മറ്റുളളവര്‍ക്ക് അനുഗമിക്കാന്‍ കഴിയുന്ന ഒരു നേതാവ് – WFTW 2 സെപ്റ്റംബർ 2018

സാക് പുന്നന്‍

ഉന്നത നിലവാരമുളള സഭകള്‍ പണിയുവാന്‍, നമുക്ക് ഉന്നത നിലവാരമുളള ഒരു നേതാവിനെആവശ്യമുണ്ട്. യേശുപറഞ്ഞു, “എന്നെ അനുഗമിപ്പിന്‍” (ലൂക്കോസ് 9:23). അതുപോലെ പൗലൊസ് പറഞ്ഞു, ” ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍ ” (1 കൊരിന്ത്യര്‍ 11:1; ഫിലിപ്യര്‍ 3:17). അപ്പൊസ്തലനായ പൗലൊസിന്‍റെ ആ വാക്കുകളില്‍, നാം കാണുന്നത് ഒരോ മൂപ്പനും തന്‍റെ സഭയിലുളള ഓരോരുത്തരോടും എന്തു പറയുവാന്‍ കഴിവുളളവനാകണമെന്ന് പരിശുദ്ധാത്മാവ് പ്രതീക്ഷിക്കുന്നു എന്നാണ്.

മിക്ക മൂപ്പന്മാരും പറയുന്നത്, “എന്നെ അനുഗമിക്കരുത്, എന്നാല്‍ ക്രിസ്തുവിനെ അനുഗമിക്കുക”. അതു വളരെ വിനയമുളളതായി തോന്നുന്നു. എന്നാല്‍ അത് അവരുടെ പരാജിത ജീവിതത്തെ മറയ്ക്കുവാനുളള ഒരു ഒഴികഴിവാണ്; അത് പരിശുദ്ധാത്മാവിന്‍റെ പഠിപ്പിക്കലിന് തീര്‍ത്തും എതിരാണ്. ഒരു നേതാവെന്ന നിലയില്‍, നിങ്ങളുടെ ജീവിതവും സംസാരവും, നിങ്ങളുടെ സഭയിലുളള ഓരോരുത്തരോടും “ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍”എന്നു പറയുവാന്‍ കഴിയത്തക്കവിധം, മാതൃകാ യോഗ്യമായിരിക്കണം. പൗലൊസിന്‍റെ മാനസാന്തരത്തിനു മുമ്പ്, അദ്ദേഹം തീര്‍ത്തും ഒരു പരാജയമായിരുന്നു. എന്നിട്ടും ദൈവം അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി മറ്റുളളവര്‍ക്ക് അനുഗമിക്കുവാന്‍ തക്കവണ്ണം ഒരു വലിയ മാതൃകയാക്കി മാറ്റി, അദ്ദേഹം തികഞ്ഞവന്‍ അല്ലാതിരുന്നിട്ടു കൂടി (ഫിലി 3:12-14 കാണുക). ലോകത്തിലെ ഏറ്റവും നല്ല ക്രിസ്ത്യാനിപോലും തികഞ്ഞവനല്ല, എന്നാല്‍ തികവിലേക്ക് ആഞ്ഞുകൊണ്ടിരിക്കുന്നു. അതുകൊണ്ട്, കഴിഞ്ഞ നാളുകളില്‍, നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പരാജയങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, മറ്റുളളവര്‍ക്ക് അനുഗമിക്കുവാന്‍ പറ്റിയ ദൈവഭക്തനായ ഒരു നേതാവാക്കി നിങ്ങളെ തീര്‍ക്കുവാന്‍ അപ്പോഴും ദൈവത്തിനു കഴിയും.
ദൈവ ജനത്തിന്‍റെ ഒരു നേതാവെന്ന നിലയില്‍ നിങ്ങള്‍ അന്വേഷിക്കേണ്ട ഏഴു പ്രത്യേക സവിശേഷതകള്‍ ഇവിടെ പറഞ്ഞിരിക്കുന്നു.

1. നിങ്ങള്‍ എല്ലായ്പോഴും വിനയമുളളവനും മറ്റുളളവര്‍ക്ക് പ്രാപ്യനും ആയിരിക്കണം. യേശു വിനീതനും പ്രാപ്യനും ആയിരുന്നു. (മത്തായി 11:29). ആളുകള്‍ക്ക് എവിടെയും ഏതു സമയത്തും അവിടുത്തെ സമീപിക്കാമായിരുന്നു. ഒരു നിക്കോദിമോസിന് യേശുവിനെ അവിടുത്തെ ഭവനത്തില്‍ രാത്രി വളരെ വൈകിയ നേരത്തും സന്ദര്‍ശിക്കുവാന്‍ കഴിഞ്ഞു. കൂടാതെ ആര്‍ക്കും ഏതു നേരത്തും എവിടെ വച്ചും യേശുവിനോട് സംസാരിക്കുവാന്‍ കഴിഞ്ഞു. യേശുവിന്‍റെ താഴ്മ ദരിദ്രരോട് സുവിശേഷം പ്രസംഗിക്കുവാന്‍ അവിടുത്തെ അത്യാശ ഉളളവനാക്കി (ലൂക്കോസ് 4:18 ല്‍ നാം വായിക്കുന്നതു പോലെ). തന്‍റെ തെറ്റുകളെ അംഗീകരിക്കുവാനും പെട്ടന്നുതന്നെ അതിനു ക്ഷമ ചോദിക്കുന്നതില്‍ തിടുക്കമുളളവനുമായ ഒരു വിനീതമായിരുന്നു പൗലൊസ് (അപ്പൊ പ്ര 23:1-5). ഒരു മൂപ്പന്‍ എന്ന നിലയില്‍ നിങ്ങളും നിങ്ങളുടെ സഭയില്‍ ധനവാനെന്നോ ദരിദ്രന്‍ എന്നോ ഉളള വേര്‍തിരിവ് ഉണ്ടാക്കരുത്. നിങ്ങളെക്കുറിച്ചു തന്നെ ഒരു ഉന്നതഭാവമുണ്ടായിരിക്കാതെ നിങ്ങുടെ തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുവാന്‍ തിടുക്കമുളളവനായിരിക്കണം. നിങ്ങള്‍ എപ്പോഴും ഒരു സാധാരണ സഹോദരനായി നിലനില്‍ക്കണം.

2. നിങ്ങള്‍ ഒരിക്കലും ആരോടും പണം ചോദിക്കരുത് – നിങ്ങള്‍ക്കു വേണ്ടി തന്നെയോ അല്ലെങ്കില്‍ നിങ്ങളുടെ ശുശ്രൂഷയ്ക്കുവേണ്ടിയോ – കൂടാതെ നിങ്ങള്‍ക്കു ലളിതമായ ഒരു ജീവിത ശൈലി ഉണ്ടായിരിക്കണം. സൗജന്യമായി നല്‍പ്പെടുന്ന ഏതെങ്കിലും ദാനങ്ങള്‍ നിങ്ങള്‍ സ്വീകരിക്കുന്നെങ്കില്‍ (പൗലൊസ് വല്ലപ്പോഴും ചെയ്തതുപോലെ) അത് നിങ്ങളെക്കാള്‍ സമ്പന്നരായ ആളുകളില്‍ നിന്നു മാത്രമെ അവ സ്വീകരിക്കാവൂ – ഒരിക്കലും നിങ്ങളെക്കാള്‍ ദരിദ്രരായവരില്‍ നിന്ന് സ്വീകരിക്കരുത്. യേശു തനിക്കുവേണ്ടി തന്നെയോ തന്‍റെ ശുശ്രൂഷയ്ക്കുവേണ്ടിയോ ഒരിക്കലും ആരോടും പണം ചോദിച്ചില്ല. അവിടുത്തെക്കാള്‍ സമ്പന്നരായവരില്‍ നിന്നു മാത്രമെ താന്‍ ദാനങ്ങള്‍ സ്വീകരിച്ചുളളു (ലൂക്കോ 8:3). യേശുവിനും പൗലൊസിനും ലളിതമായ ജീവിത ശൈലി ആയിരുന്നു ഉണ്ടായിരുന്നത്. പണത്തോടും ഭൗതികവസ്തുക്കളോടും യേശുവിനും പൗലൊസിനും ഉണ്ടായിരുന്ന അതേ നിലപാടു മാത്രമെ നിങ്ങള്‍ക്കും ഉണ്ടാകാവൂ.

3. ദൈവ ഭക്തന്‍ എന്ന ഒരു സാക്ഷ്യം നിങ്ങള്‍ക്ക് ഉണ്ടായിരിക്കണം. നിങ്ങള്‍ – ഒരു കാര്യത്തിലും സ്വന്തം അന്വേഷിക്കാത്ത – നേരുളളവനും വിശുദ്ധിക്കുവേണ്ടി വലിയ വാഞ്ചയുളളവനും ആണെന്ന് നിങ്ങളുടെ സഭയില്‍ അറിയപ്പെടണം. നിങ്ങളുടെ നാവിന്മേല്‍ നിയന്ത്രണമുളളവനാണെന്നും (യാക്കോബ് 1:26, എഫെസ്യര്‍ 4:26-31),പരാജിതരോട് കരുണയുളളവനാണെന്നും ആളുകള്‍ അറിയണം (എബ്രാ 5:2). എല്ലാ സ്ത്രീകളോടും തീര്‍ത്തും നിര്‍മ്മലമായ ഒരു സാക്ഷ്യം നിങ്ങള്‍ക്കുണ്ടായിരിക്കണം – യുവതികളോടും, വൃദ്ധന്മാരോടും (1 തിമെഥെയോസ് 5:2). നിങ്ങളുടെ ജീവിതത്തിനു ചുറ്റും ഉണ്ടായിരിക്കേണ്ട, ദൈവഭക്തിയുടെ സൗരഭ്യം ഇതാണ്.

4. നിങ്ങള്‍ നിങ്ങളുടെ മക്കളെ കര്‍ത്താവിനെ സ്നേഹിക്കുവാന്‍ തക്കവണ്ണം വളര്‍ത്തിക്കൊണ്ടു വന്നിട്ടുണ്ടാകണം. വിശ്വാസികളും അനുസരണയുളളവരുമായ മക്കള്‍ ഉളളവര്‍ മാത്രമെ മൂപ്പന്മാരായി നിയമിക്കപ്പെടാവൂ എന്ന് പരിശുദ്ധാത്മാവു പറഞ്ഞിരിക്കുന്നു (1 തിമൊഥെയോസ് 3:4; തീത്തൊസ് 1:6).മറ്റുളളവരേക്കാള്‍ നന്നായി നമ്മുടെ മക്കള്‍ക്ക് നമ്മെ അറിയാം, കാരണം ഭവനത്തില്‍ ദൈവീകമായ മാര്‍ഗ്ഗത്തില്‍ ജീവിക്കുന്നവരായി അവര്‍ നമ്മെ കണ്ടാല്‍, അവരും കര്‍ത്താവിനെ അനുഗമിക്കും (സദൃശവാക്യങ്ങള്‍ 22:6 കാണുക). ഇത് എളുപ്പമുളള ഒരു കാര്യമല്ല. എന്നാല്‍ ഈ കാര്യത്തില്‍ നിങ്ങളെ സഹായിക്കുവാന്‍ നിങ്ങള്‍ക്ക് കര്‍ത്താവില്‍ ആശ്രയിക്കുവാന്‍ കഴിയും. അതുകൊണ്ട് കര്‍ത്താവിനെ സ്നേഹിക്കുവാനും എല്ലാവരെയും ബഹുമാനിക്കുവാനും നിങ്ങളുടെ മക്കളെ പഠിപ്പിക്കുവാന്‍ വേണ്ടി കര്‍ത്താവിന്‍റെ സഹായം നിങ്ങള്‍ അന്വേഷിക്കുക.

5. നിങ്ങള്‍ ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും ഭയം കൂടാതെ പ്രസംഗിക്കണം. പുതിയ നിയമത്തില്‍ എഴുതപ്പെട്ടിട്ടുളളതെല്ലാം, ഒരു മനുഷ്യനെയും പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കാതെ, നിങ്ങള്‍ പ്രഘോഷിപ്പിക്കണം – ഓരോ കല്പനയും ഓരോ വാഗ്ദത്തങ്ങളും – (അപ്പൊ:പ്ര 20:27, ഗലാത്യര്‍ 1:10). നിങ്ങളുടെ സന്ദേശങ്ങള്‍ വെല്ലുവിളിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആയിരിക്കേണ്ടതിന് നിങ്ങള്‍ പരിശുദ്ധാത്മാവിന്‍റെ അഭിഷേകത്തിനായി തുടര്‍മാനം അന്വേഷിക്കണം.

6. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഒരു യഥാര്‍ത്ഥ പ്രകാശനമായി നിങ്ങളുടെ സഭ പണിയുവാന്‍ നിങ്ങള്‍ക്ക് ഒരു വാഞ്ച ഉണ്ടായിരിക്കണം. ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിക്കുവാനും, അവിടുത്തെ ജീവന്‍ വെളിപ്പെടുത്തുന്ന ഒരു ശരീരമായി അവരെ പണിയുവാനുമാണ് യേശു ഭൂമിയിലേക്കു വന്നത് (മത്തായി 16:18)അങ്ങനെ ക്രിസ്തുവിന്‍റെ ശരീരമായി പ്രവര്‍ത്തിക്കുന്ന പ്രാദേശികസഭ എല്ലായിടത്തും സ്ഥാപിക്കണമെന്നുളളതായിരുന്നു പൗലൊസിന്‍റെ വാഞ്ച (എഫെസ്യര്‍ 4:15,16). നിങ്ങളുടെയും തീവ്രമായ ആഗ്രഹം അതു തന്നെ ആയിരിക്കണം. അത്തരം സഭകള്‍ പണിയുവാന്‍ പൗലൊസ് കഠിനാദ്ധ്വാനം ചെയ്തു- നിങ്ങളും അതുതന്നെ ചെയ്യുവാന്‍ കഠിനാദ്ധ്വാനം ചെയ്യണം ( കൊലൊസ്യര്‍ 1:28,29).

7. നിങ്ങളുടെ വീക്ഷണവും ആത്മാവും പങ്കുവെയ്ക്കുവാന്‍ കഴിയുന്ന കുറച്ചു പേരെയെങ്കിലും നിങ്ങളുടെ സഭയില്‍ വളര്‍ത്തിക്കൊണ്ടുവരുന്ന കാര്യം നിങ്ങള്‍ അന്വേഷിക്കണം. ഒരു മൂപ്പന്‍ എന്ന നിലയില്‍, അടുത്ത തലമുറയിലും കര്‍ത്താവിന്‍റെ നിര്‍മ്മലമായ ഒരു സാക്ഷ്യം സംരക്ഷിക്കപ്പെടുന്ന കാര്യത്തില്‍ നിങ്ങള്‍ കരുതലുളളവരായിരിക്കണം. തന്‍റെ വേല തുടര്‍ന്നു കൊണ്ടുപോകുവാന്‍ അവിടുത്തെ ആത്മാവിനെ ഉള്‍ക്കൊളളുന്നവരും അവിടുത്തെ നിലവാരത്തില്‍ ജീവിച്ചവരുമായ 11 ശിഷ്യന്മാരെ യേശു ഉയര്‍ത്തിക്കൊണ്ടു വന്നു. പൗലൊസ് തന്‍റെ വേല തുടര്‍ന്നു കൊണ്ടുപോകുവാന്‍, അദ്ദേഹത്തിന്‍റെ താഴ്മയുടെയും നിസ്വാര്‍ത്ഥതയുടെയും ആത്മാവില്‍ ജീവിച്ചവരായ, തിമൊഥെ യോസിനെയും തീത്തൊസിനെയും ഉയര്‍ത്തിക്കൊണ്ടുവന്നു (ഫിലിപ്യര്‍ 2:19-21; 2 കൊരിന്ത്യര്‍ 7:13-15). നിങ്ങളും നിങ്ങളുടെ സഭയില്‍ നിങ്ങളുടെ വീക്ഷണവും നിങ്ങളുടെ വാഞ്ചയും പങ്കുവെയ്ക്കുവാന്‍ കുറച്ചു പേരെയെങ്കിലും ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കര്‍ത്താവിന്‍റെ സഹായം അന്വേഷിക്കണം.

അതുകൊണ്ട് നിങ്ങളുടെ സഭയിലുളള എല്ലാവര്‍ക്കും അനുഗമിക്കുവാന്‍ കഴിയേണ്ടതിന് മുകളില്‍ പറഞ്ഞ എല്ലാ ഗുണവിശേഷങ്ങളും ഉളളവനായിരിക്കുവാന്‍ നിങ്ങളെ കഴിവുളളവനാക്കേണ്ടതിനായി കര്‍ത്താവു നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ തുടര്‍മാനം അഭിഷേകം ചെയ്യേണ്ടതിനായി പ്രാര്‍ത്ഥിക്കുക.