സാത്താൻ്റെ മേൽ ജയം കൊള്ളുന്ന ഒരു സഭ – WFTW 20 ജൂൺ 2021

സാക് പുന്നന്‍

യേശു സഭയെ കുറിച്ച് സംസാരിച്ച രണ്ട് അവസരങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ – മത്തായി 16: 18 ലും 18:17-20 വരെയുള്ള വാക്യങ്ങളിലും. ഈ രണ്ട് അവസരങ്ങളിലും സാത്താൻ സഭയ്ക്ക് എതിരായി യുദ്ധം ചെയ്യുന്നതിനെ കുറിച്ചാണ് അവിടുന്ന് പറഞ്ഞത്. ആദ്യത്തെ പരാമർശത്തിൽ, സാത്താൻ നേരിട്ട് ആത്മീയ മരണത്തിൻ്റെ ബലത്തിലൂടെ സഭയെ ആക്രമിക്കുന്നതിനെക്കുറിച്ച് യേശു പറഞ്ഞു- ദുഷ്ടാത്മാക്കളിലൂടെ. രണ്ടാമത്തെ സന്ദർഭത്തിൽ, സാത്താൻ നേരിട്ടല്ലാതെ, അവൻ വഞ്ചിച്ച്, കീഴടക്കി, സുബോധമില്ലാതെ അവൻ്റെ ഏജൻ്റായി തീർന്ന ഒരു സഹോദരനിലൂടെ സഭയെ ദൂഷിതമാക്കുവാൻ ശ്രമിക്കുന്നതിനെ കുറിച്ച് യേശു പറഞ്ഞു. എന്നാൽ സാത്താൻ ഏതു രീതി സ്വീകരിച്ചാലും, സാത്താൻ്റെ പ്രവൃത്തികളെ ബന്ധിച്ച്, അവൻ കീഴടക്കിയിരിക്കുന്നവരെ സ്വതന്ത്രരാക്കുവാൻ കർത്താവു നമുക്ക് അധികാരം നൽകിയിരിക്കുന്നു (മത്താ. 16:19; 18:18;2 തിമൊ. 2:26). സകല ധൈര്യത്തോടും കൂടെ നാം സഭയിൽ ഈ അധികാരം പ്രയോഗിക്കണം.

അവിടുന്ന് പണിയുന്ന സഭയ്ക്ക് അതിനെ തിരിച്ചറിയാൻ കഴിയുന്ന ഒരു അടയാളം ഉണ്ട് എന്ന് യേശു പറഞ്ഞു: അത് പാതാള ഗോപുരങ്ങളെ (ആത്മീയ മരണത്തിൻ്റെ ശക്തിയെ) ജയിക്കുന്നു. മറിച്ച്, ഒരു സഭ ആത്മീയ മരണത്തിൻ്റെ ശക്തിയാൽ ജയിക്കപ്പെടുകയാണെങ്കിൽ- അതായത് അസൂയ, അല്ലെങ്കിൽ പോര്, അല്ലെങ്കിൽ മത്സരത്തിൻ്റെ ആത്മാവ്, അല്ലെങ്കിൽ മാനം തേടൽ, അല്ലെങ്കിൽ ദുർന്നടപ്പ്, അല്ലെങ്കിൽ പണ സ്നേഹം, അല്ലെങ്കിൽ ലോക മയത്വം, അല്ലെങ്കിൽ നിഗളം, അല്ലെങ്കിൽ ധാർഷ്ട്യം, അല്ലെങ്കിൽ പരീശത്വം മുതലായവയാൽ- അപ്പോൾ അത് യേശു പണിയുന്ന സഭയല്ല എന്ന് നമുക്ക് തീർച്ചപ്പെടുത്താം.

സാത്താൻ ശാശ്വതമായി സഭയെ നശിപ്പിക്കുവാൻ ശ്രമിക്കുന്നു. മിക്ക സമയവും, അവൻ്റെ ഏജൻ്റ്മാരിലൂടെ സഭയിലേക്കു നുഴഞ്ഞു കടന്ന് ഈ കാര്യം ചെയ്യാൻ ശ്രമിക്കുന്നു. “ശ്രദ്ധിക്കപ്പെടാതെ സഭയിലേക്ക് നുഴഞ്ഞു വന്നിരിക്കുന്ന ചിലരെ കുറിച്ച് യൂദാ പയുന്നു” . (വാ. 4). ഗിബെയോന്യർ യോശുവയെ കബളിപ്പിച്ചതു പോലെ (യോശു. 9). സഭയിലെ മൂപ്പന്മാരെ കബളിപ്പിച്ച് ശിഷ്യന്മാരെന്നു നടിച്ച് ശ്രദ്ധിക്കപ്പെടാതെ സഭയുടെ മധ്യത്തിലേക്കു നുഴഞ്ഞു വന്നിരിക്കുന്ന അനേകർ ഇന്നു സഭയിലുണ്ട്. എന്നാൽ ഇവർക്ക് എപ്രകാരമാണ് മൂപ്പന്മാരെ കബളിപ്പിക്കാൻ കഴിഞ്ഞത്? ഒരുപക്ഷേ മൂപ്പന്മാർ അവരുടെ സമ്പന്നതയോ ലോക പ്രകാരമുള്ള അവരുടെ സ്ഥാനമോ കണ്ട് സംഭ്രമിക്കുകയോ, കൈക്കൂലി വാങ്ങുകയോ ചെയ്തിരിക്കാം. എല്ലാ ബാബിലോണിയൻ സഭാവിഭാഗങ്ങളിലും, ലോക സ്ഥാനമോ സമ്പത്തോ ഉള്ളവരാണ് അവരുടെ സംഘത്തിൽ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവർ, അവർ മൂപ്പന്മാർ അല്ലെങ്കിൽ പോലും. എന്നാൽ നമ്മുടെ ഇടയിൽ ഒരിക്കലും അങ്ങനെ ആയിരിക്കരുത്. ഏതുവിധത്തിലും നാം ശ്രദ്ധാലുക്കളായിരിക്കുന്നില്ലെങ്കിൽ, ഗിബെയോന്യർ നമ്മുടെ സഭയിലേക്കും കടന്നുവരും.

അത്തരം സാത്താന്യ ആക്രമണങ്ങളിൽ നിന്ന് നമ്മെ ഭദ്രമായി സൂക്ഷിക്കുന്നതിനായി അവിടുന്ന് നിരന്തരമായി നമ്മുടെ മേൽ ദൃഷ്ടിവച്ചു കൊണ്ടിരിക്കുന്നതിനായി ഞങ്ങൾ കർത്താവിനെ സ്തുതിക്കുന്നു. ” യഹോവ പട്ടണം കാക്കാതിരുന്നാൽ, കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു” (സങ്കീ. 127: 1) . സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നിടത്തുമാത്രമേ യഹോവയ്ക്ക് തൻ്റെ അനുഗ്രഹം കൽപ്പിക്കുവാൻ കഴിയുകയുള്ളൂ (സങ്കീ. 133:1) – തന്നെയുമല്ല ഐക്യതയുള്ള ഒരു സഭയ്ക്കു മാത്രമേ പാതാള ഗോപുരങ്ങളുടെ മേൽ ജയം കൊള്ളാൻ കഴിയൂ. അതുകൊണ്ട് നമ്മെ ഐക്യതയിൽ സൂക്ഷിക്കേണ്ടതിനായി പരിശുദ്ധാത്മാവ് ശക്തിയായി നമ്മുടെ ഇടയിൽ പ്രവർത്തിക്കുന്നു.

വെളിപ്പാട് പുസ്തകത്തിൽ സ്വർഗ്ഗത്തെ കുറിച്ച് നൽകപ്പെട്ടിരിക്കുന്ന 7 ദർശനങ്ങൾ ഓരോന്നിലും, നാം കാണുന്നത് സ്വർഗ്ഗത്തിലെ നിവാസികൾ തുടർമാനം ഉറച്ചശബ്ദത്തിൽ ദൈവത്തെ സ്തുതിക്കുന്നതാണ്- ചിലപ്പോൾ ഇടിമുഴക്കം പോലെ ഉച്ചത്തിലും പെരുവെള്ളത്തിൻ്റെ ഇരച്ചിൽ പോലെയും. ഇതാണ് സ്വർഗ്ഗത്തിൻ്റെ അന്തരീക്ഷം- തുടർ മാനമുള്ള സ്തുതിയുടെ ഒരന്തരീക്ഷം , ഒരു പരാതിയും ഒരു അവകാശവാദവും കൂടാതെ. ഈ അന്തരീക്ഷമാണ് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലും, നമ്മുടെ ഭവനങ്ങളിലും, അതുപോലെ നമ്മുടെ സഭകളിലും കൊണ്ടുവരാൻ ആഗ്രഹിക്കുന്നത്. അങ്ങനെ ഈ ഇടങ്ങളിൽ നിന്നെല്ലാം സാത്താൻ ആട്ടി പായിക്കപ്പെടും.

സാത്താൻ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളെയും മരവിപ്പിച്ച്, അവരെ അവനെതിരായുള്ള യുദ്ധത്തിൽ ഫലശൂന്യരാക്കിയിരിക്കുന്നു, കാരണം അവരെ തങ്ങളുടെ സഹോദരീ സഹോദരന്മാർക്കെതിരെയും, ബന്ധുമിത്രാദികൾക്കും അയൽക്കാർക്കും എതിരെയും, തങ്ങളുടെ ചുറ്റുപാടുകൾക്കെതിരെയും, ദൈവത്തിനെതിരെ പോലും പിറുപിറുക്കുകയും പരാതിപ്പെടുകയും ചെയ്യത്തക്കവിധം അവരെ ബാധിക്കുന്നതിൽ അവൻ വിജയിച്ചിരിക്കുന്നു.

സ്വർഗ്ഗത്തിൽ സാത്താനും അവൻ്റെ ദൂതന്മാർക്കും പിന്നെ സ്ഥലമൊന്നും കണ്ടില്ല എന്ന മനോഹരമായ ഒരു വചനം വെളിപ്പാട് 12:8ൽ ഉണ്ട്. നമ്മുടെ ജീവിതങ്ങളിലും അത് അങ്ങനെ തന്നെ ആയിരിക്കണം- നമ്മുടെ ഹൃദയങ്ങളിൽ, നമ്മുടെ ഭവനങ്ങളിൽ, കൂടാതെ നമ്മുടെ സഭകളിലും. ഈ സ്ഥലങ്ങളിലൊന്നും സാത്താനും അവൻ്റെ സൈന്യത്തിനും ഒരിടവും കാണരുത്.

ഈ പ്രബോധനങ്ങൾ നാം അനുസരിക്കുമ്പോൾ നാം സാത്താനെ ജയിക്കുന്നു: ക്രിസ്തുവിൻ്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ, അതിനല്ലോ നിങ്ങൾ ഏക ശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്, നന്ദിയുള്ളവരായും ഇരിപ്പിൻ (കൊലൊ.3:15). സകല മനുഷ്യർക്കും വേണ്ടി നാം സ്തോത്രം ചെയ്യണമെന്നു ഞാൻ പ്രബോധിപ്പിക്കുന്നു (1തിമൊ.2:1). യേശുക്രിസ്തുവിൻ്റെ നാമത്തിൽ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനു വേണ്ടിയും സ്തോത്രം ചെയ്തുകൊൾവിൻ (എഫെ.5:20). ഒന്നാമതായി നാം പ്രബോധിപ്പിക്കപ്പെട്ടിരിക്കുന്നത്, ദൈവം ക്രിസ്തുവിൻ്റെ ശരീരത്തിലേക്ക് വിളിച്ചിരിക്കുന്ന എല്ലാവർക്കും വേണ്ടി നന്ദിയുള്ളവരായിരിക്കാനാണ്. തിരഞ്ഞെടുപ്പ് നമുക്കു വിട്ടു തന്നിരുന്നെങ്കിൽ, ദൈവം വിളിച്ചിരിക്കുന്ന പലരെയും നാം വിളിക്കുകയില്ലായിരുന്നിരിക്കാം – പ്രത്യേകിച്ച് നമ്മുടേതല്ലാത്ത മറ്റു കൂട്ടങ്ങളിൽ ഉൾപ്പെടുന്നവരെ!!! എന്നാൽ ആകാശം ഭൂമിക്കു മീതെ ഉന്നതമായിരിക്കുന്നതുപോലെ ദൈവത്തിൻ്റെ ജ്ഞാനം നമ്മുടേതിനേക്കാൾ ഉന്നതമായിരിക്കുന്നതിനാൽ, അവരെ കുറിച്ചു നമുക്കുള്ളതിനേക്കാൾ വ്യത്യസ്തമായ ഒരു അഭിപ്രായം വ്യക്തമായി അവിടുത്തേക്കുണ്ട്. നാം വിവേകശാലികളാണെങ്കിൽ, നമ്മുടെ ചിന്തകളെ പുതുക്കി ദൈവത്തിൻ്റെ ചിന്തയുടെ വഴിയിൽ നാം അവയെ അണിനിരത്തും. ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാർക്കുവേണ്ടി നന്ദിയുള്ളവരാകാൻ ഒരിക്കൽ പഠിച്ചുകഴിഞ്ഞാൽ, പിന്നെ സകല മനുഷ്യർക്കുവേണ്ടിയും, നമ്മുടെ എല്ലാ സാഹചര്യങ്ങൾക്കു വേണ്ടിയും സ്തോത്രം പറയുവാൻ നമുക്കു പഠിക്കാൻ കഴിയും. നമ്മുടെ സ്വർഗ്ഗീയ പിതാവാണ് സകല മനുഷ്യരേയും, എല്ലാ സാഹചര്യങ്ങളെയും പരമാധികാരത്തോടെ നിയന്ത്രിക്കുന്നതെന്നു നമുക്കറിയാം. നാം യഥാർത്ഥമായി ഇതു വിശ്വസിക്കുമെങ്കിൽ, നാം തീർച്ചയായി എല്ലാ സമയങ്ങളിലും ദൈവത്തെ സ്തുതിക്കുകയും അങ്ങനെ നമ്മുടെ രാജ്യം ഈ ലോകത്തിൻ്റേതല്ല സ്വർഗ്ഗത്തിൻ്റേതാണ് എന്ന് തെളിയിക്കുകയും ചെയ്യും. അപ്പോൾ സാത്താന് നമ്മുടെ മേലുള്ള അവൻ്റെ ശക്തി നഷ്ടപ്പെടും. അപ്പോൾ മാത്രമെ അവനെതിരെ ഫലപ്രദമായ ഒരു യുദ്ധം ചെയ്യുവാൻ നാം പ്രാപ്തരാകയുള്ളു.