സാക് പുന്നന്‍
സദൃശ്യവാക്യങ്ങൾ 4 :12 (പരാവർത്തനം) പറയുന്നത്, ദൈവം പടിപടിയായി നിൻ്റെ മുമ്പിൽ വഴിതുറക്കും എന്നാണ്. നിങ്ങളുടെ രണ്ടു ചുവടുകൾക്കപ്പുറം എന്താണു കിടക്കുന്നതെന്ന് നിങ്ങൾ അറിയേണ്ട കാര്യമില്ല. നിങ്ങളുടെ മുമ്പിൽ കാണുന്ന ചുവടു വയ്ക്കുക, അപ്പോൾ അടുത്ത ചുവട് കാണും. അങ്ങനെയാണ് ദൈവം നിന്നെ നയിക്കുന്നത്. നിങ്ങളുടെ മുമ്പിൽ വാതിലടഞ്ഞതു പോലെ പ്രത്യക്ഷമാകും. എന്നാൽ നിങ്ങൾ അവയുടെ അടുത്തെത്തുമ്പോൾ അതു സ്വയമേവ തുറക്കും. എന്നാൽ നിങ്ങൾ അവയുടെ അടുത്തു വരുന്നതുവരെ അതു തുറക്കുകയില്ല. അപ്രകാരമാണ് ദൈവം നിങ്ങളെ നയിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ മുമ്പിൽ ഒരു വാതിലടഞ്ഞു കാണുമ്പോൾ നിങ്ങൾ ശങ്കിച്ചു നിൽക്കുകയോ, ഭയപ്പെടുകയോ ചെയ്യരുത്. ദൈവം നിങ്ങൾക്ക് കാണിച്ചു തരുന്ന ചുവടുവച്ച് മുന്നോട്ടു നീങ്ങുക. “ഞാൻ നിൻ്റെ മുമ്പിൽ ഒരു വാതിൽ തുറന്നു വച്ചിരിക്കുന്നു, അത് ആർക്കും അടച്ചു കൂടാ” എന്ന് കർത്താവു പറയുന്നു (വെളി. 3: 8).
സദൃശ്യവാക്യങ്ങൾ 4 : 18 ൽ എഴുതപ്പെട്ടിരിക്കുന്നത്, പ്രഭാതം മുതൽ നട്ടുച്ച വരെ ദൈവം നിങ്ങളുടെ പാത അധികമധികം വെളിച്ചത്തോടെ ശോഭിക്കുമാറാക്കും എന്നാണ്. ഇവിടെ വീണ്ടുംജനനത്തെ സൂര്യോദയത്തോടും ക്രിസ്തുവിൻ്റെ മടങ്ങിവരവിനെ മധ്യാഹ്ന-സൂര്യനോടും താരതമ്യം ചെയ്തിരിക്കുന്നു. വീണ്ടും ജനനം മുതൽ ക്രിസ്തുവിൻ്റെ മടങ്ങിവരവു വരെ, നിങ്ങളുടെ ജീവിതത്തിൻ്റെ ഓരോ ദിവസവും നിങ്ങൾ അധികമധികം ക്രിസ്തുവിനെപ്പോലെ ആയിത്തീരണമെന്നതാണ് നിങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ പൂർണ്ണ ഹിതം. ഇതാണ് നീതിമാൻ്റെ പാത – ഈ പാതയിലുടനീളം, നിങ്ങൾക്ക് ദൈവ വചനത്തിന്മേൽ കൂടുതൽ വെളിപ്പാട്, നിങ്ങളുടെ സ്വയജീവൻ്റെ മലിനതകളുടെ മേൽ അധികമധികം വെളിച്ചം, കൂടാതെ നിങ്ങൾ നേരിടുന്ന പ്രായോഗിക സാഹചര്യങ്ങൾക്കു വേണ്ട കൂടുതൽ കൂടുതൽ വിവേകം ലഭിക്കും. നിങ്ങൾ ഈ പാതയിലൂടെ നടന്നാൽ, നിങ്ങൾ ഒരിക്കലും പിന്മാറുകയില്ല, ആകാശത്തിൽ സൂര്യൻ ഒരിക്കലും പിന്നോട്ട് പോകാത്തതു പോലെ.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് ഒന്നാമതായി അവിടുത്തെ ആരാധകരായിരിക്കാനാണ്- അതിൻ്റെ അർത്ഥം അവിടുത്തെ മാത്രം ആഗ്രഹിക്കുവാനാണ്. അപ്പോൾ നിങ്ങൾ ദൈവത്തിൻ്റെ മഹത്വം യെശയ്യാവ് കണ്ടതുപോലെ കാണും. ഉടനെ തന്നെ യെശയ്യാവ് തൻ്റെ തന്നെ പാപകരമായ അവസ്ഥയും കണ്ടു- അതുപോലെ നിങ്ങളും കാണും. (യെശയ്യാവ് 6:1-5). ഒരു ആരാധകനായിരിക്കുക അതിനുശേഷം, ദൈവം നിങ്ങൾക്കു വെളിപ്പെടുത്തി തരുന്ന നിങ്ങളുടെ ജീവിതത്തിലുള്ള ക്രിസ്താനുരൂപമല്ലാത്ത മേഖലകൾ കഴുകി വെടിപ്പാക്കുക. അപ്പോൾ ദൈവം നിങ്ങളെ ഓരോ ദിവസവും അധികമധികം അവിടുത്തെ തന്നെ സ്വഭാവത്തിൻ്റെ പങ്കാളികളാക്കി തീർക്കും. ദൈവവചനത്തിൽ യേശുവിൻ്റെ തേജസ് നാം കാണുമ്പോൾ, നാൾക്കുനാൾ അവിടുത്തെ തേജസ് നമ്മിൽ വർദ്ധിച്ചു വരത്തക്കവണ്ണം പരിശുദ്ധാത്മാവ് നമ്മെ തേജസ്സിൻ്റെ ഒരു ഡിഗ്രിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നു (2കൊരി.3:18). മറ്റു വാക്കുകളിൽ പറഞ്ഞാൽ, നാം പരിശുദ്ധാത്മാവിന് മുഴുവനായി വിധേയപ്പെട്ടിരുന്നാൽ, ഇന്നു നമ്മുടെ ജീവിതത്തിന്മേലുള്ള അവിടുത്തെ അഭിഷേകം, ഏതാനും വർഷങ്ങൾക്കു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ അധികമായിരിക്കും, എന്നു മാത്രമല്ല അതു 30 വർഷങ്ങൾക്കു മുമ്പുണ്ടായിരുന്നതിനേക്കാൾ വളരെയധികമായിരിക്കും.
എല്ലാ ദിവസവും ദൈവഹിതം ചെയ്യാൻ നമുക്കു കഴിയണമെങ്കിൽ ഓരോ ദിവസവും നാം ദൈവത്തെ കേൾക്കുന്ന ശീലം വളർത്തിയെടുക്കണം. മറിയയെക്കുറിച്ച് യേശു പറഞ്ഞതുപോലെ (ലൂക്കോ. 10:42), മറ്റെല്ലാ കാര്യങ്ങളേക്കാൾ നമുക്ക് ഏറെ ആവശ്യമായ ഒരു കാര്യം അവിടുത്തെ വചനം കേൾക്കുക എന്നതാണ്. വേദപുസ്തകത്തിലെ ഏറ്റവും ആദ്യത്തെ അധ്യായത്തിൽ, നാം വായിക്കുന്നത് ദൈവം ഓരോ ദിവസവും സംസാരിച്ചു എന്നാണ്- അതിൻ്റെ ഫലമായി ഭൂമി ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെ രൂപാന്തരപ്പെട്ടു. നമുക്ക് ഈ വർഷം ക്രിസ്തുവിനോട് അനുരൂപമായി രൂപാന്തരപ്പെടാൻ ആഗ്രഹമുണ്ടെങ്കിൽ, നമുക്കാവശ്യമായ ഏറ്റവും പ്രാധാന്യമുള്ള കാര്യം എല്ലാ ദിവസവും ദൈവത്തെ കേൾക്കുന്നതും അനുസരിക്കുന്നതുമാണ്. വേദപുസ്തകം മനസ്സിലാക്കുന്നതിൻ്റെ രഹസ്യം ഏറ്റവും ഒന്നാമതായി കർത്താവുമായി ഒരു ഉറ്റബന്ധം ഉണ്ടാക്കുക എന്നതാണ്. ദൈവവചനത്തിൽ അവിടുന്ന് പ്രചോദിപ്പിച്ചിരിക്കുന്നതിൻ്റെ അർത്ഥം എന്താണെന്ന് വിശദീകരിച്ചു തരാൻ പരിശുദ്ധാത്മാവിനു കഴിയും, അതുകൊണ്ട് ആദിമ ശിഷ്യന്മാർ ചെയ്തതുപോലെ യേശുവിനോടു കൂടെ നടക്കുകയും അവിടുന്ന് നിങ്ങളോടു പറയുന്നത് കേൾക്കുവാൻ ആഗ്രഹിക്കുകയും ചെയ്യുക. അപ്പോൾ അവരുടേതുപോലെ നിങ്ങളുടെ കണ്ണുകളും തുറക്കുകയും അവരുടേതുപോലെ നിങ്ങളുടെ ഹൃദയങ്ങളും കത്തി കൊണ്ടിരിക്കുകയും ചെയ്യും.
ഓരോ ദിവസവും നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ശരീരഭാഗം നമ്മുടെ നാവാണ്. യേശു തൻ്റെ നാവിനെ ഉപയോഗിച്ചത് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനാണ്, അങ്ങനെ അതിനെ ദൈവകരങ്ങളിൽ ജീവൻ്റെ ആയുധങ്ങളാക്കിത്തീർത്തു. തളർന്നിരിക്കുന്നവരോട്, അവരുടെ ഭാരമുള്ള ആത്മാക്കളെ ഉയർത്തേണ്ടതിന്, അവിടുന്ന് ആശ്വാസവാക്കുകൾ സംസാരിച്ചു. യെശയ്യാവ് 50:4 നമ്മോടു പറയുന്നത്, യേശു അവിടുത്തെ പിതാവിൻ്റെ ശബ്ദം ദിവസം തോറും കേട്ടതുകൊണ്ടാണ് അവിടുന്നു കണ്ടുമുട്ടിയ, തളർന്നിരിക്കുന്ന ഓരോ ദേഹിക്കും ആവശ്യമായ കൃത്യമായ വാക്കുകൾ അവിടുത്തേക്കുണ്ടായിരുന്നത് എന്നാണ്. നാം എല്ലാ ദിവസവും ദൈവത്തെ കേൾക്കുന്ന ശീലം വളർത്തിയെടുത്താൽ, ഓരോ ദിവസവും നമുക്കു ചുറ്റുമുള്ള തളർന്നിരിക്കുന്ന ദേഹികൾക്കായി അത്തരം അനുഗ്രഹിക്കപ്പെട്ട ശുശ്രൂഷ നമുക്കും ഉണ്ടായിരിക്കാൻ കഴിയും. നമ്മുടെ ദൈനംദിന സംഭാഷണങ്ങളിൽ വിലയില്ലാത്ത (അധമമായ) വാക്കുകൾ തള്ളി കളഞ്ഞിട്ട് വിലയേറിയ (ഉത്തമമായ) വാക്കുകൾ മാത്രം പറയുന്നതു നാം തിരഞ്ഞെടുക്കുമെങ്കിൽ, ദൈവം നമുക്ക് അവിടുത്തെ വചനങ്ങൾ തന്ന് നമ്മെ അവിടുത്തെ വായ് ആക്കി തീർക്കും- അവിടുന്ന് യിരെമ്യാവിനെ ആക്കി തീർത്തതു പോലെ (യിരെമ്യാവ്15 :19).