എന്നോടു ക്ഷമ തോന്നേണമേ – WFTW 17 സെപ്റ്റംബർ 2023

ആനി പുന്നൻ

തൻ്റെ കൂട്ടു ദാസനോട് കരുണയ്ക്കായി യാചിച്ചപ്പോൾ ആ ദാസൻ, “എന്നോടു ക്ഷമ തോന്നേണമേ” എന്നു കരഞ്ഞു പറഞ്ഞു (മത്താ.18:29). കുടുംബിനികൾ എന്ന നിലയിലും അമ്മമാർ എന്ന നിലയിലും നാം ഓരോ ദിവസവും ഇടപെടുന്ന അനേകരിൽ നിന്ന് വാക്കുകളില്ലാതെ നമ്മിലേക്കു വരുന്ന കരച്ചിലും ഇതു തന്നെയാണ്. എന്നാൽ ആ കരച്ചിൽ നമുക്കു കേൾക്കാൻ കഴിയണമെങ്കിൽ നാം ആത്മാവിൽ സ്പർശ്യതയുള്ളവരായിരിക്കണം- കാരണം അതു വാക്കുകളിലൂടെ പ്രകടിപ്പിക്കപ്പെടാത്തവയാണ്.

അത് ഒരുപക്ഷേ, നാം ആവർത്തിച്ച് പഠിപ്പിക്കാൻ ശ്രമിച്ചിട്ടും പഠിക്കാൻ കഴിയാത്ത വിധം പഠനത്തിൽ സാവധാനതയുള്ള നമ്മുടെ മക്കളാകാം, അവരോട് അക്ഷമരാകാൻ നാം തീവ്രമായി പ്രലോഭിപ്പിക്കപ്പെടുവാൻ അവർ കാരണക്കാരാകുന്നു. “എന്നോടു ക്ഷമ തോന്നേണമേ, അതു ശരിയായി ചെയ്യുവാൻ എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കുകയാണ്” എന്നു പറയുന്ന അവരുടെ പറയപ്പെടാത്ത കരച്ചിൽ നമുക്ക് കേൾക്കാൻ കഴിയുമെങ്കിൽ, അപ്പോൾ അവരോട് ക്ഷോഭിക്കുവാനുള്ള പ്രലോഭനത്തെ അതിജീവിക്കുവാൻ നമുക്ക് കൂടുതൽ എളുപ്പമായിരിക്കും.

ഒരുപക്ഷേ, നമ്മുടെ വീട്ടു ജോലിയിൽ നമ്മെ സഹായിക്കുന്ന വേലക്കാരി വിലക്ഷണയും അതേസമയം നാം ആഗ്രഹിക്കുന്നതുപോലെ അത്ര വൃത്തിയില്ലാത്തവളും ആണെങ്കിൽ, അവളോട് കഠിനമായി പെരുമാറുവാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ അവളുടെ പുറത്തുപറയാത്ത കരച്ചിൽ, “എന്നോടു ക്ഷമ തോന്നേണമേ. എനിക്ക് ഒരു അവസരം കൂടി തന്നാൽ ഞാൻ മെച്ചപ്പെടും” എന്നാണ് . അപ്പോൾ കൂടുതൽ മൃദുല ഹൃദയമുള്ളവരാകുവാൻ നമുക്ക് ഒരു അവസരം കൂടെ ലഭിക്കുന്നു.

അല്ലെങ്കിൽ, അതു നമ്മുടെ വൃദ്ധരായ മാതാപിതാക്കളാകാം, വൃദ്ധരും ദുർബലരും ആയതിനാൽ, ഇപ്പോൾ അവർ നമ്മിൽ ആശ്രിതരാണ്. അവരുടെ തളർന്ന, പറയപ്പെടാത്ത കരച്ചിലും “എന്നോടു ക്ഷമ തോന്നേണമേ. നിങ്ങളെ ബുദ്ധിമുട്ടിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നാൽ ഇപ്പോൾ എനിക്ക് നിങ്ങളുടെ സഹായം ആവശ്യമാണ്” എന്നാണ്. നാം അവരുടെ മനോവികാരങ്ങൾക്കു സ്പർശ്യതയുള്ളവരാണെങ്കിൽ, നാം അവരുടെ കരച്ചിൽ കേൾക്കുകയും, അവരുടെ അന്തസ്സ് നഷ്ടപ്പെടുത്താതെയും, തങ്ങൾ മറ്റുള്ളവരിൽ ആശ്രിതരാണെന്ന തോന്നൽ ഉണ്ടാകാതെയും നാം അവരെ സഹായിക്കുകയും ചെയ്യും.

ചിലപ്പോൾ സഭയിലുള്ള നമ്മുടെ കൂട്ടു സഹോദരിമാരുടെ പെരുമാറ്റം നമുക്ക് ഒരു ശോധനയായിരിക്കും. അവരുടെയും പറയപ്പെടാത്ത കരച്ചിൽ “എന്നോടു ക്ഷമ തോന്നേണമേ എനിക്ക് ഇപ്പോഴും വിവേകത്തിൻ്റെ കുറവ് വളരെയധികമാണ്”. അപ്പോൾ അവരും നമ്മെപോലെ, പൂർണ്ണതയിലേക്ക് ആഞ്ഞു കൊണ്ടിരിക്കുന്നവരാണെന്ന് നമുക്ക് മനസ്സിലാകും.

അത്തരം സാഹചര്യങ്ങളിൽ, നാം എല്ലാവരും, ആ കരുണയില്ലാത്ത ദാസനെ പോലെ ആകാനുള്ള ഒരു പ്രേരണ നമ്മുടെ ജഡത്തിൽ കണ്ടെത്തും. എന്നാലും ആ സമയങ്ങളിലെല്ലാം ദൈവത്താൽ നാം എത്രമാത്രം ക്ഷമിക്കപ്പെട്ടവരാണെന്നും, നമ്മുടെ മണ്ടത്തരങ്ങളോട് മറ്റുള്ളവർ നമ്മോട് എത്ര സഹിഷ്ണുതയുള്ളവരായിരുന്നു എന്നും, ഓർക്കേണ്ട ആവശ്യമുണ്ട് .

അതുകൊണ്ട് എല്ലാ സമയവും നമ്മുടെ കൂട്ടു ദാസരിൽ നിന്ന് – യൗവനക്കാരിൽ നിന്നും പ്രായമായവരിൽ നിന്നും – നമ്മുടെ അടുത്തേക്ക് വരുന്ന ക്ഷമയ്ക്കായുള്ള കരച്ചിൽ കേൾക്കാൻ നമ്മുടെ ചെവി പൊരുത്തപ്പെടുത്തി വയ്ക്കേണ്ടതുണ്ട് .

നിങ്ങൾ ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും ആകേണ്ടതിന് സഹനശക്തിക്ക് (സ്ഥിരതയ്ക്ക്) അതിൻ്റെ തികഞ്ഞ പ്രവൃത്തി ഉണ്ടാകട്ടെ (യാക്കോ.1 :4).