ക്രിസ്തുവിൻ്റെ ശരീരത്തിൽ അന്യോന്യം കൈക്കൊള്ളുന്നത് – WFTW 24 മാർച്ച് 2024

സാക് പുന്നൻ

റോമർ 14, 15 അധ്യായങ്ങൾ, ക്രിസ്തുവിൻ്റെ ശരീരത്തിൽ അന്യോന്യം കൈക്കൊള്ളുന്നതിനെ കുറിച്ച് സംസാരിക്കുന്നു. വിശ്വാസികൾ എന്ന നിലയിൽ, എല്ലാ കാര്യങ്ങളിലും നാം ഒരു പോലെയല്ല ചിന്തിക്കുന്നത്. ഒരു നാൾ ക്രിസ്തു മടങ്ങി വരുമ്പോൾ നമ്മുടെ മനസ്സ് പൂർണ്ണതയുള്ളതായി തീരും, അപ്പോൾ നാം ഓരോ ഉപദേശത്തെയും 100% സമ്മതിക്കുകയും, യഥാർത്ഥ ആത്മീയത എന്താണ്, ദേഹീമയത്വവും ലൗകികതയും എന്താണ് എന്നും നാം തിരിച്ചറിയുകയും ചെയ്യും. എന്നാൽ ഇന്നു ഈ കാര്യങ്ങളുടെ മേൽ നമുക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്, കാരണം നാം പരമാർത്ഥികളും പൂർണണഹൃദയരും ആണെങ്കിലും, നമ്മുടെ മനസ്സ് ഇപ്പോഴും പാപത്തിൻ്റെ പരിണിത ഫലത്താൽ സങ്കുചിതമാക്കപ്പെട്ടിരിക്കുന്നു. ഒരു കാര്യത്തെ കുറിച്ചും പൂർണ്ണതയുള്ള വ്യക്തമായ ഗ്രാഹ്യം ആർക്കുമില്ല. ഒരു കണ്ണാടിയിലൂടെ എല്ലാ കാര്യങ്ങളും നാം മങ്ങിയതായാണ് കാണുന്നത് (1കൊരി.13:12). അതുകൊണ്ട്, മറ്റുള്ളവരിൽ വ്യത്യസ്തമായ ചില കാര്യങ്ങൾ കാണുമ്പോൾ, മറ്റുള്ളവരെല്ലാം തെറ്റാണ്, ഞങ്ങളാണ് ശരി എന്നു ചിന്തിച്ച് ശാഠ്യം പിടിക്കരുത്. അങ്ങനെയാണ് ക്രിസ്തുവിൻ്റെ ശരീരത്തിൽ ഭിന്നത ഉണ്ടാകുന്നത്. ദൈവ വചനത്തിൽ വ്യക്തവും പ്രധാനപ്പെട്ടതുമായ സത്യങ്ങൾ ഉണ്ട്- പ്രത്യേകിച്ച് ക്രിസ്തു എന്ന വ്യക്തിയും അവിടുത്തെ പ്രവൃത്തിയും. യേശുക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമാണ് കൂടാതെ അവിടുന്ന് ലോകത്തിൻ്റെ പാപത്തിനു വേണ്ടി മരിച്ച് ഉയർത്തെഴുന്നേറ്റു. അതു മാത്രമാണ് പിതാവാം ദൈവത്തിലേക്കുള്ള ഏക മാർഗ്ഗം. അത്തരം ഉപദേശങ്ങൾക്ക്, ഞങ്ങൾ ഒട്ടും തന്നെ വിട്ടുവീഴ്ച ചെയ്യില്ല. എന്നാൽ അടിസ്ഥാനപരമല്ലാത്ത മറ്റു ഉപദേശങ്ങൾ ഉണ്ട്.

ജലസ്നാനം, രക്ഷയ്ക്ക് അത്യന്താപേക്ഷിതമല്ലെങ്കിലും, അപ്പോഴും പ്രാദേശിക സഭകൾക്ക് അതൊരു പ്രാധാന്യമുള്ള ഉപദേശമാണ്. ശിശു സ്നാനത്തിൽ വിശ്വസിക്കുന്ന ഒരുവന് അത് വചനാടിസ്ഥാനമല്ല എന്നു വിശ്വസിക്കുന്ന മറ്റൊരാളുമായി ഒരേ സഭയിൽ ഒരുമിച്ചു പ്രവർത്തിക്കാൻ സാധിക്കുകയില്ല – കാരണം അവർ നിരന്തരമായി അഭിപ്രായ സംഘട്ടനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കും. എന്നാൽ അങ്ങനെയുള്ള സഹോദരന്മാരുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയില്ലായിരിക്കാം, എങ്കിലും നാം അയാളെ ക്രിസ്തുവിൽ ഒരു സഹോദരനായി കൈക്കൊള്ളണം – അയാൾ വീണ്ടും ജനിച്ചിട്ടുണ്ടെങ്കിൽ – കാരണം ദൈവം അയാളെ അംഗീകരിച്ചിരിക്കുന്നു. ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയില്ലെങ്കിലും നമുക്ക് ഒരുമിച്ച് കൂട്ടായ്മ ആചരിക്കാൻ കഴിയും. ഒരു വ്യക്തിയുമായി ചേർന്നു പ്രവർത്തിക്കാൻ കഴിയില്ലെങ്കിൽ, അവർക്ക് അയാളോട് കൂട്ടായ്മയ്ക്കും കഴിയില്ല എന്ന് അനേകം വിശ്വാസികൾ കരുതുന്നു എന്നതാണ് ഇന്നത്തെ ദുരവസ്ഥ. അവിടെയാണ് 14ഉം 15ഉം അധ്യായങ്ങൾ വരുന്നത്.

വിശ്വാസത്തിൽ ബലഹീനനായ ഒരു സഹോദരനെ നിങ്ങൾ കാണുന്നുവോ? അവനെ കൈക്കൊള്ളുക. നിങ്ങൾ എങ്ങനെ അവനെ കൈക്കൊള്ളണം? “ക്രിസ്തു നിങ്ങളെ കൈക്കൊണ്ടതു പോലെ” (റോമ. 15:7). ക്രിസ്തു നിങ്ങളെ കൈക്കൊണ്ടത് നിങ്ങൾ പൂർണ്ണരായിരുന്നപ്പോഴാണോ? അല്ല. അങ്ങനെയെങ്കിൽ നിങ്ങൾ അവനെ കൈക്കൊള്ളുന്നതിനു മുമ്പ് നിങ്ങളുടെ സഹോദരൻ പൂർണ്ണതയുള്ളവനായിരിക്കണമെന്നു നിങ്ങൾ പ്രതീക്ഷിക്കുന്നതെന്തുകൊണ്ടാണ്? നാം വീണ്ടും ജനിച്ച ദിവസം നാം എത്ര ബലഹീനരും മടയന്മാരും ആയിരുന്നു. ദൈവത്തെ കുറിച്ച് നമുക്കൊന്നും അറിയില്ലായിരുന്നു തന്നെയുമല്ല നാമെല്ലാം പാപത്താൽ പരാജിതരുമായിരുന്നു. എന്നിട്ടും കർത്താവു നമ്മെ കൈക്കൊണ്ടു. അവിടുന്നു നമ്മിൽ അനേകം തെറ്റുകൾ കണ്ടു, എന്നിട്ടും അവിടുന്നു നമ്മെ കൈക്കൊണ്ടു. ദൈവം കൈക്കൊണ്ടിരിക്കുന്ന മറ്റുള്ളവരെ നാം കൈക്കൊള്ളുന്നില്ലെങ്കിൽ നാം നിഗളിച്ചിട്ട് ദൈവത്തെക്കാൾ ആത്മീയരാണെന്ന് കരുതുന്നു! ഇങ്ങനെയാണ് അന്ധാരാധന കൂട്ടങ്ങൾ പണിയപ്പെടുന്നത് – തെറ്റായ ഉപദേശങ്ങളാൽ മാത്രമല്ല, എന്നാൽ മറ്റു ദൈവമക്കളോടുള്ള നമ്മുടെ മനോഭാവങ്ങളാലും. നമ്മുടെ നിസ്സാര പ്രാധാന്യമുള്ള ചട്ടങ്ങളും നിയമങ്ങളും ക്രിസ്തുവിൻ്റെ ശരീരത്തിലെ മറ്റ് അംഗങ്ങളെ കൈക്കൊള്ളുന്നതിന് ആധാരമാക്കരുത്.

“നീ നിൻ്റെ സഹോദരനെ വിധിക്കുന്നത് എന്തുകൊണ്ട്?” (റോമ. 14:10a). അത് പുറമേയുള്ള ഒരു പ്രവൃത്തിയാണ്. “നിൻ്റെ സഹോദരനെ ധിക്കരിക്കുന്നതെന്തുകൊണ്ട്?” (റോമ. 14:10b). അത് ആന്തരികമായ ഒരു മനോഭാവമാണ്. നാം ഇവ രണ്ടും ഒഴിവാക്കണം. ദൈവം കൈക്കൊണ്ടിരിക്കുന്ന എല്ലാവരെയും, അവർ ആയിരിക്കുന്നതു പോലെ തന്നെ, കൈക്കൊള്ളാൻ തക്കവണ്ണം നമ്മുടെ ഹൃദയം വിശാലമാകുമ്പോൾ, നാം സുവിശേഷത്തിൻ്റെ സന്ദേശത്തിൻ്റെ ഉച്ചകോടിയിലെത്തുന്നു. “ഏക മനസ്സോടെ (ക്രിസ്തുവിൻ്റെ ശരീരത്തിലെ മറ്റുള്ളവരുമായി) ഒരു വായിനാൽ, നാം ദൈവത്തെ മഹത്വപ്പെടുത്തുന്നു” (റോമ. 15:6).

അവസാന അധ്യായമായ റോമർ 16, റോമിലുള്ള വ്യത്യസ്ത വിശ്വാസികൾക്ക് പൗലൊസിൽ നിന്നുള്ള അഭിവന്ദനം ഉൾക്കൊള്ളുന്നു. റോമിലുള്ള സഭയിൽ അഞ്ചു ഭവന സഭകൾ (വീട്ടിലെ സഭകൾ) ഉണ്ടായിരുന്നു (വാക്യം 5 -15). അവർ എല്ലാവരും ഒരുമിച്ചു കൂടിയത്, ഒരു മെഗാസഭ പോലെ ഒരു ഹാളിൽ ആയിരുന്നില്ല. റോമിലെ സഭ വളരെ വലിയതായിരുന്നു, എന്നാൽ അവർ വ്യത്യസ്ത ഭവനങ്ങളിൽ ചെറിയ കൂട്ടങ്ങളായാണ് കൂടി വന്നത്. പൗലൊസ് ഒരിക്കലും റോമിൽ പോയിട്ടില്ലെങ്കിലും, അവിടെ ഉണ്ടായിരുന്ന സഭയിലെ വ്യത്യസ്ത ആളുകളെ അറിയുന്നതിൽ താൽപര്യമെടുത്ത് അവരെ അഭിവന്ദനം ചെയ്തു.

ഒടുവിലായി “വിശ്വാസത്തിൻ്റെ അനുസരണം” എന്ന പദപ്രയോഗം (റോമ. 16:26) ആ ലേഖനത്തിൻ്റെ തുടക്കത്തിൽ വന്നതുപോലെ. ഇവിടെ അതിൻ്റെ അവസാനത്തിലും വന്നു കൂടിയിരിക്കുന്നു. ദൈവം പൗലൊസിനു നൽകിയിട്ടുള്ള വിളി, ആളുകളെ വിശ്വാസത്തിലേക്കു നയിക്കുവാൻ മാത്രമല്ല എന്നാൽ അവർ വിശ്വസിച്ചത് അനുസരിക്കുന്നതിലേക്കും കൂടെ നയിക്കുവാനാണ്. അനുസരണത്തിൻ്റെ പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവ വിശ്വാസമാണ് – ജീവനില്ലാത്ത ശരീരം പോലെ. പഴയ ഉടമ്പടിയുടെ കീഴിൽ, അനുസരണത്തിനായിരുന്നു ഊന്നൽ. പുതിയ ഉടമ്പടിയുടെ കീഴിൽ, വിശ്വാസത്തിൻ്റെ അനുസരണത്തിനാണ് ഊന്നൽ. നാം ഇന്നു ദൈവത്തെ അനുസരിക്കുന്നത്, ഒരോ കൽപ്പനയും വരുന്നത് ഒരു സ്നേഹവാനായ പിതാവിൽ നിന്നാണെന്നും അവ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത് നമ്മുടെ എറ്റവും നന്മയ്ക്കാണെന്നും അറിഞ്ഞു കൊണ്ടാണ്.