നമ്മുടെ ശരീരത്തിൽ ദൈവഹിതം നിവർത്തിക്കുന്നത് – WFTW 28 മാർച്ച് 2021

സാക് പുന്നന്‍

എബ്രായർ 10:5 നാം വായിക്കുന്നത്, “ദൈവം നമ്മുടെ വഴിപാടുകളെ ആഗ്രഹിക്കുന്നില്ല” എന്നാണ്. ദൈവം നിങ്ങളുടെ വഴിപാടുകൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു കൊണ്ടേയിരിക്കുന്ന പ്രാസംഗികരുടെ കീഴിൽ കഷ്ടപ്പെടുന്ന ആളുകളോടാണ് ഞാൻ ഈ വചനം ഉദ്ധരിക്കുന്നത്. ദൈവം നമ്മിൽ നിന്ന് എന്ത് ആഗ്രഹിക്കുന്നു എന്നാണ് അവിടെ പറയുന്നത്? നമ്മുടെ ശരീരങ്ങൾ. പഴയ ഉടമ്പടിയിലെ ഊന്നൽ, ലേവ്യർക്കു ദശാംശം നൽകണമെന്നതായിരുന്നു. പുതിയ ഉടമ്പടിയിലെ ഊന്നൽ “നിങ്ങളുടെ ശരീരങ്ങളെ ദൈവത്തിന് കൊടുക്കുക” എന്നതാണ് (റോമ.12:1). ആളുകളോട് നിരന്തരമായി അവരുടെ ദശാംശം ആവശ്യപ്പെടുന്ന ഒരു സഭ ഒരു പഴയ ഉടമ്പടി സഭയാണ്. ഒരു പുതിയ ഉടമ്പടി സഭ നമ്മുടെ ശരീരങ്ങളെ ഒരു ജീവനുള്ള യാഗമായി ദൈവത്തിനു സമർപ്പിക്കുന്ന കാര്യത്തിന് ഊന്നൽ നൽകും- നമ്മുടെ കണ്ണുകൾ, നമ്മുടെ കൈകൾ, നമ്മുടെ നാവുകൾ മുതലായവ. ഇന്ന് ഭൗതിക വഴിപാടുകൾ അല്ല ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്, എന്നാൽ നമ്മുടെ ശരീരങ്ങളാണ് . പഴയ ഉടമ്പടിയിലെ ദശാംശത്തിനു തുല്യമായി പുതിയ ഉടമ്പടിയിൽ ഉള്ള ഒന്നാണ്, നമ്മുടെ ശരീരങ്ങളെ ദൈവത്തിനു നൽകുന്നത്- ക്രിസ്തു ക്രൂശിൽ മരിക്കുന്നത് പെസഹാ ദിനത്തിൽ കുഞ്ഞാടിനെ യാഗം കഴിക്കുന്നതിനു തുല്യമായിരിക്കുന്നതുപോലെ. ഇതിൻ്റെ അർത്ഥം ദൈവത്തിന്റെ ഈ ഭൂമിയിലെ വേലയ്ക്ക് നാം പണമൊന്നും കൊടുക്കേണ്ടതില്ല എന്നാണോ? നിങ്ങൾ തീർച്ചയായും കൊടുക്കണം, എന്നാൽ നിങ്ങൾ സന്തോഷത്തോടു കൂടി കൊടുക്കുന്നത് മാത്രമാണ് ദൈവത്തിനാവശ്യം (2 കൊരി. 9:7). ഏതുകാര്യത്തിലും അവിടുത്തേക്ക് ഒന്നാമത് നിങ്ങളുടെ ശരീരമാണ് വേണ്ടത്. തങ്ങളുടെ ശരീരങ്ങളെ അവിടുത്തേക്ക് കൊടുക്കുന്നവർ സാധാരണയായി മറ്റെല്ലാം അതുപോലെതന്നെ അവിടുത്തേക്ക് കൊടുക്കും. എന്നാൽ ഓരോ കാര്യവും നൽകുന്നതു പ്രസന്നതയോടെയും സന്തോഷത്തോടെയും ആയിരിക്കണം.

യേശു ലോകത്തിലേക്ക് വന്നപ്പോൾ, അവിടുന്ന് തൻ്റെ പിതാവിന് ദശാംശമോ, ഭൗതിക വഴിപാടുകളോ നൽകാനല്ല വന്നത് (എബ്രാ.10:5). അവിടുന്ന് തൻ്റെ ശരീരം ഒരു യാഗമായി നൽകാനാണ് വന്നത്. അവിടുന്നാണ് പുതിയ ഉടമ്പടിയുടെ മധ്യസ്ഥൻ, കൂടാതെ ദൈവം പ്രാഥമികമായി, നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത്, നമ്മുടെ ശരീരമാണെന്നു നമ്മെ പഠിപ്പിക്കുകയും ചെയ്തു.

യേശു സ്വർഗ്ഗത്തിൽ ആയിരുന്നപ്പോൾ അവിടുത്തേക്ക് ഒരിക്കലും ഒരു ശരീരം ഉണ്ടായിരുന്നില്ല. അവിടുന്ന് ഈ ലോകത്തിലേക്ക് വന്നപ്പോൾ, പിതാവ് അവിടുത്തേക്ക് ഒരു ശരീരം കൊടുത്തു. ആ ശരീരം കൊണ്ട് അവിടുന്ന് എന്താണ് ചെയ്യേണ്ടിയിരുന്നത്? ആഫ്രിക്കപോലെ പ്രയാസമുള്ള സ്ഥലങ്ങളിൽ ഒരു മിഷണറിയായി പോകുന്നതിലൂടെ അവിടുത്തേക്കു പിതാവിനോടുള്ള സ്നേഹം അവിടുന്ന് കാണിക്കണമായിരുന്നോ? അല്ലെങ്കിൽ ഓരോ ദിവസവും നാലു മണിക്കൂർ നേരം പ്രാർത്ഥിക്കുകയും ആഴ്ചയിൽ രണ്ടു തവണ ഉപവസിക്കുകയും ചെയ്യണമായിരുന്നോ? ഇവയൊന്നുമല്ല. അവിടുന്ന് പറയുന്നു, “ഓ ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാൻ ഞാൻ വന്നിരിക്കുന്നു (ഭൂമിയിലേക്ക്) – യാഗങ്ങൾ അർപ്പിക്കുവാനല്ല” (എബ്രാ.10:7). യേശു തൻ്റെ ശരീരം ഉപയോഗിച്ചത് ഇതിനുവേണ്ടിയാണ്- അതുപോലെ നാമും നമ്മുടെ ശരീരം ഉപയോഗിക്കേണ്ടത് ഇതിനു വേണ്ടി തന്നെയാണ്. നാം നമ്മുടെ ശരീരം ദൈവത്തിന് അർപ്പിക്കുമ്പോൾ, അതിനു ശേഷം അതിൻ്റെ ഓരോ ഭാഗം കൊണ്ടും, അവിടുത്തെ ഇഷ്ടം ചെയ്യേണ്ടതിനാണ് നാം അതു ചെയ്യുന്നത്- നമ്മുടെ കണ്ണുകൾ, കൈകൾ, നാവ്, വികാരങ്ങൾ, ആഗ്രഹങ്ങൾ മുതലായവകൊണ്ട്. അതിൽ പിന്നെ നമ്മുടെ ജീവിതത്തിലെ ഏക വാഞ്ച ഓരോ നാളും ദൈവഹിതം ചെയ്യണമെന്നായിരിക്കും.

ഒന്നാമതായി നമുക്ക് വേണ്ടിയുള്ള ദൈവഹിതം എന്താണ്? “ദൈവത്തിൻ്റെ ഇഷ്ടമോ- നിങ്ങളുടെ ശുദ്ധീകരണം തന്നെ” (1തെസ്സലോനീക്യർ4:3). നാം ഓരോരുത്തർക്കും വേണ്ടിയുള്ള ദൈവഹിതത്തിൻ്റെ ഒന്നാം ഭാഗം അതാണ്. നമ്മുടെ ശുശ്രൂഷയുടെ കാര്യത്തിലേക്ക് വരുമ്പോൾ, അതിനു വേണ്ടി എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചുകൊണ്ട് നാം അവിടെയും ഇവിടെയും ഓടി നടക്കേണ്ടതില്ല. നമ്മുടെ ശുശ്രൂഷയിലും വീണ്ടും നാം ദൈവഹിതം ചെയ്യണം. യേശു നമ്മെ ഇപ്രകാരം പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു. “അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ആകേണമേ”. സ്വർഗ്ഗത്തിലെ മാലാഖമാർ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദൈവത്തിനുവേണ്ടി തിരക്കിട്ടു കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചുകൊണ്ട് ചുറ്റും ഓടി നടക്കാറില്ല. യേശുവും ദൈവത്തിനുവേണ്ടി ഒരു കാര്യം അല്ലെങ്കിൽ വേറൊരു കാര്യം ചെയ്യാൻ ശ്രമിച്ചുകൊണ്ട് ചുറ്റും ഓടി നടന്നില്ല. അവിടുന്ന് ദൈവഹിതം അന്വേഷിച്ച് അതു മാത്രം ചെയ്തു. 18 വയസ്സു മുതൽ 30 വയസ്സുവരെ ഒരു ആശാരിയായി വേല ചെയ്യുവാൻ പിതാവ് അവിടുത്തോട് പറഞ്ഞപ്പോൾ, അവിടുന്ന് അത് ചെയ്തു. ആ വർഷങ്ങളിലെല്ലാം തൻ്റെ ഭൂമിയിലെ ജോലിയിൽ അവിടുന്ന് വിശ്വസ്തനായിരുന്നതിനുശേഷം, പിതാവ് അവിടുത്തോട് മൂന്നരവർഷം പ്രസംഗിക്കുവാൻ പറഞ്ഞു. യേശു 12 വർഷക്കാലം സ്റ്റൂളുകളും മേശകളും ഉണ്ടാക്കിയപ്പോഴും, സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തപ്പോഴും അവിടുന്ന് ഒരുപോലെ പിതാവിന് പ്രസാദമുള്ളവനായിരുന്നു.

യേശു ഭൂമിയിലേക്ക് വന്നത് ഒരു മിഷണറി ആകുവാനോ അല്ലെങ്കിൽ പൂർണസമയ വേല ചെയ്യുവാനോ അല്ല. പിതാവിന്റെ ഇഷ്ടം ചെയ്യുവാൻ വേണ്ടി മാത്രമാണ് അവിടുന്ന് വന്നത്, അതെന്തായിരുന്നാലും. തൻ്റെ പിതാവിൻ്റെ ഹിതം ആശാരിപ്പണി ആയിരുന്നപ്പോൾ, അവിടുന്ന് അതു ചെയ്തു. തൻ്റെ പിതാവിൻ്റെ ഹിതം പൂർണസമയ ശുശ്രൂഷ ആയിരുന്നപ്പോൾ, അവിടുന്ന് അതു ചെയ്തു. നാം നമ്മെത്തന്നെ പിതാവിൻ്റെ ഇഷ്ടം ചെയ്യുവാൻ സമർപ്പിക്കേണം, ഈ ജോലിക്കോ അല്ലെങ്കിൽ ആ ജോലിക്കോ അല്ല. ദൈവം നിങ്ങളെ ഒരു മിഷണറി ആയിട്ടല്ല, ഒരു ആശാരിയായിട്ട് വിളിച്ചേക്കാം. നിങ്ങൾക്കു സമ്മതമാണോ?

യേശു പറഞ്ഞു “ഓ ദൈവമേ, ഇതാ ഞാൻ അവിടുത്തെ ഇഷ്ടം ചെയ്യാൻ വരുന്നു”. അങ്ങനെ അവിടുന്ന് ഒന്നാമത്തെ ഉടമ്പടിയെ നീക്കി കളഞ്ഞിട്ട് രണ്ടാമത്തെ ഉടമ്പടി സ്ഥാപിച്ചു (എബ്രാ.10:8,9). ഒന്നാമത്തെ ഉടമ്പടിയിൽ ധാരാളം മതപരമായ പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു- പ്രത്യേകിച്ച് സമാഗമനകൂടാരത്തിനും ദൈവാലയത്തിനും ഉള്ളിൽ. എന്നാൽ യേശു തൻ്റെ ഭൗതിക ജീവിതത്തിന്റെ 90 ശതമാനവും മതപരമായ ഒരു പ്രവൃത്തിയും ചെയ്തില്ല. അവിടുന്നു ഭവനത്തിൽ തൻ്റെ അമ്മയെ സഹായിക്കുകയും ഒരു മരപ്പണിക്കാരനായി കുടുംബത്തെ പോറ്റുകയും ചെയ്തു- 30 വർഷങ്ങളോളം. പിന്നീട് അടുത്ത മൂന്നര വർഷങ്ങൾ അവിടുന്ന് പ്രസംഗിച്ചു. അങ്ങനെ അവിടുന്ന് തൻ്റെ പിതാവ് ചെയ്യാൻ കൊടുത്ത വേല തികച്ച്‌ പിതാവിനെ മഹത്വപ്പെടുത്തി (യോഹ.17:4 കാണുക). അവിടെ നാം പഠിക്കുന്നത് ഭവനത്തിൽ നിങ്ങളുടെ അമ്മയെ സഹായിക്കുന്നത്, ദൈവത്തിൻ്റെ കണ്ണുകളിൽ രോഗികളെ സൗഖ്യമാക്കുന്നതുപോലെ തന്നെ പ്രാധാന്യമുള്ള കാര്യമാണ്. പുതിയ ഉടമ്പടിയിൽ, ഒരു പ്രത്യേക സമയത്ത് നിങ്ങൾ എന്തെല്ലാം ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നുവോ അതാണ് ദൈവത്തിൻ്റെ ഇഷ്ടം- നിങ്ങൾക്ക് ആ സമയത്ത് ചെയ്യാൻ കഴിയുന്ന ഏറ്റവും വിശുദ്ധമായ കാര്യവും അത് തന്നെയാണ്.