എനിക്ക് ആരും ഇല്ല

ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ പെട്ടെന്നു നിന്നു. ആരോ ചങ്ങല പിടിച്ചു നിര്‍ത്തിയതു പോലെ. കംപാര്‍ട്ടുമെന്റില്‍ വെറുതെ പുറത്തേക്കു നോക്കി മനോരാജ്യം കണ്ടിരുന്നവരും, വായനയില്‍ വ്യാപൃതരായിരുന്നവരും അര്‍ത്ഥമയക്കത്തില്‍ മുഴുകിയിരുന്നവരുമെല്ലാം ഞെട്ടി ഉണര്‍ന്നു. എന്താണ് കാര്യം? എന്തിനാണ് സ്റ്റേഷനല്ലാത്ത ഈ സ്ഥലത്തു ട്രെയിന്‍ നിര്‍ത്തിയത്? യാത്രക്കാര്‍ ഉല്‍ക്കണ്ഠാകുലരായി. ചിലര്‍ ട്രെയിനിനു പുറത്തേക്ക് ഇറങ്ങി. അതിദാരുണമായ ഒരു കാഴ്ചയാണവര്‍ കണ്ടത്. ട്രെയിന്‍ മുട്ടി ഛിന്നഭിന്നമായ ഒരു യുവതിയുടെയും കുഞ്ഞിന്റെയും ശരീരം. യുവതിയുടെ തല വേര്‍പെട്ടു പോയിരുന്നു. കുഞ്ഞിന്റെ ജഡം തിരിച്ചറിയാനാകാത്തവിധം തകര്‍ന്നു പോയി. റെയില്‍പാളങ്ങളിലും സമീപത്തുള്ള കുറ്റിച്ചെടികളിലും ചോര കട്ടപിടിച്ചു നില്‍ക്കുന്നു. കൂകിപ്പാഞ്ഞു വന്ന ട്രെയിനിനു മുമ്പിലേക്കു യുവതി കൈക്കുഞ്ഞുമായി എടുത്തു ചാടുകയാണുണ്ടായതെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. കേരളത്തില്‍ ദിനംപ്രതി നടക്കാറുള്ള ആത്മഹത്യകളില്‍ ഒന്ന്. എന്നിട്ടും യാത്രക്കാരില്‍ പലര്‍ക്കും സംശയം ബാക്കി നിന്നു. എന്താണ് ആ യുവതിയായ അമ്മയെ ഈ ഭീകര കൃത്യത്തിനു പ്രേരിപ്പിച്ചത്? യുവതിയുടെ പേഴ്‌സില്‍ നിന്നു കണ്ടെടുത്ത കത്താണ് അതിനുത്തരം പറഞ്ഞത്. പൊലീസ് അധികാരികളെ സംബോധന ചെയ്ത് എഴുതി വച്ചിരുന്ന ആ കത്ത് ആത്മഹത്യയ്ക്കു പിന്നിലുള്ള കാരണങ്ങളിലേക്കു വെളിച്ചം വീശി.

നിരവധി പേജുകളിലേക്കു നീണ്ടുപോയ കത്ത് ആ യുവതിയുടെയും കുഞ്ഞിന്റെയും ദുഃഖസാന്ദ്രമായ കഥയായിരുന്നു. അവള്‍ ഒരു ചെറുപ്പക്കാരനെ സ്‌നേഹിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ അവര്‍ വിവാഹിതരായി. ഒരു കുഞ്ഞും പിറന്നു. സന്തോഷം അലതല്ലിയ നാളുകള്‍. പക്ഷേ അതു നീണ്ടു നിന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അയാളുടെ ആദ്യത്തെ ആവേശമെല്ലാം തണുത്തുറഞ്ഞു. മദ്യപിച്ചു വൈകി വരുന്ന രാത്രികള്‍. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന കലഹം. അവള്‍ക്കു മടുത്തു. ഒരിറ്റു സാന്ത്വനത്തിനായി അവള്‍ സ്വന്തം വീട്ടുകാരെ സമീപിച്ചു. പക്ഷേ അവിടെയും നിരാശയായിരുന്നു ഫലം. സ്‌നേഹിക്കാന്‍ ആരും ഇല്ലാത്തതുകൊണ്ട്, മറ്റു നിവൃത്തി ഒന്നും കാണാത്തതുകൊണ്ട്, അവള്‍ ആത്മഹത്യയില്‍ അഭയം തേടുന്നു. ഈ ”ക്രൂരമായ ലോകത്ത് എന്റെ മകളെ തനിച്ചാക്കിയിട്ടു പോകാന്‍ മനസ്സില്ലാത്തതുകൊണ്ട് ആ കുഞ്ഞിനേയും കൂടെ കൊണ്ടുപോകുന്നു. എല്ലാവരും ക്ഷമിക്കണം…” കത്ത് അവസാനിക്കുന്നു. പലയിടത്തും കണ്ണീരു വീണു മഷി പടര്‍ന്ന ആ കത്തില്‍ അവള്‍ ആവര്‍ത്തിച്ചിരുന്ന ഒരു വാചകമുണ്ട്. – ”എനിക്കാരുമില്ല.”

സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുള്ള ആഗ്രഹം – മനുഷ്യ ഹൃദയത്തിന്റെ ഒരു പ്രത്യേകതയാണ്. തന്നെ എല്ലാവരും മനസ്സിലാക്കണമെന്നും അംഗീകരിക്കണമെന്നും ഏവരും ആഗ്രഹിക്കുന്നു. പക്ഷേ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് ആര്‍ക്കും ആരേയും ശ്രദ്ധിക്കുവാന്‍ കഴിയുന്നില്ല. അച്ഛന്‍ മക്കളെയോ, മക്കള്‍ മാതാപിതാക്കളെയോ മനസ്സിലാക്കുന്നില്ല. ഭര്‍ത്താവിന്റെ ഹൃദയ വികാരങ്ങള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാനാകാത്ത ഭാര്യ. ഭാര്യയെ അംഗീകരിക്കുവാനോ കരുതുവാനോ സമയം ലഭിക്കാത്ത ഭര്‍ത്താവ്. ശിഥിലമാകുന്ന ഈ മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണകളും മുന്‍വിധികളും സ്ഥാനം പിടിക്കുമ്പോള്‍ തകര്‍ച്ച പൂര്‍ണ്ണമാകുന്നു. ‘എന്നെ ആരും മനസിലാക്കുന്നില്ല. എനിക്ക് ആരും ഇല്ല’ എന്ന തോന്നല്‍ ശക്തമാകുന്നു. ആര്‍ക്കും വേണ്ടാത്തവരുടെ എണ്ണം പെരുകുന്നു. ഒടുവില്‍ ആത്മഹത്യകളിലും ലഹരി മരുന്നുകളുടെ ഇരുണ്ട ലോകത്തും അവര്‍ അഭയം തേടുന്നു.

ഒരുപക്ഷേ ഇതില്‍ നിന്നു വ്യത്യസ്തമായി പുറമെ സംതൃപ്ത ജീവിതം നയിക്കുന്ന ഒരാളാകാം നിങ്ങള്‍. എന്നാല്‍ തിരക്കുകളില്‍ നിന്ന് അകന്ന് ഏകാന്തതയില്‍, തനിയേ ആയിരിക്കുമ്പോള്‍ പേരിട്ടു വിളിക്കാനാകാത്ത ഒരസ്വാസ്ഥ്യം നിങ്ങളെ നൊമ്പരപ്പെടുത്താറില്ലേ? ‘ഈശ്വരാ, എന്നെ മനസ്സിലാക്കാന്‍ ഈ ഭൂമുഖത്ത് ഒരാള്‍ പോലും ഇല്ലല്ലോ’ എന്ന് എത്രവട്ടം നിങ്ങള്‍ സങ്കടപ്പെട്ടിട്ടുണ്ട്. മറ്റൊരു വ്യക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാനാകാത്ത മനുഷ്യ ബന്ധങ്ങളുടെ പരിമിതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ഇവിടെ, നിങ്ങളെ പൂര്‍ണ്ണമായി മനസ്സിലാക്കുന്ന, നിങ്ങളുടെ എല്ലാ പരിമിതികളോടുംകൂടെ നിങ്ങളെ സ്‌നേഹിക്കുന്ന, നിങ്ങളുടെ ഹൃദയവികാരങ്ങളെ മൊത്തമായി പങ്കിടുവാന്‍ കഴിയുന്ന ഒരു നല്ല സ്‌നേഹിതനെ പരിചയപ്പെടുത്തട്ടെ. ഏകദേശം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് മാനവ രാശിയുടെ മുഴുവന്‍ തെറ്റുകള്‍ക്കുമായി ക്രൂശില്‍ മരിച്ച് സംസ്‌ക്കരിക്കപ്പെട്ട് ഉയിര്‍ത്തഴുന്നേറ്റ ദൈവപുത്രനായ യേശുക്രിസ്തു ആണത്. കരയുന്നവരോടുകൂടെ കരയുന്ന കൂട്ടുകാരന്‍. അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ ഏവരേയും ആശ്വസിപ്പിക്കുന്ന നല്ല നാഥന്‍. നമ്മുടെ തെറ്റുകളുടെ പരിഹാരത്തിനായി കുരിശിലേറിയ ത്യാഗധനന്‍. ‘കുഞ്ഞുങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍’ എന്ന് അരുളിച്ചെയ്ത സ്‌നേഹനിധി. പാപിനിയായ സ്ത്രീയെപ്പോലും കുറ്റം വിധിക്കാതെ അവളുടെ തെറ്റുകള്‍ക്കു മാപ്പു കൊടുത്ത ക്ഷമാശീലന്‍. രോഗികളെ സൗഖ്യമാക്കിയ പരമ വൈദ്യന്‍. ‘ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു’ എന്ന് അരുളിയ ഗുരുദേവന്‍. ഇങ്ങനെ വിവിധ നിലകളില്‍ യേശുക്രിസ്തു ഈ ലോകത്തില്‍ പ്രവര്‍ത്തിച്ചു.
പക്ഷേ യേശുവിനെ ഒരു മനുഷ്യസ്‌നേഹിയായോ നല്ല ഗുരുവായോ മാത്രം മനസ്സിലാക്കിയതുകൊണ്ട് പ്രയോജനമില്ല. മറിച്ച് ദൈവമായ തന്നെ നിങ്ങളുടെ കര്‍ത്താവും രക്ഷിതാവുമായി അംഗീകരിച്ചാല്‍ മാത്രമേ ജീവിതത്തിനു പുതിയ ഒരര്‍ത്ഥവും ഹൃദയ സമാധാനവും കൈവരികയുള്ളു. ഇവിടെ ഒരു സംശയം ഉണ്ടായേക്കാം. നൂറ്റാണ്ടുകള്‍ക്കു മുമ്പു ജീവിച്ചിരുന്ന യേശുദേവനെ ഇന്ന് എങ്ങനെയാണ് ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ്യമായി നമുക്ക് അനുഭവിക്കാന്‍ കഴിയുക? വിശ്വാസംമൂലം എന്നാണതിനുള്ള മറുപടി. യേശുദേവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചു മണ്ണടിഞ്ഞു പോയ ഒരു ചരിത്ര പുരുഷനല്ല. മരണത്തെ ജയിച്ചു താന്‍ ഉയിര്‍ത്തെഴുന്നേറ്റു. ഇന്നും മനുഷ്യഹൃദയങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയുന്ന ഒരു സജീവ ശക്തിയായി ജീവിക്കുന്നു. ഈ യേശുവിനെ വിശ്വാസം മൂലം നമുക്കു ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ്യമായി മനസ്സിലാക്കാന്‍ കഴിയും. ചരിത്രത്തിന്റെ ഏടുകളില്‍ കാണുന്ന നിരവധി മഹദ് വ്യക്തികളില്‍ നിന്നു യേശുവിനെ വ്യത്യസ്തനാക്കുന്നത് ഈ വസ്തുതയാണ്.

യേശു നമ്മെ ഓരോരുത്തരേയും വ്യക്തിപരമായി സ്‌നേഹിക്കുന്നു. നമ്മുടെ ഹൃദയത്തില്‍ വസിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. യേശുക്രിസ്തു പറയുന്നു: ”ഞാന്‍ വാതില്‍ക്കല്‍ നിന്നു മുട്ടുന്നു. ആരെങ്കിലും എന്റെ ശബ്ദം കേട്ടു വാതില്‍ തുറന്നാല്‍ ഞാന്‍ അവനോടും അവന്‍ എന്നോടും കൂടെ അത്താഴം കഴിക്കും.” നിങ്ങളുടെ ഹൃദയ കവാടം ഈ സ്‌നേഹവാനായ യേശുവിനായി തുറന്നു കൊടുക്കുമോ? നിങ്ങളുടെ തെറ്റുകളുടെ പരിഹാരത്തിനു വേണ്ടിയാണ് യേശുക്രിസ്തു ക്രൂശില്‍ മരിച്ചതെന്നു ഹൃദയപൂര്‍വ്വം വിശ്വസിക്കയും ‘എന്റെ ഹൃദയത്തില്‍ കടന്നുവന്ന് എന്നെ ഒരു പുതിയ സൃഷ്ടിയാക്കി തീര്‍ക്കേണമേ’ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുക. തെറ്റുകളെക്കുറിച്ചുള്ള തികഞ്ഞ പശ്ചാത്താപത്തോടെ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ ഹൃദയത്തില്‍ ഇതുവരെ ഇല്ലാത്ത ഒരു സമാധാനം കൈവന്നതായി നിങ്ങള്‍ക്ക് അനുഭവപ്പെടും. ജീവിതത്തിനു പുതിയ ഒരു അര്‍ത്ഥം കൈവന്നതുപോലെ. ഇതോടെ നിങ്ങള്‍ ‘ആരും ഇല്ലാത്തവനല്ല.’ മറിച്ച് യേശു നിങ്ങളുടെ ഉള്ളത്തില്‍ വസിക്കുവാന്‍ ആരംഭിക്കുന്നതോടെ നിങ്ങള്‍ ഏറ്റവും വലിയ ഭാഗ്യവാനായി തീരുന്നു. ദൈവമകനോ മകളോ ആയി മാറുന്നു. ഇതില്‍പ്പരം എന്താണ് ഈ ലോകത്ത് നമുക്ക് ആഗ്രഹിക്കുവാനുള്ളത്? ഏതു പ്രശ്‌നവും, നമ്മുടെ ഏറ്റവും അടുത്ത പ്രിയപ്പെട്ടവരോടുപോലും പറയാന്‍ കഴിയാത്തതായാലും നമ്മുടെ നാഥനുമായി പങ്കിടുവാന്‍ കഴിയും. അവന്‍ നമ്മെ കരുതുന്നു; സ്‌നേഹിക്കുന്നു, ”നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്… ഞാനോ ലോകാവസാനത്തോളം എല്ലാ നാളും നിങ്ങളോടു കൂടെയുണ്ട്” എന്ന അവിടുത്തെ വാക്കുകള്‍ നമുക്കു ധൈര്യം നല്‍കുന്നു. യേശുദേവനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി അംഗീകരിച്ചു ജീവിതത്തില്‍ സമാധാനം നേടുന്നതു ലളിതമായ വിശ്വാസത്തിന്റെ മാര്‍ഗ്ഗമാണ്. ഈ വിശ്വാസം സ്വീകരിച്ച് സമാധാനമായി ജീവിക്കുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ ഈ ലോകത്തുണ്ട്. ഇവര്‍ക്കാര്‍ക്കും ജീവിതത്തില്‍ പിന്നെ ഒരു പ്രശ്‌നവും ഇല്ലെന്നല്ല ഇതിനര്‍ത്ഥം. എന്നാല്‍ ദൈനംദിന ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പ്രയാസങ്ങളും തങ്ങളുടെ കര്‍ത്താവുമായി പങ്കിട്ടും പ്രാര്‍ത്ഥിച്ചും യേശുവിലുള്ള വിശ്വാസത്തിന്റെ പിന്‍ബലത്തോടെ സമാധാനമായി ജീവിക്കുവാന്‍ അവര്‍ക്കു കഴിയുന്നുണ്ട്. ഇതൊരു ഭാഗ്യകരമായ അനുഭവമല്ലേ? നിങ്ങള്‍ക്കും വിശ്വാസത്താല്‍ ഈ ഭാഗ്യാവസ്ഥയിലേക്കു കടന്നു വരുവാന്‍ കഴിയും. നിങ്ങളുടെ മതമോ, ജാതിയോ, ഭാഷയോ, ദേശമോ ഒന്നും ഇതിനു തടസ്സമല്ല. ജീവിതത്തിലെ നിരാശയോടും അസമാധാനത്തോടും ഇന്നുതന്നെ വിട പറയുക. നിങ്ങള്‍ ആര്‍ക്കും വേണ്ടാത്തവനല്ല. മറിച്ച് നിങ്ങളെ സ്‌നേഹിക്കുന്ന കരുതുന്ന, യേശുദേവന്‍ നിങ്ങളുടെ ജീവിതത്തിന്റെ കൂട്ടാളിയായിരിക്കും. ‘എനിക്ക് ആരും ഇല്ല’ എന്ന പരിദേവനം അവസാനിപ്പിക്കുക. സന്തോഷത്തിന്റെ പാതയിലേക്കു വിശ്വാസത്താല്‍ ആദ്യത്തെ ചുവടു വയ്ക്കുക.

കഴിഞ്ഞകാല ജീവിത്തില്‍ ചെയ്ത തെറ്റുകളെക്കുറിച്ചുള്ള ആത്മാര്‍ത്ഥമായ അനുതാപത്തോടെ ഇപ്പോള്‍ത്തന്നെ ഇപ്രകാരം ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിക്കുക: ”കര്‍ത്താവായ യേശുവേ, എന്റെ തെറ്റുകളുടെയും കുറവുകളുടെയും പരിഹാരത്തിനായാണ് അവിടുന്നു രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍വറി ക്രൂശില്‍ മരിച്ചത്. ഞാനത് വിശ്വസിക്കുന്നു. എന്റെ തെറ്റുകളെ ക്ഷമിക്കണമേ. ഞാന്‍ അനുതപിക്കുന്നു. എന്റെ ഹൃദയത്തിലേക്ക് എന്റെ ജീവിതത്തിന്റെ നാഥനും കര്‍ത്താവുമായി അവിടുന്നു വരണമേ. എന്നെ അവിടുത്തെ മകനാക്കി/മകളാക്കി തീര്‍ത്തതിനായി നന്ദി. ആമേന്‍.”
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!