ബൈബിളിലൂടെ : വെളിപ്പാട്


അന്തിമ വിജയം

Chapter: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22


വെളിപ്പാട് എന്ന വാക്കിന്റെ അര്‍ഥം ‘മറനീക്കി കാട്ടുക’ എന്നതാണ്. ദൈവം തിരശ്ശീല മാറ്റി യോഹന്നാനെ മൂന്നു കാര്യങ്ങള്‍ കാണിക്കുന്നു.

  1. ക്രിസ്തുവിനെത്തന്നെ തന്റെ മഹത്വത്തില്‍ അനാവരണം ചെയ്തു കാട്ടുന്നു (അദ്ധ്യായം1).
  2. ക്രിസ്തുവിനേയും തന്റെ സഭയേയും – ചില സഭകളുടെ ആന്തരിക അവസ്ഥ മറനീക്കി കാണിക്കുന്നു (അദ്ധ്യായങ്ങള്‍ 2,3).
  3. ക്രിസ്തുവിനേയും തന്റെ രാജ്യത്തെയും അനാവരണം ചെയ്യുന്നു- യുഗാവസാനത്തില്‍ കാര്യങ്ങള്‍ എങ്ങനെയായിരിക്കുമെന്നു വെളിപ്പെടുത്തുന്നു. (4 മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍).


ദൈവത്തിന്റെ ദാസന്മാര്‍ക്ക് ഒരു വെളിപ്പാട്


വെളിപ്പാടു പുസ്തകത്തെ 1:19 അനുസരിച്ചു വീണ്ടും മൂന്നായി തിരിക്കാം. നീ കണ്ടത് (അദ്ധ്യായം 1) ഇപ്പോഴുള്ളത് (2,3 അദ്ധ്യായങ്ങള്‍). ഇനി സംഭവിക്കാനിരിക്കുന്നത് (4 മുതല്‍ 22 വരെയുള്ള അദ്ധ്യായങ്ങള്‍).

ഈ വെളിപ്പാട് യോഹന്നാനു മാത്രമായി കൊടുത്തതല്ല, തന്റെ എല്ലാ ദാസന്മാര്‍ക്കും ഉള്ളതാണ്(1:1). ദാസന്‍ എന്നാല്‍ അടിമ എന്നതിനുള്ള മറ്റൊരു വാക്കാണ്. ദൈവത്തിനു തന്റെ അടിമകളും തന്റെ വേലക്കാരുമുണ്ട്. ഒരു വേലക്കാരനും അടിമയും തമ്മിലുള്ള വ്യത്യാസമെന്താണ്? ഇന്ന് അടിമകളില്ലാത്തതുകൊണ്ട് നമുക്ക് അതിനെക്കുറിച്ച് ഏറെയൊന്നും അറിയുകയില്ല. എന്നാല്‍ വേലക്കാരനും ദാസനും തമ്മിലുള്ള വ്യത്യാസം എല്ലാവര്‍ക്കും ഒന്നാം നൂറ്റാണ്ടില്‍ വളരെ വ്യക്തമായിരുന്നു. വേലക്കാരനു ശമ്പളം ലഭിക്കും- എല്ലാ മാസവും അവനത് അവകാശപ്പെടാമായിരുന്നു. മാസ ശമ്പളം ലഭിച്ചില്ലെങ്കില്‍ അവന്‍ ആ ജോലി വേണ്ടെന്നു വയ്ക്കും. എന്നാല്‍ ഒരു അടിമയ്ക്ക്, ദാസന്, ശമ്പളമില്ല. അവന് അതിന് അവകാശവുമില്ല. ജീവിതകാലം മുഴുവന്‍ അവന്‍ ജോലി ചെയ്യണം. എന്നാല്‍ ജോലിക്കു കൂലിയായി ഒന്നും അവനു പ്രതീക്ഷിക്കാനില്ല. ഒരു വേലക്കാരനോട് മോശമായി പെരുമാറിയാല്‍ അവനു റോമന്‍ സര്‍ക്കാരിനോടു പരാതിപ്പെടാം. എന്നാല്‍ ദാസന് അത്തരമൊരു സാഹചര്യത്തിലും ആരോടും പരാതി പറയാന്‍ അവകാശമില്ല.

ദൈവത്തിനു ചില ‘വേലക്കാരുണ്ട്.’ അവിടുന്നു അവര്‍ക്കുവേണ്ടി കരുതുകയും ഭക്ഷണം, വസ്ത്രം, വീട്, പണം എന്നിവ നല്‍കുകയും ചെയ്താല്‍ അവര്‍ ദൈവത്തെ സേവിക്കും. ഒരു ദിവസം അവര്‍ക്കു പ്രാര്‍ത്ഥിച്ചതു ചിലതു ലഭിച്ചില്ലെങ്കില്‍ അവര്‍ പരാതിപ്പെടുകയും മുറുമുറുക്കുകയും തന്നെ സേവിക്കുന്നത് നിര്‍ത്തുകയും ചെയ്യും. അവര്‍ ചില അവകാശങ്ങള്‍ ഉന്നയിക്കും- ‘കര്‍ത്താവേ, ഞാനിതു നിനക്കായി ചെയ്തു. അതുകൊണ്ട് നീയിത് എനിക്കായി ചെയ്യണം.”

എന്നാല്‍ ഒരു ദൈവദാസന്‍ തന്റെ അവകാശങ്ങളെല്ലാം അടിയറ വച്ചവനാണ്. ദൈവം അവന് ഭക്ഷണം, അഭയം, പണം എന്നിവ നല്‍കിയാല്‍ അവന്‍ സന്തുഷ്ടനാണ്. എന്നാല്‍ ദൈവം അവന് ഒന്നും നല്‍കിയില്ലെങ്കിലും അവന്‍ സന്തോഷവാനാണ്. അവന്‍ സന്തോഷപൂര്‍വ്വം ദാസനായി തുടരും. ഭയം, നിര്‍ബന്ധം എന്നിവ മൂലം യജമാനനെ സേവിച്ചിരുന്ന പഴയ കാല അടിമയില്‍നിന്ന് ഈ ദാസനുള്ള വ്യത്യാസം ഇതാണ്. ‘ഞാന്‍ യജമാനനെ സ്‌നേഹിക്കുന്നു, അതുകൊണ്ട് ഞാന്‍ സ്വതന്ത്രനായി പോകയില്ല ‘ എന്നു പുറപ്പാട് 21:5-ല്‍ പറയുന്ന അടിമയെപ്പോലെ ദൈവത്തെ സ്‌നേഹത്തിന്റെ അടിസ്ഥാനത്തില്‍ സേവിക്കുന്നതു നാം തെരഞ്ഞെടുത്തിരിക്കുന്നു.

‘വെളിപ്പാടു പുസ്തകം’ വേണ്ടതുപോലെ മനസ്സിലാക്കാന്‍ ദൈവത്തിന്റെ യഥാര്‍ത്ഥ ആജീവനാന്ത ദാസനു മാത്രമേ കഴിയൂ- നിങ്ങള്‍ നിങ്ങളെത്തന്നെ പൂര്‍ണമായി ദൈവത്തിനു കൊടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ തന്നില്‍ നിന്ന് ഒന്നും ആവശ്യപ്പെടുകയില്ല. നിങ്ങള്‍ പൂര്‍ണമായി അവിടുത്തേക്കുള്ളവനാണെങ്കില്‍ അവിടുന്നു നിങ്ങള്‍ക്കു ചെയ്യുന്നതിനെക്കുറിച്ചും ചെയ്യാതിരുന്നതിനെക്കുറിച്ചും ചെയ്യേണ്ടിയിരുന്നതിനെക്കുറിച്ചും ഒരു പരാതിയും ഉണ്ടായിരിക്കുകയില്ല. നിങ്ങളുടെ മനോഭാവം ‘ കര്‍ത്താവേ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ഞാന്‍ നിന്റെ ദാസനാണ്. നിനക്കുവേണ്ടിയല്ലാതെ മറ്റെന്തിനെങ്കിലും വേണ്ടി ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പണം, സ്വര്‍ഗ്ഗത്തിലോ ഭൂമിയിലോ എനിക്കു കിട്ടാനുള്ള പ്രതിഫലം എന്നിവയ്‌ക്കൊന്നും വേണ്ടിയല്ല ഞാന്‍ അങ്ങയെ സേവിക്കുന്നത്.”

ഇതാണ് നിങ്ങളുടെ മനോഭാവമെങ്കില്‍, നിങ്ങള്‍ക്ക് വെളിപ്പാടു പുസ്തകം മനസ്സിലാകും. അല്ലാത്തപക്ഷം, നിങ്ങള്‍ നിങ്ങളുടെ സമര്‍ഥമായ തലച്ചോര്‍ ഉപയോഗിച്ച് ജീവിതകാലം മുഴുവന്‍ ഈ പുസ്തകം പഠിച്ചുകൊണ്ടിരിക്കുകയും ഈ പുസ്തകത്തിലെ പ്രതീകങ്ങളെക്കുറിച്ച് പല സാങ്കല്പിക വ്യാഖ്യാനങ്ങള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുകയും ചെയ്യും- എന്നാല്‍ നിങ്ങള്‍ പൂര്‍ണമായി തെറ്റിപ്പോവുകയും ചെയ്യും. ‘വെളിപ്പാടിനെ’ക്കുറിച്ച് ലോകത്ത് ഇറങ്ങിയിട്ടുള്ള എല്ലാ പുസ്തകങ്ങളും വായിച്ച് അതില്‍ നിന്നെല്ലാം സമര്‍ഥമായ ഒട്ടേറെ ആശയങ്ങള്‍ സ്വാംശീകരിക്കാന്‍ നിങ്ങള്‍ക്കു കഴിയും. പക്ഷേ അവയൊന്നും സത്യമായിരിക്കുകയില്ല, അവയൊന്നും നിങ്ങളുടെ ജീവിതത്തെ വ്യത്യാസപ്പെടുത്തുകയില്ല. ഫലത്തില്‍ നിങ്ങള്‍ ഒരു അയഥാര്‍ത്ഥ, സാങ്കല്‍പ്പിക ലോകത്തില്‍ ജീവിക്കും . അതുകൊണ്ട് ഈ പുസ്തകത്തിലെ ആദ്യത്തെ വാക്യത്തെത്തന്നെ അവഗണിക്കരുത്. യേശു ക്രിസ്തുവിനെക്കുറിച്ചുള്ള ഈ വെളിപ്പാട് ദൈവം തന്റെ ദാസന്മാര്‍ക്കു മാത്രമേ നല്‍കുകയുള്ളുവെന്ന് എപ്പോഴും ഓര്‍ക്കണം. യോഹന്നാന്‍ അത്തരം ഒരു ദാസനായിരുന്നു. അതുകൊണ്ട് അവന് ‘വെളിപ്പാട് ‘ മനസ്സിലായി. ഇന്നും അതു മനസ്സിലാക്കുന്ന ദാസന്മാരുണ്ട്.

1:1-ല്‍ ‘അവന്‍ പ്രദര്‍ശിപ്പിച്ചു’ എന്നും കാണുന്നു (കിങ് ജയിംസ് തര്‍ജ്ജമ) ‘പ്രദര്‍ശിപ്പിച്ചു’ വാക്കിന്റെ ഇവിടത്തെ അര്‍ഥം ‘അടയാളങ്ങളാല്‍ കാണിച്ചു’ എന്നാണ്. ഈ പുസ്തകം നിറയെ അടയാളങ്ങളാണെന്ന് ഇതു നമ്മെ അറിയിക്കുന്നു. ഈ അടയാളങ്ങളില്‍ ചിലത് കൃത്യമായി നമുക്കു മനസ്സിലായെന്നു വരികയില്ല. പക്ഷേ നിങ്ങള്‍ എത്രത്തോളം ദൈവത്തിന്റെ ആജീവനാന്ത ദാസനാണോ ആ അളവില്‍ നിങ്ങള്‍ക്കതു കൂടുതല്‍ മനസ്സിലായിത്തുടങ്ങും. ആജീവനാന്ത ദാസനല്ലെങ്കില്‍ കുറവായേ അവ മനസ്സിലാകൂ. ഇന്ന് ഈ പുസ്തകം വ്യാഖ്യാനിക്കുന്നവര്‍ ദാസന്മാരല്ലാത്തതിനാല്‍ വെളിപ്പാടു പുസ്തകത്തിന് ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ട്. അവരൊക്കെ വേലക്കാരായിരിക്കും. എന്നാല്‍ വേലക്കാര്‍ക്ക് അവരുടെ അഭിപ്രായം പറയുവാനേ കഴിയുകയുള്ളു. ഇത്തരം അഭിപ്രായങ്ങളാകട്ടെ ചവറ്റുകുട്ടയില്‍ ഇടാനേ കൊള്ളുകയുള്ളു.

1:3-ല്‍ നാം ഇങ്ങനെ വായിക്കുന്നു. ‘ഈ പുസ്തകം വായിക്കുന്നവനും ഇതില്‍ എഴുതിയിരിക്കുന്നതു പ്രമാണിക്കുന്നവനും ഭാഗ്യവാന്‍.’ ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു കേട്ട് അനുസരിക്കുന്നവനു പ്രത്യേകമായ ഒരനുഗ്രഹം ഇവിടെ വാഗ്ദാനം ചെയ്തിരിക്കുന്നു. പിശാച്, പല ക്രിസ്ത്യാനികളെയും ഈ പുസ്തകം വായിക്കുന്നതില്‍ നിന്നു തടയുന്നതെന്തുകൊണ്ടാണെന്ന് ഇപ്പോള്‍ നമുക്കു മനസ്സിലാകും. ‘ ഈ പുസ്തകം മനസ്സിലാക്കുന്നവര്‍ അനുഗൃഹീതര്‍ ‘ എന്നല്ല പറഞ്ഞിരിക്കുന്നത്. അല്ല, മറിച്ച് അനുസരിക്കുന്നവര്‍ക്കാണ് അനുഗ്രഹമുള്ളത്. ഈ പുസ്തകത്തിലെ ദൈവത്തിന്റെ കല്പനകള്‍ അനുസരിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍, ഈ പുസ്തകത്തിലെ പ്രവചനങ്ങളെല്ലാം നിങ്ങള്‍ക്കു മനസ്സിലായില്ലെങ്കിലും സാരമില്ല.

ഭാവികാല സംഭവങ്ങളെക്കുറിച്ചു ചാര്‍ട്ടുകള്‍ ഉണ്ടാക്കാനല്ല വെളിപ്പാടു പുസ്തകം നമുക്കു നല്‍കിയിരിക്കുന്നത്. എപ്പോഴാണു സഭ എടുത്തുകൊള്ളപ്പെടുന്നത്, ഏഴു സഭകള്‍ ഒന്നാം നൂറ്റാണ്ടു മുതല്‍ 21-ാം നൂറ്റാണ്ടുവരെയുള്ള ഏതെല്ലാം കാലയളവിനെ പ്രതിനിധാനം ചെയ്യുന്നു എന്നെല്ലാം തങ്ങളുടെ ചാര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ആശയങ്ങള്‍ രൂപീകരിച്ചു പഠിപ്പിക്കുന്ന ധാരാളം ബൈബിള്‍ പണ്ഡിതന്മാരെ ഞാന്‍ കേട്ടിട്ടുണ്ട്. ഈ ചാര്‍ട്ടുകള്‍ പഠിച്ച് അന്യോന്യം തര്‍ക്കിക്കുകയും വഴക്കുണ്ടാക്കുകയും പാപത്തിന്റെമേല്‍ ജയമില്ലാതെ ഒരു പരാജയപ്പെട്ട ജീവിതം നയിക്കുകയും ചെയ്യുന്നവരെയും ഞാന്‍ കണ്ടിട്ടുണ്ട്. ഇത്തരം ചാര്‍ട്ടുകള്‍ക്ക് ചവറ്റുകുട്ടയ്ക്ക് മാത്രമാണ് അര്‍ഹതയുള്ളത്. വാസ്തവത്തില്‍ ഈ പുസ്തകത്തിലെ എല്ലാ പ്രവചനങ്ങളുടേയും വിശദീകരണങ്ങളല്ല, കര്‍ത്താവ് ഇവിടെ നല്‍കിയിരിക്കുന്ന കല്പനകള്‍ എങ്ങനെ അനുസരിക്കണം എന്നതു മാത്രമാണ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്. ഇവിടെ മനസ്സിലാകാത്ത ഒരു വാക്യം കാണുകയാണെങ്കില്‍ അതു വിട്ടശേഷം നിങ്ങള്‍ക്കു മനസ്സിലായത് അനുസരിക്കാന്‍ ശ്രദ്ധിക്കുക.

‘ഭൂരാജാക്കന്മാര്‍ക്ക് അധിപതിയായ യേശുക്രിസ്തുവിങ്കല്‍ നിന്നാണ്’ ഏഴു സഭകള്‍ക്കും യോഹന്നാന്‍ എഴുതുന്നത് (1:5). തുടര്‍ന്ന് ഉടനെ കര്‍ത്താവിന്റെ രണ്ടാംവരവിനെക്കുറിച്ചും പറയുന്നു- ”ഇതാ, അവന്‍ മേഘാരൂഢനായി വരുന്നു”(1:7). കര്‍ത്താവു രണ്ടാമതു വരുമ്പോള്‍ അവിടുന്നു രഹസ്യമായല്ല വരുന്നത്. ‘മിന്നല്‍ കിഴക്കുനിന്നു പുറപ്പെട്ട് പടിഞ്ഞാറോളം വിളങ്ങും പോലെ’ എല്ലാവരും കാണത്തക്ക നിലയിലാണു താന്‍വരുന്നതെന്നു കര്‍ത്താവുതന്നെ പറഞ്ഞിട്ടുണ്ട് (മത്തായി 24:27). മഹോപദ്രവത്തിനു മുന്‍പ്, പലരും തെറ്റായി വിശ്വസിക്കുന്നപോലെ, സഭയുടെ രഹസ്യ ഉല്‍പ്രാപണം എന്നൊന്നില്ല. മഹോപദ്രവത്തിനുശേഷം കര്‍ത്താവിന്റെ ഒരു വരവേയുള്ളൂ. അപ്പോഴാണു സഭ അവനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടുന്നത്. നാം ആകാശത്തിലേക്ക് എടുക്കപ്പെടുന്നത് എല്ലാ കണ്ണും കാണും.


ഒരു സഹോദരനും കൂട്ടാളിയും

1:9-ല്‍ യോഹന്നാന്‍ തന്നെത്തന്നെ പരാമര്‍ശിക്കുന്നതു ‘നിങ്ങളുടെ സഹോദരന്‍’ എന്നാണ്. അദ്ദേഹം പോപ്പ് യോഹന്നാനോ ബിഷപ്പ് യോഹന്നാനോ റവറന്റ് യോഹന്നാനോ എന്തിന് പാസ്റ്റര്‍ യോഹന്നാനോ പോലും ആയിരുന്നില്ല. 95 വയസ്സുള്ളപ്പോഴും അദ്ദേഹം ബ്രദര്‍ യോഹന്നാനാണ്- ഒരു സാധാരണ സഹോദരന്‍, ക്രിസ്തുവിലുള്ള മറ്റെല്ലാ സഹോദരന്മാരേയും പോലെ. ഇവിടെ എല്ലാ ക്രിസ്തീയ നേതാക്കള്‍ക്കും പിന്‍പറ്റാവുന്ന ഒരു നല്ല മാതൃക നാം കാണുന്നു. എന്നാല്‍ 98% വരുന്ന ക്രിസ്തീയ നേതാക്കളും ഇക്കാര്യത്തില്‍ യോഹന്നാന്റെ മാതൃക പിന്‍തുടരുകയില്ലെന്ന് എനിക്കറിയാം. കാരണം അവരുടെ ഉന്നതഭാവവും മറ്റു വിശ്വാസികളുടെ മേല്‍ തങ്ങളെത്തന്നെ ഉയര്‍ത്താനുള്ള ആഗ്രഹവും കൊണ്ട് അവര്‍ തങ്ങളുടെ പേരുകള്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു. അവര്‍ അവരുടെ പേരുകളെ ഇഷ്ടപ്പെടുന്നു.! യേശു തന്റെ ശിഷ്യന്മാരോട് അവര്‍ അന്യോന്യം സഹോദരന്മാരും ശുശ്രൂഷക്കാരുമായിരിക്കണം എന്നു പറഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ മറ്റു പേരുകള്‍ എടുക്കരുതെന്നും അവിടുന്ന് ആജ്ഞാപിച്ചു (മത്തായി 23:8-11). പക്ഷേ ഇത് ഇന്നു മിക്ക ക്രിസ്ത്യാനികളും അനുസരിക്കാതിരിക്കുന്ന നമ്മുടെ കര്‍ത്താവിന്റെ മറ്റൊരു കല്പനയാണ്.

യോഹന്നാന്‍ ‘കഷ്ടങ്ങളിലും ഉപദ്രവങ്ങളിലും കൂട്ടാളിയുമാ’യിരുന്നു (1:9). വെളിപ്പാടു പുസ്തകത്തില്‍ ഉപദ്രവങ്ങളെക്കുറിച്ചു ധാരാളം പറയുന്നുണ്ട്. എന്നാല്‍ ഉപദ്രവങ്ങളെക്കുറിച്ച് ഒരുവന്‍ പ്രസംഗിക്കുന്നതിനു മുന്‍പ് അവന്‍ തന്നെ ഉപദ്രവങ്ങളിലൂടെ ഒന്നാമതു കടന്നുപോകേണ്ടതുണ്ട്. അതുകൊണ്ട് യോഹന്നാനും ഉപദ്രവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ടായിരുന്നു. അവന്‍ പത്മോസിലേക്കു നാടു കടത്തപ്പെട്ട് അവിടെ ഉപദ്രവം അനുഭവിക്കുമ്പോഴാണ് സഭ എങ്ങനെയാണ് ഉപദ്രവങ്ങളിലൂടെ കടന്നുപോകേണ്ടതെന്നത് സംബന്ധിച്ച ദര്‍ശനം ഉണ്ടാകുന്നത്. പത്മോസിലെ യോഹന്നാന്റെ അടുക്കല്‍ നിങ്ങള്‍ ചെന്ന് ഇങ്ങനെ പറയുന്നുവെന്നിരിക്കട്ടെ. ‘സഹോദരാ, സഭ മഹോപദ്രവത്തിലൂടെ കടന്നുപോകയില്ല.’ മറുപടിയായി യോഹന്നാന്‍ ഇങ്ങനെ പറയും: ‘സഹോദരാ, ഞാന്‍ ഇപ്പോള്‍ തന്നെ ഉപദ്രവത്തിലൂടെ കടന്നു പോകുകയാണല്ലോ.” അന്ത്യകാലത്തു മഹോപദ്രവത്തിന്റെ സമയത്തു ക്രിസ്ത്യാനികള്‍ സഭാചരിത്രത്തില്‍ 2000 വര്‍ഷം ഉണ്ടായ പീഡനത്തില്‍ (പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കഴിഞ്ഞ 100 വര്‍ത്തിനുള്ളില്‍ ഉണ്ടായ പീഡനത്തില്‍) കൂടുതല്‍ അനുഭവിക്കേണ്ടി വരുമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ക്രിസ്തീയ ചരിത്രത്തില്‍ ആദ്യ മൂന്നു നൂറ്റാണ്ടുകളില്‍ വലിയ പീഡനവും ക്രൂരമായ മരണവും ദൈവം അനുവദിച്ചത് അന്നുള്ളവരെ ദൈവം സ്‌നേഹിക്കാത്തതുകൊണ്ടാണോ? ദൈവം സത്യത്തില്‍ തന്റെ ഏറ്റവും വലിയ വിശുദ്ധരെ ഉപദ്രവങ്ങളിലൂടെ കടത്തിവിടും. എന്തിനു വേണ്ടി? അവരുടെ വിശ്വാസം പ്രദര്‍ശിപ്പിക്കപ്പെടാനും സാത്താന്റേയും മനുഷ്യരുടേയും മുന്‍പാകെ അവിടുത്തെ നാമത്തെ മഹത്വപ്പെടുത്താനും വേണ്ടിയാണത്.

യോഹന്നാന്‍ തുടരുന്നു: ‘ കര്‍ത്തൃദിവസത്തില്‍ ഞാന്‍ ആത്മവിവശനായി” (1:10). നാം ആത്മാവില്‍ ആയാലേ ദൈവം വെളിപ്പെടുത്തുന്നതു നമുക്കു മനസ്സിലാകുകയുള്ളു. തുടര്‍ന്ന് ‘കാഹളത്തിനൊത്ത ഒരു മഹാനാദം ഞാന്‍ എന്റെ പുറകില്‍ കേട്ടു’ (1:11). നാം ആത്മാവിലായാലേ ദൈവശബ്ദം കാഹളം പോലെ ഉച്ചത്തിലും വ്യക്തതയിലും കേള്‍ക്കാന്‍ കഴിയുകയുള്ളു. നിങ്ങള്‍ ആത്മാവിലായില്ലെങ്കില്‍ നിങ്ങള്‍ ഒന്നും കേള്‍ക്കുകയില്ല. ഇന്ന് അന്തരീക്ഷത്തില്‍ പല തരത്തിലുള്ള ശബ്ദങ്ങളുണ്ട്- റോക്ക് സംഗീതത്തിന്റെ, ദുരുപദേശങ്ങളുടെ, വ്യാജ മതപ്രചാരകരുടെ എന്നിങ്ങനെ. ഇവയിലെന്തെങ്കിലും കേള്‍ക്കണമെങ്കില്‍ ആ ഫ്രീക്വന്‍സിയില്‍ ട്യൂണ്‍ ചെയ്ത റേഡിയോയാണു നിങ്ങള്‍ക്കാവശ്യം. ഇതേപോലെ, പരിശുദ്ധാത്മാവിന്റെ ഫ്രീക്വന്‍സിയില്‍ നാം നമ്മുടെ ഹൃദയത്തെ ട്യൂണ്‍ ചെയ്താല്‍ (അര്‍ഥം ദൈവത്തോടും മനുഷ്യരോടും കുറ്റമറ്റ ഒരു മനസ്സാക്ഷി നമുക്കുണ്ടായാല്‍) നാം ദൈവശബ്ദം ഉച്ചത്തില്‍ ഒരു കാഹളം പോലെ കേള്‍ക്കും. യോഹന്നാന്‍ അങ്ങനെയാണതു കേട്ടത്.

‘നീ കാണുന്നത് എഴുതി ഏഴു സഭകള്‍ക്ക് അയയ്ക്കുക’ എന്നു കര്‍ത്താവു യോഹന്നാനോട് തുടര്‍ന്ന് ആവശ്യപ്പെടുന്നു. യോഹന്നാന്‍ പത്മോസിലാണ്. എഫേസോസില്‍ നിന്ന് 100 കിലോമീറ്റര്‍ തെക്കു പടിഞ്ഞാറായി ഈജിയന്‍ കടലിലെ പാറക്കെട്ടുകള്‍ നിറഞ്ഞ ഒരു ദ്വീപ്. അവിടെ നിന്നു എഫേസോസിലെ സഭയ്ക്ക് ഒരു സന്ദേശം അയയ്ക്കാന്‍ പറയുന്നു. എഫേസോസില്‍ നിന്നു 100 കിലോമീറ്റര്‍ വടക്കാണു സ്മുര്‍ന്ന. ഏകദേശം 40 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി പെര്‍ഗമോസ്. 100 കിലോമീറ്റര്‍ തെക്കു കിഴക്കായി തുയഥൈര. ദക്ഷിണഭാഗത്തു 40 കിലോമീറ്റര്‍ അകലെ സര്‍ദീസ്. ദക്ഷിണ പൂര്‍വദിക്കില്‍ 40 കിലോമീറ്റര്‍ മാറി ഫിലദെല്‍ഫിയ. തെക്കുകിഴക്കായി എഫസോസില്‍ നിന്നു 100 കിലോമീറ്റര്‍ അകലെ ലവോദിക്യ. ചുരുക്കത്തില്‍ ഈ സഭകളെല്ലാം 100 കിലോമീറ്റര്‍ വൃത്തപരിധിക്കുള്ളില്‍ സ്ഥിതി ചെയ്യുന്നു. എന്നാല്‍ അവയെല്ലാം ഒരേ സഭാ സംഘടനയുടെ ഭാഗമല്ല. അവയെല്ലാം സ്വതന്ത്ര സഭകളാണ്. അവയെ എല്ലാം ഭരിക്കുന്ന ഒരു ബിഷപ്പില്ല. ഓരോ സഭയ്ക്കും അവരവരുടേതായ മുപ്പന്മാരുണ്ട്. അപ്പൊസ്തലന്മാര്‍ സ്ഥാപിച്ചപ്പോള്‍ ഒന്നാം നൂറ്റാണ്ടില്‍ സഭകളെല്ലാം അങ്ങനെയായിരുന്നു.

അവയെല്ലാം സ്വതന്ത്ര സഭകളായിരുന്നതിനാല്‍ ദുഷ്പ്രവണതകളൊന്നും ഒരു സഭയില്‍ നിന്നു മറ്റൊരു സഭയിലേക്കു വ്യാപിച്ചില്ല. അതിനു പകരം അവയെല്ലാം ഒരൊറ്റ സഭാസംഘടനയുടെ ഭാഗമായിരുന്നെങ്കില്‍ ഒരു സഭ മലിനമായാല്‍ ആ സഭാസംഘടനയില്‍പെടുന്ന മറ്റു സഭകളിലേക്കും അതു വ്യാപിക്കുമായിരുന്നു. ഒരു ബിഷപ്പ് തെറ്റിപ്പോയാല്‍ അദ്ദേഹത്തിന് ആ സഭാവിഭാഗത്തില്‍പെടുന്ന എല്ലാ പ്രാദേശിക സഭകളെയും വഴി തെറ്റിക്കുവാന്‍ കഴിയുമായിരുന്നു. അതുകൊണ്ട് ദൈവത്തിന്റെ ജ്ഞാനത്തില്‍ പുതിയനിയമ സഭാ മാതൃക ഓരോ സ്ഥലം സഭയും ഒരു സഭാവിഭാഗത്തിന്റെ ഭാഗമായിരിക്കാതെ, സ്വതന്ത്രമായിരിക്കണമെന്നു ദൈവം വച്ചിരിക്കുന്നു. അതുകൊണ്ടു യോഹന്നാനോട് ആവശ്യപ്പെട്ടത് കത്തുകളെല്ലാം ഏഷ്യാമൈനറിലെ സഭാകേന്ദ്രത്തിലേക്ക് അയയ്ക്കുക എന്നല്ല മറിച്ച് ‘സഭകള്‍ക്ക്’ അയയ്ക്കുക എന്നാണ്. വ്യത്യാസം നിങ്ങള്‍ക്കു മനസ്സിലായോ? ദൈവത്തിന്റെ ദൃഷ്ടിയില്‍ ‘ഇന്ത്യയിലെ സഭ’ എന്നൊന്നില്ല. ‘ഇന്ത്യയിലെ സഭകള്‍’ ആണുളളത്. പക്ഷേ മനുഷ്യന്‍ അവന്റെ ജ്ഞാനം ഉയോഗിച്ചു പല സഭകളെ യോജിപ്പിച്ച് ഒരു സഭാവിഭാഗം ആക്കുന്നു. ഫലത്തില്‍ മലിനത എല്ലാ സഭകളിലേക്കും പടരുന്നു.

യോഹന്നാന്‍ തിരിഞ്ഞപ്പോള്‍ പഴയ നിയമ സമാഗമന കൂടാരത്തിലെപോലെ ഏഴു കവരങ്ങളുമുള്ള ഒരൊറ്റ വിളക്കല്ല കണ്ടത്; മറിച്ച് ഏഴു വ്യത്യസ്ത വിളക്കുകളെയാണ്. അവ പ്രതിനിധാനം ചെയ്യുന്നത് ഏഴു വ്യത്യസ്ത സഭകളെയാണ്. അല്ലാതെ ഏഴു ശാഖകളുള്ള ഒരു സഭാ സംഘടനയെയല്ല. ഏഴു വിളക്കുകള്‍ക്കു നടുവിലിതാ, ഓരോ സഭയുടേയും തലവനായ യേശു നില്‍ക്കുന്നു.

തുടര്‍ന്നു യോഹന്നാന്‍ യേശുവിനെ പ്രതീകാത്മകമായ ഭാഷയില്‍ വര്‍ണിക്കുന്നു. നൈര്‍മല്യത്തിന്റേയും ശക്തിയുടേയും പ്രതീകങ്ങളാണ് ഈ വിവരണത്തിനായി ഉപയോഗിക്കുന്നത്. ദൈവവചനം അവിടുത്തെ വായില്‍ നിന്നു പുറപ്പെടുന്ന മുര്‍ച്ചയേറിയ ഇരു വായ്ത്തലയുള്ള വാളായാണു ചിത്രീകരിച്ചിരിക്കുന്നത് (1:16). ഒരിക്കല്‍, അന്ത്യ അത്താഴത്തിന്റെ സമയത്ത്, യേശുവിന്റെ നെഞ്ചോട് ചാഞ്ഞിരുന്നവനാണു യോഹന്നാന്‍.ഇപ്പോഴിതാ, അവന്‍ മരിച്ചവനെപ്പോലെ കര്‍ത്താവിന്റെ കാല്ക്കല്‍ വീഴുന്നു. എപ്പോഴെല്ലാം നിങ്ങള്‍ കര്‍ത്താവിന്റെ മഹത്വം കാണുമോ, അപ്പോഴെല്ലാം നിങ്ങള്‍ക്കും ഇതു സംഭവിക്കും- നിങ്ങള്‍ നിങ്ങളെത്തന്നെ താഴ്ത്തും. ദൈവമഹത്വം കാണാത്തപ്പോഴാണു നിങ്ങള്‍ നിഗളിച്ചുപോകുന്നത്.

യേശു യോഹന്നാനോട് (പല വര്‍ഷങ്ങള്‍ പീഡനങ്ങള്‍ അനുഭവിച്ച ശിഷ്യനോട്) താന്‍ ഭൂമിയിലായിരുന്നപ്പോള്‍ തന്റെ അപ്പൊസ്തലന്മാരോടു നിരന്തരം പറഞ്ഞുകൊണ്ടിരുന്ന അതേവാക്കു തന്നെയാണു പറഞ്ഞത്- ‘ഭയപ്പെടേണ്ട'(1:17). വെളിപ്പാടു പുസ്തകത്തില്‍ ഉടനീളം മുഴങ്ങിക്കേള്‍ക്കുന്ന വാക്കും ഇതുതന്നെ. ഭാവിയില്‍ പീഡനങ്ങളും ഉപദ്രവങ്ങളും അനുഭവിക്കേണ്ടി വരുമ്പോള്‍ നാം കേള്‍ക്കാന്‍ പോകുന്ന വാക്കും മറ്റൊന്നല്ല- ‘ഭയപ്പെടേണ്ട. എന്റെ മഹത്വം കാണുക. നിന്നെ പീഡിപ്പിക്കുന്നവരെ മറന്നേക്കുക. ഞാനാണ് ആദ്യനും അന്ത്യനും. നിന്നെ പീഡിപ്പിക്കുന്ന ആളുകളെ ഭയപ്പെടരുത്. ഞാനാണു ജീവിച്ചിരിക്കുന്നവന്‍. ഒരിക്കല്‍ മരിച്ചവനായിരുന്നു. ഇപ്പോഴിതാ എന്നേക്കും ജീവിച്ചിരിക്കുന്നു. മരണത്തിന്റെ താക്കോലുകള്‍ എന്റെ പക്കലുണ്ട്. ഞാന്‍ അതു തുറക്കാത്തിടത്തോളം നിനക്കു മരണത്തിന്റെ വാതിലിലൂടെ കടക്കേണ്ടി വരികയില്ല. അതുകൊണ്ട് ഭയപ്പെടേണ്ട.” പാരമ്പര്യം പറയുന്നതു യോഹന്നാന്‍ കൊല്ലപ്പെട്ടില്ലെന്നാണ്. അദ്ദേഹം നല്ല വാര്‍ദ്ധക്യത്തില്‍ സ്വാഭാവിക മരണം പ്രാപിക്കുകയായിരുന്നു. കാരണം എങ്ങനെ എപ്പോഴാണ് അവനുവേണ്ടി മരണത്തിന്റെ വാതില്‍ തുറക്കേണ്ടതെന്നു തീരുമാനിക്കുന്നതു യേശുവായിരുന്നല്ലോ.

നാം, നിങ്ങളും ഞാനും, ഇന്ത്യയില്‍ സുവിശേഷത്തിനുവേണ്ടി രക്തസാക്ഷിയാകണോ അതോ സ്വാഭാവിക മരണം പ്രാപിക്കണോ എന്നു തീരുമാനിക്കുന്നതു യേശുമാത്രമാണ്. ക്രിസ്തു വിരോധിയായ ഒരു പീഡകനല്ല അതു തീരുമാനിക്കുന്നത്. നമ്മെ തന്റെ സന്നിധിയിലേക്കു വിളിക്കേണ്ടത് എങ്ങനെയാണെന്നു നമ്മുടെ കര്‍ത്താവു നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അതെല്ലാം തന്റെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടു താനും. മരണത്തിന്റെ താക്കോല്‍ അവിടുത്തെ പക്കലാണ്. ഞാന്‍ പേടിക്കുന്നില്ല- നിങ്ങളും പേടിക്കേണ്ടതില്ല. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവിന്റെ ഈ ദര്‍ശനം നാം ഒന്നാമത് പ്രാപിച്ചിട്ടില്ലെങ്കില്‍ നമുക്കു മഹോപദ്രവത്തിന്റെ സമയത്തു ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നതു അസാദ്ധ്യമായിരിക്കും. നമുക്കു ചുറ്റുമുള്ള എന്തെങ്കിലും കാണുന്നതിനു മുമ്പ് നാം ഒന്നാമത് യേശുവിനെ അവിടുത്തെ സകല മഹത്വത്തോടും കാണേണ്ടിയിരിക്കുന്നു. യോഹന്നാനും തന്റെ ചുറ്റുപാടുമുള്ള സഭകളുടെ പിന്മാറ്റാവസ്ഥ കാണുന്നതിനു മുമ്പ് ഒന്നാമതു കര്‍ത്താവിന്റെ മഹത്വം ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. അല്ലെങ്കില്‍ അവന്‍ നിരാശപ്പെട്ടുപോകുമായിരുന്നു. ഞാനും ഏതെങ്കിലും സഭയുടെ പിന്മാറ്റ അവസ്ഥ കാണുമ്പോള്‍ ഇങ്ങനെ പറയും. ‘കര്‍ത്താവേ ഞാന്‍ അവിടുത്തെ മഹത്വം ഒന്നാമതു കാണട്ടെ. പിന്നെ ഞാന്‍ നിരാശപ്പെടുകയില്ല.”


ഏഴു സഭകള്‍

തന്റെ കരത്തിലുള്ള ഏഴു നക്ഷത്രങ്ങള്‍ ഏഴു സഭകളുടെ ദൂതന്മാരാണെന്ന് കര്‍ത്താവ് യോഹന്നാനോട് പറഞ്ഞു(1:20). ‘ദൂതന്‍’ എന്നതിനും ‘സന്ദേശ വാഹകന്‍’ എന്നതിനും ഗ്രീക്കുഭാഷയിലുള്ള പദം ഒന്നു തന്നെയാണ് (എഗ്ഗിലോസ്). ഓരോ സഭയിലുമുള്ള രണ്ടോ മൂന്നോ മൂപ്പന്മാരില്‍, ദൈവവചനം സംസാരിക്കാന്‍ വരം ലഭിച്ചവനാണ് ആ സഭയുടെ ദൂതന്‍. യോഹന്നാനോട് ആവശ്യപ്പെട്ടത് ഇങ്ങനെയുള്ള ദൂതന്, അവനു വേണ്ടിയും സഭയ്ക്ക് വേണ്ടിയും ഉള്ള സന്ദേശം അടങ്ങുന്ന കത്ത് അയയ്ക്കാനാണ്.

ഏഴു വിളക്കുകള്‍ ഏഴു സഭകളെയാണു പ്രതിനിധാനം ചെയ്യുന്നത്. ഇവ ഓരോന്നും നേരിട്ടു കര്‍ത്താവിന്റെ കീഴിലാണ്. ഏഴു സഭകളുടേയും ചുമതല നോക്കുന്ന ബിഷപ്പ് ഉണ്ടായിരുന്നില്ല. അങ്ങനെയൊരു ബിഷപ്പുണ്ടായിരുന്നെങ്കില്‍ ഈ ഏഴു കത്തുകളും അദ്ദേഹത്തിന് എത്തിച്ചു കൊടുക്കാന്‍ യോഹന്നാനോടു പറയുമായിരുന്നു. എങ്കില്‍ ആ ബിഷപ്പിന് കത്തുകള്‍ ഏഴു സഭകള്‍ക്കും വിതരണം ചെയ്യാന്‍ കഴിയുമായിരുന്നല്ലോ. പക്ഷേ യോഹന്നാന്‍ ഏഴു സഭകളുടേയും ദൂതന്മാര്‍ക്കു പ്രത്യേകം പ്രത്യേകം കത്തുകള്‍ അയച്ചുകൊടുക്കുകയാണ്. ഇതാണ് പുതിയ ഉടമ്പടിയിലെ മാതൃക- ഓരോ സഭയും അതതിന്റെ നേതൃത്വത്തിന്‍ കീഴില്‍ സ്വതന്ത്രമാണ്. നിങ്ങള്‍ ഒരു അപ്പൊസ്തലനാണെങ്കില്‍ നിങ്ങള്‍ സ്ഥാപിച്ച സഭകള്‍ക്ക് ഒരു ആത്മീയ പിതാവായിരിക്കുവാനും (പൗലൊസിനെപ്പോലെ) ആവശ്യ സമയത്ത് അവയെ നയിക്കുവാനും തിരുത്തുവാനും നിങ്ങള്‍ക്കു കഴിയും. എന്നാല്‍ ഓരോ സഭയും കര്‍ത്താവിന്റെ മാത്രം കര്‍തൃത്വത്തിനു കീഴിലായിരിക്കണം.

രണ്ടും മൂന്നും അദ്ധ്യായങ്ങളിൽ ഏഴു സഭകളെക്കുറിച്ചു നാം വായിക്കുന്നു. ഇതില്‍ രണ്ടു സഭകള്‍ നല്ല സ്ഥിതിയിലാണ്. എന്നാല്‍ മറ്റ് അഞ്ചെണ്ണം തീര്‍ത്തും പിന്മാറ്റാവസ്ഥയിലും.


സ്‌നേഹമില്ലാത്ത സഭ

എഫേസോസിലെ സഭ സ്‌നേഹരഹിതമായ ഒരു സഭയായിരുന്നു. ആ സഭയ്ക്കും അവിടുത്തെ മുപ്പനും അനേകം നല്ല ഗുണങ്ങളുണ്ടായിരുന്നു(2:2). അവര്‍ക്കു പല നല്ല പ്രവൃത്തികള്‍, കഠിന പ്രയത്‌നങ്ങള്‍, സഹിഷ്ണുത തുടങ്ങിയവ അവരുടെ നേട്ടമായി പറയുവാനുണ്ടായിരുന്നു. ‘കൊള്ളരുതാത്തവരെ അവര്‍ക്കു സഹിച്ചു കൂടായിരുന്നു’ എന്നു പറയുന്നതിന്റെ അര്‍ത്ഥം അവര്‍ അവരുടെ മധ്യത്തിലുള്ള പാപത്തെ വിധിച്ചിരുന്നു എന്നാണ്. അവര്‍ കള്ള പ്രവാചകന്മാരേയും പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടു എന്നു പറയുന്നു. വ്യാജ ഉപദേശങ്ങളെ അവര്‍ വെളിച്ചത്തുകൊണ്ടുവന്നു എന്നു സാരം. കൂടാതെ അവര്‍ തളര്‍ന്നു പോകാതെ യേശുവിന്റെ നാമത്തിനായി സഹിച്ചു (2:3). ഇത്രയും കേള്‍ക്കുമ്പോള്‍ ഇതൊരു അത്ഭുതകരമായ സഭയാണെന്ന് ആര്‍ക്കും തോന്നിപ്പോകും. ജീവിതത്തില്‍ വിശുദ്ധി, ഉപദേശങ്ങളില്‍ നിര്‍മലത, കഷ്ടങ്ങളില്‍ സഹിഷ്ണുത, പരിശ്രമം, യേശുവിന്റെ നാമം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നിവയെല്ലാം ഉണ്ട്. പക്ഷേ അവര്‍ ആദ്യം സ്‌നേഹിച്ചിരുന്നതുപോലെ ഇപ്പോള്‍ തന്നെ സ്‌നേഹിക്കുന്നില്ല എന്നതുകൊണ്ട് ഇതെല്ലാം വിലയില്ലാത്തതാണെന്ന് അവിടുന്നു പറയുന്നു (2:4).

ദൈവത്തെ പൂര്‍ണഹൃദയത്തോടെ സ്‌നേഹിക്കുന്നത് എത്ര പ്രധാനമാണെന്ന് ഇതില്‍ നിന്നു നിങ്ങള്‍ കാണുന്നില്ലേ? കര്‍ത്താവിനോടൊരു തീക്ഷ്ണമായ സ്‌നേഹത്തിന്റെ പിന്‍ബലമില്ലാത്ത, കര്‍ത്താവിനുവേണ്ടിയുള്ള നിന്റെ പ്രവൃത്തികളുടെ വില പൂജ്യമാണ്. കര്‍ത്താവു പറയുന്നത് അവര്‍ വീണു പോയെന്നാണ്. ഉപദേശത്തിന്റേയും ജീവിതത്തിന്റേയും നിര്‍മലതയ്ക്കായി പോരാടുകയും കര്‍ത്താവിനുവേണ്ടി കഠിനമായി അധ്വാനിക്കുകയുംചെയ്യുന്ന ഒരു മുപ്പനു പിന്മാറ്റക്കാരനായി മാറാമെന്നു നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കര്‍ത്താവിനോടുള്ള ആദ്യ സ്‌നേഹം വിട്ടുപോയതുകൊണ്ടാണ് അവന്‍ പിന്മാറ്റക്കാരനായിത്തീര്‍ന്നത്. അവന്‍ വീണുപോയി. ഒരിക്കല്‍ അവന്‍ ചെയ്തിരുന്നതെല്ലാം കര്‍ത്താവിനോടുള്ള തീക്ഷ്ണമായ സ്‌നേഹത്തില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍ അതൊരു പരിചയം മാത്രമായിത്തീര്‍ന്നു. അവന്‍ വീണുപോയി. അവന്‍ അനുതപിക്കേണ്ടതുണ്ട്.

വിവാഹബന്ധത്തില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്ക് അന്യോന്യമുള്ള സ്‌നേഹം പോലെയുള്ള ബന്ധമാണ് യേശു നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്. പുതുതായി വിവാഹിതയായ ഒരു ഭാര്യ തന്റെ ഭര്‍ത്താവിനെ സ്‌നേഹിക്കുകയും അവനെ സ്‌നേഹത്തില്‍ സേവിക്കുന്നതില്‍ തൃപ്തയായി ഇരിക്കുകയും ചെയ്യുന്നു. വിവാഹത്തിന്റെ ആദ്യവര്‍ഷത്തില്‍ അവള്‍ വീട്ടില്‍ കഠിനമായി അധ്വാനിക്കുകയും ഭക്ഷണം പാചകം ചെയ്യുകയും വസ്ത്രം കഴുകുകയും വീട് ശുചിയായി വയ്ക്കുകയും ഭര്‍ത്താവു ജോലി കഴിഞ്ഞു വരുന്നതു കാത്തിരിക്കുകയും ചെയ്യുന്നു. വാതില്‍മണി മുഴങ്ങുമ്പോഴേക്കും അവള്‍ ഭര്‍ത്താവിനെ സ്വാഗതം ചെയ്യാന്‍ അങ്ങോട്ട് ഓടുകയാണ്. രാത്രി ഭക്ഷണത്തിലും തുടര്‍ന്നും ഒന്നിച്ചുള്ള സമയം അവര്‍ ആസ്വദിക്കുന്നു. എന്നാല്‍ 20 വര്‍ഷത്തിനുശേഷം നിങ്ങള്‍ ആ ഭവനം സന്ദര്‍ശിച്ചാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. ഭാര്യ ഇപ്പോഴും ഭക്ഷണം പാകം ചെയ്യുന്നുണ്ട്, തുണി കഴുകുന്നുണ്ട്, വീടു വൃത്തിയായി സൂക്ഷിക്കുന്നുമുണ്ട്. പക്ഷേ ഇപ്പോള്‍ ഭര്‍ത്താവ് വന്ന് ബെല്ലടിക്കുമ്പോള്‍ അവള്‍ ധൃതി വച്ച് അങ്ങോട്ട് ഓടുന്നില്ല. അദ്ദേഹത്തിന്റെ പക്കല്‍ ഒരു താക്കോലുണ്ട്. അതുപയോഗിച്ചു വാതില്‍ തുറക്കുന്നു. ഭാര്യ നേരത്തെ തന്നെ തന്റെ അത്താഴം കഴിച്ചിരിക്കുന്നു. ഭര്‍ത്താവിനു തനിയെ ഭക്ഷണം കഴിക്കാം. അവള്‍ ഇപ്പോഴും ഭര്‍ത്താവിനെ സേവിക്കുന്നുണ്ട്- എന്നാല്‍ അവനോടുള്ള അവളുടെ ആദ്യ സ്‌നേഹം പൊയ്‌പ്പോയിരിക്കുന്നു.!

ഇതാണ് എഫേസോസിലെ മൂപ്പനും അദ്ദേഹത്തിന്റെ സഭയ്ക്കും സംഭവിച്ചത്. നാം കര്‍ത്താവിനോടുള്ള നമ്മുടെ സ്‌നേഹം സൂക്ഷിച്ചില്ലെങ്കില്‍ എനിക്കും നിങ്ങള്‍ക്കും സംഭവിക്കാവുന്നതും ഇതു തന്നെയാണ്. നമുക്ക് എന്നും ഇങ്ങനെ പറയാന്‍ കഴിയണം. ‘ കര്‍ത്താവേ, ഞാന്‍ അങ്ങയെ ഒന്നാമത്, ഏറെ സ്‌നേഹിക്കുന്നു- എന്റെ ശുശ്രൂഷയെയല്ല.”

‘കര്‍ത്താവേ അങ്ങയെ ഇതേവരെ സ്‌നേഹിച്ചതിനേക്കാള്‍ കൂടുതല്‍ ഞാന്‍ ഇന്നു സ്‌നേഹിക്കാനാഗ്രഹിക്കുന്നു.”

ഒരു നല്ല ഭര്‍ത്താവു തന്റെ ഭാര്യയില്‍ നിന്നു എന്താണ് ആഗ്രഹിക്കുന്നത്? അവള്‍ എത്ര നന്നായി പാചകം ചെയ്യുകയും തുണി അലക്കുകയും ചെയ്യുന്നുണ്ട് എന്നല്ല അദ്ദേഹത്തിന്റെ ശ്രദ്ധ. അദ്ദേഹം ഒന്നാമത് ആഗ്രഹിക്കുന്നത് അവള്‍ തന്നെ തീക്ഷ്ണമായി സ്‌നേഹിക്കണമെന്നാണ്- തലേ വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ ഓരോ വര്‍ഷവും. അതാണ് ഒരു നല്ല വിവാഹബന്ധം. കര്‍ത്താവും നാമും തമ്മില്‍ ഇങ്ങനെയായിരിക്കണം. പലവട്ടം ഞാന്‍ എന്റെ കട്ടിലില്‍ കിടന്ന് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ‘ കര്‍ത്താവേ, ഒരു ദിവസം ഞാന്‍ ശരീരം തളര്‍ന്നു കിടപ്പിലായി ദിവസം മുഴുവന്‍ കിടക്കയില്‍ ചെലവഴിക്കുകയും മേലില്‍ പ്രസംഗിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ പോലും ഞാന്‍ നിരാശപ്പെടുകയില്ല. അപ്പോഴും ഞാന്‍ അങ്ങയെ ഹൃദയപൂര്‍വ്വം സ്‌നേഹിക്കും. അതിനായിട്ടായിരിക്കും ഞാന്‍ ജീവിക്കുന്നത്. എന്റെ ശുശ്രൂഷയല്ല എന്റെ ദൈവം. ഞാന്‍ ഒരിക്കലും ഒരു പ്രസംഗം ചെയ്യുകയോ ഒരു പുസ്തകം എഴുതുകയോ ചെയ്തില്ലെന്നു വരാം. പക്ഷേ കര്‍ത്താവേ, അങ്ങയോടുള്ള എന്റെ സ്‌നേഹം ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ വര്‍ദ്ധിച്ചു വരും.” നിങ്ങളെ സംബന്ധിച്ചും അങ്ങനെയാണെങ്കില്‍, കര്‍ത്താവിനുള്ള നിങ്ങളുടെ ശുശ്രൂഷ സന്തോഷവും വിജയവും നിറഞ്ഞതായിരിക്കും.

ഇതില്‍ ഓരോ സഭയോടുമുള്ള കര്‍ത്താവിന്റെ സന്ദേശവും അവസാനിക്കുന്നത് ജയാളികള്‍ക്കുള്ള ഒരു സന്ദേശത്തോടെയാണ് ‘ജയിക്കുന്നവനു താന്‍ പറുദീസയിലുള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കു’മെന്നാണ് അവിടുന്നു ഇവിടെ പറയുന്നത്(2:7). ആദമിനു നഷ്ടമായതു ജയാളിക്കു ലഭിക്കും. ഈ വാഗ്ദാനം എല്ലാവര്‍ക്കും ഉള്ളതല്ല. മറിച്ച് ജയാളികള്‍ക്കുള്ളതാണ്.


സഹിക്കുന്ന സഭ

സ്മുര്‍ന്നയിലെ സഭ പീഡനം അനുഭവിക്കുന്ന സഭയായിരുന്നു, ഒട്ടേറെ ഉപദ്രവങ്ങളാണ് അതു നേരിട്ടത് (2:9). സഭ മഹോപദ്രവത്തിലൂടെ കടക്കുകയില്ലെന്ന് ഇന്നു പ്രചരിക്കപ്പെടുന്ന തെറ്റായ ഉപദേശം ഈ സഭ ഒരിക്കലും വിശ്വസിക്കുമായിരുന്നില്ല! ഉപദ്രവങ്ങളുടെ നടുവിലും തന്നോടു വിശ്വസ്തമായി നിന്നു എന്നതുകൊണ്ട് കര്‍ത്താവ് ഈ സഭയെ സംബന്ധിച്ചു സന്തുഷ്ടനായിരുന്നു. കര്‍ത്താവു തന്റെ ജനത്തെ സ്‌നേഹിക്കുന്നതുകൊണ്ട് അവരെ കഷ്ടങ്ങളിലൂടെ കടന്നുപോകാന്‍ അനുവദിക്കുന്നു- അത് അവരെ ശുദ്ധീകരിക്കാനാണ്. കഷ്ടതകള്‍ ഈ സഭയെ ആത്മീയമായി സമ്പന്നമാക്കി (2:9). തങ്ങളെത്തന്നെ യെഹൂദരെന്ന് (ദൈവത്തിന്റെ ജനം) വിളിക്കുന്ന, വാസ്തവത്തില്‍ സാത്താന്റെ പള്ളിക്കാരായവരാണ് അവരെ ഉപദ്രവിക്കുന്നത്. ഇന്നും തങ്ങളെത്തന്നെ ക്രിസ്ത്യാനികളെന്നു വിളിക്കുകയും എന്നാല്‍ ദൈവഭക്തരെ ഉപദ്രവിക്കുകയും ചെയ്യുന്നവരുണ്ട്. സത്യത്തില്‍ അവര്‍ സാത്താന്റെ പള്ളിക്കാരാണ്.

ഈ സഭയോടുളള കര്‍ത്താവിന്റെ വചനം അവിടുന്നു യോഹന്നാനോടു പറഞ്ഞതു തന്നെയായിരിക്കും- ‘ നീ സഹിപ്പാനുള്ളതു പേടിക്കേണ്ട.” ദൈവത്തിന്റെ ദാസന്മാരെ സാത്താനു കാരാഗൃഹത്തില്‍ അടയ്ക്കാന്‍ കഴിയുമോ? തീര്‍ച്ചയായും അവനു കഴിയും, എല്ലാ അപ്പോസ്തലന്മാരും ഇത് അനുഭവിച്ചിട്ടുണ്ട്. നാമും അതുതന്നെ അനുഭവിക്കും. നിന്നെ വെറുക്കുന്ന മറ്റു ‘ക്രിസ്ത്യാനികളി’ലൂടെ സാത്താനു നിന്നെ കോടതിയിലേക്കു വലിച്ചിഴയ്ക്കാന്‍ കഴിയും. യേശുവിനെപ്പോലും മതഭക്തരായ ആളുകള്‍ കോടതി കയറ്റി- ഒടുവില്‍ കൊല്ലുകയും ചെയ്തു. നിങ്ങള്‍ കര്‍ത്താവിനെ അനുഗമിക്കുകയും അവിടുത്തെ കാലടികള്‍ പിന്‍പറ്റുകയും ചെയ്താല്‍ അവിടുന്നു പോയിടത്തെല്ലാം നിങ്ങളും പോകും. നിങ്ങള്‍ ജയിലിലായാല്‍, ഒരു കാര്യം ഉറപ്പിക്കാം- അതു സംഭവിച്ചത് ദൈവത്തിന്റെ പൂര്‍ണ അനുവാദത്തോടെയാണ്. സാത്താനു ദൈവമക്കളുടെ മേല്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ അതിന് അവന്‍ ദൈവത്തിന്റെ അനുവാദം വാങ്ങിയിരിക്കണമെന്നാണല്ലോ ബൈബിളില്‍ ആദ്യം എഴുതപ്പെട്ട പുസ്തകം (ഇയ്യോബിന്റെ പുസ്തകം) നമ്മെ പഠിപ്പിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ജയിലിലാകാന്‍ ദൈവം അനുവദിച്ചാല്‍ അതു ‘നിങ്ങളെ പരീക്ഷിക്കേണ്ട’തിനാണ്(2 :10), ഓരോ പരിശോധനയും ഓരോ പരീക്ഷയാണ്. ആ പരീക്ഷ പാസ്സായാല്‍ നിങ്ങള്‍ക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടും. അതുകൊണ്ടു ദൈവത്തിന്റെ പരീക്ഷകളെ തുച്ഛീകരിക്കരുത്. നിങ്ങളുടെ പരീക്ഷ ഒരു ജയിലില്‍ നടത്താനാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദൈവത്തിന്റെ ചോദ്യപേപ്പറിന് അവിടെയിരുന്ന് ഉത്തരം എഴുതാന്‍ തയ്യാറാകുക. നിങ്ങള്‍ എത്രയേറെ പരീക്ഷകള്‍ പാസ്സാകുന്നുവോ അത്രയേറെ സ്ഥാനക്കയറ്റം നിങ്ങള്‍ക്കു ലഭിക്കും. അങ്ങനെയെങ്കില്‍ മറ്റു പല വിശ്വാസികളെപ്പോലെ ഒരേ ക്ലാസില്‍ എന്നും ഇരിക്കേണ്ടി വരികയില്ല.

മറ്റൊരു വസ്തുതയും ഇവിടെ നിന്നു നമുക്കു മനസ്സിലാക്കാം. നമ്മുടെ പരിശോധനകള്‍ എത്രകാലത്തേക്കാണെന്നു തീരുമാനിക്കുന്നതും ദൈവമാണ്. നിങ്ങള്‍ക്കു പത്തുദിവസം ഉപദ്രവം ഉണ്ടാകുമെന്നു കര്‍ത്താവ് ഇവിടെ അവരോടു പറയുന്നു (2:10). പതിനൊന്നാം ദിവസം അവര്‍ സ്വതന്ത്രരാകും. ഇയ്യോബ് എത്ര നാള്‍ കഷ്ടം അനുഭവിക്കണം, പൗലൊസ് എത്രനാള്‍ തടവില്‍ കഴിയണം, ഈ സഭാജനങ്ങള്‍ എത്രനാള്‍ ഉപദ്രവം സഹിക്കണം എന്നെല്ലാം തീരുമാനിക്കുന്നതു ദൈവമാണ്. നിങ്ങളെ സംബന്ധിച്ചും അങ്ങനെതന്നെ. ഒരു പരീക്ഷയുടെ മധ്യത്തിലാകാം നിങ്ങള്‍ ഇപ്പോള്‍. എന്നാല്‍ നിങ്ങളുടെ പരീക്ഷാ കാലയളവു തീരുന്ന ദിവസം ദൈവം നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. ഇത് അറിയുന്നതു നമുക്കു നല്ലതല്ലേ? ‘അന്ത്യത്തോളം വിശ്വസ്തനായിരിക്ക’ – ദൈവം അവരോടു പറയുന്നു. അവിടുന്നു ‘ജീവകീരിട’വും അവര്‍ക്കു വാഗ്ദാനം ചെയ്യുന്നു.

ഇവിടെ കര്‍ത്താവു മറ്റൊരു വാഗ്ദാനവും നല്‍കുന്നു.- ‘ജയിക്കുന്നവനു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല’ (2:11).


ലോകമയത്വമുള്ള സഭ

പെര്‍ഗമോസിലെ സഭ ലൗകികമായ ഒരു സഭയായിരുന്നു. ‘സാത്താന്റെ സിംഹാസനം ഉള്ള ഇടത്തിലാണ് നീപാര്‍ക്കുന്നത്’ എന്നാണു കര്‍ത്താവ് അവരോടു പറയുന്നത്(2:13). ഇതു കാണിക്കുന്നതു സാത്താന് ആ നഗരത്തില്‍ ഒരു പ്രത്യേക താല്‍പ്പര്യം ഉണ്ടായിരുന്നു എന്നാണ്. സാത്താന്‍ തന്റെ സിംഹാസനം എല്ലായിടത്തും വയ്ക്കുകയില്ല. അവന്‍ തന്റെ സിംഹാസനം ഒരിടത്തു വച്ചിട്ട് അവിടെനിന്ന് എല്ലായിടത്തേക്കും തന്റെ ഭൂതങ്ങളെ അയയ്ക്കുന്നു. അക്കാലത്തു പെര്‍ഗമോസിലായിരുന്നു സാത്താന്റെ സിംഹാസനം. അന്തിപ്പാസ് എന്ന വിശ്വസ്ത ദൈവഭൃത്യന്‍ അവിടെ ആ നഗരത്തിലുണ്ടായിരുന്നു എന്നതാവാം ഇതിന്റെ ഒരു കാരണം (2:13). അന്തിപ്പാസ് എന്ന പൂര്‍ണ മനസ്‌കനായ ദൈവഭൃത്യന്‍ അവിടെയാണെന്നു കണ്ടപ്പോള്‍ അവനെ ഉപദ്രവിക്കാനായി സാത്താനും തന്റെ ആസ്ഥാനം അവിടമാക്കാന്‍ തീരുമാനിച്ചു! അന്തിപ്പാസ് അവിടത്തെ സഭയുടെ മൂപ്പനായിരുന്നിരിക്കണം. തന്റെ വിശ്വസ്ത ജീവിതവും പഠിപ്പിക്കലുംകൊണ്ട് ആ സഭയെ അവന്‍ നിര്‍മലതയില്‍ കാത്തു. ‘എന്റെ സാക്ഷിയും എന്റെ വിശ്വസ്തനും’ എന്നാണ് അവനെ കര്‍ത്താവു വിളിക്കുന്നത്. സാത്താന്‍ ഒടുവില്‍ അവനെ കൊന്നു. പക്ഷേ യേശു മരണത്തിന്റെ വാതില്‍ അവനായി തുറന്നപ്പോള്‍ മാത്രമാണ് അവന്‍ മരിച്ചത്- മരണത്തിന്റെ താക്കോല്‍ നമ്മുടെ കര്‍ത്താവിന്റെ കൈകളിലാണല്ലോ (1:18). സ്‌തേഫാനോസിനും യോഹന്നാനു മുന്‍പു കൊല്ലപ്പെട്ട അപ്പൊസ്തലന്മാര്‍ക്കും മരണത്തിന്റെ വാതില്‍ തുറന്നുകൊടുത്തതു യേശുവാണ്. ഒരു ദൈവഭക്തനായ നേതാവ് മരിക്കുമ്പോള്‍ മിക്ക സഭകള്‍ക്കും സംഭവിക്കുന്നതു തന്നെയാണ് അന്തിപ്പാസ് മരിച്ചപ്പോള്‍ പെര്‍ഗമോസിലെ സഭയ്ക്കും സംഭവിച്ചത്. അത് ആത്മികമായി അധഃപതിക്കാന്‍ തുടങ്ങി. ദൈവസഭ ചില സമയങ്ങളില്‍ ദൈവഭക്തനായ ഒരാളെ ആശ്രയിച്ചായിരിക്കും മുന്‍പോട്ടു പോകുന്നത്. അന്തിപ്പാസ് പോയതോടെ മറ്റു മൂപ്പന്മാരെല്ലാം ഒത്തു തീര്‍പ്പുകാരായി, പൗലൊസിനു ശേഷം എഫെസോസില്‍ സംഭവിച്ചതുപോലെ (പ്രവൃ:20:29,30).

പെര്‍ഗമോസിലെ സഭ ഇപ്പോള്‍ ബിലെയാമിന്റെ ഉപദേശം പിന്‍പറ്റാന്‍ തുടങ്ങി. ഇതിന്റെ അര്‍ഥം ബിലെയാമിനെപ്പോലെ ഇവര്‍ പണത്തിന്റെ പിന്നാലെ ഓടാനും തങ്ങളുടെ മദ്ധ്യത്തില്‍ അസാന്മാര്‍ഗ്ഗികത അനുവദിക്കാനും തുടങ്ങി എന്നാണ്. നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവരും അവിടെ ഉണ്ടായിരുന്നു. നിക്കൊലാവ്യരുടെ ഉപദേശം വാസ്തവത്തില്‍ എന്തായിരുന്നുവെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍ അതു ദൈവം വെറുത്തിരുന്ന എന്തോ ആയിരുന്നു. കര്‍ത്താവ് അവരോട് മാനസാന്തരപ്പെടാന്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ അവരെ ന്യായം വിധിക്കുമെന്നും അവിടുന്നു മുന്നറിയിപ്പു നല്‍കി (2:16). അവിടുത്തെ ജയാളികള്‍ക്ക് കര്‍ത്താവു വാഗ്ദാനം ചെയ്യുന്നത് ചില രഹസ്യ വെളിപ്പാടുകളാണ് (‘മറഞ്ഞിരിക്കുന്ന മന്ന’). അതാകട്ടെ മറ്റുള്ളവര്‍ക്കു നല്‍കാത്തതും. പുതിയ പേര് എഴുതിയിട്ടുള്ള (വജ്രം പതിച്ച വിവാഹമോതിരം പോലെ) വെളളക്കല്ലും അവിടുന്നു ജയാളികള്‍ക്കു നല്‍കും (2:17). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സ്‌നേഹവാനായ ഭര്‍ത്താവ് തന്റെ പ്രിയ ഭാര്യയോടു പെരുമാറുന്ന വിധത്തില്‍ കര്‍ത്താവ് അവിടെ ജയാളികളോട് ഇടപെടും.

ദുര്‍ന്നടപ്പുള്ള സഭ


തുയഥൈരയിലെ സഭ ദുര്‍വൃത്തയായ സഭയായിരുന്നു. അവര്‍ക്കു പല പ്രവര്‍ത്തനങ്ങള്‍, സ്‌നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവ ഉണ്ടായിരുന്നു. പക്ഷേ അതോടൊപ്പം അവരുടെ മദ്ധ്യത്തില്‍ ആത്മീയ വ്യഭിചാരവും നിലനിന്നിരുന്നു. അവിടെ ഒരു സ്ത്രീ ഉണ്ടായിരുന്നു. അവളെ ഈസബേല്‍ എന്നാണു കര്‍ത്താവു വിളിക്കുന്നത്. ‘സ്ത്രീ’ എന്ന വാക്ക് ‘ഭാര്യ’എന്നും വിവര്‍ത്തനം ചെയ്യാവുന്നതുകൊണ്ട് അവള്‍ ഒരുപക്ഷേ മൂപ്പന്റെ ഭാര്യയായിരിക്കാം. ഇവിടത്തെ മൂപ്പനെ നിയന്ത്രിക്കുന്നത് ഭാര്യയായിരുന്നു. ഒരു പക്ഷേ മൂപ്പന്മാരുടെ യോഗത്തില്‍ ചില തീരുമാനങ്ങള്‍ എടുത്തു വീട്ടില്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ചില കാര്യങ്ങള്‍ പറയുന്നതുകേട്ട് അദ്ദേഹം തന്റെ മനസ്സു മാറ്റും. തുടര്‍ന്ന് അദ്ദേഹം മൂപ്പന്മാരുടെ മറ്റൊരു യോഗം വിളിച്ച് ഭാര്യ പറഞ്ഞതനുസരിച്ചുള്ള പുതിയ തീരുമാനങ്ങള്‍ അതില്‍ കൈക്കൊള്ളുകയാണ്! ഇന്നും പലസഭകളിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. സഭകളിലെ മൂപ്പന്മാരെ നിയന്ത്രിക്കുന്ന ഈസബേലുമാര്‍ ഇന്നുമുണ്ട്.

യിസ്രായേലിലെ ഈസബേല്‍ രാജ്ഞി തന്റെ ഭര്‍ത്താവ് ആഹാബിനെ നിയന്ത്രിച്ചിരുന്നു. ആഹാബ് ദുര്‍ബലനായ ഒരു മനുഷ്യനായിരുന്നു. അതുകൊണ്ട് ഭാര്യയ്ക്ക് അവനെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയുമായിരുന്നു. പല സഭാ മൂപ്പന്മാരും ഇത്തരക്കാരാണ്- ആത്മീയമായ ഒരു നട്ടെല്ലില്ലാത്തവര്‍. ഭാര്യമാര്‍ അവരെ നിയന്ത്രിക്കുന്നു. ഈസബേലിന്റെ കാലത്തു വിഗ്രഹങ്ങളെ ആരാധിക്കാത്ത 7000 പേര്‍ യിസ്രായേലിലുണ്ടായിരുന്നു. എന്നാല്‍ അവരില്‍ ആരെയും ഈസബേലിനു ഭയമില്ലായിരുന്നു. എന്നാല്‍ അവള്‍ ഒരേയൊരാളെ ഭയപ്പെട്ടു- ഏലിയാവിനെ. അവള്‍ എത്ര ശക്തയായിരുന്നു! ഇന്നും സഭയില്‍ ഇത്തരം ശക്തരായ ചില സ്ത്രീകള്‍ ഉണ്ടാകാം. എന്നാല്‍ അവരെ അവരുടെ സ്ഥാനത്ത് ഒതുക്കി നിര്‍ത്താന്‍ കഴിയുന്ന ചില ഏലിയാവുമാരെ ആവശ്യമുണ്ട്. ഒരു മൂപ്പനെന്നനിലയില്‍, ശക്തരായ സ്ത്രീകളെ അവരുടെ സ്ഥാനത്ത് ഒതുക്കി നിര്‍ത്താന്‍ കഴിയുന്ന ഏലിയാവിനെപ്പോലെ നിങ്ങള്‍ ശക്തനല്ലെങ്കില്‍, നിങ്ങളുടെ സഭ തുയഥൈരാ സഭപോലെ ദുര്‍ന്നടപ്പുള്ള സഭയായി വളരെവേഗം മാറും.

ഈ സ്ത്രീ സഭയില്‍ എല്ലാ വിധത്തിലുമുള്ള ലോകമയത്വം കൊണ്ടുവന്നു. അവളുടെ ഉപദേശങ്ങള്‍- അവയെ ‘സാത്താന്റെ ആഴമുളള വസ്തുതകള്‍’ എന്നാണ് അവിടുന്നു വിളിക്കുന്നത് (2:22-24)- കേള്‍ക്കുന്നവരെ താന്‍ കര്‍ശനമായി ശിക്ഷിക്കുമെന്നു കര്‍ത്താവു മുന്നറിയിപ്പു നല്‍കുന്നു. ജയാളികള്‍ക്കുള്ള വാഗ്ദാനം (ദൈവം ഏലിയാവിനു നല്‍കിയതുപോലെ) ആത്മീയ അധികാരം നല്‍കുമെന്നാണ്. അങ്ങനെ അവര്‍ ഒരുനാള്‍ രാജ്യങ്ങളെ ഇരുമ്പുകോല്‍ കൊണ്ടു മേയിക്കും (2:26,27).


നാട്യങ്ങളുള്ള സഭ


സര്‍ദ്ദീസിലെ സഭ കപടനാട്യങ്ങളുള്ള സഭയായിരുന്നു. ജീവനുള്ളവന്‍ എന്ന് അതിന് പേരുണ്ടായിരുന്നു. എന്നാല്‍ ആത്മീയമായി അതു മരിച്ച അവസ്ഥയിലായിരുന്നു. തന്റെ പ്രസംഗത്തിലൂടെ സഭയിലെ മൂപ്പന്‍ തനിക്കായി ഒരു പേരു സമ്പാദിച്ചിരുന്നു. സുവിശേഷാനുസൃതമായിരുന്നു തന്റെ ഉപദേശങ്ങളെല്ലാം. എന്നാല്‍ തന്റെ പ്രസംഗത്തെ പിന്തുണയ്ക്കുന്ന ഒരു ജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. അദ്ദേഹം ഒരു ഒത്തുതീര്‍പ്പുകാരനായിരുന്നു. പേരിനും അംഗീകാരത്തിനും വേണ്ടിയായിരുന്നു അവന്റെ ജീവിതം. എന്നാല്‍ ആ സഭയില്‍ ഉടുപ്പു മലിനമാക്കിയിട്ടില്ലാത്ത, തീക്ഷ്ണതയും വിശുദ്ധിയുമുളള ചില സഹോദരന്മാര്‍ (ഒരുപക്ഷേ അവര്‍ ചെറുപ്പക്കാരായ സഹോദരന്മാരായിരിക്കും) ഉണ്ടെന്നു കര്‍ത്താവു കണ്ടു. അവര്‍ അവരുടെ മൂപ്പനേക്കാള്‍ ആത്മീയരുമായിരുന്നിരിക്കണം(3:4). ജയിക്കുന്നവര്‍ക്കുള്ള വാഗ്ദാനം അവരെ വെളളയുടുപ്പു ധരിപ്പിക്കും എന്നാണ് (3:5). ഇതേസമയം ജയാളികളല്ലാത്തവര്‍ക്കുളള മുന്നറിയിപ്പ് ജീവന്റെ പുസ്തകത്തില്‍ നിന്ന് അവരുടെ പേര് മായിച്ചുകളയും എന്നതാണെന്നതും ശ്രദ്ധിക്കുക (3:5). ഇതും ഇതുപോലെയുള്ള പലവാക്യങ്ങളും ‘ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍, എന്നെന്നേക്കുമായി രക്ഷപ്പെട്ടു’ എന്ന ഉപദേശം സാത്താന്‍ കണ്ടുപിടിച്ച വ്യാജ ഉപദേശമാണെന്നു തെളിയിക്കുന്നു. എന്നാല്‍ ഇത്തരം വാക്യങ്ങളെ അവഗണിച്ച് പലവിശ്വാസികളും ഈ വ്യാജ ഉപദേശം വിശ്വസിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്നു.!

വിശ്വസ്തത പാലിക്കുന്ന സഭ


ഫിലദെല്‍ഫിയയിലെ സഭ വിശ്വസ്തയായ ഒരു സഭയായിരുന്നു. മൂപ്പന്‍ വിശ്വസ്തനായിരുന്നു. അതുകൊണ്ടു സഭയും വിശ്വസ്തയായിരുന്നു. ‘ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവച്ചിരിക്കുന്നു. അതു ആര്‍ക്കും അടച്ചുകൂടാ’ എന്നു കര്‍ത്താവ് അവരോടു പറയുന്നു, (3:8). കര്‍ത്താവു നമുക്കുവേണ്ടി ഒരു വാതില്‍ തുറന്നാല്‍ ആര്‍ക്കും അത് ്യൂഅടയ്ക്കാനാവില്ല. അവിടുന്നു പറയുന്നു. ‘ എന്റെ കയ്യില്‍ താക്കോലുകളുണ്ട്. ഞാന്‍ തുറക്കുന്നു. ഒരു മനുഷ്യനും അടച്ചുകൂടാ.” ഏതെങ്കിലും വാതിലിലെല്ലാം നാം പോയി മുട്ടേണ്ട. നമ്മുടെ കര്‍ത്താവു ശരിയായ വാതില്‍ നമ്മുടെ മുന്‍പില്‍ തുറന്നുതരും, നാം അവയെ പോയി സ്പര്‍ശിക്കപോലും ചെയ്യാതെ. ചില വിമാനത്താവളങ്ങളിലും മറ്റും നാം കാണുന്ന സ്വയം തുറക്കുന്ന വാതിലുകള്‍ പോലെയാണവ. നിങ്ങള്‍ അവയുടെ അടുത്തേക്കു വരുമ്പോള്‍ തന്നെ അവ സ്വയം തുറക്കും. നിങ്ങള്‍ നിങ്ങള്‍ക്കായി ശുശ്രൂഷയുടെ ഒരു വാതില്‍ നോക്കുകയാണോ? നിങ്ങള്‍ക്കായി അത്തരം ഒരു വാതില്‍ തുറക്കുവാന്‍ നിങ്ങള്‍ ശ്രമിക്കുകയോ സ്വാധീനശക്തിയുള്ള ഒരു മനുഷ്യന്‍ നിങ്ങള്‍ക്കായി അത്തരം ഒരു വാതില്‍ തുറന്നു തരുമെന്നു പ്രതീക്ഷിക്കുകയോ ആണോ? മറ്റൊരാള്‍ക്കുളള ഒരു ശുശ്രൂഷ നിങ്ങള്‍കൊതിക്കുകയാണോ? അതു ദുഷ്ടതയാണ്. കൊച്ചുകാര്യങ്ങളില്‍ ദൈവത്തോടു വിശ്വസ്തമായി നില്‍ക്കുക. അപ്പോള്‍ അവിടുന്നു ശുശ്രൂഷയുടെ ശരിയായ വാതിലുകള്‍ ശരിയായ സമയത്തു തുറന്നു തരും. അപ്പോള്‍ പല തെറ്റായ വാതിലുകളിലൂടെ കടന്നു നിങ്ങള്‍ നിങ്ങളുടെ സമയവും ജീവിതവും പാഴാക്കുകയില്ല. ദൈവത്തില്‍ വിശ്വസിക്കുക. അവിടുന്നു തന്നെ വാതിലുകള്‍ നിങ്ങള്‍ക്കു തുറന്നുതരട്ടെ- നിങ്ങള്‍ക്കായി അവിടുന്നു കരുതി വച്ചിരിക്കുന്ന സ്ഥലത്തേക്ക് പടിപടിയായി അവിടുന്നു നിങ്ങളെ നയിക്കും.

ഒരിക്കല്‍ ഒരു രാജ്യത്തേക്കു പോയതു ഞാന്‍ ഓര്‍ക്കുന്നു. ദൈവം എന്നോടു പറഞ്ഞു- ”നീ പോകുന്ന രാജ്യത്തു നിനക്കറിയാവുന്ന ആര്‍ക്കും നീ കത്തെഴുതേണ്ട. വെറുതെ പോയാല്‍ മാത്രം മതി.” ഞാനവിടെ പോയി; ഒരു ശുശ്രൂഷയും എങ്ങും ഉണ്ടായിരുന്നില്ല- ഞാന്‍ മടങ്ങിയെത്തി. ഞാന്‍ തന്നെ അനുസരിക്കുമോയെന്നു ദൈവം എന്നെ പരീക്ഷിച്ചതായിരുന്നു അത്. അടുത്ത തവണ ആ രാജ്യത്തു ഞാന്‍ ചെന്നപ്പോള്‍ ഞാന്‍ അറിഞ്ഞിട്ടില്ലാത്ത അനേകരിലേക്കു ദൈവം ഒട്ടേറെ വാതിലുകള്‍ തുറന്നു. ഞാന്‍ പോകണമെന്നു ദൈവം ആഗ്രഹിച്ച സ്ഥലങ്ങളായിരുന്നു അവ. ദൈവം തന്റെ സര്‍വ്വജ്ഞതയില്‍ ശരിയായ വാതിലുകള്‍ തുറക്കുമെന്ന് അന്നെനിക്കു ബോദ്ധ്യമായി. അതിനു പകരം എനിക്കു ചില ശുശ്രൂഷകള്‍ സൃഷ്ടിക്കാനായി ഞാന്‍ നേരത്തെ ചില വാതിലുകള്‍ തുറക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ എനിക്കു ദൈവഹിതം പൂര്‍ണമായി നഷ്ടപ്പെടുമായിരുന്നു. അതുകൊണ്ട് എവിടേയും നിങ്ങള്‍ സ്വയം തള്ളിക്കയറരുത്. ദൈവത്തെ കാത്തിരിക്കുക. അവിടുന്നു തന്നെ നിങ്ങള്‍ക്കു ശരിയായ വാതിലുകള്‍ തുറന്നു തരട്ടെ. ഫിലദെല്‍ഫിയയിലുള്ളവരെപ്പോലെ, നിങ്ങള്‍ക്ക് അല്പമേ ശക്തിയുള്ളു എന്നു വരാം. എന്നാല്‍ നിങ്ങള്‍ ദൈവത്തിന്റെ വചനം അനുസരിക്കുകയും അവിടുത്തെ നാമം നിഷേധിക്കാതിരിക്കുകയും ചെയ്താല്‍ ‘അവിടുന്നു നിങ്ങളെ സ്‌നേഹിക്കുന്നു’വെന്ന് (3:8,9) കര്‍ത്താവു നിങ്ങളുടെ ശത്രുക്കളെക്കൊണ്ടുപോലും സമ്മതിപ്പിക്കും.

തുടര്‍ന്നു കര്‍ത്താവ് ഈ സഭയോടു പറയുന്നു: ‘ഞാന്‍ വേഗം വരുന്നു. നിന്റെ കിരീടം ആരും എടുക്കാതിരിക്കത്തക്കവണ്ണം നിനക്കുളളതു പിടിച്ചുകൊള്‍ക ‘ (3:11). കര്‍ത്താവു നമുക്കൊരു ശുശ്രൂഷ തന്നാല്‍, അതു നിറവേറ്റുന്നതില്‍ നമ്മള്‍ വിശ്വസ്തരായിരിക്കണം. അല്ലാത്തപക്ഷം അവിടുന്ന് ആ ശുശ്രൂഷ മറ്റാര്‍ക്കെങ്കിലും കൊടുക്കും. അപ്പോള്‍ ആ വ്യക്തിക്കു നിങ്ങളുടെ കിരീടം കൂടി ലഭിക്കും. അദ്ദേഹത്തിന് അദ്ദേഹത്തിന്റേയും നിങ്ങളുടേയും കിരീടം ലഭിക്കും. അതുകൊണ്ട് വിശ്വസ്തനായിരിക്ക. ജയാളികളായവരെ കര്‍ത്താവു തന്റെ സഭയുടെ തൂണുകളാക്കും(3:12). തൂണുകളാണ് ഒരു കെട്ടിടത്തെ താങ്ങിനിര്‍ത്തുന്നത്. ശിംശോന്‍ രണ്ടു തൂണുകള്‍ പിടിച്ചു താഴ്ത്തിയപ്പോള്‍ ആ കെട്ടിടം മുഴുവന്‍ വീണു തകര്‍ന്നുപോയി. ചിലപ്പോള്‍ മുഴുവന്‍ സഭയേയും നിലനിര്‍ത്തുന്നതു രണ്ടു മുപ്പന്മാരായിരിക്കാം. അവര്‍ മരിക്കുമ്പോള്‍ സഭയും അകാല ചരമം അടയും. തന്റെ സഭയില്‍ ദൈവത്തിനു പല തൂണുകള്‍ ആവശ്യമുണ്ട്. ചിന്തകളിലും സ്വകാര്യ ജീവിതത്തിലും പാപത്തെ ജയിക്കുന്നതു നിങ്ങള്‍ അന്വേഷിച്ചാല്‍ നിങ്ങള്‍ക്കും ഒരു തൂണാകാന്‍ കഴിയും.


നിഗളമുള്ള സഭ

ലവോദിക്യയിലെ സഭ നിഗളമുള്ള സഭയായിരുന്നു. ആത്മികമായി തീര്‍ത്തും മരിച്ച അവസ്ഥയിലായിരുന്നിട്ടും ഈ സഭയും മൂപ്പനും തങ്ങളില്‍ത്തന്നെ പൂര്‍ണതൃപ്തരാണ്! അവര്‍ തീര്‍ത്തും ശീതവാന്മാരായി (പൂര്‍ണമായി ലൗകികര്‍) തീര്‍ന്നിട്ടില്ല. എന്നാല്‍ അവര്‍ ദൈവത്തിനുവേണ്ടി തീക്ഷ്ണതയോടെ ജ്വലിക്കുന്നവരുമല്ല. അവര്‍ അര്‍ദ്ധമനസ്‌കരും ശീതോഷ്ണവാന്മാരുമായിരുന്നു. അര്‍ഥം, അവര്‍ക്കു പാപത്തോട് അയഞ്ഞ ഒരു മനോഭാവമാണുണ്ടായിരുന്നത്. കര്‍ത്താവ് ഇത്തരം മൂപ്പന്മാരെയും സഭകളെയും വായില്‍ നിന്ന് ഉമിണ്ണു കളയും (3:15,16). ദൈവത്തിന്റെ വായും സഭയുടെ വക്താവുമായിരിക്കണം ഒരു മുപ്പന്‍. എന്നാല്‍ ദൈവം ഇവിടത്തെ മൂപ്പനെ തള്ളിക്കളയുകയാണ്. ഒരിക്കല്‍ ഇദ്ദേഹം ദൈവത്തിന്റെ വായായിരുന്ന് സഭയോട് പ്രവചന സന്ദേശം പറഞ്ഞിട്ടുണ്ടായിരിക്കാം. എന്നാല്‍ പിന്നീട് ഇയാള്‍ അതിന്റെ ഗൗരവം നഷ്ടപ്പെടുത്തി പിന്മാറിപ്പോയി. ഒടുവില്‍ അഭിഷേകവും പരിശുദ്ധാത്മാവിന്റെ അഗ്നിയും കൈമോശം വന്നു. ഇപ്പോള്‍ ദൈവം ഇയാളെ തള്ളിക്കളഞ്ഞു. ഏതെങ്കിലും വ്യാജോപദേശം കൊണ്ടുവന്നതല്ല കാരണം. മറിച്ച് ദൈവത്തിന്റെ അഗ്നിയിലല്ല ഇപ്പോള്‍ എന്നതാണു കാരണം. ഒന്നുകില്‍ നാം പൂര്‍ണമായി ദൈവത്തിനായി ജീവിക്കണം. അല്ലെങ്കില്‍ ലോകത്തിനായി. അല്ലാതെ നമുക്ക് ‘ഇവിടെ പകുതി അവിടെ പകുതി’ എന്ന നിലയില്‍ ആയിരിക്കാനാവില്ല.

ഇന്ത്യയില്‍ യേശുവിന്റെ നാമത്തിന് ഏറ്റവും കൂടുതല്‍ അപമാനം കൊണ്ടുവരുന്നത് ആരാണ്? അക്രൈസ്തവരല്ല, കാരണം അവര്‍ ക്രിസ്തുവിന്റെ നാമം എടുക്കുന്നവരല്ലല്ലോ. മറിച്ച് അര്‍ധ മനസ്‌കരായ ക്രിസ്ത്യാനികളാണ്- വിശ്വാസികളെന്ന് അവകാശപ്പെടുന്നവര്‍. എന്നാല്‍ പണത്തെയും പാപ സുഖങ്ങളേയും സ്‌നേഹിക്കുകയും ലോകത്തിനുവേണ്ടി ജീവിക്കുകയും ചെയ്യുന്നവര്‍. ഒന്നുകില്‍ നാം പൂര്‍ണമായി ദൈവനാമമഹത്വത്തിനായി ജീവിച്ച് ക്രിസ്തുവിനു വേണ്ടി അഗ്നിയായി ജ്വലിക്കണം. അല്ലെങ്കില്‍ നാം പൂര്‍ണമായി ലോകക്കാരായി ജീവിക്കണം, ഇതാണു നമ്മുടെ മുന്‍പിലുളള രണ്ടു വഴികള്‍. മൂന്നാമതൊരു വഴിയില്ല. ശീതോഷ്ണവാനായിരിക്കുന്നതിനേക്കാള്‍ ദൈവം തന്നെ കാണുവാനാഗ്രഹിക്കുന്നത് ഒന്നുകില്‍ പൂര്‍ണമായിശീതവാനും ലോകക്കാരനുമായിട്ടാണെന്നു ലവോദിക്യയിലെ സഭ വിശ്വസിച്ചിട്ടുണ്ടാവുകയില്ല. ഇന്നും മിക്ക വിശ്വാസികളും അങ്ങനെ വിശ്വസിക്കുന്നവരല്ല. എന്നാല്‍ ക്രിസ്തു വരുമ്പോള്‍ നിങ്ങള്‍ അവിടുത്തെ മുന്‍പില്‍ നില്‍ക്കുമ്പോള്‍ ശീതോഷ്ണവാന്മാരായ ഓരോരുത്തരും തള്ളിക്കളയപ്പെടുമെന്ന് അന്നു നിങ്ങള്‍ കണ്ടെത്തും. ശീതോഷ്ണവാനായ ഓരോ ക്രിസ്ത്യാനിയേയും, അവന്‍ സഭാ മൂപ്പനായാലും, യേശു തന്റെ വായില്‍ നിന്ന് ഉമിണ്ണുകളയും. നിങ്ങള്‍ ഇതു വിശ്വസിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ സത്യസന്ധതയോടെ ഈ വാക്യം (വെളിപ്പാട്3:16) നിങ്ങളുടെ ബൈബിളില്‍ നിന്നു മായിച്ചുകളയുന്നതാകും നല്ലത്. ഞാനിതു വിശ്വസിക്കുന്നു, പ്രസംഗിക്കുന്നു; എന്നെത്തന്നെ ഈ വചനത്തിന്റെ വെളിച്ചത്തില്‍ എപ്പോഴും വിധിക്കുന്നു.

നന്മയായി ഒന്നും കര്‍ത്താവിനു പറയാനില്ലാത്തവിധം ഈഅവസാന സഭ വളരെ മോശമായിരുന്നു. കര്‍ത്താവ് ഇവിടെ വാതിലിനു പുറത്താണ്, ഉള്ളിലേക്കു പ്രവേശനം ലഭിക്കുന്നതിനായി അവിടുന്നു വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുന്നു (3:20). മിക്ക ക്രിസ്ത്യാനികളും ഈ വാക്യം അവിശ്വാസികളെ ഉദ്ദേശിച്ചാണ് ഉദ്ധരിക്കുന്നത്. പക്ഷേ ഇതു വാസ്തവത്തില്‍ സഭയുടെ മൂപ്പനോടാണു കര്‍ത്താവു പറയുന്നത്. ഈ മൂപ്പന്റെ ജീവിതത്തില്‍ കാര്യങ്ങള്‍ വളരെ മോശമാണ്. കാരണം കര്‍ത്താവു തന്നെ ഇദ്ദേഹത്തിന്റെ ജീവിതത്തിനു പുറത്താണ്. ഉള്ളിലേക്കു പ്രവേശനം ആഗ്രഹിച്ച് അവിടുന്നു വാതിലില്‍ മുട്ടിക്കൊണ്ടിരിക്കുന്നു. ക്രിസ്തു, സഭയുടേയും പുറത്താണ്. അവര്‍ സഭയ്ക്കുള്ളില്‍ സ്തുതി ഗീതങ്ങള്‍ പാടുകയും ദൈവവചനം പ്രസംഗിക്കുകയുമാണ്. എന്നാല്‍ കര്‍ത്താവു വാതിലിനു പുറത്തു കാത്തു നില്‍ക്കുകയാണ്!. ഇതാണ് പലസഭകളുടേയും മൂപ്പന്മാരുടേയും അവസ്ഥ.

മണവാളന്‍ സഭാ വാതിലിനു പുറത്താണെങ്കില്‍ മണവാട്ടി എവിടെയാണ്? മണവാട്ടിയും തന്നോടൊപ്പം വാതിലിനു പുറത്തുതന്നെ. എന്റെ ആത്മമണവാളന്‍ വാതിലിനു പുറത്താണെങ്കില്‍ ഞാന്‍ ഒരു സഭയുടേയും ഉള്ളിലിരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. അവര്‍ കര്‍ത്താവിനെ തള്ളിക്കളഞ്ഞെങ്കില്‍, ഞാന്‍ അവിടുത്തെ വിശ്വസ്തയായ മണവാട്ടിയെങ്കില്‍ അവര്‍ എന്നേയും തള്ളിക്കളയും. ക്രിസ്തുവിനേയും അവിടുത്തെ വചനത്തേയും ത്യജിച്ചുകളഞ്ഞ സഭകളുണ്ടെങ്കിലും ആ സഭകള്‍ക്കുള്ളില്‍ വിശ്വാസികള്‍ ഇരിക്കുന്നുണ്ടെന്നതാണ് ഇന്നത്തെ ഏറ്റവും ദുഃഖകരമായ കാര്യം. അവര്‍ ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമല്ല എന്നതാണതു തെളിയിക്കുന്നത്. അവരങ്ങനെ ആയിരുന്നുവെങ്കില്‍ അവര്‍ കര്‍ത്താവിനോടൊപ്പം വാതിലിനു പുറത്തായിരുന്നേനേം. ഇത്തരം വാക്കുകള്‍ ശക്തമായ വാക്കുകളാണ്. എന്നാല്‍ അവ ബൈബിളിന്റെ അവസാന പുസ്തകത്തില്‍ കര്‍ത്താവു തന്നെ പറയുന്ന വാക്കുകളാണ്.

ജയിക്കുന്നവനു യേശുവിന്റെ സിംഹാസനത്തില്‍ ഒരു സ്ഥലം വാഗ്ദാനം ചെയ്തിരിക്കുന്നു, യേശുവും ജയാളിയായി തന്റെ പിതാവിനോടു കൂടെ അവിടുത്തെ സിംഹാസനത്തില്‍ ഇരുന്നതുപോലെ (3:21). താന്‍ ലോകത്തെ ജയിച്ചതായി യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ (യോഹ.16:33). അവിടുന്നു ജയാളിയാകുവാന്‍ പരീക്ഷകള്‍ക്കെതിരെ പോരാട്ടം നടത്തേണ്ടതുണ്ടായിരുന്നു. പോരാട്ടമില്ലാതെ അതിജീവനമില്ല. യേശു തന്റെ ഭൂമിയിലെ ജീവിതകാലത്തു പരീക്ഷകളെ നേരിട്ടു, ഓരോ പോരാട്ടത്തിലും അവിടുന്നതു തുടര്‍ച്ചയായി ജയിച്ചു. അതുകൊണ്ട് അവിടുന്നു തന്റെ പിതാവിനോടൊപ്പം സിംഹാസനത്തില്‍ ഇരിക്കത്തക്കവണ്ണം ഉയര്‍ത്തപ്പെട്ടു(3:21). ഇപ്പോള്‍ അവിടുന്നു നമ്മെ ഉത്സാഹിപ്പിക്കുന്നത് നമ്മുടെ പോരാട്ടങ്ങളില്‍ ജയാളികളാകുവാനാണ്. അങ്ങനെയുള്ളവര്‍ക്ക് തന്നോടൊപ്പം സിംഹാസനത്തില്‍ ഒരു സ്ഥാനവും വാഗ്ദാനം ചെയ്തിരിക്കുന്നു. അവിടുന്നു നടന്ന അതേ വഴിയിലൂടെയാണു നാമും നടക്കേണ്ടത്. ഏഴു സഭകള്‍ക്കുളള ദൂതിലും കര്‍ത്താവു കൃത്യമായി സംസാരിക്കുന്നത് ഓരോ സഭയിലേയും ജയാളികളോടാണ്.

തന്റെ സഭകളോടു കര്‍ത്താവിന്റെ അന്തിമ സന്ദേശം എന്താണ്? അവിശ്വാസികളോട് അനുതാപം പ്രസംഗിച്ചുകൊണ്ടാണ് യേശു ആരംഭിച്ചത്- ‘സ്വര്‍ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍’ (മത്തായി 4:17). വെളിപ്പാട് രണ്ട്, മൂന്ന് അദ്ധ്യായങ്ങളില്‍ സഭകളോടുള്ള അവിടുത്തെ അന്തിമ സന്ദേശവും ഇതു തന്നെയാണ്. ‘മാനസാന്തരപ്പെടുക, സഭകളുടെ മൂപ്പന്മാരേ, മാനസാന്തരപ്പെടുക.” വെളിപ്പാടു പുസ്തകത്തിലെ ദ്വിമുഖ സന്ദേശം ഇതാണ് ‘മാനസാന്തരപ്പെടുക, ‘ജയാളിയാകുക.” ഈ രണ്ടുസന്ദേശങ്ങളാലും നിങ്ങള്‍ പിടിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വെളിപ്പാടു പുസ്തകത്തിലെ പ്രധാന സത്യങ്ങള്‍ നിങ്ങള്‍ക്കു മനസ്സിലായി. വെളിപ്പാടു പുസ്തകത്തെക്കുറിച്ചുള്ള പ്രസംഗങ്ങളോടു ചേര്‍ന്നു പല പ്രസംഗകരും പ്രദര്‍ശിപ്പിക്കുന്ന ഭാവികാല സംഭവങ്ങള്‍ സംബന്ധിച്ച ചാര്‍ട്ടുകളൊന്നും നിങ്ങള്‍ക്കു മനസ്സിലായില്ലെങ്കിലും സാരമില്ല. നിങ്ങള്‍ ജയാളിയായാല്‍ മാത്രം മതി. ഈ ചാര്‍ട്ടുകള്‍ കൃത്യമായി പഠിക്കുന്നവര്‍ പലരും ജയാളികളല്ല. പ്രധാന കാര്യം ദൈവവചനം അനുസരിക്കുകയാണ്- വെറുതെ മനസ്സിലാക്കുകയല്ല. തങ്ങളുടെ ഉടുപ്പു മലിനമാകാതെ കാത്ത സര്‍ദ്ദീസിലെ ചുരുക്കം പേരെ പോലെ ആയിരിക്കുക.


ഇവിടെ കയറി വരിക

4:1 ല്‍ കര്‍ത്താവു യോഹന്നാനോടു പറയുന്നു: ‘ഇവിടെ കയറി വരിക, മേലില്‍ സംഭവിപ്പാനുള്ളതും ഞാന്‍ നിനക്കു കാണിച്ചു തരാം.” ഇവിടം മുതല്‍ കര്‍ത്താവ് യോഹന്നാനു ഭാവികാല സംഭവങ്ങള്‍ (ഈ യുഗത്തിന്റെ അന്ത്യത്തില്‍, കര്‍ത്താവിന്റെ രണ്ടാം വരവിനു മുന്‍പു സംഭവിക്കേണ്ട കാര്യങ്ങള്‍) കാണിച്ചുകൊടുക്കുന്നു. ‘ഇവിടെ കയറി വരിക” എന്നതു വളരെ മനോഹരമായ വാക്കുകളാണ്. ഭാവിയില്‍ ക്രിസ്ത്യാനികള്‍ക്കു നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ അഭിമുഖീകരിക്കുവാന്‍ ശക്തരാകണമെന്നുണ്ടെങ്കില്‍ നാം യേശുവിന്റെ ഈ വാക്കുകള്‍ കേള്‍ക്കണം: ‘ഞാന്‍ ആയിരിക്കുന്ന ഇവിടേക്കു നിങ്ങളും കയറിവന്ന് എല്ലാ കാര്യങ്ങളേയും സ്വര്‍ഗീയമായ ഒരു കാഴ്ചപ്പാടില്‍ കാണുക.” അപ്പോള്‍ പിന്നെ നാം ഭയപ്പെടുകയില്ല. വസ്തുതകളെ ഭൗമികമായ കാഴ്ചപ്പാടില്‍ വിലയിരുത്തിയാല്‍ നാം ഭയത്തിന്റെ പിടിയിലകപ്പെട്ടു പോകും.

നാലാം അദ്ധ്യായത്തില്‍, വെളിപ്പാടു പുസ്തകത്തില്‍ കാണുന്ന സ്വര്‍ഗ്ഗത്തിന്റെ ഏഴു ദൃശ്യങ്ങളില്‍ ആദ്യത്തേതു നാം കണ്ടെത്തുന്നു. വെളിപ്പാടു പുസ്തകത്തില്‍ ഏഴ് ആത്മാക്കള്‍, ഏഴു കാഹളങ്ങള്‍, ഏഴു കലശങ്ങള്‍ എന്നിവ കൂടാതെ സ്വര്‍ഗ്ഗത്തിന്റെ ഏഴു ദൃശ്യങ്ങളും കാണുന്നു. എന്നാല്‍ സ്വര്‍ഗ്ഗത്തിന്റെ എല്ലാ ദൃശ്യങ്ങളിലും എല്ലാവരും കര്‍ത്താവിനെ സ്തുതിക്കുകയും ആരാധിക്കുകയും ചെയ്യുന്നതാണു നാം കാണുന്നത്. സ്വര്‍ഗ്ഗം അങ്ങനെയാണ്. നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ തയ്യാറാകുകയാണെങ്കില്‍ ഇപ്പോള്‍ തന്നെ ദൈവത്തെ സ്തുതിക്കുവാനും ആരാധിക്കുവാനും തുടങ്ങണം- അതാണ് സ്വര്‍ഗ്ഗത്തിന്റെ ആത്മാവ്. സര്‍വശക്തനായ കര്‍ത്താവായ ദൈവം സിംഹാസനത്തില്‍ ഇരിക്കുന്നു. മൂപ്പന്മാര്‍ തങ്ങളുടെ കിരീടങ്ങളെ ദൈവത്തിന്റെ മുമ്പാകെ ഇട്ട് അവനെ ആരാധിക്കുന്നു (4:10). തങ്ങള്‍ നേടിയ കിരീടങ്ങളെക്കുറിച്ച് ആരും പ്രശംസിക്കുന്നില്ല. അവര്‍ അവയെ കര്‍ത്താവിന്റെ മുന്‍പില്‍ ഇട്ടുകൊണ്ട് ഇങ്ങനെ പറയുന്നു: ”കര്‍ത്താവേ, നീ മാത്രമാണു യോഗ്യന്‍.” തങ്ങളുടെ ഭൂമിയിലെ വിശ്വസ്ത സേവനത്തിനു ദൈവഭക്തരായ മനുഷ്യര്‍ അന്നു ദൈവത്തില്‍ നിന്നു പ്രതിഫലം ഏറ്റുവാങ്ങുമ്പോള്‍ അവര്‍ ഓരോരുത്തരും ഇങ്ങനെ പറയും: ”കര്‍ത്താവേ, ഈ കിരീടം എന്റെ ശിരസ്സിലല്ല വേണ്ടത്- ഇതിന് അവിടുന്നാണ് അവകാശി. അവിടുന്നാണ് എനിക്കു ജീവിക്കുവാനും അങ്ങയെ സ്‌നേഹിക്കുവാനും കൃപ തന്നത്. ഞാന്‍ അവിടുത്തെ പതിനായിരക്കണക്കിനു ദാസന്മാരില്‍ ഒരുവന്‍ മാത്രമാണ്. കര്‍ത്താവേ, അവിടുന്നു മാത്രമാണ് യോഗ്യന്‍.” ഈ ഭൂമിയില്‍ വച്ചും യഥാര്‍ത്ഥ ദൈവഭക്തരുടെ മനോഭാവം ഇതായിരിക്കും.


സിംഹം ഒരു കുഞ്ഞാടാണ്

അഞ്ചാമത്തെ അദ്ധ്യായത്തില്‍ യോഹന്നാന്‍ ഒരു ചുരുള്‍ കാണുന്നു. ‘പുസ്തകം തുറപ്പാനും അതിന്റെ മുദ്ര പൊട്ടിപ്പാനും യോഗ്യന്‍ ആരുള്ളു?’ എന്നൊരു ശബ്ദം അവന്‍ കേള്‍ക്കുന്നു. നമ്മുടെ വീണ്ടെടുപ്പിനെയാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇതിന്റെ മനോഹരമായ ഒരു ചിത്രം പഴയ നിയമപ്രമാണങ്ങളില്‍ നാം കാണുന്നു. ഒരു മനുഷ്യന്‍ അങ്ങേയറ്റം ദരിദ്രനായി അവന്‍ തന്നെത്തന്നെ അടിമയായി വിറ്റാല്‍, അവന്റെ സഹോദരന് (അല്ലെങ്കില്‍ അടുത്ത ബന്ധുവിന്) മോചനദ്രവ്യം നല്‍കി അവനെ വീണ്ടെടുക്കാം (ലേവ്യ 25:47,48). ധനികനായ ബോവസ് തന്റെ ബന്ധുവിന്റെ വിധവയായ രൂത്തിനേയും നിലത്തേയും വീണ്ടെടുക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്യുന്നതു രൂത്തിന്റെ പുസ്തകത്തില്‍ നാം കാണുന്നു (രൂത്ത് 4:1 -10). ഇവിടെ ബോവസ് ക്രിസ്തുവിന്റെ നിഴലും രൂത്ത് സഭയുടെ നിഴലുമാണ്. നിന്ദിക്കപ്പെട്ട അന്യജാതിക്കാരിയെ ബോവസ് വീണ്ടെടുക്കുന്നു, വിവാഹം ചെയ്യുന്നു. നിയമം അനുസരിച്ച് സഹോദരനോ അടുത്ത ബന്ധുവിനോ മാത്രമേ വീണ്ടെടുക്കാന്‍ കഴിയൂ. അതുകൊണ്ടുതന്നെ യേശു ജഡത്തില്‍ വന്നു നമ്മുടെ സഹോദരനായി. അങ്ങനെ അവിടുത്തേക്കു നമ്മെ വീണ്ടെടുക്കാന്‍ കഴിയുന്നു.

5:5-ല്‍ മൂപ്പന്‍മാരില്‍ ഒരുത്തന്‍ യോഹന്നാനോട് ഇങ്ങനെ പറഞ്ഞു. ‘കരയേണ്ട, യെഹൂദ ഗോത്രത്തിലെ സിംഹം ജയം പ്രാപിച്ചിരിക്കുന്നു.’ ഇതുകേട്ട് യോഹന്നാന്‍ സിംഹത്തെ കാണാനായി തിരിഞ്ഞു. പക്ഷേ അവന്‍ കണ്ടത് ഒരു കുഞ്ഞാടിനെയാണ് (5:6). സിംഹം ഒരു കുഞ്ഞാടാണ്. യഥാര്‍ത്ഥ ദൈവമനുഷ്യന്‍ സിംഹവും കുഞ്ഞാടുമായിരിക്കും. പ്രസംഗ പീഠത്തില്‍ സാത്താനെതിരെ ഒരു സിംഹമായിരിക്കുന്ന പ്രസംഗകന്‍ തന്റെ ജനത്തിന്റെ ഇടയില്‍ ഒരു കുഞ്ഞാടായിരിക്കണം.

യേശു ആ പുസ്തകം വാങ്ങി. നൂറുനൂറു വര്‍ഷങ്ങളായി അനേകമനേകം വിശുദ്ധന്മാര്‍ നടത്തിയ പ്രാര്‍ത്ഥനകളുടെ ഫലമാണ് നിങ്ങള്‍ ഇവിടെ കാണുന്നത്(5:8). ലോകമൊട്ടുക്കും നൂറ്റാണ്ടുകളായി ക്രിസ്ത്യാനികള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു വന്നിരുന്നു: ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ, നിന്റെ രാജ്യം വരണേമേ.” ഇപ്പോഴിതാ, ഒടുവിലായി രാജ്യം വരുന്ന സമയമായി. ഒരു പ്രാര്‍ത്ഥനയും പാഴാകുകയില്ല- 1900 വര്‍ഷം മുന്‍പു നടത്തിയതായാലും ഇപ്പോഴത്തെ പ്രാര്‍ത്ഥനകളായാലും. വിശ്വസ്തനായ ഒരു വിശ്വാസി നടത്തുന്ന ഒരു പ്രാര്‍ത്ഥനപോലും വിഫലമാകുകയില്ല. അവ ദൈവസന്നിധിയില്‍ ധൂപം പോലെ ഉയരുകയും ഒടുവില്‍ മറുപടി ലഭ്യമാകുകയും ചെയ്യും. തുടര്‍ന്ന് അവര്‍ ഒരു പുതിയ പാട്ടുപാടി- ‘നീയോഗ്യന്‍.’ ‘പുതിയത്’ എന്നാല്‍ ‘എന്നും പുതുമയുള്ളത് ‘എന്നാണര്‍ത്ഥം. ‘യേശുവിന്റെ രക്തം തങ്ങളെ വിലയ്ക്കുവാങ്ങി’ എന്നു നിരന്തരം സ്വര്‍ഗത്തില്‍ പാടുന്നതില്‍ അവര്‍ക്കു മടുപ്പില്ല. ഇന്നും അതു പാടുന്നതില്‍ നിങ്ങള്‍ മടുത്തുപോകുകയില്ല എന്നു ഞാന്‍ കരുതുന്നു. ‘കര്‍ത്താവേ, യേശുവിന്റെ കാല്‍വറിയിലെ മരണം എനിക്കൊരിക്കലും ഒരു പഴകിയ സത്യമായിരിക്കരുതേ” എന്നാണെന്റെ പ്രാര്‍ത്ഥനകളിലൊന്ന്. അത് എനിക്കെപ്പോഴും പുതുതായിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാല്‍വറിയിലെ ക്രൂശിനെക്കുറിച്ചോ അരിഷ്ട പാപിയായ എന്നെ രക്ഷിച്ച യേശുവിന്റെ അത്ഭുതകരമായ സ്‌നേഹത്തെക്കുറിച്ചോ പാടുമ്പോള്‍ എപ്പോഴും എനിക്കതു പുതുമയുള്ളതായിരിക്കണം. ഓരോ തവണ അതു പാടുമ്പോഴും ആ സത്യം ആദ്യം കേള്‍ക്കുന്നതുപോലെ പാടണമെന്നാണ് എന്റെ ആഗ്രഹം. അപ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലെ പാട്ടിന്റെ അതേ രാഗത്തിലായിരിക്കും പാടുന്നത്. പരിശുദ്ധാത്മാവിന് ഇതിനെ നമുക്കുവേണ്ടി എന്നും പുതുമയുള്ളതായി സൂക്ഷിക്കാന്‍ കഴിയും. അപ്പോള്‍ കോടിക്കണക്കിനു ദൂതന്മാരും സൃഷ്ടികളും ദൈവത്തെ സ്തുതിക്കുന്നതിലും ആരാധിക്കുന്നതിലും പങ്കുചേരുന്നതു നാം കാണും (5:11-13).


മുദ്രകള്‍ പൊട്ടിക്കുന്നു

ആറാം അദ്ധ്യയത്തില്‍ ഒട്ടേറെ മുദ്രകള്‍ പൊട്ടിക്കുന്നതു നാം കാണുന്നു. ധാരാളം സംഭവങ്ങള്‍ ഉണ്ടാകുന്നു.- അന്ത്യനാളുകളിലുണ്ടാകുമെന്നു യേശു നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ (മത്തായി 24, ലൂക്കൊസ് 21:25, 26 വായിക്കുക).

ഒന്നാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ വെള്ളക്കുതിരപ്പുറത്ത് ഒരുവന്‍ വരുന്നു. അവന് ഒരു കിരീടവും ലഭിച്ചു (6:2). ഈ ആള്‍ യേശുവിന്റെ പ്രതീകമല്ല. കാരണം ക്രിസ്തു സ്വന്തമായ പല കിരീടങ്ങളുമായാണു വരുന്നത്. മറിച്ച് ഈ ആളിന് ഒരു കിരീടം നല്‍കുകയാണുണ്ടായത്. ഇത് എതിര്‍ ക്രിസ്തുവാണ്. വെള്ളക്കുതിരപ്പുറത്തു വന്ന് അവന്‍ ക്രിസ്തുവാണെന്നു നടിക്കുകയാണ്.

രണ്ടാമത്തെ മുദ്രപൊട്ടിക്കുമ്പോള്‍ നമ്മള്‍ ഒരു ചുവന്ന കുതിരയെ കാണുന്നു- യുദ്ധത്തിന്റെ ഒരു ചിത്രം (6:4). അന്ത്യനാളില്‍ ഭൂമിയില്‍ നിന്നു സമാധാനം എടുത്തു കളയും.

മൂന്നാം മുദ്ര പൊട്ടിച്ചപ്പോള്‍ നാം ഒരു കറുത്ത കുതിരയെ കാണുന്നു. അതിന്മേല്‍ ഇരിക്കുന്നവന്‍ ഒരു തുലാസ്സു കയ്യില്‍ പിടിച്ചിരുന്നു. ‘ ഒരു പണത്തിന് ഒരിടങ്ങഴി കോതമ്പ്, ഒരു പണത്തിനു മുന്നിടങ്ങഴി യവം. എന്നാല്‍ എണ്ണയ്ക്കും വീഞ്ഞിനും കേടുവരുത്തുകയില്ല” എന്നൊരു ശബ്ദവും കേട്ടു (6:5,6). ഇതു ക്ഷാമത്തിന്റെ ഒരു ചിത്രമാണ്. എന്നാല്‍ ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം നാം കാണുന്നു. ക്ഷാമത്തിന്റെ സമയത്ത് കോതമ്പും യവവും പോലുള്ള അത്യാവശ്യ വസ്തുക്കള്‍ക്കു വില വര്‍ധിക്കും. എന്നാല്‍ എണ്ണയും വീഞ്ഞും പോലുളള ആര്‍ഭാടവസ്തുക്കള്‍ക്കു വിലക്കയറ്റം ബാധകമാകുകയില്ല. ഇതിന്റെ അര്‍ഥം, കൊടിയ ക്ഷാമത്തിന്റെ സമയത്ത് സമ്പന്നര്‍ക്കു പ്രശ്‌നമില്ല, പക്ഷേ പാവങ്ങള്‍ കഷ്ടപ്പെടും. ഇന്നുതന്നെ നമ്മുടെ ചുറ്റും ഇതു നടക്കുന്നതു നമുക്കു കാണാം. സമ്പന്നര്‍ എല്ലായിടത്തും കൂടുതല്‍ സമ്പന്നരാകുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരായി മാറുന്നു.

നാലാം മുദ്രപൊട്ടിച്ചപ്പോള്‍ മഞ്ഞനിറമുള്ള കുതിര വരുന്നു. മരണത്തിന്റെ പ്രതീകം. അനേകം ആളുകള്‍ കൊല്ലപ്പെടുന്നു (6:8).

അഞ്ചാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ യോഹന്നാന്‍ കാണുന്നത് രക്തസാക്ഷികളുടെ ആത്മാക്കളെയാണ്- ഹാബേലിന്റെ കാലം മുതല്‍ ഉപദ്രവിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ദൈവഭക്തരായ ആളുകളുടെ ആത്മാക്കള്‍. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിച്ചതായി നാം വായിക്കുന്നു (ഉല്പത്തി 4:10). പഴയ നിയമത്തിലുടനീളം ചൊരിയപ്പെട്ട പല പ്രവാചകന്മാരുടെ രക്തവും ഇതുപോലെ പ്രതികാരത്തിനായി ദൈവത്തോട് നിലവിളിച്ചിട്ടുണ്ട്. യോഹന്നാന്‍ ഈ പുസ്തകം എഴുതുമ്പോള്‍ (എ.ഡി.95 ല്‍) രക്തസാക്ഷികളായ ക്രിസ്ത്യാനികളുടെ എണ്ണം ഏറെയില്ല. എന്നാല്‍ ധാരാളം പഴയ നിയമ വിശുദ്ധന്മാര്‍ രക്തസാക്ഷികളായി തീര്‍ന്നിട്ടുണ്ട്. ഈ പഴയ നിയമ വിശുദ്ധന്മാരുടെ ആത്മാക്കളാണ് ‘നാഥാ, ഞങ്ങളുടെ രക്തത്തെക്കുറിച്ച് നീ എത്രത്തോളം പ്രതികാരം നടത്താതെയിരിക്കും?’ എന്ന് ഉറക്കെ നിലവിളിച്ചത് (6:10). അവരോട് അല്പനാള്‍ കൂടി കാത്തിരിക്കാനാണു പറഞ്ഞത്, കാരണം ചിലര്‍ കൂടി രക്തസാക്ഷിത്വം വഹിക്കേണ്ടതായിട്ടുണ്ട്. അവര്‍ പിന്നേയും രണ്ടായിരത്തില്‍പരം വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു എന്നു നമുക്കറിയാം. ഒരു കൃത്യസംഖ്യ ആളുകള്‍ കൂടി രക്തസാക്ഷികളാകേണ്ടതുണ്ട് (6:11). കര്‍ത്താവിന്റെ രണ്ടാം വരവിനുമുമ്പ് രക്ഷിക്കപ്പെടേണ്ട (ജീവന്റെ പുസ്തകത്തില്‍ പേരു വരേണ്ട) നിശ്ചിത സംഖ്യ ആളുകള്‍ ഉള്ളതുപോലെ കൊല്ലപ്പെടേണ്ട രക്തസാക്ഷികളുടെ പേരുകള്‍ അടങ്ങിയ രണ്ടാമതൊരു പട്ടിക കൂടിയുണ്ട്. നമ്മുടെ പേര് ആ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുക എന്നതു വലിയൊരു ബഹുമതിയാണ്. ആ പട്ടികയിലെ അവസാനത്തെ രക്തസാക്ഷി കൂടെ കൊല്ലപ്പെട്ടു കഴിയുമ്പോഴാണ് യേശു മടങ്ങിവരുന്നത്.

യേശു ആറാമത്തെ മുദ്ര പൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്ടായി. സുര്യന്‍ കരിമ്പടം പോലെ കറുത്തു. ചന്ദ്രന്‍ രക്തമയമായി. ആകാശം പിളര്‍ന്നു. പര്‍വ്വതങ്ങളും ദ്വീപുകളും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ രാജാക്കന്മാര്‍ ഗുഹകളില്‍ ഒളിക്കാന്‍ തുടങ്ങി(6:12-16). ഭൂമിയിലെ ശക്തരായ ആളുകള്‍ പൊടുന്നനെ ഭയചകിതരും ദുര്‍ബലരുമായി മാറി- കാരണം ദൈവത്തിന്റെ ന്യായവിധിയുടെ സമയം വന്നു.

ഈ ആറു മുദ്രകളിലും യുഗങ്ങളുടെ അവസാനം ഒന്നിച്ചു പറഞ്ഞിരിക്കുന്നതിന്റെ ദര്‍ശനം നമുക്കു ലഭിക്കും. വെളിപ്പാട് കാലക്രമത്തിന്റെ തുടര്‍ച്ച പാലിച്ച് എഴുതിയ ഒരു പുസ്തകമല്ല. അന്ത്യകാല സംഭവങ്ങളുടെ ഒരു വിഹഗ വീക്ഷണമാണ് ഇവിടെ നമുക്ക് നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇതിലെ കൊച്ചു കാര്യങ്ങളുടെ വിശദീകരണം തരുന്നു. വീണ്ടും ഈ പുസ്തകത്തില്‍ ഭാവികാല സംഭവങ്ങളുടെ വിഹഗ വീക്ഷണം നല്‍കുന്നു. പിന്നീട് അവയുടെ വിശദാംശങ്ങള്‍…

ഏഴാമത്തെ അദ്ധ്യായം പീഡനം തുടങ്ങാന്‍ പോകുന്ന സമയത്തെയാണു പരാമര്‍ശിക്കുന്നത്. അതു രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യഭാഗം യിസ്രായേലിനെക്കുറിച്ച് (7:1-8). യേശുവിനെ രക്ഷകനായി അറിയുകയില്ലെങ്കിലും യിസ്രയേലിന്റെ വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള ദൈവത്തെ ഭയപ്പെടുന്നവരുടെ ഒരു ശേഷിപ്പിനെ ഇവിടെ 144,000 എന്ന സംഖ്യകൊണ്ടു പ്രതിനിധാനം ചെയ്തിരിക്കുന്നു. ഇതൊരു പ്രതീകാത്മകമായ സംഖ്യ മാത്രമാണ്. (ഒന്നാമത്തെ അദ്ധ്യായത്തില്‍ നാം കണ്ട ‘അടയാളങ്ങളാല്‍ കാണിച്ചു’ എന്ന പ്രയോഗം ഓര്‍ക്കുക.) ഇതു സൂചിപ്പിക്കുന്നതു യിസ്രായേലില്‍ നിന്നുള്ള ഒരു ചെറിയ സംഘം ആളുകളെയാണ്.

അവരുടെ പൂര്‍വ്വപിതാവായ അബ്രഹാമിന് വാഗ്ദത്തം കിട്ടിയ ദേശത്തേക്ക് 1948-ല്‍ യിസ്രയേല്‍ മടങ്ങിവന്നു. അത്തിവൃക്ഷം (യിസ്രയിലിന്റെ) പ്രതീകം) തളിര്‍ക്കുമെന്നു യേശു തന്നെ പറഞ്ഞല്ലോ. എന്നാല്‍ ഫലങ്ങളൊന്നുമില്ല, ഇലകള്‍ മാത്രം. അത്തിയുടെ തളിര്‍പ്പ് 1948-ല്‍ ആരംഭിച്ചെങ്കിലും യെരുശലേം കൂടി അവരുടെ കൈവശം വന്ന 1967-ലാണ് അത് ഒരു പടികൂടി മുന്നോട്ടു വന്നത്. 1900 വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശു നടത്തിയ പ്രവചനങ്ങളുടെ നിവൃത്തിയാണിത്. ജാതികളുടെ അനുവദനീയമായ കാലം കഴിയുവോളം യെരുശലേം അവരുടെ അധീനതയിലായിരിക്കുമെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ടല്ലോ (ലൂക്കൊസ് 21:24). യേശു യെരുശലേമിലായിരുന്നപ്പോള്‍ റോമക്കാരായിരുന്നു നഗരത്തെ ഭരിച്ചുകൊണ്ടിരുന്നത്. അന്നുമുതല്‍ 1967 വരെ യെരുശലേം എപ്പോഴും ഏതെങ്കിലും വിദേശ ശക്തികളുടെ നിയന്ത്രണത്തിലായിരുന്നു (യേശു പ്രവചിച്ചതുപോലെ). മഹോപദ്രവത്തിന്റെ സമയത്ത് ദൈവം മുദ്രയിട്ട, ദൈവത്തെ ഭയപ്പെടുന്ന, ഒരു പറ്റം യഹൂദര്‍ അവിടെ ഉണ്ടായിരിക്കും.

7:9-17-ല്‍ നമ്മള്‍ മറ്റൊരു സംഘത്തെ കാണുന്നു- സകല ഗോത്രങ്ങളിലും ഭാഷകളിലും രാഷ്ട്രങ്ങളിലും നിന്നുള്ള ഒരു മഹാപുരുഷാരം. ‘ഞങ്ങളുടെ രക്ഷയ്ക്കു കാരണം സിംഹാസനത്തിലിരിക്കുന്ന ദൈവവും കുഞ്ഞാടുമാണെ’ന്ന് അവര്‍ ആര്‍ത്തുകൊണ്ടിരുന്നു. അവര്‍ കവിണ്ണുവീണ് കര്‍ത്താവിനെ ആരാധിച്ചു. കുഞ്ഞാടിന്റെ രക്തത്തില്‍ അലക്കി വെളുപ്പിച്ച വെള്ള അങ്കിയാണ് അവര്‍ അണിഞ്ഞിരിക്കുന്നത്. ഇവര്‍ വിശ്വാസികളാണ്. ഇവര്‍ മഹാപുരുഷാരം ആയതിന്റെ കാരണം ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും ജാതികളില്‍ നിന്നുമുള്ള ശിശുപ്രായത്തില്‍ മരിച്ചുപോയ കുഞ്ഞുങ്ങളും ജനനത്തിനുമുമ്പ് ഗര്‍ഭഛിദ്രം മൂലം ജീവന്‍ നഷ്ടമായ കുഞ്ഞുങ്ങളും ഈ കൂട്ടത്തിലുണ്ട് (കുഞ്ഞുങ്ങള്‍ ക്രിസ്തുവിന്റെ രക്തത്താല്‍ കഴുകപ്പെട്ട് സ്വര്‍ഗ്ഗത്തില്‍ പോകുമല്ലോ) എന്നതാണ്.

‘ഇവര്‍ മഹാകഷ്ടത്തില്‍ നിന്നു വന്നവര്‍’ (7:14) എന്ന് ഇവിടെ പറയുമ്പോള്‍ അതിന്റെ അര്‍ഥം അവര്‍ മഹോപദ്രവത്തിലൂടെ കടന്നെന്നും അതില്‍നിന്നു പുറത്തുവന്നെന്നുമാണ്. (18-ാം അദ്ധ്യായം 4-ാം വാക്യത്തില്‍ കര്‍ത്താവു ‘ബാബിലോണില്‍ നിന്നു പുറത്തുവരിക’ എന്ന് ആഹ്വാനം ചെയ്യുന്നു. അര്‍ഥം അവര്‍ ബാബിലോണില്‍ ആണെന്നും അതിനുള്ളില്‍ നിന്നു പുറത്തുവരണമെന്നുമാണ്.അതുപോലെയാണ് ഇവിടെയും). ഇവിടെ സഭ (സഭയിലെ എല്ലാ വ്യക്തികളുമല്ല, അന്തിമ നാളുകളില്‍ അന്നു ഭൂമിയിലുള്ളവര്‍) മഹോപദ്രവത്തിലൂടെ കടന്നുപോയി പുറത്തുവരണം. സഭ മഹോപദ്രവത്തിലൂടെ കടന്നുപോകുമെന്നു പുതിയ നിയമം തുടര്‍ച്ചയായി പഠിപ്പിക്കുന്നു. ഇങ്ങനെ സംഭവിക്കുകയില്ലെന്നു പറയുന്ന ഒരു വാക്യം പോലും പുതിയ നിയമത്തിലില്ലെന്നതാണു സത്യം.


സ്വര്‍ഗ്ഗത്തിലെ മൗനം


സ്വര്‍ഗത്തില്‍ അരമണിക്കൂറോളം മൗനം ഉണ്ടായതായി 8:1-ല്‍ നാം വായിക്കുന്നു. ഇത് അസാധാരണമായ കാര്യമാണ്. കാരണം ഈ പുസ്തകത്തിലെ സ്വര്‍ഗ്ഗത്തിന്റെ മറ്റെല്ലാ ദൃശ്യങ്ങളിലും തകര്‍ത്ത ഇടിനാദവും പെരുവെള്ളത്തിന്റെ മുഴക്കവും പോലെ ഉച്ചത്തിലുള്ള സ്തുതിഘോഷമാണു നാം കേള്‍ക്കുന്നത്. ഈ അരമണിക്കൂര്‍ നിശ്ശബ്ദത സൂചിപ്പിക്കുന്നത് ദൈവം തനിക്ക് ഇഷ്ടമില്ലാത്തത് എന്തോ ചെയ്‌വാന്‍ പോകുന്നു എന്നാണ്- മത്സരികളുടെ മേല്‍ അവിടുന്നു തന്റെ ക്രോധം ചൊരിയുവാന്‍ പോകുന്നു. അവിടുന്നു അതു ചെയ്യുവാന്‍ ആഗ്രഹിക്കുന്നില്ല. അതൊരു ‘അപൂര്‍വക്രിയ’യും (യെശയ്യാ 28:21- KJV) ‘അസാധാരണ പ്രവൃത്തി’യും (NASB) ആണ്. ദൈവത്തിന്റെ ‘പ്രസാദത്തിന്റെ കാലയളവ് ‘ഒരു മുഴുവന്‍ വര്‍ഷവും (365 ദിവസം) ആണെന്നും അവിടുത്തെ ‘പ്രതികാരത്തിന്റെ (ന്യായവിധിയുടെ) കാലയളവ്’ ഒരു ദിവസം മാത്രമാണെന്നും യെശയ്യാവ് 61:2-ല്‍ നാം വായിക്കുന്നു. ദൈവത്തിന്റെ കൃപയും അവിടുത്തെ പ്രതികാരവും തമ്മിലുള്ള അനുപാതം നാം ഇവിടെ കാണുന്നത് 365:1. എന്നതാണ്. ന്യായവിധി എന്നുപറയുന്നത് അവിടുന്നു ചെയ്യാന്‍ ആഗ്രഹിക്കാത്ത ഒരു ‘അപൂര്‍വക്രിയ’യാണ്. സ്വര്‍ഗത്തിലെ ഈ മൗനത്തിന്റെ അര്‍ഥം ഇതാണ്.

തുടര്‍ന്ന് ‘ഏഴു ദൂതന്മാര്‍ തങ്ങളുടെ ഏഴു കാഹളം ഊതാനായി നിന്നു'(8:2). ഇതാണ് ഏഴാമത്തേയും അവസാനത്തേയും കാഹളം. തുടര്‍ന്നു ക്രിസ്തുവില്‍ മരിച്ചവര്‍ ഉയിര്‍ക്കും. ജീവനോടെ ശേഷിക്കുന്നവരും കര്‍ത്താവിനെ എതിരേല്‍ക്കാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. 1 കൊരിന്ത്യര്‍ 15:52-ല്‍ പറയുന്നത് അന്തിമ കാഹള നാദത്തിങ്കല്‍ മരിച്ചവര്‍ ഉയിര്‍ക്കുമെന്നാണ്- അതിനു മുന്‍പല്ല. സഭ ഒരിക്കലും കര്‍ത്താവിന്റെ ക്രോധത്തെ നേരിടേണ്ടി വരികയില്ല. സഭയ്‌ക്കെതിരെ മനുഷ്യരുടെ ക്രോധം ചൊരിയുന്ന സമയമാണു മഹോപദ്രവ കാലഘട്ടം. എന്നാല്‍ മഹോപദ്രവത്തിന്റെ അവസാനത്തില്‍ ദൈവക്രോധം ഭൂമിയുടെ മേല്‍ ചൊരിയപ്പെടുന്നതിനു തൊട്ടുമുന്‍പ് സഭ കര്‍ത്താവിനെ ഭൂമിയിലേക്ക് എതിരേല്‍ക്കാനായി മേഘത്തില്‍ എടുക്കപ്പെടും.

തുടര്‍ന്ന് വിശുദ്ധന്മാരുടെ പ്രാര്‍ത്ഥനകളില്‍ സുഗന്ധ ധൂപ വര്‍ഗം ചേര്‍ത്തതു ദൈവസന്നിധിയിലേക്ക് ഉയരുന്നതു യോഹന്നാന്‍ കാണുന്നു (8:4). നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയില്‍ അംഗീകരിക്കപ്പെടാനായി പ്രാര്‍ഥനയില്‍ ചേര്‍ക്കുന്ന യേശുവിന്റെ നാമത്തെയാണു ധൂപവര്‍ഗം പ്രതിനിധാനം ചെയ്യുന്നത്. കാഹളം മുഴങ്ങുമ്പോള്‍ ഭൂമിയിലും ആകാശത്തിലും പല പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്നു. ഒന്നാമത്തെ കാഹളം മുഴങ്ങിയപ്പോള്‍ തീയും കല്‍മഴയും ചൊരിയപ്പെട്ടു.

രണ്ടാമത്തെ കാഹളം മുഴങ്ങിയപ്പോള്‍ പര്‍വ്വതങ്ങള്‍ സമുദ്രത്തിലേക്ക് എറിയപ്പെടുന്നു (8:8). മൂന്നാമത്തെ കാഹളം ഊതിയപ്പോള്‍ വലിയൊരു നക്ഷത്രം ആകാശത്തു നിന്നു വീഴുകയും നാലാമത്തെ കാഹളത്തെ തുടര്‍ന്നു സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയുടെ മൂന്നിലൊന്നു ഭാഗത്തിനു ബാധ തട്ടി അവ ഇരുണ്ടു പോകുകയും ചെയ്യുന്നു.

അഞ്ചാമത്തെ ദൂതന്‍ കാഹളം ഊതിയപ്പോള്‍ അഗാധകൂപത്തില്‍ നിന്നു പല ഭൂതങ്ങള്‍ മോചിതരാകുന്നു (9:1-11). പല ഭൂതങ്ങളും രണ്ടാം സ്വര്‍ഗ്ഗത്തിനും (സാത്താന്റെ ആസ്ഥാനം) ഭൂമിക്കും മദ്ധ്യേ യാത്ര ചെയ്യുവാന്‍ സ്വാതന്ത്ര്യം ഉള്ളവരാണ്. അവരില്‍ ചില ഭൂതങ്ങള്‍ പുരുഷന്മാരെയും സ്ത്രീകളെയും ആവേശിക്കും. എന്നാല്‍ അവയില്‍ ചിലവയെ, പ്രത്യേകിച്ചും ദുഷ്ടാത്മാക്കളെ, അഗാധകൂപത്തില്‍ അടയ്ക്കും. അഞ്ചാമത്തെ കാഹളം മുഴങ്ങിയപ്പോള്‍ മോചിതരായ ഈ ദുഷ്ടശക്തികള്‍ ഭൂമിയില്‍ വന്ന് അഞ്ചുമാസം മനുഷ്യരെ ദണ്ഡിപ്പിക്കുകയാണ് (9:5). മനുഷ്യര്‍ അന്നു മരിക്കാന്‍ ആഗ്രഹിക്കും. പക്ഷേ കഴിയുകയില്ല (9:6). യേശു ഒരിക്കല്‍ തന്റെ ശിഷ്യര്‍ക്ക് ഇങ്ങനെ ഒരു മുന്നറിയിപ്പ് നല്‍കിയല്ലോ: ‘തന്റെ സഹോദരനോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാത്തവനെ ദൈവം ദണ്ഡിപ്പിക്കുന്നവരുടെ പക്കല്‍ ഏല്പിക്കും’ (മത്തായി 18:33-35). ആ ദണ്ഡിപ്പിക്കുന്നവര്‍ ഭൂതങ്ങളാണ്. യേശു പറഞ്ഞതു വെറുമൊരു മുന്നറിയിപ്പല്ല, മറിച്ച് തന്റെ സഹോദരന്മാരോടു ക്ഷമിക്കാത്ത ഓരോ വിശ്വാസിക്കും യഥാര്‍ത്ഥത്തില്‍ ഇതു സംഭവിക്കും.

9:12-17-ല്‍ നാം ആറാം കാഹളത്തെക്കുറിച്ചു വായിക്കുന്നു. അവിടെ യൂഫ്രട്ടീസ് മഹാനദിതീരത്തു ബന്ധിച്ചിട്ടിരുന്ന നാലു ദുഷ്ടാത്മാക്കളെ അഴിച്ചുവിടുന്നു. 20 കോടി ആളുകളെ അവ കൊല്ലുന്നു. ഇറാഖിന് ചുറ്റും (യൂഫ്രട്ടീസ് നദി ഇറാഖിന്റെ മദ്ധ്യത്തിലൂടെയാണ് ഒഴുകുന്നത്) ഭയങ്കരമായ യുദ്ധം നടക്കും. 2000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇതെഴുതിയത്. എന്നാല്‍ ഇറാഖിനു ചുറ്റും ഭയാനകമായ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതിന് ഇന്നു നാം ദൃക്‌സാക്ഷികളാണ്. ഈ യുദ്ധത്തില്‍ പങ്കാളികളായ രാജ്യങ്ങള്‍ക്കു ലക്ഷക്കണക്കിനു പട്ടാളക്കാരുള്ള സൈന്യങ്ങള്‍ ഉണ്ടായിരിക്കും (ഇവര്‍ എല്ലാവരും മദ്ധ്യപൗരസ്ത്യ ദേശത്തുതന്നെ ഉണ്ടായിരിക്കണമെന്നില്ല). എങ്കിലും 9:20-ല്‍ നാം വായിക്കുന്നത് മനുഷ്യരില്‍ ബാക്കിയുള്ളവര്‍ അപ്പോഴും അനുതപിക്കുന്നില്ലെന്നാണ്. ദൈവം എപ്പോഴും അനുതാപമാണ് അന്വേഷിക്കുന്നത്. അതുപോലെ ആളുകള്‍ ശിക്ഷിക്കപ്പെടുന്നതിന് ഒരേയൊരു കാരണമേയുളളൂ- അവര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നില്ല.

10:1-3-ല്‍ മറ്റൊരു ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്ന് അത്യുച്ചത്തില്‍ ആര്‍ത്തു. അപ്പോള്‍ ഏഴ് ഇടിനാദം മുഴങ്ങി. ഈ ഏഴ് ഇടിനാദം എന്താണു ഘോഷിച്ചതെന്നു മനസ്സിലാക്കി യോഹന്നാന്‍ അത് എഴുതാന്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ അതു എഴുതാതെ മുദ്രയിട്ടേക്കാന്‍ കര്‍ത്താവ് അവനോടു പറഞ്ഞു. ഇതില്‍ നിന്നു ഞാന്‍ മനസ്സിലാക്കിയത് ഇതാണ്: നാം മറ്റുളളവരോട് പറയാന്‍ അവിടുന്നു ആഗ്രഹിക്കാത്ത ചില കാര്യങ്ങള്‍ അവിടുന്നു നമ്മോടു പറഞ്ഞെന്നിരിക്കാം. അതു നമ്മളോടുള്ള വ്യക്തിപരമായ കാര്യങ്ങളാണ്. മറ്റാരോടും അവള്‍ പങ്കുവയ്ക്കരുതാത്ത ചില രഹസ്യങ്ങള്‍ ഭാര്യയോട് ഭര്‍ത്താവു പറയുന്നതുപോലെയാണിത്. നിങ്ങള്‍ കര്‍ത്താവിനോടൊപ്പം നടന്നാല്‍ മറ്റാരോടും പങ്കുവയ്ക്കാന്‍ ഉദ്ദേശിക്കാത്ത ചില രഹസ്യങ്ങള്‍ അവിടുന്നു നിങ്ങളോടു പറഞ്ഞെന്നിരിക്കും. അവ നിങ്ങള്‍ മറ്റൊരാളോടും പറയരുത്.

എന്നാല്‍ ദൈവം നിങ്ങളോട് എഴുതാന്‍ പറയുന്നതു നിങ്ങള്‍ എഴുതണം. കര്‍ത്താവു തുടര്‍ന്നു യോഹന്നാനോടു പറഞ്ഞു: ‘ദൂതന്റെ കയ്യില്‍ നിന്ന് ആ ചെറുപുസ്തകം വാങ്ങി തിന്നുക. അതു വായില്‍ തേന്‍പോലെ മധുരിക്കുമെങ്കിലും നിന്റെ വയറ്റിനെ കൈപ്പിക്കും'(10:8,9). ദൈവ വചനം ഒരു ഇരട്ട പ്രവൃത്തി ചെയ്യും- അത് നമ്മെ ഉത്സാഹിപ്പിക്കും. പക്ഷേ പരീക്ഷയുടേയും ഉപദ്രവങ്ങളുടേയും കൈപ്പുള്ള അനുഭവങ്ങളിലൂടെ അതു നമ്മെ നയിക്കുകയും ചെയ്യും. പുതിയ ഉടമ്പടിയില്‍ നാം ഇതു രണ്ടും അനുഭവിക്കണം. എന്നാല്‍ പഴയ ഉടമ്പടിയില്‍ യെഹസ്‌ക്കേല്‍ ഇതുപോലെ ഒരു ചുരുള്‍ തിന്നു കഴിഞ്ഞപ്പോള്‍ അതു മധുരിക്കുക മാത്രമാണു ചെയ്തത്(യെഹസ്‌കേല്‍ 3:3). പല പരീക്ഷകളുടെ നടുവിലാണു ദൈവം നമുക്ക് പറഞ്ഞു തീരാത്തതും മഹിമയുള്ളതുമായ സന്തോഷം നല്‍കുന്നത് (1 പത്രൊ. 1:7-9).

ഒരിക്കല്‍ യോഹന്നാന്‍ പുസ്തകം തിന്നുകയും അതിന്റെ രണ്ടുതരം അനുഭവങ്ങളും ആസ്വദിക്കുകയും ചെയ്തു കഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവനോട് അവനു പ്രവചിക്കാന്‍ കഴിയുമെന്നു പറയുന്നു. അവന് തന്റെ അനുഭവം മറ്റുള്ളവരോടു പങ്കുവയ്ക്കാം. ചില അനുഭവങ്ങള്‍ ആരോടും പങ്കുവയ്ക്കാതിരിക്കുമ്പോള്‍ തന്നെ നമുക്ക് മറ്റു ചില അനുഭവങ്ങള്‍ മറ്റുള്ളവരോടു പറയാം.

തുടര്‍ന്നു നാം ദൈവത്തിന്റെ മര്‍മ്മം നിവൃത്തിയാകുന്ന ദിവസത്തെക്കുറിച്ചു വായിക്കുന്നു (10:6,7). ഏഴാമത്തെ ദൂതന്‍ അവസാന കാഹളം ഊതിയതോടെ മര്‍മ്മം നിവൃത്തിയായി. സഭ ക്രിസ്തുവിന്റെ കാന്തയാണെന്നുള്ളതാണു ദൈവത്തിന്റെ മര്‍മ്മം. (എഫേസ്യര്‍ 5: 31,32 കാണുക). അന്തിമകാഹള നാദത്തിങ്കല്‍ മഹോപദ്രവം പൂര്‍ത്തിയാകുകയും സഭ മേഘങ്ങളില്‍ എടുക്കപ്പെടുകയും ചെയ്യുന്നു.

11:1-ല്‍ ദൈവത്തിന്റെ ആലയത്തെ അളക്കുവാന്‍ യോഹന്നാനോട് ആവശ്യപ്പെടുകയാണ്. ദൈവം തന്റെ സഭയെ അളക്കുന്നു- എന്നാല്‍ അതിവിശുദ്ധസ്ഥലത്ത് ആരാധിക്കുന്നവരെ മാത്രമേ അളക്കുന്നുള്ളു. പ്രാകാരത്തിലുള്ളവരെ അവഗണിക്കുകയാണ് (11:1,2).

ജാതികള്‍ യെരുശലേമിനെ 42 മാസം (1260 ദിവസം) ചവിട്ടിക്കളയും (11:2). ഇത് ഏഴുവര്‍ഷ മഹോപദ്രവത്തിന്റെ അവസാന പകുതിയാണ്. 490 വര്‍ഷത്തെ കാലയളവിന്റെ പ്രവചനം ദൈവം ദാനിയേലിനു കൊടുത്തല്ലോ (ദാനിയേല്‍ 9:24 – ഒരു ദിവസം ഒരു വര്‍ഷത്തെ പ്രതിനിധാനം ചെയ്യുന്നു). ഈ കാലയളവില്‍ നിന്ന്, യെരുശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിയുവാന്‍ സൈറസ് രാജാവു കല്പന പുറപ്പെടുവിച്ചതു മുതല്‍ യേശുവിന്റെ ക്രൂശീകരണം വരെ 483 വര്‍ഷങ്ങള്‍ കടന്നുപോകും (ദാനിയേല്‍ 9:25,26). (കുറിപ്പ്: പ്രാവചനിക കലണ്ടറില്‍-ദാനിയേലിലും വെളിപ്പാടിലും- ഒരു വര്‍ഷം 360 ദിവസങ്ങള്‍ എന്നാണു കണക്കു കൂട്ടുന്നത്. അപ്പോള്‍ 360 ദിവസം വച്ചുള്ള 483 പ്രവചന വര്‍ഷങ്ങള്‍ 365 ദിവസങ്ങളുള്ള സൗര വര്‍ഷങ്ങളായി കണക്കാക്കുമ്പോള്‍ മൊത്തം 476 വര്‍ഷങ്ങളാണു വരുന്നത്. യെരുശലേം പണിയുവാന്‍ കല്പന കൊടുത്ത് കൃത്യം 476 വര്‍ഷങ്ങളായപ്പോഴാണു യേശു ക്രൂശിക്കപ്പെട്ടത്). ആ കാലയളവിലെ അവശേഷിക്കുന്ന 7 വര്‍ഷം അന്ത്യകാലത്തേക്ക് നീക്കി വയ്ക്കുകയാണ്. മഹോപദ്രവത്തിന്റെ 7 വര്‍ഷങ്ങളാണിവ (ദാനിയേല്‍ 9:27). 7 വര്‍ഷത്തെ മഹോപദ്രവത്തിന്റെ അവസാന പകുതി – മൂന്നര വര്‍ഷം, 1260 ദിവസങ്ങള്‍- യേശുവിന്റെ പരസ്യ ശുശ്രൂഷയുടെ കൃത്യം കാലയളവാണ്. എതിര്‍ ക്രിസ്തു ഇതിനെ അനുകരിച്ച് മൂന്നര വര്‍ഷം ഭൂമിയുടെ മേല്‍ കര്‍തൃത്വം നടത്തും.

അന്നു ഭൂമിയില്‍ ദൈവത്തിനായി രണ്ടു സാക്ഷികള്‍ (പ്രതീകാത്മകമായി) ഉണ്ടായിരിക്കും (11:3,4). വിളക്കിലേക്കു നേരിട്ട് എണ്ണ പകരുന്ന രണ്ട് ഒലിവു വൃക്ഷങ്ങളുടെ ദര്‍ശനം സെഖര്യാവിനും ഉണ്ടായിട്ടുണ്ടല്ലോ (സെഖര്യ. 4:11 -13). ഇതു പ്രതീകവല്‍ക്കരിക്കുന്നത് അന്ത്യകാലത്തെ ദ്വിമുഖമായ പ്രവചന ശുശ്രൂഷയെയാണ്. അവര്‍ സംസാരിക്കുമ്പോള്‍ വായില്‍ നിന്നു തീ പുറപ്പെട്ട് (പ്രതീകാത്മകമായി പറഞ്ഞിരിക്കുന്നു) അവരുടെ ശത്രുക്കളെ സംഹരിക്കുകയാണ്. അവര്‍ക്കു മഴ പെയ്യാതെവണ്ണം ആകാശത്തെ അടച്ചുകളയുവാനും നദികളെ രക്തപ്പുഴകളാക്കുവാനുമുളള അധികാരം ഉണ്ടായിരുന്നു(11:6). ഈ രണ്ട് അത്ഭുതങ്ങളും നേരത്തെ കാണിച്ചിട്ടുളള ഏലിയാവിന്റേയും മോശയുടേയും ശുശ്രൂഷകള്‍ക്കു തുല്യമാണ് ഈ ശുശ്രൂഷയും. ഒടുവില്‍ ഇവര്‍ ശുശ്രൂഷ തികച്ചു കഴിഞ്ഞപ്പോള്‍ കൊല്ലപ്പെടുന്നു (11:7). ഇതൊരു അത്ഭുതകരമായ സത്യമാണ്. ദൈവഹിതത്തില്‍ നടക്കുന്ന കര്‍ത്താവിന്റെ യഥാര്‍ത്ഥ ഭൃത്യനെ ഭൂമിയിലെ അവന്റെ ശുശ്രൂഷ തീരുന്നതിനു മുമ്പ് ആര്‍ക്കും കൊല്ലുവാന്‍ സാധ്യമല്ല. ഈ പ്രവാചകരായ സാക്ഷികളെ ദൈവത്തിന്റെ സമയത്തിനു മുന്‍പേ കൊല്ലുവാന്‍ കഴിഞ്ഞില്ല. നിങ്ങളേയും അതിനു മുന്‍പേ വധിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.

ഈ പ്രവാചകന്മാരെ പരസ്യമായി അപമാനിക്കും. അവരുടെ മൃതദേഹങ്ങള്‍ മറവുചെയ്യാതെ യെരുശലേമിന്റെ തെരുവീഥിയില്‍ കിടക്കും (11:8). മൂന്നര ദിവസം അവിടെ കിടക്കുന്ന ജഡങ്ങള്‍ ലോകത്തുള്ള സകലരും കാണുമെന്നും തുടര്‍ന്നു യോഹന്നാന്‍ പറയുന്നു(11:9). യെരുശലേമിന്റെ വീഥിയില്‍ കിടക്കുന്ന മൃതദേഹങ്ങള്‍ എങ്ങനെയാണു ലോകത്തിലെ കോടിക്കണക്കിന് ആളുകള്‍ കാണുന്നത്? യോഹന്നാന്റെ കാലത്ത് അജ്ഞാതമായിരുന്ന സാറ്റലൈറ്റ് ടെലിവിഷനിലൂടെയാകും ഇതു കാണുക. ഭാവിയിലെ സാറ്റലൈറ്റ് ടെലിവിഷനെക്കുറിച്ചുള്ള ഗോപ്യമായ പരാമര്‍ശമാണിത്. ഈ ക്രിസ്തീയ പ്രവാചകന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ലോകം ആഹ്ലാദിക്കും. യഥാര്‍ത്ഥ പ്രവാചകന്മാരുടെ മരണത്തില്‍ ലോകം (ക്രിസ്തീയ മതലോകം ഉള്‍പ്പെടെ) എപ്പോഴും ആഹ്ലാദിച്ചിട്ടേയുള്ളു. അപ്പോള്‍ ഒരത്ഭുതം സംഭവിക്കും. മൂന്നര ദിവസത്തിനുശേഷം ഈ ഇരുസാക്ഷികളും മരണത്തില്‍ നിന്ന് ഉയിര്‍ക്കും. അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതു കാണുമ്പോള്‍ എല്ലാവരും ഭയചകിതരാകും. സാക്ഷികള്‍ തുടര്‍ന്നു സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടും. അപ്പോള്‍ വലിയ ഭൂകമ്പം ഉണ്ടാകും. നഗരത്തിന്റെ പത്തിലൊന്നു നിലംപരിചാകും (11:11-13).

അവസാന നാളുകളില്‍ യുദ്ധങ്ങള്‍, ക്ഷാമങ്ങള്‍, ഭൂകമ്പങ്ങള്‍ എന്നിവ ഉണ്ടാകുമെന്നു യേശു പറഞ്ഞു. കൂടുതല്‍ ദുരന്തങ്ങള്‍ക്കുള്ള മുന്നൊരുക്കം മാത്രമായിരിക്കും ഇത്. തുടര്‍ന്ന് ഏഴാമത്തെ ദുതന്‍ കാഹളം ഊതുമ്പോള്‍ ഒരു പ്രഖ്യാപനം ഉണ്ടാകും-‘ലോകരാജത്വം നമ്മുടെ കര്‍ത്താവായ ക്രിസ്തുവിന്. അവിടുന്ന് എന്നന്നേക്കും വാഴും'(11:15). മൂപ്പന്മാര്‍ അപ്പോള്‍ കവിണ്ണുവീണു ദൈവത്തെ ആരാധിക്കും.

ആറാം അദ്ധ്യത്തിന്‍ അവസാന നാളുകളുടെ ഒരു വിഹഗ വീക്ഷണമാണു നാം കണ്ടത്. 11-ാം അദ്ധ്യായത്തില്‍ മറ്റൊന്നും കണ്ടു. ഇപ്പോള്‍ അവസാന നാളുകളുടെ വിശദാംശങ്ങള്‍ വീണ്ടും നല്‍കുകയാണ്


സ്ത്രീയും മഹാസര്‍പ്പവും

‘സ്വര്‍ഗത്തില്‍ വലിയൊരു അടയാളം കാണപ്പെട്ടു. സൂര്യനെ അണിഞ്ഞോരു സ്ത്രീ. അവളുടെ കാല്‍ക്കീഴ് ചന്ദ്രനും അവളുടെ തലയില്‍ 12 നക്ഷത്രം കൊണ്ടുള്ള കീരീടവും ഉണ്ടായിരുന്നു'(12:1). യോസഫ് കണ്ട സ്വപ്നത്തില്‍ 11 നക്ഷത്രങ്ങള്‍ (തന്റെ 11 സഹോദരന്മാരെയാണ് അവ പ്രതിനിധാനം ചെയ്തത്) അവനെ നമസ്‌കരിക്കുന്നതായാണു കണ്ടത്. അതുകൊണ്ട് നാം വചനത്തെ വചനത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ ഇവിടത്തെ 12 നക്ഷത്രങ്ങള്‍ യിസ്രായേലിലെ 12 ഗോത്രങ്ങളാണ്. അപ്പോള്‍ ഈ സ്ത്രീ യിസ്രായേലിന്റെ പ്രതീകമാണ്. അവള്‍ ഒരു ശിശുവിനു ജന്മം നല്‍കി. ആ ശിശു യിസ്രായേലില്‍ ജനിച്ച യേശുവാണ്.

തുടര്‍ന്ന് നാം ഒരു മഹാസര്‍പ്പത്തെക്കുറിച്ച് (സാത്താന്‍) വായിക്കുന്നു. അവന്‍ വളരെ നാളുകള്‍ക്കു മുന്‍പേ തന്നോടൊപ്പം ദൈവത്തോടു മത്സരിച്ച മുന്നിലൊന്നു ദൂതന്മാരെ (‘ആകാശത്തിലെ നക്ഷത്രങ്ങള്‍’) വലിച്ചു കൂട്ടി (12:4). അവരെല്ലാം പിശാചുക്കളായി മാറി. ഈ വാക്യത്തില്‍ നിന്നു നമുക്ക് ഒരു കാര്യം പഠിക്കാം. ദൂതന്മാരില്‍ മൂന്നിലൊന്നു പിശാചുക്കളായി. എന്നാല്‍ മൂന്നില്‍ രണ്ടു ദൂതന്മാര്‍ ദൈവത്തോടു വിശ്വസ്തരായി നിന്നു. അപ്പോള്‍ ഓര്‍ക്കുക: ഭൂമിയിലെ ഒരു പിശാചിന്റെ സ്ഥാനത്തു രണ്ടു ദൂതന്മാര്‍ വീതം നമ്മുടെ പക്ഷത്തുണ്ട്!

സ്ത്രീ (യിസ്രായേല്‍) പ്രസവിച്ച ഉടന്‍ തന്നെ കുട്ടിയെ തിന്നുകളവാന്‍ മഹാസര്‍പ്പം അവളുടെ മുന്‍പില്‍ നിന്നു. ഹേരോദാവ് ഇതാണു ചെയ്യാന്‍ ശ്രമിച്ചത്- യേശുക്കുഞ്ഞിനെ കൊല്ലാന്‍ നീക്കം നടത്തി. എന്നാല്‍ വിജയിച്ചില്ല. കുട്ടി (യേശു) ഒടുവില്‍ ദൈവത്തിന്റെ അടുക്കലേക്കും സിംഹാസനത്തിലേക്കും പെട്ടെന്ന് എടുക്കപ്പെട്ടു(12:5).

12:7-10-ല്‍ സാത്താന്‍ രണ്ടാംസ്വര്‍ഗത്തില്‍ നിന്ന് (സ്വര്‍ലോകങ്ങളില്‍ നിന്ന് – എഫേസ്യര്‍ 6:12) എങ്ങനെയാണു തള്ളിയിടപ്പെട്ടതെന്നു നാം വായിക്കുന്നു. നേരത്തേ അനേകം വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാം സ്വര്‍ഗ്ഗത്തില്‍ നിന്ന് (ദൈവത്തിന്റെ അടുത്ത സാന്നിദ്ധ്യത്തില്‍ നിന്ന്) അവനെ രണ്ടാം സ്വര്‍ഗ്ഗത്തിലേക്കു തളളിയിട്ടിരുന്നു. ഇപ്പോള്‍ അവിടെ നിന്ന് അവന്‍ ഭൂമിയിലേക്കു വീഴ്ത്തപ്പെടുന്നു. ഇവിടെ അവനെ ‘ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന വഞ്ചകന്‍’ എന്നും ‘വിശ്വാസികളെ കുറ്റം ചുമത്തുന്ന അപവാദി’യെന്നും വിളിച്ചിരിക്കുന്നു. അവന്‍ ദൈവസന്നിധിയില്‍ വിശ്വാസികളെ രാപകല്‍ കുറ്റം ചുമത്തുന്നവനാണ് (12:10). വിശ്വാസികളെ കുറ്റപ്പെടുത്തുന്നവര്‍ ആരായാലും അവര്‍ സാത്താനുമായി കൈകോര്‍ക്കുന്നവരാണ്. നമുക്കു മറ്റു വിശ്വാസികളുടെ തെറ്റായ ഉപദേശങ്ങളെ തുറന്നു കാട്ടുകയോ അവരോടു യോജിക്കാതിരിക്കുകയോ ചെയ്യാം. പക്ഷേ അവരെ കുറ്റും ചുമത്തുന്നതില്‍ നാം സാത്താനോടൊപ്പം പങ്കുകാരാകരുത്.

12:11-ല്‍ സാത്താനെ അതിജീവിക്കാനുള്ള മൂന്നു പടികള്‍ നമ്മള്‍ കാണുന്നു:
ഒന്ന്. യേശുവിന്റെ രക്തം മൂലം. യേശുവിന്റെ രക്തം എല്ലാ പാപങ്ങളില്‍ നിന്നും നമ്മെ ശുദ്ധീകരിച്ചതിനാല്‍ നമുക്കെതിരെയുള്ള സാത്താന്റെ കുറ്റാരോപണങ്ങള്‍ക്ക് ഒരു ശക്തിയുമില്ല. നാം സമീപ ഭൂതകാലത്തിലോ വിദൂര ഭൂതകാലത്തിലോ ചെയ്ത ഏതെങ്കിലും പാപത്തിന്റെ പേരില്‍ സാത്താന്‍ നമ്മെ കുറ്റപ്പെടുത്തുമ്പോള്‍ നാം പൂര്‍ണ വിശ്വാസത്തോടെ അവനോട് ഇങ്ങനെ പറയണം. ‘യേശുവിന്റെ രക്തം സകല പാപവും പോക്കി എന്നെ ശുദ്ധീകരിച്ചിരിക്കുന്നു. അതുകൊണ്ട് എനിക്കിപ്പോള്‍ ഒരു കുറ്റം വിധിയുമില്ല.”

രണ്ട്. ‘നമ്മുടെ സാക്ഷ്യവചനത്താല്‍’ നമ്മുടെ കര്‍ത്താവു കാല്‍വറി ക്രൂശില്‍ സാത്താനെ തോല്‍പിച്ചെന്നും അതുകൊണ്ട് അവനു നമ്മുടെ മേല്‍ ഒരധികാരവും ഇല്ലെന്നും നാം അവനെ ഭയപ്പെടുന്നില്ലെന്നും ദൈവത്തിന്റെ അനുവാദം കൂടാതെ അവനു നമ്മെ തൊടുവാന്‍ കഴിയുകയില്ലെന്നും നാം സാത്താനോട് നിരന്തരം പറഞ്ഞുകൊണ്ടിരിക്കണം. സാത്താനോട് ഈ സാക്ഷ്യം പറയുവാന്‍ നാം ധൈര്യം ഉള്ളവരാണെങ്കില്‍ നാം അവനെ നിരന്തരം ജയിച്ചുകൊണ്ടിരിക്കും.

മൂന്ന്. നമ്മുടെ സ്വയജീവനെ സ്‌നേഹിക്കരുത്. പകരം അതിനെ മരണത്തിന് ഏല്‍പ്പിക്കണം (ഗലാത്യ 5:24). നമ്മുടെ സ്വയ ജീവന്‍ (ജഡം) നമ്മുടെ ഉള്ളിലുള്ള സാത്താന്റെ ഏജന്റാണ്. നാം നിരന്തരം അതിനെ വെറുക്കുകയും ക്രൂശിക്കാനായി അതിനെ ഏല്‍പ്പിച്ചുകൊടുക്കുകയും വേണം. അപ്പോള്‍ സാത്താനു നമ്മുടെ മേലുള്ള അധികാരം നഷ്ടപ്പെടും.

12:13-16-ല്‍ മഹാസര്‍പ്പം സ്ത്രീയെ (യിസ്രായേല്‍ മക്കളിലെ ശേഷിപ്പ്) ഉപദ്രവിക്കാന്‍ ശ്രമിക്കുന്നത് നാം കാണുന്നു. കാരണം യേശു യിസ്രായേലില്‍ നിന്നാണല്ലോ വന്നത്. ലോക ചരിത്രത്തില്‍ ഉടനീളം ആളുകള്‍ യെഹുദന്മാരെ നശിപ്പിക്കാന്‍ ശ്രമിച്ചതു നാം കാണുന്നു. ഹാമാന്‍ യെഹൂദന്മാരെ ഇല്ലായ്മയാക്കാന്‍ ശ്രമിച്ചു. (എസ്ഥേറിന്റെ പുസ്തകത്തില്‍). 20-ാം നൂറ്റാണ്ടില്‍ ഹിറ്റ്‌ലറും യെഹൂദന്മാരെ ഉന്മൂലനം ചെയ്യാന്‍ നീക്കം നടത്തി. എന്നാല്‍ അവരൊന്നും വിജയിച്ചില്ല. ഇന്നു യെഹൂദന്മാര്‍ അവരുടെ പിതാക്കന്മാരുടെ നാട്ടില്‍തന്നെ ജീവിക്കുന്നു. നാം വായിക്കുന്നതു ‘ഭൂമി സ്ത്രീക്കു തുണ നിന്നു’ എന്നും മഹാസര്‍പ്പത്തിന്റെ ആക്രമണത്തില്‍ നിന്നു രക്ഷിച്ചു എന്നുമാണ്. തനിക്ക് യിസ്രായേലിനെ ജയിക്കാന്‍ കഴിഞ്ഞില്ലെന്ന് കണ്ടപ്പോള്‍ സര്‍പ്പം അവളില്‍ നിന്ന് ഉത്ഭവിച്ച സഭയോട് യുദ്ധം ചെയ്‌വാന്‍ ചെന്നു (12:17). ആദ്യകാലത്തു പല വര്‍ഷങ്ങളോളം യെഹൂദര്‍ മാത്രമായിരുന്നു ക്രിസ്ത്യാനികള്‍. ‘ദൈവകല്പന പ്രമാണിക്കുന്നവരും യേശുവിന്റെ സാക്ഷ്യം ഉളളവരും’ എന്നാണു സഭയെ ഇവിടെ വിളിച്ചിരിക്കുന്നത്. യഥാര്‍ത്ഥ സഭയുടെ രണ്ടു ലക്ഷണങ്ങളാണിവ.


രണ്ടു മൃഗങ്ങള്‍

തലയില്‍ പത്തുകൊമ്പുള്ള ഒരു മൃഗം സമുദ്രത്തില്‍ നിന്നു കയറി വരുന്നതായി 13:1-ല്‍ നാം വായിക്കുന്നു എതിര്‍ ക്രിസ്തുവിന്റെ വരവിനെയാണ് ഇതു ചിത്രീകരിക്കുന്നത്. ഇവനെ മഹാസര്‍പ്പം പിന്തുണയ്ക്കുന്നതായി നാം കാണുന്നു. ആളുകള്‍ എതിര്‍ക്രിസ്തുവിനെ ആരാധിക്കുന്നു. ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ അനുകരിക്കുവാന്‍ എതിര്‍ ക്രിസ്തു സമര്‍ഥമായ വഞ്ചനയിലൂടെ തുടര്‍ന്ന് ശ്രമിക്കുകയാണ്(13:3). അവന്റെ വളരെ അപകടരമായ ഒരു മുറിവ് പൊടുന്നനെ സുഖപ്പെടുന്നു. ഇത് എങ്ങനെ സാധ്യമായെന്നു മുഴുലോകവും അത്ഭുതപ്പെടുകയാണ്. വാസ്തവത്തില്‍ അവന്‍ മരിക്കുകയോ ഉയിര്‍ത്തെഴുന്നേല്‍ക്കുകയോ ചെയ്തിട്ടില്ല. ക്രിസ്തു മാത്രമാണ് ഉയിര്‍ത്തെഴുന്നേറ്റിട്ടുള്ളത്. എതിര്‍ ക്രിസ്തു അത് അനുകരിക്കുവാന്‍ ശ്രമിക്കുകയാണ്. അവന്‍ ദൂഷണവാക്കുകള്‍ സംസാരിക്കുന്നു(13:5). അവന്‍ വായ് തുറന്നു ദൈവത്തേയും ദുഷിക്കുകയാണ് (13:6). വിശുദ്ധന്മാരുമായി യുദ്ധം ചെയ്ത് അവരെ കൊല്ലുവാനും (‘അവരുടെ ദേഹങ്ങളെ ജയിപ്പാനും’- 13:7 ഇംഗ്ലീഷ്) അവന് അനുമതി ലഭിച്ചു. സാത്താനും അവന്റെ ഏജന്റുമാരും നമ്മുടെ ശരീരത്തെ ജയിച്ച് നമ്മെ കൊന്നെന്നു വരാം. എന്നാല്‍ നമ്മുടെ ആത്മാക്കളെ ജയിക്കാന്‍ അവനു കഴിയുകയില്ല. ആ നാളുകളില്‍ അനേകം വിശുദ്ധന്മാര്‍ എതിര്‍ ക്രിസ്തുവിനാല്‍ കൊല്ലപ്പെടുമെന്നു നാം ഇവിടെ കാണുന്നു. ഇതു തെളിയിക്കുന്നത് എതിര്‍ ക്രിസ്തുവിന്റെ കാലത്തു ഭൂമിയില്‍ വിശുദ്ധന്മാര്‍ (വിശ്വാസികള്‍) ഉണ്ടായിരിക്കുമെന്നാണല്ലോ. മഹോപദ്രവത്തിന്റെ സമയത്തു സഭ ഇവിടെ ഭൂമിയില്‍ തന്നെ ആയിരിക്കും എന്നതിന്റെ മറ്റൊരു തെളിവാണിത്. ജയാളികള്‍ (ദൈവത്തിന്റെ ആത്മിക കമാന്‍ഡോ സംഘം) ആ നാളുകളില്‍ ധീരതയോടെ ദൈവത്തിനുവേണ്ടി നിലകൊള്ളും . സത്യം കേള്‍പ്പാന്‍ ആഗ്രഹിക്കുന്നവന്‍ കേള്‍ക്കട്ടെ.

13:8-ല്‍ എല്ലാ ഭൂവാസികളും (അതായതു തങ്ങളുടെ മനസ്സുകളെ ഭൂമിയിലുള്ള കാര്യങ്ങളില്‍ വച്ചിട്ടുള്ളവര്‍) അന്ന് എതിര്‍ ക്രിസ്തുവിനെ ആരാധിക്കുമെന്നു നാം വായിക്കുന്നു. എന്നാല്‍ കുഞ്ഞാടിന്റെ ജീവ പുസ്തകത്തില്‍ പേര്‍ എഴുതിയിട്ടുള്ളവര്‍ എതിര്‍ ക്രിസ്തുവിനെ നമസ്‌കരിക്കുകയില്ല. തങ്ങളുടെ മനസ്സിനെ ഭൂമിയിലെ കാര്യങ്ങളില്‍ വച്ചിട്ടില്ലാത്ത ജയാളികളാണിവര്‍. മഹോപദ്രവത്തിന്റെ കാലത്ത് എതിര്‍ ക്രിസ്തുവിനെതിരെ നിലപാടെടുക്കുന്ന വിശ്വാസികള്‍ ഭൂമിയില്‍ ഉണ്ടായിരിക്കുമെന്നു വ്യക്തമാക്കുന്ന മറ്റൊരു പ്രസ്താവനയാണിത്. ഇത്രയും വ്യക്തമായ വാക്യങ്ങളുണ്ടായിട്ടും മഹോപദ്രവത്തിനു മുമ്പ് സഭ രഹസ്യമായി എടുത്തുകൊള്ളപ്പെടുമെന്ന് ഇന്നും ആളുകള്‍ വിശ്വസിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുന്നു. പ്രസംഗകര്‍ മസ്തിഷ്‌കപ്രക്ഷാളനത്തിലൂടെ ഒരിക്കല്‍ ജനത്തെ തെറ്റായ ഒരു ഉപദേശം പഠിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീടു വചനത്തില്‍ കൃത്യമായി സത്യം കണ്ടാലും അവരില്‍ പലര്‍ക്കും മനസ്സു മാറ്റാന്‍ വലിയ പ്രയാസമാണ്. താഴ്മയും സത്യസന്ധതയും വലിയ ധീരതയും അങ്ങനെ ചെയ്യാന്‍ അവര്‍ക്ക് ആവശ്യമാണ്.

തുടര്‍ന്ന് എതിര്‍ ക്രിസ്തുവിനോട് ഒപ്പം നില്‍ക്കാന്‍ മറ്റൊരു മൃഗം ഭൂമിയില്‍ നിന്നു കയറി വരുന്നു(13:11). ഇതു കള്ള പ്രവാചകനാണ്. ‘സാത്താന്യത്രിത്വം’ ഇതോടെ പൂര്‍ത്തിയാകുന്നു- സാത്താന്‍ (യജമാനന്‍), എതിര്‍ക്രിസ്തു (രാഷ്ട്രീയ നേതാവ്), കള്ള പ്രവാചകന്‍ (മതനേതാവ്) എന്നിവരാണവര്‍. മതം, രാഷ്ട്രീയം, സാത്താന്‍ എന്നിവരുടെ സഖ്യം സഭയെ പീഡിപ്പിക്കുവാന്‍ കൈകോര്‍ക്കുകയാണ്. ഈ പുതിയ മൃഗത്തിന് ആട്ടിന്‍കുട്ടിക്കുള്ളതുപോലെയുള്ള കൊമ്പുകളാണുള്ളത്. അവന്‍ ക്രിസ്തുവിന്റെ ഒരനുയായിയെന്നു നടിക്കുമെന്നര്‍ത്ഥം. യേശു ക്രിസ്തുവിന്റെ യഥാര്‍ത്ഥ വിശ്വാസികളെ പീഡിപ്പിക്കുന്ന ഒരു മതനേതാവായിരിക്കും ഇവന്‍. ക്രിസ്തീയ മതലോകത്തെ പല നേതാക്കള്‍ (റോമന്‍ കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും അതില്‍പെടും)കഴിഞ്ഞ നൂറ്റാണ്ടുകളില്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ അനുയായികളെ പീഡിപ്പിച്ചതായി ചരിത്രം പറയുന്നു. ഇന്നും അതു തുടരുന്നു. അതുകൊണ്ടുതന്നെ ‘ക്രിസ്ത്യാനി’ എന്നു വിളിക്കപ്പെടുന്ന മറ്റൊരു നേതാവ് ദൈവജനത്തെ ഉപദ്രവിക്കാന്‍ എതിര്‍ക്രിസ്തുവിനൊപ്പം കൂടിയാല്‍ അതില്‍ അത്ഭുതപ്പെടാ നൊന്നുമില്ല. അവനു കുഞ്ഞാടിനുള്ളതുപോലെ കൊമ്പുകളുണ്ട്. എന്നാല്‍ അവന്‍ മഹാസര്‍പ്പത്തെ പോലെയാണു സംസാരിക്കുന്നത്. ആട്ടിന്‍ തോലണിഞ്ഞ ചെന്നായാണവന്‍. അവന് രാഷ്ട്രീയ ശക്തികളുടെ, എതിര്‍ ക്രിസ്തുവിന്റെ, പിന്തുണയുണ്ട്. അവന്‍ വഞ്ചിക്കുന്ന അടയാളങ്ങള്‍ ചെയ്ത് ജനത്തെ കബളിപ്പിക്കുന്നു. ഒരു മാജിക്കുകാരനും ആളുകളുടെ മനസ്സിനെ നിദ്രാവസ്ഥയിലാക്കി അവരെ നിയന്ത്രിക്കുന്നവനുമാണവന്‍. ദൈവവചനം അറിയാത്ത ലളിത മനസ്‌കരായ ആളുകളെ വഞ്ചിക്കാന്‍ അവന്‍ വ്യാജ അത്ഭുതങ്ങള്‍ ചെയ്യുന്നു (13:13-14).

അവന്‍ രാഷ്ട്രീയ നേതാവിന്റെ ഒരു പ്രതിമയുണ്ടാക്കി ആ പ്രതിമയെക്കൊണ്ടു സംസാരിപ്പിച്ചും ആളുകളെ വഞ്ചിക്കുന്നു. ഈ പ്രതിമ കംപ്യൂട്ടറിനാല്‍ നിയന്ത്രിക്കപ്പെടുന്ന, മനുഷ്യനെപ്പോലെ തന്നെയിരിക്കുന്ന, റെക്കോര്‍ഡു ചെയ്തുവച്ചിരിക്കുന്ന ശബ്ദം മൂലം സംസാരിക്കുന്ന ഒരു റോബോട്ടാകാം. സംസാരത്തിനനുസരിച്ച് വായും കൃത്യമായി ചലിക്കുന്നതുകൊണ്ട് പലരും വഞ്ചിക്കപ്പെടും. ചില മ്യൂസിയങ്ങളില്‍ ഞാന്‍ ഇത്തരം റോബോട്ടുകളെ കണ്ടിട്ടുണ്ട്.

തുടര്‍ന്ന് കള്ളപ്രവാചകന്‍ ലോകത്തെ എല്ലാ ജനങ്ങളും ഒരു മുദ്ര ഏല്‍ക്കുവാന്‍ നിര്‍ബന്ധിക്കുന്നു. ഇതാണു മൃഗത്തിന്റെ മുദ്ര. ഈ മുദ്ര ആളുകള്‍ക്കു വലങ്കൈമേലോ നെറ്റിയിലോ ഏല്‍ക്കാം(13:16). അവര്‍ ആ മുദ്ര വലത്തെ ഉളളങ്കൈയ്യില്‍ ഏറ്റാല്‍ അവര്‍ക്ക് ഇതു മറ്റുളളവരില്‍ നിന്നു മറച്ചു വയ്ക്കാം. എന്നാല്‍ മുദ്ര ഏല്‍ക്കുന്നതു നെറ്റിമേലാണെങ്കില്‍ അത് എല്ലാവര്‍ക്കും കാണാം. ഇതിന്റെ അര്‍ഥം പിശാച് ആളുകള്‍ക്ക് രണ്ടിലേതെങ്കിലും ഒന്നു സ്വീകരിക്കാനുള്ള അവസരം നല്‍കുന്നു എന്നാണ്. ഒന്നുകില്‍ അവര്‍ക്ക് നെറ്റിമേല്‍ മുദ്രയേറ്റ് അവന്റെ പരസ്യമായ അനുയായിയാകാം. അല്ലെങ്കില്‍ ഉള്ളംകൈമേല്‍ മുദ്രയേറ്റ് രഹസ്യത്തിലുള്ള അവന്റെ അനുയായിയായി മാറാം. ഇന്നു സാത്താനെ പരസ്യമായി പിന്‍പറ്റുന്നവരുണ്ട്. അപ്പോള്‍ തന്നെ സാത്താനെ രഹസ്യത്തില്‍ അനുഗമിക്കുന്ന മറ്റുചിലരുണ്ട് (ക്രിസ്തീയ സഭകളില്‍പോലും). അവര്‍ രഹസ്യത്തില്‍ ലൈംഗിക പാപങ്ങളില്‍ മുഴുകുന്നു, കൈകൊണ്ട് രഹസ്യമായി കൈക്കൂലി നല്‍കുന്നു, എന്നിട്ടു സഭകളില്‍ വന്ന് അതേ കൈകൊണ്ട് അപ്പം മുറിക്കുന്നു. വിശുദ്ധരായ ആളുകളെപ്പോലെ. ആളുകള്‍ക്ക് സഭയില്‍ തങ്ങളുടെ നല്ല പേരു നിലനിര്‍ത്തിക്കൊണ്ടു തന്നെ രഹസ്യത്തില്‍ സ്വകാര്യ ജീവിതത്തില്‍ തന്നെ അനുഗമിക്കാനുള്ള അവസരമാണു പിശാചു നല്‍കുന്നത്. തന്നെ നമസ്‌കരിച്ചാല്‍ ഈ ലോകത്തിലുളളതെല്ലാം നല്‍കാമെന്നു സാത്താന്‍ യേശുവിനു പോലും വാഗ്ദാനം നല്‍കി. സാത്താനെ രഹസ്യത്തില്‍ പിന്‍പറ്റുന്ന ക്രിസ്ത്യാനികള്‍ക്ക് ഈ ലോകത്തില്‍ പലതും ലഭിക്കും. എന്നാല്‍ സ്വകാര്യജീവിതത്തില്‍ അവര്‍ ചെയ്യുന്ന തെറ്റായ കാര്യങ്ങള്‍ സഭയില്‍ ആരും അറിയുന്നില്ല- കാരണം മൃഗത്തിന്റെ മുദ്ര അവരുടെ ഉളളംകൈയില്‍ രഹസ്യമായിരിക്കുന്നു. എന്നാല്‍ ഒരുനാള്‍ എല്ലാം വെളിച്ചത്തുവരും.

എതിര്‍ക്രിസ്തുവിന്റെ സംഖ്യ 666 ആണ് (13:18). ഇതിന്റെ അര്‍ഥം എന്താണ്? ‘യേശു’ എന്ന വാക്ക് ഗ്രീക്കുഭാഷയില്‍ എഴുതുന്നത് IESOUS എന്നാണ്. ഇംഗ്ലീഷില്‍ നിന്നു വ്യത്യസ്തമായി ഗ്രീക്കിലെ ഓരോ അക്ഷരത്തിനും ഓരോ സംഖ്യാമൂല്യമുണ്ട്. ഗ്രീക്കില്‍ I,E,S,O,U,S എന്ന അക്ഷരങ്ങളുടെ മൊത്തം സംഖ്യാമൂല്യം 888 ആണ്. പുതു സൃഷ്ടിയുടെ സംഖ്യയാണ് 8. എട്ടാമത്തെ ദിവസം പുതിയ ആഴ്ചയുടെ ആദ്യദിവസമാണല്ലോ. പിയാനോയുടെ കീബോര്‍ഡിലും എട്ടാമത്തെ കട്ട, പുതിയ സപ്തസ്വരങ്ങളുടെ തുടക്കമാണ്. യേശു പുതു സൃഷ്ടിയുടെ തുടക്കക്കാരനാണ്. മൂന്ന് എട്ട് ത്രിത്വത്തെ കാണിക്കുന്നു. അതുകൊണ്ട് ഈ അക്കം ദൈവവും അതേ സമയം മനുഷ്യനായിത്തീര്‍ന്നു പുതു സൃഷ്ടിയുടെ തുടക്കക്കാരനുമായ യേശുവിനെ പ്രതിനിധാനം ചെയ്യുന്നു. ഇനി 666 നോക്കുക. 6 മനുഷ്യന്റെ സംഖ്യയാണ്. മനുഷ്യന്‍ ആറാം ദിവസമാണല്ലോ സൃഷ്ടിക്കപ്പെട്ടത്. മൂന്ന് 6 ത്രിത്വത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് 666 മനുഷ്യന്‍ ദൈവം ആകാന്‍ ശ്രമിക്കുന്നതിന്റെ പ്രതീകം. എതിര്‍ ക്രിസ്തു ഇതാണ് ചെയ്യുന്നത്. ”അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ട് ദൈവം എന്നു നടിച്ച് ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിനും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ” (2 തെസ്സെലോ 2:4). ഒരു ദിവസം എതിര്‍ ക്രിസ്തു ആരാണെന്നു വ്യക്തമായിക്കഴിയുമ്പോള്‍ നിങ്ങള്‍ അവന്റെ പേരിന്റെ ഗ്രീക്കിലെ അക്ഷരങ്ങളുടെ സംഖ്യാമൂല്യം നിര്‍ണയിച്ചാല്‍ അതു കൃത്യം 666 ആയിരിക്കും.


യേശുവിന്റെ അനുഗാമികള്‍


യേശുവിനെ അനുഗമിക്കുന്നവരെക്കുറിച്ച് 14:1-5-ല്‍ നാം വായിക്കുന്നു. എന്നാല്‍ ഇവരും എതിര്‍ക്രിസ്തുവിന്റെ അനുയായികളും തമ്മിലുളള വ്യത്യാസം ശ്രദ്ധിക്കുക. യേശുവിന്റെ അനുയായികള്‍ക്ക് കൈമേല്‍ മുദ്രയേല്‍ക്കുന്നതിന് അവസരം നല്‍കിയിട്ടില്ല. അവര്‍ക്കു നെറ്റിമേല്‍ മാത്രമാണ് മുദ്രയേല്‍ക്കുവാന്‍ കഴിയുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്ക് യേശുവിന്റെ ഒരു രഹസ്യ അനുയായി ആയിരിക്കുവാന്‍ കഴിയുകയില്ല. ഒന്നുകില്‍ നിങ്ങള്‍ യേശുവിന്റെ പരസ്യ അനുയായി. അല്ലെങ്കില്‍ അവിടുത്തെ അനുയായിയേ അല്ല. നിങ്ങള്‍ക്കു സാത്താന്റെ, യേശുവിന്റെ അല്ല, രഹസ്യ അനുയായി ആയിരിക്കാന്‍ കഴിയും. ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന 1,44,000 എന്നതും ഒരു പ്രതീകാത്മകമായ സംഖ്യയാണ്. ഏഴാം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്ന എണ്ണിക്കൂടാത്ത വലിയ പുരുഷാരത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ ഈ സംഖ്യ വളരെ ചെറുതാണ്. പാപങ്ങള്‍ ക്ഷമിക്കപ്പെട്ട ഒരു വലിയ പുരുഷാരം ഉള്ളപ്പോള്‍ തന്നെ കര്‍ത്താവ് എവിടെപ്പോയാലും അവനെ യഥാര്‍ത്ഥത്തില്‍ അനുഗമിക്കുന്നവരുടെ (14:4) എണ്ണം വളരെ വളരെ കുറവായിരിക്കുമെന്ന് ഇതു കാണിക്കുന്നു. യേശുപറഞ്ഞതുപോലെ ജീവങ്കലേക്കുള്ള വഴി വളരെ ഇടുങ്ങിയതാണ്, ചുരുക്കം പേര്‍ മാത്രമേ അതു കണ്ടെത്തുകയുള്ളു (മത്തായി 7:14). ക്രൂശിന്റെ പാത വളരെ ചുരുക്കം പേരാണു തിരഞ്ഞെടുക്കുക.

ഈ ചെറിയ സംഘം ഒരു പുതിയ പാട്ടു പാടുകയും ചെയ്യുന്നു. ക്രിസ്തുവിനോടുള്ള ഭക്തിയുടെഗാനം. സ്വര്‍ഗ്ഗത്തിലെത്തുന്നതിനു മുന്‍പ് അവര്‍ ഭൂമിയില്‍ വച്ചു തന്നെ പഠിച്ചതാണ് ആ ഗാനം. ഈ സംഘത്തെക്കുറിച്ച് അവരുടെ വായില്‍ ഭോഷ്‌ക്കില്ലെന്നു പറഞ്ഞിരിക്കുന്നു(14:5). അപ്പോള്‍ ഈ സംഘത്തില്‍ ഉള്‍പ്പെടണമെങ്കില്‍ എല്ലാ ഭോഷ്‌ക്കും എല്ലാ അഭിനയവും കാപട്യവും അവര്‍ തങ്ങളുടെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കേണ്ടതുണ്ട്. ഇവരാണു യേശുവിന്റെ യഥാര്‍ത്ഥ അനുയായികള്‍. യേശുക്രിസ്തുവിന്റെ കാന്ത. ഇവര്‍ ഭൂമിയില്‍ നിന്നു വിലയ്ക്കു വാങ്ങപ്പെട്ടവരാണ് (14:3). ഭൂമിയോടുളള പറ്റുമാനത്തില്‍ നിന്ന് ഇവര്‍ വിടുവിക്കപ്പെട്ടവരാണെന്നു സാരം. അവരെക്കുറിച്ച് മറ്റൊന്നു പറഞ്ഞിരിക്കുന്നത് ‘അവര്‍ സ്ത്രീകളോടു കൂടെ മാലിന്യപ്പെടാത്തവരും തങ്ങളെത്തന്നെ നിര്‍മലരായി സൂക്ഷിച്ചവരും’ എന്നാണ് (14:4). ഇതിന്റെ അര്‍ഥം അവര്‍ ബാബിലോണ്‍ എന്ന വേശ്യയില്‍നിന്ന് (ലൗകികമായ ക്രിസ്തീയത – ഇതേപ്പറ്റി കൂടുതല്‍ 17,18 അദ്ധ്യായങ്ങളില്‍ നാം വായിക്കുന്നു) അകലം പാലി ച്ചിരുന്നു എന്നാണല്ലോ!

14:7-11-ല്‍ മൂന്ന് ദൂതന്മാര്‍ ന്യായവിധിയുടെ മൂന്നു സന്ദേശങ്ങള്‍ പ്രഖ്യാപിക്കുന്നതു നാം വായിക്കുന്നു. ആദ്യ ദൂതന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ‘ദൈവത്തെ ഭയപ്പെട്ട് അവനു മഹത്വം കൊടുപ്പിന്‍ അവന്റെ ന്യായവിധിയുടെ നാഴിക വന്നിരിക്കുന്നു.” രണ്ടാമത്തെ ദൂതന്‍ ‘വീണുപോയി, ബാബിലോണ്‍ വീണുപോയി” എന്നു പറഞ്ഞു. ‘മൃഗത്തെ ആരെങ്കിലും അനുഗമിച്ചാല്‍ അവന്‍ നിത്യദണ്ഡനം അനുഭവിക്കേണ്ടി വരും’ എന്നായിരുന്നു മൂന്നാമത്തെ ദൂതന്റെ പ്രഖ്യാപനം.

കര്‍ത്താവു തന്റെ അരിവാള്‍ ഉപയോഗിക്കുന്നതുകൊണ്ട് ദൈവത്തിന്റെ ന്യായവിധിയുടെ കൊയ്ത്തിനെക്കുറിച്ചു നമ്മള്‍ 14:14-20 വാക്യങ്ങളില്‍ വായിക്കുന്നു. ഒരു ദൂതന്‍ ഇങ്ങനെ പറയുന്നു: ‘ കൊയ്ത്തിനു സമയം വന്നതുകൊണ്ട് അരിവാള്‍ അയച്ചുകൊയ്ക. ഭൂമിയിലെ വിളവു വിളഞ്ഞുണങ്ങിയിരിക്കുന്നു'(14:15). ഇതു രക്ഷിക്കപ്പെടുവാനുള്ള ആത്മാക്കളുടെ കൊയ്ത്തല്ല. 2000 വര്‍ഷം മുന്‍പു തന്നെ ആ കൊയ്ത്തിനു സമയമായതായി യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞുവല്ലോ- ‘നിങ്ങള്‍ തലപൊക്കി നോക്കിയാല്‍ നിലങ്ങള്‍ ഇപ്പോള്‍ത്തന്നെ കൊയ്ത്തിനു വെളുത്തിരിക്കുന്നതു കാണും”(യോഹ4:35). പക്ഷേ ഇവിടെ നാം കാണുന്നതു മറ്റൊരു കൊയ്ത്താണ്- കാലാവസാനത്തില്‍ ലോകത്തിന്റെ മേലുള്ള ദൈവത്തിന്റെ ന്യായവിധിയുടെ കൊയ്ത്ത്.


ക്രിസ്തുവിന്റെ കാന്ത


15-ാം അദ്ധ്യായത്തില്‍ നമ്മള്‍ ക്രിസ്തുവിന്റെ കാന്തയുടെ മറ്റൊരു ചിത്രം കാണുന്നു(15:2). തീ കലര്‍ന്ന പളുങ്കു കടലിനരികെ അവള്‍ ജയാളിയായി നില്‍ക്കുന്നു. ഈ പളുങ്കു കണ്ണാടിക്കടല്‍ പൂര്‍ണ സമാധാന ജീവിതത്തിന്റെ ഒരു ചിത്രമാണ്. ‘ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടല്‍പോലെയാകുന്നു. അതിന് അടങ്ങിയിരിപ്പാന്‍ കഴികയില്ല” (യെശയ്യാവ് 57:20). ഇതിനു നേരെ വിപരീതമായ അനുഭവമാണു നാം ഇവിടെ കാണുന്നത്; ‘ക്രിസ്തുവിലുള്ള ശബ്ബത്ത് വിശ്രമ’ത്തിന്റെ അനുഭവത്തിലേക്കു ജീവിതത്തില്‍ പ്രവേശിച്ച വിശ്വാസികളെയാണു നാം ഇവിടെ കാണുന്നത്. (എബ്രായര്‍ 4:9-11). അവര്‍ മോശെയുടെ പാട്ടു പാടുന്നു. മോശെയുടെ പാട്ടുകള്‍ രണ്ടെണ്ണമാണ്. ഒന്ന് പുറപ്പാട് 15:1-4 ലും മറ്റൊന്ന് ആവര്‍ത്തനം 32:1-44-ലും നാം കാണുന്നു. രണ്ടു പാട്ടിലേയും ആശയം ഒന്നാണ്: ‘ദൈവം തന്നെ നമ്മുടെ ശത്രുക്കളോട് പ്രതികാരം ചെയ്തിരിക്കുന്നു.” നാം അതു ചെയ്തില്ല. ദൈവം അതു ചെയ്തു. കര്‍ത്താവിനു മഹത്വം!.

16-ാം അദ്ധ്യായത്തില്‍ ഏഴു ക്രോധകലശം ഭൂമിയിലേക്ക് ഒഴിക്കുന്നതായി നാം കാണുന്നു. ഈ അദ്ധ്യായത്തില്‍ വിവരിക്കുന്നതെല്ലാം വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നടക്കും. വെളിപ്പാടില്‍ ദൈവത്തിന്റെ ക്രോധത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് ഇവിടെ മാത്രമാണ്- അദ്ധ്യായം 14 മുതല്‍ 16 വരെ. ഇതു മഹോപദ്രവത്തിന്റെ അവസാന സമയത്താണു സംഭവിക്കുക. (6:16,17-ല്‍ ഇതിന്റെ ഒരു മുന്‍ ചിത്രം, നാം കാണുന്നു). ആ ക്രോധം ഒരിക്കലും ഒരു വിശ്വാസിയെ സ്പര്‍ശിക്കുകയില്ല. കാരണം നാം ദൈവത്തിന്റെ ക്രോധത്തില്‍ നിന്നു രക്ഷപ്പെട്ടവരാണ്. കര്‍ത്താവിന്റെ രണ്ടാം വരവിനെക്കുറിച്ച് ഈ അദ്ധ്യായത്തിന്റെ മദ്ധ്യ ഭാഗത്തു പൊടുന്നനെ പറഞ്ഞിരിക്കുന്നു (16:15). സഭ പെട്ടെന്ന് എടുക്കപ്പെടും. തുടര്‍ന്നു ദൈവത്തിന്റെ ക്രോധം ഭൂമിയുടെ മേല്‍ ചൊരിയപ്പെടും. അനന്തരം ക്രിസ്തു തന്റെ സഭയുമായി ഇവിടെ വാഴാനായി ഭൂമിയിലേക്കു മടങ്ങിവരും (19:11).

ഏഴാമത്തെ ക്രോധകലശം ഒഴിക്കുമ്പോള്‍ പല ദുരന്തങ്ങള്‍ ഭൂമിയിലുണ്ടാകും. ‘ഹര്‍മ്മഗെദ്ദോന്‍’ എന്ന സ്ഥലത്തു ഹ്രസ്വ യുദ്ധം അരങ്ങേറും. ഇതോടെ ബാബിലോണ്‍ ന്യായവിധിക്കു തയ്യാറായി കഴിഞ്ഞു. ബാബിലോണ്‍ എന്തിനായി നില്‍ക്കുന്നുവെന്നതാണ് അടുത്ത രണ്ട് അദ്ധ്യായങ്ങളില്‍ കാണുന്നത്.


ബാബിലോണും ആത്മിക വ്യഭിചാരവും


17ഉം 18ഉം അദ്ധ്യായങ്ങള്‍ ബാബിലോണിനെക്കുറിച്ചാണ്. അത് ഒരേ സമയം മതസംവിധാനവും രാഷ്ട്രീയ സംവിധാനവുമാണ്. ലോകത്തിലെ മലിനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ അതേ ആത്മാവുള്ള മലിനപ്പെട്ട ക്രിസ്തീയതയെ പ്രതിനിധാനം ചെയ്യുന്നതാണത്. ബാബിലോന്യന്‍ ക്രിസ്തീയത ഒരേ സമയം ഭൗതിക അധികാരവും ദൈവിക അധികാരവും അന്വേഷിക്കുന്ന ഒന്നാണ്. എന്നാല്‍ ലോകത്തിന്റെ ബഹുമാനം, ശക്തി എന്നിവയുമായി ദൈവിക ശക്തിക്കു കൂടിക്കലരുവാന്‍ കഴിയുകയില്ല എന്നതുകൊണ്ട് സാത്താന്‍ ദൈവശക്തിയുടെ വ്യാജാനുകരണങ്ങള്‍കൊണ്ടു ക്രിസ്തീയ ലോകത്തെ വഞ്ചിക്കും. ഇന്നു തന്നെ ബാബിലോന്യന്‍ പ്രസംഗകര്‍ വ്യാജ അത്ഭുതങ്ങളും ശക്തികളും കൊണ്ട് അനേകരെ വഞ്ചിക്കുന്നുണ്ടല്ലോ. എന്നാല്‍ യേശു പറഞ്ഞു ‘എന്റെ രാജ്യം ഐഹികമല്ല.” നിങ്ങള്‍ക്കു യേശുവിന്റെ ഒരു ശിഷ്യനായിരുന്നുകൊണ്ട് ഒരേ സമയം ദൈവരാജ്യവും ഈ ലോകരാജ്യവും നേടുവാന്‍ കഴിയുകയില്ല. എന്നാല്‍ ബാബിലോന്യന്‍ ക്രിസ്തീയത പറയുന്നതു നിങ്ങള്‍ക്കതു കഴിയുമെന്നാണ്. അതുകൊണ്ട് ബാബിലോന്യന്‍ ക്രിസ്തീയത, മുന്‍പേ അവിടുത്തെ രാജ്യമാണ് അന്വേഷിക്കുന്നതെന്നു പറഞ്ഞുകൊണ്ടുതന്നെ ഈ ലോകത്തില്‍ കിട്ടാവുന്നതെല്ലാം നേടാന്‍ ശ്രമിക്കുന്നു. എന്നാല്‍ സാത്താന്‍ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് അന്ത്യനാളില്‍ അവര്‍ കണ്ടെത്തും. അവര്‍ക്കു സ്വര്‍ഗരാജ്യവും ലഭിക്കാതെ പോകും.

17-ാം അദ്ധ്യായത്തില്‍ ഒരു സ്ത്രീ മൃഗത്തിന്റെ പുറത്തു സഞ്ചരിക്കുന്നതായി നാം കാണുന്നു. മൃഗം എന്നു പറയുന്നത് ഈ ലോകത്തിലെ രാഷ്ട്രീയ സംവിധാനവും സ്ത്രീ മതപരമായ ക്രിസ്തീയതയുമാണ്. അവര്‍ തമ്മില്‍ നല്ല ഐക്യമാണ്. 17:5 ല്‍ ‘മഹതിയാം ബാബിലോണ്‍’ എന്നു കാണുന്നു. വെളിപ്പാടു പുസ്തകത്തില്‍ ബാബിലോണിനെ 11 പ്രാവശ്യം ‘മഹത്തായ’ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. ഇതേ സമയം യെരുശലേമിനെ ‘വിശുദ്ധനഗരം’ എന്നാണു വിളിച്ചിരിക്കുന്നത് (വെളി.21:2). ‘മഹത്തും’ ‘വിശുദ്ധ’വും തമ്മിലുളള വ്യത്യാസം ‘എണ്ണ’വും ‘ഗുണ’വും തമ്മിലുള്ള വ്യത്യാസമാണ്. ഗുണത്തിലുള്ള വ്യത്യാസമാണ് അടിസ്ഥാനപരമായി ബാബിലോണും യെരുശലേമും തമ്മിലുള്ളത്. മഹത്തായതാകാനാണോ വിശുദ്ധമായതാകാനാണോ നിങ്ങളുടെ അന്വേഷണം? ഇതാണ് നിങ്ങള്‍ പണിയുന്നതു ബാബിലോണാണോ യെരുശലേമാണോ എന്നു തീരുമാനിക്കുന്നത്. നിങ്ങളുടെ ഉപദേശങ്ങളെല്ലാം സുവിശേഷ വിഹിതമായിരിക്കെത്തന്നെ, ഈ ലോകത്തോ ക്രിസ്തീയ രംഗത്തോ മഹത്തായതാണു നിങ്ങള്‍ അന്വേഷിക്കുന്നതെങ്കില്‍ നിങ്ങള്‍ ബാബിലോണ്‍ മാത്രമായിരിക്കും പണിയുന്നത്. എന്നാല്‍ നിങ്ങളുടെ വാഞ്ഛ ‘വിശുദ്ധി’യാ ണെങ്കില്‍ നിങ്ങള്‍ വലിയ ആളാവുകയില്ല, പക്ഷേ പണിയുന്നതു യെരുശലേമായിരിക്കും. ഇന്നു ക്രിസ്തീയ പ്രവര്‍ത്തനത്തിലായിരിക്കുന്നവര്‍ അഭിമുഖീകരിക്കുന്ന തിരഞ്ഞെടുപ്പ് ഇതാണ്. നമ്മള്‍ എണ്ണമാണോ, ഗുണമാണോ അന്വേഷിക്കുന്നത്? നാം നമ്മുടെ നിലവാരം താഴ്ത്തിയാല്‍ നമുക്കു കൂടുതല്‍ ആളുകളെ കിട്ടും. പക്ഷേ നാം അവരെ എല്ലാം നരകത്തിലേക്കു തന്നെ നയിക്കും. നോഹയുടെ 120 വര്‍ഷത്തെ ശു ശ്രൂഷയ്ക്കു ശേഷവും അദ്ദേഹത്തിന്റെ സഭയില്‍ 8 പേര്‍ മാത്രമാണുണ്ടായിരുന്നത്. കാരണം അവന്‍ ‘നീതിപ്രസംഗി’യായിരുന്നു (2 പത്രൊസ് 2:5). അവന്‍ നിലവാരം താഴ്ത്തിയില്ല. അവന്‍ നിലവാരം താഴ്ത്തിയിരുന്നെങ്കില്‍ തന്റെ സംഘത്തില്‍ എണ്ണൂ റോ എണ്ണായിരമോ ആളുകളെ അവനു ലഭിക്കുമായിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍ അവരെല്ലാവരും, നോഹയുള്‍പ്പെടെ, മുങ്ങി നശിച്ചു പോകുമായിരുന്നു. ആരും രക്ഷപ്പെടുമായിരുന്നില്ല. എന്നാല്‍ ദൈവത്തിനു സ്തുതി! നോഹ ഗുണമാണ്, ഒരിക്കലും എണ്ണമല്ല അന്വേഷിച്ചത്. ഫലം അവന്‍ തന്നോടൊപ്പം ഉണ്ടായിരുന്ന എട്ടുപേരേയും രക്ഷിച്ചു. നിങ്ങള്‍ ക്രിസ്തീയതയിലേക്ക് ആളുകളെ മതപരിവര്‍ത്തനം ചെയ്യിക്കുകയും അവരെ യേശുവിന്റെ ശിഷ്യരാക്കാതിരിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്കു കൂടുതല്‍ ആളുകളെ ലഭിച്ചേക്കും. പക്ഷേ അവരെല്ലാം ബാബിലോണിന്റെ ഭാഗമായിരിക്കുകയും ആത്യന്തികമായി ദൈവത്താല്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.

എല്ലാ ക്രിസ്തീയ സംഘങ്ങളിലേയും ചില ക്രിസ്ത്യാനികളിലെങ്കിലും ഞാന്‍ ഈ ബാബിലോണിന്റെ ആത്മാവ് കണ്ടിട്ടുണ്ട്. ഒരു സംഘടനയും സഭയും ഇതിന് അപവാദമല്ല. തന്റെ സഭയില്‍ നിന്ന് ഈ ആത്മാവിനെ പുറത്താക്കണമെങ്കില്‍ ഒരു സഭാ നേതാവ് നിരന്തരം പോരാട്ടത്തിലായിരിക്കേണ്ടതുണ്ട്. ഒത്തുതീര്‍പ്പ്, ലോകമയത്വം, ഈ ലോകത്തിന്റെ ധനവും മാനവും തേടുക എന്നിവയുടെ എല്ലാം ആത്മാവ് എളുപ്പത്തില്‍ ക്രിസ്ത്യാനികളെ സ്വാധീനിച്ചേക്കാം. അപ്പോള്‍ ഒരുവനു യേശുവിന്റെ ശിഷ്യനായിരിക്കാന്‍ കഴിയുകയില്ല. മനുഷ്യനെ പ്രസാദിപ്പിക്കാനാണു നിങ്ങളുടെ അന്വേഷണമെങ്കില്‍ നിങ്ങള്‍ക്കു ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുകയില്ല. ഒരു സഭ വിട്ട് മറ്റൊരു സഭയില്‍ ചേര്‍ന്നതുകൊണ്ടു മാത്രം നിങ്ങള്‍ക്കു ബാബിലോണിന്റെ ആത്മാവില്‍ നിന്നു രക്ഷപ്പെടാനാവില്ല. പല പ്രൊട്ടസ്റ്റന്റുകാരും പെന്തക്കോസ്തുകാരും റോമന്‍ കത്തോലിക്കാ സഭയാണു ബാബിലോണ്‍ എന്നു പറയാറുണ്ട്. എന്നാല്‍ ബാബിലോണിന്റെ ആത്മാവ് പ്രോട്ടസ്റ്റന്റ്കാരിലും പെന്തക്കോസ്തുകാരിലും കാണാം- നേതാക്കളില്‍ പ്രത്യേകിച്ചും. റോമന്‍ കത്തോലിക്ക പുരോഹിതന്മാരെക്കാളേറെ അവരില്‍ പലരും പണത്തിന്റെ പിന്നാലെ പായുന്നു.

ബാബിലോണ്‍ എന്നുപറയുന്നത് ഏതെങ്കിലും പ്രത്യേക സംഘടനയോ കൂട്ടമോ അല്ല. അതൊരു സംവിധാനമാണ്. സാത്താന്റെ ലോകസംവിധാനം പോലെ അത് എല്ലാ ക്രിസ്തീയ ഗ്രുപ്പുകളിലും നുഴഞ്ഞുകയറുകയും പടരുകയുംചെയ്യുന്നു. നിങ്ങള്‍ക്കു ലോകത്തിലെ ഏറ്റവും വിശുദ്ധമായ സഭയില്‍ ഇരുന്നുകൊണ്ടു തന്നെ ബാബിലോണിന്റെ ഭാഗമാകാം. ഇതൊരു ആത്മാവാണ്. ക്രിസ്തുവിനെ പണവും സൗകര്യങ്ങളുമായും സ്വര്‍ഗ്ഗത്തെ ലോകവുമായും കൂട്ടിക്കലര്‍ത്തുന്ന ആത്മാവ്. എന്നാല്‍ ഇവ പരസ്പര വിരുദ്ധമാണ്. വെളളവും എണ്ണയും തമ്മില്‍ കൂടിക്കലരാത്തതുപോലെ ഇവ തമ്മിലും കൂടിക്കലരുകയില്ല. ബാബിലോണിന്റെ ആത്മാവില്‍ നിന്നു രക്ഷപെടുന്നതിനുള്ള ഒരേയൊരു വഴി നിരന്തരം ജഡത്തെ മരണത്തിന് ഏല്‍പ്പിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ നിന്നു ലോകത്തിന്റെ ആത്മാവിനെ ഒഴിവാക്കുകയുമാണ്.

18-ാം അദ്ധ്യായത്തില്‍ ബാബിലോണിനെ ഒരു സാമ്പത്തിക സംവിധാനമായി നാം കാണുന്നു. പല ആളുകളെയും സംബന്ധിച്ചിടത്തോളം ക്രിസ്തീയ മതം അവര്‍ക്കു പണം ഉണ്ടാക്കാനുള്ള ഒരു നല്ല മാര്‍ഗ്ഗമാണ്. യേശുവിന്റെ കാലത്തു ലൗകികരായ യെഹൂദന്മാര്‍ ദേവാലയത്തില്‍ പ്രാവുകളെയും ആടുകളെയും വില്‍ക്കുമായിരുന്നു. അത് ആളുകളെ സേവിക്കാന്‍ വേണ്ടിയായിരുന്നില്ല, മറിച്ചു തങ്ങള്‍ക്കു നേട്ടം ഉണ്ടാക്കാനായിരുന്നു. വ്യക്തിപരമായ ത്യാഗമില്ലാതെ സ്വന്തം നേട്ടത്തിനുവേണ്ടി നിങ്ങള്‍ എപ്പോഴൊക്കെ ക്രിസ്തീയ പ്രവര്‍ത്തനം ചെയ്യുന്നുവോ അപ്പോഴെല്ലാം നിങ്ങള്‍ ബാബിലോണിന്റെ ആത്മാവിലാണു പ്രവര്‍ത്തിക്കുന്നത്. ഇന്നു ക്രിസ്തീയ ലോകത്തു പല പ്രസംഗകരും പുസ്തകങ്ങള്‍ എഴുതുകയും വീഡിയോകള്‍ ഉണ്ടാക്കുകയും ചെയ്തു തങ്ങള്‍ക്കായി റോയല്‍റ്റി ഇനത്തില്‍ വന്‍ തുക സമ്പാദിക്കുന്നു. കര്‍ത്താവിന്റെ പേരിലാണു ശുശ്രൂഷ, പക്ഷേ പണം ഉണ്ടാക്കുന്നതു തങ്ങള്‍ക്കുവേണ്ടി. ഇതാണു ബാബിലോണിന്റെ ആത്മാവ്. ക്രിസ്മസ് ആഘോഷങ്ങളെക്കുറിച്ചു ചിന്തിക്കുക. ക്രിസ്മസ് കാര്‍ഡുകളും സമ്മാനങ്ങളും വിറ്റ് കടക്കാര്‍ എത്ര പണമാണ് അക്കാലത്തു സമ്പാദിക്കുന്നത്!

ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാര്‍ ഈ തെറ്റായ സംവിധാനത്തിനെതിരെ എപ്പോഴും നില്‍ക്കും. അപ്പോസ്തലന്മാര്‍ ഇങ്ങനെയല്ല കര്‍ത്താവിനെ സേവിച്ചിരുന്നതെന്ന് അവര്‍ പ്രഖ്യാപിക്കും. കര്‍ത്താവിന്റെ ശുശ്രൂഷ ചെയ്യുന്നവര്‍ക്ക് സ്വമേധാ ദാനങ്ങള്‍ തങ്ങള്‍ക്കു നല്‍കുന്നവരില്‍ നിന്ന് അത് സ്വീകരിക്കാമെന്നു പുതിയ നിയമം പഠിപ്പിക്കുന്നുണ്ട്. അതേ സമയം നിങ്ങള്‍ ക്രിസ്തീയ ശുശ്രൂഷയില്‍ ആയിരിക്കുകയും വാസ്തവത്തില്‍ നിങ്ങള്‍ ഒരു ലോക ജോലി നോക്കിയിരുന്നെങ്കില്‍ നിങ്ങള്‍ക്കു കിട്ടാമായിരുന്നതില്‍ കൂടുതല്‍ നിങ്ങളുടെ ശുശ്രൂഷകൊണ്ടു സമ്പാദിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ബാബിലോണിന്റെ ആത്മാവിനാല്‍ സ്വാധീനിക്കപ്പെട്ടവനാണ്. ഒരു ലോക ജോലിയില്‍ നിന്നു ലഭിക്കുമായിരുന്നതിന്റെ അഞ്ചും പത്തും ഇരട്ടിയാണു പല ക്രിസ്തീയ പ്രവര്‍ത്തകരും ഇന്നു സമ്പാദിക്കുന്നത്. അവര്‍ കര്‍ത്താവിനെയല്ല സേവിക്കുന്നത,് മറിച്ച് തങ്ങളെത്തന്നെയാണ്. ഇതെല്ലാം തുറന്നു പറയുന്നതുകൊണ്ട് പല പാസ്റ്റര്‍മാരും പ്രസംഗകരും എന്നോടു കടുത്ത ദേഷ്യത്തിലാണ്. പക്ഷേ ദൈവത്തിന്റെ പേരില്‍ പണം ഉണ്ടാക്കിയവരെ തുറന്നുകാട്ടിയതിന് ദേവാലയത്തിലെ പുരോഹിതന്മാര്‍ യേശുവിനേയും വെറുത്തു. അതുകൊണ്ട് അതേ കാരണത്താല്‍ ആളുകള്‍ ഇന്ന് എന്നെ വെറുക്കുന്നെങ്കില്‍ അങ്ങനെ ആയിക്കോട്ടേ.

എന്നാല്‍ ഇന്ന് ഈ മട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അന്ത്യനാളില്‍ വലിയ ഖേദം ഉണ്ടാകും. ദൈവത്തിന്റെ വഴി ത്യാഗത്തിന്റെ വഴിയാണ്. യെരുശലേം യാഗത്തിന്റെ നഗരമാണ്. പുരാതന യെരുശലേമിലെ ദേവാലയത്തില്‍ ചെന്നാല്‍ പ്രാകാരത്തില്‍ ഉടനീളം രക്തം നിങ്ങള്‍ക്കു കാണാം. അതു യാഗത്തിന്റെ സ്ഥലമാണ്. ഇതേ സമയം ബാബിലോണ്‍ കച്ചവടത്തിന്റെ സ്ഥലമായിരിക്കുന്നു. യേശുവിനെ അനുഗമിക്കുകയും തന്നെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നു വച്ചാല്‍ ഈ ത്യാഗത്തിന്റെ വഴിയിലൂടെ പോകുന്നതാണ്. അല്ലാതെ പണത്തിന്റെയോ സ്ഥാനമാനങ്ങളുടേയോ വ്യക്തിപരമായ നേട്ടങ്ങളുടെയോ വഴിയില്‍ പോകുന്നതല്ല. ഒരുനാളില്‍ ദൈവം ഈ സാമ്പത്തിക, മത സംവിധാനത്തെ, അതില്‍ പണിഞ്ഞവരും പിന്തുണച്ചവരും ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത,് തകര്‍ത്തുകളയും. അതുകൊണ്ട് കര്‍ത്താവ് ഇന്നു തന്റെ ജനത്തെ ആഹ്വാനം ചെയ്യുന്നത് ഇങ്ങനെയാണ്: ‘ എന്റെ ജനമായുള്ളോരേ, ബാബിലോണിനെ വിട്ടു പോരുവിന്‍. അവളുടെ പാപങ്ങളില്‍ ഓഹരിക്കാരാകരുത്. അല്ലാത്തപക്ഷം അവളോടൊപ്പം നിങ്ങളും ശിക്ഷിക്കപ്പെടും. അവളുടെ പാപം ആകാശത്തോളം കുന്നിച്ചിരിക്കുന്നു. അവളുടെ അകൃത്യത്തിന് അവളെ ശിക്ഷിക്കാന്‍ ദൈവം തയ്യാറായിരിക്കുന്നു” (വെളിപ്പാട് 18: 4,5).

19-ാം അദ്ധ്യായത്തില്‍ പുതിയ നിയമത്തില്‍ ആദ്യമായി ‘ഹല്ലേലുയ്യ’ എന്ന വാക്കു വരുന്നു. പുതിയ നിയമത്തില്‍ ആകെ നാലു വട്ടമാണ് ഈ വാക്കു നാം കാണുന്നത്. നാലും ഈ അദ്ധ്യായത്തിലാണു താനും. ഇന്നു പലരും അര്‍ത്ഥബോധമില്ലാതെ ‘ഹല്ലേലുയ്യ’ എന്നു പറയാറുണ്ട്. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ അവര്‍ ‘ഹല്ലേലുയ്യ’ പറയുന്നതിന് ഒരു കാരണമുണ്ട്. ബാബിലോണ്‍ തകര്‍ക്കപ്പെട്ടതിനാലാണ് അവര്‍ മൂന്നു വട്ടം ‘ഹല്ലേലുയ്യ’ എന്നു ആര്‍ത്തത് (19:1-4). ഇന്നു നിങ്ങളും ഇതിനോടു ചേര്‍ന്ന് ഇങ്ങനെ പറയുമോ? – ‘ഹല്ലേലുയ്യ’ കര്‍ത്താവേ, ധാരാളം പേരെ വഴിതെറ്റിച്ചിട്ടുള്ള പണ സമ്പാദനത്തിന്റേയും സുഖസ്‌നേഹത്തിന്റേയും മോശപ്പെട്ട ക്രിസ്തീയതയെ അവിടുന്നു നശിപ്പിക്കുവാന്‍ പോകുന്നല്ലോ.”

നാലാമത്തെ വട്ടം അവര്‍ ‘ഹല്ലേലുയ്യ’ പറഞ്ഞതിന്റെ കാരണം ‘കര്‍ത്താവായ ദൈവം വാഴുന്നു, കുഞ്ഞാടിന്റെ കല്യാണം വന്നു, കാന്തയും തന്നെത്താന്‍ ഒരുങ്ങിയിരിക്കുന്നു'(19:6,7). നമ്മള്‍ ‘ഹല്ലേലുയ്യ’ എന്ന് ആര്‍ക്കാനുളള മറ്റൊരു കാരണം ഇതാണ്. ഇന്നു ഭൂമിയില്‍ ക്രിസ്തുവിന്റെ കാന്തയെ നിര്‍മലതയില്‍ ദൈവം ഒരുക്കിക്കൊണ്ടിരിക്കുന്നു.

ബാബിലോണിന്റെ ആത്മാവില്‍ നിന്നു തങ്ങളെത്തന്നെ നിര്‍മലരായി സൂക്ഷിക്കുന്നവര്‍ ചേര്‍ന്നതാണു ക്രിസ്തുവിന്റെ കാന്ത. അവള്‍ ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രമാണു സ്വര്‍ണം ഒന്നും കൂടാതെ ധരിച്ചിരിക്കുന്നത്. ഇത് വിശ്വാസികള്‍ ജീവിക്കുന്ന നീതിയുള്ള ജീവിതത്തിന്റെ പ്രതീകമാണ്. ഇതു ക്രിസ്തുവിന്റെ നീതിയല്ല. മറിച്ച് വിശുദ്ധന്മാരുടെ നീതിപ്രവൃത്തികളാണ് (വെളിപ്പാട് 19:8). ഈ ശുദ്ധവും ശുഭ്രവുമായ വസ്ത്രം പൊന്നും രത്‌നവും മുത്തും അണിഞ്ഞ വേശ്യയുടെ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവുമുളള വസ്ത്രത്തില്‍ നിന്ന് എത്ര വ്യത്യസ്തം! (17:4).
ക്രിസ്തുവിന്റെ കാന്തയെ കണ്ടപ്പോള്‍ യോഹന്നാന്‍ അങ്ങേയറ്റം ആവേശഭരിതനായി ദൂതനെ വീണു നമസ്‌ക്കരിക്കുന്നു. എന്നാല്‍ ദൂതന്‍ പറഞ്ഞത് ‘ എന്നെ നമസ്‌ക്കരിക്കേണ്ട, ദൈവത്തെ ആരാധിക്കുക”(19:10) എന്നാണ്.

തുടര്‍ന്നു ക്രിസ്തു ഭൂമിയിലേക്ക് ഒരു യോദ്ധാവിനെപ്പോലെ തന്റെ വിശുദ്ധന്മാരുമായി വരുന്നതു നാം കാണുന്നു. കര്‍ത്താവിനെ ഭൂമിയിലേക്കു സ്വാഗതം ചെയ്യാന്‍ ഇതിനു തൊട്ടു മുമ്പ് മേഘങ്ങളില്‍ എടുക്കപ്പെട്ടവരാണ് ഈ വിശുദ്ധന്മാര്‍ (19:11-16). ക്രിസ്തു തന്റെ രാജ്യം സ്ഥാപിക്കാനാണു വരുന്നത്. ഹര്‍മ്മഗെദ്ദോന്‍ യുദ്ധത്തിന്റെ ഒരു ലഘുവിവരണവും നാം ഇവിടെ കാണുന്നു (19:17-21). തുടര്‍ന്നു എതിര്‍ക്രിസ്തുവും കള്ള പ്രവാചകനും അഗ്നിപ്പൊയ്കയില്‍ എറിയപ്പെടുന്നു (19:20). അവരാണ് അഗ്നിപ്പൊയ്കയിലെ ആദ്യത്തെ രണ്ട് അന്തേവാസികള്‍. നരകത്തിന്റെ വലിയൊരു പതിപ്പാണ് അഗ്നിപ്പൊയ്ക.


ആയിരം ആണ്ട് വാഴ്ച

20-ാം അദ്ധ്യായത്തില്‍, സാത്താനെ 1000 വര്‍ഷത്തേക്ക് അഗാധകൂപത്തില്‍ ബന്ധിക്കുന്നതും യേശു ഭൂമിയില്‍ വാഴുന്നതും നാം വായിക്കുന്നു. ആ കാലത്ത് ഈ പ്രവചനം നിവൃത്തിയാകും- ‘ചെന്നായും കുഞ്ഞാടും ഒന്നിച്ചു കിടക്കും. പുള്ളിപ്പുലിയും ആടുകളും സമാധാനത്തില്‍ കഴിയും. പശുക്കിടാവും തടിച്ച കാളയും സിംഹങ്ങളുടെ ഇടയില്‍ സുരക്ഷിതമായിരിക്കും. സിംഹം പശുക്കളെപ്പോലെ പുല്ലു തിന്നും. വിഷസര്‍പ്പങ്ങള്‍ക്കിടയില്‍ ശിശുക്കള്‍ കളിച്ചു നടക്കും. സമുദ്രത്തില്‍ വെള്ളം നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി കര്‍ത്താവിന്റെ പരിജ്ഞാനം കൊണ്ടു പൂര്‍ണമായിരിക്കും” (യെശയ്യാ11:6-9 ലിവിങ്). ഭൂമിയില്‍ കര്‍ത്താവിനോടു വിശ്വസ്തരായിരുന്നവര്‍ ആ 1000 വര്‍ഷം ക്രിസ്തുവിനോടൊപ്പം വാഴും.

ഇവിടെ സാത്താന്റെ ഒരു ലഘു ചരിത്രം ഇങ്ങനെ: അവന്‍ ദൈവത്തോടു മത്സരിച്ചപ്പോള്‍ ആദ്യം മൂന്നാം സ്വര്‍ഗ്ഗത്തില്‍ നിന്നു രണ്ടാം സ്വര്‍ഗ്ഗത്തിലേക്കു തള്ളപ്പെട്ടു. ഒരു നാള്‍ രണ്ടാം സ്വര്‍ഗ്ഗത്തില്‍ നിന്നു അവനെ ഭൂമിയിലേക്കു തള്ളിക്കളയും(12-ാം അദ്ധ്യായത്തില്‍ നാം ഇതു കാണുന്നു.) ഇവിടെയിതാ അവനെ ഭൂമിയില്‍ നിന്ന് അടി കാണാത്ത അഗാധതയിലേക്ക് ഇടുന്നു. ആയിരമാണ്ടു വാഴ്ചയ്ക്കുശേഷം അവനെ അല്പകാലത്തേക്കു മോചിപ്പിക്കും. തുടര്‍ന്ന് അവനെ അഗ്നിപ്പൊയ്കയിലേക്കു തള്ളിക്കളയും. അതായിരിക്കും അവന്റെ അന്ത്യം.

നാം ഇവിടെ ഒന്നാമത്തെ പുനരുത്ഥാനത്തെക്കുറിച്ചും വായിക്കുന്നു. അതു വിശുദ്ധന്മാരുടെ പുനരുത്ഥാനമാണ് (20:6). ക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ച പൂര്‍ത്തിയാകാതെ ദുഷ്ടന്മാര്‍ അവരുടെ ന്യായവിധിക്കായി ഉയിര്‍ക്കുകയില്ല. ഈ ആയിരം വര്‍ഷങ്ങളുടെ അന്ത്യത്തില്‍ സാത്താനെ അല്പകാലത്തേക്കു മോചിപ്പിക്കും. മനുഷ്യന്‍ സ്വാര്‍ത്ഥനും സ്വയകേന്ദ്രീകൃതനും ദൈവത്തിനു ജിവിതം സമര്‍പ്പിക്കാന്‍ വിമുഖനും ആയതുകൊണ്ട്, യേശുവിന്റെ ആയിരം വര്‍ഷത്തെ സമാധാനപൂര്‍ണമായ വാഴ്ച കണ്ടിട്ടും അവര്‍ സാത്താനെ അനുഗമിക്കാനാണ് ആഗ്രഹിക്കുന്നത് എന്നു കാണിക്കാന്‍ വേണ്ടിയാണിത്. പക്ഷേ ഒരു നിമിഷത്തിനുളളില്‍ ദൈവത്തിന്റെ തീയിറങ്ങി അവരെ ദഹിപ്പിച്ചു കളയുകയും അവരെ വഞ്ചിച്ച പിശാചിനെ ഗന്ധകത്തീപ്പൊയ്കയില്‍ തളളിയിടുകയും ചെയ്യും (20:9,10).

തുടര്‍ന്നു രണ്ടാമത്തെ പുനരുത്ഥാനം. ദൈവം ന്യായവിധിയുടെ സിംഹാസനത്തില്‍ ഇരിക്കും. എല്ലാ കാലത്തുമുളള അവിശ്വാസികള്‍ മരണത്തില്‍ നിന്ന് ഉയിര്‍പ്പിക്കപ്പെട്ട് അവിടുത്തെ മുമ്പാകെ നില്‍ക്കും. അവരുടെ ജീവിത വിവരങ്ങള്‍ രേഖപ്പെടുത്തിയ പുസ്തകങ്ങള്‍ തുറക്കപ്പെടും (20:11,12). വെളിപ്പാടു പുസ്തകം എഴുതിയ കാലത്ത്, പുസ്തകങ്ങള്‍ ഇന്നുള്ള പുസ്തകങ്ങള്‍ പോലെ ആയിരുന്നില്ല. അവ തുകല്‍ച്ചുരുളുകളായിരുന്നു. ഇന്നത്തെ വിഡിയോ ടേപ്പുകള്‍ ചുരുള്‍പോലെ ചുറ്റാവുന്നതായതുകൊണ്ട് അവയായിരിക്കും അന്നത്തെ പുസ്തകങ്ങളോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. അതുകൊണ്ടു ദൈവം ഓരോരുത്തരുടേയും ഓര്‍മ്മകളുടെ വീഡിയോ ടേപ്പ് എടുത്ത് ഭൂതകാല ഓര്‍മകളുടെ ചുരുള്‍ അഴിക്കുന്ന റീവൈന്റ് ബട്ടണ്‍ അമര്‍ത്തും. അപ്പോള്‍ ഓരോ വ്യക്തിയുടെയും ഓര്‍മയില്‍ അവന്‍ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ചെയ്ത കാര്യങ്ങളുടെ ദൃശ്യങ്ങള്‍ തുടക്കം മുതല്‍ തുടര്‍ച്ചയായി പ്രത്യക്ഷപ്പെടും. അതു മുഴുലോകവും കാണും. അവന്‍ പറഞ്ഞതും ചെയ്തതും- അവന്‍ പറഞ്ഞ കള്ളങ്ങള്‍, വായിച്ച മോശപ്പെട്ട പുസ്തകങ്ങള്‍, ചിന്തകള്‍, മനോഭാവങ്ങള്‍, ഉദ്ദേശ്യങ്ങള്‍- എല്ലാം ലോകം മുഴുവന്‍ കാണത്തക്കവിധത്തില്‍ സ്‌ക്രീനില്‍ വലുതായി പ്രദര്‍ശിപ്പിക്കും. അപ്പോള്‍ ഈ വ്യക്തി അഗ്നിപ്പൊയ്കയ്ക്കു സര്‍വ്വഥാ യോഗ്യനാണെന്ന് എല്ലാവരും സമ്മതിക്കും. ഈ ആളുകള്‍ നേരത്തെ നരകത്തിലായിരുന്നു. വീണ്ടും അഗ്നിപ്പൊയ്കയില്‍ തള്ളാനാണെങ്കില്‍ എന്തിനാണ് അവരെ അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചത്? അതു മുഴുലോകത്തേയും ദൈവിക ന്യായവിധിയുടെ നീതി കാണിക്കാനാണ്- അഗ്നിപ്പൊയ്കയില്‍ ഇടപ്പെട്ട എല്ലാവരും അതിനു യോഗ്യരാണെന്നു വ്യക്തമാക്കാന്‍. ന്യായമായ വിധി നടന്നാല്‍ മാത്രം പോര, അതു ബോദ്ധ്യപ്പെടുത്തുകയും വേണം.

നമ്മുടെ എല്ലാം ഓര്‍മ്മയില്‍ ഒരു വീഡിയോ ടേപ്പുണ്ട്. അത് ഒരു ദിവസം ലോകത്തിനു മുമ്പാകെ വെളിവാകും- വിശ്വാസികളെ സംബന്ധിച്ചിടത്തോളം അതു ക്രിസ്തുവിന്റെ ന്യായാസനത്തിനു മുന്‍പിലും (2 കൊരിന്ത്യ.5:10). അവിശ്വാസികളെ സംബന്ധിച്ച് വെള്ള സിംഹാസനത്തിലെ ന്യായവിധിയിലും. ഈ വീഡിയോ ടേപ്പില്‍ നിന്നു നമ്മുടെ പാപങ്ങള്‍ മായിച്ചു കളയാന്‍ ഒരേയൊരു മാര്‍ഗ്ഗമേയുള്ളു. തെറ്റ് സത്യസന്ധമായി ഏറ്റുപറയുകയും ആത്മാര്‍ഥമായി അനുതപിക്കുകയും ആ പാപത്തില്‍ നിന്നു വിട്ടുമാറുകയും നമ്മുടെ പാപങ്ങളെല്ലാം അവിടുത്തെ രക്തത്താല്‍ കഴുകണമെന്ന് ക്രിസ്തുവിനോട് അപേക്ഷിക്കുകയുമാണത്. അപ്പോള്‍ വീഡിയോ ടേപ്പിന്റെ ആ ഭാഗങ്ങള്‍ മായിക്കപ്പടുകയും അവിടം ശൂന്യമായി കിടക്കുകയും ചെയ്യും. പാപം വേഗത്തില്‍ ശുദ്ധീകരിക്കപ്പെടുമെന്നും അതുകൊണ്ടു നമുക്കു പാപത്തെ ലഘുവായി എടുക്കാമെന്നുമല്ല അതിന്റെ അര്‍ഥം. ടേപ്പില്‍ നിന്നു നമ്മുടെ പാപങ്ങള്‍ മായിച്ചു കളയപ്പെടുമെങ്കിലും അന്തിമനാളില്‍ നമ്മുടെ ഓര്‍മയുടെ ടേപ്പില്‍ ഒട്ടേറെ ശൂന്യസ്ഥലങ്ങളുണ്ടെന്നു മറ്റുള്ളവര്‍ കാണുന്നതു നമുക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നു കരുതരുതോ?


പുതിയ യെരുശലേം

21,22 അദ്ധ്യായങ്ങളില്‍ നമ്മള്‍ പുതിയ യെരുശലേം, പുതിയ ആകാശം, പുതിയ ഭൂമി എന്നിവയെക്കുറിച്ചു വായിക്കുന്നു. പുതിയ യെരുശലേമില്‍ ജയാളിക്ക് എല്ലാം അവകാശമായി ലഭിക്കും (21:7). എന്നാല്‍ 21:8-ല്‍ തീയും ഗന്ധകവും കത്തുന്ന പൊയ്കയില്‍ തള്ളപ്പെടുന്നവരുടെ ഹ്രസ്വമായ ഒരു പട്ടിക നാം കാണുന്നു. അവിടെ പട്ടികയില്‍ ഒന്നാമതു പറഞ്ഞിരിക്കുന്നത് ഭീരുക്കളെക്കുറിച്ചാണെന്നതു ശ്രദ്ധിക്കുക. ഇവര്‍ ദൈവത്തെക്കാള്‍ മനുഷ്യരെ ഭയപ്പെട്ടവരും ദൈവിക അംഗീകാരത്തെക്കാളേറെ മാനുഷിക അംഗീകാരത്തെ വിലമതിച്ചവരും സത്യത്തിനുവേണ്ടി നിവരേ നില്‍ക്കാന്‍ ധൈര്യമില്ലാത്തവരുമായിരുന്നു.

പുതിയ യെരുശലേം സ്വഛ സ്ഫടിക വസ്തുക്കള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ടതായിരുന്നു (21:10,11). നാം തേജസ്സേറിയ സഭയുടെ ഭാഗമാകണമെങ്കില്‍ എല്ലാ കാപട്യങ്ങളില്‍ നിന്നും പൂര്‍ണമായി വിടുതല്‍ പ്രാപിക്കണമെന്നും സുതാര്യതയുള്ളവരായിരിക്കണമെന്നും ഇതു സൂചിപ്പിക്കുന്നു. 21:16-ലും ഇതു പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നു. അവിടെ ‘നഗരത്തിന്റെ നീളവും വീതിയും ഉയരവും തുല്യമാണെ’ന്നു നമ്മോടു പറഞ്ഞിരിക്കുന്നു. ഇതൊരു സമചതുരക്കട്ടയാണ്. അതിന്റെ ആഴം, അതിന്റെ നീളത്തിനും വീതിക്കും ഒപ്പമാണ്. അതുകൊണ്ട് എല്ലാസമയത്തും ജീവിതത്തില്‍ സ്വഛ സ്ഫടികം പോലെ ആയിരിക്കുക: മറ്റുളളവര്‍ ബാഹ്യമായി നിങ്ങളുടെ ജീവിതത്തില്‍ കാണുന്ന ആത്മിക ആഴം ആന്തരിക ജീവിതത്തിലും ഉണ്ടായിരിക്കുവാന്‍ ശ്രമിക്കുക. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ നിങ്ങളുടെ സ്വകാര്യജീവിതം പരസ്യജീവിതത്തില്‍ നിന്ന് ഒരു വിധത്തിലും വ്യത്യസ്തമായിരിക്കരുത്.

21:12-ലും 14-ലും യിസ്രയേലിലെ 12 ഗോത്രങ്ങളെക്കുറിച്ചും ക്രിസ്തുവിന്റെ 12 അപ്പൊസ്തലന്മാരെക്കുറിച്ചും വായിക്കുന്നു. പുതിയ യെരുശലേമില്‍ പഴയ നിയമ വിശുദ്ധന്മാര്‍ക്കും പുതിയ നിയമവിശ്വാസികള്‍ക്കും പങ്കാളിത്തമുണ്ടെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.

22:1,2-ല്‍ ജീവജല നദി, ജീവവൃക്ഷം, ദൈവത്തിന്റേയും ക്രിസ്തുവിന്റേയും സിംഹാസനം എന്നിവയെക്കുറിച്ചു നാം കാണുന്നു. യാതൊരു ശാപവും ഇനി എങ്ങുമില്ല (22:3). നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും നശിപ്പിക്കപ്പെട്ടു. സൂര്യന്റെ വെളിച്ചം അവിടെ ആവശ്യമില്ല. കാരണം ദൈവം തന്നെ അവിടെ പ്രകാശമായിരിക്കുന്നു (22:5). ഇതു നമ്മുടെ നിതൃഭവനത്തിന്റെ ചിത്രമാണ്. തുടര്‍ന്നു യേശു പറയുന്നു: ‘ഇതാ ഞാന്‍ വേഗത്തില്‍ വരുന്നു, ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവന്‍ ഭാഗ്യവാന്‍” (22:7).

ഇതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്ത് ആവേശഭരിതനായിപ്പോയ യോഹന്നാന്‍ ഇതാ ദൂതന്റെ കാല്‍ക്കല്‍ വീണു വീണ്ടും നമസ്‌കരിപ്പാന്‍ തുനിയുന്നു. യോഹന്നാന്‍ രണ്ടാംവട്ടമാണ് ഈ തെറ്റു ചെയ്യുന്നത്. എന്നാല്‍ ദൂതന്‍ ഉടനെ രണ്ടാമതും അവനോടു പറയുന്നു: ‘ദൈവത്തെ നമസ്‌ക്കരിക്ക” (22:8,9).

22:11-ല്‍ നാം അത്ഭുതകരമായ ഒരു പ്രബോധനം കേള്‍ക്കുന്നു. ”അനീതി ചെയ്യുന്നവന്‍ ഇനി അനീതി ചെയ്യട്ടെ, അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ.” അനീതി ചെയ്യാനും അശുദ്ധിയില്‍ തുടരാനുമുളള ആഹ്വാനം അവസാന പേജില്‍ നല്‍കിക്കൊണ്ട് ബൈബിള്‍ അവസാനിക്കുമെന്നു നിങ്ങള്‍ക്കു സങ്കല്പിക്കാനാവുമോ? അതിന്റെ അര്‍ഥം ഇതാണ്. നിങ്ങള്‍ മുഴുവന്‍ ബൈബിളും വായിച്ചിട്ട് അതിന്റെ അവസാന താളില്‍ എത്തിയിട്ടും നിങ്ങള്‍ പിന്നെയും അനീതി ചെയ്യാനും അശുദ്ധിയില്‍ തുടരാനുമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ദൈവം നിങ്ങളോട് പറയുന്നു: ‘എങ്കില്‍ അങ്ങനെ തന്നെ ആയിക്കോട്ടേ, തെറ്റു ചെയ്യുകയും അശുദ്ധിയില്‍ തുടരുകയും ചെയ്തുകൊള്ളുക. നിങ്ങളെക്കുറിച്ച് ഇനി പ്രതീക്ഷയ്ക്കു വകയില്ല.’

അവസാന നാളുകളിലാണു നാം ഇപ്പോള്‍ ജീവിക്കുന്നത്. കര്‍ത്താവു വേഗം വരുന്നു. ഓരോരുത്തരുടെ പ്രവൃത്തിക്കു തക്കവണ്ണം ദൈവം പകരം ചെയ്യും(22:12). 22:15-ല്‍ വാക്കോ പ്രവൃത്തിയോകൊണ്ടുള്ള ഭോഷ്‌കിനെതിരെ അന്തിമമായ മുന്നറിയിപ്പു നല്‍കിയിരിക്കുന്നു. ബൈബിളില്‍ ആദ്യമായി പറഞ്ഞിരിക്കുന്ന പാപം ഭോഷ്‌ക്കാണ്. ‘നിങ്ങള്‍ മരിക്കയില്ല നിശ്ചയം’ (ഉല്‍പ്പത്തി 3:4) എന്നു സാത്താന്‍ ഹവ്വയോടു പറഞ്ഞതാണ് ആദ്യപാപം. ബൈബിളില്‍ അവസാനമായി ഇവിടെ പറഞ്ഞിരിക്കുന്ന പാപവും ഭോഷ്‌ക്കാണ്. വ്യാജം, കാപട്യം എന്നിവയുടെ ഗൗരവം ഇതില്‍ നിന്നു വ്യക്തമാണ്. ഭോഷ്‌കു പറയുന്ന സ്വഭാവത്തില്‍ നിന്നു തങ്ങളെത്തന്നെ ശുദ്ധീകരിക്കുന്നവരാണു ക്രിസ്തുവിന്റെ കാന്തയുടെ ഭാഗമായിത്തീരുന്നത് (വെളിപ്പാട്14:5).

ദിവ്യജീവനുവേണ്ടി ദാഹിക്കുന്ന എല്ലാവര്‍ക്കുമായി ബൈബിള്‍ അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് ഇതാ ഒരു ക്ഷണം. നിത്യജിവനില്‍ സൗജന്യമായി പങ്കാളികളാകാനാണ് ഈ ക്ഷണം (22:17). വെളിപ്പാടു പുസ്തകത്തില്‍ രണ്ടു ക്ഷണങ്ങളാണുള്ളത്: അവിശ്വാസികളോടു രക്ഷിക്കപ്പെടാനും വിശ്വാസികളോട് ജയാളികളാകാനും.

ഈ പുസ്തകത്തിലെ കല്പനകള്‍ ഒഴിവാക്കുകയോ വ്യത്യാസപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ഒരു അന്തിമ മുന്നറിയിപ്പും നാം ഇവിടെ കാണുന്നു (22:18,19). അവിടുന്നു ഭൂമിയിലേക്കു മടങ്ങിവരുമെന്ന് യേശുവിന്റെ വാഗ്ദാന വചനം(22:20), ‘കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ എല്ലാ വിശുദ്ധന്മാരോടും കൂടെ ഇരിക്കട്ടെ ആമേന്‍’ (22:21) എന്ന യോഹന്നാന്‍ അപ്പൊസ്തലന്റെ ആശംസ എന്നിവയോടെയാണു ബൈബിള്‍ സമാപിക്കുന്നത്. പഴയനിയമത്തിലെ അവസാന വാക്ക്, ‘സംഹാര ശപഥം’ എന്ന ശാപമാണ് (മലാഖി 4:6). എന്നാല്‍ പുതിയനിയമത്തിലെ അവസാന വാചകം കൃപയുമായി ബന്ധപ്പെട്ടതാണ്. പഴയ, പുതിയ നിയമങ്ങള്‍ തമ്മിലുളള വ്യത്യാസമാണ് നാം ഇവിടെ കാണുന്നത്.

അങ്ങനെ നമ്മള്‍ ബൈബിളിന്റെ അവസാനത്തിലേക്കു വന്നിരിക്കുന്നു. ബൈബിളിന്റെ സമാപനത്തിലെത്തിയപ്പോള്‍ സാത്താന്‍ അന്തിമമായി എവിടെയായിരിക്കുമെന്നു നമുക്കു മനസ്സിലായി- തീപ്പൊയ്കയില്‍. അതുകൊണ്ട് എപ്പോഴെങ്കിലും സാത്താന്‍ നിങ്ങളെ കുറ്റപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്താല്‍ ധൈര്യമായി ഇങ്ങനെപറയുക. ‘ഞാന്‍ അവസാന അദ്ധ്യായവും വായിച്ചു. നിന്റെ അവസാനം എന്താകുമെന്ന് എനിക്കറിയാം.” പിശാച് നിന്നെ നിന്റെ ഭൂതകാലം ഓര്‍മ്മിപ്പിക്കുമ്പോള്‍ നീ അവനെ അവന്റെ ഭാവികാലം ഓര്‍മ്മിപ്പിക്കുക.

അന്തിമമായി നാം എവിടെയായിരിക്കുമെന്നു നമുക്കറിയാം- നമ്മുടെ സ്വര്‍ഗീയ പിതാവിനോടും യേശുവിനോടും വിശുദ്ധന്മാരോടും സ്വര്‍ഗത്തിലെ ദുതന്മാരോടും ഒത്ത് നിത്യകാലം നാം ആയിരിക്കും. എപ്പോഴും ഇതു നമുക്കു വലിയ ആത്മവിശ്വാസം നല്‍കട്ടെ.

ഞാന്‍ ഒരു ഉദാഹരണത്തോടെ അവസാനിപ്പിക്കട്ടെ. നിങ്ങളുടെ രാജ്യവും മറ്റൊരു രാജ്യവും തമ്മില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരം നിങ്ങള്‍ ടെലിവിഷനില്‍ ശ്രദ്ധിച്ചെന്നും ഒടുവില്‍ നിങ്ങളുടെ രാജ്യം മത്സരം ജയിച്ചതു നിങ്ങള്‍ കണ്ടെന്നും സങ്കല്‍പ്പിക്കുക. എന്നാല്‍ ചില മണിക്കൂറുകള്‍ കഴിഞ്ഞ് നിങ്ങളുടെ ഒരു സുഹൃത്ത് ആ ക്രിക്കറ്റ് മത്സരത്തിന്റെ ഒരു റീപ്ലേ ടെലിവിഷനില്‍ കാണുകയാണ്. മത്സരഫലം അവനറിയില്ല. കാരണം അവന്‍ നേരത്തേ മത്സരം ടിവിയില്‍ കണ്ടിട്ടില്ല. റീപ്ലേ കാണാന്‍ നിങ്ങളും അവനോടൊപ്പം ഇരിക്കുന്നു. റീപ്ലേ കാണുന്നതിനിടയില്‍ നിങ്ങളുടെ ടീമിന്റെ അവസ്ഥ പരുങ്ങലിലാകുന്ന സന്ദര്‍ഭത്തില്‍ നിങ്ങളുടെ സുഹൃത്ത് അസ്വസ്ഥനാകുന്നു, ടീം തോല്‍ക്കുമോ എന്നു പേടിക്കുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ഒരമ്പരപ്പും ഇല്ല. കാരണം നിങ്ങള്‍ക്ക് മത്സരത്തിന്റെ അന്തിമ ഫലം വ്യക്തമായി അറിയാം.!

ഇതു സാത്താനുമായുള്ള പോരാട്ടത്തോടു ബന്ധപ്പെടുത്തി ചിന്തിക്കുക. ചില വിശ്വാസികള്‍ എപ്പോഴും അസ്വസ്ഥരും ധൈര്യഹീനരും ആശങ്കാകുലരും ആയിരിക്കുമ്പോള്‍ മറ്റു ചില വിശ്വാസികള്‍ സ്വസ്ഥരായിരിക്കുന്നതിന്റെ കാരണം നിങ്ങള്‍ക്കിവിടെ കാണാം. രണ്ടാമത്തെ കൂട്ടര്‍ അന്തിമഫലം നേരത്തെ കണ്ടവരാണ്. വെളിപ്പാടില്‍ പറഞ്ഞിരിക്കുന്നത് അവര്‍ വായിച്ചിട്ടുണ്ട്, വിശ്വസിക്കുന്നുമുണ്ട്- സാത്താന്‍ നേരത്തെതന്നെ കാല്‍വറിയില്‍ തോറ്റവനാണ്. അവസാനം അവനെ തീപ്പൊയ്കയില്‍ തള്ളിയിടും; അന്തിമ വിജയം യേശുവിനും വിശുദ്ധന്മാര്‍ക്കുമാണ്. സാത്താന്‍ ഇപ്പോള്‍ അങ്ങും ഇങ്ങും ചില യുദ്ധങ്ങള്‍ ജയിച്ചാലും അവന്‍ ആത്യന്തികമായി യുദ്ധത്തില്‍ തോറ്റവനാണെന്ന് അവര്‍ക്കറിയാം. ദൈവനാമത്തിനു മഹത്വം!

(വെളിപ്പാടു പുസ്തകത്തിന്റെ പൂര്‍ണമായ പഠനത്തിന് എന്റെ ‘അന്തിമവിജയം’ എന്ന പുസ്തകം നിങ്ങള്‍ക്ക് വായിക്കാം. അതില്‍ മുഴുവന്‍ പുസ്തകത്തിന്റേയും വാക്യപ്രതിവാക്യ പഠനമാണ് നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനിലും നിങ്ങള്‍ക്കതു വായിക്കാം:https://jeevamozhikal.org/anthima_vijayam/)