ദുശ്ചിന്തകളുടെ മേലുള്ള വിജയം – WFTW 26 നവംബർ 2023

സാക് പുന്നൻ

ഓരോ യുവാവും (യുവതിയും) ഉടനെ തന്നെ അല്ലെങ്കിൽ പിന്നീട് അശുദ്ധ ചിന്തകളാൽ പ്രലോഭിപ്പിക്കപ്പെടുന്നു. പുരുഷന്മാരിലുള്ള ലൈംഗിക ഉത്തേജനം സ്ത്രീകളിലുള്ളതിനേക്കാൾ ശക്തവും അക്രമാസക്തവും ആയിരിക്കുന്നതു കൊണ്ട്, ആദ്യത്തെ കൂട്ടർ രണ്ടാമത്തെ കൂട്ടരെക്കാൾ ഈ പ്രശ്നം കൂടുതൽ അഭിമുഖീകരിക്കേണ്ടിവരുന്നു. മർക്കോസ് 7:21ൽ, മനുഷ്യൻ്റെ ഹൃദയത്തിൽ നിന്നു പുറപ്പെടുന്ന തിന്മകളുടെ പട്ടികയിൽ ദുശ്ചിന്തകൾ ഒന്നാമതായി ചേർത്തിരിക്കുന്നു. രക്ഷിക്കപ്പെടാത്ത എല്ലാ പുരുഷന്മാരുടെയും ഹൃദയങ്ങൾ ഒരുപോലെ ദുഷ്ടതയുള്ളതാണ്. അതുകൊണ്ട് യേശു നൽകിയ വിശദീകരണം എല്ലാവരെയും സംബന്ധിച്ചും സത്യമാണ്. അശുദ്ധ ചിന്തകൾ ഒരു വ്യഭിചാരിയുടെ മനസ്സിനെ ബാധിക്കുന്ന അത്രയും തന്നെ സദാചാരപരമായി നേരുള്ള ഒരു മനുഷ്യനെയും ബാധിക്കും- അവസരങ്ങളുടെ കുറവും സമൂഹത്തോടുള്ള ഭയവും ശാരീരികമായി വ്യഭിചാരം ചെയ്യുന്നതിൽ നിന്നും സത്ചരിതനായവനെ തടയുമെങ്കിൽ പോലും.

പ്രലോഭനവും പാപവും തമ്മിൽ ഏതുവിധേനയും നാം തിരിച്ചറിയേണ്ടതുണ്ട്. യേശു പോലും ‘സകലത്തിലും നമ്മെ പോലെ’ പ്രലോഭിപ്പിക്കപ്പെട്ടു (എബ്രാ. 4:15). എന്നാൽ ഒരിക്കൽ പോലും അവിടുന്ന് പ്രലോഭനങ്ങൾക്കു വഴങ്ങിയില്ല (അവിടുത്തെ മനസ്സിൽ പോലും) അതുകൊണ്ട് അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല. ഈ ഭൂമിയിലെ അവസാന നാൾ വരെ നാമും പ്രലോഭിപ്പിക്കപ്പെടാം. എന്നാൽ നാം പാപം ചെയ്യേണ്ട ആവശ്യമില്ല. ദുഷിച്ച ആഗ്രഹങ്ങൾ നമ്മുടെ മനസ്സിൽ ഗർഭം ധരിക്കാൻ അനുവദിക്കപ്പെടുമ്പോൾ മാത്രമാണ് നാം പാപം ചെയ്യുന്നത് (യാക്കോബ് 1:15), അതായത്, നമ്മുടെ മനസ്സിലേക്ക് മിന്നി മറയുന്ന മോഹചിന്തകൾ നാം സ്വീകരിക്കുമ്പോൾ, ആ വശീകരണം ഉടനെ തന്നെ നാം തള്ളിക്കളയുമെങ്കിൽ, നാം പാപം ചെയ്യുകയില്ല. വൃദ്ധനായ പ്യൂരിറ്റൻ പറഞ്ഞതുപോലെ, ”പക്ഷികൾ എൻ്റെ തലയ്ക്കു മീതെ പറക്കുന്നതിൽ നിന്ന് അവയെ തടയാൻ എനിക്കു കഴിയില്ലെങ്കിലും, എൻ്റെ തലമുടിയിൽ കൂടുണ്ടാക്കുന്നതിൽ നിന്ന് അവയെ തടയാൻ എനിക്കു കഴിയും”. ഒരു ദുഷ്ട ചിന്ത നമ്മിൽ വരുമ്പോൾ നാം ഒരു നിമിഷ നേരത്തേയ്ക്കെങ്കിലും അതിനെ താലോലിച്ചാൽ, കൂടുണ്ടാക്കാൻ നാം അതിനെ അനുവദിക്കുകയാണ്, അങ്ങനെ പാപം ചെയ്യുവാനും.

ഒരിക്കൽ വഴങ്ങിക്കൊടുത്ത മോഹചിന്തകൾ, ഒരുവനെ കൂടുതൽ കൂടുതൽ അതിൻ്റെ അടിമയാക്കി തീർക്കുന്നു. സമയം കടന്നുപോകുന്തോറും അതിൽ നിന്നുള്ള വിടുതൽ കൂടുതൽ പ്രയാസമുള്ളതായിരി തീരുന്നു. എത്രകണ്ട് പെട്ടെന്ന് വിടുതലിനായി അന്വേഷിക്കുമോ അത്രകണ്ട് അത് കൂടുതൽ എളുപ്പമായിരിക്കും. ദുഷ്ട ചിന്തകളുടെ മേലുള്ള വിജയം (മറ്റെല്ലാ പാപങ്ങളുടെയും മേലുള്ള വിജയം പോലെ) ഉണ്ടാകുന്നത് പരാജയത്തെ കുറിച്ചുള്ള ഏറ്റുപറച്ചിൽ, വിടുതലിനായുള്ള യഥാർത്ഥമായ ആഗ്രഹം, ക്രിസ്തുവിനോടു കൂടെ നാമും മരിച്ചു എന്നുള്ള സത്യത്തെ അംഗീകരിക്കുന്നത്, കൂടാതെ കർത്താവിനോടുള്ള നമ്മുടെ ദേഹത്തിൻ്റെയും മനസ്സിൻ്റെയും പൂർണ്ണമായ സമർപ്പണം (റോമ.6:1-14) ഇവയിലൂടെയാണ്.

നമുക്ക് തുടർമാനം വിജയം ആസ്വദിക്കണമെങ്കിൽ, നാം ആത്മാവിൽ നടക്കുകയും നമ്മുടെ ജീവിതങ്ങളെ ശിക്ഷണം ചെയ്യുന്നതിൽ അവിടുത്തോടു സഹകരിക്കുകയും വേണം (ഗലാ. 5:16-19). നമ്മുടെ കണ്ണുകളെയും കാതുകളെയും ശിക്ഷണം ചെയ്യുന്നതിൽ നാം പരാജയപ്പെട്ടാൽ (മോഹം ജനിപ്പിക്കുന്ന തരത്തിലുള്ളവയെല്ലാം വായിക്കുന്നതും, കാണുന്നതും, കേൾക്കുന്നതും അവസാനിപ്പിക്കുന്നതിൽ), നമ്മുടെ ചിന്തകളെയും ശിക്ഷണം ചെയ്യുവാൻ നമുക്കു കഴിയുകയില്ല (മത്താ.5:28-30 വരെയുള്ള വാക്യങ്ങളുടെ യഥാർത്ഥ വിവക്ഷിതാർത്ഥം ഇതാണ്). മോഹപരമായ ചിന്തകളിൽ നിന്നുള്ള വിടുതലിന് ശരീരത്തിൻ്റെ ശിക്ഷണം വളരെ അത്യന്താപേക്ഷിതമാണ്. വിശുദ്ധന്മാരിൽ മഹാന്മാരായവരൊക്കെ ഏറ്റുപറഞ്ഞിരിക്കുന്ന ഒരു കാര്യം അവരുടെ മനസ്സുകളിൽ ഉണ്ടാകുന്ന ലൈംഗിക പ്രലോഭനങ്ങളോട് നിരന്തരമായി പോരാടേണ്ടിയിരുന്നു എന്നാണ്. വിജയം നേടേണ്ടതിന് അവർക്കു തങ്ങളുടെ ശരീരങ്ങളെ കഠിനമായി ശിക്ഷണം ചെയ്യേണ്ടിയിരുന്നു.

ഇയ്യോബ്, 10 മക്കളുള്ള ഒരു വിവാഹിതനായിരുന്നെങ്കിലും, ദുർമോഹചിന്തകളിൽ നിന്നു വിടുവിക്കപ്പെടണമെങ്കിൽ, തൻ്റെ കണ്ണുകളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഒരു പെൺകുട്ടിയെ മോഹത്തോടെ നോക്കാതിരിക്കേണ്ടതിന് ഞാൻ എൻ്റെ കണ്ണുമായി ഒരു ഉടമ്പടി ചെയ്തിരിക്കുന്നു” (ഇയ്യോ.31:1 – റ്റി. എൽ. ബി). പുരുഷന്മാരെ സംബന്ധിച്ച്, ഏറ്റവും വലിയ പ്രലോഭനങ്ങൾ വരുന്നത് കണ്ണിലൂടെയാണ്. ഇവിടെ ശ്രദ്ധ ചെലുത്താതെ അശ്ലീല ചിന്തകളോ ചിത്രങ്ങളോ നേത്ര കവാടത്തിലൂടെ നമ്മുടെ മനസ്സിൽ കടക്കാൻ ഒരുതവണ അനുവദിച്ചാൽ, അത് അവിടെ നിന്നു മാറ്റുന്ന കാര്യം എറെക്കുറെ അസാധ്യമായി തീരുന്നു.

നാം നാൾ തോറും നമ്മുടെ മനസ്സുകളെ ദൈവവചനം കൊണ്ടു നിറയ്ക്കണം- കാരണം അങ്ങനെ ദൈവവചനത്താൽ നമ്മുടെ മനസ്സുകളെ പൂരിതമാക്കുന്നത്, ദുശ്ചിന്തയ്‌ക്കെതിരായുള്ള ഏറ്റവും ഉറപ്പുള്ള ഒരു സുരക്ഷാ സംവിധാനമാണ്. ദാവീദ് പറഞ്ഞു, “ഞാൻ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന് നിൻ്റെ വചനത്തെ എൻ്റെ ഹൃദയത്തിൽ സംഗ്രഹിച്ചിരിക്കുന്നു (സങ്കീ.119:11- റ്റി.എൽ.ബി). വേദപുസ്തകം ഇപ്രകാരം കൂടി പറയുന്നു, “നീ ദൈവത്തിൻ്റെ അംഗീകാരം വിലമതിക്കുന്നെങ്കിൽ, വിശുദ്ധവും, ശരിയായതും, നിർമലമായതും, മനോഹരമായതും, നന്മയായതുമായ കാര്യങ്ങളുടെ മേൽ നീ മനസ്സുറപ്പിക്കുക ” ( ഫിലി. 4:8-ജെ ബി പി).

ഇന്നു ലോകത്തിൽ നമുക്കു ചുറ്റും നിലനിൽക്കുന്ന ധാർമ്മികതയുടെ നിലവാരം അത്രമാത്രം താഴ്ന്നതായതു കൊണ്ട് അശ്ലീല ചിന്തകളിൽ നിന്നു പൂർണ്ണമായി സ്വതന്ത്രമാകുന്നതു വളരെ പ്രയാസമുള്ള കാര്യമാണെന്നു ചിലർ പറഞ്ഞേക്കാം. എന്നാൽ കാര്യങ്ങളുടെ ഈ അവസ്ഥ ഇരുപതാം നൂറ്റാണ്ടിൻ്റെ മാത്രം പ്രത്യേകതയല്ല. ഒന്നാം നൂറ്റാണ്ടിലെ കൊരിന്ത് തന്നിഷ്ടത്തിൻ്റെയും അസാന്മാർഗികതയുടെയും കേന്ദ്രമായിരുന്നു, എന്നിട്ടും ദൈവത്തിൻ്റെ ആത്മാവ് അവിടെയുള്ള ക്രിസ്ത്യാനികളോട്, അവരുടെ ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കേണ്ടതിന് നിർബന്ധിക്കുന്നു (2 കൊരി. 10:5). ഇന്നും അതേ കാര്യം തന്നെ ചെയ്യുവാൻ അവിടുന്ന് നമ്മോടു പറയുന്നു. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതും പ്രയാസമുള്ളതുമായിരിക്കാം, എന്നാൽ ആ വഴിയിലൂടെ നടക്കുവാൻ വേണ്ടി നമ്മെ ശക്തീകരിക്കുവാൻ പരിശുദ്ധാത്മാവിനു കഴിയും.

അപ്രകാരം നമ്മുടെ ജീവിതങ്ങളെ ശിക്ഷണം ചെയ്യേണ്ടതിന്, എതിർ ലിംഗത്തിലുള്ളവരോട് ഒരു വെറുപ്പ് വളർത്തിയെടുക്കണമെന്നല്ല അർത്ഥമാക്കുന്നത്. അതിൽ നിന്നും വിദൂരമായത്! എതിർ ലിംഗത്തിലുള്ളവർ ആകർഷണീയരാണെന്ന് നാം കണ്ടെത്തുന്നത് അതിൽ തന്നെ പാപകരമല്ല. അത് തികച്ചും സ്വാഭാവികമാണ്. ദൈവത്തിൻ്റെ മനോഹര സൃഷ്ടിയുടെ ഭാഗമായി കണ്ട് ഒരു സൗന്ദര്യമുള്ള മുഖത്തെ ആദരിക്കുന്നത് നമ്മെ സംബന്ധിച്ചു തെറ്റല്ല. എന്നാൽ വീഴ്ച സംഭവിച്ച സൃഷ്ടികൾ ആയതുകൊണ്ട്, നാം ശ്രദ്ധാലുക്കൾ അല്ലെങ്കിൽ പെട്ടെന്നു തന്നെ ആ സുന്ദര രൂപത്തെ സൂക്ഷിച്ചു നോക്കുവാനും അതിനു ശേഷം അതു മോഹിക്കാനും തുടങ്ങും. അങ്ങനെ എതിർലിംഗത്തിലുള്ളവരുടെ ആകർഷകത്വം, അതിൽ തന്നെ അതു ശുദ്ധമാണെങ്കിലും, നമുക്ക് അശുദ്ധ ചിന്തകൾക്കുള്ള ഒരവസരമായി തീരും.

നമ്മിലുള്ള പരിശുദ്ധാത്മാവ്, നമ്മെ പരിശോധിച്ചിട്ട് നമ്മുടെ കണ്ണുകളും ചിന്തകളും മറ്റൊരു ദിശയിലേക്കു തിരിക്കാൻ പറയുമ്പോൾ, അത് ഉടനെ തന്നെ അനുസരിക്കുന്നതിലാണ് നമ്മുടെ സുരക്ഷിതത്വം നിക്ഷിപ്തമായിരിക്കുന്നത്. ”കർത്താവേ (ഈ മേഖലയിൽ) എനിക്കു ജയിക്കാൻ കഴിയാത്ത പ്രലോഭനങ്ങൾ നേരിടുവാൻ എന്നെ അനുവദിക്കരുതേ” എന്ന് കൂടെക്കൂടെ നാം പ്രാർത്ഥിക്കണം. ആ വിധത്തിലുള്ള പ്രാർത്ഥന ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നതിലൂടെ അനേകം ചെറുപ്പക്കാർ വിജയം കണ്ടെത്തിയിരിക്കുന്നു.