മനുഷ്യൻ്റെ ആവശ്യം ദൈവത്തിൻ്റെ വിളിയാണെന്ന് തെറ്റിധരിക്കരുത് – WFTW 26 മെയ് 2024

സാക് പുന്നൻ

ദൈവരാജ്യം ആത്മാവിൽ ദരിദ്രരായവർക്കുള്ളതാണ് എന്നാണ് യേശു പറഞ്ഞത് (മത്താ. 5:3). തങ്ങളുടെ മാനുഷികമായ അപര്യാപ്തതയെ കുറിച്ചു ബോധമുള്ളവരും അതുകൊണ്ട് ദൈവത്തിൻ്റെ ഇഷ്ടത്തിനു പൂർണ്ണമായി തങ്ങളെ തന്നെ വിധേയപ്പെടുത്തുന്നവരുമാണ് ആത്മാവിൽ ദരിദ്രരായവർ.

ഈ അർത്ഥത്തിൽ, യേശു നിരന്തരം ആത്മാവിൽ ദരിദ്രനായിരുന്നു. മനുഷ്യൻ ജീവിക്കണമെന്ന് ദൈവം ഉദ്ദേശിച്ച രീതിയിൽ തന്നെ അവിടുന്നു ജീവിച്ചു- നിരന്തരമായി ദൈവത്തിലുള്ള ആശ്രയത്തിൽ, ദൈവത്തിൽ നിന്നല്ലാതെയുള്ള തൻ്റെ മനസ്സിൻ്റെ ശക്തി പ്രയോഗിക്കുന്നതിനെ നിരസിച്ചു കൊണ്ട്. അവിടുത്തെ വാക്കുകൾ പരിഗണിക്കുക:

പുത്രനു സ്വതേ ഒന്നും ചെയ്യാൻ കഴികയില്ല… ഞാൻ സ്വയമായിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്കു ഉപദേശിച്ചു തന്നതു പോലെ സംസാരിക്കുന്നു… ഞാൻ സ്വയമായി വന്നതല്ല, അവൻ എന്നെ അയച്ചതാകുന്നു… ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല; എന്നെ അയച്ച പിതാവു തന്നെ ഞാൻ ഇന്നതു പറയേണം എന്നും ഇന്നതു സംസാരിക്കേണം എന്നും കല്പന തന്നിരിക്കുന്നു… ഞാൻ നിങ്ങളോടു പറയുന്ന വചനം സ്വയമായിട്ടല്ല സംസാരിക്കുന്നത്; പിതാവ് എന്നിൽ വസിച്ചുകൊണ്ട് തൻ്റെ പ്രവൃത്തി ചെയ്യുന്നു (യോഹ. 5:19, 30; 8:28, 42; 12:49; 14:10).

ഒരാവശ്യം കണ്ടതുകൊണ്ടു മാത്രം യേശു ഒരിക്കലും പ്രവർത്തിച്ചില്ല. അവിടുന്ന് ആവശ്യം കാണുകയും അതെകുറിച്ച് ഭാരമുണ്ടാകുകയും ചെയ്തു, എങ്കിലും തൻ്റെ പിതാവു അവിടുത്തോടു പറഞ്ഞതുപോലെ മാത്രമേ അവിടുന്നു പ്രവർത്തിച്ചുള്ളു.

അവിടുന്ന് കുറഞ്ഞപക്ഷം 4000 വർഷങ്ങൾ എങ്കിലും സ്വർഗ്ഗത്തിൽ കാത്തിരുന്നു, ലോകം തീവ്രമായി ഒരു രക്ഷകൻ്റെ ആവശ്യത്തിൽ ആയിരുന്നപ്പോൾ, അതിനുശേഷം അവിടുത്തെ പിതാവ് തന്നെ അയച്ചപ്പോൾ അവിടുന്നു ഭൂമിയിലേക്കു വന്നു (യോഹ. 8:42). “ദൈവം നിശ്ചയിച്ച ശരിയായ സമയം വന്നപ്പോൾ, അവിടുന്നു തൻ്റെ പുത്രനെ അയച്ചു” (ഗലാ. 4:4 ടി എൽ ബി). എല്ലാറ്റിനും ദൈവത്തിന് ഒരു നിശ്ചിത സമയമുണ്ട് (സഭാ.പ്ര. 3:1). ദൈവത്തിനു മാത്രമേ ആ സമയം അറിയൂ, അതുകൊണ്ട് എല്ലാ കാര്യത്തിലും, യേശു ചെയ്തതുപോലെ, പിതാവിൻ്റെ ഹിതം അന്വേഷിച്ചാൽ നാം തെറ്റി പോകയില്ല.

യേശു ഭൂമിയിലേക്കു വന്നപ്പോൾ, അവിടുന്ന് ചുറ്റി നടന്ന് അവിടുത്തേക്കു നല്ലതെന്നു തോന്നിയതെല്ലാം ചെയ്തില്ല. അവിടുത്തെ മനസ്സ് നിർമ്മലമായിരുന്നെങ്കിൽ പോലും, അപ്പോഴും അവിടുന്ന് ഒരിക്കലും തൻ്റെ മനസ്സിലേക്കു വന്ന തിളക്കമാർന്ന ആശയങ്ങൾ അനുസരിച്ചു പ്രവർത്തിച്ചില്ല. ഇല്ല. അവിടുന്നു തൻ്റെ മനസ്സിനെ പരിശുദ്ധാത്മാവിൻ്റെ ഒരു ദാസനാക്കി തീർത്തു.

പന്ത്രണ്ട് വയസ്സിനുള്ളിൽ അവിടുത്തേക്ക് തിരുവചനങ്ങളെല്ലാം സമ്പൂർണ്ണമായി അറിയാമായിരുന്നെങ്കിലും, അടുത്ത പതിനെട്ടു വർഷങ്ങൾ തൻ്റെ അമ്മയുടെ കൂടെ താമസിച്ച്, മേശ, കസേര മുതലായവ ഉണ്ടാക്കിക്കൊണ്ട് ഒരു ആശാരിയായി ചെലവഴിച്ചു. തനിക്കു ചുറ്റും നശിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർക്ക് ആവശ്യമായിരുന്ന സന്ദേശം അവിടുത്തെ പക്കൽ ഉണ്ടായിരുന്നു, എന്നിട്ടും അവിടുന്ന് പ്രസംഗ ശുശ്രൂഷയ്ക്ക് പുറപ്പെട്ടില്ല. എന്തുകൊണ്ട്? പിതാവിൻ്റെ സമയം അതുവരെ വന്നിട്ടില്ലായിരുന്നു.

കാത്തിരിക്കാൻ കർത്താവിനു ഭയമില്ലായിരുന്നു. വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല (യെശ. 28:16).

തൻ്റെ പിതാവിൻ്റെ സമയം വന്നപ്പോൾ, അവിടുന്നു തൻ്റെ മരപ്പണിശാലയിൽ നിന്ന് പുറപ്പെട്ടു പോയി പ്രസംഗിക്കാൻ തുടങ്ങി. അതിനുശേഷം പലപ്പോഴും, ചില പ്രവർത്തനങ്ങളെ സംബന്ധിച്ച് അവിടുന്ന് ഇങ്ങനെ പറയുമായിരുന്നു, “എൻ്റെ നാഴിക ഇതുവരെ വന്നിട്ടില്ല” (യോഹ. 2:4, 7:6). യേശുവിൻ്റെ ജീവിതത്തിലെ ഓരോ കാര്യവും ക്രമീകരിക്കപ്പെട്ടത് തൻ്റെ പിതാവിൻ്റെ സമയത്താലും ഹിതത്താലും ആയിരുന്നു.

മനുഷ്യരുടെ ആവശ്യം അതിൽ തന്നെ ഒരിക്കലും യേശുവിനു പ്രവർത്തിക്കാനുള്ള വിളിയാക്കി തീർത്തില്ല, കാരണം അത് തന്നിൽ നിന്നു തന്നെയുള്ള പ്രവർത്തനമായി തീരുമായിരുന്നു – തൻ്റെ ദേഹിയിൽ നിന്നുള്ളത്. മനുഷ്യരുടെ ആവശ്യങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്, എന്നാൽ ചെയ്യേണ്ടത് ദൈവത്തിൻ്റെ ഇഷ്ടമാണ്.

തൻ്റെ സ്നേഹിതന്മാർ നിർദ്ദേശിച്ച അനേകം കാര്യങ്ങൾ യേശു ചെയ്തില്ല, കാരണം മനുഷ്യരെ കേട്ട് കാഴ്ചയിൽ നല്ലതെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്താൽ തനിക്കു വേണ്ടി തൻ്റെ പിതാവിനുണ്ടായിരുന്ന ഏറ്റവും നല്ലത് അവിടുത്തേക്കു നഷ്ടമാകും എന്ന് അവിടുത്തേക്ക് അറിയാമായിരുന്നു.