നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നു – WFTW 22 ഡിസംബർ 2024

സാക് പുന്നൻ

പുറപ്പാട് 15-ാമത്തെ അധ്യായം തുടങ്ങുന്നത് യിസ്രായേല്യർ ദൈവത്തെ സ്തുതിക്കുന്നതോടെയും അത് അവസാനിക്കുന്നത് അവിടുത്തേക്ക് വിരോധമായുള്ള അവരുടെ പിറുപിറുപ്പോടെയും കൂടിയാണ്. ഈ രീതി യിസ്രായേല്യരാൽ മരുഭൂമിയിൽ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. എല്ലായ്പോഴും മുകളിലേക്കും താഴേക്കും പോകുന്ന ഗണിതശാസ്ത്രത്തിലെ “സൈൻ തരംഗം”, തങ്ങൾ ആഗ്രഹിക്കുന്നതു ലഭിക്കുമ്പോൾ ദൈവത്തെ സ്തുതിക്കുകയും, ചില കാര്യങ്ങൾ തെറ്റിപ്പോകുമ്പോൾ പരാതിപ്പെടുകയും വീണ്ടും ആ പ്രശ്നം പരിഹരിക്കപ്പെട്ടു കഴിയുമ്പോൾ ദൈവത്തിനു നന്ദി പറയുകയും അടുത്ത പ്രശ്നം ഉയരുമ്പോൾ വീണ്ടും സംശയിക്കുകയും ചെയ്യുന്ന മിക്ക വിശ്വാസികളുടെയും ജീവിതങ്ങളുടെ ഒരു പൂർണ്ണമായ വിവരണമാണ്. ഇതിൻ്റെ കാരണം മിക്ക വിശ്വാസികളും കാഴ്ചയാലാണ് ജീവിക്കുന്നത് വിശ്വാസത്താലല്ല – കൃത്യമായി യിസ്രായേല്യരെ പോലെ തന്നെ. ഞായറാഴ്ച പ്രഭാതങ്ങളിലെ സഭായോഗങ്ങളിൽ അവർ ഉറക്കെ ദൈവത്തെ സ്തുതിക്കുന്നു (ചിലപ്പോഴൊക്കെ അന്യഭാഷകളിൽ). എന്നാൽ ഞായറാഴ്ച ഉച്ച കഴിയുമ്പോൾ മുതൽ അവരുടെ സംസാരം വ്യത്യസ്തമാണ്, ഈ സമയത്ത് അവർ തങ്ങളുടെ മാതൃഭാഷയിലാണ് സംസാരിക്കുന്നത്. അതു കോപവും പിറുപിറുപ്പും പരാതിയും ആണ് – അവരുടെ ഭവനത്തിലും ഓഫീസുകളിലും!! അതിനു ശേഷം അടുത്ത ഞായറാഴ്ച ഈ സൈൻ തരംഗം മുകളിലേക്കു പോയിട്ട് വീണ്ടും അവർ ദൈവത്തെ സ്തുതിക്കാൻ തുടങ്ങുന്നു.

അതിനു ശേഷം, ആ തരംഗം വീണ്ടും താഴോട്ടു പോകുന്നു!! തീർച്ചയായും പുതിയ ഉടമ്പടിയിൽ തൻ്റെ മക്കൾ ജീവിക്കണമെന്ന് ദൈവം ഉദ്ദേശിച്ചത് ഇങ്ങനെയല്ല. ഒരു വ്യക്തിക്ക് അന്യഭാഷാവരം നൽകുന്ന പരിശുദ്ധാത്മാവിന് അവൻ്റെ മാതൃഭാഷയിലുള്ള സംസാരത്തെയും നിയന്ത്രിക്കാൻ കഴിയുകയില്ലേ? തീർച്ചയായും അവിടുത്തേക്കു കഴിയും. വേദപുസ്തകം ഇപ്രകാരം പറയുന്നു, “കർത്താവിൻ എപ്പോഴും സന്തോഷിപ്പിൻ എല്ലാറ്റിനും സ്തോത്രം ചെയ്‌വിൻ” (ഫിലി. 4:4; എഫെ. 5:20).

പുതിയ ഉടമ്പടിയിൽ, എല്ലാ സമയങ്ങളിലും നമുക്കു വേണ്ടിയുള്ള ദൈവഹിതം ഇതാണ്. എന്നാൽ അതു ചെയ്യേണ്ടതിന് നാം വിശ്വാസത്താൽ ജീവിക്കണം. നാം എന്നും നേരിടുന്ന ഓരോ പ്രശ്നത്തിനും വേണ്ട പരിഹാരം ദൈവം മുന്നമേ ആസൂത്രണം ചെയ്തിരിക്കുന്നു എന്നു നാം വിശ്വസിക്കണം.

യിസ്രായേല്യർ മോശെയോടു പരാതിപ്പെട്ടപ്പോൾ, അദ്ദേഹം യഹോവയോടു നിലവിളിച്ചു, അപ്പോൾ യഹോവ ഇപ്രകാരം പറഞ്ഞു, “ആ പ്രശ്നത്തിനുള്ള പരിഹാരം അവിടെ – നിൻ്റെ മുമ്പിൽ തന്നെയുണ്ട്” (വാക്യം 25). യഹോവ അവനെ ഒരു മരം കാണിച്ചു കൊടുത്തു. മോശെ ആ മരം മുറിച്ച് വെള്ളത്തിൽ ഇടുകയും, വെള്ളം മധുരമുള്ളതായയി തീരുകയും ചെയ്തു.

ആ മരുഭൂമിയിൽ മരം നട്ടതാരാണ്? അത് ഏതെങ്കിലും മനുഷ്യൻ ആയിരുന്നോ അതോ ദൈവം ആയിരുന്നോ? സംശയലേശമെന്യേ പറയാം അതു ദൈവം ആയിരുന്നു. മനുഷ്യൻ മരുഭൂമിയിൽ വൃക്ഷങ്ങൾ നടാറില്ല. ഒരുപക്ഷെ 100 വർഷങ്ങൾക്കു മുമ്പേ, ദൈവം ആ വൃക്ഷം മാറായ്ക്കു സമീപം നട്ടിട്ടുണ്ട്, കാരണം 100 വർഷങ്ങൾ കഴിഞ്ഞ് അവിടുത്തെ മക്കൾ മാറായിലേക്കു വന്ന് അതിലെ വെള്ളം കയ്പുള്ളതായി കാണുമെന്ന് അവിടുന്ന് അറിഞ്ഞിരുന്നു. അതുകൊണ്ട് വാസ്തവത്തിൽ അവിടുന്ന് 100 വർഷങ്ങൾക്കു മുമ്പുതന്നെ അവരുടെ പ്രശ്നത്തിനുള്ള ഒരു പരിഹാരം ആസൂത്രണം ചെയ്തു. അതേ ദൈവം തന്നെ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം, നിങ്ങൾ ആ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നതിനു വളരെമുമ്പു തന്നെ, ആസൂത്രണം ചെയ്തിരിക്കുന്നു എന്നു നിങ്ങൾ മനസ്സിലാക്കുന്നോ?

വിശ്വാസത്താൽ നടക്കുക എന്നാൽ ദൈവത്തെ അതിശയിപ്പിക്കത്തക്ക വിധത്തിൽ ഒരു പ്രശ്നവും പൊടുന്നനെ പ്രത്യക്ഷപ്പെടുന്നില്ല എന്നു വിശ്വസിക്കുന്നതാണ്. നമുക്കു വേണ്ടി പിശാച് തയ്യാറാക്കുന്ന പ്രശ്നങ്ങൾ ദൈവം മുന്നമെ അറിയുന്നു എന്നു മാത്രമല്ല, അവയ്ക്കെല്ലാമുള്ള പരിഹാരവും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു! അതുകൊണ്ട് ഓരോ പ്രശ്നത്തെയും ധൈര്യമായി നിങ്ങൾക്കു നേരിടാൻ കഴിയും.

ഒരു വിശ്വാസി എന്ന നിലയിൽ എൻ്റെ 56 വർഷങ്ങളിൽ അസംഖ്യം പ്രശ്നങ്ങൾ ഞാൻ നേരിട്ടതിനു ശേഷം, ഇത് സത്യമാണെന്ന് എനിക്കു സാക്ഷ്യം പറയാൻ കഴിയും. ദൈവം ഒരു പരിഹാരം ആസൂത്രണം ചെയ്തിട്ടില്ലാത്ത ഒരു പ്രശ്നവും ഞാൻ ഒരിക്കലും ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല! എൻ്റെ ജീവിതത്തിലെ ‘മാറാ’കളിലേക്കു വരുന്നതിനു വളരെ മുമ്പുതന്നെ, അവിടുന്ന് വൃക്ഷങ്ങൾക്കു വേണ്ടി വിത്തുകൾ പാകി – എനിക്കു വേണ്ടി വെള്ളങ്ങൾ മധുരമാക്കി തീർക്കാൻ എപ്പോഴും “സ്നേഹത്തിൽ നിശബ്ദനായി നമുക്കു വേണ്ടി പദ്ധതി ഒരുക്കുന്ന” (സെഫന്യാവ് 3:17 – പരാവർത്തനം) അത്ഭുതവാനായ, സ്നേഹവാനായ നമ്മുടെ പിതാവിൽ ഉള്ള വിശ്വാസത്താൽ നടക്കേണ്ടതിന് നിങ്ങളെയും ഞാൻ ഉത്സാഹിപ്പിക്കുന്നു – അങ്ങനെ നിങ്ങൾ സ്ഥിരമായി നിങ്ങളുടെ എല്ലാ പ്രശ്നങ്ങളെയും തരണം ചെയ്യും. ഇനി ഒരിക്കലും നിങ്ങളുടെ വായിൽ പരാതിയും പിറുപിറുപ്പും കോപവും കാണപ്പെടുകയില്ല, എന്നാൽ ദൈവത്തിനു സ്തുതിയും സ്തോത്രവും മാത്രം ഉണ്ടാകും.

What’s New?