പുതിയ ഉടമ്പടി പ്രവചനം വിനിയോഗിക്കുന്നത് – WFTW 7 ഏപ്രിൽ 2024

ബോബി മക്ഡൊണാൾഡ്

(മൂപ്പൻ, എൻ സി സി എഫ് ചർച്ച്, സാൻജോസ്, കാലിഫോർണിയ, യു എസ് എ)

“പ്രവചനവരം വാഞ്ഛിപ്പിൻ” (1 കൊരി. 14:39).

1. നിർവചനം. പ്രവചനം എന്നാൽ “ആത്മിക വർധനയ്ക്കും, പ്രബോധനത്തിനും ആശ്വാസത്തിനു”മായി ആളുകളോട് സംസാരിക്കുന്നതാണ് – അല്ലെങ്കിൽ മറ്റു വാക്കുകളിൽ പറഞ്ഞാൽ, “പ്രോത്സാഹനത്തിനും ശക്തിക്കും ആശ്വാസത്തിനും വേണ്ടി” (1 കൊരി. 14: 3 – എൻ എൽ ടി). എബ്രായർ 3:13ൽ നമ്മോടു പറഞ്ഞിരിക്കുന്നത്- അന്യോന്യം പ്രോത്സാഹിപ്പിക്കാനാണ്‌ – അവരെ മുകളിലേക്ക് ഉയർത്തുവാൻ- സ്നേഹത്തിൽ. അതുകൊണ്ട്, പ്രവചനത്തിൽ, നാം പ്രാഥമികമായി പ്രോത്സാഹനത്തിൽ കേന്ദ്രീകരിക്കണം – അതുവഴി നിരുത്സാഹിതരായവരെ മുകളിലേക്ക് ഉയർത്താൻ കഴിയണം – അങ്ങനെ പാപത്താൽ കഠിനപ്പെടുന്നതിൽ നിന്ന് അവരെ തടയാൻ കഴിയും. അതു നാം നന്നായി ചെയ്യുമെങ്കിൽ, അപ്പോൾ അവരെ വെല്ലുവിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും പാപത്തെ കുറിച്ചു ബോധ്യം വരുത്തുകയും ചെയ്യുന്ന വാക്കുകൾ സംസാരിക്കാൻ നമ്മെ പ്രാപ്തരാക്കാൻ കർത്താവിനും കഴിയും. പ്രവചനം അന്യഭാഷയെക്കാൾ മെച്ചമായതാണ്, കാരണം പ്രവചനം സഭയിലുള്ളവർക്ക് ആത്മീക വർധന വരുത്തുന്നു, അതേസമയം “അന്യഭാഷ” അതു സംസാരിക്കുന്ന ആളിനു മാത്രമേ ആത്മീക വർധന ഉണ്ടാക്കുന്നുള്ളു (1 കൊരി. 14:4).

2. പ്രവചനം എല്ലാവർക്കും വേണ്ടിയാണ്. സഭയിലുള്ള ഓരോരുത്തനും പ്രവചനവരത്തിനായി അന്വേഷിക്കണം (1കൊരി.14:31 പ്രകാരം). അത് സഹോദരിമാർക്കും ഉണ്ടാകാവുന്ന ഒരു വരമാണ്- കേവലം സഹോദരന്മാർക്കു മാത്രമല്ല. സഹോദരിമാർ പ്രവചിക്കുമ്പോൾ അവരുടെ തലയിൽ മൂടുപടമിടണം. അതിൻ്റെ കാരണം ഇതാണ്: 1കൊരി.4:3-15 പഠിപ്പിക്കുന്നത് സ്ത്രീയുടെ തല പുരുഷനാണെന്നാണ്. അതുകൊണ്ട് ഒരു സ്ത്രീ അവളുടെ തല മൂടുമ്പോൾ, അതിലൂടെ അവർ നിശബ്ദമായി സാക്ഷ്യപ്പെടുത്തുന്നത് സഭയിൽ പുരുഷൻ്റെ മഹത്വം മറയ്ക്കപ്പെടണം എന്നാണ് – ദൈവത്തിൻ്റെ മഹത്വം മാത്രം കാണപ്പെടേണ്ടതിന്.

3. അത് വ്യക്തിപരമാണെന്ന് ഉറപ്പാക്കുക. പ്രസംഗിക്കാൻ ഒരു വചനം തയ്യാറാക്കുമ്പോൾ സിദ്ധാന്തമല്ല നമ്മുടെ വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് എന്ന് തീർച്ച വരുത്തണം. നേരത്തേ പ്രായോഗികമാക്കിയ കാര്യങ്ങൾ മാത്രമേ യേശു സംസാരിച്ചിട്ടുള്ളു. (അപ്പൊ. പ്ര.1:1 പറയുന്നത്: “യേശു ആദ്യം ചെയ്തു പിന്നീട് പഠിപ്പിച്ചു” എന്നാണ്). നാം ഒരിക്കലും പ്രായോഗികമാക്കാത്ത സിദ്ധാന്തങ്ങൾ പ്രസംഗിക്കരുത്! പുതിയതായി ഒന്നും പങ്കുവയ്ക്കാൻ നമുക്കില്ലെങ്കിൽ, അപ്പോൾ നേരത്തെ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ആവർത്തിക്കുന്നത് ഏറ്റവും നല്ലതാണ്- എന്നാൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും പ്രയോഗിച്ചിട്ടില്ലാത്ത കാര്യങ്ങളായിരിക്കരുത്. നാം ക്രിസ്തുവിനോടുള്ള അനുസരണത്തിൽ ജീവിച്ചാൽ മാത്രമെ ക്രിസ്തുവിൻ്റെ അധികാരം നമ്മെ പിന്താങ്ങുകയുള്ളു. അതുകൊണ്ട്, നാം ദൈവവചനം പഠിക്കുമ്പോൾ, നാം അതുപോലെ ചെയ്യണം, നമ്മുടെ സ്വന്തം ജീവിതത്തിൽ അത് ആദ്യം തന്നെ അനുസരിക്കണം. അപ്പോൾ നമ്മുടെ ജീവിതത്തിൽ പ്രായോഗികമാക്കിയതും അനുഭവിച്ചതുമായ കാര്യങ്ങളെ കുറിച്ചു നമുക്കു സംസാരിക്കാൻ കഴിയും.

4. താഴ്മയുള്ള ഒരു ഹൃദയം ഉണ്ടായിരിക്കുക. നാം ഒരിക്കലും ആത്മധൈര്യത്തിൽ ഒന്നും പങ്കുവയ്ക്കരുത്. കൂടാതെ നാം ആളുകൾക്കു നേരെ പ്രസംഗിക്കരുത്. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നാം പരിഹരിച്ചിരിക്കുന്നു എന്ന ഒരു മതിപ്പ് നാം മറ്റുള്ളവർക്കു കൊടുക്കരുത്! പകരം, നമ്മുടെ വിശ്വാസത്തിന് ഒത്തവണ്ണം മാത്രം നാം പ്രവചിക്കണം (റോമ. 12:6). നാം എല്ലായ്പ്പോഴും താഴ്മയുള്ള ഒരു ഹൃദയത്തോടെ സംസാരിക്കണം, യേശുവിനെ മാത്രം ഉയർത്തിക്കൊണ്ട്. യേശു മാത്രം ഉയർത്തപ്പെടുമ്പോൾ, അവിടുന്ന് ആളുകളെ തങ്കലേക്ക് ആകർഷിക്കും (യോഹ. 12:32). അതുകൊണ്ട് അവിടുത്തെ വചനം പ്രഘോഷിക്കുമ്പോൾ എല്ലാ സമയങ്ങളിലും താഴ്മയുള്ള ഒരു ഹൃദയം ഉണ്ടാകേണ്ടതിന് കർത്താവു നമ്മെ സഹായിക്കുവാനായി നാം അധികം പ്രാർത്ഥിക്കണം.

5. ജഡത്തിൽ ഒരാശ്രയവും വയ്ക്കരുത്. “ജഡത്തിൽ ആശ്രയിക്കാതിരിക്കുന്ന നാമല്ലോ യഥാർഥ പരിഛേദനക്കാർ” (ഫിലി. 3:3). പരസ്യമായി സംസാരിക്കാൻ നമുക്കു ധൈര്യം കുറവാണെങ്കിൽ, നാം പിൻവാങ്ങരുത്, എന്നാൽ ശക്തിക്കു വേണ്ടി കർത്താവിനെ അന്വേഷിക്കുക – അവിടുന്നു നമ്മെ ശക്തീകരിക്കും. എന്നാൽ പരസ്യമായി പ്രസംഗിക്കാൻ നമുക്ക് സ്വാഭാവികമായ ഒരു കഴിവുണ്ടെങ്കിൽ, അതിൽ ആശ്രയിക്കുന്നില്ല എന്നു നാം ഉറപ്പുവരുത്തണം; എന്നാൽ നമ്മെ ശക്തിപ്പെടുത്തേണ്ടതിന്, പ്രാർഥനയിൽ നാം വളരെയധികം കർത്താവിൽ ആശ്രയിക്കണം. വിശ്വാസവും കർത്താവിലുള്ള ആശ്രയവുമാണ് പ്രവചനത്തിൽ ഏറ്റവും അത്യാവശ്യമായിരിക്കുന്നത്.

6. അധികമായി പ്രാർത്ഥിക്കുക. കൃത്യമായി എന്താണ് പങ്കുവയ്ക്കേണ്ടത് അല്ലെങ്കിൽ എന്തു പങ്കുവയ്ക്കരുത് എന്നതിനു വേണ്ട വിവേകത്തിനായി അപേക്ഷിച്ചു കൊണ്ട് നാം പ്രാർത്ഥിക്കണം (യാക്കോ.1:5). നാം സംസാരിക്കുമ്പോൾ, ശരിയായ ആത്മാവിൽ ശരിയായ ലക്ഷ്യത്തോടു കൂടി പറയുവാൻ നമ്മെ പ്രാപ്തരാേക്കേണ്ടതിനു വേണ്ട പരിശുദ്ധാത്മ ശക്തിക്കായി നാം ചോദിക്കണം (ലൂക്കോ.11:13). നാം പറഞ്ഞു തീരുമ്പോഴും പ്രാർത്ഥിക്കുന്നത് ഒരു ശീലമാക്കണം. വിതയ്ക്കപ്പെട്ട വിത്ത് ചില നല്ല നിലത്തു വീണ് ഫലം പുറപ്പെടുവിക്കേണ്ടതിന്നും, മറ്റുള്ളവർ നാം പങ്കുവെച്ചതിനെ അഭിനന്ദിച്ചാൽ നിഗളമുണ്ടാകാതെയും, നാം പങ്കുവെച്ചതിനെ ആരും അഭിനന്ദിച്ചില്ലെങ്കിൽ നിരാശപ്പെടാതെ കർത്താവു നമ്മെ സൂക്ഷിക്കേണ്ടതിനും കൂടെ നാം പ്രാർഥിക്കണം. ഏറ്റവും കാര്യമായുള്ളത്, നാം സംസാരിച്ചത്, നാം പറയണമെന്ന് കർത്താവ് ആഗ്രഹിച്ച കാര്യമാണോ എന്നതും അതു നാം താഴ്മയോടെയാണോ സംസാരിച്ചത് എന്നതും മാത്രമാണ്. അവ നാം ചെയ്തെങ്കിൽ, അപ്പോൾ ദൈവം മഹത്വപ്പെട്ടിരിക്കും – അതാണ് സർവപ്രധാനം.

7. തയ്യാറെടുപ്പു നടത്താനായി സമയം ചെലവഴിക്കുക. നമുക്കു സംസാരിക്കുന്നത് ഒരു ബുദ്ധിമുട്ടാണെങ്കിൽ, അപ്പോൾ നാം സംസാരിക്കാൻ പോകുന്നതെന്താണെന്നു ചിട്ടപ്പെടുത്താൻ കൂടുതൽ സമയം നാം ചെലവഴിക്കണം, സംസാരിക്കാൻ നൽകപ്പെട്ടിരിക്കുന്ന സമയത്തോട് ചേർന്നിരിക്കുക, നാം ഊന്നൽ കൊടുക്കുന്ന പോയിൻ്റിൽ ഉറച്ചു നിൽക്കുക. നാം പങ്കുവയ്ക്കാനാഗ്രഹിക്കുന്നത് എഴുതി വച്ചാൽ, ട്രാക്കിൽ തന്നെ നിലനിൽക്കാനും നൽകപ്പെട്ടിരിക്കുന്ന സമയം പാലിക്കാനും നമുക്കു കഴിയും. എന്നാൽ നാം നേരത്തേ തന്നെ കഠിനാധ്വാനം ചെയ്യണം. വേദപുസ്തകം പറയുന്നത് നാം വിതയ്ക്കുന്നതു കൊയ്യും എന്നാണ് (ഗലാത്യർ 6:7). സദൃശ്യവാക്യങ്ങൾ 13:4 പറയുന്നത് ഉത്സാഹികളുടെ പ്രാണന് പുഷ്ടിയുണ്ടാകും എന്നാണ്. കഠിനാധ്വാനത്തിന് ദൈവം പ്രതിഫലനം നൽകുന്നു. 1കൊരി.14:40 നമ്മോടു പറയുന്നത്. “സകലവും ഉചിതമായും ക്രമമായും നടക്കട്ടെ” എന്നാണ്. അതുകൊണ്ട്, എല്ലായ്പ്പോഴും തെളിവായി സംസാരിക്കാൻ ശ്രമിക്കുക – ക്രമമായും ആളുകൾക്ക് എളുപ്പത്തിൽ സ്വീകരിക്കാൻ കഴിയുംവിധവും ആയിരിക്കണം നാം എല്ലായ്പോഴും ദൈവവചനം നൽകുന്നത്, ഒരു നല്ല പാചക വിദഗ്ദ്ധൻ, ആളുകൾക്ക് എളുപ്പത്തിൽ ദഹിക്കുന്ന ഒരു വിഭവം തയ്യാറാക്കാൻ കഠിന പ്രയത്നം ചെയ്യുന്നതു പോലെ. എപ്പോഴും പുതിയ ചില കാര്യങ്ങൾ പറയാൻ ശ്രമിക്കാതെ ചില വസ്തുതകൾ ആവർത്തിച്ചു പറയാൻ നാം മനസ്സുള്ളവരായിക്കണം. കർത്താവു നമ്മുടെ ഹൃദയത്തിൽ ഇട്ടിരിക്കുന്നത് അമിതാവേശം ഉണർത്തുന്നതായി കാണപ്പെടുകയില്ലായിരിക്കാം. എന്നാൽ നാം പങ്കുവയ്ക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതാണ് നാം പങ്കുവയ്ക്കുന്നതെന്ന് നമുക്കു നിശ്ചയമുണ്ടെങ്കിൽ (നമ്മുടെ അറിവിൻ്റെ പരമാവധി), അപ്പോൾ കർത്താവ് അതിനെ അനുഗ്രഹിക്കും എന്നു നമുക്ക് തീർച്ചപ്പെടുത്താം.

8. അതു ലളിതമായി നിലനിർത്തുക. യേശു എപ്പോഴും ലളിതമായി സംസാരിച്ചു. അവിടുന്നു പഠിപ്പിച്ച കാര്യങ്ങളിൽ പ്രായോഗികത ഉള്ളയാളായിരുന്നു – തന്നെയുമല്ല അവിടുത്തെ വാക്കുകൾ എപ്പോഴും മനസ്സിലാക്കാൻ എളുപ്പമുള്ളതായിരുന്നു. ആളുകൾ നൈപുണ്യമുള്ള വാക്കുകളും പ്രസംഗ പാടവവും ഉപയോഗിക്കുമ്പോൾ സത്യം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്! ഒരു കുഞ്ഞിനു പോലും മനസ്സിലാക്കാൻ കഴിയുന്നതും നാം പറയുന്നതിൽ നിന്ന് എന്തെങ്കിലും ലഭിക്കാൻ കഴിയുന്നതുമായ വിധത്തിൽ നാം എപ്പോഴും സംസാരിക്കണം.

9. എപ്പോൾ നിർത്തണമെന്ന് അറിയുക. യേശു ഒരിക്കലും തൻ്റെ സന്ദേശങ്ങൾ വലിച്ചു നീട്ടിക്കൊണ്ടുപോയില്ല. ഗിരിപ്രഭാഷണം ഏതാണ്ട് 20 മിനിറ്റ് ദൈർഘ്യമേയുള്ളൂ. വളരെ ചെറിയ ഒരു സമയം കൊണ്ട് ദൈവത്തിന് ഒരു ശക്തമായ വചനം പ്രസംഗിക്കാൻ കഴിയും! വളരെ ദീർഘ നേരം പ്രസംഗിക്കുന്നത് മിക്കയാളുകൾക്കും ദഹിക്കാൻ പ്രയാസമുള്ളതാക്കും. പലയാളുകളുടെയും ശ്രദ്ധ നഷ്പ്പെടുത്താനും ഇടയാകും. അളവിനേക്കാൾ ഗുണമേന്മയാണ് പ്രധാനം. സഭാപ്രസംഗി 6:11 ഇപ്രകാരം പറയുന്നു, “നീ സംസാരിക്കുന്ന വാക്കുകൾ അധികമാകുന്തോറും, അതിൻ്റെ അർത്ഥം കുറഞ്ഞു പോകുന്നു. അതുകൊണ്ട് അവയ്ക്ക് എന്തു ഗുണമുണ്ട്” ? (എൻ.എൽ.ടി). വളരെ കുറച്ചു പേർക്കു മാത്രമേ ഒരു നീണ്ട പ്രസംഗത്തിനായി ആളുകളുടെ ശ്രദ്ധ പിടിച്ചു നിർത്താനുള്ള കഴിവുള്ളു. കർത്താവു നമ്മുടെ ഹൃദയത്തിൽ ഇട്ടിരിക്കുന്നത് ചുരുക്കമായി സംസാരിക്കുന്നതാണ്, നീണ്ട സന്ദേശങ്ങൾ പ്രസംഗിച്ച്- ആളുകളുടെ താത്പര്യം നഷ്ടപ്പെട്ട് തങ്ങളുടെ വാച്ചിലേക്ക് നിരന്തരമായി നോക്കി കൊണ്ടിരിക്കുന്ന അവസ്ഥയിലേക്ക് അവരെ കൊണ്ടുവരുന്നതിനേക്കാൾ (ലൂക്കോ. 14:8-11) നല്ലത്.

10. ഭയമുള്ളവനോ ഭീരുവോ ആകാതെ ധീരനായിരിക്കുക. “ദൈവം നമുക്കു തന്നത് ഭീരുത്വത്തിൻ്റെയോ ഭയത്തിൻ്റെയോ ആത്മാവിനെ അല്ല എന്നാൽ ധൈര്യത്തിൻ്റെ ആത്മാവിനെ അത്രെ” (2 തിമൊ. 1:7). ക്രിസ്തു ആരാണെന്നും അവിടുന്ന് നമ്മുടെ തന്നെ ജീവിതങ്ങളിൽ ചെയ്തിരിക്കുന്നതെന്താണെന്നും അറിയാവുന്നതുകൊണ്ട് നമുക്ക് ധൈര്യമുള്ളവരായിരിക്കാൻ കഴിയും. ദൈവത്തിന് നമ്മുടെ അപൂർണതകൾ പോലും ഉപയോഗിക്കാനും അവയിലൂടെ മറ്റുള്ളവരെ അനുഗ്രഹിക്കാനും കഴിയും. നമുക്കു ചെയ്യാൻ കഴിയുന്ന അൽപം നാം ചെയ്യുമെങ്കിൽ, നമുക്കു കഴിയാത്തത് ദൈവം ചെയ്ത്, നാം പറയുന്നതിനെ എല്ലാം ദൈവം അനുഗ്രഹിക്കും. കൽഭരണികൾ വെള്ളം കൊണ്ടു നിറയ്ക്കാൻ നാം വിശ്വസ്തരാണെങ്കിൽ (കാനാവിലെ പോലെ), അപ്പോൾ കർത്താവ് പച്ച വെള്ളത്തെ വീഞ്ഞാക്കി മാറ്റും (യോഹ. 2:1 – 11). ഇതു ചെയ്യാൻ നാം ദൈവത്തിൽ ആശ്രയിക്കണം. ദൈവത്തിനു നമ്മുടെ ബലഹീനതയിലൂടെ അനേകരെ അനുഗ്രഹിക്കാൻ കഴിയും, നാം ദൈവത്തിൽ ആശ്രയിക്കുമെങ്കിൽ.

11. എപ്പോഴും ഹൃദയത്തിൽ നിന്നു പ്രവചിക്കുക. നമ്മുടെ തലയിൽ നിന്നുള്ളത് പഠിപ്പിക്കരുത്. വേദപുസ്തകം പറയുന്നത് എല്ലാവർക്കും പ്രവചിക്കാം (1കൊരി. 14:31) എന്നാൽ എല്ലാവർക്കും ഉപദേഷ്ടാക്കൾ (അധ്യാപകർ) ആകാൻ കഴിയുകയില്ല എന്നാണ് (1 കൊരി. 12:29). പഠിപ്പിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. എന്നാൽ വളരെ കുറച്ചുപേർ മാത്രമാണ് ഉപദേഷ്ടാക്കന്മാരാകാൻ വിളിക്കപ്പെട്ടിരിക്കുന്നത്; അതുകൊണ്ട് ദൈവം നമുക്ക് അങ്ങനെയൊരു വിളി തന്നിട്ടില്ലെങ്കിൽ, നാം ഒരിക്കലും പഠിപ്പിക്കാൻ ശ്രമിക്കരുത്, 1 കൊരി. 8:1 പറയുന്നത് “അറിവ് മനുഷ്യരെ ചീർപ്പിക്കുന്നു” എന്നാണ്. അത് മറ്റുള്ളവരെ പുച്ഛത്തോടെ നോക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. നാം എന്തു പറയുന്നു എന്നതല്ല പ്രധാനം എന്നാൽ നാം അത് എങ്ങനെ പറയുന്നു എന്നതാണ് പ്രധാനം (എന്തുലക്ഷ്യത്തോടെയാണ് എന്നതും) മറ്റുള്ളവവരുടെ നന്മ എല്ലായ്പോഴും നമ്മുടെ മനസ്സിൽ ഇല്ലെങ്കിൽ, അറിവ്, ഉപദേശം, ആളുകളുടെ മനസ്സിനെ ഇളക്കി അവരെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾ മുതലായവയിൽ കേന്ദ്രീകരിക്കാൻ നാം ശ്രമിക്കും!! ഏതുവിധേനയും നമ്മുടെ വിളി ആളുകളെ ഉയർത്തുവാനും വെല്ലുവിളിക്കുവാനുമാണ്.

12. പ്രവചന വരത്തിനായി അതിവാഞ്ഛയോടെ അന്വേഷിക്കുക – മറ്റുള്ളവരോടുള്ള സ്നേഹത്തിൽ (1 കൊരി. 14.1). നാം ചെയ്യുന്നതെല്ലാം സ്നേഹത്തിൽ നിന്ന് ഒഴുകണം. സ്നേഹം ഇല്ലാതെ ചെയ്യുന്ന ഏറ്റവും നല്ല പ്രവൃത്തിയും വിലയില്ലാത്തതാണ്. അതുകൊണ്ട്, നാം സഭയോടുള്ള സ്നേഹത്തിൽ നിന്നും മറ്റുള്ളവരെ പണിത് ഉയർത്തി അവരെ സഹായിക്കുവാനുള്ള ആഗ്രഹത്തിൽ നിന്നും ഉള്ള പ്രവചന വരത്തിനായി നാം അന്വേഷിക്കണം. എപ്പോഴും നമ്മുടെ ലക്ഷ്യം ഇതായിരിക്കണം. ബ്രദർ സാക് പുന്നൻ പറഞ്ഞിരിക്കുന്നതു പോലെ, “ഒരു ദൈവഭൃത്യന് തൻ്റെ ഹൃദയത്തിൽ എപ്പോഴും ഉണ്ടായിരിക്കേണ്ട രണ്ടു കാര്യങ്ങൾ ദൈവ വചനവും ദൈവജനവും ആണ്”.

13. വ്യക്തിപരമായ സംഭാഷണത്തിൽ പോലും പ്രവചിക്കുക. പ്രവചനം എന്നത് ഒരു സഭാ യോഗത്തിൽ നാം പരസ്യമായി സംസാരിക്കുമ്പോൾ മാത്രമായി പരിമിതപ്പെടുത്തരുത്. മറ്റുള്ളവരുമായുള്ള നമ്മുടെ സംഭാഷണങ്ങളിലും നമുക്ക് പ്രവചിക്കാൻ കഴിയും. അത് ഫോണിലൂടെ ചിലരെ പ്രോത്സാഹിപ്പിക്കുന്നതോ അല്ലെങ്കിൽ ഒരു ടെക്സ്റ്റ് മെസേജിലൂടെയോ, അല്ലെങ്കിൽ ആരോടെങ്കിലും അവരുടെ ഭവനത്തിൽ വച്ച് പങ്കുവയ്ക്കുമ്പോഴോ ആകാം. പ്രോത്സാഹനമാണ് പ്രവചനം, അതുകൊണ്ടു നാം എല്ലാ ദിവസവും ആളുകളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കണം (എബ്രാ. 3:13). നാം സ്നേഹിക്കുന്നവർ പാപത്താൽ കഠിനപ്പെടുന്നതിൽ നിന്ന് അത് അവരെ സൂക്ഷിക്കും. നാം മറ്റുള്ളവരെ അനുഗ്രഹിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഇങ്ങനെയാണ് അതു ചെയ്യാൻ കഴിയുന്നത്. അവസരങ്ങൾക്കായി നാം നമ്മുടെ കണ്ണുകൾ തുറന്നു വയ്ക്കുക. കർത്താവ് നമ്മോടു സംസാരിച്ച എന്തെങ്കിലും കാര്യങ്ങൾ നമ്മെ അനുഗ്രഹിച്ചെങ്കിൽ, അപ്പോൾ അതിനെ കൊണ്ട് നമുക്കു മറ്റു ചിലരെ അനുഗ്രഹിക്കാം. പ്രവചനം എന്നാൽ “ശരിയായ വാക്ക് – ശരിയായ സമയത്ത് പറയുന്നതാണ്”. അതാണ് മറ്റുള്ളവർക്ക് ഏറ്റവും അധികം അനുഗ്രഹം കൊണ്ടുവരുന്നത്.

ഇനി പ്രവചിക്കേണ്ടതിന് നമുക്ക് ആത്മാർത്ഥമായി അന്വേഷിക്കാം – ദൈവ മഹത്വത്തിനായി!!