സാക് പുന്നന്‍
നമ്മുടെ ജീവിതങ്ങളില്‍ കടന്നുവരുവാന്‍ ദൈവം അനുവദിക്കുന്ന സകലത്തിലും അവിടുത്തേക്ക് ഒരു ഉദ്ദേശ്യം – മഹത്വകരമായ ഒരു ഉദ്ദേശ്യം – ഉണ്ടെന്നു നാം കാണുമ്പോള്‍ ജീവിതം മനോഹരമായി തീരുന്നു. അവിടുന്നു നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ‘ഇല്ല’ എന്നു പറയുമ്പോള്‍- അതും തികഞ്ഞ സ്നേഹമുളള ഒരു ഹൃദയത്തില്‍ നിന്നു വരുന്നതാണ്.
നിങ്ങള്‍ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാന്‍ തക്കവണ്ണം ഞാന്‍ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങള്‍ ഇന്നവ എന്നു ഞാന്‍ അറിയുന്നു – അവ തിന്മയ്ക്കല്ല നന്മയ്ക്കത്രേയുളള നിരൂപണങ്ങള്‍ എന്ന് യഹോവയുടെ അരുളപ്പാട് (യെരെ മ്യാവ് 9:11). ഈ ലോകം ജീവിക്കുവാന്‍ സുഖകരമല്ലാത്ത ഒരിടമായിരിക്കുവാന്‍ – അസുഖം, രോഗം, വിഷപ്പാമ്പുകള്‍ മുതലായവയാല്‍ – ദൈവം അനുവദിച്ചിരിക്കുന്നതിന്‍റെ ഒരു കാരണം, ജനങ്ങള്‍ തങ്ങളുടെ കഷ്ടതകളില്‍ ദൈവത്തിങ്കലേക്കു തിരിയുവാനും അതുവഴി അവിടുത്തേക്ക് അവരെ അനുഗ്രഹിക്കാന്‍ കഴിയേണ്ടതിനുമാണ്. തിന്മയായതിനെ പോലും (സാത്താന്‍ ഉണ്ടാക്കുന്നവ), അവിടുത്തെ ഉദ്ദേശ്യങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കേണ്ടതിന് ദൈവം ഉപയോഗിക്കുന്നു. നാം നിത്യതയില്‍ ചെന്ന് വീണ്ടെടുക്കപ്പെട്ടവരെ കണ്ടുമുട്ടി, അവരുടെ കഥ കേള്‍ക്കുമ്പോള്‍, ജനങ്ങള്‍ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ മക്കളായി തീരുവാന്‍ വേണ്ടി പാമ്പുകടി, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ക്യാന്‍സര്‍ തുടങ്ങിയവയെ ദൈവം എങ്ങനെ ഉപയോഗിച്ചു എന്ന് അധികം പൂര്‍ണ്ണതയോടെ നാം കണ്ടെത്തും. അവിടുത്തെ മക്കള്‍ തന്‍റെ സ്വഭാവത്തിന്‍റെ പങ്കാളികളായി തീരുവാന്‍ തക്കവണ്ണം അവരെ വിശുദ്ധീകരിക്കുവാന്‍ ദൈവം കഷ്ടതയെ എങ്ങനെ ഉപയോഗിച്ചു എന്നും നമ്മള്‍ കേള്‍ക്കുവാനിടയാകും. ഈ ഭൂമിയില്‍ വച്ച് നമുക്ക് മനസ്സിലാക്കാന്‍ കഴിയാതിരുന്ന പല കാര്യങ്ങള്‍ക്കും വേണ്ടി നാം അന്ന് ദൈവത്തോടു നന്ദി പറയും. എന്നാല്‍ വിശ്വാസിയായ ഒരുവന് ആ ദിവസം വരെ കാത്തിരിക്കേണ്ടിവരില്ല; അവന്‍ ഇപ്പോള്‍ തന്നെ ദൈവത്തിന്‍റെ പരിജ്ഞാനത്തിലും സ്നേഹത്തിലും വിശ്വസിക്കുന്നു – അതു കൊണ്ടു തന്നെ അവന്‍ മുമ്പെതന്നെ എല്ലാത്തിനും വേണ്ടി സ്തോത്രം ചെയ്യുവാന്‍ തുടങ്ങിക്കഴിഞ്ഞു. നമ്മോടുളള എല്ലാ ഇടപാടുകളിലും ദൈവത്തിന്‍റെ ആത്യന്തികമായ ഉദ്ദേശ്യം, നാം അവിടുത്തെ സ്വാഭാവത്തിന്‍റെ പങ്കാളികളായി തീരണം എന്നതാണ്. ദൈവം സകലവും നമ്മുടെ നന്മക്കായി കൂടി വ്യാപരിപ്പിക്കുന്നു – നന്മയെന്നാല്‍ നാം അവിടുത്തെ പുത്രന്‍റെ സാദൃശ്യത്തോട് അനുരൂപരായി തീരുക എന്നതാണ്.
” ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് നിര്‍ണ്ണയപ്രകാരം വിളിക്കപ്പെട്ടവര്‍ക്ക് തന്നെ ദൈവം സകലവും, നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നു. അവന്‍ മുന്നറിഞ്ഞവരെ, അവിടുത്തെ പുത്രന്‍ അനേകം സഹോദരന്മാരില്‍ ആദ്യജാതന്‍ ആകേണ്ടതിന് അവന്‍റെ സ്വരൂപത്തോട് അനുരൂപരാകുവാന്‍ മുന്‍ നിയമിച്ചിരിക്കുന്നു (റോമര്‍ 8:28,29).
വല്ലപ്പോഴുമൊക്കെ നമ്മുടെ പണം യാദൃശ്ചികമായി നഷ്ടപ്പെടുവാനും, എന്തും ചെയ്യാന്‍ മടിയില്ലാത്തവരെ ക്കൊണ്ട് നമ്മെ കബളിപ്പിക്കുവാനും എന്തുകൊണ്ടാണ് ദൈവം അനുവദിക്കുന്നത്. നമ്മില്‍ മിക്കവര്‍ക്കും തിരക്കുളള ബസ്സിലും ട്രെയിനിലും വച്ച് പോക്കറ്റടിക്കപ്പെട്ട അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെയുളള സന്ദര്‍ഭങ്ങളില്‍ എപ്പോഴും ആ കളളനുവേണ്ടി അല്ലെങ്കില്‍ കബളിപ്പിച്ചവനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ ശ്രദ്ധചെലുത്തിയിട്ടുണ്ട്. പണത്തോടും ഭൗതിക വസ്തുക്കളോടും നമുക്കുളള ക്രമാതീതമായ അടുപ്പത്തില്‍ നിന്ന് നമ്മെ വേര്‍പെടുത്തുവാനും ദൈവം ആഗ്രഹിക്കുന്നു. ഓരോ രൂപയുടെയും നഷ്ടത്തില്‍ ദുഃഖിക്കുകയും ഓരോ രൂപയുടെയും ലാഭത്തില്‍ സന്തോഷിക്കുകയും ചെയ്യുന്ന കുശാഗ്രബുദ്ധികളാകുവാന്‍ ദൈവം നമ്മെക്കുറിച്ചാഗ്രഹിക്കുന്നില്ല ! നാം ദൈവത്തില്‍ തന്നെ നമ്മുടെ സന്തോഷം കണ്ടെത്തണം എന്നു അവിടുന്ന് ആഗ്രഹിക്കുന്നു – ഏതെങ്കിലും ഭൗതികലാഭം മൂലം വര്‍ദ്ധിക്കുകയോ ഏതെങ്കിലും ഭൗതിക നഷ്ടത്താല്‍ കുറയുകയോ ചെയ്യാത്ത ഒരു സന്തോഷം.
യേശു ഭൂമിയില്‍ നടന്നത് അതുപോലെയാണ് – അവിടുന്നു നടന്നതു പോലെ തന്നെ നടക്കുവാനാണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്. ” ക്രിസ്തുയേശുവിലുളള ഭാവം തന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ” (ഫിലിപ്യര്‍ 2:5) എന്ന് വേദപുസ്തകം പറയുന്നു. ആരെങ്കിലും യേശുവിന് അവിടുത്തെ ശുശ്രൂഷയ്ക്കുളള നന്ദി സൂചകമായി പതിനായിരം ദിനാര്‍ സമ്മാനമായി കൊടുത്താല്‍, അത് യേശുവിന്‍റെ സന്തോഷത്തെ അല്‍പ്പം പോലും വര്‍ദ്ധിപ്പിക്കുമായിരുന്നില്ല. നേരത്തെ തന്നെ അവിടുത്തെ സന്തോഷം തന്‍റെ പിതാവില്‍ നിറഞ്ഞുകവിയുന്നതായിരുന്നു. അതേ സമയം തന്നെ യേശുവിന്‍റെ സന്തോഷം ഏതെങ്കിലും ഭൗതിക നഷ്ടം നിമിത്തം കുറയുകയും ചെയ്യുമായിരുന്നില്ല. യേശുവിന് സമ്മാനമായി വരുന്ന പണത്തിന്‍റെ ഏറിയഭാഗവും യൂദാ ഇസ്ക്കരിയോത്ത മോഷ്ടിക്കുമായിരുന്നു. യേശു അതറിഞ്ഞിരുന്നു; യൂദായുടെ കാര്യത്തില്‍ അവിടുത്തേക്ക് ദുഃഖം തോന്നിയിരുന്നെങ്കിലും, ധനനഷ്ടം അദ്ദേഹത്തെ ഒരിക്കലും അസ്വസ്ഥനാക്കിയില്ല.
നിങ്ങള്‍ യേശുവിന്‍റെ ജീവന്‍റെ പങ്കാളിയാകുന്നതില്‍ യഥാര്‍ത്ഥമായി ഗൗരവമുളളവനാണെങ്കില്‍ നിങ്ങളെ, ഭൗതികവസ്തുക്കളോടുളള സ്നേഹം, മനുഷ്യന്‍റെ മനം അന്വേഷിക്കുന്നത്, സ്വയ സഹതാപം മുതലായവയില്‍ നിന്നും, കൂടാതെ ക്രിസ്താനുരൂപമല്ലാത്ത മറ്റനേകം മനോഭാവങ്ങളില്‍ നിന്നും വിടുവിക്കേണ്ടതിന് ആയിരത്തി ഒന്നു കാര്യങ്ങള്‍ നിങ്ങള്‍ക്കു സംഭവിക്കുവാന്‍ ദൈവം അനുവദിക്കും. നിങ്ങള്‍ക്കാവശ്യമില്ലെങ്കില്‍ ആ വഴിയിലൂടെ പോകുവാന്‍ ദൈവം നിങ്ങളെ നിര്‍ബന്ധിക്കുകയില്ല. നിങ്ങളുടെ ചുറ്റുമുളള വിശ്വാസികള്‍ ജീവിക്കുന്ന താഴ്ന്ന നിലവാരമുളള പരാജിത ജീവിതം ജീവിക്കുന്നതില്‍ നിങ്ങള്‍ തൃപ്തരാണെങ്കില്‍, അവിടുന്നു നിങ്ങളെ തനിച്ചു വിടും. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്‍റെ ഏറ്റവും നല്ലതിനായി ദാഹിക്കുന്നു എങ്കില്‍, അവിടുന്ന് നിങ്ങളെ നശിപ്പിക്കുന്ന അര്‍ബുദങ്ങളെ മുറിച്ചു മാറ്റി നിങ്ങളെ മിലനമാക്കുന്ന വിഗ്രഹങ്ങളെ നശിപ്പിക്കുകയും ചെയ്തു കൊണ്ട് നിങ്ങളോട് നിഷ്കരുണം ഇടപെടും. അവിടുന്നു നിങ്ങളെ വേദന, നിരാശ, നഷ്ടം, തകര്‍ന്ന പ്രതീക്ഷകള്‍, പരിഹാസം, അന്യായം, വിമര്‍ശനം മുതലായവ അനുഭവിക്കുവാന്‍ അനുവദിക്കുകയും ചെയ്യും; ഇതെല്ലാം, ഇനി ഒരിക്കലും ഒന്നിനാലും നിങ്ങള്‍ കുലുങ്ങിപ്പോകാത്ത സ്ഥിരതയുളള ഒരിടത്തേക്ക് നിങ്ങളെ കൊണ്ടുവരുന്നതിനാണ്.
പിന്നീട് നിങ്ങള്‍ ധനവാനാണോ ദരിദ്രനാണോ, വിമര്‍ശിക്കപ്പെടുകയാണോ പ്രശംസിക്കപ്പെടുകയാണോ, മാനിക്കപ്പെടുകയാണോ അപമാനിക്കപ്പെടുകയാണോ ഇതൊന്നും നിങ്ങളില്‍ ഒരു വ്യത്യാസവും ഉണ്ടാക്കുകയില്ല. ഈ ലോകത്തിലെ എല്ലാത്തിനോടും, ക്രിസ്തുവിന്‍റെ മരണത്തിലേക്ക് ഇറങ്ങിപോയിരിക്കുന്ന നിങ്ങള്‍ യേശുവിന്‍റെ ജീവന്‍റെ പങ്കാളിത്തം ഏറ്റെടുത്തിട്ടുണ്ട്, അത്, ഈ ഭൂമിയില്‍ നിങ്ങള്‍ ഒരു രാജാവിനെപ്പോലെ ജീവിക്കുവാന്‍ കാരണമാകുന്നു. “യേശുവിന്‍റെ ജീവന്‍ ഞങ്ങളുടെ ശരീരത്തില്‍ വെളിപ്പെടേണ്ടതിന് ഞങ്ങള്‍ യേശുവിന്‍റെ മരണം ശരീരത്തില്‍ എപ്പോഴും വഹിക്കുന്നു” ( 2 കൊരി 4:10). ക്രിസ്തുവിലുളള സമൃദ്ധമായ ജീവനിലേക്കുളള ഈ വഴികണ്ടെത്തുന്നവര്‍ ചുരുക്കുമാണ്. കാരണം ചുരുക്കം പേര്‍ മാത്രമെ അതിനുളള വില കൊടുക്കുവാന്‍ തയ്യാറുളളൂ – സ്വയത്തിന്‍റെ പൂര്‍ണ്ണമായ മരണം. നാം സ്വയത്തിനു മരിക്കുന്നില്ലെങ്കില്‍ നമുക്ക് വിശ്വാസത്താല്‍ ജീവിക്കുവാന്‍ സാധ്യമല്ല. ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടാന്‍ നമുക്കു മനസ്സില്ലെങ്കില്‍ ദൈവത്തിന്‍റെ തികഞ്ഞ സ്നേഹത്തെപ്പറ്റിയുളള അറിവ് നമുക്ക് സൈദ്ധാന്തികമായി അവശേഷിക്കും. ഈ ലോകത്തിന്‍റെതെല്ലാം നാം ഉപേക്ഷിക്കുന്നില്ലെങ്കില്‍ നമുക്ക് യേശുവിന്‍റെ ശിഷ്യന്മാരായിരിക്കുവാന്‍ കഴിയുകയില്ല, യേശു പറഞ്ഞു, ” തനിക്കുളളതെല്ലാം വിട്ടുപിരിയുന്നില്ല എങ്കില്‍ ഒരുവന് എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല (ലൂക്കോസ് 14:33).
യോഹന്നാന്‍ 17:23 ല്‍ നാം ഇപ്രകാരം വായിക്കുന്നു, അവിടുന്ന് എന്നെ അയച്ചിരിക്കുന്നു എന്നും അവിടുന്ന് എന്നെ സ്നേഹിക്കുതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിയുവാന്‍ നാം ഒന്നായിരിക്കന്നതുപോലെ അവരും ഒന്നാകേണ്ടതിനും, ഞാന്‍ അവരിലും അവിടുന്ന് എന്നിലുമായി അവര്‍ ഐക്യത്തില്‍ തികഞ്ഞവരായിരിക്കേണ്ടതിനും തന്നെ. യേശു അവിടെ പ്രാര്‍ത്ഥിക്കുന്നത് ലോകത്തിനുവേണ്ടിയോ ജഡിക ക്രിസ്ത്യാനികള്‍ക്കുവേണ്ടിയോ അല്ല. തന്നെ അനുഗമിക്കുന്നതിനുവേണ്ടി തങ്ങള്‍ക്കുളളതെല്ലാം ഉപേക്ഷിച്ച അവിടുത്തെ പതിനൊന്നു ശിഷ്യന്മാര്‍ക്കുവേണ്ടി ആയിരുന്നു യേശു പ്രാര്‍ത്ഥിച്ചത്. ജഡിക ക്രിസ്ത്യാനികള്‍ക്കോ ലൗകീകന്മാരാവര്‍ക്കോ ഒരിക്കലും അറിയാന്‍ കഴിയാത്ത ഒരു സുരക്ഷിതത്വം, ആ ശിഷ്യന്മാര്‍ക്ക്, സ്വര്‍ഗ്ഗീയ പിതാവില്‍ കണ്ടത്താന്‍ കഴിഞ്ഞു. ഏതെങ്കിലും ഒരു ക്രിസ്ത്യാനി ജഡിക ക്രിസ്ത്യാനി ആകുന്നത് എന്തുകൊണ്ടാണ്? ദൈവത്തിനു പൂര്‍ണ്ണമായി കീഴടങ്ങുന്നതിനു പകരം ” രണ്ടു ലോകങ്ങളിലെയും ഏറ്റവും നല്ലത്” നേടുവാന്‍ പരിശ്രമിച്ചാല്‍ അവനു കൂടുതല്‍ സന്തുഷ്ടനായി തീരാന്‍ കഴിയുമെന്ന് (അവര്‍ പറയുന്നതു പോലെ) ചിന്തിക്കുവാന്‍ തക്കവണ്ണം പിശാച് അവരെ വഞ്ചിച്ചതു കൊണ്ടല്ലേ? എന്നാല്‍ ഇതൊരുവഞ്ചനയാണ്. നാം യഥാര്‍ത്ഥമായി ദൈവത്തിന്‍റെ തികഞ്ഞ സ്നേഹത്തില്‍ വിശ്വസിച്ചെങ്കില്‍, നാം സന്തോഷത്തോടെ നമുക്കുളളതെല്ലാം, ഒന്നും മാറ്റിവയ്ക്കാതെ, അവിടുത്തേക്കു നല്‍കും. അപ്പോള്‍ നാം വിചാരപ്പെടുന്നതില്‍ നിന്ന് പൂര്‍ണ്ണമായും സ്വതന്ത്രരായിരിക്കും. ഫിലിപ്യര്‍ 4:6,7 നമ്മോടു കല്‍പ്പിക്കുന്നത് ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്, എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്തോത്രത്തോടു കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. എന്നാല്‍ സകലബുദ്ധിയെയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കല്‍ കാക്കും.