സാക് പുന്നൻ
നാം ജീവിക്കുന്നത് വലിയ വഞ്ചനയുടെ നാളുകളിലും മനുഷ്യർ തങ്ങളുടെ സ്നേഹത്തിൽ തണുത്തു പോകുകയും അന്യോന്യം (സഹോദരൻ സഹോദരന് എതിരെ) ഒറ്റിക്കൊടുക്കയും ചെയ്യും എന്ന് യേശു നമുക്കു മുന്നറിയിപ്പു നൽകിയിട്ടുള്ള ആ സമയങ്ങളിലുമാണ്. അതുകൊണ്ട് നാം എല്ലാവരോടും സ്നേഹത്തിൽ നിലനിന്നാൽ മാത്രം പോരാ, സ്ഥിരമായി സംഘർഷത്തിനും വാഗ്വാദത്തിനും പ്രവണതയുള്ളവരെ ഒഴിവാക്കാനുള്ള വിവേകമുള്ളവരും ആയിരിക്കണം.
ക്രിസ്ത്യാനികളെന്ന നിലയിൽ, നാം ഒരിക്കലും ആർക്കും തിന്മ ചെയ്യുകയോ മനുഷ്യരോട് ഒരിക്കലും പോരാടുകയോ ചെയ്യുകയില്ല. എന്നാൽ തെറ്റായ ഉപദേശങ്ങളെ തുറന്നു കാണിക്കുന്നത് നാം തുടർന്നു കൊണ്ടിരിക്കും.
നാം “ഊമനുവേണ്ടി വായ് തുറക്കണം; ക്ഷയിച്ചു പോകുന്ന ഏവരുടെയും കാര്യത്തിൽ തന്നെ. നിൻ്റെ വായ് തുറന്നു നീതിയോടെ ന്യായം വിധിക്കണം; എളിയവനും ദരിദ്രനും ന്യായപാലനം ചെയ്തു കൊടുക്കുകയും വേണം” (സദൃശ.31:8,9). മത്സരിയായ അബ്ശാലോമിൻ്റെ കൂട്ടുകെട്ടിൽ ഉള്ള അഹീഥോഫെലിൻ്റെ ആലോചനയെ അബദ്ധമാക്കണമേ എന്ന് ദാവീദ് പ്രാർത്ഥിക്കുകയും (2 ശമു.15:31) ദൈവം ആ പ്രാർത്ഥനയ്ക്ക് ഉത്തരം അരുളുകയും ചെയ്തു (2 ശമു. 17:23). യേശു പിതാവിനോട്, തന്നെ ഉപദ്രവിച്ചവരോട് ക്ഷമിക്കണമെന്നു പ്രാർത്ഥിച്ചു. എന്നാൽ മറ്റുള്ളവരെ ഉപദ്രവിച്ചവരെ അവിടുന്ന് നിഷ്കരുണം കുറ്റം വിധിച്ചു (മത്താ. 23ൽ പരീശന്മാരോടുള്ള അവിടുത്തെ കുറ്റം വിധി കാണുക).
ഇനി ബുദ്ധിയുള്ള കന്യകമാരുടെ ഉപമയെ കുറിച്ച് ഒരു വാക്ക്: ഒരു ഉപമയെ കുറിച്ചുള്ള വ്യാഖ്യാനം ഒരിക്കൽ നാം കേട്ടാൽ, കർത്താവിന് അതിൻ്റെ മറ്റൊരു വ്യാഖ്യാനം ഒരിക്കലും നമുക്കു തരാൻ കഴിയാത്ത വിധം നമ്മുടെ മനസ്സ് ആ വ്യാഖ്യാനത്തിൽ ഉറയ്ക്കപ്പെടാൻ എളുപ്പമാണ്. കുറച്ചു നാളുകൾക്കു മുമ്പ്, ഈ ഉപമ അതിൻ്റെ സന്ദർഭത്തിൽ മനസ്സിലാക്കേണ്ടതിന്, എനിക്കുണ്ടായിരുന്ന നിർണ്ണയം തകർത്ത് പുറത്തു വരാൻ ഞാൻ കർത്താവിനെ അന്വേഷിച്ചു- ഏത് ഉപമയും വ്യാഖ്യാനിക്കുവാൻ എപ്പോഴുമുള്ള ഏറ്റവും നല്ല മാർഗ്ഗം അതു തന്നെയാണ്.
മത്താ. 24: 12ൽ, യേശു പറഞ്ഞത് അന്ത്യനാളുകളിൽ അനേകരുടെ സ്നേഹം തണുത്തു പോകും, എന്നാൽ അവസാനത്തോളം സഹിച്ചു നിൽക്കുന്നവർ (തങ്ങളുടെ സ്നേഹം തണുത്തു പോകാതെ ഇരിക്കുന്നവർ) രക്ഷിക്കപ്പെടും (അല്ലെങ്കിൽ, ദൈവ ഭവനത്തിൽ പ്രവേശിക്കും) (മത്താ. 24: 13). അതിനുശേഷം അവിടുന്ന് കന്യകമാരുടെ ഉപമ പറഞ്ഞു- വിളക്കു കെട്ടുപോയ അഞ്ചു പേരും അവസാനത്തോളം നിലനിന്ന് വീട്ടിൽ പ്രവേശിച്ച അഞ്ചുപേരും (മത്താ. 25). അതുകൊണ്ട് അവിടുന്ന് പറഞ്ഞ എണ്ണയുടെ ഒരു അർത്ഥം പരിശുദ്ധാത്മാവിനാൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന ദിവ്യസ്നേഹത്തെ സൂചിപ്പിക്കുന്നതാകണം. അതുകൊണ്ട് മണവാളൻ വരുമ്പോൾ നമുക്കു ദൈവഗൃഹത്തിൽ പ്രവേശിക്കണമെങ്കിൽ നാം അവസാനത്തോളം ദിവ്യസ്നേഹത്തിൽ നിലനിൽക്കണം. അവസാനത്തോളം നമ്മുടെ വിളക്കുകൾ കത്തിക്കൊണ്ടിരിക്കുവാൻ നമുക്ക് “പാത്രങ്ങളിൽ എണ്ണ” ഉണ്ടായിരിക്കണം എന്നതിൻ്റെ അർത്ഥം ഇതാണ്.
യേശു ഇപ്രകാരം പറഞ്ഞു “അവർ വെറുതെ (കാരണം കൂടാതെ) എന്നെ പകച്ചു” (യോഹ.15:25). എന്നാൽ തിരിച്ച്, അവിടുന്ന് ഒരു കാരണവും കൂടാതെ അവരെ സ്നേഹിച്ചു. നമുക്ക് അവിടുത്തെ മാതൃക പിൻതുടർന്ന് അവസാനത്തോളം സ്നേഹിക്കാം. അല്ലാത്ത പക്ഷം “സ്വയത്തിനു മരിക്കുക” എന്നത് പൊള്ളയായ ഒരു ഉപദേശമായി തീരും- അതിനെ കുറിച്ചു പ്രസംഗിക്കുന്ന അനേകർക്ക് ആയി തീർന്നതുപോലെ. ക്രൂശിൻ്റെ മാർഗ്ഗത്തിൽ നടക്കുന്നതിനെ കുറിച്ചു സംസാരിക്കുന്ന അനേകം വിശ്വാസികൾക്ക് സ്നേഹത്തിൽ മാത്രമല്ല കുറവുള്ളതായി ഞാൻ കണ്ടിരിക്കുന്നത്, എന്നാൽ സാമാന്യ മാനുഷിക മര്യാദയിലും ഉപചാരത്തിലും അവർ കുറവുള്ളവരാണ്. അവർ തങ്ങളുടെ “നിർമ്മല ഉപദേശം” എന്നു പറയപ്പെടുന്ന കാര്യത്തിൽ പുകഴുന്നു, എന്നാൽ അവരുടെ ജീവിതം ദുർഗന്ധമുണ്ടാക്കുന്നു. നമ്മുടെ ഉപദേശം യഥാർത്ഥമായി നിർമ്മലമാണെങ്കിൽ, അപ്പോൾ നമ്മുടെ ജീവിതങ്ങളിൽ നിന്ന് ക്രിസ്തുവിൻ്റെ സ്നേഹത്തിൻ്റെ സൗരഭ്യം പരക്കും.
19-ാം നൂറ്റാണ്ടിലുണ്ടായിരുന്ന ക്വാക്കർ മിഷണറി, സ്റ്റീഫൻ ഗ്രെല്ലെറ്റ് ഒരിക്കൽ ഇപ്രകാരം പറഞ്ഞു, “ഒരിക്കൽ മാത്രമേ ഞാൻ ഈ ലോകത്തിൽ കൂടെ കടന്നു പോകുന്നുള്ളു എന്നു ഞാൻ കരുതുന്നു. അതുകൊണ്ട് സഹജീവികളിൽ ആരോടെങ്കിലും എനിക്കു ചെയ്യാൻ കഴിയുന്ന എന്തെങ്കിലും നന്മ പ്രവൃത്തിയോ അല്ലെങ്കിൽ എനിക്കു കാണിക്കാൻ കഴിയുന്ന ഏതെങ്കിലും ദയയോ, ഇപ്പോൾ തന്നെ ഞാൻ ചെയ്യട്ടെ. അതു മാറ്റി വയ്ക്കുകയോ അവഗണിക്കുകയോ ചെയ്യാതിരിക്കട്ടെ- കാരണം ഈ വഴിയിലൂടെ ഞാൻ വീണ്ടും കടന്നു പോകുകയില്ല”. ആ ഉപദേശം പിൻതുടരുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.