താഴ്‌വരകളുടെ സംഗീതം- 1 : കൂരിരുള്‍ താഴ്‌വര

ജോജി ടി സാമുവൽ

ലോകം മുഴുവന്‍ ഒരു മഹാമാരിയെക്കുറിച്ചുള്ള ആശങ്കകളില്‍ പെട്ടു നില്‍ക്കുമ്പോള്‍ ക്രിസ്തീയഗോളത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന സങ്കീര്‍ത്തനങ്ങളില്‍ ഒന്ന് ഇരുപത്തിമൂന്നാം സങ്കീര്‍ത്തനമാണെന്നു തോന്നുന്നു. ദാവീദിൻ്റെ ഈ സങ്കീര്‍ത്തനത്തില്‍ മൊത്തം 6 വാക്യങ്ങളാണുള്ളത്. അതില്‍ ആദ്യത്തെ മൂന്നു വാക്യങ്ങള്‍ കഴിയുമ്പോള്‍ ഇതാ ഒരു കൂരിരുള്‍ താഴ്‌വരയെക്കുറിച്ചു പറയുന്നു – ‘കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരനര്‍ഥവും ഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ'( വാക്യം 4).

ഇവിടെ ദാവീദ് തൻ്റെ ജീവിതത്തിൻ്റെ പശ്ചാത്തലത്തില്‍ നിന്നാണ് എഴുതുന്നത്. ദാവീദിനെക്കുറിച്ചു നമുക്കറിയാം തൻ്റെ ജ്യേഷ്ഠന്മാരൊക്കെ യിസ്രയേല്‍ പട്ടാളത്തില്‍ ഭേദപ്പെട്ടനിലയില്‍ ജോലികളിലായിരിക്കുമ്പോള്‍ അപ്പൻ്റെ കുറച്ചാടുകളെ മേയിച്ചു നടന്ന ബാല്യവും കൗമാരവുമായിരുന്നു ദാവീദിൻ്റെത് (1ശമുവേല്‍ 17.13-15,28). ആ ആടുജീവിതത്തില്‍ താന്‍ അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളൊക്കെ ചേര്‍ത്താണ് ഈ 23-ാം സങ്കീര്‍ത്തനം ദാവീദു രചിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇതിന് അനുഭവത്തിൻ്റെ പശ്ചാത്തലവും യാഥാര്‍ഥ്യങ്ങളുടെ ചൂടും ചൂരുമൊക്കെയുള്ളത്. ഫലം ഈ സങ്കീര്‍ത്തനം പലരുടെയും ഹൃദയത്തോടു ചേര്‍ന്നു നില്‍ക്കുന്നു.

പ്രിയപ്പെട്ടവരേ, ഈ സങ്കീര്‍ത്തനത്തെക്കുറിച്ചു മുഴുവനായി പറയുവാനല്ല, നാം ഉദ്ധരിച്ച 4ലാം വാക്യത്തിലെ കൂരിരുള്‍ താഴ്‌വര എന്ന പ്രയോഗത്തെക്കുറിച്ചു ചിന്തിക്കുവാനാണ് ആഗ്രഹിക്കുന്നത്. ഇംഗ്ലീഷില്‍ ഈ താഴ്‌വരയെ മരണനിഴല്‍ താഴ്‌വര എന്നാണു പറഞ്ഞിരിക്കുന്നത്. മരണത്തിൻ്റെ നിഴല്‍ വീണു കിടക്കുന്ന താഴ്‌വര. എന്തുകൊണ്ടാണിതിനെ ഇങ്ങനെ ദാവീദു വിളിക്കുന്നത്?. അന്ന് യെഹൂദാ നാടുകളില്‍ ആടുകളെ മേയിച്ചു നടക്കുന്ന ഇടയന്മാര്‍ സാധാരണ നല്ല മേച്ചില്‍ പുറമുള്ള ഒരു മലമുകളില്‍ ആടിനെ കുറെനാള്‍ പോറ്റും. അവിടത്തെ പുല്ല് ഏറെക്കുറെ തീര്‍ന്നു കഴിയുമ്പോള്‍ അടുത്തുള്ള മറ്റൊരു മലയിലേക്ക് ആടുകളുമായി ഇടയന്‍ യാത്രയാവും. ഈ രണ്ടു മലകള്‍ക്കും ഇടയില്‍ വിശാലമായ ഒരു താഴ്‌വര നീണ്ടുനിവര്‍ന്നു കിടക്കുന്നു. ആ താഴ്‌വര കടന്നാണ് ഇടയന്‍ ഒന്നാമത്തെ മേച്ചില്‍പുറത്തുനിന്നു രണ്ടാമത്തെ മേച്ചില്‍ പുറത്തേക്ക് ആടുകളുമായി പോകുന്നത്. യെഹൂദാനാട്ടിലെ ഇത്തരം താഴ്‌വരകള്‍ സാധാരണഗതിയില്‍ അന്ന് ആള്‍പ്പെരുമാറ്റമുള്ള സ്ഥലങ്ങളല്ല. കുറ്റിച്ചെടികളും വന്‍ വൃക്ഷങ്ങളും കാട്ടാറുകളും ഉള്ള ഭൂപ്രകൃതി. വന്യമൃഗങ്ങള്‍ ആടുകളും മാനുകളും മുയലുകളും പോലെയുള്ള സാധു ജീവികള്‍ക്കായി പതിയിരിക്കുന്ന ഇടങ്ങള്‍. 1ശമുവേല്‍17.34ല്‍ പറയുന്നസിംഹം, കരടി എന്നിവയുമായി ദാവീദ് ഏറ്റുമുട്ടിയത് ഒരു പക്ഷേ ഇത്തരം ഒരു താഴ്‌വരയിലായിരിക്കാം. മരണത്തിൻ്റെ നിഴല്‍ വീണുകിടക്കുന്ന ഇത്തരം ഒരു താഴ്‌വരയെ അപ്പോള്‍ ദാവീദ് അങ്ങനെ തന്നെ വിളിച്ചതിലെന്താണു തെറ്റ്?പക്ഷേ ഈ മരണ നിഴല്‍ താഴ്‌വരയിലൂടെ നടന്നിട്ടും ദാവീദ് ഒരനര്‍ഥവും ഭയപ്പെട്ടില്ല. കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.

ഈ സങ്കീര്‍ത്തനത്തിൻ്റെ പ്രത്യേകത ദാവീദ് തന്നെ ആടുകളുടെ ഇടയനായിട്ടല്ല കാണുന്നത് എന്നതാണ്. മറിച്ചു താന്‍ മേയിക്കുന്ന ആടുകളിലൊന്നിൻ്റെ സ്ഥാനത്തു സ്വയം അവരോധിച്ചുകൊണ്ടാണ് അദ്ദേഹം ഈ സങ്കീര്‍ത്തനം രചിച്ചിരിക്കുന്നത്. ദൈവമാണ് തൻ്റെ ഇടയന്‍, താന്‍ അവൻ്റെ കൈക്കലെ ആടും. മരണത്തിൻ്റെ നിഴല്‍ വീണുകിടക്കുന്ന താഴ്‌വരയിലൂടെയാണു തൻ്റെ യാത്ര. എങ്കിലും ഭയമില്ല. കാരണം നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ. യെശ്ശയ്യാവ് 43:2 ഇതിനോടു കൂട്ടിവായിക്കാവുന്നതാണ്: ‘നീ വെള്ളത്തില്‍ കൂടികടക്കുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഇരിക്കും. നീ നദികളില്‍ കൂടി കടക്കുമ്പോള്‍ അവ നിൻ്റെ മീതെ കവിയുകയില്ല. നീ തീയില്‍ കൂടി നടന്നാല്‍ വെന്തു പോകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല.’

ദൈവത്തെക്കുറിച്ചു പലപ്പോഴും രണ്ടു കാര്യങ്ങള്‍ പറയാറുണ്ടല്ലോ. ഒന്ന്: ദൈവം സര്‍വശക്തന്‍. രണ്ട്: അവിടുന്നു സര്‍വവ്യാപിയാണ്. ആദ്യത്തേതു ദൈവം നമുക്കായി ചെയ്യുന്ന കാര്യങ്ങളെ കുറിക്കുമ്പോള്‍ രണ്ടാമത്തേതു ദൈവം നമുക്കു നല്‍കുന്ന അവിടുത്തെ ആശ്വാസ സാന്നിധ്യത്തെയാണു സൂചിപ്പിക്കുന്നത്. ദൈവത്തിൻ്റെ ഈ രണ്ടു പ്രത്യേകതകളില്‍ ഇന്നത്തെ ക്രിസ്തീയ ലോകത്തിന് ഏറ്റവും താല്‍പര്യമുള്ളത് ഏതാണ്? സര്‍വശക്തനായ ദൈവത്തെയാണ് അവര്‍ക്കു വേണ്ടത്. തങ്ങള്‍ക്കുവേണ്ടി ചിലതു ചെയ്യുന്ന ദൈവം. മറിച്ച് ദൈവത്തിൻ്റെ സ്‌നേഹസാന്നിധ്യം ഗൗരവമായി അവര്‍ എടുക്കുന്നില്ല.

എന്നാല്‍ ഇവിടെ ദാവീദ് ആശ്വാസം കണ്ടെത്തുന്നത് കൂരിരുള്‍ താഴ്വരയെ സര്‍വശക്തനായ ദൈവം അദ്ഭുതം പ്രവര്‍ത്തിച്ചു പൊടുന്നനെ അതിനെയൊരു സന്തോഷത്തിൻ്റെ പൂങ്കാവനമാക്കും എന്നതിലല്ല. മറിച്ച് കൂരിരുള്‍ താഴ്വര അങ്ങനെ തന്നെ തുടര്‍ന്നാലും ദൈവത്തിന്റെ സാന്നിധ്യം അവിടെ ഉണ്ടല്ലോ എന്നതാണു ദാവീദിൻ്റെ സന്തോഷം. സര്‍വ്വശക്തനായ ദൈവം മരണനിഴലിൻ്റെ താഴ്‌വരയില്‍ നിന്നു തന്നെ വിടുവിക്കും എന്നതിലല്ല 23-ാം സങ്കീര്‍ത്തനത്തിലെ ആടിൻ്റെ ഊന്നല്‍. മറിച്ച് അവിടെ ഇടയന്‍ കൂടെയിരിക്കുന്നു എന്നതാണു ആടിൻ്റെ ചാരിതാര്‍ഥ്യം. സര്‍വ്വ ശക്തനായ ദൈവത്തെക്കാള്‍ സര്‍വ്വവ്യാപിയായ ദൈവത്തിലാണ് ഊന്നല്‍ എന്നു സാരം.

23-ാം സങ്കീര്‍ത്തനത്തിലെ ഭാഷാപരമായ ഒരു പ്രത്യേകത ശ്രദ്ധിച്ചാല്‍ അതും നമുക്ക് പുതിയൊരു ആത്മീയ ചിന്ത നല്‍കും. ഈ സങ്കീര്‍ത്തനത്തില്‍ മൊത്തം ആറു വാക്യങ്ങളാണുള്ളത്. ഇതില്‍ ആദ്യത്തെ മൂന്നു വാക്യങ്ങളില്‍ സങ്കീര്‍ത്തനക്കാരന്‍ ദൈവത്തെക്കുറിച്ചു പറയുന്നതു ശ്രദ്ധിക്കുക: ‘യഹോവ എൻ്റെ ഇടയനാകുന്നു. പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു. എൻ്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു’. എന്നാല്‍ നാലു മുതല്‍ ആറുവരെയുള്ള അടുത്ത മൂന്നു വാക്യങ്ങളില്‍ ദൈവത്തെക്കുറിച്ചു പറയുന്നതിങ്ങനെ: ‘നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ. നിൻ്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു. നീ എനിക്കു വിരുന്നൊരുക്കുന്നു’. എന്താണു വ്യത്യാസം? വ്യത്യാസം ഇതാണ്. ആദ്യമൂന്നു വാക്യങ്ങളില്‍ ദാവീദ് ദൈവത്തെ ‘അവന്‍’ എന്നു പരാമര്‍ശിക്കുന്നു. അടുത്ത മൂന്നു വാക്യങ്ങളില്‍ ‘നീ’ എന്ന് അഭിസംബോധന ചെയ്യുന്നു. ‘അവന്‍’ എന്ന വിളി ‘നീ’ എന്ന വിളിക്കു വഴിമാറി. ശ്രദ്ധിച്ചോ? ഇതു  സംഭവിച്ചത് കൂരിരുള്‍ താഴ്‌വരയില്‍ വച്ചാണ്. നാം നേരിട്ടു കാണുന്ന ഒരുവനെയാണു ‘നീ’ എന്നു വിളിക്കുക. ചുരുക്കത്തില്‍ മരണത്തിൻ്റെ നിഴല്‍ വീണുകിടക്കുന്ന ഈ താഴ്‌വരയില്‍ വച്ച് ദാവീദിനു ദൈവസാന്നിധ്യം കൂടുതല്‍ യാഥാര്‍ഥ്യമായി. ആട് ഇടയനെ നേരില്‍ കാണുകയാണ്, കൂടുതല്‍ ആഴത്തില്‍ അറിയുകയാണ്.

ഇന്ന് സുഹൃത്തേ, നിങ്ങള്‍ ഒരു കൂരിരുള്‍ താഴ്‌വരയിലൂടെയാണോ കടന്നു പോകുന്നത്? എങ്കില്‍ ദൈവത്തെ ഇതുവരെയില്ലാത്ത അളവില്‍ രുചിച്ചറിയാനുള്ള സാധ്യതയാണ് അവിടെയുള്ളത് എന്നു കണ്ടിട്ടുണ്ടോ? ‘യഹോവ നല്ലവന്‍ എന്നു രുചിച്ചറിയുവിന്‍’ എന്നു ദാവീദ് മറ്റൊരു സങ്കീര്‍ത്തനത്തില്‍ (34:8) പറയുന്നതിൻ്റെ സന്ദര്‍ഭവും ഇതിനോടു കൂട്ടി വായിക്കാവുന്നതാണ്. അവിടെയും സകലകഷ്ടവും (34:6,17) സകല ഭയവും(34:4) അതില്‍ നിന്നുള്ള വിടുതലുമാണ് (34:7) പശ്ചാത്തലത്തിലുള്ളത്. യഹോവ സകല കഷ്ടത്തില്‍ നിന്നും വിടുവിച്ചെന്നു സങ്കീര്‍ത്തനക്കാരന്‍ പറയുന്നു. പക്ഷേ അതിനുമുന്‍പ് നടന്നതു ശ്രദ്ധിച്ചോ? ദൈവം ആദ്യം ഭയത്തില്‍ നിന്നാണു സങ്കീര്‍ത്തനക്കാരനെ വിടുവിച്ചത്(34:4), തുടര്‍ന്നാണു കഷ്ടങ്ങളില്‍ നിന്നുള്ള വിമോചനം(34:6,17). ദൈവം അവിടുത്തെ ഹിതമാണെങ്കില്‍ നമ്മെ ആ കഷ്ടത്തില്‍ നിന്നു വിടുവിക്കട്ടെ. എന്നാല്‍ ആ മരണ നിഴല്‍ താഴ്വര ഒന്നാമതു ദൈവസാന്നിധ്യത്തെ കൂടുതല്‍ അടുത്തറിയാനും അങ്ങനെ ഭയത്തില്‍ നിന്നു മോചനം പ്രാപിക്കാനുമുള്ള ഇടമായി നാം തിരിച്ചറിയണം.

ദാനിയേല്‍ മൂന്നാം അധ്യായത്തില്‍ ശദ്രക്, മേശക്, അബേദ്‌നെഗോ എന്നീ എബ്രായബാലന്മാരുടെ അനുഭവം നാം കാണുന്നല്ലോ. നെബൂഖദ്‌നേസര്‍ നിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്‌കരിക്കാഞ്ഞതുകൊണ്ടു മരണത്തെ അവര്‍ മുഖാമുഖം കാണുന്നരംഗം ശ്രദ്ധിക്കുക (ദാനിയേല്‍ 4:14-18). ഇവിടെ ഭയത്തില്‍ നിന്നാണ് അവര്‍ക്ക് ആദ്യം മോചനം ലഭ്യമായത്. തീച്ചൂള കാട്ടി ‘ഈ നാഴികയില്‍ തന്നെ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും. നിങ്ങളെ എൻ്റെ കയ്യില്‍ നിന്നു വിടുവിക്കാവുന്ന ദേവന്‍ ആര്‍?’ എന്നു ഭീഷണിപ്പെടുത്തുന്ന രാജാവിനോടുള്ള അവരുടെ മറുപടി ഇങ്ങനെ: ‘നെബൂഖദ്നേസരേ, ഈ കാര്യത്തില്‍ ഉത്തരം പറവാന്‍ ആവശ്യമില്ല. ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിനു ഞങ്ങളെ വിടുവിപ്പാന്‍ കഴിയുമെങ്കില്‍ അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍ നിന്നും രാജാവിൻ്റെ കയ്യില്‍ നിന്നും വിടുവിക്കും. അല്ലെങ്കിലും ഞങ്ങള്‍ രാജാവിൻ്റെ ദേവന്മാരെ സേവിക്കയില്ല. രാജാവുനിര്‍ത്തിയ സ്വര്‍ണബിംബത്തെ നമസ്‌കരിക്കുകയുമില്ല എന്ന് അറിഞ്ഞാലും’. നോക്കുക; എത്ര ധീരമായ മറുപടി!ദൈവസാന്നിധ്യം അവരോടൊപ്പം ഉണ്ടായിരുന്നു. ആ സാന്നിധ്യം തീച്ചൂളയിലെ നാലാമനായി പിന്നീടു മറ്റുള്ളവര്‍ക്കും ബോധ്യമായി. ഭയത്തില്‍ നിന്ന് ആദ്യം യെഹൂദാബാലന്മാരെ വിടുവിച്ച ദൈവം പിന്നീട് അവരെ തീച്ചൂളയുടെ കഷ്ടതയില്‍ നിന്നും വിടുവിച്ചു.

ദാനിയേല്‍ 6:10ല്‍ ദാനിയേലിൻ്റെ നിലപാടും വ്യത്യസ്തമല്ല. അവിടെ 30 ദിവസത്തേക്കു ദൈവത്തോടു പ്രാര്‍ഥിക്കുന്നതു നിരോധിച്ചുകൊണ്ടു ദാര്യാവേശ് രാജാവ് രേഖയും വിരോധകല്പനയും എഴുതിയിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ദാനിയേല്‍ നേരെ വീട്ടില്‍ ചെന്ന് ഒരു കാര്യമാണു ചെയ്യുന്നത്-മാളികമുറിയുടെ കിളിവാതില്‍ യെരുശലേമിനു നേരെ തുറന്നിട്ടുകൊണ്ട് ദിവസം മൂന്നുവട്ടം ദൈവത്തിൻ്റെ സന്നിധിയില്‍ മുട്ടുകുത്തി പ്രാര്‍ഥിക്കുന്നു. രാജാവിൻ്റെ വിരോധകല്പനയെയോ തനിക്കെതിരെയുള്ള ഗൂഢാലോചനയെയോ തെല്ലും ഭയമില്ലാതെ. തുടര്‍ന്നു സിംഹക്കുഴിയിലെ ദൈവസാന്നിധ്യത്തെക്കുറിച്ചുള്ള ദാനിയേലിൻ്റെ സാക്ഷ്യവും ശ്രദ്ധിക്കുക(6:22). ദാനിയേല്‍ ആദ്യം ഭയത്തില്‍ നിന്നു മോചനം നേടി. തുടര്‍ന്നു ദൈവം അവനെ സിംഹക്കുഴിയിലെ കഷ്ടതയില്‍ നിന്നും വിടുവിക്കുന്നു.

നാം ചിന്തിച്ച കാര്യങ്ങളില്‍ നിന്നു വ്യക്തമാകുന്ന മറ്റു ചില സത്യങ്ങള്‍ നോക്കുക: ദൈവസാന്നിധ്യം കഷ്ടത ഉണ്ടാകാതെ സൂക്ഷിക്കുമെന്നു പൊതുവെ കരുതുന്നതു ദൈവവചനവുമായി ചേര്‍ന്നു പോകുന്നില്ല എന്നതാണ് അതിലൊന്ന്. ന്യായാധിപന്മാര്‍ 6:12,13 കാണുക: അവിടെ മിദ്യാന്യരെ ഭയപ്പെട്ടു രഹസ്യത്തില്‍ മുന്തിരിച്ചക്കിനരികെ വച്ചു കോതമ്പു മെതിക്കുകയായിരുന്ന ഗിദയോനോട് യഹോവയുടെ ദൂതന്‍ പറഞ്ഞു: ‘അല്ലയോ പരാക്രമശാലിയേ, യഹോവ നിന്നോടു കൂടെ ഉണ്ട്.’ ഉടനെ ഗിദയോൻ്റെ മറുപടി ഇങ്ങനെ: ‘അയ്യോ, യജമാനനെ യഹോവ നമ്മോടുകൂടെ ഉണ്ടെങ്കില്‍ ഇതൊക്കെയും നമുക്കു ഭവിക്കുന്നത് എന്ത്?’
ഗിദയോന്‍ പറഞ്ഞതാണ് ഇന്നു വിശ്വാസികള്‍ പലരും പറയുന്നത്: ‘ദൈവത്തിൻ്റെ സാന്നിധ്യം നമ്മോടു കൂടെ ഉണ്ടെങ്കില്‍ എന്തുകൊണ്ട് ഇതൊക്കെയും നമുക്കു ഭവിക്കുന്നു?’ ഇതൊക്കെയും എന്നു പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഈ ദു:ഖകരമായ സാഹചര്യം, ഈ ഭയം, കഷ്ടപ്പാട്, വേദന, രോഗം, മരണം എന്നിവയെല്ലാമാണ്.

ഉവ്വ്, മരണവും. മാര്‍ത്ത ലാസറിൻ്റെ കല്ലറയ്ക്കല്‍ വച്ചു പറഞ്ഞതും ഇതുതന്നെയല്ലേ?’ കര്‍ത്താവേ, നീ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ എൻ്റെ സഹോദരന്‍ മരിക്കുകയില്ലായിരുന്നു’ (യോഹ.11:21).
ദൈവസാന്നിധ്യത്തിൻ്റെ മാറിക്കൂടാത്ത തെളിവ് പ്രശ്‌നങ്ങളില്‍ നിന്നുള്ള വിടുതലാണെന്നുള്ള ചിന്ത ഗിദയോനെപ്പോലെ, മാര്‍ത്തയെപ്പോലെ ഇന്നും പലരേയും ഭരിക്കുന്നു. അതുകൊണ്ടു തന്നെ പ്രകാശത്തിൻ്റെ ഒരു നുറുങ്ങുവെട്ടം കാണാന്‍ കഴിയാതെ കൂരിരുള്‍ താഴ്വരയുടെ അനുഭവം തുടരുമ്പോള്‍ ദൈവസാന്നിധ്യത്തെ പലരും സംശയിച്ചുപോകുന്നു.

എന്നാല്‍ വാസ്തവം അതാണോ? ഉദാഹരണത്തിന് യോസേഫിന്റെ അനുഭവം നോക്കുക. യോസേഫിനെക്കുറിച്ചു പലവട്ടം ‘ദൈവം അവനോടുകൂടെയിരുന്നു’ എന്ന കൊച്ചു വാക്യം രേഖപ്പെടുത്തിയിട്ടുണ്ട് (ഉല്‍പത്തി39:2,3). എന്നാല്‍ ദൈവം കൂടെയിരുന്നു എന്നു പറയുന്ന ആ രംഗങ്ങളില്‍ വാസ്തവത്തില്‍ യോസേഫിൻ്റെ ജീവിതത്തില്‍ ആശാവഹമായ ഒന്നും കാണാനില്ല. രക്തബന്ധത്തിനു 20 വെള്ളിക്കാശ് വിലമതിച്ച സ്വന്ത സഹോദരന്മാരാല്‍ വില്‍ക്കപ്പെട്ട അവനിപ്പോള്‍ മിസ്രയേമില്‍ ജാതീയനായ പൊത്തിഫേറിൻ്റെ വീട്ടില്‍ അടിമയാണ്. അവിടെയാകട്ടെ യജമാനത്തി അവൻ്റെ ജീവിതം അതീവ ദുസ്സഹമാക്കുന്നു. ദൈവം യോസേഫിനോടു കൂടെയുണ്ട് എന്നു ദൈവവചനം സാക്ഷ്യപ്പെടുത്തുമ്പോഴും ദൈവസാന്നിധ്യം നല്‍കുമെന്നു പ്രതീക്ഷിക്കുന്ന വിടുതലൊന്നും നാം അവിടെ കാണുന്നില്ല. മിസ്രയേമ്യനായ പൊത്തീഫേറിൻ്റെ അധീശത്വം, അവന്റെ ഭാര്യയിലൂടെയുള്ള പാപപ്രലോഭനങ്ങള്‍ എന്നിവയെല്ലാമാണ് ആ വീട്ടില്‍ നാം കാണുന്നത്. പക്ഷേ അപ്പോഴും യോസേഫിനു സംശയമൊന്നുമില്ല. മറ്റാരും അവിടെയില്ലെങ്കിലും എല്ലാം കാണുന്ന ദൈവത്തിൻ്റെ അദൃശ്യസാന്നിധ്യം ആ വീട്ടിലുണ്ട് എന്നാണ് അവൻ്റെ ഉറപ്പ്(39:11,9 എന്നീ വാക്യങ്ങള്‍ വായിക്കുക)

ഉല്‍പത്തി 39: 2,3 വാക്യങ്ങള്‍ക്കുശേഷം ദൈവം യോസേഫിനോടു കൂടെയിരുന്നു എന്ന പ്രയോഗം പീന്നീടു നാം കാണുന്നത് 39:21ല്‍ ആണ്. ഇവിടെ യോസേഫിൻ്റെ ജീവിതസാഹചര്യം മെച്ചപ്പെട്ടെന്നാണു നാം സ്വാഭാവികമായും കരുതുക. എന്നാല്‍ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് എന്നതാണ് ഇവിടെ യോസേഫിൻ്റെ അവസ്ഥ. നേരത്തെ ഒരു വീട്ടിലായിരുന്നെങ്കില്‍ ഇപ്പോള്‍ യോസേഫ് കാരാഗൃഹത്തിൻ്റെ ഇരുണ്ട അകത്തളങ്ങളിലാണ്. പക്ഷേ ദൈവം കൂടെയിരിക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്?

ചുരുക്കത്തില്‍ ദൈവസാന്നിധ്യം യോസേഫിനെ അപ്പോഴത്തെ സാഹചര്യത്തില്‍ നിന്നു നാടകീയമായി പൊടുന്നനെ വിടുവിച്ചില്ല. പ്രലോഭനങ്ങളും പരീക്ഷകളും ഉണ്ടാകാതെ കാത്തില്ല. പക്ഷേ മരണനിഴല്‍ താഴ്‌വരയിലെ ദൈവസാന്നിധ്യം യോസഫിനു ധൈര്യവും ബലവും നല്‍കി. സാഹചര്യങ്ങള്‍ക്ക് അതീതമായ സന്തോഷം സമ്മാനിച്ചു. പൗലോസിൻ്റെ അനുഭവവും ഇതുതന്നെയല്ലേ? കാരാഗൃഹത്തിലാണ് അദ്ദേഹത്തിൻ്റെ കിടപ്പ്. പക്ഷേ കഷ്ടങ്ങളില്‍കൂടി കടന്നുപോകുന്ന ഫിലിപ്യരോട് പറയുന്നതിങ്ങനെ: കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍ (4:4). മാത്രമല്ല, പിന്നേയും അദ്ദേഹം പറയുന്നു സന്തോഷിപ്പിന്‍. ഇതെങ്ങനെ കഴിയും? ഉവ്വ്, ഇതിനൊരു കാരണമേയുള്ളു: ഈ സന്തോഷം കര്‍ത്താവിലാണ്. അതുകൊണ്ട് കൂരിരുള്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരനര്‍ഥവുംഭയപ്പെടുകയില്ല. നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ.

ആകട്ടെ, ഈ ദൈവസാന്നിധ്യം നിലനിര്‍ത്താന്‍ നമ്മുടെ ഭാഗത്ത് എന്താണു ചെയ്യേണ്ടത്? യിസ്രായേല്‍ പാളയത്തിനു മധ്യേ നടക്കുന്ന യഹോവ അവിടം വിട്ടകലാതിരിക്കാന്‍ നല്‍കുന്ന നിര്‍ദേശം നമുക്കും പ്രസക്തമാണ്. ‘നിൻ്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്ക് ഏല്‍പിച്ചു തരുവാനും നിൻ്റെ പാളയത്തിൻ്റെ മധ്യേ നടക്കുന്നു. നിങ്കല്‍ വൃത്തികേടു കണ്ടിട്ട് അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിൻ്റെ പാളയം ശുദ്ധിയുള്ളതായിരിക്കണം’ (ആവര്‍ത്ത.23:14). ഇതു സംഭവിക്കാതിരിക്കാന്‍ എടുക്കേണ്ട മുന്‍കരുതലുകളുടെ വിശദാംശങ്ങളാണ് ഇതിനു തൊട്ടു മുകളിലുള്ള രണ്ടു വാക്യങ്ങളില്‍ നല്‍കിയിരിക്കുന്നത്. ഇന്നും ദൈവം വിശ്വാസിയുടെ ജീവിതപരിസരത്തു കൂടി നടക്കുന്നു. വാക്ക്, വിചാരം, പ്രവൃത്തി, മനോഭാവം എന്നിവിടങ്ങളില്‍ വൃത്തികേടു കണ്ട് അവിടുന്ന് അകന്നു പോകാതിരിക്കാന്‍ നാം ശ്രദ്ധിക്കണം. ഈ മഹാമാരിയുടെ മരണനിഴല്‍ താഴ്‌വരയുടെ ഭീതിദമായ സാഹചര്യത്തില്‍ ദൈവസാന്നിധ്യം എത്ര പ്രധാനമാണ്!അതുകൊണ്ടുതന്നെ അതു നഷ്ടമാക്കുന്ന വൃത്തികേടുകളൊന്നും ഇന്നു നമ്മുടെ ജീവിതപരിസരത്ത് ഉണ്ടാകരുത്.

അതെല്ലാം ഒഴിവാക്കി ഇന്നു ദാവീദിനെപ്പോലെ നമുക്കും സത്യസന്ധമായി പറയാന്‍ കഴിയണം: ‘മരണനിഴല്‍ താഴ്‌വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരനര്‍ഥവുംഭയപ്പെടുകയില്ല.’ അതിന് ഒരേയൊരു കാരണം – ‘നീ എന്നോടു കൂടെ ഇരിക്കുന്നുവല്ലോ.’