ക്ഷമിക്കുന്ന സ്നേഹം – WFTW 27 ആഗസ്റ്റ്  2023

സാക് പുന്നൻ

അന്യോന്യം ക്ഷമിക്കുന്ന മേഖലയെ കുറിച്ചു ചിന്തിക്കുക. തന്നെത്താൻ നിഷേധിക്കുന്ന ഒരാൾക്കും ഒരിക്കലും മറ്റൊരാൾക്ക് എതിരായി കയ്പ്, അല്ലെങ്കിൽ ഒരു വിദ്വേഷം മനസ്സിൽ സൂക്ഷിക്കാനോ, മറ്റു മനുഷ്യരോട് ക്ഷമിക്കാതിരിക്കാനോ കഴിയുകയില്ല. സ്വയം എപ്പോഴും സിംഹാസനത്തിൽ ആയിരിക്കുന്ന ഹൃദയങ്ങളിൽ മാത്രമേ വിദ്വേഷം (വെറുപ്പ്) നിലനിൽക്കുകയുള്ളു.

തൻ്റെ യജമാനനാൽ വളരെയധികം ഇളച്ചു നൽകപ്പെട്ട ഒരു ദാസന് അയാൾക്ക് വളരെ തുച്ഛമായ ഒരു കടം കൊടുത്തു തീർക്കാനുണ്ടായിരുന്ന അയാളുടെ കൂട്ടു ദാസനോട് ക്ഷമിക്കാൻ കഴിയാതിരുന്നതിനെ കുറിച്ച് യേശു ഒരിക്കൽ ഒരു ഉപമ പറഞ്ഞു. ഈ കാര്യം കേട്ടപ്പോൾ, അവൻ്റെ യജമാനൻ ആ കരുണയില്ലാത്ത ദാസനെ ശിക്ഷിക്കേണ്ടതിന് ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ വിട്ടുകൊടുത്തു. “അതുകൊണ്ട്” യേശു പറഞ്ഞു, “നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും” (മത്താ.18:35). ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏൽപ്പിച്ചു എന്നത് ഒരാൾ വ്യാഖ്യാനിക്കുന്നത് ഏതു വിധത്തിലായാലും കൃത്യമായി അങ്ങനെ തന്നെ, ക്ഷമിക്കാത്ത മനോഭാവം കൈക്കൊള്ളുന്നവരോടും അല്ലെങ്കിൽ സഹവിശ്വാസികൾ ആരോടെങ്കിലും ക്ഷമിക്കാത്ത ആത്മാവ് സൂക്ഷിക്കുന്നവരോടും ചെയ്യുമെന്നാണ് യേശു പറഞ്ഞത്. ഹൃദയത്തിൽ നിന്ന് ക്ഷമിക്കണം എന്നതിനാണ് യേശു ഊന്നൽ കൊടുത്തത് എന്നകാര്യം ശ്രദ്ധിക്കുക. മറ്റു വാക്കുകളിൽ പറഞ്ഞാൽ അത് പൂർണ്ണഹൃദയത്തോടെ ആയിരിക്കണം, ബാഹ്യമായ ഒരു ആചാരമല്ല. നിങ്ങളുടെ മനസ്സിൽ ഇപ്പോഴും കയ്പുണ്ടെങ്കിൽ ഒരാളോടു ക്ഷമിച്ചു എന്ന് പറയുന്നതു അർത്ഥശൂന്യമാണ്.

സ്നേഹത്തെ കുറിച്ചുള്ള ദൈവത്തിൻ്റെ നിയമം നാം ലംഘിക്കുമ്പോൾ നാം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. അതു മാത്രമല്ല നാം നമ്മെ തന്നെയും ഉപദ്രവിക്കുകയാണ്. നൺ ഓഫ് ദീസ് ഡിസീസസ് എന്ന പുസ്തകത്തിൽ ഡോക്ടർ.എസ്.ഐ.മക്മില്ലൻ, ഇപ്രകാരം പറയുന്നു, ”ഞാൻ ഒരു മനുഷ്യനെ വെറുക്കാൻ തുടങ്ങുന്ന ആ നിമിഷം തന്നെ ഞാൻ ഒരടിമയായി തീരുന്നു. എനിക്ക് എൻ്റെ ജോലി അല്പം പോലും സന്തോഷത്തോടെ ചെയ്യാൻ കഴിയുന്നില്ല, കാരണം എൻ്റെ ചിന്തകളെ പോലും നിയന്ത്രിക്കുന്നത് അയാളാണ്. എൻ്റെ വെറുപ്പ് എൻ്റെ ശരീരത്തിൽ മാനസിക പിരിമുറുക്കത്തിൻ്റെ വളരെയധികം ഹോർമോണുകൾ ഉൽപാദിപ്പിക്കുകയും ഏതാനും മണിക്കൂറുകൾ പ്രവർത്തിച്ചു കഴിയുമ്പോഴേക്കും ഞാൻ ക്ഷീണിതനായിത്തീരുകയും ചെയ്യുന്നു. മുമ്പ് ഞാൻ ആസ്വദിച്ചു ചെയ്തിരുന്ന ജോലി ഇപ്പോൾ കഠിനവും വിരസവുമായി തീർന്നിരിക്കുന്നു. അവധിക്കാലം പോലും എനിക്കു സന്തോഷം തരുന്നത് അവസാനിപ്പിച്ചിരിക്കുന്നു. ഞാൻ വെറുക്കുന്ന ആ മനുഷ്യൻ ഞാൻ പോകുന്നിടത്തെല്ലാം എന്നെ പിൻതുടരുന്നു. എൻ്റെ മനസ്സിന്മേലുള്ള അയാളുടെ സ്വേച്ഛാപരമായ പിടിത്തത്തിൽ നിന്ന് എനിക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല”.

രഹസ്യമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന പകയും കയ്പും ഇന്ന് ലോകം മുഴുവനും പ്രവർത്തനങ്ങളുടെ സാഫല്യത്തെയും അനേകം ക്രിസ്ത്യാനികളുടെയും ക്രിസ്തീയ വേലക്കാരുടെയും ശാരീരിക ആരോഗ്യത്തെ പോലും നശിപ്പിക്കുന്നു.

കൂട്ടായ്മ യഥാസ്ഥാനപ്പെടുത്തുന്ന കാര്യത്തിൽ നാം ആണ് മുൻകൈ എടുക്കേണ്ടതെന്ന് യേശു പഠിപ്പിച്ചു, ഒരു സഹോദരനെ നാം വൃണപ്പെടുത്തിയെന്ന് അദ്ദേഹത്തിനു തോന്നിയാൽ പോലും (ശരിയായാലും തെറ്റായാലും) .

യേശു ഇപ്രകാരം പറഞ്ഞു “ആകയാൽ നിൻ്റെ വഴിപാട് യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരനു നിൻ്റെ നേരെ വല്ലതും ഉണ്ടെന്ന് അവിടെ വച്ച് ഓർമ്മ വന്നാൽ, നിൻ്റെ വഴിപാട് അവിടെ യാഗപീഠത്തിൻ്റെ മുമ്പിൽ വച്ചേച്ച്, ഒന്നാമതു ചെന്ന് നിൻ്റെ സഹോദരനോടു നിരന്നു കൊൾക, പിന്നെ വന്നു നിൻ്റെ വഴിപാടു കഴിക്ക” (മത്താ.5:23 ,24- റ്റിഎൽബി ).

അതുപോലെ അവിടുന്നു പറഞ്ഞു, നിങ്ങൾ പ്രാർത്ഥിപ്പാൻ നിൽക്കുമ്പോൾ സ്വർഗ്ഗസ്ഥനായ പിതാവ് നിങ്ങളുടെ പിഴകളേയും ക്ഷമിക്കേണ്ടതിന് നിങ്ങൾക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കിൽ അവനോട് ക്ഷമിപ്പിൻ (മർക്കോ.11:25 – റ്റിഎൽബി).

എല്ലാ സാഹചര്യങ്ങളിലും നമ്മെ തന്നെ നിഷേധിച്ച്, നമ്മുടെ അഹങ്കാരത്തെ (നിഗളത്തെ) വിഴുങ്ങി, കൂട്ടായ്മ മുറിഞ്ഞുപോയ ഇടങ്ങളിലെല്ലാം അത് യഥാസ്ഥാനപ്പെടുത്തേണ്ടതിനു വേണ്ടി “രണ്ടാമത്തെ മൈൽ പോകുവാനാണ്” യേശു നമ്മെ വിളിക്കുന്നത്. ചില സമയങ്ങളിൽ, നിരപ്പ് ഉണ്ടാക്കാനായുള്ള നമ്മുടെ ഏറ്റവും നല്ല പരിശ്രമങ്ങൾ കൂട്ടാക്കാതെ, ആ സഹോദരൻ കഠിനമായ, ക്ഷമിക്കാത്ത മനോഭാവം കൈക്കൊണ്ടേക്കാം, എന്നാൽ നാം അതിനായി പരിശ്രമിച്ചിട്ടുണ്ടെങ്കിൽ, നാം ദൈവത്തിൻ്റെ മുമ്പാകെ നമ്മുടെ ഉത്തരവാദിത്തം നിർവ്വഹിച്ചിരിക്കുന്നു.

നമുക്കും അവിടുത്തെ ശരീരത്തിലുള്ള മറ്റേതെങ്കിലും അംഗങ്ങൾക്കും ഇടയിലുള്ള കാര്യങ്ങൾ നിരപ്പാകതെയും നാം നിരപ്പിനു വേണ്ടി പ്രയത്നങ്ങൾ ഒന്നും ചെയ്യാതെയും ഇരുന്നാൽ, ദൈവത്തിനു നമ്മുടെ ആരാധനയോ നമ്മുടെ ശുശ്രൂഷയോ അല്ലെങ്കിൽ അവിടുത്തേക്കു നാം അർപ്പിക്കുന്ന മറ്റെന്തെങ്കിലുമോ സ്വീകരിക്കാൻ കഴിയുകയില്ല. എത്ര ക്രിസ്ത്യാനികൾ യേശുവിൻ്റെ വാക്കുകൾ ഗൗരവമായി എടുക്കുന്നുണ്ട് എന്ന് ചില സമയങ്ങളിൽ ഞാൻ അതിശയിക്കാറുണ്ട്. അനേകർ ദൈവത്തിൻ്റെ കല്പനകൾ ലഘുവായി കൈകാര്യം ചെയ്യുകയും അതുവഴി ക്രിസ്തുവിൻ്റെ ശരീരത്തിലേക്ക് ആത്മീയ മരണം കൊണ്ടുവരികയും ചെയ്യുന്നു.

ക്ഷമിക്കേണ്ടതിന് പിന്നെയും ഒരു കാരണം പൗലൊസ് നമ്മോടു പറയുന്നത് “സാത്താൻ നമ്മെ തോൽപ്പിക്കാതെ സൂക്ഷിക്കപ്പെടേണ്ടതിന് ആണ്” എന്നാണ് (2 കൊരി. 2: 11 റ്റിഎൽ ബി).