സാക് പുന്നന്‍
നമ്മുടെ ശത്രുക്കൾക്ക് അവിടുന്ന് ഒരു ശത്രു ആയിരിക്കും എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു (പുറപ്പാട് 23:22). പഴയ ഉടമ്പടിയിൽ യിസ്രായേലിൻ്റെ ശത്രുക്കൾ എല്ലാം മനുഷ്യരായിരുന്നു. ഇന്ന് സാത്താനും നമ്മുടെ ജഡത്തിലുള്ള മോഹങ്ങളുമാണ് നമുക്കു ശത്രുക്കളായുള്ളത്. നാം ജഡരക്തങ്ങളോട് പോരാടുന്നില്ല (എഫെ.6:12). മനുഷ്യരോട് നിങ്ങൾ ഒരിക്കലും പോരാടുകയില്ലെന്നു തീരുമാനിച്ചാൽ മാത്രമെ ദൈവം നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യുകയുള്ളു. പിശാചിനെതിരായി ദൈവം എപ്പോഴും നിങ്ങളുടെ പക്ഷത്താണെന്ന് ഓർക്കുക.
പത്രൊസിനെ പാറ്റാനായി സാത്താന് അനുവാദം നൽകി, കാരണം ദൈവത്തിന് പത്രൊസിൽ അത്രമാത്രം ഉറപ്പുണ്ടായിരുന്നു തന്നെയുമല്ല അവനുവേണ്ടി ഒരു വലിയ ശുശ്രൂഷയും ദൈവത്തിനുണ്ടായിരുന്നു. എന്നാൽ പത്രൊസ് പാറ്റപ്പെടുമ്പോൾ, അവൻ്റെ വിശ്വാസം പരാജയപ്പെടാതിരിക്കാൻ യേശു അവനുവേണ്ടി പ്രാർത്ഥിച്ചു. നിങ്ങൾ സാത്താനാൽ പാറ്റപ്പെടുമ്പോഴെല്ലാം, യേശു നിങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കും എന്നറിയുന്നത് ഒരു വലിയ ആശ്വാസമാണ്.
ഒരു വീടിന് തീ പിടിക്കുമ്പോൾ, അതിനുള്ളിലുള്ള ഏറ്റവും വില പിടിപ്പുള്ള കാര്യങ്ങൾ നഷ്ടപ്പെടാതെ സംരക്ഷിക്കാനാണ് മനുഷ്യർ ആഗ്രഹിക്കുന്നത്. അതിനകത്ത് ഒരു കുഞ്ഞുണ്ടെങ്കിൽ, മാതാപിതാക്കൾ ആ കുഞ്ഞിനെ രക്ഷിക്കാൻ ആഗ്രഹിക്കും അല്ലാതെ അതിലുള്ള പഴയ വർത്തമാന പത്രങ്ങളെയല്ല. അതുപോലെതന്നെ, യേശു പ്രാർത്ഥിച്ചത്, പത്രൊസ് തീയിലൂടെ കടന്നുപോയപ്പോൾ അവൻ്റെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്നാണ്, അതാണ് ഏറ്റവും വിലയുള്ള ഏക കാര്യം. ബാക്കി എല്ലാം പഴയ വർത്തമാന പത്രം പോലെയാണ് – വിലയില്ലാത്തത്.
സാത്താനാൽ നിങ്ങൾ പാറ്റപ്പെടുമ്പോൾ നിങ്ങളുടെ വിശ്വാസം ഒരിക്കലും പരാജയപ്പെടരുത്. നിങ്ങൾക്കു വിശ്വാസം ഉണ്ടെങ്കിൽ, കഠിന ശോധനയുടെ മധ്യത്തിൽ നിങ്ങൾ ഇപ്രകാരം ഏറ്റു പറയും: “എൻ്റെ സ്വർഗ്ഗീയ പിതാവ് എന്നെ തീവ്രമായി സ്നേഹിക്കുകയും അവിടുന്ന് ഭൂമിയിലും സ്വർഗ്ഗത്തിലും ഭരണം നടത്തുകയും ചെയ്യുന്നു. യേശുക്രിസ്തു സാത്താനെ ക്രൂശിൽ തോൽപ്പിച്ചു. സാത്താൻ ഭോഷ്കു പറയുന്ന ഒരുവനാണ്. അവന് എൻ്റെ ജീവിതത്തിൻ്റെ മേൽ ഒരവകാശവുമില്ല. ദൈവം എല്ലാം എൻ്റെ നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നു”. ഇതാണ് വിശ്വാസം പരാജയപ്പെട്ടിട്ടില്ലാത്ത ഒരുവൻ്റെ ഏറ്റുപറച്ചിൽ. യേശു പത്രൊസിനോടു പറഞ്ഞത്, അവൻ തിരിഞ്ഞു വന്ന ശേഷം, അവൻ്റെ സഹോദരന്മാരെ ശക്തിപ്പെടുത്തണമെന്നാണ് (ലൂക്കോ.22: 31,32). നാം ശോധന ചെയ്യപ്പെടുമ്പോൾ (പരീക്ഷിക്കപ്പെടുമ്പോൾ) നമ്മുടെ വിശ്വാസം പരാജയപ്പെട്ടാൽ നമുക്ക് മറ്റുള്ളവരെ ശക്തിപ്പെടുത്താൻ കഴിയുകയില്ല.
പത്രൊസിനെ കൊണ്ട് യേശുവിന് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു കാരണം അവൻ “സാത്താൻ” എന്നു വിളിക്കപ്പെട്ടപ്പോഴും അവന് ഇടർച്ച ഉണ്ടായില്ല (മത്താ.16:23). എന്നാൽ യേശു ഒരിക്കലും യൂദായ്ക്കു വേണ്ടി പ്രാർത്ഥിച്ചില്ല കാരണം ബഥാന്യയിൽ വച്ച് യേശു അവനു കൊടുത്ത ഒരു ചെറിയ തിരുത്തലുകൊണ്ടുതന്നെ അവന് ഇടർച്ച ഉണ്ടായി (യോഹ. 12:4-8, മത്താ. 26: 8-15 നോട് ചേർത്തു വായിക്കുക).
കർത്താവ് നിങ്ങളെ തിരുത്തുമ്പോൾ നിങ്ങൾക്ക് ഇടർച്ചയുണ്ടാകരുത്. നിങ്ങൾ ഓരോരുത്തനിലും കൂടെ നിറവേറ്റാൻ ദൈവത്തിന് ഒരു വലിയ ഉദ്ദേശ്യമുണ്ട്: ആ ഉദ്ദേശ്യം വലിയതാകുന്നതിനനുസരിച്ച്, നിങ്ങൾ സാത്താനാൽ കൂടുതൽ പാറ്റപ്പെടേണ്ടതിന് ദൈവം അനുവദിക്കും. എന്നാൽ ഓരോ പരിശോധനയിലും നിങ്ങൾ ജയാളികളെക്കാൾ ശ്രേഷ്ഠരായി പുറത്തുവരും.