ഒരേ സംഭവം, രണ്ടു വീക്ഷണം

ഒരു എഴുത്തുകാരന്‍ തന്റെ മുറിയിലിരുന്നു ഡയറിയില്‍ ഇങ്ങനെ എഴുതി:

  • കഴിഞ്ഞ വര്‍ഷം എനിക്ക് ഒരു ശസ്ത്രക്രിയയ്ക്കു വിധേയനാകേണ്ടിവന്നു. എന്റെ ഗാള്‍ബ്ലാഡര്‍ ഓപ്പറേറ്റു ചെയ്തു മാറ്റി. പല ആഴ്ചകള്‍ എനിക്ക് ഓപ്പറേഷന്‍ മൂലം കിടക്കയില്‍ തന്നെ കഴിയേണ്ടിവന്നു.
  • കഴിഞ്ഞ വര്‍ഷം തന്നെ എന്റെ പിതാവിന്റെ മരണദുഃഖം എനിക്കറിയേണ്ടി വന്നു.
  • കഴിഞ്ഞ വര്‍ഷം എനിക്ക് 60 വയസ്സായി. എനിക്ക് എന്റെ പ്രിയപ്പെട്ട ജോലിയോടു വിടപറയേണ്ടിവന്നു. ഞാന്‍ എന്റെ നീണ്ട 35 വര്‍ഷങ്ങള്‍ ഈ പ്രസിദ്ധീകരണ സ്ഥാപനത്തില്‍ ജോലിചെയ്തിരുന്നതാണ്.

ഇത്രയും എഴുതിയിട്ട് അതിന്റെ ഒടുവിലായി അദ്ദേഹം ഇങ്ങനെ എഴുതി ‘”ദൈവമേ, കഴിഞ്ഞ വര്‍ഷം എത്ര മോശം വര്‍ഷമായിരുന്നു” !

ഈ സമയം എഴുത്തുകാരന്റെ ഭാര്യ പിന്നിലൂടെ മുറിയില്‍ പ്രവേശിച്ചു. ചിന്തയില്‍ ലയിച്ച് കണ്ണടച്ചിരുന്ന ഭര്‍ത്താവിന്റെ മുമ്പിലെ കടലാസില്‍ അദ്ദേഹം കുത്തിക്കുറിച്ചതെല്ലാം അവള്‍ വായിച്ചു. എന്നിട്ടു നിശ്ശബ്ദയായി മുറിവിട്ട് ഇറങ്ങി പോയി. പിന്നെ മറ്റൊരു കടലാസ്സില്‍ താഴെപ്പറയുന്നവിധത്തില്‍ എഴുതി ആ കടലാസ് ഭര്‍ത്താവിന്റെ മുന്നില്‍ കൊണ്ടുവച്ചു.

അദ്ദേഹം പെട്ടെന്നു ഞെട്ടി കണ്ണുതുറന്നു കടലാസില്‍ എഴുതിയിരുന്നത് ഇങ്ങനെ വായിച്ചു:

  • കഴിഞ്ഞ വര്‍ഷം എന്റെ ഗാള്‍ബ്ലാഡര്‍ കുഴപ്പമില്ലാതെ ശസ്ത്രക്രിയ ചെയ്തു നീക്കാന്‍ ഇടയായി. അതുമൂലം ഞാന്‍ എത്രയോ വര്‍ഷങ്ങള്‍ വേദന അനുഭവിച്ചിരുന്നതാണ്. ഇപ്പോള്‍ എത്ര സുഖം!
  • കഴിഞ്ഞ വര്‍ഷം തന്നെ 90 വയസ്സുണ്ടായിരുന്ന എന്റെ പിതാവ് ആരെയും ഭാരപ്പെടുത്താതെ, കിടന്നു കഷ്ടപ്പെടാതെ, തികഞ്ഞ പ്രത്യാശയോടെ നിത്യതയില്‍ പ്രവേശിച്ചു. ദൈവത്തിന്റെ സമയം എത്ര കൃത്യം!
  • കഴിഞ്ഞ വര്‍ഷം 60-ാം വയസ്സില്‍ ആരോഗ്യത്തോടെ എനിക്കു ജോലിയില്‍നിന്നു വിരമിക്കാന്‍ കഴിഞ്ഞു. ഇനി എനിക്ക് എന്റെ സമയം സമാധാനത്തോടെ കുറച്ചുകൂടി മെച്ചപ്പെട്ട, നിത്യതയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ഭംഗിയായി എഴുതാന്‍ ഉപയോഗപ്പെടുത്താമല്ലോ! എത്ര വലിയ സാധ്യത!.


അതിന്റെ അടിയില്‍ ഇങ്ങനെയും കുറിച്ചിരുന്നു “ഓ ദൈവമേ, ഇത്രയും അനുഗൃഹീതമായ ഒരു വര്‍ഷം അവിടുന്ന് എനിക്കു തന്നല്ലോ. നന്ദി നന്ദി”

എഴുത്തുകാരന്റെ കണ്ണുനിറഞ്ഞു. എത്ര ശരി! കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങളെ അദ്ദേഹം പുതിയൊരു വെളിച്ചത്തില്‍ കാണാന്‍ തുടങ്ങി.

“സത്യമായതു ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിര്‍മ്മ ലമായത് ഒക്കെയും രമ്യമായത് ഒക്കെയും സത്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍” (ഫിലി 4:8)