സാക് പുന്നന്‍
പത്രൊസ് ഒരു നല്ല ഹൃദയത്തോടെയാണ് യേശുവിനോട് ക്രൂശിലേക്കു പോകരുത് എന്നു പറഞ്ഞത്. എന്നാൽ യേശു ഉടനെ തന്നെ അത് സാത്താൻ്റെ ശബ്ദമായി തിരിച്ചറിഞ്ഞ് പത്രൊസിനോട് ഇപ്രകാരം പറഞ്ഞു “സാത്താനെ എന്നെ വിട്ടു പോ; നീ ദൈവത്തിൻ്റേതല്ല മനുഷ്യരുടേതത്രേ കരുതുന്നത് ” (മത്താ.16:23).
അവിടെ നാം കാണുന്നത് നമ്മുടെ മനസ്സ് ദൈവത്തിൻ്റെ താൽപര്യങ്ങളിൽ ഉറപ്പിച്ചിരുന്നാൽ മാത്രമെ നമുക്ക് നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ ശബ്ദവും സാത്താൻ്റെ ശബ്ദവും തമ്മിൽ തിരിച്ചറിയാൻ കഴിയൂ എന്നാണ്. നാം പ്രാഥമികമായി നമ്മുടെ മനസ്സ് നമ്മുടെ താൽപര്യങ്ങളിൽ മാത്രം ഉറപ്പിച്ചാൽ, അപ്പോൾ നാം സാത്താൻ്റെ ശബ്ദത്തെ ദൈവ ശബ്ദമായി തെറ്റി ധരിക്കും. അതു കൊണ്ട് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളിലും- നിങ്ങളുടെ പഠനം, ജോലി, കളി എന്നിവയിൽ പോലും – ഒരു സ്വർഗ്ഗീയ കാഴ്ചപ്പാട് ഉണ്ടായിരിക്കുന്നതു നല്ലതാണ്. എല്ലാം ദൈവ മഹത്വത്തിനായി ചെയ്യുക.
കോളേജിൽ നന്നായി പഠിക്കുകയും കളിക്കളത്തിൽ നന്നായി കളിക്കുകയും, എല്ലായ്പോഴും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്യുക- ഒളിമ്പിക്സ് സ്വർണ്ണ മെഡൽ നഷ്ടപ്പെടുമെന്നു വന്നപ്പോൾ പോലും തൻ്റെ ബോധ്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതിരുന്ന എറിക് ലിഡലിനെ പോലെ! ഒരു ക്രിസ്ത്യാനി എന്ന നിലയിൽ നിങ്ങൾക്കു ചില ക്രിസ്തീയ നിലവാരങ്ങൾ ഉണ്ടെന്നു മറ്റുള്ളവർ അറിയുന്നതിൽ, നിങ്ങൾ ലജ്ജിക്കരുത്. അങ്ങനെ ചെയ്യുവാൻ കർത്താവു നിങ്ങളെ സഹായിക്കട്ടെ.
സ്കൂളിലോ, കോളേജിലോ, ജോലി സ്ഥലത്തോ അല്ലെങ്കിൽ ഭവനത്തിലോ നിങ്ങൾ അഭിമുഖീകരിക്കുന്ന പോരാട്ടങ്ങളുടെ നടുവിൽ, ദൈവത്തെ മാനിക്കുവാനുള്ള ഒരു ആഗ്രഹം വളർത്തിയെടുക്കുക. വിട്ടുവീഴ്ച ചെയ്യിക്കാനായി ശത്രു ശ്രമിക്കുന്ന ഓരോ ആക്രമണങ്ങളും നേരിടുവാനും ജയിക്കുവാനുമുള്ള കൃപയും ശക്തിയും കർത്താവ് നിങ്ങൾക്കു നൽകും. കർത്താവ് എപ്പോഴും സാത്താനെതിരായി നിങ്ങളുടെ പക്ഷത്തുണ്ട് . അതു കൊണ്ട് ദുഷ്ടനെ ജയിക്കുവാൻ അവിടുന്നു നിങ്ങളെ പ്രാപ്തരാക്കും.
ദൈവം ഈ ഭൂമിയിൽ അനേക കാര്യങ്ങൾ ആകർഷകങ്ങളായിരിക്കാൻ അനുവദിച്ചിട്ടുണ്ട്. അത് നാം അവയാൽ പ്രലോഭിപ്പിക്കപ്പെടുമ്പോൾ, നാം ഈ ഭൂമിയിലുള്ള മറ്റെല്ലാറ്റിനെക്കാൾ ദൈവത്തെയാണ് സ്നേഹിക്കുന്നതെന്നു നമുക്കു തെളിയിക്കാൻ കഴിയേണ്ടതിനാണ്. അങ്ങനെ നാം സാത്താനെ ലജ്ജിപ്പിക്കാനിടയാകും. അവിടുത്തെ എല്ലാ സൃഷ്ടിയെക്കാളും വളരെ വളരെ അധികം അത്ഭുതവാനും വളരെയധികം തൃപ്തിപെടുത്തുന്നവനുമാണ് അവയുടെ സൃഷ്ടാവ്. ഇതു സത്യമായതു കൊണ്ടാണ് നാം അതു വിശ്വസിക്കുന്നത്. നമ്മുടെ ഈ വിശ്വാസമാണ് നമ്മെ ഈ ലോകത്തിൻ്റെ ആകർഷണങ്ങളെ ജയിക്കാൻ കഴിവുള്ളവരാക്കുന്നത്. നാം അന്ധമായി ഈ വിശ്വാസത്താൽ ജീവിക്കുമ്പോൾ, യഥാസമയം നമ്മുടെ തോന്നലുകൾ അതിനെ അനുഗമിക്കും. തോന്നലുകൾക്കു വേണ്ടി ആദ്യം അന്വേഷിക്കരുത്.
പിശാചിനെതിരായി പോരാടുന്നത് നമ്മുടെ ആത്മാക്കൾക്കു നല്ലതാണ്. അങ്ങനെ മാത്രമെ നമുക്കു ശക്തരാകാൻ കഴിയൂ. ക്രിസ്തുവിൻ്റെ ഒരു നല്ല പടയാളി ആയിരിക്കുക. കർത്താവ് നിങ്ങളിൽ ആശ്രയിക്കുന്നു. കർത്താവിൻ്റെ കൊടി ഉയരങ്ങളിൽ ജയോത്സവത്തോടെ ഉയർന്നു പറക്കുന്നതു നിലനിർത്തുവാൻ ഞങ്ങളും നിങ്ങളിൽ ആശ്രയിക്കുന്നു- അങ്ങനെ കർത്താവിൻ്റെ നാമം ഒരിക്കലും ലജ്ജിക്കപ്പെടാതിരിക്കേണ്ടതിനു തന്നെ.
നമ്മുടെ രാജ്യം സ്വയംഭരണമുള്ള സ്വതന്ത്ര രാജ്യമായി നിലനിർത്തേണ്ടതിന് പട്ടാളക്കാർക്ക് അവരുടെ രാജ്യത്തിനു വേണ്ടി ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുന്നെങ്കിൽ, നമ്മുടെ ജീവിതങ്ങളിൽ എല്ലാ വിധത്തിലും കർത്താവു ബഹുമാനിക്കപ്പെടാനും സാത്താൻ ലജ്ജിതനാകേണ്ടതിനും, എന്തു ത്യാഗവും ചെയ്യുവാൻ (നമ്മുടെ ജീവൻ പോലും) നാം എത്രയധികം മനസ്സുള്ളവരായിരിക്കണം.