യിരെമ്യാവില്‍ നിന്ന് നാല് അത്ഭുതകരമായ സത്യങ്ങള്‍ – WFTW 13 ആഗസ്റ്റ് 2017

സാക് പുന്നന്‍

 

യിരെമ്യാവ് 3:14ല്‍ യഹോവ ഇപ്രകാരം അരുളിചെയ്തു. ‘ഞാന്‍ നിങ്ങളെ ഒരു പട്ടണത്തില്‍ നിന്ന് ഒരുത്തനെയും ഒരു വംശത്തില്‍ നിന്ന് രണ്ടു പേരെയും വീതം എടുത്ത് സീയോനിലേക്ക് കൊണ്ടുവരും’. ഇവിടെ സീയോന്‍ ദൈവത്തിന്റെ സത്യസഭയുടെ ഒരു പ്രതീകമാണ്. ആ സഭയുടെ ഒരു അടയാളം, ദൈവത്തെക്കുറിച്ചുളള പരിജ്ഞാനം കൊണ്ടും അവിടുത്തെ വഴികളെക്കുറിച്ചുളള അറിവിനാലും അവരെ പോറ്റുന്ന ‘ദൈവത്തിന്റെ ഹൃദയപ്രകാരമുളള ഇടയന്മാരായ’ നേതാക്കന്മാര്‍ അവര്‍ക്കുണ്ട് എന്നതാണ് (യിരെ 3:15). അങ്ങനെയുളള നേതാക്കന്മാരെ നിങ്ങള്‍ കണ്ടെത്തുമ്പോള്‍ നിങ്ങള്‍ സീയോനിലെത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയും. നിങ്ങളുടെ സഭാനേതാക്കന്മാര്‍ അങ്ങനെ അല്ലെങ്കില്‍ നിങ്ങള്‍ സീയോന്‍ കണ്ടെത്തിയിട്ടില്ല എന്നു നിങ്ങള്‍ക്കുറപ്പാക്കാം. ദൈവഭക്തരായ നേതാക്കന്മാര്‍ക്ക് ബുദ്ധിശക്തിയിലല്ല മികവ് കൂടുതലുളളത്, എന്നാല്‍ മനസ്സലിവിലും, ദൈവജനത്തോടുളള സ്‌നേഹത്തിലും അവര്‍ മുന്‍പന്തിയിലാണ്. അവര്‍ ദൈവജനത്തെ ചൂഷണം ചെയ്യുകയില്ല, അവരുടെ സ്‌തോത്രകാഴ്ചകളിലല്ല അവര്‍ക്കു താത്പര്യം മറിച്ച് കര്‍ത്താവിനോടുകൂടെയുളള അവരുടെ നടപ്പിലാണ്.

സൊദോം നശിപ്പിക്കാന്‍ പോകുന്നതിനു മുമ്പ് ദൈവം അബ്രാഹാമിനോടു പറഞ്ഞതിന് സമാനമായ ചില കാര്യങ്ങളാണ് ദൈവം യിരെമ്യാവിനോട് പറഞ്ഞത്. അബ്രഹാം ദൈവത്തോട് ഇപ്രകാരം യാചിച്ചു.’ സൊദോമില്‍ പത്തുപേരെ കണ്ടാല്‍ അവിടുന്ന് ആ പട്ടണത്തെ ഒഴിവാക്കുമോ? ദൈവം പറഞ്ഞു’ശരി, അവിടെ പത്തുപേരുണ്ടെങ്കില്‍ ഞാന്‍ സൊദോമിനെ ഒഴിവാക്കും'(ഉല്‍പത്തി 18:32). എന്നാല്‍ ഇവിടെ യഹോവ യിരെമ്യാവിനോടു പറഞ്ഞു,’ നീതിമാനായ ഒരുവനെ (പത്തു പേരെയല്ല ഒരേ ഒരാള്‍) യെരുശലേമില്‍ എവിടെയെങ്കിലും നീ കണ്ടെത്തുമെങ്കില്‍ ഞാന്‍ അവളോടു ക്ഷമിക്കും’ (യിരെമ്യാവ് 5:1). എന്നാല്‍ യിരെമ്യാവിന് ഒരുത്തനെപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു നീതിമാന്‍ പോലുമില്ലാത്ത ഒരു പട്ടണത്തിന്റെ അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ! ഒരു സഭയിലുളള നീതിമാനായ ഒരു വ്യക്തിക്ക് ആ സഭയില്‍ ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരാന്‍ കഴിയും എന്ന് നിങ്ങള്‍ക്കറിയാമോ? ഒരു കൂട്ടായ്മയിലേക്കും ഒരു ഭവനത്തിലേക്കും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുവാന്‍ ഒരു നീതിമാന് കഴിയും. എവിടെയാണെങ്കിലും ഒരു മനുഷ്യന്‍ ദൈവത്തിന്റെ കൂടെ ചേര്‍ന്നാല്‍ അത് ഭൂരിപക്ഷം ആണ്. നിങ്ങള്‍ നീതിയുളള പുരുഷന്മാരും സ്ത്രീകളും ആയിരിക്കുക. ദൈവം നിങ്ങളെ ശക്തിയോടെ പിന്‍താങ്ങുന്നതു കൊണ്ട് നിങ്ങള്‍ പോകുന്നിടത്തെല്ലാം സാത്താനെതിരെ കാര്യങ്ങള്‍ തിരിക്കുന്നവരായിരിക്കും.

യിരെമ്യാവ് 15: 19 ല്‍ യഹോവ യിരെമ്യാവിനോട് ഇപ്രകാരം പറഞ്ഞു, ‘നീ അവരുടെ അടുത്തേക്ക് ഒരിക്കലും മടങ്ങി പോകരുത്. നീ അവരെ സ്വാധീനിക്കണം. അവര്‍ നിന്നെ സ്വാധീനിക്കുവാന്‍ നീ അവരെ അനുവദിക്കരുത്’ നിന്നെ സ്വാധീനിക്കുവാന്‍ നീ ലോകത്തെ അനുവദിക്കരുത്, ദുഷിച്ച ക്രിസ്തീയതയും നിന്നെ സ്വാധിനിക്കുവാന്‍ നീ അനുവദിക്കരുത്. പിന്മാറ്റത്തിലായ പാസ്റ്റര്‍മാരും പണസ്‌നേഹികളായ പ്രാസംഗികരും നിന്നെ സ്വാധീനിക്കുവാന്‍ നീ അനുവദിക്കരുത്. ദൈവം നിന്നെ സ്വാധീനിക്കട്ടെ അതിനുശേഷം നീ മറ്റുളളവരെ ദൈവ ഭക്തിയിലേക്ക് സ്വാധീനിക്കുക. ‘ആളുകള്‍ നമ്മുടെ മേല്‍ ജയം കൊളളാതവണ്ണം അവിടുന്നു നമ്മെ ഒരു ഉറപ്പുളള താമ്രഭിത്തിയാക്കി വയ്ക്കും’ (യിരെ 15:20) എന്നാണ് ദൈവത്തിന്റെ വാഗ്ദത്തം. ഹല്ലേലുയ്യാ!

യിരെമ്യാവ് 20:711 ല്‍ (ലിവിംഗ്) യിരെമ്യാവ് ഇപ്രകാരം പറയുന്നു, ‘യഹോവെ, അവിടുന്ന് ഒരിക്കലും ഈ ജനത്തോട് ദയയുളള ഒരു വാക്കുപോലും പറയുവാന്‍ എന്നെ അനുവദിച്ചിട്ടില്ല, എപ്പോഴും ന്യായവിധി, ന്യായവിധി എന്നു തന്നെ’. തങ്ങളുടെ പ്രസംഗത്തില്‍ ഒരു സംതുലനാവസ്ഥ ഉളളവനെന്ന പ്രശസ്തി ലഭിക്കുവാന്‍ മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. ഒരു ഉപദേഷ്ടാവിനെ സംബന്ധിച്ച് അത് ശരിയായിരിക്കാം. എന്നാല്‍ ഒരു പ്രവാചകനും ഒരിക്കലും ഒരു സംതുലനം ഉളളവനായിരുന്നില്ല. പ്രവാചകന്മാരെല്ലാവരും തങ്ങളുടെ ശുശ്രൂഷയില്‍ അസംതുലിതരായിരുന്നു. അവര്‍ക്ക് ദൈവത്തില്‍ നിന്നൊരു സന്ദേശം ലഭിച്ചിട്ടുണ്ട്, ആ സന്ദേശം തന്നെ അവര്‍ എന്നെന്നും പ്രസംഗിച്ചു കൊണ്ടിരുന്നു. യിരെമ്യാവ് 40 വര്‍ഷങ്ങളായി ന്യായവിധിയുടെ സന്ദേശം തന്നെ പ്രസംഗിച്ചു കൊണ്ടിരുന്നു. ക്രിസ്തുവിന്റെ ശരീരത്തിലും, ഒരു പ്രത്യേക ഭാരമുളള പ്രവാചകന്മാരെ ദൈവം എഴുന്നേല്‍പ്പിക്കുന്നു. മറ്റു ക്രിസ്ത്യാനികള്‍ക്ക് ആ ഭാരം ഉണ്ടാകണമെന്നില്ല. എന്നാല്‍ ഒരു പ്രവാചകന് ദൈവം മിക്കപ്പോഴും ഒരേ ഒരു ഭാരമാണ് നല്‍കുന്നത്. അപ്പോള്‍ അദ്ദേഹത്തിന് കര്‍ത്താവിന്റെ പ്രവാചകനായി നിലനില്‍ക്കണമെങ്കില്‍ അദ്ദേഹം അതിനോട് സത്യവാനായിരിക്കണം. സദുദ്ദേശ്യമുളള മറ്റു ക്രിസ്ത്യാനികള്‍ അദ്ദേഹത്തെ കൂടുതല്‍ ‘ സംതുലിത’ ശുശ്രൂഷയിലേക്ക് തിരിക്കാന്‍ അദ്ദേഹം സമ്മതിക്കാതിരിക്കുകയും വേണം. ആ സമ്മര്‍ദ്ദത്തിനു വഴങ്ങി അദ്ദേഹം ‘സമതുലനാവസ്ഥ’ യിലാകുന്ന ആ ദിവസം തന്നെ തന്റെ തലമുറയില്‍ ദൈവത്തിന്റെ പ്രവാചകനായിരിക്കുന്ന ശുശ്രൂഷ അദ്ദേഹത്തിനു നിന്നു പോകും. ദൈവം യിരെമ്യാവിന് യഹൂദിയായിലുളളവരോട് കരുണയുളള ഒരു വാക്കുപോലും ഇല്ലാതെ ന്യായവിധിയുടെ ഏകസന്ദേശമാണ് നല്‍കിയത്. 40 വര്‍ഷങ്ങളായി അദ്ദേഹം ആ ദൗത്യത്തോട് പറ്റിച്ചേര്‍ന്നു നിന്നു അതിനാല്‍ അദ്ദേഹം അവസാനം വരെ ദൈവത്തിന്റെ വക്താവ് ആയിരുന്നു.