വിലയേറിയ നാലു സത്യങ്ങള്‍ – WFTW 28 ആഗസ്റ്റ് 2018

സാക് പുന്നന്‍

1. ദൈവം യേശുവിനെ സ്നേഹിച്ചതു പോലെ തന്നെ നമ്മെയും സ്നേഹിക്കുന്നു : “അവിടുന്ന് എന്നെ സ്നേഹിക്കുന്നതു പോലെ അവരെയും സ്നേഹിക്കുന്നു” (യോഹന്നാന്‍ 17:23). വേദപുസ്തകത്തില്‍ ഞാന്‍ കണ്ടെത്തിയ ഏറ്റവും വലിയ സത്യം ഇതാണ്. ഇത് എന്നെ അരക്ഷിതാവസ്ഥയില്‍, നിരാശനായി കഴിഞ്ഞ ഒരു വിശ്വാസിയുടെ അവസ്ഥയില്‍ നിന്ന് ദൈവത്തില്‍ പൂര്‍ണ്ണ സുരക്ഷിതനും കര്‍ത്താവിലുളള സന്തോഷത്തില്‍ നിറഞ്ഞവനും ആക്കിതീര്‍ത്തു-എല്ലായ്പ്പോഴും. ദൈവം നമ്മെ സ്നേഹിക്കുന്നു എന്നു പറയുന്ന അനേകം വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്, എന്നാല്‍ ഈ വാക്യം മാത്രമാണ് ആസ്നേഹത്തിന്‍റെ വലിപ്പം എത്രമാത്രമാണ് എന്നു നമ്മോടു പറയുന്നുത്. അവിടുന്ന് യേശുവിനെ സ്നേഹിച്ചത്രയും തന്നെ. തന്‍റെ ഏതു പുത്രന്മാരെയും സ്നേഹിക്കുന്ന രീതിയില്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിന് ഒരു മുഖപക്ഷവുമില്ലാത്തതു കൊണ്ട്, അവിടുന്ന് തന്‍റെ ആദ്യജാതനായ യേശുവിനുവേണ്ടി ചെയ്ത എല്ലാകാര്യങ്ങളും, അവിടുത്തെ പുത്രന്മാരായ നമുക്കുവേണ്ടിയും ചെയ്യുവാന്‍ തീര്‍ച്ചയായും മനസ്സുളളവനായിരിക്കും. അവിടുന്ന് യേശുവിനെ സഹായിച്ചതു പോലെ നമ്മെയും സഹായിക്കും. അവിടുന്ന് യേശുവിനുവേണ്ടി കരുതിയ അത്രയും നമുക്കുവേണ്ടിയും കരുതും. യേശുവിന്‍റെ ജീവിതത്തില്‍ ദിവസങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ നമ്മുടെ ദൈനംദിന ജീവിതത്തിന്‍റെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യുവാന്‍ അവിടുന്നു തല്‍പ്പരനാണ്. ദൈവത്തിന് അതിശയം ഉണ്ടാക്കുന്ന ഒരു കാര്യവും നമുക്ക് ഒരിക്കലും സംഭവിക്കുവാന്‍ സാധ്യമല്ല. ഓരോ സംഭവവും അവിടുന്ന് നേരത്തെ തന്നെ ആസൂത്രണം ചെയ്തിട്ടുളളതാണ്. അതുകൊണ്ട് നാം ഇനിമേല്‍ സുരക്ഷിതരല്ലാത്ത അവസ്ഥയില്‍ ഇരിക്കേണ്ട ആവശ്യമില്ല. യേശു ആയിരുന്നതു പോലെ നാമും ഒരു നിശ്ചിത ഉദ്ദേശ്യത്തിനായി ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടവരാണ്. ഇവയെല്ലാം നിങ്ങളുടെ കാര്യത്തിലും സത്യമാണ് – എന്നാല്‍ നിങ്ങള്‍ അതുവിശ്വസിക്കുന്നെങ്കില്‍ മാത്രം. ദൈവ വചനത്തില്‍ വിശ്വസിക്കാത്തവര്‍ക്കു വേണ്ടി ഒന്നും പ്രവര്‍ത്തിക്കുന്നില്ല.

2. ദൈവം സത്യസന്ധരായ ആളുകളില്‍ പ്രസാദിക്കുന്നു: ” അവിടുന്ന് വെളിച്ചത്തില്‍ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്”(1 യോഹന്നാന്‍ 1:9). വെളിച്ചത്തില്‍ നടക്കുക എന്നാല്‍ ഒന്നാമതായി നാം ദൈവത്തില്‍ നിന്ന് ഒന്നും മറച്ചു വെയ്ക്കുന്നില്ല എന്നാണ്. നാം എല്ലാ കാര്യങ്ങളും അത് ആയിരിക്കുന്നതു പോലെ അവിടുത്തോടു പറയുന്നു. ദൈവത്തിങ്കലേക്കുളള ഒന്നാമത്തെ പടി സത്യസന്ധതയാണെന്ന് എനിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. പരമാര്‍ത്ഥികളല്ലാത്തവരെ ദൈവം വെറുക്കുന്നു. മറ്റാര്‍ക്കും വിരോധമായി പറയുന്നതിനെക്കാള്‍ അധികം യേശു കപടഭക്തന്മാര്‍ക്കു വിരോധമായി സംസാരിച്ചു. എല്ലാറ്റിലും മുമ്പേ നാം വിശുദ്ധരോ പൂര്‍ണ്ണരോ ആകണമെന്നല്ല ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്നാല്‍ നാം സത്യസന്ധരായിരിക്കണമെന്നാണ് യഥാര്‍ത്ഥ വിശുദ്ധിയുടെ ഉത്ഭവസ്ഥലം ഇതാണ്. ഈ ഉറവയില്‍ നിന്നാണ് മറ്റെല്ലാം ഒഴുകുന്നത്. നമുക്ക് ഓരോരുത്തര്‍ക്കും ചെയ്യുവാന്‍ യഥാര്‍ത്ഥത്തില്‍ എളുപ്പമായ ഒരു കാര്യമുണ്ടെങ്കില്‍, അതു സത്യസന്ധരായിരിക്കുക എന്നതാണ്. അതുകൊണ്ട് പെട്ടെന്നു തന്നെ പാപം ദൈവത്തോടു ഏറ്റുപറയുക. പാപകരമായ ചിന്തകളെ ” മാന്യതയുളള പേരുകളാല്‍” വിളിക്കാതിരിക്കുക. നിങ്ങള്‍ വാസ്തവത്തില്‍ വ്യഭിചാര ചിന്തയോടെ നിങ്ങളുടെ കണ്ണകള്‍ കൊണ്ട് മോഹിച്ചതിനുശേഷം “ഞാന്‍ ദൈവത്തിന്‍റെ സൃഷ്ടിയുടെ സൗന്ദര്യം ആസ്വസിക്കുകയായിരുന്നു” എന്നു പറയരുത്. കോപത്തെ ” നീതിപൂര്‍വ്വമായ ധാര്‍മ്മിക രോഷം” എന്നു വിളിക്കരുത്. നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും പാപത്തിന്മേല്‍ ജയം ലഭിക്കുകയില്ല. അതുപോലെ ” പാപത്തെ” ഒരിക്കലും ” ഒരു അബദ്ധം”എന്നു വിളിക്കരുത്, കാരണം യേശുവിന്‍റെ രക്തത്തിന് നിങ്ങളുടെ എല്ലാ പാപങ്ങളില്‍ നിന്നും നിങ്ങളെ ശുദ്ധീകരിക്കുവാന്‍ കഴിയും, എന്നാല്‍ അബദ്ധങ്ങളില്‍ നിന്ന് അല്ല!! അവിടുന്ന് സത്യസന്ധരല്ലാത്തവരെ ശുദ്ധീകരിക്കുന്നില്ല. സത്യസന്ധരായവര്‍ക്കു മാത്രമെ പ്രത്യാശയ്ക്കു വകയുളളു. ” പാപം മറച്ചു വെയ്ക്കുന്നവന് ശുഭം വരികയില്ല”(സദൃശവാക്യങ്ങള്‍ 28:13). മതനേതാക്കന്മാരെക്കാള്‍ വേശ്യകള്‍ക്കും കളളന്മാര്‍ക്കും ദൈവരാജ്യത്തില്‍ കടക്കുവാനുളള പ്രത്യാശ വളരെയധികമാണ് എന്ന് യേശു പറഞ്ഞതെന്തുകൊണ്ടാണ് (മത്തായി 21:31). കാരണം വേശ്യകളും കളളന്മാരും തങ്ങള്‍ വിശുദ്ധരാണെന്ന് അഭിനയിക്കാറില്ല. സഭയില്‍ നിന്ന് അനേകം യൗവനന്മാര്‍ മാറിപ്പോകുന്നതിനു കാരണം സഭാംഗങ്ങള്‍ അവര്‍ക്കു കൊടുക്കുന്ന ധാരണ തങ്ങള്‍ക്ക് ഒരു പോരാട്ടങ്ങളും ഇല്ല എന്നതാണ്. അതു കൊണ്ടു തന്നെ ആ യൗവ്വനക്കാര്‍ കരുതുന്നത്, ” ഈ വിശുദ്ധന്മാരുടെ കൂട്ടത്തിന് ഒരിക്കലും ഞങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല എന്നാണ്”!! ഇതു നമ്മേക്കുറിച്ചു സത്യമാണെങ്കില്‍ , അപ്പോള്‍ നാം പാപികളെ തങ്കലേക്ക് വലിച്ചടുപ്പിച്ച ക്രിസ്തുവിനെ പോലെ അല്ല.

3. സന്തോഷത്തോടെ കൊടുക്കുന്നവനില്‍ ദൈവം പ്രസാദിക്കുന്നു ( 2 കൊരിന്ത്യര്‍ 9:7): ഇതു കൊണ്ടാണ് ദൈവം മനുഷ്യന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്നത് – മാനസാന്തരത്തിനുമുന്‍പും, ശേഷവും, ആത്മാവിനാല്‍ നിറയുന്നതിനു മുമ്പും ശേഷവും. നാം ദൈവത്തേപ്പോലെയാണെങ്കില്‍, നാമും മറ്റുളളവരെ നിയന്ത്രിക്കുവാനോ, അവരില്‍ സമ്മര്‍ദ്ദം ചെലുത്തുവാനോ ശ്രമിക്കുകയില്ല. നമ്മില്‍ നിന്നു വ്യത്യസ്തരായിരിക്കുവാനും, നമ്മുടെതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കുവാനും അവരുടെ സ്വന്തം ചുവടില്‍ ആത്മീയമായി വളരുവാനും നാം അവര്‍ക്കു സ്വാതന്ത്ര്യം നല്‍കും. ഏതു വിധത്തിലുളള എല്ലാ നിര്‍ബന്ധവും പിശാചില്‍ നിന്നാണ്. പിശാച് മനുഷ്യരെ ബാധിക്കുന്നു. എന്നാല്‍ പരിശുദ്ധാത്മാവ് മനുഷ്യരെ നിറയ്ക്കുകയാണ് ചെയ്യുന്നത്. വ്യത്യാസം ഇതാണ്: പരിശുദ്ധാത്മാവ് ഏതൊരാളെയും നിറയ്ക്കുമ്പോള്‍ ആയാള്‍ ആഗ്രഹിക്കുന്നതെന്തും ചെയ്യുവാനുളള സ്വാതന്ത്ര്യം അയാള്‍ക്കു നല്‍കുന്നു. എന്നാല്‍ പിശാച് ആളുകളെ ബാധിക്കുമ്പോള്‍ അവ അവരുടെ സ്വാതന്ത്ര്യത്തെ അവരില്‍ നിന്ന് കവര്‍ന്നെടുക്കുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ ഫലം ആത്മനിയന്ത്രണമാണ് ( ഗലാത്യര്‍ 5:22,23). പിശാചുബാധ ഏതു വിധത്തിലും ആത്മനിയന്ത്രണം നഷ്ടപ്പെടുന്നതില്‍ കലാശിക്കുന്നു. നാം ഒരു കാര്യം ഓര്‍ക്കേണ്ടത്, സന്തോഷത്തോടു കൂടിയും ആഹ്ലാദകരമായും, സ്വാതന്ത്ര്യത്തോടുകൂടിയും, സ്വമനസ്സാലെയും അല്ലാതെ ദൈവത്തിനുവേണ്ടി ചെയ്യുന്ന ഏതു പ്രവൃത്തിയും ഒരു നിര്‍ജ്ജീവ പ്രവൃത്തിയാണ് എന്നുളളതാണ്. ഒരു പ്രതിഫലത്തിനുവേണ്ടിയോ ഒരു ശമ്പളത്തിനു വേണ്ടിയോ ദൈവത്തിനായി ചെയ്യുന്ന ഏതു പ്രവൃത്തിയും ഒരു നിര്‍ജ്ജീവ പ്രവൃത്തിയാണ്. മറ്റുളളവരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ദൈവത്തിനുകൊടുക്കുന്ന ഒരു പണവും, ദൈവത്തെ സംബന്ധിച്ചിടത്തോളം ഒരു വിലയും ഇല്ലാത്തതാണ്!! നിര്‍ബന്ധത്താലോ, ഒരുവന്‍റെ മനഃസാക്ഷിയുടെ ആശ്വാസത്തിനായോ ചെയ്യുന്ന വലിയ കാര്യങ്ങളെക്കാള്‍ അവിടുത്തേക്കു വേണ്ടി ചെയ്യുന്ന അല്പ കാര്യത്തെയാണ് ദൈവം വിലമതിക്കുന്നത്.

4. ഈ ലോകം വലിയതായി കണക്കാക്കുന്ന സകലത്തെയും ദൈവം വെറുക്കുന്നു; “മനുഷ്യരുടെ ഇടയില്‍ ഉന്നതമായത് ദൈവത്തിന്‍റെ മുമ്പാകെ അറപ്പത്രെ”(ലൂക്കോസ് 16:15) ലോകത്തില്‍ ഉന്നതമായി കണക്കാക്കപ്പെടുന്ന കാര്യങ്ങള്‍, ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഒരു വിലയുമില്ല എന്നു തന്നെയല്ല, വാസ്തവത്തില്‍ അത് അവിടുത്തേക്ക് അറപ്പാണ്. ലൗകീകമായ എല്ലാ ബഹുമതികളും ദൈവത്തിന് അറപ്പായതുകൊണ്ട്, അതു നമുക്കും അറപ്പായിരിക്കണം. ഭൂമിയില്‍ എല്ലാവരും വിലയുളളതായി കണക്കാക്കുന്നു ഒരു കാര്യമാണ് പണം. എന്നാല്‍ ദൈവം പറയുന്നത് പണത്തെ സ്നേഹിക്കുന്നവരും ധനവാനാകുവാന്‍ ഇഛിക്കുന്നവരും ഉടനെയോ പിന്നീടോ താഴെപ്പറയുന്ന 8 അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരും (1 തിമൊഥെയോസ് 6:9,10). (1) അവര്‍ പ്രലോഭനങ്ങളില്‍ വീഴും, (2) അവര്‍ കെണിയില്‍ കുടുങ്ങും, (3) അവര്‍ മൗഢ്യമായ മോഹങ്ങള്‍ക്ക് ഇരയാകും (4) അവര്‍ ദോഷകരമായ മോഹങ്ങളില്‍ വീഴും, (5) അവര്‍ നാശത്തില്‍ മുങ്ങിപ്പോകുവാന്‍ ഇടവരും, (6) അവര്‍ സംഹാരത്തില്‍ മുങ്ങിപ്പോകുവാന്‍ ഇടയാകും, (7) അവര്‍ വിശ്വാസം വിട്ടുഴലുവാന്‍ ഇടയാകും. (8) കൂടാതെ അനേകം മാനസികയാതനകളാല്‍ അവര്‍ തങ്ങളെതന്നെ കുത്തിതുളയ്ക്കുവാന്‍ ഇടയാകും. എല്ലായിടത്തുമുളള വിശ്വാസികള്‍ക്ക് ഇത് വീണ്ടും വീണ്ടും സംഭവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഈ നാളുകളില്‍ കര്‍ത്താവില്‍ നിന്ന് ഒരു പ്രവചന ശബ്ദം ഒരിക്കലും കേള്‍ക്കുവാന്‍ കഴിയാതിരിക്കുന്നതിനുളള പ്രധാന കാരണങ്ങളില്‍ ഒന്ന് മിക്ക പ്രസംഗകരും പണസ്നേഹികളാണ് എന്നതാണ്. പണത്തോട് അവിശ്വസ്തരായവര്‍ക്ക് ദൈവത്തിന്‍റെ യഥാര്‍ത്ഥ ധനം (പ്രവചന ശബ്ദം അതില്‍ ഒന്നാണ്) ദൈവത്താല്‍ നല്‍കപ്പെടുകയില്ല എന്നാണ് യേശു പറഞ്ഞത് ( ലൂക്കോ 16:11). അതു കൊണ്ടാണ് സഭായോഗങ്ങളിലൂം കോണ്‍ഫറന്‍സുകളിലും നാം അനേകം മടുപ്പിക്കുന്ന പ്രസംഗങ്ങളും വിരസമായ സാക്ഷ്യങ്ങളും കേള്‍ക്കുന്നത്.