ദൈവം ജയാളികള്‍ക്ക് വേണ്ടി വാതില്‍ കൃത്യസമയത്ത് അടക്കുകയോ, തുറക്കുകയോ ചെയ്യും – WFTW 27 ജനുവരി 2013

man running on black asphalt road

സാക് പുന്നന്‍ 

   

ഏതു വാതിലും  തുറക്കുവാനും അടയ്ക്കുവാനും കഴിവുള്ളവനാണ്‌ താനെന്നു ദൈവം തന്നെക്കുറിച്ച് തന്നെ വെളിപ്പാട് 3:7ല്‍ വിശദീകരിക്കുന്നുണ്ട്. (ഫിലാദെല്‌ഫിയയിലെ സഭയുടെ ദൂതന് എഴുതുക; വിശുദ്ധനും, സത്യവാനും, ദാവീദിന്‍റെ താക്കോലുള്ളവനും ആരും അടയ്ക്കാതവണ്ണം തുറക്കുന്നവനും, ആരും തുറക്കാതവണ്ണം അടയ്ക്കുന്നവനും ആയവന്‍ അരുളിച്ചെയ്യുന്നു.)

നാം ജയാളികളായിരിക്കുകയും, മുന്നോട്ടു പോകണമെന്ന് ദൈവം ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, ഒരു സമയത്തും ഒരു അടഞ്ഞ വാതിലിനുമുമ്പില്‍ നാം നില്‍ക്കേണ്ടി വരികയില്ല. എന്നാല്‍ നമ്മുടെ മുമ്പിലുള്ള ചില വാതിലുകള്‍ ദൈവം തന്നെ അടയ്ക്കും. നമുക്കായിട്ട് അവിടുന്ന് കല്പ്പിച്ചിട്ടില്ലാത്തതും നമുക്ക് പ്രയോജനകരമല്ല എന്ന് അവിടുന്ന് അറിയുന്നതുമായ വഴികളാണ് അവിടുന്ന് അടയ്ക്കുന്നത്.

ഒരു ജയാളിയായിരിക്കുക എന്നത് വളരെ ആവേശകരമായ ഒരു ജീവിതമാണ്. നാം ഏതു വാതിലുകളില്‍ക്കൂടെ കടന്നു പോകണമെന്നും ഏതു വാതിലുകള്‍ക്ക് മുമ്പില്‍ മുട്ടിക്കൊണ്ടിരിക്കുന്നത് നിര്‍ത്തണമെന്നും ദൈവം തന്നെ തീരുമാനിക്കുന്നു.

യോനായുടെ   പുസ്തകത്തില്‍ ദൈവം ഒരു വാതില്‍ അടച്ച് (കപ്പലില്‍ നിന്ന് യോനായെ പുറത്തേയ്ക്ക് എറിഞ്ഞു) മറ്റൊന്ന് തുറക്കുന്നത് (മീനിന്‍റെ വായ്‌ തുറന്ന് യോനായെ വിഴുങ്ങുന്നു) നാം കാണുന്നു. ആ വലിയ മീന്‍ യിസ്രായേലിന്‍റെ തീരത്ത്‌ എത്തിയപ്പോള്‍ ദൈവം അതിന്‍റെ വായ്‌ തുറന്ന് തന്‍റെ ദാസനെ തീരത്ത്‌ ആക്കിവച്ചു. അങ്ങനെ ദൈവം യോനായെ തുടങ്ങിയിടത്തു തന്നെ കൊണ്ട് വന്നു. പിന്നീട് ഒരിക്കല്‍ക്കൂടി അവനോട് താന്‍ പ്രസംഗിക്കുവാന്‍ ആവശ്യപ്പെട്ടിരുന്ന നിനവേയിലെയ്ക്ക് പോകുവാന്‍ ആവശ്യപ്പെട്ടു, അവന്‍ പോകുകയും ചെയ്തു.

ദൈവത്തിനു നമ്മെ എവിടെയെങ്കിലും ആക്കണമെങ്കില്‍ നമുക്ക് മുമ്പിലുള്ള തെറ്റായ വാതിലുകള്‍ അടയ്ക്കുവാനും (ചിലപ്പോള്‍ പുറത്തേയ്ക്ക് എറിഞ്ഞു കളഞ്ഞായിരിക്കാം) ശരിയായ വാതിലുകള്‍ തുറന്നു തരുന്നതിനും  അവിടുത്തേയ്ക്ക് പ്രത്യേക മാര്‍ഗ്ഗങ്ങളുണ്ട്.  ഏറ്റവും മികച്ചത് നാം നഷ്ടപ്പെടുത്താതിരിക്കുവാന്‍ നമ്മെ തുടങ്ങിയിടത്തു തന്നെ കൊണ്ട് നിര്‍ത്തുവാനും ദൈവത്തിനു മാര്‍ഗ്ഗങ്ങളുണ്ട്. അവിടുന്ന് യോനായുടെ കാര്യത്തില്‍ ചെയ്തത് നമുക്കുവേണ്ടിയും ചെയ്യും. ചിലപ്പോള്‍ അതിനേക്കാള്‍ അധികവും.

എല്ലാ വാതിലുകളുടെയും താക്കോല്‍ അവിടുത്തെ കൈകളിലാണ്. നിങ്ങള്‍ പൂര്‍ണ മനസ്സോടെ ശിഷ്യനായിരിക്കുന്നവനും, ദൈവ നാമം മഹത്വപ്പെടുക എന്നതല്ലാതെ മറ്റൊരു ആഗ്രഹവും നിങ്ങള്‍ക്കില്ലെങ്കില്‍ ഒരു കാര്യം ഉറപ്പാക്കാം; ഒന്നും നിങ്ങളുടെ വഴിയില്‍ തടസ്സമായി നില്‍ക്കുകയില്ല. അടുത്തെത്തുമ്പോള്‍ സ്വയം തുറക്കുന്ന വാതിലുകള്‍ പോലെ നിങ്ങളുടെ ജീവിതത്തില്‍ ദൈവഹിതത്തിനു തടസ്സമായി നില്‍ക്കുന്ന എല്ലാ അടഞ്ഞ വാതിലുകളും, നിങ്ങള്‍ അതിന്‍റെ അടുത്തേയ്ക്ക് ചെല്ലുമ്പോള്‍ താനേ തുറക്കും. ഓരോ വാതിലുകളും അതിന്‍റെ കൃത്യ സമയത്ത് ദൈവം തുറക്കും. നേരത്തെയും ഇല്ല  താമസിച്ചും ഇല്ല  അതുപോലെ തന്നെ നിങ്ങളുടെ ജീവിതത്തില്‍ ദൈവഹിതം പൂര്‍ണമായി നിറവേറുന്നതിനു ചില വാതിലുകളെ അവിടുന്ന് അടയ്ക്കുകയും ചെയ്യും.