താഴ്‌വരകളുടെ സംഗീതം- 3 : കാലം നിശ്ചലമായി നിന്ന താഴ്‌വര

ജോജി ടി സാമുവൽ

‘എന്നാല്‍ യഹോവ അമോര്യരെ യിസ്രായേല്‍ മക്കളുടെ കയ്യില്‍ ഏല്പിച്ചുകൊടുത്ത ദിവസം യോശുവ യഹോവയോടു സംസാരിച്ചു,യിസ്രായേല്‍ മക്കള്‍ കേള്‍ക്കെ: സൂര്യാ നീ ഗിബെയോനിലും ചന്ദ്രാ നീ അയ്യാലോന്‍ താഴ്‌വരയിലും നില്‍ക്ക എന്നു പറഞ്ഞു. ജനം തങ്ങളുടെ ശത്രുക്കളോട് പ്രതികാരം ചെയ്യുവോളം സൂര്യന്‍ നിന്നു, ചന്ദ്രനും നിശ്ചലമായി…..ഇങ്ങനെ സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു. യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിനു മുന്‍പും പിന്‍പും ഉണ്ടായിട്ടില്ല. യഹോവ തന്നെയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത് ‘(യോശുവ10 :12-14).

അയ്യാലോന്‍ താഴ്‌വരയില്‍ (യോശുവ 10:12ല്‍ അയ്യാലോന്‍ താഴ്‌വര എന്നു പറയുമ്പോള്‍ 2 ദിനവൃത്താന്തം 28: 18ല്‍ ഈ ഭൂവിഭാഗത്തെ ഒരു പട്ടണം എന്ന നിലയിലും പറഞ്ഞിട്ടുണ്ട്) നടന്ന ഈ സംഭവത്തെക്കുറിച്ചുള്ള പരാമര്‍ശം നാം അത്യല്‍ഭുതത്തോടെയാണ് വായിച്ചവസാനിപ്പിക്കുക. സൂര്യനും ചന്ദ്രനും ഒരു ദിവസം നിശ്ചലമായി നിന്നു എന്നു പറഞ്ഞാല്‍ എന്താണ്? ഭൂമി ഒരു ദിവസം ഭ്രമണം ചെയ്യാതെ നിന്നു എന്നു തന്നെ. ഭൂമിയുടെ ഒരു പകുതിയില്‍ തുടര്‍ച്ചയായി രണ്ടുപകലും മറുപകുതിയില്‍ രണ്ടു രാത്രിയും അനുഭവപ്പെട്ട അത്യസാധാരണമായ ഈ സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെ:
യോശുവയുടെ നേതൃത്വത്തില്‍ കനാനിലെത്തിയ യിസ്രായേല്‍ മക്കളെ അവിടെ താമസിച്ചിരുന്ന ജനങ്ങള്‍ തുടക്കത്തില്‍ അത്ര ഗൗരവത്തിലെടുത്തില്ലെന്നു വേണം കരുതാന്‍. എന്നാല്‍ യിസ്രായേല്‍ മക്കളാകട്ടെ ആദ്യം തന്നെ അമാനുഷികമായ രീതിയില്‍ യെരീഹോ പട്ടണം പിടിച്ചടക്കി. അതിനു മുന്‍പ് കേട്ടുകേഴ്‌വി പോലും ഇല്ലാത്ത നിലയില്‍ പെട്ടകവുമായി ഏഴുദിവസം നഗരത്തെ വലംവെച്ച്, ഭീമാകാരമായ കോട്ടയ്ക്കുള്ളില്‍ നിര്‍ഭയരായി കഴിഞ്ഞ ജനത്തെ യിസ്രായേല്‍ അനായാസം കീഴടക്കി. തുടര്‍ന്ന് അവര്‍ ഹായി എന്ന പട്ടണം പിടിച്ചു. ഈ ജൈത്രയാത്ര കണ്ട് പരിഭ്രാന്തരായ ഗിബെയോന്‍ നിവാസികള്‍ തന്ത്രപരമായിട്ടാണെങ്കിലും യോശുവയോടും കൂട്ടരോടും സഖ്യത ചെയ്തു. വീണ്ടും യിസ്രായേല്‍ മക്കള്‍ മുന്നോട്ടു വരുമ്പോഴാണ് അയ്യാലോന്‍ താഴ്‌വരയുടെ സമീപത്തെ വലിയ ഏറ്റുമുട്ടലിനു കളം ഒരുങ്ങുന്നത്.

യിസ്രായേലിനെ ഇങ്ങനെ വിട്ടാല്‍ സംഗതി അപകടമാണെന്ന് ആദ്യം മനസ്സിലാക്കിയത് യെരുശലേം രാജാവായ അദോനി സേദേക്കാണ്. (‘യെരുശലേം’ എന്നപേര് ബൈബിളില്‍ ആദ്യമായി വരുന്നത് ഇവിടെയാണെന്നത് -യോശുവ 10: 1 – ശ്രദ്ധിച്ചിട്ടുണ്ടോ?.) അദ്ദേഹം ഹെബ്രോന്‍ രാജാവ്, യര്‍മ്മൂത്ത് രാജാവ്, ലാഖീശ് രാജാവ്, എഗ്ലോന്‍ രാജാവ് എന്നീ രാജാക്കന്മാരെ കൂടെ കൂട്ടി. ഈ അഞ്ച് അമോര്യ രാജാക്കന്മാരും അവരുടെ സൈന്യങ്ങളും യിസ്രായേലുമായി കൊമ്പുകോര്‍ക്കാന്‍ വേണ്ടി ആദ്യം ഗിബെയോന്യര്‍ക്കെതിരെ യുദ്ധത്തിനു പാളയമിറങ്ങി. ഇതേതുടര്‍ന്നു സഖ്യതയുടെ ഭാഗമായി ഗിബെയോന്യരെ രക്ഷിക്കാനെത്തിയ യിസ്രായേല്യരോട് അയ്യാലോന്‍ താഴ്‌വരയില്‍ അവര്‍ ഏറ്റുമുട്ടി. അപ്പോള്‍ യഹോവ യോശുവയോട്; അവരെ ഭയപ്പെടരുത്. ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്‍പിച്ചിരിക്കുന്നു. അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കയില്ല എന്ന് അരുളിച്ചെയ്തു. തുടര്‍ന്നു ദൈവം തന്നെ അവര്‍ക്കുവേണ്ടി യുദ്ധം ചെയ്തതും നാം കാണുന്നു. ആകാശത്തുനിന്നു വലിയ കല്ലുകള്‍ യിസ്രായേല്യരുടെ ശത്രുക്കളുടെ മേല്‍ ദൈവം വര്‍ഷിച്ചു.(യോശുവ 10:11). തൊട്ടടുത്തവാക്യത്തിലാണ് യിസ്രായേല്യര്‍ അമോര്യസൈന്യത്തോട് പൂര്‍ണമായി പ്രതികാരം ചെയ്തു തീരുന്നതുവരെ സൂര്യനും ചന്ദ്രനും വെളിച്ചം നല്‍കി കാത്തുനില്‍ക്കാന്‍ യോശുവ കല്പിക്കുന്നത്. അങ്ങനെ യിസ്രായേല്യര്‍ ശത്രുക്കളെ സമ്പൂര്‍ണമായി സംഹരിച്ചു തീരുവോളം സൂര്യന്‍ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവന്‍ അസ്തമിക്കാതെ നിന്നു.

സൂര്യനും ചന്ദ്രനും നിശ്ചലമായി നിന്നു എന്നു പറഞ്ഞാല്‍ അര്‍ഥം ഭൂമി ഒരു ദിവസം മുഴുവന്‍ അച്ചുതണ്ടില്‍ കറങ്ങാതെ നിന്നു എന്നാണല്ലോ! ഇതില്‍ നിന്നു നമുക്കെടുക്കാവുന്ന പാഠം എന്താണ്? വലിയവനായ ദൈവം എപ്പോഴും ശത്രുക്കള്‍ക്കെതിരെ തന്റെ മക്കളോടൊപ്പമാണ്. അവര്‍ക്കുവേണ്ടി പ്രപഞ്ച ശക്തികളെപ്പോലും നിയന്ത്രിക്കുന്നവനാണ് അവിടുന്ന്. ഇന്നു നാം കടന്നുപോകുന്ന പ്രത്യേക സാഹചര്യത്തില്‍ ദൈവം നമ്മുടെപക്ഷത്തുണ്ട്. അതുകൊണ്ട് ലോകമനുഷ്യരെപ്പോലെ ഇന്നു നമുക്ക് നിരാശയോടുകൂടിയ പരിഭ്രമം വേണ്ട.ഹല്ലേലുയ്യ!

ഇവിടെ ഭൂമിയുടെ ഭ്രമണം ഒരു ദിവസത്തേക്കു നിര്‍ത്തി എന്നു വായിക്കുന്നതുപോലെ സമാനമായ വേറൊരു സംഭവം 2രാജാക്കന്മാര്‍ 20-ാം അദ്ധ്യായത്തില്‍ 1മുതല്‍ 11 വരെയുള്ള വാക്യങ്ങളില്‍ നമുക്കു കാണാം. ഇവിടെ ഭൂമി അച്ചുതണ്ടില്‍ നിശ്ചലമാകുകയായിരുന്നില്ല, മറിച്ച് 10 പടി പുറകോട്ടു ഭ്രമണം ചെയ്യുകയായിരുന്നു. ഹിസ്‌കിയാവ് എന്ന യെഹൂദാരാജാവിന്റെ ഭരണകാലം. ദൈവകല്പനകളെ യഥാവിധി അനുസരിച്ചിരുന്ന ഹിസ്‌കിയാവ് യിസ്രായേല്‍ വഴി തെറ്റിപ്പോയ കാലത്തു സ്ഥാപിച്ചിരുന്ന പൂജാഗിരികളെ നീക്കി, വിഗ്രഹസ്തംഭങ്ങളെ തകര്‍ത്തു, അശേരാപ്രതിഷ്ഠയെ വെട്ടി നുറുക്കി. ഇതിനെക്കാളെല്ലാം ധീരമായ മറ്റൊരു കൃത്യം കൂടി ഹിസ്‌കിയാവു ചെയ്തു: ‘ഹിസ്‌കിയാവ് മോശെ ഉണ്ടാക്കിയ താമ്ര സര്‍പ്പത്തെയും ഉടെച്ചുകളഞ്ഞു. ആ കാലം വരെ യിസ്രായേല്‍ മക്കള്‍ അതിനു ധൂപം കാട്ടി വന്നു. അതിനു നെഹുഷ്ഠാന്‍ എന്നു പേരായിരുന്നു.’ (2രാജാ.18:4,5) നോക്കുക: എത്ര പൂര്‍ണമനസ്‌കനായിരുന്നു ഹിസ്‌കിയാവ്!മരുഭൂമിയില്‍ അഗ്നി സര്‍പ്പത്തിന്റെ കടിയേറ്റവരെ മരണത്തില്‍ നിന്നു വിടുവിക്കാനായി ദൈവത്തിന്റെ നിര്‍ദേശപ്രകാരം മോശെ ഉയര്‍ത്തിയ താമ്രസര്‍പ്പമാണ് (സംഖ്യ21: 8,9) നെഹുഷ്ഠാന്‍ എന്നപേരില്‍ തലമുറകളായി യിസ്രയേല്‍ മക്കള്‍ ധൂപം കാട്ടി വന്ന ഈ വിഗ്രഹം. ദൈവകല്പനകള്‍ ഏറ്റുവാങ്ങുകയും ദൈവത്തിന്റെ ഹൃദയസ്പന്ദനം മനസ്സിലാക്കി ജീവിക്കുകയും ചെയ്തവര്‍ എന്നു പുകഴ്‌പെറ്റ മോശെ, യോശുവ, ദാവീദ് തുടങ്ങിയവരുടെ ഒക്കെ കാലഘട്ടത്തില്‍ നെഹുഷ്ഠാന്‍ യിസ്രായേല്‍ തലമുറകളുടെ ധൂപാരാധനകള്‍ ഏറ്റുവാങ്ങി അവരുടെ മധ്യത്തില്‍ വിരാജിക്കുകയായിരുന്നുവെന്ന് ഓര്‍ക്കുമ്പോഴാണ് ഹിസ്‌കിയാവിന്റെ വിവേചനം, ദൈവത്തിനായുള്ള എരിവ് എന്നിവയെക്കുറിച്ചു നമുക്കു യഥാര്‍ഥ ബോധ്യം ലഭിക്കുക.

ഈ ഹിസ്‌കിയാവ് ജീവിതത്തിന്റെ അവസാനഘട്ടത്തിലെത്തിയ സമയം. യെശയ്യാ പ്രവാചകന്‍ ആ സന്ദര്‍ഭത്തില്‍ ദൈവിക നിയോഗപ്രകാരം അദ്ദേഹത്തെ സമീപിച്ച് ഇങ്ങനെ പറഞ്ഞു: ‘നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക, നീ മരിച്ചു പോകും.’ ഉടനെ ഹിസ്‌കിയാവ് ദൈവമുന്‍പാകെ ജീവിതം നീട്ടിക്കിട്ടാന്‍ കണ്ണുനീരോടെ പ്രാര്‍ഥിച്ചു. അപ്പോള്‍ യെശയ്യാവിന് ദൈവിക അരുളപ്പാടുണ്ടായി- ‘ഹിസ്‌കിയാവിന്റെ ആയുസ്സിനോടു 15 സംവത്സരം കൂടികൂട്ടിയിരിക്കുന്നു. ‘(ആയുസ്സ് 15 വര്‍ഷം കൂടി നീട്ടിക്കിട്ടിയത് ആത്യന്തികമായി ഹിസ്‌കിയാവിനാകട്ടെ യിസ്രായേലിനാകട്ടെ ഗുണം ചെയ്തില്ല എന്നതു മറ്റൊരു കാര്യം. കാരണം ഇതാണു പിന്നീട് ബാബേല്‍ പ്രവാസത്തിനു കാരണമായത്-യെശയ്യാവ് 39-ാം അധ്യായംകാണുക. മാത്രമല്ല, ഈ 15 വര്‍ഷത്തിനുള്ളില്‍ ഹിസ്‌കിയാവിനു ജനിച്ച മകന്‍ മനശ്ശെയാണ് വിഗ്രഹാരാധനയും വഷളത്വവും കൊണ്ട് ദൈവത്തെ ഏറ്റവുംകൂടുതല്‍ കോപിപ്പിച്ച യെഹൂദ രാജാവ്-2 രാജാക്കന്മാര്‍ 21-ാംഅധ്യായം.).ഉടനെ ആയുസ്സ് നീട്ടിനല്‍കുന്ന വിവരം യെശയ്യാവ് ഹിസ്‌കിയാവിനെ അറിയിച്ചു. പക്ഷേ അതിന് ഒരടയാളം ഹിസ്‌കിയാവ് ആവശ്യപ്പെട്ടു. ദൈവം അതും നല്‍കി. അടയാളമായി, സൂര്യഗതി അനുസരിച്ച് ഇറങ്ങിപ്പോയിരുന്ന നിഴലിനെ ദൈവം 10 പടി പിന്നാക്കം തിരിയുമാറാക്കി. അങ്ങനെ സൂര്യ ഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന 10 പടി തിരിഞ്ഞു പോന്നു (യെശയ്യാവ് 38: 8, 2ദിനവൃത്താന്തം 32:24). ഇവിടെ ഭൂമി യോശുവയുടെ കാലത്തെ പോലെ ഭ്രമണം നിര്‍ത്തി നിശ്ചലമായി നില്‍ക്കുകയായിരുന്നില്ല. മറിച്ച് അച്ചുതണ്ടില്‍ ഭൂമി 10 പടി പിന്നോട്ടു കറങ്ങുകയായിരുന്നു.

ഇതു ശാസ്ത്രലോകം അടുത്തകാലത്തു ശരിവച്ചതിനെക്കുറിച്ച് ഇങ്ങനെ കേട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍, സൗരയൂഥത്തിന്റെ ഗതിവിഗതികളെക്കുറിച്ചു പഠിച്ച ശാസ്ത്രജ്ഞന്മാരുടെ സംഘം ഭൂമിയുടെ ഭ്രമണത്തെ സംബന്ധിച്ച കണക്കുകൂട്ടല്‍ ശരിയാകുന്നില്ലെന്നു കണ്ടെത്തി. 24 മണിക്കൂറിലേറെ സമയത്തിന്റെ വ്യത്യാസമാണവര്‍ കണ്ടെത്തിയത്. എന്താണ് ഇതിനു കാരണമെന്ന് എത്ര ആലോചിച്ചിട്ടും അവര്‍ക്കു മനസ്സിലായില്ല. അപ്പോള്‍ ശാസ്ത്രസംഘത്തിലുണ്ടായിരുന്ന വിശ്വാസിയായ ഒരാള്‍ അവരുടെ ശ്രദ്ധയെ യോശുവയുടെ പുസ്തകം 10-ാം അധ്യായത്തിലേക്കും ഹിസ്‌കിയാവിന്റെ ചരിത്രത്തിലേക്കും ക്ഷണിച്ചു. അവിടെ നിന്നും ഒരു ദിവസം മുഴുവന്‍ ഭൂമി ഭ്രമണം ചെയ്യാതിരുന്നതിന്റേയും 10 ഡിഗ്രി പുറകോട്ടു ഭ്രമണം ചെയ്തതിന്റേയും ചരിത്രം അവര്‍ക്കു ലഭിച്ചു. ഇതുവച്ചു കണക്കുകൂട്ടിയപ്പോള്‍ വ്യത്യാസം വന്ന സമയം കൃത്യമായി യോജിച്ചുവന്നത്രേ.

നോക്കുക: ശാസ്ത്രലോകം പോലും ശരിവച്ച, ഈ പ്രപഞ്ച ശക്തികളുടെ മേലുള്ള, ദൈവത്തിന്റെ നിയന്ത്രണം എന്തിനായിരുന്നു? തന്റെ ഭക്തന്മാര്‍ക്കുവേണ്ടി എന്നാണ് അതിന്റെ മറുപടി. യോശുവയ്ക്കുവേണ്ടി, യിസ്രായേലിനുവേണ്ടി, ഹിസ്‌കിയാവിനുവേണ്ടി ഇന്നലെ അദ്ഭുതം പ്രവര്‍ത്തിച്ച ദൈവം തന്റെ മക്കളായ നമുക്കുവേണ്ടി ഇന്നും പ്രകൃത്യാതീതമായ കാര്യങ്ങള്‍ ചെയ്യുകയില്ലേ? ഉവ്വ്, അവിടുന്ന് ഇന്നലെയും ഇന്നും എന്നെന്നേക്കും മാറ്റമില്ലാത്തവനാണ്! (എബ്രായര്‍13:8). ഇന്നുവരെ ഉണ്ടാകാത്ത ഒരു മഹാമാരിയുടെ മുന്‍പില്‍ ശാസ്ത്രവും ലോകം മുഴുവനും പകെച്ചു നില്‍ക്കുമ്പോള്‍ തന്റെ ഭക്തന്മാര്‍ക്കായി ഭൂമിയുടെ കറക്കം പോലും നിര്‍ത്തിയ വലിയവനായ ദൈവത്തെയാണു നാം സേവിക്കുന്നതെന്ന ചിന്ത നമ്മെ ധൈര്യപ്പെടുത്തട്ടെ. ഗിബെയോനിലും അയ്യാലോന്‍ താഴ്‌വരയിലും ഒരു ദിവസം മുഴുവന്‍ നിശ്ചലമായി നിന്ന സൂര്യനും ചന്ദ്രനും ഇന്നും നമുക്കു നല്‍കുന്ന പ്രത്യാശയുടെ വെളിച്ചം, മഹാമാരിയുടെ തുടര്‍ച്ചയെക്കുറിച്ചുള്ള ആശങ്കകളുടെ ഇരുളിനിടയിലും നമ്മെ വഴി കാട്ടട്ടെ!