സാക് പുന്നൻ
ഒരിക്കൽ, ഞാൻ ഒരു പ്രത്യേക രാജ്യത്തേക്കു (സുവിശേഷം പ്രസംഗിക്കുന്നത് നിരോധിക്കപ്പെട്ട ഒരിടത്തേയ്ക്ക്) പോകുവാൻ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ, കർത്താവ് എന്നെ മത്തായി 28:18-19 വരെയുള്ള വാക്യങ്ങൾ ഓർപ്പിച്ചു. അപ്പോൾ ഞാൻ കണ്ടത്, സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും കർത്താവിനുള്ളതാണ്; അതുകൊണ്ടാണ് അവിടുന്നു സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കി കൊൾവാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നത് എന്നാണ്. ആ അടിസ്ഥാനത്തിൽ നാം മുന്നോട്ടു പോകുന്നില്ലെങ്കിൽ, നാം പോകുന്നിടങ്ങളിലെല്ലാം പ്രശ്നങ്ങൾ അഭിമുഖീകരിക്കും.
മത്തായി 28ലെ മഹാനിയോഗത്തിൽ ഉള്ള “ആകയാൽ” എന്ന വാക്ക് ഏറ്റവും പ്രാധാന്യമുള്ള വാക്കാണ്. മിക്ക പ്രാസംഗികരും ഊന്നൽ കൊടുക്കുന്നത് “പോകുക” എന്ന വാക്കിനാണ്. അതു നല്ലതാണ്. എന്നാൽ എന്തിൻ്റെ അടിസ്ഥാനത്തിലാണ് നാം പോകേണ്ടത്? എല്ലാ ആളുകളുടെ മേലും എല്ലാ പിശാചുക്കളുടെ മേലും ഉള്ള സകല അധികാരവും നമ്മുടെ കർത്താവിനുണ്ട് എന്ന അടിസ്ഥാനത്തിന്മേലാണ്. അതു നിങ്ങൾ യഥാർഥമായി വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ ഒരിടത്തും പോകാതിരിക്കുന്നതാണു നല്ലത്!
മത്തായി 28ലെ ഈ വാക്യം ഒരു പുതിയ വെളിപ്പാട് ആയിട്ടാണ് ആ സമയത്ത് എന്നിലേക്കു വന്നത്. അപ്പോൾ ഞാൻ മനസ്സിലാക്കിയത് ഒരു ശങ്കയും കൂടാതെ എനിക്ക് ആ രാജ്യത്തേക്കു പോകാം എന്നാണ്. ഞാൻ ആ രാജ്യത്തു പ്രവേശിച്ചപ്പോൾ – സ്വാഭാവികമായി – എൻ്റെ ഉള്ളിൽ ഭയമുണ്ടായിരുന്നു എന്നാൽ ആ ഭയത്തിൻ്റെ അടിസ്ഥാനത്തിൽ ഞാൻ തീരുമാനം എടുത്തില്ല.
യേശുവിന് പൂർണ്ണ അധികാരം ഇല്ലാത്ത ഏതെങ്കിലും ചില രാജ്യങ്ങൾ ഈ ലോകത്തിലുണ്ട് എന്നു നിങ്ങൾ ചിന്തിക്കുന്നെങ്കിൽ, അവിടേയ്ക്ക് നിങ്ങൾ പോകരുതെന്ന് ഞാൻ നിങ്ങളെ ഉപദേശിക്കുന്നു! ഞാൻ തന്നെ അവിടേയ്ക്കു പോകുകയില്ല. എനിക്ക് ഭയമായിരിക്കും. എന്നാൽ ദൈവത്തിനു നന്ദി ഈ ഭൂമിയിൽ ഒരിടത്തും അങ്ങനെയൊരു സ്ഥലമില്ല! ഈ ഭൂമിയുടെ ഓരോ മൂലയും നമ്മുടെ കർത്താവിൻ്റെ അധികാരത്തിനു കീഴിലാണ്.
അതുപോലെ തന്നെ, എവിടെയെങ്കിലുമുള്ള ആരുടെയെങ്കിലും മേൽ (അയാൾ എത്ര ശക്തിയുള്ള (അധികാരമുള്ള) ആളായാലും) നമ്മുടെ കർത്താവിന് അധികാരമില്ല എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, അയാളോടുള്ള ഭയത്തിൽ നിങ്ങൾക്ക് എപ്പോഴും ജീവിക്കേണ്ടി വരും. അങ്ങനെയുള്ള ഒരാളും ഒരിടത്തും ഇല്ല എന്നതിനാൽ ദൈവത്തിനു നന്ദി. ഓരോ മനുഷ്യൻ്റെ മേലും നമ്മുടെ കർത്താവിന് അധികാരമുണ്ട്. നെബുഖദ്നെസർ രാജാവിനു പോലും അതു മനസ്സിലായി – ദാനിയേൽ 4:35ൽ നാം വായിക്കുന്നതു പോലെ.
കാൽവറിയിൽ നമ്മുടെ കർത്താവിനാൽ കീഴടക്കപ്പെടാതെ, എങ്ങനെയോ തോൽവിയിൽ നിന്നു രക്ഷപ്പെട്ട, ഏതെങ്കിലും പിശാച് എവിടെയെങ്കിലും ഉണ്ടെങ്കിൽ, അപ്പോൾ നാം എപ്പോഴും ആ പിശാചിനെ ഭയപ്പെട്ടു ജീവിക്കണം. എന്നാൽ അതുപോലെ ക്രൂശിൽ തോൽപ്പിക്കപ്പെടാത്ത ഒരു പിശാചും ഇല്ല. സാത്താൻ തന്നെ അവിടെ തോൽപ്പിക്കപ്പെട്ടു – എന്നേയ്ക്കുമായി. അതാണ് സാത്താനോടും അവൻ്റെ പിശാചുക്കളോടുമുള്ള സകല ഭയത്തിൽ നിന്നും നമ്മെ വിടുവിച്ച്, നമ്മുടെ ശുശ്രൂഷയിൽ നമുക്കു വലിയ ധൈര്യം നൽകുന്നത്.
അതുകൊണ്ട് ദൈവം നമ്മെ വിളിക്കുന്ന ഇടത്തേയ്ക്കെല്ലാം നാം പോകുന്നു. ചില സ്ഥലങ്ങളിൽ അപകടങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ പരമാവധി നാം അറിയുന്നിടത്തോളം, കർത്താവാണ് നമ്മെ അവിടേയ്ക്ക് നയിക്കുന്നതെന്നു നമുക്കു തോന്നുന്നെങ്കിൽ, അവിടെ പോകാൻ നാം ഭയപ്പെടേണ്ട. ആ പ്രത്യേക സ്ഥലത്തു ക്രിസ്ത്യാനികൾക്ക് ഉപദ്രവം ഉണ്ടോ ഇല്ലയോ എന്നതല്ല ചോദ്യം. കർത്താവ് നിങ്ങളോട് അവിടെ പോകാൻ ആവശ്യപ്പെട്ടോ ഇല്ലയോ എന്നതാണ് ഒരേയൊരു ചോദ്യം. അവിടുന്ന് ആവശ്യപ്പെട്ടെങ്കിൽ, അപ്പോൾ അവിടുത്തെ അധികാരം നമ്മെ മുഴുവനായും പിൻതാങ്ങും. എന്തുതന്നെ ആയാലും നമുക്ക് ഒരു ഭയവും ഉണ്ടാകേണ്ട ആവശ്യമില്ല. എന്നാൽ ദൈവം നമ്മെ എവിടേയ്ക്കെങ്കിലും പോകാൻ വിളിച്ചിട്ടില്ലെങ്കിൽ, അപ്പോൾ എത്ര പേർ ശ്രമിച്ച് നമ്മെ പോകാൻ നിർബന്ധിച്ചാലും, അല്ലെങ്കിൽ നമ്മിലുള്ള സാഹസത്തിൻ്റെ ആത്മാവ് നമ്മെ പോകാൻ തയ്യാറാക്കിയാലും, നാം പോകരുത്!
ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് നാം പോകുമ്പോൾ എന്തുകൊണ്ടാണ് നാം അവിടേയ്ക്കു പോകുന്നത് എന്നു നാം നമ്മോടു തന്നെ ചോദിക്കണം. നാം പോകുന്നത് ശിഷ്യന്മാരെ ഉണ്ടാക്കാൻ വേണ്ടിയാണ്, തന്നെയുമല്ല നമുക്ക് മറ്റൊരു അഭിലാഷവും ഇല്ല എങ്കിൽ കർത്താവ് എപ്പോഴും നമ്മോടു കൂടെ ഉണ്ടായിരിക്കും എന്നു നമുക്ക് തീർച്ചപ്പെടുത്താം – അവിടുന്നു വാഗ്ദത്തം ചെയ്തതുപോലെ “യുഗാന്ത്യത്തോളം”. എന്നാൽ നമുക്ക് മറ്റ് ലക്ഷ്യങ്ങൾ ഉണ്ടായേക്കാം. യഹോവ “നമ്മുടെ ഹൃദയത്തിൻ്റെ ഭാവം പരിശോധിക്കുന്നു” (യിരെ. 12:3) കൂടാതെ നമ്മുടെ ലക്ഷ്യങ്ങളെ ശോധന ചെയ്യുകയും ചെയ്യുന്നു.
ഒരു വിശ്വാസി എന്നു തന്നെത്തന്നെ വിളിക്കുന്ന എല്ലാവർക്കും കർത്താവ് തന്നെ വിശ്വസിച്ച് ഭരമേൽപ്പിക്കുന്നില്ല. യോഹന്നാൻ 2:24ൽ നാം അതു വായിക്കുന്നു. എന്നാൽ നിങ്ങൾക്ക് കർത്താവിനോട് സത്യസന്ധമായി ഇപ്രകാരം പറയാൻ കഴിഞ്ഞാൽ: “കർത്താവേ, ഞാൻ ഈ സ്ഥലത്തേക്കു പോകുന്നത് അവിടേയ്ക്കു പോകുവാൻ അവിടുന്നെന്നെ വിളിച്ചിരിക്കുന്നു എന്നു തോന്നിയതുകൊണ്ടു മാത്രമാണ്. ഞാൻ അവിടെ പോകുന്നത് ശിഷ്യന്മാരെ ഉണ്ടാക്കി, അവരെ പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ സ്നാനപ്പെടുത്തി, അവിടുന്നു കൽപ്പിച്ചതെല്ലാം ചെയ്യുവാൻ അവരെ പഠിപ്പിക്കേണ്ടതിനു മാത്രമാണ്. പണമുണ്ടാക്കാനോ, അല്ലെങ്കിൽ എനിക്കു തന്നെ ഒരു പേരുണ്ടാക്കാനോ അല്ലെങ്കിൽ മറ്റേതൊരു വ്യക്തിപരമായ കാര്യങ്ങൾക്കും വേണ്ടിയല്ല ഞാൻ പോകുന്നത്”.
ഇതു നിങ്ങൾക്ക് സത്യസന്ധമായി പറയാൻ കഴിഞ്ഞാൽ, തീർച്ചയായും നിങ്ങളെ പിൻതാങ്ങിക്കൊണ്ട് കർത്താവിൻ്റെ അധികാരം എപ്പോഴും നിങ്ങൾക്കുണ്ടായിരിക്കും.
അപ്പോൾ, നിങ്ങളുടെ ഭാര്യയ്ക്കും കുഞ്ഞുങ്ങൾക്കും എന്തു സംഭവിക്കും അല്ലെങ്കിൽ നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങനെ നിറവേറ്റും എന്നൊക്കെ സംഭ്രമിച്ചുകൊണ്ട്, പേടിച്ചു ജീവിക്കേണ്ടി വരികയില്ല. പ്രാധാന്യമുള്ള ഒരേയൊരു ചോദ്യം “ദൈവം നിങ്ങളെ വിളിച്ചിരിക്കുന്നോ ഇല്ലയോ എന്നതുമാത്രമാണ്”. നിങ്ങളെ അവിടേയ്ക്ക് അയയ്ക്കുന്നത് ദൈവമാണോ അതോ ഏതെങ്കിലും മനുഷ്യനാണോ? അതോ നിങ്ങളെ നടത്തുന്ന സാഹസികതയുടെ ആത്മാവാണോ?
ദൈവത്തിൻ്റെ കാര്യപരിപാടി അല്ലാതെ മറ്റേതെങ്കിലും കാര്യപരിപാടി നിങ്ങൾക്കുണ്ടെങ്കിൽ, അപ്പോൾ തിരുവചനത്തിൽ നിന്നു നിങ്ങളെ ആശ്വസിപ്പിക്കാൻ ഒരൊറ്റ വാഗ്ദത്തം പോലും നൽകാൻ എനിക്കു കഴിയില്ല. എന്നാൽ നിങ്ങളുടെ കാര്യപരിപാടി ദൈവത്തിൻ്റെ കാര്യപരിപാടി തന്നെ ആണെങ്കിൽ – ശിഷ്യന്മാരെ ഉണ്ടാക്കുവാൻ, പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അവരെ സ്നാനപ്പെടുത്തി കർത്താവു കൽപ്പിച്ചതൊക്കെയും ചെയ്യുവാൻ അവരെ പഠിപ്പിക്കുവാൻ – അപ്പോൾ നിങ്ങൾ മനുഷ്യരെയോ പിശാചുക്കളെയോ ഭയപ്പെടേണ്ടതില്ലെന്ന് നിങ്ങൾക്ക് ഉറപ്പു തരാൻ കഴിയും.