വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025

സാക് പുന്നൻ

ഇന്നത്തെ മിക്ക വിശ്വാസികൾക്കും ആദ്യകാല ക്രിസ്ത്യാനികൾക്കുണ്ടായിരുന്ന തീവ്രതയോ സമർപ്പണമോ ശക്തിയോ ഉള്ളതായി കാണപ്പെടുന്നില്ല.

ഇതിൻ്റെ കാരണം എന്താണെന്നാണ് നിങ്ങൾ കരുതുന്നത്?

അതിൻ്റെ പ്രാഥമികമായ കാരണം അവർ ശരിയായ വിധം മാനസാന്തരപ്പെട്ടിരിക്കുന്നില്ല എന്നതാണ്.

യേശു തന്നെ പ്രസംഗിച്ച സന്ദേശം: “മാനസാന്തരപ്പെട്ട് സുവിശേഷത്തിൽ വിശ്വസിക്കുക” (മർക്കൊ. 1:15) എന്നായിരുന്നു. അവിടുന്ന് തൻ്റെ അപ്പൊസ്തലന്മാരോടും അതേ സന്ദേശത്തെ പ്രസംഗിക്കുവാനാണ് കല്പിച്ചത് (ലൂക്കൊ. 24:47). കൃത്യമായി അതുതന്നെയാണ് അവർ ചെയ്തതും (അപ്പൊ. പ്ര. 20:21).

ഈ കാര്യത്തിൽ ദൈവവചനം വളരെ വ്യക്തമാണ്. നന്നായും സത്യമായും രക്ഷിക്കപ്പെടണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ മാനസാന്തരവും വിശ്വാസവും തമ്മിൽ വേർപിരിക്കപ്പെടാൻ കഴിയുകയില്ല. ദൈവം ഇവ രണ്ടിനേയും കൂട്ടിച്ചേർത്തിരിക്കുന്നു. ദൈവം യോജിപ്പിച്ചതിനെ ആരും വേർപിരിക്കരുത്.

വാസ്തവത്തിൽ മാനസാന്തരവും വിശ്വാസവും ക്രിസ്തീയ ജീവിതാടിസ്ഥാനത്തിൻ്റെ ആദ്യത്തെ രണ്ടു മൂലപ്രമാണങ്ങളാണ് (എബ്രാ. 6:1). നിങ്ങൾ ശരിയായവിധം മാസാന്തരപ്പെട്ടിരിക്കുന്നില്ലെങ്കിൽ, അപ്പോൾ നിങ്ങളുടെ അടിസ്ഥാനം പിഴവുള്ളതാകാൻ ബാധ്യസ്ഥമാകുന്നു. കൂടാതെ അപ്പോൾ, തീർച്ചയായും, നിങ്ങളുടെ ക്രിസ്തീയ ജീവിതം മുഴുവൻ ഇളക്കമുള്ളതായിരിക്കും.

മാനസാന്തരം വ്യാജമായിരുന്ന ചിലരുടെ ഉദാഹരണങ്ങൾ ബൈബിളിൽ നാം കാണുന്നു.

ശൗൽ രാജാവ് ദൈവത്തോട് അനുസരണക്കേട് കാണിച്ചപ്പോൾ, പാപം ചെയ്തു പോയി എന്ന് ശമൂവേലിനോടു സമ്മതിച്ചു. എന്നാൽ ജനങ്ങൾ അതറിയുവാൻ അയാൾ ആഗ്രഹിച്ചില്ല. അയാൾ അപ്പോഴും മനുഷ്യമാനം അന്വേഷിച്ചു. അയാൾ യഥാർത്ഥമായി മാസാന്തരപ്പെട്ടിട്ടില്ലായിരുന്നു. അയാൾ പിടിക്കപ്പെട്ടു എന്നതിൽ മാത്രമായിരുന്നു അയാൾ ദുഃഖിച്ചത് (1 ശമൂ. 15:24-30). താൻ വീണപ്പോൾ തൻ്റെ പാപം പരസ്യമായി ഏറ്റുപറഞ്ഞ ദാവീദ് രാജാവും (സങ്കീ. 51) ശൗലും തമ്മിലുള്ള വ്യത്യാസം അതായിരുന്നു.

ശൗലിനെപ്പോലെ മറ്റൊരാളായിരുന്നു ആഹാബ് രാജാവ്. ദൈവം അയാളെ ന്യായം വിധിക്കാൻ പോകുന്നു എന്ന് ഏലീയാവ് അവന് മുന്നറിയിപ്പു നൽകിയപ്പോൾ അവന് ദുഃഖം തോന്നി. അയാൾ രട്ടുടുത്തുകൊണ്ട് പോലും തൻ്റെ പാപങ്ങൾക്കു വേണ്ടി അനുതപിച്ചു (1 രാജാ. 21:27-29). എന്നാൽ അയാൾ യഥാർത്ഥമായി മാനസാന്തരപ്പെട്ടില്ല. അയാൾ ദൈവത്തിൻ്റെ ന്യായവിധിയെ കുറിച്ചു ഭയപ്പെട്ടു.

ഇസ്കര്യോത്ത യൂദായുടെ കാര്യം വ്യാജ അനുതാപത്തിൻ്റെ വ്യക്തമായ ഒരു ഉദാഹരണമാണ്. യേശു മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടു എന്നു കണ്ടപ്പോൾ അവന് അത് തെറ്റായി തോന്നിയിട്ട് ഇപ്രകാരം പറഞ്ഞു, “ഞാൻ പാപം ചെയ്തിരിക്കുന്നു” (മത്താ. 27:3-5). എന്നാൽ അവൻ തൻ്റെ കുറ്റം ഏറ്റു പറഞ്ഞത് പുരോഹിതന്മാരോടായിരുന്നു – ഇന്നും ചിലർ ചെയ്യുന്നതുപോലെ! അവൻ മാനസാന്തരപ്പെട്ടില്ല – അവൻ ചെയ്തതിനെ കുറിച്ച് സങ്കടം തോന്നിയെങ്കിലും. അയാൾ യഥാർത്ഥമായി മാനസാന്തരപ്പെട്ടിരുന്നെങ്കിൽ, അവൻ നുറുക്കത്തോടുകൂടി കർത്താവിൻ്റെ അടുക്കൽ ചെന്ന്, ക്ഷമ ചോദിക്കുമായിരുന്നു. എന്നാൽ അയാൾ അതു ചെയ്തില്ല.

മാനസാന്തരം എന്നാൽ എന്തല്ല – എന്ന് ഈ ഉദാഹരണങ്ങളിൽ നിന്നു ധാരാളം നമുക്കു പഠിക്കുവാനുണ്ട്.

യഥാർത്ഥ മാസാന്തരം എന്നാൽ “വിഗ്രഹങ്ങളിൽ നിന്ന് ദൈവത്തിലേക്കു തിരിയുന്നതാണ്” (1 തെസ്സ.1:9).

വിജാതീയ ക്ഷേത്രങ്ങളിൽ കാണുന്ന മരവും കല്ലും കൊണ്ടുണ്ടാക്കിയവ മാത്രമല്ല വിഗ്രഹങ്ങൾ. അത്രകണ്ട് മ്ലേച്ഛമായി തോന്നാത്ത എന്നാൽ അതുപോലെ തന്നെ അപകടകാരികളായ വിഗ്രഹങ്ങളെ ആളുകൾ ആരാധിക്കുന്നുണ്ട്. ആനന്ദം, സൗകര്യം, പണം, ഒരുവൻ്റെ പ്രശസ്തി, സ്വന്തവഴി തുടങ്ങിയവയാണ് ഈ വിഗ്രഹങ്ങൾ.

നാമെല്ലാവരും അനേകം വർഷങ്ങളായി ഇവയെ ആരാധിച്ചിരുന്നു. മാസാന്തരപ്പെടുക എന്നാൽ ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നത് നിർത്തിയിട്ട് അവയിൽ നിന്ന് അകന്നു ദൈവത്തിങ്കലേക്കു തിരിയുന്നതാണ്.

യഥാർത്ഥ മാസാന്തരം നമ്മുടെ മുഴുവൻ വ്യക്തിത്വം ഉൾപ്പെടുന്നതാണ് – നമ്മുടെ മനസ്സ്, നമ്മുടെ വികാരങ്ങൾ, കൂടാതെ നമ്മുടെ ഇച്ഛ.

ഒന്നാമതായി, മാനസാന്തരം എന്നാൽ പാപത്തെ കുറിച്ചും ലോകത്തെ കുറിച്ചുമുള്ള നമ്മുടെ മനസ്സ് (ചിന്ത)മാറ്റുക എന്നാണ്. നമ്മുടെ പാപം നമ്മെ ദൈവത്തിൽ നിന്നു വേർതിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്നു. ഈ ലോകത്തിൻ്റെ മുഴുവൻ ജീവിത രീതിയും ദൈവത്തിന് എതിരാണ് എന്നും നാം കാണുന്നു. ദൈവത്തെ അപമാനിക്കുന്ന ആ ജീവിത രീതിയിൽ നിന്ന് നാം അകന്നു മാറേണ്ടതുണ്ട്.

രണ്ടാമതായി, നമ്മുടെ വികാരങ്ങൾ ഉൾപ്പെടുന്നതാണ് മാനസാന്തരം. നാം ജീവിച്ചിരുന്ന വിധം ഓർത്ത് നമുക്ക് ദുഃഖം തോന്നുന്നു (2 കൊരി. 7:10). നമ്മുടെ കഴിഞ്ഞ കാല പ്രവൃത്തികൾ നിമിത്തം നാം നമ്മെത്തന്നെ വെറുക്കുന്നു, അതിലുമധികമായി, മറ്റാർക്കും കാണാൻ കഴിയാത്ത കൂടുതൽ വലിയ തിന്മകളെ നമ്മിൽ കണ്ടിട്ട് നാം അതിനോട് അറപ്പു കാട്ടുന്നു (യെഹെ. 36:31).

നാം ജീവിച്ചിരുന്ന വിധം നിമിത്തം ദൈവത്തെ ഇത്രയധികം വേദനിപ്പിച്ചല്ലോ എന്നോർത്ത് നാം കരയുകയും വിലപിക്കുകയും ചെയ്യുന്നു. അതായിരുന്നു, തങ്ങളുടെ പാപങ്ങളെ കുറിച്ചു ബോധ്യം വന്നപ്പോൾ വേദപുസ്തത്തിലുള്ള അനേക മഹാന്മാരുടെ പ്രതികരണം. ദാവീദ് (സങ്കീ. 51), ഇയ്യോബ് (ഇയ്യോ. 42:6), കൂടാതെ പത്രൊസ് (മത്താ. 26:75). എല്ലാവരും തങ്ങളുടെ പാപങ്ങളെ കുറിച്ചു മാസാന്തരപ്പെട്ടപ്പോൾ ദുഃഖത്തോടു കൂടി കരഞ്ഞു.

നമ്മുടെ പാപങ്ങൾക്കു വേണ്ടി കരയുവാനും വിലപിക്കുവാനും യേശുവും അപ്പൊസ്തലന്മാരും നമ്മെ ഉത്സാഹിപ്പിച്ചിരിക്കുന്നു (മത്താ. 5:4; യാക്കോ. 4:9). അതാണ് ദൈവത്തിലേക്കു മടങ്ങിവരുന്നതിനുള്ള മാർഗ്ഗം.

ഒടുവിലായി, നമ്മുടെ ഇച്ഛ ഉൾപ്പെടുന്നതാണ് മാനസാന്തരം. നാം നമ്മുടെ ശാഠ്യമുള്ള സ്വയ ഇച്ഛയെ – നമ്മുടെ സ്വന്തവഴിയിൽ നടക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച് യേശുവിനെ നമ്മുടെ കർത്താവാക്കി തീർക്കുക. അതിൻ്റെ അർത്ഥം ഇപ്പോൾ മുതൽ നാം എന്തെല്ലാം ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ അവയെല്ലാം ചെയ്യുവാൻ നമുക്കു സമ്മതമാണ് എന്നാണ്, അതിനെന്തു വിലകൊടുക്കേണ്ടി വന്നാലും അതെത്ര അപമാനകരമാണെങ്കിലും.

ധൂർത്തപുത്രൻ തൻ്റെ പിതാവിൻ്റെ അടുക്കൽ ഭവനത്തിലേക്കു വന്നത്, തൻ്റെ പിതാവ് തന്നോടു പറയുന്ന ഏതു കാര്യവും ചെയ്യാൻ തയ്യാറായ നുറുങ്ങപ്പെട്ട വഴക്കമുള്ള ഒരു യുവാവായാണ്. അതാണ് യഥാർത്ഥ മാനസാന്തരം (ലൂക്കോ. 15:11-24).

നാം എക്കാലവും ചെയ്തിരിക്കുന്ന ഓരോ പാപവും ദൈവത്തോട് ഏറ്റുപറയേണ്ടതില്ല. അവയെല്ലാം ഓർത്തിരിക്കുന്നത് ആരുടെ കാര്യത്തിലായാലും അസാധ്യമായിരിക്കും. ധൂർത്തപുത്രൻ അതു ചെയ്തില്ല. അവൻ ആകെ പറഞ്ഞത് ഇതാണ്, “പിതാവെ, ഞാൻ പാപം ചെയ്തിരിക്കുന്നു”. നാമും അത്രമാത്രമാണ് പറയേണ്ടത്.

എന്നാൽ ഇസ്കര്യോത്ത യൂദായും പറഞ്ഞത് “ഞാൻ പാപമാണ് ചെയ്തിരിക്കുന്നത്” എന്നാണ് എന്ന കാര്യം ഓർക്കുക. അവൻ്റെ ഏറ്റുപറച്ചിലും ധൂർത്ത പുത്രൻ്റെ ഏറ്റുപറച്ചിലും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നാം പറയുന്ന വാക്കുകൾ മാത്രമല്ല ദൈവം കേൾക്കുന്നത്. ഈ വാക്കുകൾക്കു പിന്നിലുള്ള ആത്മാവിനെ അവിടുത്തേക്ക് അനുഭവപ്പെടുകയും, അതിനനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

What’s New?