സാക് പുന്നന്‍
ഉല്‍പത്തി 12:1ല്‍ യഹോവ അബ്രാമിനോട് അരുളിച്ചെയ്തു: “നിന്റെ ദേശത്തെയും നിന്റെ ജനങ്ങളെയും നിന്റെ പിതൃഭവനക്കാരെയും വിട്ട് ഞാന്‍ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോകുക.” അബ്രാമിന്, ബാബേലിലെ ജനങ്ങളെപ്പോലെ പെട്ടെന്ന് ഒരു ദിവസം ഒരു നല്ല ആശയം ഉദിച്ചിട്ട് “ഞാന്‍ കരുതുന്നത് ഊരില്‍ മതിയാവോളം കാലം ഞാന്‍ ജീവിച്ചു കഴിഞ്ഞു അതുകൊണ്ട് ഇനി ഞാന്‍ കനാനിലേക്കകു പുറപ്പെട്ടുപോയി അവിടെ എന്തെങ്കിലും ചെയ്യാം” എന്നു പറഞ്ഞതല്ല. മറിച്ച് അദ്ദേഹത്തിന്റെ നീക്കങ്ങള്‍ മുഴുവനും ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ടതായിരുന്നു. അബ്രഹാമിന് അന്ന് 75 വയസ്സായിരുന്നു. ദൈവത്തില്‍ നിന്ന് കേള്‍ക്കുവാന്‍ 75 വര്‍ഷം കാത്തിരിക്കേണ്ടി വന്നാലും അതു കേട്ടിട്ട് മുന്നോട്ടു നീങ്ങുന്നതാണ് നല്ലത്. മോശെ 40 വര്‍ഷത്തോളം ഒരു ആട്ടിടയനായി കാത്തിരുന്നതിനു ശേഷം ദൈവം സംസാരിച്ചപ്പോഴാണ് അദ്ദേഹം മുന്നോട്ട് നീങ്ങിയത്. മോശെ എന്തു വലിയ കാര്യമാണ് നിര്‍വ്വഹിച്ചത് എന്ന് ചിന്തിച്ചു നോക്കുക! എഴുപത്തഞ്ചോ, എണ്‍പതോ വര്‍ഷങ്ങള്‍ നാം കാത്തിരിക്കണമെന്നല്ല ഞാന്‍ പറയുന്നത്. നാം ദൈവത്തില്‍ നിന്ന് കേള്‍ക്കുന്നതു വരെ കാത്തിരിക്കുകയും അതിനുശേഷം മുന്നോട്ടു നീങ്ങുകയും വേണമെന്നു മാത്രമാണ് ഞാന്‍ പറയുന്നത്. എന്നാല്‍ തിരക്കുള്ള 20–ാം നൂറ്റാണ്ടിലെ മനുഷ്യന് അതിന് സമയം ഉണ്ടാകും എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഇല്ല.
ഞാന്‍ 20 വയസ്സുള്ള ഒരു യുവാവായിരുന്നപ്പോള്‍ ദൈവം എന്നെ ഒരു പാഠം പഠിപ്പിച്ചതിന് ഞാന്‍ നന്ദിയുള്ളവനാണ്:മനുഷ്യര്‍ നിന്നെ നടത്തുവാന്‍ അനുവദിക്കരുത്. ദൈവംതന്നെ നിന്നെ നടത്തട്ടെ. അനേക ആളുകള്‍, എന്റെ സഹപ്രവര്‍ത്തകരുള്‍പ്പെടെ പല നല്ല മനുഷ്യര്‍, എന്നെ വിവിധ കാര്യങ്ങള്‍ ചെയ്യുവാന്‍ നിര്‍ബന്ധിച്ചിട്ടുണ്ട്. ഞാന്‍ അവരുടെ ഉപദേശം ശ്രദ്ധിച്ചു കേള്‍ക്കാറുണ്ട്. എന്നാല്‍ ദൈവംകൂടെ എന്നോടു സംസാരിക്കുന്നതു വരെ ഞാന്‍ അതിനായി മുന്നോട്ടു നീങ്ങാറില്ല. ഞാന്‍ ദൈവത്തില്‍ നിന്നു കേള്‍ക്കുന്നതു വരെ കാത്തു നില്‍ക്കാറുണ്ട്. കാരണം, മനുഷ്യന്റെ അഭിപ്രായം ശ്രദ്ധിച്ചാല്‍ നാശത്തില്‍ കലാശിക്കും എന്ന് എനിക്കറിയാം. നമ്മുടെ സഹപ്രവര്‍ത്തകരുടെ അഭിപ്രായം പരിഗണിക്കരുതെന്നല്ല ഞാന്‍ പറയുന്നത്. നാം കേള്‍ക്കുന്ന അവസാന ശബ്ദം ദൈവത്തിന്റേത് ആയിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. ദൈവം അബ്രഹാമിനോട് `പോകാന്‍’ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പോയി. ദൈവം മൊശെയോട് `പോകാന്‍’ പറഞ്ഞു. അപ്പോള്‍ അദ്ദേഹം പോയി. ദൈവം പൌലോസിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം പോയി. ഇവരെല്ലാം തങ്ങളുടെ ജീവിതത്തില്‍ ഏതാനും കാര്യങ്ങള്‍ നിര്‍വ്വഹിച്ച ആളുകളാണ്. ഇന്ന് ദൈവത്തിനുവേണ്ടി ഒന്നല്ലെങ്കില്‍ വേറെ എന്തെങ്കിലുമൊരു കാര്യം ചെയ്യാന്‍ ശ്രമിച്ചുകൊണ്ട് ആളുകള്‍ ചുറ്റും പരക്കം പായുന്നു. എന്നാല്‍ അവര്‍ നിത്യത മൂല്യമുള്ള ഒരു കാര്യങ്ങളും ചെയ്‌തെടുക്കുന്നില്ല. സ്ഥിതി വിവര കണക്കു പ്രകാരം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ മതിപ്പുളവാക്കുന്നവയായിരിക്കാം. എന്നാല്‍ അതു ബാബിലോണ്‍ ആണ്. യെറുശലേം അല്ല.
“വരിക, നമുക്കു മുന്നോട്ടു നീങ്ങാം. കര്‍ത്താവിനായി ചില കാര്യങ്ങള്‍ നമുക്കു ചെയ്യാം. നമുക്ക് ഇഷ്ടിക ഉണ്ടാക്കാം, ചാന്തുണ്ടാക്കാം, നമുക്കു കുറെ കാര്യങ്ങള്‍ ചെയ്യാം.” നിങ്ങള്‍ക്കു മനുഷ്യരില്‍ മതിപ്പുളവാക്കാന്‍ കഴിയും. “നമുക്കൊരു പേരുണ്ടാക്കാം.” നെബുഖദ്‌നേസര്‍ ചെയ്തതു പോലെ – ബാബിലോണ്‍ പണിത് നിങ്ങള്‍ക്കു തന്നെ ഒരു വലിയ പേരുണ്ടാക്കിയേക്കാം. ഇന്ന് ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ ഇതാണ് സംഭവിക്കുന്നത്. അതാണ് വെളിപ്പാട് 17ലും 18ലും ഉള്ള സന്ദേശം. എന്നാല്‍ അബ്രഹാം ദൈവത്തിന്റെ `പോകുക’ എന്ന ശബ്ദത്തിനു വേണ്ടി കാത്തിരുന്നു.
അബ്രഹാം ദൈവത്തിന്റെ നടത്തിപ്പില്ലാതെ മുന്നോട്ടു പോയപ്പോഴൊക്കെ, അദ്ദേഹം പ്രയാസത്തിലായി എന്ന കാര്യം ശ്രദ്ധിക്കുക. ഉദാഹരണത്തിന് ദൈവം അബ്രഹാമിനോട് കല്‍ദയരുടെ ദേശമായ ഈര്‍ വിട്ട് അവിടുന്നു നയിക്കുന്ന ഇടത്തേക്കു പോകുവാന്‍ പറഞ്ഞു എന്നു നാം വായിക്കുന്നു. എന്നാല്‍ ഉല്‍പത്തി 11:31ല്‍ നാം വായിക്കുന്നത് തേരഹ് (അബ്രഹാമിന്റെ പിതാവ്) ആണ് അബ്രഹാമിനെയും കൊണ്ട് ഊരില്‍ നിന്ന് യാത്ര പുറപ്പെട്ടത് എന്നാണ്. എന്നാല്‍ ദൈവം അബ്രഹാമിനോട് എന്താണ് പറഞ്ഞിട്ടുള്ളത്. “നിന്റെ ബന്ധുക്കളെയും നിന്റെ പിതൃഭവനത്തെയും വിടുക.” എന്നാല്‍ ഇവിടെ നാം കാണുന്നത് 75 വയസ്സുള്ള അബ്രഹാം തന്റെ അപ്പന്റെ കൈപിടിച്ച് പുറപ്പെടുന്നതായാണ്! അങ്ങനെയാണ് അബ്രഹാം യാത്ര തുടങ്ങിയത്!!
ദൈവഹിതം പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് നിങ്ങളെ തടയുന്നവര്‍ ഒന്നാമത് നിങ്ങളുടെ ബന്ധുക്കള്‍ തന്നെയാണ് – നിങ്ങളുടെ മാതാപിതാക്കള്‍, നിങ്ങളുടെ സഹോദരങ്ങള്‍, നിങ്ങളുടെ സഹോദരിമാര്‍ നിങ്ങളുടെ ഭാര്യയും മക്കളും. യേശു പറഞ്ഞു “ഒരുവന്‍ എന്റെ അടുക്കല്‍ വരികയും തന്റെ അപ്പനെയും, അമ്മയെയും, സഹോദരനെയും, സഹോദരിയെയും, ഭാര്യയെയും, മക്കളെയും വെറുക്കാതിരിക്കുകയും ചെയ്യുന്നു എങ്കില്‍ എന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല.” നിങ്ങള്‍ക്ക് കര്‍ത്താവിനെ അനുഗമിക്കുവാന്‍ ആഗ്രഹമുണ്ടായിരിക്കാം. എന്നാല്‍ നിങ്ങളുടെ അപ്പനോ ഭാര്യയോ `വേണ്ട’ എന്നു പറഞ്ഞേക്കാം.
അതുപോലെ തേരഹ് അബ്രഹാമിനെയും കൊണ്ട് പുറപ്പെട്ടു ഹാരാന്‍ വരെ വന്ന് അവിടെ പാര്‍ത്തു (ഉല്പ. 11:31). അതു ദൈവഹിതമായിരുന്നില്ല. എന്തുകൊണ്ട് അവര്‍ അവിടെ പാര്‍ത്തു? അതു തേരഹിന്റെ ആശയമായിരുന്നു. അവിടെ ഹാരാന് ഒരുപക്ഷേ തന്റെ ആട്ടിന്‍ കൂട്ടത്തിനുള്ള നല്ല മേച്ചില്‍ സ്ഥലം ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ ദൈവത്തിന്റെ സ്ഥലം അതല്ലായിരുന്നു. അബ്രഹാം അവിടെ തന്റെ അപ്പനോടുകൂടെ പാര്‍ത്തു! ധാരാളം അബദ്ധങ്ങള്‍ ചെയ്ത ഒരാളാണ് അബ്രഹാം – അദ്ദേഹം ചെയ്ത ഒന്നാമത്തെ തെറ്റ്, ദൈവം മുമ്പു കൂട്ടി ചില കാര്യങ്ങള്‍ ചെയ്യണമെന്ന് തന്നോട് പറഞ്ഞപ്പോള്‍ അദ്ദേഹം പിതാവിനെ ശ്രദ്ധിച്ചു എന്നതാണ്. അതുകൊണ്ട് ദൈവം എന്തു ചെയ്തു? ദൈവത്തിന് ഇങ്ങനെയുള്ള സാഹചര്യങ്ങളെ അനായാസേന കൈകാര്യം ചെയ്യാന്‍ കഴിയും. അവിടുന്നു തേരഹിനെ മരണം മുഖേന മാറ്റിക്കളഞ്ഞു! (ഉല്പ. 11:32). “അങ്ങനെ യഹോവ തന്നോട് കല്പിച്ചതനുസരിച്ച് അബ്രാം പുറപ്പെട്ടു” (ഉല്പ. 12:4).
നിങ്ങള്‍ പുറപ്പെടുന്നതിനു മുമ്പ്, ഗൌരവമേറിയ ചില കാര്യങ്ങള്‍ ദൈവം ചെയ്യുന്നതു വരെ നിങ്ങള്‍ കാത്തിരിക്കേണ്ടതുണ്ടോ? ദൈവം നിങ്ങളെ സ്‌നേഹിക്കുന്നെങ്കില്‍, അവിടുന്ന് അതുപോലെ ഗൌരവമുള്ള ചില കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ നിങ്ങള്‍ ഒരു ഒത്തുതീര്‍പ്പുകാരനാണെന്ന് ദൈവം കണ്ടാല്‍, അവിടുന്നു നിങ്ങളെ നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഹാരാനില്‍, പാര്‍ക്കുവാന്‍ അനുവദിക്കുകയും നിങ്ങള്‍ക്കു ദൈവഹിതം പൂര്‍ണ്ണമായി നഷ്ടമാകാന്‍ ഇടയാക്കുകയും ചെയ്യും.! ദൈവത്തോടു ചേര്‍ന്നു നീങ്ങുവാന്‍ പഠിക്കുക. ദൈവത്തെ അറിയാത്തെ ബന്ധുക്കളെ ശ്രദ്ധിക്കരുത്. ദൈവത്തെ അറിയുന്ന ദൈവഭക്തനായ ഒരു പിതാവാണെങ്കില്‍ ആ പിതാവില്‍ നിന്ന് എല്ലാ വിധത്തിലും കാര്യങ്ങള്‍ പഠിക്കുക – എന്നാല്‍ ലൌകികനായ ഒരു പിതാവില്‍ നിന്ന് അരുത് (ഇവിടെ ഞാന്‍ സൂചിപ്പിക്കുന്നത് ആത്മീയ തത്ത്വങ്ങളെക്കുറിച്ചാണ്). ഒടുവില്‍ അബ്രഹാം കനാനില്‍ എത്തിച്ചേര്‍ന്നപ്പോള്‍, “യഹോവ അബ്രാമിനു പ്രത്യക്ഷനായി അദ്ദേഹത്തോട്, `ഞാന്‍ ഈ ദേശം നിന്റെ സന്തതിക്കു നല്‍കും’ എന്നരുളിച്ചെയ്തു.” (ഉല്പ. 12:5,7).