പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ – WFTW 13 ജൂൺ 2021

സാക് പുന്നന്‍

പുതിയ വീഞ്ഞ് പുതിയ തുരുത്തിയിൽ പകർന്നു വയ്ക്കുന്നതിനെപ്പറ്റി യേശു പറഞ്ഞു (ലൂക്കോ. 5: 37). പുതിയ വീഞ്ഞ് എന്ന് പറയുന്നത് യേശുവിൻ്റെ ജീവനും പുതിയ തുരുത്തി യേശു പണിയുന്ന സഭയുമാണ്. യേശു സന്നിഹിതനായിരുന്ന കാനാവിലെ കല്യാണത്തിന്, പഴയ വീഞ്ഞ് തീർന്നുപോയി. പഴയ വീഞ്ഞ് മനുഷ്യൻ്റെ പ്രയത്നഫലമായി ഉണ്ടാക്കപ്പെട്ടതാണ്, അനേക വർഷങ്ങൾകൊണ്ട്- എന്നാൽ അത് ആവശ്യത്തിന് തികഞ്ഞില്ല. ഇത് നിയമത്തിനു കീഴിലുള്ള ജീവിതത്തിൻ്റെ ഒരു ഉപമയാണ്- പഴയ ഉടമ്പടി. പഴയ വീഞ്ഞ് തീർന്നുപോയി; നമുക്ക് പുതിയ വീഞ്ഞു തരുവാൻ അവിടുത്തേക്കു കഴിയുന്നതിനു മുമ്പ്, പഴയ വീഞ്ഞ് മുഴുവൻ തീരുന്നതുവരെ കാത്തു നിൽക്കേണ്ടിയിരുന്നു.

നിങ്ങളുടെ വ്യക്തിജീവിതത്തിലോ, വിവാഹജീവിതത്തിലോ, അല്ലെങ്കിൽ സഭാ ജീവിതത്തിലോ വീഞ്ഞു തീർന്നിരിക്കുന്ന അവസ്ഥയിലാണോ നിങ്ങൾ? അങ്ങനെയെങ്കിൽ നാം കർത്താവിൻ്റെ മുഖം അന്വേഷിച്ച് സത്യസന്ധതയോടെ നമ്മുടെ ആവശ്യം അവിടുത്തോട് അറിയിക്കേണ്ട സമയം ഏതാണ്ട് ആയിരിക്കുന്നു. അവിടുത്തേക്കു മാത്രമേ പുതിയ വീഞ്ഞ് നമുക്ക് തരാൻ കഴിയൂ! കാനാവിലെ പുതിയ വീഞ്ഞ് മനുഷ്യ പ്രയത്നം കൊണ്ട് ഉണ്ടായതല്ല. അതു ദൈവത്തിൻ്റെ അമാനുഷ പ്രവർത്തനം ആയിരുന്നു. നമ്മുടെ ജീവിതത്തിലും അത് അങ്ങനെ തന്നെ ആയിരിക്കാൻ കഴിയും. അവിടുത്തെ പൂർണ്ണ ഹിതത്തിനായി ഇച്ഛിക്കുവാനും, പ്രവർത്തിക്കുവാനും നമ്മെ കഴിവുള്ളവരാക്കിക്കൊണ്ട്, അവിടുന്ന് തൻ്റെ നിയമം നമ്മുടെ ഹൃദയത്തിലും മനസ്സിലും എഴുതും (എബ്രാ.8:10, ഫിലി.2:13). നാം അവിടുത്തെ സ്നേഹിക്കുവാനും അവിടുത്തെ കല്പനകളിൽ നടക്കുവാനും നമ്മെ പ്രാപ്തരാക്കേണ്ടതിന് അവിടുന്ന് നമ്മുടെ ഹൃദയങ്ങളെ പരിച്ഛേദന ചെയ്യും (ആവർ.30:6; യഹെ.36:27). കാനാവിൽ പുതിയ വീഞ്ഞുണ്ടാക്കിയത് എത്രമാത്രം അവിടുത്തെ പ്രവൃത്തി ആയിരുന്നുവോ അത്രമാത്രം ഇതും അവിടുത്തെ പ്രവൃത്തി ആയിരിക്കും. ഇതാണ് കൃപയുടെ അർത്ഥം. ഒരു ജീവിതകാലം മുഴുവൻ ശ്രമിച്ചാൽ പോലും നമുക്ക് യേശുവിൻ്റെ ജീവൻ ഉൽപ്പാദിപ്പിക്കാൻ കഴിയുകയില്ല. എന്നാൽ “യേശുവിൻ്റെ മരണം” നമ്മുടെ ശരീരത്തിൽ നാം വഹിക്കുകയാണെങ്കിൽ (നാൾ തോറും ക്രൂശെടുക്കുന്നത്, നമ്മുടെ സ്വയത്തിനും, നമ്മുടെ സ്വന്ത ഇഷ്ടത്തിനും, നമ്മുടെ അവകാശങ്ങൾക്കും, സൽകീർത്തിക്കും മരിക്കുന്നത്) യേശുവിൻ്റെ ജീവൻ്റെ പുതുവീഞ്ഞ് നമ്മിൽ ഉളവാക്കാം എന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു (2 കൊരി. 4:10).

പുതു വീഞ്ഞ് സമ്പാദിക്കുന്നതിനുവേണ്ടി, നമ്മുടെ പോരാട്ടം പാപത്തിനെതിരെയാണ്. എന്നാൽ പുതിയ തുരുത്തി നേടുന്നതിൽ നമ്മുടെ പോരാട്ടം, ദൈവവചനത്തെ വ്യർത്ഥമാക്കുന്ന മതപരമായ പാരമ്പര്യങ്ങളോടാണ്. എന്നാൽ മിക്കപേർക്കും പാപത്തിൽനിന്നു സ്വതന്ത്രരാകുന്നതിനേക്കാൾ വളരെയധികം പ്രയാസമാണ് മനുഷ്യരുടെ പാരമ്പര്യങ്ങളിൽ നിന്നും സ്വതന്ത്രരാകുന്ന കാര്യം! എന്നാൽ ബലാൽക്കാരികൾ മാത്രം ദൈവരാജ്യം അവകാശമാക്കും (മത്താ.11:12). ബലാൽക്കാരമായി കൈകാര്യം ചെയ്യുന്നതിലൂടെയല്ലാതെ മതപരമായ പാരമ്പര്യങ്ങളെ മാറ്റി കളയാൻ പറ്റുകയില്ല .

ക്രിസ്ത്യാനികളായി തീർന്നതിനാൽ, നാം പഴയ യഹൂദ തുരുത്തി ഉപേക്ഷിച്ചിരിക്കുന്നു എന്നും ക്രിസ്തീയ സഭയിൽ നമുക്കൊരു പുതിയ തുരുത്തി ഉണ്ടെന്നും നാം ചിന്തിച്ചേക്കാം. എന്നാൽ നിങ്ങളുടെ ക്രിസ്തീയ കൂട്ടം എന്നു നിങ്ങൾ വിളിക്കുന്നതിനെ ശ്രദ്ധിച്ചു നോക്കിയാൽ അതിൽ പഴയ ഉടമ്പടിയുടെ അനേകം സ്വഭാവ വിശേഷങ്ങൾ കണ്ട് നിങ്ങൾ അതിശയിച്ചു പോയേക്കാം. 3 ഉദാഹരണങ്ങൾ മാത്രം നോക്കാം, മറ്റു പലതും ഉണ്ടെങ്കിലും .

ഒന്നാമത്, മതപരമായ എല്ലാ ശുശ്രൂഷകളും ചെയ്തിരുന്ന പുരോഹിതന്മാരായ ഒരു പ്രത്യേക ഗോത്രം (ലേവ്യർ) യഹൂദന്മാർക്കിടയിലുണ്ടായിരുന്നു. എല്ലാ യഹൂദന്മാർക്കും പുരോഹിതന്മാരാകാൻ കഴിയുമായിരുന്നില്ല. പുതിയ ഉടമ്പടിയുടെ കീഴിൽ, ഏതുവിധമായാലും, എല്ലാ വിശ്വാസികളും പുരോഹിതന്മാരാണ് (1പത്രൊ.2:5; വെളി.1:6). മിക്ക വിശ്വാസികളും സൈദ്ധാന്തികമായി പിടിച്ചിരിക്കുന്ന ഒരു സത്യമാണിത്, എങ്കിലും വാസ്തവത്തിൽ ഇത് അനുവർത്തിക്കുന്നത് വളരെ ചുരുക്കം പേരാണ്. മിക്കവാറും എല്ലാ ക്രിസ്തീയ കൂട്ടങ്ങൾക്കും ദൈവത്തിൻ്റെ ആരാധന നയിക്കുവാൻ അവരുടെ ‘പുരോഹിതൻ’ അല്ലെങ്കിൽ ‘പാസ്റ്റർ’ അല്ലെങ്കിൽ ‘ദൈവദാസൻ’ അല്ലെങ്കിൽ ‘പൂർണസമയ പ്രവർത്തകൻ’ ഉണ്ട് . അവർ കൃത്യമായി പഴയനിയമത്തിലെ ലേവ്യരെ പോലെ തന്നെയാണ്. ഈ ‘ലേവ്യർ’ ക്കു മാത്രമേ രക്ഷിക്കപ്പെട്ടവരെ സ്നാനപ്പെടുത്തുവാനും അപ്പം നുറുക്കുവാനും കഴിയൂ. കൂടാതെ ഈ ‘ലേവ്യർ’ ദൈവജനത്തിൻ്റെ ദശാംശത്താൽ പിൻതാങ്ങപ്പെടുന്നവരാണ്. സഭായോഗങ്ങളിൽ മറ്റാർക്കും ‘ശരീര’ ശുശ്രൂഷയ്ക്ക് ഒരവസരവും കൊടുക്കാതെ ഈ ലേവ്യർ ആണ് പ്രദർശനത്തെ നിയന്ത്രിക്കുന്നത്. ഒറ്റയാൾ പ്രദർശനം പഴയ തുരുത്തിയുടെ ഭാഗമാണ്. പുതിയ ഉടമ്പടിയുടെ കീഴിൽ, ഓരോ വിശ്വാസിക്കും പുതിയ വീഞ്ഞിൽ നിന്നു കുടിക്കാം, പരിശുദ്ധാത്മാവിനാൽ അഭിഷിക്തനാകാം ആത്മാവിൻ്റെ വരവും ഉണ്ടായിരിക്കും. രണ്ടോ മൂന്നോ പ്രവാചകന്മാർ യോഗം ആരംഭിക്കുവാൻ ഉണ്ടായിരിക്കും. ഒന്നോ രണ്ടോ പേർക്ക് അന്യ ഭാഷയിൽ സംസാരിക്കാം (ഓരോരുത്തർക്കും ഓരോ വ്യാഖ്യാനിയോടു കൂടെ) കൂടാതെ ഓരോ വിശ്വാസിക്കും യോഗത്തിൽ പ്രവചിക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ഇവയിലൂടെയെല്ലാം സഭ പണിയപ്പെടുന്നു. ഇതാണ് പുതിയ തുരുത്തി (1 കൊരി. 14:26-31). 1 കൊരി. 13ൽ പുതിയ വീഞ്ഞിനെ കുറിച്ചു വിവരിച്ചിരിക്കുന്നു- സ്നേഹത്തിൻ്റെ ജീവൻ. 1 കൊരി. 12ലും 14ലും പുതിയ തുരുത്തിയെ പറ്റി വിവരിച്ചിരിക്കുന്നു. ദൈവത്തിൻ്റെ മാർഗ്ഗത്തിൽ കാര്യങ്ങൾ ചെയ്യുവാൻ എത്ര വിശ്വാസികൾ ആഗ്രഹിക്കുന്നു? കഷ്ടമെന്നു പറയട്ടെ, വളരെ ചുരുക്കം പേർ. മിക്ക ആളുകളും തങ്ങളുടെ പഴയ തുരുത്തിയും അവരുടെ ശമ്പളക്കാരായ ‘ലേവ്യരെ’ യും കൊണ്ടു തൃപ്തരാണ് .

രണ്ടാമത്, തങ്ങൾക്കുവേണ്ടി വിവിധ കാര്യങ്ങളിൽ ദൈവഹിതം കണ്ടെത്തുന്ന പ്രവാചകന്മാർ യഹൂദന്മാർക്കുണ്ടായിരുന്നു – കാരണം, അന്നു പ്രവാചകന്മാർക്കു മാത്രമേ ദൈവത്തിൻ്റെ ആത്മാവുണ്ടായിരുന്നുള്ളു. എന്നാൽ പുതിയ ഉടമ്പടിയുടെ കീഴിൽ പ്രവാചകന്മാർക്ക് തികച്ചും വ്യത്യസ്തമായ ഒരു ധർമ്മമാണുള്ളത്. ക്രിസ്തുവിൻ്റെ ശരീരം പണിയുക എന്നത് (എഫെ. 4:11,12). എല്ലാ വിശ്വാസികൾക്കും ഇപ്പോൾ പരിശുദ്ധാത്മാവിനെ പ്രാപിക്കാൻ കഴിയുന്നതുകൊണ്ട്, അവർക്കുവേണ്ടിയുള്ള ദൈവഹിതം കണ്ടെത്തുവാൻ ഏതെങ്കിലും പ്രവാചകൻ്റെ അടുത്തു പോകേണ്ട ആവശ്യം അവർക്കില്ല (എബ്രാ.8:11; 1 യോഹ. 2:27). എന്നിട്ടും അനേകം വിശ്വാസികളും ഇപ്പോഴും അവർ എന്തു ചെയ്യണം, അവർ ആരെ കല്യാണം കഴിക്കണം മുതലായ കാര്യങ്ങൾ കണ്ടെത്തുവാൻ ഏതെങ്കിലും ദൈവ പുരുഷൻ്റെ അടുക്കൽ പോകുന്ന രീതി തുടരുന്ന ആ പഴയ തുരുത്തിയിൽ ജീവിക്കുന്നു.

മൂന്നാമതായി, വിസ്തൃതമായ ഒരു പ്രദേശത്താകെ ചിതറി കിടക്കുന്ന ഒരു വലിയ സമൂഹം ആളുകളാണ് യഹൂദന്മാർ. എന്നാൽ അവർക്ക് യെരുശലേമിൽ ഒരു കേന്ദ്ര ആസ്ഥാനവും അവരുടെ നേതാവായി ഭൂമിയിൽ ഒരു മഹാപുരോഹിതനും ഉണ്ട്. പുതിയ ഉടമ്പടിയുടെ കീഴിൽ, യേശു മാത്രമാണ് നമ്മുടെ മഹാപുരോഹിതൻ. കൂടാതെ നമുക്കുള്ള ഏക ആസ്ഥാനം ദൈവ സിംഹാസനം ആണ്. നടുക്കുള്ള തണ്ടിൽ നിന്ന് പുറത്തേക്ക് വരുന്ന ഏഴു ശാഖകളോടു കൂടിയ ഒരു നിലവിളക്ക് യഹൂദന്മാർക്കുണ്ട് ( പുറ. 25 :31 ,32 ). ഇതു പഴയ തുരുത്തി ആയിരുന്നു.

പുതിയ ഉടമ്പടിയുടെ കീഴിൽ ഓരോ പ്രാദേശിക സഭയും വെവ്വേറെ നിലവിളക്കുകളാണ്- ശാഖകളൊന്നുമില്ലാതെ. വെളി. 1:12,20ൽ ഈ കാര്യം നിങ്ങൾ വ്യക്തമായി കാണുന്നു, അവിടെ ഏഷ്യാമൈനറിലുള്ള ഏഴു പ്രാദേശിക സഭകളെയും ഏഴു വെവ്വേറെ നിലവിളക്കുകളാലാണ് പ്രതിനിധീകരിക്കപ്പെട്ടിരിക്കുന്നത്- യഹൂദന്മാരുടെ നിലവിളക്കുകളെ പോലെയല്ല. യേശു സഭയുടെ തലയായി, ആ നിലവിളക്കുകളുടെ നടുവിൽ നടക്കുന്നു. ആ നാളുകളിൽ ലോക പ്രകാരമുള്ള പോപ്പോ, ജനറൽ സൂപ്രണ്ടോ അല്ലെങ്കിൽ ഏതെങ്കിലും സഭാ വിഭാഗത്തിൻ്റെ പ്രസിഡൻ്റോ ഒന്നും ഉണ്ടായിരുന്നില്ല. ഏതുകാര്യത്തിലും അവസാന ശബ്ദമായി, മുഖ്യ മൂപ്പനും അന്നു ഭൂമിയിൽ ഒരിടത്തും ഉണ്ടായിരുന്നില്ല. ഓരോ പ്രാദേശിക സഭയും നയിക്കപ്പെട്ടിരുന്നത് പ്രാദേശിക മൂപ്പന്മാരാൽ ആയിരുന്നു. അവരുടെ തലയെന്ന നിലയിൽ കർത്താവിനോട് ഉത്തരവാദിത്തമുള്ളവരായിരുന്നു ആ മൂപ്പന്മാർ .എന്നാൽ നമുക്ക് ചുറ്റും സഭാ വിഭാഗ വ്യവസ്ഥയിൽ ആയിരിക്കുന്ന (പഴയ തുരുത്തി) അസംഖ്യം ക്രിസ്ത്യാനികളെ നാം കാണുന്നു, പേരോടുകൂടിയോ പേരില്ലാതെയോ- കാരണം ഒരു സഭാ വിഭാഗത്തിലുമല്ല എന്ന് അവകാശപ്പെടുന്നെങ്കിലും, സഭാ വിഭാഗത്തിൻ്റെ എല്ലാ പ്രത്യേകതകളും ഉള്ള ചില കൂട്ടങ്ങളുണ്ട്. ഇവയെല്ലാം പഴയ തുരുത്തി ആണ്.

ദുർ നടപടിയുടെ വ്യാപനം തടയാൻ ദൈവം പ്രാദേശിക സഭ എന്ന പുതിയ തുരുത്തിയെ നിയോഗിച്ചിരിക്കുന്നു. ഏഷ്യാ മൈനറിലെ ഏഴു സഭകളും ഒന്നു മറ്റൊന്നിൻ്റെ ശാഖ ആയിരുന്നെങ്കിൽ, ബിലെയാമിൻ്റെയും നിക്കോലാവ്യരുടെയും ദുഷിച്ച ഉപദേശങ്ങളും ഈസേബെലിൻ്റെ വ്യാജ പ്രവചനങ്ങളും ആ ഏഴു സഭകളിലേക്കും വ്യാപിക്കുമായിരുന്നു (വെളി. 2:14,15,20). എന്നാൽ അവ പ്രത്യേകം നിലവിളക്കുകൾ ആയിരുന്നതിനാൽ സ്മുർന്നയിലും ഫിലദെൽഫ്യയിലും ഉണ്ടായിരുന്ന രണ്ട് സഭകൾക്ക് തങ്ങളെ തന്നെ നിർമ്മലരായി സൂക്ഷിക്കാൻ കഴിഞ്ഞു. നിങ്ങൾക്കു നിങ്ങളുടെ സഭയെ നിർമ്മലമായി സൂക്ഷിക്കണമെങ്കിൽ സഭാ വിഭാഗീയതയുടെ പഴയ തുരുത്തിയെ ഒഴിവാക്കുക. മനുഷ്യൻ്റെ പാരമ്പര്യങ്ങളോട് ബലാൽക്കാരത്തോടെ പ്രവർത്തിക്കാൻ മനസ്സുള്ളവരും (മത്താ.11:12) ഓരോ പ്രദേശത്തും ക്രിസ്തുവിൻ്റെ ശരീരം പണിയുന്നവരുമായ അനേകരെ നമ്മുടെ ദേശത്ത് കർത്താവ് എഴുന്നേൽപ്പിക്കട്ടെ.