അല്പം കാര്യങ്ങളിലെ വിശ്വസ്തതയാണ് ദൈവം നോക്കുന്നത്- WFTW 30 ജൂണ്‍ 2013

person holding a green plant

സാക് പുന്നന്‍

   

 1 രാജാക്കന്മാര്‍ 19:1921 വാക്യങ്ങളില്‍ ഏലിയാവ് എലീശയെ വിളിക്കുന്നത് നാം വായിക്കുന്നു. ഏലിയാവ് വിളിക്കുമ്പോള്‍ എലീശ കാളകളെക്കൊണ്ട് വയല്‍ ഉഴുകുകയെന്ന കഠിനാദ്ധ്വാനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു.

ശ്രദ്ധിക്കുക, ഒന്നാമതായി തങ്ങളുടെ ജോലിയില്‍ കഠിനാദ്ധ്വാനികളും വിശ്വസ്തരും ആയ ആളുകളെയാണ്  വിളിക്കുന്നത്.. വിശ്വസ്തതയോടെ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ചുകൊണ്ടിരുന്ന സമയത്താണ് ദൈവം മോശയെ വിളിച്ചത്. സിംഹത്തേയും കരടിയേയും നേരിട്ട് തന്റെ ആടുകളെ പരിപാലിച്ചുകൊണ്ടിരിക്കുമ്പോഴാണ്  ദൈവം ദാവീദിനെ വിളിക്കുന്നത്. ആമോസ് കഠിനാദ്ധ്വാനിയായി കന്നുകാലികളെ നോക്കുന്നവനായിരുന്നു. പത്രോസും, യാക്കോബും, യോഹന്നാനും, അന്ത്രയോസും കഠിനാദ്ധ്വാനികളായ മീന്‍ പിടുത്തക്കാര്‍ ആയിരുന്നു. മത്തായി തന്റെ ജോലിസ്ഥലത്ത് കണക്കെഴുതിക്കൊണ്ടിരിക്കുകയായിരുന്നു. പഴയ നിയമത്തിലോ പുതിയ നിയമത്തിലോ അലസനായൊരു മനുഷ്യനെ ദൈവം തന്റെ വേലക്കായി വിളിച്ചതായി നാം കാണുന്നില്ല.

എലീശ വീട്ടില്‍ കിടന്നുറങ്ങുമ്പോഴല്ല ഏലിയാവ് വിളിക്കുന്നത്.. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഏലിയാവ് ഒരു അലസനായ മനുഷ്യനാണെന്നു നാം കരുതിയേനെ. പത്രോസിനെ യേശു ഒരു വൈകുന്നേരം വീട്ടില്‍ പോയിയല്ല വിളിച്ചത്. അവന്‍ മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴാണ്  യേശു അവനെ വിളിക്കുന്നത്.. ദൈവ വേലക്കായി നമ്മെ വിളിക്കുന്നതിനു മുമ്പ്  നമ്മുടെ ജോലിയില്‍ നാം വിശ്വസ്തരും കഠിനാദ്ധ്വാനികളും ആയിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നാണ്  ഈ ഉദാഹരണങ്ങള്‍ നമ്മെ കാണിക്കുന്നത്. ഭൗതീക കാര്യങ്ങളില്‍ നിങ്ങള്‍ വിശ്വസ്തര്‍ അല്ലെങ്കില്‍ പിന്നെ ആത്മീയ കാര്യങ്ങളില്‍ എങ്ങനെ വിസ്വസ്തരാകും?. നിങ്ങള്‍ ചെറുപ്പവും ഭവനത്തില്‍ തന്നെ താമസിക്കുന്ന ആളുമാണെങ്കില്‍ വീട്ടില്‍ വിശ്വസ്തനായൊരു മകനോ മകളോ ആയിരിക്കുക.

രണ്ടാമതായി ശ്രദ്ധിക്കുക; ഈ ആളുകളെല്ലാം ദൈവം വിളിച്ചയുടന്‍ എല്ലാം ഉപേക്ഷിച്ചാണ് ചെന്നത്. അത് പത്രോസിലും യോഹന്നാനിലും മത്തായിയിലും അതുപോലെ എലീശയിലും നാം കാണുന്നു. പൂര്‍ണ്ണ ഹൃദയത്തോടെ ഉടനെതന്നെ പ്രതികരിക്കുന്നവരെയാണ് ദൈവം വിളിക്കുന്നത്….

ഒരു പക്ഷെ ദൈവത്തിന്റെ വിളി തങ്ങളുടെ തോന്നലുകളില്‍ നിന്നുണ്ടായ ഒന്നല്ല എന്ന് ഉറപ്പാക്കുന്നതിന് അവര്‍ കാത്തു നിന്നേക്കാം. എന്നാല്‍ ഉറപ്പു ലഭിച്ചാല്‍ ഉടനെ അവര്‍ പ്രവര്‍ത്തിക്കുന്നു. അങ്ങനെയുള്ളവരെ മാത്രമേ ദൈവത്തിന് തന്റെ വേലക്കായി ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം അവിടുത്തെ വേലയില്‍ പെട്ടന്നുള്ള അനുസരണവും പൂര്‍ണ്ണ സമര്‍പ്പണവും കഠിനാദ്ധ്വാനവും വളരെ ആവശ്യമുണ്ട്.

ദൈവം നമ്മുടെ സാധാരണ തൊഴിലിനെ പരിശോധിച്ച് നാം അതില്‍ വിശ്വസ്തരാണോ എന്ന് നോക്കുന്നു.ഒരു മുറി വൃത്തിയാക്കുവാന്‍ നിങ്ങളോട് ആവശ്യപ്പെട്ടു എന്നിരിക്കട്ടെ, അത് നിങ്ങള്‍ വൃത്തിയായി ചെയ്യാതെ ഒട്ടും ഉത്തരവാദിത്വമില്ലാതെയാണ് ചെയ്യുന്നതെങ്കില്‍ ദൈവം നിങ്ങളെ അവിടുത്തെ വേലക്കായി വിളിക്കുമോ എന്ന് ഞാന്‍ സംശയിക്കുന്നു. കാരണം ആ മുറി എങ്ങനെയാണോ വൃത്തിയാക്കിയത് അതുപോലെയായിരിക്കും നിങ്ങള്‍ നിങ്ങളുടെ ഹൃദയവും വൃത്തിയാക്കുന്നത്.  അപ്പോള്‍ പിന്നെ എങ്ങനെ ദൈവത്തിനു നിങ്ങളെ അവിടുത്തെ സഭ ശുദ്ധീകരിക്കുന്ന വേലയില്‍ ഉപയോഗിക്കുവാന്‍ സാധിക്കും? അല്പകാര്യങ്ങളിലെ വിശ്വസ്തതയാണ്  ദൈവം അന്വേഷിക്കുന്നത്.