സാക് പുന്നന്‍
“തങ്ങള്‍ നീതിമാന്മാരാണെന്നുറച്ചുകൊണ്ട് മറ്റുള്ളവരെ പുച്ഛിക്കുന്ന ചിലരോട് കര്‍ത്താവ് ഈ ഉപമ പറഞ്ഞു” (ലൂക്കൊ. 18:9).
ആളുകള്‍ മറ്റുള്ളവരെ അവജ്ഞയോടെ കാണുന്നതിന് വിവിധ കാരണങ്ങളുണ്ട്. സമൂഹത്തിലെ സ്ഥാനം, അല്ലെങ്കില്‍ ധനം, അതുമല്ലെങ്കില്‍ വിദ്യാഭ്യാസം തുടങ്ങിയവയില്‍ തങ്ങളെക്കാള്‍ താഴ്ന്നവരെ അവജ്ഞയോടെ കാണാന്‍ ശൈശവം മുതല്‍ മാതാപിതാക്കള്‍ അവരെ പഠിപ്പിച്ചിരിക്കാം. അല്ലെങ്കില്‍ നിങ്ങള്‍ വളരെ ബുദ്ധിശാലിയും നിങ്ങളുടെ സ്‌കൂളിലെ ഏറ്റവും ഉന്നത നിലയിലുള്ളവനും ആണെങ്കില്‍ നിങ്ങള്‍ ക്ലാസിലുള്ള മറ്റു കുട്ടികളെ പുച്ഛത്തോടെ വീക്ഷിക്കും. നിങ്ങള്‍ ഒരു ബുദ്ധിജീവിയാണെന്ന് നിങ്ങള്‍ക്കു തന്നെ തോന്നത്തക്ക വിധത്തില്‍ നിങ്ങളോടു പെറുമാറുന്ന വിഡ്ഢികളായ മാതാപിതാക്കളാണുള്ളതെങ്കില്‍ കാര്യങ്ങള്‍ കുറെക്കൂടെ വഷളാകാനും സാധ്യതയുണ്ട്.
എല്ലാ മാതാപിതാക്കളോടും ഞാന്‍ അപേക്ഷിക്കട്ടെ: നിങ്ങളുടെ കുഞ്ഞുങ്ങള്‍ ബുദ്ധിശാലികള്‍ ആണെങ്കില്‍ ദയവു ചെയ്ത് അവരെ പ്രശംസിച്ച് അവരെ നശിപ്പിക്കരുത്. എന്റെ പുത്രന്മാര്‍ തങ്ങള്‍ക്കു ക്ലാസ്സില്‍ ലഭിച്ച റാങ്കിനെ പറ്റിയോ അല്ലെങ്കില്‍ എവിടെയെങ്കിലും അവര്‍ക്കു ലഭിച്ച സമ്മാനങ്ങളെക്കുറിച്ചോ ആരോടും ഒരിക്കലും പറയരുതെന്നത് എന്റെ വീട്ടില്‍ ഒരു നിയമം ആക്കിയിരുന്നു. എനിക്കറിയാം അവര്‍ നിഗളികളായാല്‍, ഉടന്‍ തന്നെ അവര്‍ക്ക് ദൈവകൃപ നഷ്ടപ്പെടുമെന്ന്. അപ്പോള്‍ അവര്‍ പാപത്തില്‍ വീഴുകയും സാധാരണ സഹോദരന്മാരുമായി ഒരിക്കലും കൂട്ടായ്മ ആചരിക്കുവാന്‍ കഴിയാതെ പോകുകയും ചെയ്യും. അനേക മാതാപിതാക്കളും തങ്ങളുടെ മക്കളെ അപ്രകാരം നശിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ ഭയപ്പെടുന്നു.
നല്ല ഉച്ചാരണ ശുദ്ധിയോടെ ഇംഗ്ലീഷ് (അല്ലെങ്കില്‍ അവരുടെ മാതൃഭാഷ എന്തായാലും) സംസാരിക്കാന്‍ കഴിയാത്തവരെ പരിഹസിക്കുക എന്നത് കുട്ടികളുടെ ഇടയില്‍ പൊതുവെ ഉള്ള ശീലമാണ്. അതു നിങ്ങളുടെ ഭവനത്തില്‍ പ്രോത്സാഹിപ്പിക്കുന്നത് സൂക്ഷിക്കുക. നമ്മില്‍ ആരെങ്കിലും നമ്മുടെ അമ്മയുടെ ഉദരത്തില്‍ നിന്ന് വന്നത് നല്ല ഉച്ചാരണശുദ്ധിയോടെ സംസാരിച്ചുകൊണ്ടാണോ? നമുക്കുള്ള ഏതു കഴിവിനുമായി ദൈവത്തോടു നാം നന്ദിയുള്ളവരായിരിക്കണം. എന്നാല്‍ നാം അതിനെക്കുറിച്ച് ഒരിക്കലും അഹങ്കരിക്കരുത്. സ്വര്‍ഗ്ഗത്തില്‍ അവര്‍ സംസാരിക്കുന്നത് ഏതു സ്വഭാവത്തോടെയാണെന്ന് നിങ്ങള്‍ക്കറിയാമോ? താഴ്മയുടെയും സ്‌നേഹത്തിന്റെയും സ്വരബലം. ആ ഉച്ചാരണങ്ങള്‍ നമുക്കു വ്യക്തമായി പഠിക്കാം.
ഒരുപക്ഷേ നിങ്ങള്‍ നിങ്ങളുടെ വീട്ടിലെ ഓരോ സാധനങ്ങളും അതതിന്റെ ശരിയായ സ്ഥലത്തു ക്രമീകരിച്ചു വീട് കുറ്റമറ്റ വിധത്തില്‍ വൃത്തിയായി സൂക്ഷിക്കുന്ന സ്ത്രീ ആയിരിക്കാം. അനന്തരം നിങ്ങള്‍ മറ്റാരുടെയെങ്കിലും വീടു വൃത്തികേടായും ക്രമരഹിതമായും കിടക്കുന്നതു കാണുകയും അവരെ പുച്ഛിക്കുകയും ചെയ്യുന്നു. വൃത്തികേടായി കിടക്കുന്ന വീടിന്റെ ഉടമ ഒരു ദൈവഭക്തയായിരിക്കെ നിങ്ങള്‍ അവരെ പുച്ഛിക്കുമ്പോള്‍ നിങ്ങള്‍ ഒരു `പരീശ’നാണ്.
ചില സഹോദരന്മാര്‍ക്കു വളരെ മോശമായ സംഗീത വാസനയെ ഉണ്ടായിരിക്കുകയുള്ളു. സഭയില്‍ സ്തുതി സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുന്ന സമയത്ത് അവര്‍ ഒരു കോറസ് പാടാന്‍ തുടങ്ങിയാല്‍ ഒരു വ്യത്യാസവുമില്ലാതെ മുഴുവനും ഈണം തെറ്റിച്ചായിരിക്കും പാടുന്നത്. അവരെ പുച്ഛിക്കരുത്, കാരണം ദൈവം അവരുടെ സംഗീതമല്ല ശ്രദ്ധിക്കുന്നത്, അവിടുന്നു വാക്കുകളെയാണ് ശ്രദ്ധവെച്ചു കേള്‍ക്കുന്നത്. എന്നു മാത്രമല്ല തെറ്റായ ഈണത്തില്‍ പാടുന്ന ആ സഹോദരന്‍, ശരിയായ ഈണത്തില്‍ പാടുന്ന നിങ്ങളെക്കാള്‍ പരമാര്‍ത്ഥത ഉള്ളവനായിരിക്കാം. വ്യക്തിപരമായി ഞാന്‍ ഇങ്ങനെയുള്ള സഹോദരന്മാര്‍ക്കായി ദൈവത്തോടു നന്ദി പറഞ്ഞിട്ടുണ്ട്. കാരണം അവര്‍ സഭയിലുള്ള ബുദ്ധിമാന്മാരും സംഗീതജ്ഞരുമായ എല്ലാ സഹോദരന്മാരേയും താഴ്മയിലാക്കിയിട്ടുണ്ട്. പരീശന്മാരായ സംഗീതജ്ഞരാണ് സഭയെ നശിപ്പിക്കുന്നത്. അല്ലാതെ സംഗീത പാടവമില്ലാത്ത സഹോദരന്മാരല്ല. ദൈവം മറ്റാരെയും പോലെ തന്നെ സംഗീത പാടവമില്ലാത്ത സഹോദരന്മാരെ സ്‌നേഹിക്കുന്നു – എന്നാല്‍ അവിടുന്ന് പരീശന്മാരെ തള്ളിക്കളയുന്നു. കര്‍ത്താവ് മടങ്ങി വരുമ്പോള്‍ അങ്ങനെയുള്ള പരീശന്മാര്‍ക്കായി അനേക വിസ്മയങ്ങള്‍ കാത്തു വച്ചിട്ടുണ്ട്.
നിങ്ങള്‍ ക്ലാസില്‍ ഒന്നാം സ്ഥാനത്തു വരരുതെന്നോ, അല്ലെങ്കില്‍ നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കരുതെന്നോ, അല്ലെങ്കില്‍ നല്ല ഈണത്തില്‍ പാടരുതെന്നോ അല്ല ഞാന്‍ പറയുന്നത് – ഒരുക്കലുമല്ല- എല്ലാവിധത്തിലും നമുക്കിതെല്ലാം ചെയ്യാം. എന്നാല്‍ അവയെക്കുറിച്ചു നാം താഴ്മയുള്ളവരായിരിക്കാം – തന്നെയുമല്ല നമുക്കു കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ കഴിവില്ലാത്ത മറ്റാരെയും ഒരിക്കലും നിന്ദിക്കരുത്.
ഇതുപോലെ മറ്റുള്ളവരെ എളുപ്പത്തില്‍ നിന്ദിക്കാന്‍ കഴിയുന്ന അനേകം മേഖലകളുണ്ട്. ഇയ്യോബ് 36:5ല്‍ പറയുന്നത്: “ദൈവം ശക്തനെങ്കിലും ആരെയും നിന്ദിക്കുന്നില്ല” എന്നാണ്. നാം എത്രയധികം ദൈവത്തെപോലെ ആയിത്തീരുമോ, അത്രയധികം നാം ആളുകളെ വിലമതിക്കും. തന്നെയുമല്ല ഒരിക്കലും ആരെയും ഒരു കാര്യത്തിനും നിന്ദിക്കുകയുമില്ല.
അതുകൊണ്ടു നമുക്കു നമ്മെത്തന്നെ വെടിപ്പാക്കുകയും മറ്റുള്ള ആളുകളെ ദൈവം അവരെ നോക്കുന്നതുപോലെ വീക്ഷിക്കുകയും ചെയ്യാം. “ദൈവത്തില്‍ നിന്നു ലഭിച്ചതല്ലാതെ നിങ്ങള്‍ക്കെന്താണുള്ളത്? പ്രശംസിക്കാനോ മറ്റുള്ളവരെ നിന്ദിക്കാനോ എങ്ങനെ കഴിയും?” (1 കൊരി. 4:7).