“സ്‌നേഹമാം നിന്നെ കണ്ടവന്‍…”

സ്‌കോട്‌ലണ്ടിലെ ഡണ്ടി എന്ന പട്ടണത്തില്‍ ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ അനുഭവമാണിത്. തന്റെ പതിനഞ്ചാമത്തെ വയസ്സിലുണ്ടായ ഒരു വീഴ്ചയില്‍ നട്ടെല്ലിനു ക്ഷതം സംഭവിച്ച് 40 നീണ്ടുവര്‍ഷങ്ങള്‍ ഇദ്ദേഹം കിടക്കയില്‍ തന്നെയായിരുന്നു. എങ്കിലും മനസ്സിലും ആത്മാവിലും തളര്‍ച്ച അല്പം പോലും ബാധിച്ചിരുന്നില്ല. തികഞ്ഞ ഉന്മേഷവാനും സന്തുഷ്ടനുമായിരുന്ന അദ്ദേഹത്തെ പലരും സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്റെ ധൈര്യത്തില്‍ നിന്നും സന്തോഷത്തില്‍ നിന്നും സന്ദര്‍ശകര്‍ പ്രചോദനം നേടുകയും ചെയ്യുക പതിവായിരുന്നു.

ഒരിക്കല്‍ ഒരു സന്ദര്‍ശകന്‍ അദ്ദേഹത്തോട് ഇങ്ങനെ ചോദിച്ചു. ”സ്‌നേഹിതാ, ദൈവത്തെ സംശയിക്കുവാന്‍ സാത്താന്‍ ഒരിക്കലും നിങ്ങളെ പ്രേരിപ്പിച്ചിട്ടില്ലേ?”

“ഉണ്ടോയെന്ന്! എത്രയോ വട്ടം” അദ്ദേഹം മറുപടി നല്‍കി. ”എന്റെ പഴയ സ്‌നേഹിതരൊക്കെ ഉല്ലാസവാന്മാരായി വാഹനങ്ങളും ഓടിച്ച് സ്വാതന്ത്ര്വമായി നടക്കുന്നു. ഇവിടെ ഇങ്ങനെ കിടന്നുകൊണ്ട് അതു കാണുമ്പോള്‍ സാത്താന്‍ മെല്ലെ എന്റെ അടുത്തു വന്ന് ഇങ്ങനെ മന്ത്രിക്കും: “നീ കണ്ടോ? സത്യത്തില്‍ നീ വിശ്വസിക്കുന്ന ദൈവം നല്ലവനും സ്‌നേഹവാനും ആയിരുന്നെങ്കില്‍ നട്ടെല്ലൊടിഞ്ഞ് ഇങ്ങനെ നിസ്സഹായനായി കിടക്കാന്‍ നിന്നെ മാത്രം ഇവിടെ ഇട്ടേക്കുമായിരുന്നോ? അതും ഒന്നും രണ്ടും വര്‍ഷമാണോ? എത്ര വര്‍ഷങ്ങള്‍! നിന്നോടു ദൈവത്തിനു സ്‌നേഹമില്ല”.

”അപ്പോള്‍ താങ്കള്‍ എന്തു മറുപടി പറയും?’ സന്ദര്‍ശകന്‍ ഉല്‍ക്കണ്ഠയോടെ ചോദിച്ചു.

അദ്ദേഹം പുഞ്ചിരിയോടെ ഇങ്ങനെ പറഞ്ഞു: ”അവന്‍ ഇങ്ങനെ സ്വയസഹതാപത്തിലേക്ക് എന്നെ വലിച്ചിഴയ്ക്കാന്‍ നോക്കുമ്പോള്‍ ഞാന്‍ സാത്താന്റെ ശ്രദ്ധയെ കാല്‍വറിയിലേക്കു ക്ഷണിക്കും. ക്രൂശില്‍ അടിമുടി നുറുങ്ങപ്പെട്ടു കിടക്കുന്ന ആ ശരീരം കാട്ടിയിട്ട് ഞാന്‍ അവനോടു ചോദിക്കും: “കണ്ടോ എന്നോടുള്ള സ്‌നേഹം?” അപ്പോള്‍ സാത്താന്‍ നിശ്ശബ്ദനാകുകയും വേഗം സ്ഥലം വിടുകയും ചെയ്യും

”ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ഒരുക്കിയിട്ടുള്ളതു കണ്ണു കണ്ടിട്ടില്ല. ചെവി കേട്ടിട്ടില്ല. ഒരു മനുഷ്യന്റെയും ഹൃദയത്തില്‍ തോന്നീട്ടുമില്ല എന്ന് എഴുതിയിരിക്കുന്നതുപോലെ തന്നെ. നമുക്കോ ദൈവം തന്റെ ആത്മാവിനാല്‍ വെളിപ്പെടുത്തിയിരിക്കുന്നു” (1കൊരി.2:9,10).