സാക് പുന്നന്‍
1 യോഹന്നാൻ 1 :3 ൽ അപ്പൊസ്തലനായ യോഹന്നാൻ ഇപ്രകാരം എഴുതി “ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോട് ആകുന്നു”. യഥാർത്ഥത്തിലുള്ള കൂട്ടായ്മ രണ്ട് ദിശകളിലാണ്, കുരിശിൻ്റെ രണ്ടു ഭുജങ്ങൾ പോലെ. ക്രൂശിലൂടെയാണ് നാം ദൈവത്തോടും തമ്മിൽ തമ്മിലുമുള്ള കൂട്ടായ്മയിലേക്കു വരുന്നത്. ക്രിസ്തുവിനും നമുക്കും ഇടയിൽ അവിടുന്നു മരിച്ച ഒരു ക്രൂശുണ്ട്. അതുമൂലം നമുക്ക് നമ്മുടെ കർത്താവുമായി കൂട്ടായ്മ ഉണ്ടാകാൻ കഴിയും. അതിൽ നിന്ന് വേറിട്ട് നമുക്ക് ഒരിക്കലും ദൈവവുമായി കൂട്ടായ്മയുണ്ടാകാൻ കഴിയില്ല, കാരണം നമ്മിൽ തന്നെ നാം ഒരിക്കലും അതിനുതക്ക നന്മയുള്ളവരല്ല. വിശ്വാസികൾ എന്ന നിലയിലും, തമ്മിൽ തമ്മിൽ കൂട്ടായ്മ ഉണ്ടാകണമെന്നു ആഗ്രഹിക്കുന്നെങ്കിൽ നാം ഓരോരുത്തരും നമുക്കു തന്നെ മരിക്കുന്ന ഒരു ക്രൂശ് നമുക്കിടയിൽ ഉണ്ടാക്കിയിരിക്കണം. ക്രൂശിലെ ഈ മരണം കൂടാതെ കൂട്ടായ്മ അസാധ്യമാണ്- ലംബമായ ദിശയിലും തിരശ്ചീന ദിശയിലും. ജീവൻ്റെയും കൂട്ടായ്മയുടെയും രഹസ്യം ക്രൂശാണ്. ക്രൂശില്ലാതെ ജീവനില്ല അതുപോലെ ക്രൂശിനെ കൂടാതെ കൂട്ടായ്മയും സാധ്യമല്ല. ഭൂതകാല നിത്യത മുതൽ ദൈവത്തിൻ്റെ മനസിൽ ക്രൂശുണ്ടായിരുന്നു. “ലോക സ്ഥാപനത്തിനു മുമ്പു മുതൽ” തന്നെ കുഞ്ഞാട് അറുക്കപ്പെട്ടു (വെളിപ്പാട് 13:8 – കെ.ജെ.വി). ആരംഭത്തിൽ തന്നെ അവസാനം അറിയുന്നവനാണ് ദൈവം അതുകൊണ്ട്, ത്രിത്വത്തിൽ രണ്ടാമൻ ഒരു മനുഷ്യനായി ഭൂമിയിലേക്കു വന്ന് മനുഷ്യൻ്റെ പാപങ്ങൾക്കു വേണ്ടി ക്രൂശിക്കപ്പെടുമെന്ന് ഭൂതകാല നിത്യത മുതൽ ത്രിത്വത്തിന് അറിയാമായിരുന്നു. ആദാം പാപം ചെയ്തതിനുശേഷം ദൈവം തീരുമാനിച്ച ഒരു കാര്യമായിരുന്നില്ല അത്. അത് നിത്യമായി മുന്നറിഞ്ഞ ഒരു കാര്യമാണ്. ആദാം പാപം ചെയ്തപ്പോൾ ജീവവൃക്ഷത്തിനു മുമ്പിൽ ദൈവം ഒരു വാൾ കല്പിച്ചാക്കി. ആ വാൾ യേശുവിൻ്റെ മേൽ വീഴുകയും അവിടുന്ന് അറുക്കപ്പെടുകയും ചെയ്തു. നമുക്ക് ജീവവൃക്ഷത്തിങ്കലേക്കു വന്ന് ദൈവവുമായും തമ്മിൽ തമ്മിലും കൂട്ടായ്മ ഉണ്ടാകണമെങ്കിൽ – ആ വാൾ നമ്മുടെ ആദാമ്യ ജീവൻ്റെ മേലും വീഴണം – “ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്ന” (ഗലാത്യർ 2:20) നമ്മുടെ സ്ഥാനം നാം സ്വീകരിക്കണം.
യോഹന്നാൻ പറയുന്നത് കൂട്ടായ്മയുടെ ഫലം സന്തോഷത്തിൻ്റെ പൂർണ്ണതയാണെന്നാണ് (1യോഹന്നാൻ 1:4). ക്രിസ്തീയ ജീവിതത്തിലെ മുഖ്യമായ ഭാഗം സന്തോഷമാണ്, കാരണം സന്തോഷമെന്നത് സ്വർഗ്ഗത്തിൻ്റെ അന്തരീക്ഷമാണ്. സ്വർഗ്ഗത്തിൽ ഒരു വിഷാദവുമില്ല. ദൂതന്മാർ ഒരിക്കലും നിരുത്സാഹിതരാകുന്നില്ല. അവർ എപ്പോഴും ജീവൻ നിറഞ്ഞവരും സന്തോഷം നിറഞ്ഞവരുമായിരിക്കുന്നു. ദൈവത്തോടു കൂട്ടായ്മ ഉണ്ടെങ്കിൽ നമുക്കും ആ സന്തോഷം ഉള്ളവരായിരിക്കാൻ കഴിയും. പരിശുദ്ധാത്മാവു വന്നിരിക്കുന്നത് നമ്മുടെ ഹൃദയങ്ങളിൽ സ്വർഗ്ഗത്തിൻ്റെ അന്തരീക്ഷം കൊണ്ടുവരാനാണ് – അതിൻ്റെ ഭാഗമാണ് സന്തോഷത്തിൻ്റെ നിറവ്. നിങ്ങളുടെ ജീവിതം മുഴുവനായി ദൈവത്തിനു കൊടുത്താൽ നിങ്ങൾ ദുരിതം അനുഭവിക്കുന്നവനും, വിഷണ്ണനും, മനസ്സിടിഞ്ഞവനും, വീർത്ത മുഖമുള്ളവനും ആയിരിക്കുമെന്ന് സാത്താൻ നിങ്ങളോടു പറയും. നിർഭാഗ്യവശാൽ ചില ക്രിസ്ത്യാനികൾ അവരുടെ ഭാവത്തിലൂടെ ഈ ഒരു മതിപ്പ് മറ്റുള്ളവർക്കു നൽകുന്നു എന്നത് സത്യമാണ്. വീർത്ത മുഖമുള്ള ഒരു ക്രിസ്ത്യാനി യേശുവിനെ കുറിച്ചു സാക്ഷ്യം പറഞ്ഞ ഒരു കഥ ഞാൻ കേട്ടു. അയാൾ അതിനു ശേഷം ഒരുവനോട്” ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയത്തിലേക്കു സ്വീകരിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നോ?” എന്നു ചോദിച്ചു . അയാൾ ക്രിസ്ത്യാനിയുടെ മുഖത്തേക്കു നോക്കിയിട്ട് ഇപ്രകാരം മറുപടി പറഞ്ഞു. “ഇല്ല, നന്ദി . ഇപ്പോൾ തന്നെ എനിക്ക് ആവശ്യത്തിലധികം പ്രശ്നങ്ങൾ ഉണ്ട്!”. അതു നമ്മുടെ അത്ഭുതവാനായ കർത്താവിനുള്ള ഒരു മോശം സാക്ഷ്യമാണ്. നിങ്ങളുടെ ജീവിതവും നിങ്ങളുടെ ഭവനവും കർത്താവിൻ്റെ സന്തോഷം പ്രസരിപ്പിക്കുന്നതല്ലെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ എന്തോ തകരാറുണ്ട്. എവിടെയോ നിങ്ങൾക്കു ദൈവഹിതം നഷ്ടപ്പെട്ടിരിക്കുന്നു.
യോഹന്നാൻ തുടർന്ന് പറയുന്നത് നിങ്ങൾ ഈ ജീവിതവും കൂട്ടായ്മയും സന്തോഷവും ആഗ്രഹിക്കുന്നെങ്കിൽ, അപ്പോൾ നിങ്ങൾ ഏറ്റവും ആദ്യം മനസ്സിലാക്കേണ്ട കാര്യം ദൈവം വെളിച്ചമാണ് എന്നും അവനിൽ ഇരുട്ട് ഒട്ടുമില്ല എന്നതുമാണ് (1 യോഹന്നാൻ 1 :5) – പൂജ്യം കള്ളം പറച്ചിൽ, പൂജ്യം അശുദ്ധി, പൂജ്യം വെറുപ്പ്, പൂജ്യം നിഗളം മുതലായവ. ഒരിക്കലും കള്ളം പറയാത്ത, ഒരിക്കലും ആരേയും വെറുക്കാത്ത, ഒരിക്കലും ആരോടും അസൂയ ഇല്ലാത്ത, ഒരിക്കലും നിഗളിയാകാത്ത ഒരു ജീവിതം നിങ്ങൾക്കു വേണമെന്ന് ആഗ്രഹിക്കുന്നുവോ? ആ ജീവിതം തിരഞ്ഞെടുത്താൽ നിങ്ങൾ ഒരിക്കലും വിഷണ്ണനോ നിരുത്സാഹിതനോ ആയിരിക്കയില്ല. കർത്താവിൽ ശാശ്വത സന്തോഷമുള്ള ഒരു ജീവിതം നിങ്ങൾ ജീവിക്കും. പാപത്താൽ ശപിക്കപ്പെട്ട ഈ ഭൂമിയിൽ അങ്ങനെയൊരു ജീവിതം ജീവിക്കുക സാധ്യമാണോ? അതെ, അതു സാധ്യമാണ്. ഫിലിപ്യർ 4:4 നമ്മോടു കല്പിക്കുന്നത് കർത്താവിൽ എപ്പോഴും സന്തോഷിക്കുക എന്നാണ്. അത് ഈ ഭൂമിയിലുള്ള ആളുകൾക്കു വേണ്ടി എഴുതപ്പെട്ടതാണ്, സ്വർഗ്ഗത്തിലുള്ളവർക്കു വേണ്ടിയല്ല! നിങ്ങൾ യോഹന്നാനെ പോലെ പത്മോസിൽ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും, അല്ലെങ്കിൽ ഭവനത്തിൽ സുഖേന ഇരിക്കുകയാണെങ്കിലും, ഈ ഭൂമിയിൽ തന്നെ നിങ്ങളുടെ സന്തോഷം പൂർണമായിരിക്കാൻ കഴിയും. എല്ലാ സമയവും നിങ്ങൾ ദൈവത്തിൻ്റെ വെളിച്ചത്തിൽ നടക്കുന്ന കാര്യം തിരഞ്ഞെടുക്കുമെങ്കിൽ, നിങ്ങളുടെ സന്തോഷം ഒരിക്കലും നിങ്ങളുടെ സാഹചര്യങ്ങളെ ആശ്രയിച്ചായിരിക്കയില്ല.
എന്നാൽ നമുക്ക് അവിടുത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും നാം ഇരുട്ടിൽ നടക്കുകയും ചെയ്താൽ, അപ്പോൾ നാം സത്യം പ്രവർത്തിക്കുന്നില്ല. ദൈവത്തോടു കൂട്ടായ്മയുണ്ടെന്നു പറയുകയും എന്നാൽ പാപത്തിൽ നടക്കുകയും ചെയ്യുന്ന ധാരാളം ക്രിസ്ത്യാനികൾ ഉണ്ട്. അവരുടെ മുഖത്ത് കർത്താവിൻ്റെ സന്തോഷം ഇല്ല എന്നത് നിങ്ങൾക്കു കാണാൻ കഴിയും. അവരുടെ ചുവടുകളിൽ ഒരു കുതിപ്പും ഇല്ല, അവരുടെ ചുണ്ടിൽ ഒരു പാട്ടുമില്ല, അവരുടെ കണ്ണുകളിൽ ഒരു തിളക്കവുമില്ല. ദൈവവുമായുള്ള കൂട്ടായ്മയുടെ സന്തോഷം അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. നാം ദൈവത്തോടു കൂടെ നടക്കുകയാണെങ്കിൽ, വിശ്വാസികൾ എന്ന നിലയിൽ നാം പ്രായമാകുന്തോറും, അധികം സന്തോഷം നമുക്കുണ്ടാകും.