തനിക്കു വസിക്കുവാന്‍ ഒരു ഭവനം പണിയുവാന്‍ ദൈവം നമ്മോട് കല്‍പ്പിക്കുന്നു – WFTW 03 മാര്‍ച്ച്‌ 2013

gray house with fireplace surrounded by grass under white and gray cloudy sky

സാക് പുന്നന്‍

 

ചില ഭവനങ്ങളിലേക്ക്  കടന്നു ചെല്ലുമ്പോള്‍ നമുക്കൊരു അസ്വസ്ഥത തോന്നും, എന്നാല്‍ മറ്റു ചില ഭവനങ്ങളിലേക്ക് ചെന്നാല്‍ നമ്മുടെ സ്വന്തം വീട്ടിലേക്കു ചെന്നതുപോലെയുള്ള അനുഭവമാണ് ഉണ്ടാകുന്നത്. ഈയൊരു അനുഭവത്തെ വിശദീകരിക്കുവാന്‍ പ്രയാസമാണ്.  എന്നാല്‍ നമുക്കെല്ലാം അത് അറിയാം.

ഒരു ക്രിസ്തീയ ഭവനം യേശുവിനു വസിക്കുവാന്‍ വളരെ താല്‍പര്യം തോന്നുന്ന ഒരു സ്ഥലമായിരിക്കണം. അവിടെ കാണുന്ന കാര്യങ്ങളിലെല്ലാം യേശു സന്തോഷിക്കണം. അതിന്റെ അര്‍ത്ഥം അവിടെ കാണുന്ന പുസ്തകങ്ങളും, മാസികകളും, ഭര്‍ത്താവും ഭാര്യയും തമ്മിലുള്ള സംഭാഷണവും, സംസാരിക്കുന്ന കാര്യങ്ങളും, ടെലിവിഷനില്‍ കാണുന്ന പരിപാടികളും, അങ്ങനെ എല്ലാ കാര്യങ്ങളും യേശുവിനെ സന്തോഷിപ്പിക്കുന്നതായിരിക്കണം. പല ക്രിസ്തീയ ഭവനങ്ങളിലും വേദവാക്യങ്ങള്‍ ഭിത്തിയില്‍ എഴുതി വച്ചിട്ടുണ്ട് എന്നാല്‍ അവിടെ വസിക്കുവാന്‍ യേശുവിനു താല്‍പര്യം തോന്നുന്നില്ല.

എത്ര മഹത്തായ കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് ദൈവം ആദാമിനേയും ഹവ്വയേയും കൂട്ടിച്ചേര്‍ത്തതെന്നു നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ സാധിക്കുന്നുണ്ടോ?  ഒരു പിതാവെന്ന നിലയില്‍ എത്ര വലിയ പദ്ധതികളാണ് അവിടുന്ന് അവര്‍ക്ക് വേണ്ടി ഒരുക്കിയത്? തനിക്കു ഒന്നാം സ്ഥാനം നല്‍കുന്ന ഒരു ഭവനം അവര്‍ക്കുണ്ടാകുമെന്നു അവിടുന്ന് പ്രതീക്ഷിച്ചു. എന്നാല്‍ എത്ര വേഗമാണ് ദൈവം നിരാശനായത്. അവിടുന്ന് അവരോട് കോപിച്ചില്ല. എന്നാല്‍ അവിടുന്ന് ദുഃഖിച്ചു. പല ക്രിസ്തീയ ഭവനങ്ങളിലും സമാധാനമില്ലാതെ വഴക്കും പോരാട്ടവുമാണെന്നു കാണുമ്പോള്‍ ഇന്നും ദൈവത്തിന്റെ ഹൃദയത്തില്‍ വലിയ ദുഃഖമുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രം അവര്‍ ദൈവത്തിങ്കലേക്കു തിരിയുന്നു. ലോകത്തിന്റെ മക്കള്‍ ദൈവത്തിങ്കലേയ്ക്ക് തിരിയുന്നത് എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ മാത്രമാണ്. എന്നാല്‍ ക്രിസ്ത്യാനികളെന്ന നിലയില്‍ നാം വ്യത്യസ്തരായിരിക്കണം. ഏതെങ്കിലും പ്രയാസങ്ങളുടെ നടുവില്‍ അടിയന്തിര ഘട്ടത്തില്‍ വിളിക്കാനുള്ള നമ്പരായി ദൈവത്തെ കാണരുത്. ദൈവം എല്ലായ്‌പ്പോഴും നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമായിരിക്കണം.

ഏതൊരു ഉപകരണവും വാങ്ങുമ്പോള്‍ അതിന്റെ കൂടെ നമുക്ക് ലഭിക്കുന്ന ‘നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍’ എന്ന ലഘു പുസ്തകം പോലെ തന്നെ നമുക്ക് നല്‍കപ്പെട്ടിരിക്കുന്നതാണ് ദൈവ വചനം. നാം വാങ്ങുന്ന ഇലക്ട്രോണിക് ഉപകരണം ഉപയോഗിക്കുമ്പോള്‍ നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുവാന്‍ നാം ശ്രദ്ധാലുക്കളാണ്. നിങ്ങളുടെ ഉപകരണത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിട്ടു അതുമായി നിര്‍മ്മാതാക്കളെ സമീപിച്ചാല്‍ അവര്‍ ആദ്യം ചോദിക്കുന്നത് ‘നിങ്ങള്‍  നിര്‍മ്മാതാക്കളുടെ നിര്‍ദ്ദേശങ്ങള്‍  എന്ന ലഘുപുസ്തകത്തിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ ഉപകരണം പ്രവര്‍ത്തിപ്പിച്ചത് ?’ എന്നായിരിക്കും. നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഗാരണ്ടി തന്നെ അസാധുവായിരിക്കും എന്ന കാര്യം മിക്കവാറും എല്ലാ ഉപകരണങ്ങളുടേയും ഗാരണ്ടികാര്‍ഡില്‍ തന്നെ വ്യക്തമായി എഴുതിയിട്ടുണ്ട്.

നമ്മുടെ പ്രശ്‌നങ്ങള്‍ എത്രമാത്രം കുഴഞ്ഞുമറിഞ്ഞതാണെങ്കിലും അതുമായി അവിടുത്തെ അടുത്തേയ്ക്ക് ചെന്നാല്‍ അത് ശരിയാക്കുവാന്‍ അവിടുന്ന് തയ്യാറാണ് എന്നതാണ് ദൈവത്തെക്കുറിച്ചുള്ള അത്ഭുതകരമായ കാര്യം. അത് ഒരു വര്‍ഷത്തേയ്ക്ക് മാത്രമുള്ള ഒരു ഗാരണ്ടിയല്ല, ജീവിതകാലം മുഴുവനുമുള്ളതാണ്. നിങ്ങളുടെ തകര്‍ന്ന ജീവിതവുമായി അവിടുത്തെ മുമ്പാകെ വന്നാല്‍ അവിടുന്ന് അത് നേരെയാക്കും. അവിടുന്ന് സ്‌നേഹസമ്പന്നനായ ഒരു പിതാവാണ്. നമ്മുടെ ഭവനത്തില്‍ ഒരു വാസസ്ഥലം തനിക്കായി ഒരുക്കണമെന്ന് പറയുന്നത് സ്‌നേഹ സമ്പന്നനായ ഒരു പിതാവാണെന്ന കാര്യം നാം അറിഞ്ഞിരിക്കണമെന്നത് പ്രധാനപ്പെട്ട ഒരു വസ്തുതയാണ്.  നമ്മുടെ ജീവിതത്തെക്കുറിച്ച് അവിടുത്തേയ്ക്ക് വളരെയേറെ താല്‍പ്പര്യമുണ്ട്. എന്ന് മാത്രമല്ല യേശു മടങ്ങി വരുന്നതുവരെ നാം സന്തോഷത്തോടെ ഇരിക്കണമെന്നും അവിടുന്ന് ആഗ്രഹിക്കുന്നു. യേശു കേന്ദ്രസ്ഥാനത്തുള്ളതും, നമ്മുടെ ഭവനത്തിലെ ഓരോ കാര്യങ്ങളും  പണം ചെലവഴിക്കുന്നതും, സമയം ചെലവഴിക്കുന്നതും അങ്ങനെ ഓരോന്നും  യേശുവിനെ സന്തോഷിപ്പിക്കുന്നതാണോ എന്ന് നോക്കി തീരുമാനിക്കപ്പെടുന്നതായ ഒരു ജീവിതമാണ് ഏറ്റവും മഹത്തായ ജീവിതമെന്നു എനിക്ക് പറയുവാന്‍ കഴിയും. അങ്ങനെ നാം ജീവിച്ചാല്‍ ക്രിസ്തു മടങ്ങി വരുമ്പോള്‍ നാം അവിടുത്തെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവിടുന്ന് പറയും;’നന്നായി പ്രവര്‍ത്തിച്ചു’.  മറ്റുള്ളവര്‍ നമ്മെക്കുറിച്ച് എന്ത് കരുതും എന്നത് നമുക്കൊരു വിഷയമാവുകയില്ല.

പുറമേ കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ഒരാളെ വിധിക്കുക എന്നതാണ് മനുഷ്യസ്വഭാവം. വര്‍ഷങ്ങളോളം ഒരു ന്യായവാദി ആയിരുന്ന ഞാന്‍ അങ്ങനെ ചെയ്തിട്ടുണ്ട്. എന്നാല്‍ ദൈവം ഹൃദയങ്ങളെയാണ് കാണുന്നതെന്ന് ഇപ്പോള്‍ ഞാന്‍ വ്യക്തമായി കാണുന്നു. നമ്മുടെ ഹൃദയം എപ്പോഴും ശുദ്ധമായിട്ടിരിക്കണം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നമ്മുടെ ഭവനം ഒരു കൊട്ടാരമാണോ കുടിലാണോ എന്നത് പ്രാധാന്യമുള്ള കാര്യമല്ല. പുറമെയുള്ള കാഴ്ചയും പ്രാധാന്യമുള്ളതല്ല. നമ്മുടെ ഹൃദയമാണ് ദൈവം കാണുന്നത്. അതുകൊണ്ട്  ഹൃദയം ദൈവം വസിക്കുന്ന ഒരു വിശുദ്ധ സ്ഥലമാണെന്ന് ഉറപ്പാക്കുക.