അംഗോളയിലെത്തിയ പാശ്ചാത്യ മിഷനറി ടി.ഇ. വില്‍സണ്‍ അവിടെ ഒരു പരസ്യ യോഗത്തില്‍ യേശുവിനെക്കുറിച്ചു പ്രസംഗിക്കുകയായിരുന്നു. പ്രസംഗത്തിനിടയില്‍ പ്രസംഗം കേള്‍ക്കാന്‍ മുന്നില്‍ കൂടി നില്‍ക്കുന്ന ആ നാട്ടുകാരായ ആളുകളെ ശ്രദ്ധിച്ചപ്പോള്‍ വില്‍സണിന്റെ കണ്ണുകള്‍, കറുത്തു തടിച്ച് ആജാനുബാഹുവായ ഒരാളിലും അയാളുടെ അടുത്തു പേടിച്ചു വിറച്ചു നില്‍ക്കുന്ന ഒരു കൗമാരക്കാരനിലും ഉടക്കി. തടിയന്‍ ഒന്നനങ്ങിയാല്‍ പയ്യന്‍ ഭയന്നു വിറയ്ക്കും. യോഗം തീര്‍ന്നപ്പോഴേക്കും മിഷനറിക്കു മനസ്സിലായി കറുത്ത തടിയന്‍ നാട്ടിലെ ക്രൂരനായ ഒരു അടിമക്കച്ചവടക്കാരനാണ്. പയ്യന്‍ അയാളുടെ അടിമയാണ്.
മിഷനറിക്കു പയ്യനോടു വലിയ സഹതാപം തോന്നി. പയ്യനെമോചിപ്പിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു കച്ചവടക്കാരനെ സമീപിച്ചു. പക്ഷേ അയാള്‍ ‘ഇതു തന്നെ തരം’ എന്നു കണക്കാക്കി വലിയൊരു തുക പയ്യന്റെ വിലയായി ആവശ്യപ്പെട്ടു. മിഷനറി അതു നല്‍കാന്‍ സന്നദ്ധനായപ്പോള്‍ അയാള്‍ പിന്നേയും വിലപേശാന്‍ തുടങ്ങി. ഒടുവില്‍ വിലപേശി കൂടുതല്‍ വലിയൊരു തുകയ്ക്കു കച്ചവടം ഉറപ്പിച്ചു പയ്യനെ മിഷനറിക്കു വിറ്റു.
അദ്ദേഹം യോഗം കഴിഞ്ഞു പയ്യനുമായി അടുത്തു തന്നെയുള്ള താന്‍ താമസിക്കുന്ന വീട്ടിലേക്കു പോയി. പയ്യന് എന്തിനാണു തന്നെ പുതിയ യജമാനന്‍ വിലയ്ക്കു വാങ്ങിയതെന്നു മനസ്സിലായില്ല. വീട്ടില്‍ ചെന്ന് അവനു ഭക്ഷണം നല്‍കിക്കഴിഞ്ഞ് അദ്ദേഹം അവനോടു പറഞ്ഞു: ”മകനേ, ഞാന്‍ നിന്നെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിന്നോട് എന്റെ ഇഷ്ടം പോലെ പെരുമാറാന്‍ എനിക്കു സ്വാതന്ത്ര്യമുണ്ട്. എല്ലാം ഞാന്‍ നിന്റെ തീരുമാനത്തിനു വിടുന്നു. നീ സ്വതന്ത്രനാണ്. ഒന്നുകില്‍ നിനക്കു നിന്റെ സ്വന്ത ജനങ്ങളോടൊപ്പം കഴിയാന്‍ വനത്തിലേക്കു പോകാം. അല്ലെങ്കില്‍ ഈ വീട്ടിലെ അംഗം എന്ന നിലയില്‍ നിനക്ക് ഇവിടെ കഴിയാം.”
മിഷനറി പറഞ്ഞതിന്റെ അര്‍ത്ഥം പൂര്‍ണമായി മനസ്സിലാക്കാന്‍ അവന് അല്പ സമയം വേണ്ടി വന്നു. ഒടുവില്‍ എല്ലാം മനസ്സിലായപ്പോള്‍ അവന്‍ നിറകണ്ണുകളോടെ അദ്ദേഹത്തോടു പറഞ്ഞു: ”ഞാന്‍ ഇനി എന്നും അങ്ങയുടെ അടിമയായി ഇവിടെ കഴിയും”.
”നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്ന് അറിയുന്നില്ലയോ?’ (1കൊരി. 6:19).