നിന്നെത്തന്നെ നൽകുക

ധനികയായ ഒരു വിധവയ്ക്ക് രോഗിണിയായ ഒരു മകളുണ്ടായിരുന്നു. തനിക്കു സുഖവാസസ്ഥലങ്ങളിലും ക്ലബ്ബുകളിലും ഒക്കെ പോകാനുള്ളതു കൊണ്ട് അവൾ മകളെ പരിചരിക്കാനായി ഒരു വേലക്കാരിയെ നിർത്തി.

അങ്ങനെയിരിക്കെ അവർക്ക് വിദേശത്ത് ഉല്ലാസയാത്രയ്ക്കു പോകാൻ ഒരവസരം ലഭിച്ചു. താൻ ചെല്ലുന്ന രാജ്യങ്ങളിൽ നിന്നെല്ലാം മകൾക്ക് സമ്മാനങ്ങൾ അയച്ചുതരാം എന്ന് മകളെ ആശ്വസിപ്പിച്ചിട്ട് ആ അമ്മ മാസങ്ങൾ നീണ്ടു നിൽക്കുന്ന യാത്രയ്ക്കായി പുറപ്പെട്ടു. വാക്കു പാലിക്കാനായി അവർ ചെന്ന സ്ഥലത്തുനിന്നെല്ലാം സമ്മാനങ്ങൾ വാങ്ങി മകൾക്ക് പാഴ്സലായി അയച്ചുകൊടുത്തു. വേലക്കാരി ആ സമ്മാനങ്ങളുമായി സന്തോഷത്തോടെ മകളുടെ അടുത്തെത്തി.

“നോക്കൂ, അമ്മ എത്രനല്ല സമ്മാനങ്ങളാണ് അയച്ചിരിക്കുന്നത്. പക്ഷേ മകൾ അതിൽ ഒരു താത്പര്യവും കാണിക്കാതെ തല തിരിച്ചുകളഞ്ഞു. വേലക്കാരി കുട്ടിയെ സന്തോഷിപ്പിക്കാൻ പിന്നെയും പറഞ്ഞു: “നിന്നെ എത്രമാത്രം സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന അമ്മയാണ് കണ്ടോ ഈ സമ്മാനങ്ങൾ എത്ര വിലപിടിപ്പുള്ളവ?”

കുട്ടി അതു കേട്ടു പൊട്ടിക്കരഞ്ഞു. വേലക്കാരി അവളെ ചേർത്തു പിടിച്ച് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഏങ്ങിക്കരഞ്ഞുകൊണ്ട് കുട്ടി അപ്പോൾ ഇങ്ങനെ പറഞ്ഞു “ഈ സമ്മാനങ്ങളെക്കാൾ എനിക്കെന്റെ അമ്മയെയാണ് ആവശ്യം. അമ്മ എന്റെ അടുത്തു വന്നിരിക്കണം. ഈ സമ്മാനങ്ങളെല്ലാം എടുത്തുകൊണ്ടുപൊയ്ക്കോ”.

തന്റെ മകൾ ശയ്യാവലംബിയായി കിടക്കുമ്പോൾ തന്റെ സുഖങ്ങൾ ത്യജിക്കാൻ തയ്യാറാകാത്ത ആ അമ്മയുടെ ബാഹ്യസ്നേഹപ്രകടനങ്ങളായിരുന്നില്ല മറിച്ച് അമ്മയുടെ സാന്നിദ്ധ്യവും യഥാർത്ഥസ്നേഹവുമാണ് ആ കുഞ്ഞ് ആഗ്രഹിച്ചത്. പല ക്രിസ്ത്യാനികൾക്കും തങ്ങളുടെ കർത്താവിനോട് ഈ നിലയിൽ ബാഹ്യമായ സ്നേഹമാണുള്ളത്. വല്ലപ്പോഴും മീറ്റിംഗുകളിൽ പങ്കെടുക്കുന്നതോ പണം നിക്ഷേപിക്കുന്നതോ ഒക്കെ ദൈവത്തോടുള്ള ഞങ്ങളുടെ സ്നേഹത്തിന്റെ അടയാളമായി സ്വീകരിച്ചുകൊണ്ട് കർത്താവ് തൃപ്തിപ്പെട്ടുകൊള്ളുമെന്നാണ് അവരുടെ മനോഭാവം.

എന്നാൽ ഓർക്കുക. നിന്റെ സംഭാവനകളല്ല ദൈവത്തിനു വേണ്ടത്, മറിച്ച് നിന്നെത്തന്നെയാണ്.
(മത്താ.22:37; 2 കൊരി.8:15; റോമ.6:13)

What’s New?