിനാണ്. നാം ആഗ്രഹിക്കുന്നതെല്ലാം നമുക്കു തരാമെന്നു ദൈവം വാഗ്ദത്തം ചെയ്തിട്ടില്ല. ബുദ്ധിയുള്ള മാതാപിതാക്കൾ പോലും അവരുടെ മക്കൾക്ക് അവർ ആഗ്രഹിക്കുന്നതെല്ലാം നൽകാറില്ല. എന്നാൽ നമ്മുടെ ആവശ്യങ്ങളെല്ലാം നിറവേറ്റിത്തരും എന്ന് അവിടുന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട് (ഫിലി.4:19). നാം മുന്നമെ ദൈവത്തിൻ്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുമെങ്കിൽ, ഈ ഭൂമിയിലെ ജീവിതത്തിന് ആവശ്യമുള്ളതെല്ലാം എപ്പോഴും നമുക്കുണ്ടായിരിക്കും (2 പത്രൊ.1:4).

3. അബ്രാഹാമിൻ്റെ അനുഗ്രഹം നാം പ്രാപിക്കേണ്ടതിന് ക്രിസ്തു നമുക്കു വേണ്ടി ഒരു ശാപമായി തീർന്നു (പരിശുദ്ധാത്മാവെന്ന വാഗ്ദത്തം) ( ഗലാ .3:13, 14 ).

ന്യായപ്രമാണം പാലിക്കാതിരിക്കുന്നതിനുള്ള ശാപത്തെ കുറിച്ച് ആവർ.28:15-68 വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്നു- കുഴച്ചിൽ, മാറാരോഗങ്ങൾ, ബാധകൾ, നിരന്തരമായ പരാജയങ്ങൾ, അന്ധത, ഭ്രാന്ത്, മറ്റുള്ളവരാൽ ചൂഷണം ചെയ്യപ്പെടൽ, മക്കൾ ശത്രുവിൻ്റെ (സാത്താൻ്റെ) കയ്യിൽപ്പെട്ട് നഷ്ടപ്പെടുന്നത്, കൊടും ദാരിദ്ര്യം മുതലായവ. ഇവയൊന്നും നമുക്കുള്ളതല്ല, കാരണം യേശു നമുക്കു വേണ്ടി ശാപമായി തീർന്നു. എന്നു വരികിലും, നമുക്ക് അതിനു പകരമായി വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നത് ന്യായ പ്രമാണത്തിൻ്റെ അനുഗ്രഹങ്ങൾ അല്ല (ആവർ.28: 1:14 വരെയുള്ള വാക്യങ്ങളിൽ വിശദീകരിച്ചിട്ടുളളവ), ധാരാളം പണവും, വളരെയധികം മക്കളും, എന്നാൽ അതിനേക്കാൾ അബ്രാഹാമിൻ്റെ അനുഗ്രഹങ്ങളാണ് (ഉൽപത്തി 12:2,3ൽ വിവരിച്ചിട്ടുള്ളത്), അടിസ്ഥാനപരമായി: കർത്താവു നമ്മെ അനുഗ്രഹിക്കുകയും നമ്മുടെ അടുത്തു വരുന്ന ഏവർക്കും നമ്മെ ഒരു അനുഗ്രഹമാക്കി തീർക്കുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിനാൽ നിറയപ്പെടുന്നതിലൂടെ നമുക്കു വരുന്ന അനുഗ്രഹമാണിത്- നമ്മുടെ ഉള്ളിൽ നിന്ന് പൊങ്ങി വന്ന് നമ്മെ അനുഗ്രഹിക്കുന്ന ജീവജലത്തിൻ്റെ ഒരു കിണർ (നീരുറവ) (യോഹ. 4: 14), കൂടാതെ നമ്മിലൂടെ ഒഴുകി മറ്റുള്ളവരെ അനുഗ്രഹിക്കുന്ന ജീവജല നദികൾ (യോഹ. 7:37-39). ഏറ്റവും ഹീന പാപിയോടു പോലുമുള്ള കർത്താവിൻ്റെ വാഗ്ദത്തം ആണ് “കഴിഞ്ഞ നാളുകളിൽ അവൻ ഒരു ശാപമായിരുന്നതു പോലെ വരുന്ന നാളുകളിൽ അവന് ഒരനുഗ്രഹമായിരിക്കാൻ കഴിയും” എന്നത് (സെഖ. 8:13ൽ ഉള്ള ഈ അതിശയകരമായ വാഗ്ദത്തം മനഃ പാഠമാക്കുക).

നിങ്ങൾ പാർക്കുന്നിടത്തെല്ലാം നിങ്ങൾ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നിങ്ങളെ ഒരനുഗ്രഹമാക്കി തീർക്കുക എന്നതാണ് ദൈവത്തിൻ്റെ ഹിതം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നു വരികിലും, ഇതു സംഭവിക്കേണ്ടതിന് നിങ്ങൾ ദൈവത്തെ വിശ്വസിക്കണം. ശാപത്തിൻ്റെ ഒരംശത്തിനു പോലും നിങ്ങളെ തൊടുവാൻ കഴിയുകയില്ല എന്നു നിങ്ങൾ വിശ്വസിക്കുക. സാത്താൻ ക്രൂശിൽ തോൽപ്പിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് അവന് നിങ്ങളുടെ ജീവിതത്തിൻ്റെ ഒരു ഭാഗത്തിന്മേലും ഒരവകാശവുമില്ല. നിങ്ങളുടെ വായ് കൊണ്ട് ഈ സത്യങ്ങൾ ഏറ്റുപറഞ്ഞ് നിങ്ങളുടെ എല്ലാ നാളുകളിലും ഒരു ജയാളി ആയിരിക്കുക. ദൈവത്തിൻ്റെ ഓരോ അനുഗ്രഹവും നമ്മുടേതായി തീരുന്നത് നാം വാസ്തവമായി അതു വിശ്വസിക്കുകയും വിശ്വാസത്താൽ അത് അവകാശമാക്കുകയും ചെയ്യുന്നതിലൂടെ മാത്രമാണ്. ദൈവവചനം സത്യമാണ് എന്നതും നാം നമ്മുടെ വായ് കൊണ്ട് ഏറ്റു പറയണം. മനുഷ്യൻ വിശ്വസിക്കുന്നത് അവൻ്റെ ഹൃദയം കൊണ്ടാണ്. എന്നാൽ രക്ഷയ്ക്കും വിടുതലിനും ആയി നാം അതു നമ്മുടെ വായ് കൊണ്ട് ഏറ്റുപറയുന്നു (റോമ. 10:10 ). ആ മാർഗ്ഗത്തിലൂടെ (“നമ്മുടെ സാക്ഷ്യ വചനത്താൽ”) നമുക്കെതിരായുള്ള സാത്താൻ്റെ കുറ്റം ചുമത്തലുകളെ നാം ജയിക്കുന്നു ( വെളി. 12:11).