സാക് പുന്നൻ
ദൈവം കരുണാ സമ്പന്നനാണ് (എഫെ. 2:4). നാം രക്ഷിക്കപ്പെട്ടപ്പോൾ നമ്മിൽ ഓരോരുത്തനും നേർക്കുനേർ കണ്ട ദിവ്യ സ്വഭാവത്തിൻ്റെ ഏറ്റവും ഒന്നാമത്തെ പ്രത്യേക സവിശേഷത അവിടുത്തെ കരുണ ആയിരുന്നു. മറ്റുള്ളവർ നമ്മെ അഭിമുഖീകരിക്കുമ്പോൾ ഉണ്ടാകേണ്ട ഏറ്റവും ഒന്നാമത്തെ അനുഭവവും അതു തന്നെ ആയിരിക്കണം, നാം വാസ്തവമായി ദിവ്യ സ്വഭാവത്തിൻ്റെ പങ്കാളികൾ ആയിരിക്കുന്നെങ്കിൽ.
നരകത്തിൽ കരുണ കണ്ടെത്താനാകില്ല അതുപോലെ നമ്മുടെ ജഡത്തിലും കരുണ കണ്ടെത്താൻ കഴിയില്ല. നമ്മുടെ ജഡം സ്വാഭാവികമായി മറ്റുള്ളവരോട് കാഠിന്യമുള്ളതാണ്. അത്തരം കാഠിന്യം ദൈവിക ഖണ്ഡിതമാണെന്നു കരുതി നമ്മെ തന്നെ വഞ്ചിക്കുവാൻ എളുപ്പമാണ്. അത്തരത്തിലാണ് പാപത്തിൻ്റെ വഞ്ചന.
ഇപ്പോൾ തന്നെ നമുക്ക് സ്വർഗ്ഗത്തിലേക്കു നോക്കാൻ കഴിഞ്ഞാൽ, ദൈവം നിരന്തരമായി മറ്റുള്ളവരോടു ക്ഷമിച്ചു കൊണ്ടിരിക്കുന്നതു നാം കണ്ടെത്തും. ഈ ലോകത്തിൻ്റെ ഓരോ ഭാഗത്തു നിന്നും, വിശ്വാസികളും അവിശ്വാസികളും നിരന്തരമായി അവിടുത്തോട് തങ്ങളുടെ പാപങ്ങളുടെയും പരാജയങ്ങളുടെയും ക്ഷമയ്ക്കായി അപേക്ഷിച്ചുകൊണ്ട് കരഞ്ഞുകൊണ്ടിരിക്കുകയാണ്. അവിടുന്ന് എല്ലായ്പോഴും അവരോടു ക്ഷമിച്ചു കൊണ്ടും ഇരിക്കുന്നു – ഓരോ ദിവസത്തിൻ്റെയും 24 മണിക്കൂറും. ചിലർ തങ്ങൾ ആയിരാമത്തെ തവണ ആവർത്തിച്ചു ചെയ്ത പാപത്തിനു വേണ്ടി ആയിരിക്കണം ക്ഷമ ചോദിക്കുന്നത്. അവിടുന്ന് അപ്പോഴും ക്ഷമിക്കുന്നു, കാരണം അവിടുത്തെ സ്വഭാവം അതാണ്. കൃത്യമായി അതേപോലെ തന്നെ നാമും മറ്റുള്ളവരോടു ക്ഷമിക്കണമെന്നാണ് യേശു പറഞ്ഞത് (മത്താ.18:35).
ഒരു ദിവസം തന്നെ ഏഴു പ്രാവശ്യം നമ്മുടെ സഹോദരന്മാരോട് ക്ഷമിക്കണമെന്നും യേശു പറഞ്ഞു (ലൂക്കോ.17:4). ഒരു ദിവസം എന്നത് 12 മണിക്കൂറായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്. ഇത് അർത്ഥമാക്കുന്നത്, നിൻ്റെ സഹോദരൻ രാവിലെ ആറു മണിക്ക് നിനക്ക് വിരോധമായി പാപം ചെയ്തിട്ട് രാവിലെ 7 മണിക്കു വന്ന് നിന്നോടു ക്ഷമ ചോദിച്ചാൽ നീ അവനോടു ക്ഷമിക്കണം. അതേ പാപം തന്നെ 8 മണിക്കു വീണ്ടും ചെയ്തിട്ട് 9 മണിക്ക് നിന്നോട് ക്ഷമ ചോദിച്ചാൽ നീ അവനോടു ക്ഷമിക്കേണ്ടതാണ്. അതിനു ശേഷം 10 മണിക്ക് അതേ പാപം മൂന്നാമത്തെ പ്രാവശ്യം നിന്നോടു ചെയ്തിട്ട് 11 മണിക്കു വന്നു നിന്നോടു ക്ഷമ ചോദിച്ചാൽ നീ അവനോടു ക്ഷമിക്കേണ്ടതാണ്. ഉച്ചയ്ക്ക് 12 മണിക്കും, 2 മണിക്കും, 4 മണിക്കും അതേ പാപം തന്നെ ആവർത്തിച്ചു ചെയ്തിട്ട് ഓരോ തവണയും നിൻ്റെ അടുക്കൽ മടങ്ങി വന്ന് നിന്നോടു ക്ഷമ ചോദിക്കുന്നു. ഓരോ തവണയും അവനോടു ക്ഷമിക്കണം, ആ ദിവസം തന്നെ നിന്നോട് ക്ഷമ ചോദിച്ചു കഴിഞ്ഞ തവണകളുടെ എണ്ണത്തിൻ്റെ ഒരു രേഖയും സൂക്ഷിക്കാതെ തന്നെ. ഏഴു തവണ വരെ എന്നത് ഒരു റെക്കോർഡ് ആയി സൂക്ഷിക്കണമെന്ന് യേശു പറഞ്ഞു എന്നു നിയമവാദികളായ ചിലർ പറഞ്ഞേക്കാം. അതാണ് പത്രോസ് ഒരിക്കൽ യേശുവിനോടു പറഞ്ഞത്, യേശു അവനോടു പറഞ്ഞത് നിൻ്റെ സഹോദരനോട് 490 തവണ ക്ഷമിക്കണമെന്നാണ് (മത്താ.18:21 ,22).
ദൈവത്തിൻ്റെ സ്വഭാവം ഇതുപോലെയാണ്. നമുക്ക് അവിടുത്തെ സ്വഭാവത്തിൻ്റെ പങ്കാളികളാകാൻ കഴിയും എന്നതാണ് പുതിയ ഉടമ്പടിയുടെ സുവാർത്ത. വാസ്തവമായി അതിനു പങ്കാളി ആകുന്നതിനേക്കാൾ അതിനെ കുറിച്ചു പറയുന്നത് എളുപ്പമാണ്. അനുഭവത്തിൽ നിന്നു നമുക്കെല്ലാവർക്കും അതറിയാം. എന്നാൽ “ദൈവരാജ്യം വാക്കുകളിലല്ല ശക്തിയിലത്രെ” ( 1 കൊരി. 4:20).
ക്രിസ്തുവിൻ്റെ തേജസ് നമ്മിലുടെ പ്രസരിക്കുന്നത്, അനേകം അത്ഭുതകരമായ “സത്യങ്ങളെയും” ഉപദേശങ്ങളെയും കുറിച്ച് നാം വായ്കൊണ്ടു പറയുന്നതിലൂടെയല്ല, എന്നാൽ ദൈവത്തിൻ്റെ സ്നേഹം നമ്മിലൂടെ മറ്റുള്ളവർക്കു വെളിപ്പെടുത്തുന്നതിലൂടെയാണ്.