മൽക്കീസേദെക് – ശുശ്രൂഷയ്ക്കായിട്ടാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത് – WFTW 14 ഏപ്രിൽ 2024

സാക് പുന്നൻ

മുഴുവൻ ബൈബിളിലും 3 വാക്യങ്ങളിൽ മാത്രമാണ് മൽക്കീസേദെക് പ്രത്യക്ഷപ്പെടുന്നത് എന്നിട്ടും അദ്ദേഹത്തിൻ്റെ പേരിൻ്റെ ക്രമപ്രകാരമാണ് നമ്മുടെ കർത്താവ് ഒരു മഹാപുരോഹിതൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നത് (ഉൽ.14:18-20)! ഇത്ര അത്ഭുതകരമായ എന്തു കാര്യമാണ് മൽക്കീസേദെക് ചെയ്തത്? അബ്രാഹാമിൻ്റെ ആവശ്യങ്ങളിൽ മൂന്നെണ്ണമാണ് മൽക്കീസേദെക് നിറവേറ്റിയത്, ആ ആവശ്യങ്ങളെ കുറിച്ച് എന്തെങ്കിലും അറിയാതെ തന്നെ, കാരണം ദൈവം അദ്ദേഹത്തോടു ചെയ്യണമെന്നു പറഞ്ഞത് അദ്ദേഹം ചെയ്തു.

ഒന്നാമത്, അബ്രാഹാമിനുവേണ്ടി കുറച്ച് ഭക്ഷണം കൊണ്ടുവന്നു. മൽക്കീസേദെക് വിവേകമുള്ള ഒരാളായിരുന്നു! ആത്മീയർ സന്യാസികളായിരിക്കണമെന്നു കരുതുന്ന അത്യന്തം – ആത്മീയരായ ചിലരെ പോലെ ആയിരുന്നില്ല അദ്ദേഹം! അബ്രാഹാമിനോട് ഉപവസിച്ചു പ്രാർഥിക്കണമെന്നല്ല അദ്ദേഹം പറഞ്ഞത് എന്നാൽ ഒരു നല്ല ഭക്ഷണം അബ്രാഹാമിനു കൊണ്ടുവന്നു കൊടുത്തു!

പല വർഷങ്ങൾക്കു ശേഷം, ഏലിയാവിനു വേണ്ടിയും ദൈവം അതേ കാര്യം തന്നെ ചെയ്തു, അദ്ദേഹം ക്ഷീണിതനും നിരാശനും ആയിരുന്നപ്പോൾ. ദൈവം അദ്ദേഹത്തിൻ്റെ അടുത്തേയ്ക്ക് “ഒരു പ്രബോധനവു”മായിട്ടല്ല ഒരു ദൂതനെ അയച്ചത്, എന്നാൽ കുറച്ച് പോഷകകരമായ ഭക്ഷണവുമായാണ് (1 രാജാക്കന്മാർ 19:5-8)!

അത് നമുക്ക് പിൻ തുടരുവാൻ നല്ല ഒരു മാതൃകയാണ് – ക്ഷീണിതനും അവശനുമായ ഏതെങ്കിലും സഹോദരനോ അല്ലെങ്കിൽ സഹോദരിക്കോ ഭക്ഷണം കൊണ്ടു കൊടുക്കുന്നത്. ഒരു വിശ്വാസി നിരാശനോ നിരുത്സാഹിയോ ആകുമ്പോൾ അവന് ആവശ്യമായിട്ടുള്ളത് കുറച്ചു നല്ല ഭക്ഷണമായിരിക്കാം. അല്ലാതെ ഒരു പ്രബോധനമല്ല – കാരണം അവൻ ആത്മാവും ദേഹിയും മാത്രമല്ല, ദേഹവും കൂടിയുണ്ട്. നാം അതു മറന്നു പോകരുത്. അവനു ഭക്ഷണം കൊടുത്തതിനു ശേഷം മൽക്കീസേദെക് അബ്രാഹാമിനെ ആത്മീയമായും സഹായിച്ചു – അവനോടു പ്രസംഗിക്കുന്നതിലൂടെയല്ല എന്നാൽ അബ്രാഹാമിൻ്റെ വിജയത്തിനു വേണ്ടി ദൈവത്തെ സ്തുതിക്കുന്നതിലൂടെ- രണ്ടു ചുരുങ്ങിയ വാചകങ്ങളിൽ.

അദ്ദേഹം ഇങ്ങനെ പറഞ്ഞു “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാഹാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിൻ്റെ ശത്രുക്കളെ നിൻ്റെ കയ്യിൽ ഏൽപ്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ.” (ഉൽ.14:19, 20).

അബ്രാഹാമിനും ഭൃത്യന്മാർക്കും ഭക്ഷണം കൊടുക്കുവാൻ വേണ്ടി മൽക്കീസേദെക് ഏതാണ്ട് 2 മണിക്കൂറുകൾ ചെലവഴിച്ചു എന്നാൽ അതിനുശേഷം 15 സെക്കൻ്റുകൾ ദൈവത്തെ സ്തുതിക്കുവാൻ ചെലവഴിച്ചു. എന്നാൽ മൽക്കീസേദെകിൻ്റെ ചുരുങ്ങിയ സ്തുതിയുടെ പ്രകടനത്തിൽ, അബ്രാഹാം രണ്ടു കാര്യങ്ങൾ മനസ്സിലാക്കി.

ഒന്നാമതായി സ്വർഗ്ഗങ്ങളുടെയും ഭൂമിയുടെയും ഉടമയായ ഒരു ദൈവത്തിൻ്റെ വകയാണ് താൻ എന്ന് അബ്രാഹാം മനസ്സിലാക്കി. അവൻ അപ്പോൾ തിരികെ കൊണ്ടുവന്ന സോദോം രാജാവിൻ്റെ വസ്തുവകകളെ മോഹിക്കുന്നതിൽ നിന്ന് അത് അവനെ വിടുവിച്ചു. സോദോം ഒരു വലിയ സമ്പന്ന രാജ്യമായതിനാൽ സോദോമിൻ്റെ സമ്പത്ത് മതിക്കത്തക്കതാണെങ്കിൽ പോലും, ഇപ്പോൾ അബ്രാഹാം കാണുന്നത്, ആ കൊള്ള മുതൽ എല്ലാം തന്നെ, തൻ്റെ ദൈവത്തിൻ്റെ ഉടമസ്ഥതയിലുള്ള സ്വർഗ്ഗത്തോടും ഭൂമിയോടും താരതമ്യം ചെയ്യുമ്പോൾ വിലയില്ലാത്ത വെറും ചവറാണെന്നാണ്. താൻ ആരുടെ വകയാണ് എന്നു വ്യക്തമായിക്കാണുവാൻ മൽക്കീസേദെക് അബ്രാഹാമിനെ സഹായിച്ചു.

ഇവിടെ മൽക്കീസേദെക്കിൻ്റെ വിവേകം കാണുക.”നിനക്ക് അത്യാഗ്രഹം ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു എന്ന് യഹോവ എന്നോട് പറഞ്ഞിരിക്കുന്നു അതുകൊണ്ട് ദൈവത്തിൽ നിന്ന് നിനക്കു മുന്നറിയിപ്പിനുള്ള ഒരു വചനവുമായി ഞാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം അബ്രാഹാമിനോടു പ്രസംഗിച്ചില്ല! ഇല്ല. നിങ്ങൾക്കുവേണ്ടി “കർത്താവിൽ നിന്നൊരു വചനമുണ്ട്” എന്ന് എപ്പോഴും അവകാശപ്പെടുന്ന സ്വയ-നിയമിതരായ പ്രവാചകന്മാരെ സൂക്ഷിക്കുക! അത്തരം പ്രവാചകന്മാർ വ്യാജ പ്രവാചകന്മാരാണ്. മൽക്കീസേദെക് ചെയ്തത് കേവലം അബ്രാഹാമിൻ്റെ ശ്രദ്ധ കൊള്ള മുതലിൽ നിന്ന് ദൈവത്തിലേക്കു തിരിക്കുകയായിരുന്നു. അപ്പോൾ അബ്രാഹാമിൻ്റെ കണ്ണുകളിൽ “ഭൂമിയിലെ കാര്യങ്ങളെല്ലാം അസാധാരണമാംവിധം മങ്ങിയതായി തീർന്നു”. അതാണ് മനുഷ്യരെ സഹായിക്കുന്നതിനുള്ള മാർഗ്ഗം.

രണ്ടാമത്, അബ്രാഹാം വ്യക്തമായി കണ്ടത് അവനും അവൻ്റെ 318 സേവകരുമല്ല ആ രാജാക്കന്മാരെ പരാജയപ്പെടുത്തിയത്, എന്നാൽ ദൈവമാണ്! അതു മറ്റൊരു വെളിപ്പാടായിരുന്നു – അത് അദ്ദേഹത്തെ നിഗളത്തിൽ നിന്നു രക്ഷിച്ചു. വീണ്ടും അബ്രാഹാമിൻ്റെ ശ്രദ്ധ അവൻ്റെ വിജയത്തിൽ നിന്നു ദൈവത്തിലേക്കു തിരിക്കുന്നതിൽ മൽക്കീസേദെക് വിജയിച്ചു!

നമ്മുടെ ശ്രദ്ധ നമ്മിൽ നിന്നും നമ്മുടെ നേട്ടങ്ങളിൽ നിന്നും കർത്താവിലേക്കു തന്നെ തിരിക്കാൻ കഴിയുന്നവനാണ് ഏറ്റവും നല്ല പ്രാസംഗികൻ.

ഇപ്പോൾ ഈ കഥയുടെ ഏറ്റവും നല്ല ഭാഗത്തേക്കു വന്നിരിക്കുന്നു. അബ്രാഹാമിനെ അനുഗ്രഹിച്ച ശേഷം മൽക്കീസേദെക് അപ്രത്യക്ഷനായി. വേദപുസ്തകത്തിൽ വീണ്ടും ഒരിക്കൽ പോലും അദ്ദേഹത്തെ കുറിച്ചു വായിക്കുന്നില്ല. അദ്ദേഹത്തിൻ്റെ പേര് ക്രിസ്തുവിൻ്റെ ഒരു മാതൃകയായി മാത്രമാണ് പ്രത്യക്ഷപ്പെടുന്നത്.

അദ്ദേഹം എന്തു ചെയ്യണമെന്ന് ദൈവം തന്നോടു സംസാരിച്ചപ്പോൾ, മൽക്കീസേദെക് തൻ്റെ കൂടാരത്തിൽ ആ പ്രഭാതത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നിരിക്കാം. അദ്ദേഹത്തിന് അബ്രാഹാമിനെ അറിയില്ല, എന്നാൽ അദ്ദേഹത്തിന് ദൈവത്തെ അറിയാം. അതു ധാരാളം മതിയായിരുന്നു. എന്തു ചെയ്യണമെന്ന് ദൈവം അദ്ദേഹത്തോടു പറയുകയും അദ്ദേഹത്തെ അനേകർക്ക് ഒരനുഗ്രഹമാക്കുകയും ചെയ്തു.

മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരമുള്ള പുരോഹിതന്മാരായ നമ്മെ വിളിച്ചിരിക്കുന്നത് എന്തൊരു വലിയ ശുശ്രൂഷയ്ക്കുവേണ്ടിയാണ്! നാം ആളുകളെ ശാരീരികമായും ആത്മീയമായും അനുഗ്രഹിക്കാനുള്ളവരാണ് – അതിനുശേഷം അവർ നന്ദിപോലും പറയുന്നതിനുമുമ്പ് അപ്രത്യക്ഷമാകാനും!

നിങ്ങൾ ഒരു വലിയ ദൈവമനുഷ്യനാണെന്ന് ആളുകൾ നിങ്ങളെ കുറിച്ചു ചിന്തിക്കണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നോ അതോ നിങ്ങൾക്ക് ഒരു വലിയ ദൈവമുണ്ടെന്ന് അവർ അറിയണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നോ. അവിടെയാണ് മതപരമായ ഒരു ശുശ്രൂഷയും ഒരു ആത്മീയ ശുശ്രൂഷയും തമ്മിലുള്ള വ്യത്യാസം കിടക്കുന്നത്. അവിടെയാണ് അഹരോൻ്റെ പൗരോഹിത്യവും മൽക്കീസേദെക്കിൻ്റെ പൗരോഹിത്യവും തമ്മിലുള്ള വ്യത്യാസവും കിടക്കുന്നത്. അഹരോൻ സ്ഥിരമായി ജനങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും അവരിൽ നിന്ന് മാനം നേടുകയും ചെയ്തു. മൽക്കീസേദെക് ജനങ്ങളെ ശുശ്രൂഷിച്ചിട്ട് അപ്രത്യക്ഷനായി!

ഇങ്ങനെയാണ് യേശു തൻ്റെ ഭൗമിക നാളുകളിൽ ശുശ്രൂഷിച്ചത്. ജീവിതത്തിൻ്റെ പോരാട്ടങ്ങളാൽ മർദ്ദിതരായ ആളുകളുടെ ആത്മീകവും ഭൗതികവുമായ ആവശ്യങ്ങൾ നടത്തിക്കൊടുത്തുകൊണ്ട്. തൻ്റെ രോഗസൗഖ്യ ശുശ്രൂഷയെ ആരെങ്കിലും പരസ്യപ്പെടുത്തണമെന്ന് അവിടുന്ന് ഒരിക്കലും ആഗ്രഹിച്ചില്ല. ഒരു സൗഖ്യദായകനായി അറിയപ്പെടണമെന്ന് ഒരിക്കലും അവിടുന്ന് ആഗ്രഹിച്ചില്ല. മറ്റുള്ളവരെ ശുശ്രൂഷിക്കുവാനും അവർക്കുവേണ്ടി തൻ്റെ ജീവനെ വച്ചു കൊടുക്കാനുമാണ് അവിടുന്നു വന്നത്. അവിടുന്ന് പ്രശസ്തനാകാൻ ആഗ്രഹിച്ചില്ല. തൻ്റെ ഉയർത്തെഴുന്നേൽപ്പിനു ശേഷം ഹേരോദാവിനോ, പീലാത്തോസിനോ, അന്നാസിനോ, കയ്യാഫാവിനോ പ്രത്യക്ഷപ്പെട്ടിട്ട് താൻ ദൈവപുത്രനായിരുന്നു എന്നു തെളിയിക്കാൻ പോലും അവിടുന്നാഗ്രഹിച്ചില്ല. ഒരൊറ്റ പരീശനോ സദൂക്യനോ പോലും തൻ്റെ ഉയർത്തെഴുന്നേൽപിനു ശേഷം ഒരിക്കലും അവിടുന്നു പ്രത്യക്ഷനായില്ല, കാരണം മനുഷ്യരുടെ മുമ്പിൽ തന്നെ നീതീകരിക്കുവാൻ അവിടുന്നാഗ്രഹിച്ചില്ല. മനുഷ്യരുടെ അഭിപ്രായങ്ങൾ ചവറ്റുകൊട്ടയിലേക്കു മാത്രമെ യോജിക്കുകയുള്ളു എന്ന് അവിടുത്തേക്കറിയാമായിരുന്നു.

നാം മൽക്കീസേദെക്കിനെ പോലെ ദൈവത്തെ കേട്ട്, ഓരോ ദിവസവും നാം എന്തു ചെയ്യണമെന്ന് ദൈവത്തിൽ നിന്നറിഞ്ഞ്, ജീവിക്കാൻ തുടങ്ങിയാൽ എന്തു സംഭവിക്കുമെന്ന് ഒന്നു ചിന്തിക്കുക. എല്ലാവർക്കും ഈ ഭൂമിയിൽ ജീവിക്കാൻ കഴിയുന്ന ഏറ്റവും പ്രയോജനകരമായ ജീവിതം അതായിരിക്കും.

നമ്മളുമായി സമ്പർക്കത്തിൽ വരുന്നവർ- ഭൗതികമായും ആത്മീയമായും- അനുഗ്രഹിക്കപ്പെടുന്ന ഒരു ജീവിതം ജീവിക്കാനല്ലേ നാമും വിളിക്കപ്പെട്ടിരിക്കുന്നത്? നാമെല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് മൽക്കീസേദെക്കിൻ്റെ ക്രമപ്രകാരം പുരോഹിതന്മാരാകാനാണ്.