ദൈവത്തിന് അത് ചെയ്യാന്‍ കഴിയും

‘ദൈവത്തിന് എന്തു ചെയ്യാന്‍ കഴിയും എന്നത് ഒരു രഹസ്യമല്ല… വിശ്വപ്രസിദ്ധമായ ഒരു ക്രിസ്തീയഗാനം ആരംഭിക്കുന്നത് അങ്ങനെയാണ്. ആ ഗാനത്തിനു പിന്നില്‍ ഒരു ജീവിതാനുഭവമുണ്ട്. അനുഭവത്തില്‍ ചാലിച്ചെടുത്ത ആ ഈരടികള്‍ രചിച്ചത് ഗായകന്‍, ഗാനരചയിതാവ്, നടന്‍, റേഡിയോ അവതാരകന്‍ എന്നിങ്ങനെ വിവിധ നിലകളില്‍ പ്രസിദ്ധനായ അമേരിക്കന്‍ കലാകാരന്‍ സ്റ്റുവര്‍ട്ട് ഹാബ്ലനാണ്. (1908-1989).

ഡോ. ജെ.എച്ച് ഹാബ്ലന്‍ എന്ന മെത്തോഡിസ്റ്റു പുരോഹിതന്റെ മകനായാണ് സ്റ്റുവര്‍ട്ട് ജനിച്ചത്. എന്നാല്‍ കലാരംഗത്തു പ്രസിദ്ധനായതോടെ മദ്യപാനത്തിലേക്ക് അദ്ദേഹം വഴുതിവീണു. ഒപ്പം ചൂതുകളിയും തുടങ്ങി. ‘കാലുറയ്ക്കാത്ത ഈ കലാകാരന്‍’ പലരുമായും അടിപിടിയുണ്ടാക്കുന്നതും ജയിലിലും ആശുപത്രിയിലും കയറിയിറങ്ങുന്നതും സ്ഥിരം പരിപാടിയാക്കി.

അങ്ങനെയിരിക്കെ അദ്ദേഹം ബില്ലി ഗ്രഹാമിന്റെ സുവിശേഷയോഗത്തില്‍ പങ്കെടുക്കാനിടയായി. ബില്ലിഗ്രഹാമിന്റെ പ്രസംഗത്തില്‍ മാനസാന്തരപ്പെട്ട സ്റ്റുവര്‍ട്ട് മദ്യപാനവും ചൂതുകളിയും ഉപേക്ഷിച്ചു പുതിയൊരു മനുഷ്യനായി.

ഇതിന്റെ ഫലമായി അദ്ദേഹത്തിന് ആദ്യം സംഭവിച്ചതു റേഡിയോ സ്റ്റേഷനിലെ അവതാരകന്റെ ജോലി നഷ്ടപ്പെട്ടു എന്നതായിരുന്നു. കാരണം അദ്ദേഹം റേഡിയോയില്‍ ബിയറിന്റെ പരസ്യങ്ങള്‍ അവതരിപ്പിക്കാന്‍ വിസ്സമ്മതിച്ചു. 1949ല്‍ ആയിരുന്നു ഈ സംഭവം.

ജോലി നഷ്ടപ്പെട്ട സ്റ്റുവര്‍ട്ടിനെ ആശ്വസിപ്പിക്കാനായി പഴയ കുട്ടുകാരനും പാശ്ചാത്യസിനിമയിലെ സൂപ്പര്‍താരവുമായിരുന്ന ജോണ്‍ വെയ്ന്‍ അദ്ദേഹത്തെ ഒരു സല്‍ക്കാരത്തിനു ക്ഷണിച്ചു. പക്ഷേ ഒരു മദ്യശാലയില്‍ ഒരുക്കിയ ആ വിരുന്നില്‍ പങ്കെടുക്കാന്‍ അദ്ദേഹം തയ്യാറായില്ല. ക്ഷണം നിരസിച്ചുകൊണ്ട് സ്റ്റുവര്‍ട്ട് ഹാബ്ലന്‍ പറഞ്ഞു: “കര്‍ത്താവിന് എന്തു ചെയ്യാന്‍ സാധിക്കും എന്നത് ഒരു രഹസ്വമല്ല”. ഈ മറുപടി കേട്ട ഉടനെ വെയ്ന്‍ പറഞ്ഞു: “ഈ ആശയത്തോടു കൂടിയ ഒരു ഗാനം നിങ്ങള്‍ രചിക്കണം”

അങ്ങനെ ഹാബ്ലന്‍ രചിച്ച ഗാനമാണ് “It is no secret what God can do..”

ഈ ഗാനത്തിലെ വരികള്‍ ഇങ്ങനെ: “നിനക്ക് ഒരു സദ്‌വാർത്തയുണ്ട്. ദൈവത്തിനു ചെയ്യാന്‍ സാധിക്കുന്നത് എന്താണെന്നത് ഒരു രഹസ്യമല്ല. മറ്റുള്ളവര്‍ക്കു വേണ്ടി ചെയ്തത് അവിടുന്ന് നിനക്കുവേണ്ടിയും ചെയ്യും. കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ട് നിന്നോടു ക്ഷമിക്കും”.


What’s New?