ദൈവത്തില്‍ കേന്ദ്രീകരിച്ച പ്രാര്‍ത്ഥന


സാക് പുന്നന്‍

ഈ പുസ്തകവും നിങ്ങളും

ഫലപ്രദമായ പ്രാര്‍ത്ഥനയ്ക്കു രണ്ട് അവശ്യ ഘടകങ്ങള്‍ ഉണ്ട്.

ഒന്ന്, ദൈവദത്തമായ ഒരു ആവശ്യബോധം. ദൈവത്തില്‍ നിന്നാരംഭിച്ചു ദൈവത്തിങ്കലേക്കു തന്നെ ചെന്നു ചേരുന്ന ഒരു വൃത്തം പോലെയാണു പ്രാര്‍ത്ഥന പ്രവര്‍ത്തിക്കുന്നത്. ആ വൃത്തത്തിന്റെ ആദ്യത്തെ പകുതി ദൈവം തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മുടെ ഹൃദയങ്ങളില്‍ നല്‍കുന്ന ഒരു ശക്തമായ ആവശ്യബോധമാണ്. ആ വൃത്തത്തിന്റെ രണ്ടാമത്തെ പകുതി ദൈവ പ്രേരിതമായ ആ പ്രാര്‍ത്ഥനയെ നാം പ്രവര്‍ത്തിപ്പിച്ചു തിരിയെ ദൈവത്തിങ്കലേക്കു തന്നെ നയിക്കുകയാണ്. അപ്പോള്‍ ആ വൃത്തം പൂര്‍ത്തിയാകുന്നു. ആത്മാവില്‍ പ്രാര്‍ത്ഥിക്കുക എന്നതിന്റെ അര്‍ത്ഥം ഇതത്രേ.

പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ അവശ്യഘടകം വിശ്വാസമാണ്. നാം ദൈവത്തില്‍ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ നമ്മില്‍ അവിശ്വാസം ഉണ്ടാകുന്ന പക്ഷം നാം ദൈവത്തെ അപമാനിക്കുകയാണ്. കാരണം, ഭൂമിയിലുള്ള ഒരു പിതാവ് തന്റെ മക്കളുടെ കാര്യത്തില്‍ എത്ര കരുതലുള്ളവനാണോ അത്രയും കരുതല്‍ ദൈവത്തിനു നമ്മുടെ നേരേ ഇല്ല എന്ന ചിന്തയാണല്ലോ അവിശ്വാസത്തിന്റെ പിന്നിലുള്ളത്.

പ്രാര്‍ത്ഥന നമ്മുടെ മനസ്സുകളില്‍ നിന്നോ നാവുകളില്‍ നിന്നോ മാത്രമാണു പുറപ്പെടുന്നതെങ്കില്‍ അപ്പോള്‍ അത് ദൈവത്തിന്റെ കാതുകളിലേക്കു പ്രവഹിക്കുന്ന ഒരു പ്രാര്‍ത്ഥനയാവുകയില്ല. പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്ന ഏറ്റവും അഗാധമായ അഭിവാഞ്ഛയായിത്തീരുമ്പോള്‍ മാത്രമേ അതു യഥാര്‍ത്ഥ പ്രാര്‍ത്ഥനയായി ഭവിക്കുന്നുള്ളു.

സാരാംശത്തില്‍ പ്രാര്‍ത്ഥന നമ്മുടെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമാണ്. നമ്മുടെ പ്രാര്‍ത്ഥനയുടെ ഫലദായകത്വം നമ്മുടെ ജീവിതത്തിലുള്ള നീതിനിഷ്ഠയെ ആശ്രയിച്ചാണിരിക്കുന്നത്. യഥാര്‍ത്ഥ നീതിനിഷ്ഠ ഒരുവനെ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു വ്യക്തിയാക്കിത്തീര്‍ക്കുന്നു. എന്നു വച്ചാല്‍ അയാള്‍ കാര്യങ്ങളെ ദൈവത്തിന്റെ വീക്ഷണകോണിലൂടെ നോക്കിക്കാണുവാനാരംഭിക്കുന്നു എന്നര്‍ത്ഥം (കൊലൊ. 1:9 പരാവര്‍ത്തനം). അയാള്‍ ഇനി മേല്‍ ആളുകളെയോ വസ്തുതകളെയോ സാഹചര്യങ്ങളെയോ മാനുഷിക വീക്ഷണത്തിലൂടെയല്ല നോക്കുന്നത് (2 കൊരി. 5:16). അയാള്‍ക്കു ചുറ്റുമുള്ള ഈ എല്ലാ കാര്യങ്ങളും മാറ്റമില്ലാതെ നിലനിന്നെന്നു വരാം. എങ്കിലും ദൈവത്തില്‍ കേന്ദ്രീകരിച്ചു ജീവിക്കുന്ന ഒരു വ്യക്തി സ്വര്‍ഗ്ഗതലങ്ങളിലേക്ക് ഉയര്‍ന്നിരിക്കുന്നു. അതിനാല്‍ അയാള്‍ എല്ലാവരെയും എല്ലാറ്റിനെയും ദൈവം വീക്ഷിക്കുന്ന വിധത്തില്‍ വീക്ഷിക്കുന്നു.

ഇപ്രകാരമുള്ള ഒരു മനുഷ്യനു മാത്രമേ ദൈവത്തിന്റെ ചിന്തയോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിവുള്ളു.

ശ്വാസോച്ഛ്വാസം നമ്മുടെ ശരീരത്തിന് എന്തായിരിക്കുന്നുവോ, നമ്മുടെ ആത്മാവിന് പ്രാര്‍ത്ഥന അതു തന്നെയായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. എല്ലാ സമയത്തും നാം നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്ന അനായാസമായ ഒരു പ്രവര്‍ത്തനമാണത്. എങ്ങനെ ശ്വസിക്കണമെന്നു പുസ്തകങ്ങളില്‍ നിന്നു നാം പഠിക്കേണ്ട ആവശ്യമില്ല. നമുക്കു ശ്വാസോച്ഛ്വാസം വിഷമകരമായിത്തീരുമ്പോള്‍ അതു സത്യത്തില്‍ ഒരു രോഗ ലക്ഷണമാണ്!

പ്രാര്‍ത്ഥന ക്ലേശകരമായ ഒരു പ്രവര്‍ത്തനമല്ല എന്ന് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല.

യേശുക്രിസ്തു ഉറച്ച നിലവിളിയോടും കണ്ണുനീരോടും കൂടി പ്രാര്‍ത്ഥിച്ചു (എബ്രാ. 5:7). അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥനയില്‍ തീക്ഷ്ണതയോടെ പോരാടിയിരുന്നു (കൊലൊ. 4:12). എന്നാല്‍ ആര്‍ക്കെങ്കിലും പ്രാര്‍ത്ഥന വിരസമായ ഒരു ചടങ്ങായിത്തീരുന്ന പക്ഷം ആ വ്യക്തിക്ക് ആത്മീയമായ ആസ്ത്മാ ബാധിച്ചിരിക്കുന്നു എന്നു തീര്‍ച്ചയാണ്.

അത്തരം വിശ്വാസികള്‍ രോഗികളാണ്. അവര്‍ അതു മനസ്സിലാക്കിയേ തീരൂ. എങ്ങനെ പ്രാര്‍ത്ഥിക്കണം എന്നതിനെപ്പറ്റിയുള്ള ഉപദേശമല്ല അവര്‍ക്കാവശ്യം; ജീവിതത്തില്‍ തങ്ങള്‍ക്കുള്ള മുന്‍ഗണനകള്‍ പുനഃപരിശോധിക്കുകയാണ് അവര്‍ ചെയ്യേണ്ടിയിരിക്കുന്നത്.

ഈ പുസ്തകത്തില്‍ ഒന്നാകെയുള്ള പ്രതിപാദ്യം ഇതത്രേ.

നാം ദൈവത്തില്‍ കേന്ദ്രീകരിച്ചതും നമ്മുടെ മുന്‍ഗണനകള്‍ ശരിയായിട്ടുള്ളവയും ആയിത്തീരുമ്പോള്‍ നമുക്ക് ഈ ആസ്ത്മാ രോഗത്തില്‍ നിന്നു മോചനം ലഭിക്കും. പ്രാര്‍ത്ഥനയില്‍ പിന്നെയും ഉറച്ച നിലവിളിയും കണ്ണുനീരും കലര്‍ന്നിരിക്കും. കഠിനാധ്വാനവും പ്രസവ വേദനയും പിന്നെയും ഉണ്ടാവാം. എങ്കിലും മേലാലോരിക്കലും അതൊരു ചടങ്ങു മാത്രമായിത്തീരുകയില്ല. നേരേമറിച്ച് അതൊരു സന്തുഷ്ടിയും അഹ്ലാദവുമായിത്തീരും.

അപ്രകാരമൊരു ജീവിതം നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ തുടര്‍ന്നു വായിക്കുക.

അധ്യായം 1 : എങ്ങനെ പ്രാര്‍ത്ഥിക്കരുത്

”നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ കപടഭക്തിക്കാരെപ്പോലെ ആകരുത്. അവര്‍ മനുഷ്യര്‍ക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാര്‍ത്ഥിപ്പാന്‍ ഇഷ്ടപ്പെടുന്നു; അവര്‍ക്കു പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു. നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ക്കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്ക; രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.

പ്രാര്‍ത്ഥിക്കയില്‍ നിങ്ങള്‍ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താല്‍ ഉത്തരം കിട്ടും എന്നല്ലോ അവര്‍ക്കു തോന്നുന്നത്. അവരോടു തുല്യര്‍ ആകരുത്; നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്നു നിങ്ങള്‍ യാചിക്കും മുമ്പേ നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.

നിങ്ങള്‍ ഇവ്വണ്ണം പ്രാര്‍ത്ഥിപ്പിന്‍: സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരണമേ. നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ. ഞങ്ങള്‍ക്ക് ആവശ്യമുള്ള ആഹാരം ഇന്നു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ.

നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല” (മത്താ. 6:5-15).

യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുള്ള ഏക പ്രാര്‍ത്ഥന ഇതാണ്. അങ്ങനെയെങ്കില്‍ അതു ശരിയായ വിധത്തില്‍ മനസ്സിലാക്കുന്നതു നമുക്കു തീര്‍ച്ചയായും പ്രയോജനകരമായിരിക്കും.

നാം പ്രാര്‍ത്ഥിക്കുമ്പോഴൊക്കെയും ഈ വിധത്തില്‍ പ്രാര്‍ത്ഥിക്കണമെന്നു യേശു പഠിപ്പിച്ചു (വാക്യം 9). നാം പ്രാര്‍ത്ഥിക്കുന്ന ഓരോ സമയത്തും ഈ പ്രാര്‍ത്ഥന ഉരുവിടണം എന്നല്ല ഇതിന്റെ അര്‍ത്ഥം. നേരേമറിച്ചു നമ്മുടെ എല്ലാ പ്രാര്‍ത്ഥനയും ഈ മാതൃകയെ പിന്തുടര്‍ന്നു കൊണ്ടായിരിക്കണം എന്നതാണ് ഇതിന്റെ താല്‍പര്യം.

ഈ പ്രാര്‍ത്ഥനയിലെ ഓരോ വാക്യവും അതിന്റെ അര്‍ത്ഥം കരുതിക്കൊണ്ടു നാം പ്രാര്‍ത്ഥിക്കുന്നുവെങ്കില്‍ അതില്‍ കുഴപ്പമില്ല. എന്നാല്‍ അത് അനായാസമായ ഒരു കാര്യമല്ലെന്നു നാം ഉടന്‍ തന്നെ മനസ്സിലാക്കും.

എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനു മുമ്പായി ആദ്യമേ തന്നെ എങ്ങനെ പ്രാര്‍ത്ഥിക്കരുതെന്നു കര്‍ത്താവ് അവരെ പഠിപ്പിച്ചു.

കപട ഭക്തിക്കാരെപ്പോലെ ആകരുത്

എങ്ങനെ പ്രാത്ഥിക്കരുത് എന്ന കാര്യത്തില്‍ ഒന്നാമതായി യേശു പ്രസ്താവിച്ചത് കപടഭക്തിക്കാരെപ്പോലെ നാം പ്രാര്‍ത്ഥിക്കരുത് എന്ന കാര്യമാണ്.

സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ യേശുവിനു കപട ഭക്തിയെപ്പറ്റി ഒട്ടധികം കാര്യങ്ങള്‍ പറയുവാനുണ്ടായിരുന്നു എന്നു നാം കാണുന്നു. പരീശന്മാര്‍ കപട ഭക്തിക്കാരായിരുന്നതിനാല്‍ അവിടുന്ന് അവരെ രൂക്ഷമായി കുറ്റം വിധിക്കയും തിരസ്‌കരിക്കയും ചെയ്തു. പീരശന്മാര്‍ക്കു നല്ല വശങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുകയും ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കയും ചെയ്തിരുന്നു. അവര്‍ തങ്ങളുടെ വരുമാനമായ പണത്തിന്റെ മാത്രമല്ല, എല്ലാ ആദായത്തിന്റെയും, അടുക്കളത്തോട്ടത്തില്‍ നിന്നു കിട്ടുന്ന ചതകുപ്പയുടെയും ജീരകത്തിന്റെയും പോലും, ദശാംശം നല്‍കിയിരുന്നു. ദൈവിക നിയമങ്ങളെന്നു തങ്ങള്‍ മനസ്സിലാക്കിയിരുന്ന പ്രമാണങ്ങളുടെ ചെറിയ വിശദാംശങ്ങള്‍ പോലും അനുസരിക്കുന്നതില്‍ അവര്‍ ഏറ്റവും ജാഗരൂകരായിരുന്നു. പുറമേ നോക്കിയാല്‍ അവര്‍ വളരെ സന്മാര്‍ഗ്ഗികളും പരമാര്‍ത്ഥികളുമായിരുന്നു. പള്ളിയില്‍ ശബ്ബത്തു ദിവസത്തെ ആരാധനാ പരിപാടികളിലെല്ലാം ഒന്നുപോലും വിടാതെ അവര്‍ പങ്കെടുക്കുമായിരുന്നു. തിരുവെഴുത്തുകളില്‍ അവര്‍ അഗാധമായ അറിവു നേടിയിരുന്നു. ഇങ്ങനെയൊക്കെയായിട്ടും യേശു അവരെ ശിക്ഷാര്‍ഹരെന്നു വിധിച്ചു പുറന്തള്ളുകയാണുണ്ടായത്. കാരണം, അവര്‍ എല്ലാ കാര്യങ്ങളും ചെയ്തു പോന്നത് പ്രാഥമികമായി മനുഷ്യരില്‍ നിന്നുള്ള ബഹുമാനം നേടുവാന്‍ വേണ്ടിയായിരുന്നു (യോഹ. 12:43).

പരീശന്മാരുടെ പിന്മുറക്കാര്‍ – അതായത് തങ്ങളുടെ നേതാക്കന്മാരുടെ യും മറ്റു മനുഷ്യരുടെയും പ്രശംസ ആഗ്രഹിക്കുന്നവര്‍- ഇന്നു ലോകത്തിലെ എല്ലാ സഭകളിലും കൂട്ടായ്മകളിലും കാണപ്പെടുന്നുണ്ട്.

കപടഭക്തന്‍ എന്നര്‍ത്ഥമായ hypocrite എന്ന പദം നടന്‍ എന്നര്‍ത്ഥം വരുന്ന ഒരു ഗ്രീക്കു പദത്തില്‍ നിന്നാണ് ഉണ്ടായിട്ടുള്ളത്. ഒരു ഹോളിവുഡ് ചലച്ചിത്രത്തില്‍ യോഹന്നാന്‍ സ്‌നാപകന്റെ ഭാഗം അഭിനയിക്കുന്ന ഒരു മനുഷ്യനെപ്പറ്റി ചിന്തിക്കുക. യഥാര്‍ത്ഥ ജീവിതത്തില്‍ അയാള്‍ ഒരു മദ്യപനും വ്യഭിചാരിയും രണ്ടോ മൂന്നോ ഭാര്യമാരെ ഉപേക്ഷിച്ചു കഴിഞ്ഞവനും ആയിരിക്കും. എന്നാല്‍ ചലച്ചിത്രത്തില്‍ അയാള്‍ ദൈവത്തിന്റെ ഒരു വിശുദ്ധ പ്രവാചകനായി ശോഭിക്കുന്നു. ഇതാണ് ഒരു കപടഭക്തന്റെയും അവസ്ഥ. മനുഷ്യരുടെ മുമ്പില്‍ ഒരു വേഷം അഭിനയിക്കുന്ന ഒരുവനാണ് അയാള്‍. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അയാള്‍ ഇതില്‍ നിന്ന് എത്ര വ്യത്യസ്തനായ ഒരു വ്യക്തിയാണ്!

ഒരു കപടഭക്തന്‍ മറ്റു വിശ്വാസികളുടെ മുമ്പില്‍ പൂര്‍ണ്ണ ഹൃദയത്തോടെ യേശുവിനെ പിന്തുടരുന്ന ഒരു ക്രിസ്ത്യാനിയായി നടിച്ചേക്കാം. എന്നാല്‍ അയാള്‍ വീട്ടില്‍ തന്റെ ഭാര്യയോട് എങ്ങനെ പെരുമാറുന്നു, തന്റെ ഓഫീസില്‍ ആളുകളോട് എങ്ങനെ ഇടപെടുന്നു എന്നൊക്കെ നോക്കിയാല്‍ അത്യന്തം ഭിന്നമായ ഒരു വ്യക്തിയായിട്ടായിരിക്കും നിങ്ങള്‍ അയാളെ കണ്ടെത്തുന്നത്. എന്തുകൊണ്ടാണത്? അവിടെ അയാള്‍ അഭിനയിക്കുകയല്ല. വീട്ടിലും ജോലിസ്ഥലത്തും അയാളുടെ തനിനിറം വെളിപ്പെടുന്നു. അയാള്‍ ഒരു മതഭക്തനാണ്; ആത്മീയനല്ല തന്നെ.

ഒരു നടന്റെ ആഗ്രഹം തന്റെ അഭിനയത്തെ ആളുകള്‍ അഭിനന്ദിക്കണം എന്നാണ്. കപടഭക്തന്റെ ആഗ്രഹവും അതു തന്നെ. ഒന്നാം നൂറ്റാണ്ടിലെ പരീശന്മാര്‍ ഇതേ ആഗ്രഹമുള്ളവരായിരുന്നു. ഇരുപതാം നൂറ്റാണ്ടിലെ പരീശന്മാരുടെ നിലയും ഇതില്‍ നിന്നു തെല്ലും വ്യത്യസ്തമല്ല. അവര്‍ ചെയ്യുന്ന ഏതു കാര്യത്തിലും – അതു പ്രാര്‍ത്ഥന പോലുള്ള ആത്മീയമായ ഒരു കാര്യമായാല്‍പ്പോലും – ആളുകള്‍ അവരെ അഭിനന്ദിക്കണം എന്നാണ് അവരുടെ ആഗ്രഹം. അവര്‍ മനോഹരമായി പ്രാര്‍ത്ഥിച്ചേക്കാം. എന്നാല്‍ അതിന്റെ ഉദ്ദേശ്യം ആളുകള്‍ അതു ശ്രദ്ധിക്കണം എന്നതു തന്നെ.

നാം സത്യസന്ധരെങ്കില്‍ നാമെല്ലാവരും കപടഭക്തിക്കാരെപ്പോലെ- ദൈവം നമ്മെ ശ്രദ്ധിക്കുന്നുവെന്നതിലധികമായി ആളുകള്‍ നമ്മെ ശ്രദ്ധിക്കുന്നുവെന്ന ബോധത്തോടെ- പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നു നാം സമ്മതിക്കും. ഒരുപക്ഷേ, നാം തനിച്ചിരുന്നു കാര്യം ദൈവത്തോട് ഏറ്റു പറയേണ്ടത് നമുക്ക് ആവശ്യമത്രേ. നമ്മുടെ പരസ്യ പ്രാര്‍ത്ഥനയില്‍ ആളുകള്‍ക്കു മതിപ്പുണ്ടാക്കുവാന്‍ വേണ്ടി ഉജ്ജ്വലവും അലംകൃതവുമായ ഭാഷ നാം ഉപയോഗിച്ചെന്നു വരാം. ആ വിധത്തില്‍ പ്രാര്‍ത്ഥിക്കന്നതിനെതിരേ യേശു നമുക്കു താക്കീതു നല്‍കിയിട്ടുണ്ട്. എന്തെന്നാല്‍ അത്തരം പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ എത്തുകയേ ഇല്ല.

നമ്മുടെ പ്രസംഗത്തിലാകട്ടെ, ജീവിതത്തിലാകട്ടെ, പ്രാര്‍ത്ഥനയിലാകട്ടെ, കപടഭക്തിയില്‍ നിന്നു മാറി ദൈവത്തിന്റെ പ്രശംസയെ നാം വിലമതിക്കുമാറ് അത്ര ആഴമായ ഒരു ദൈവഭയം നമുക്കു നല്‍കുവാന്‍ ദൈവത്തോട് അപേക്ഷിക്കണം. ദൈവത്തെ ഭയപ്പെടേണ്ടതുപോലെ ഭയപ്പെടുവാന്‍ നാം പഠിക്കുന്നതുവരെയും ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ആളുകളുടെ മുമ്പില്‍ അഭിനയിക്കുന്നവരായി നാം തുടരും.

കപടഭക്തിയെ മറ്റേതൊരു പാപത്തെക്കാളും അധികം ശിക്ഷായോഗ്യമായി യേശു വിധിക്കയും നിരാകരിക്കയും ചെയ്തിട്ടുണ്ട്.

ആളുകളില്‍ തെറ്റായ മതിപ്പ് ഉളവാക്കരുത്

ആദിമ സഭയില്‍ ഉണ്ടായതായി നാം വായിക്കുന്ന ആദ്യത്തെ പാപം കപട ഭക്തിയായിരുന്നു. അപ്പൊസ്തല പ്രവൃത്തികള്‍ അഞ്ചാമധ്യായത്തില്‍ നാം അനന്യാസിനെയും സഫീറയെയും പറ്റി വായിക്കുന്നു.

അവരുടെ പാപം എന്തായിരുന്നു?

അവരുടെ നിലം വിറ്റു കിട്ടിയ പണം മുഴുവന്‍ കൊണ്ടുവന്നു ദൈവവകയ്ക്കായി കൊടുത്തില്ല എന്നതായിരുന്നുവോ ആ പാപം? അല്ല തന്നെ. നിങ്ങള്‍ ഒരു ലക്ഷം രൂപയ്ക്കു നിങ്ങളുടെ നിലം പുരയിടങ്ങള്‍ വിറ്റ് അതില്‍ പകുതി, അതായത് 50000 രൂപാ മാത്രം ദൈവ വകയ്ക്കു കൊടുക്കുന്ന പക്ഷം അതൊരു പാപമല്ല. ഒന്നും ദൈവവകയ്ക്കു കൊടുക്കേണ്ട എന്നു തീരുമാനിക്കുന്ന പക്ഷം അതും പാപമല്ല. എത്രമാത്രം കൊടുക്കണം എന്നു തീരുമാനിക്കുന്നത് നിങ്ങളുടെ സ്വന്ത കാര്യമാണ്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു. സന്തോഷത്തോടെ നിങ്ങള്‍ കൊടുക്കുന്നില്ലെങ്കില്‍ കൊടുക്കാതിരിക്കാനും നിങ്ങള്‍ക്കു കഴിയും. ദൈവത്തിനു നിങ്ങളുടെ പണം ആവശ്യമില്ല. സ്വര്‍ണ്ണവും വെള്ളിയും അവിടുത്തേയ്ക്ക് ആവശ്യത്തിലധികം ഉണ്ട്.

അങ്ങനെയെങ്കില്‍ അനന്യാസും സഫീറയും മരിച്ചത് എന്തുകൊണ്ട്? അതിന്റെ കാരണം ഇതായിരുന്നു. അപ്പൊസ്തലന്മാരുടെ കാല്‍ക്കല്‍ വച്ചത് നിലം വിറ്റു കിട്ടിയ മുഴുവന്‍ തുകയുമാണെന്ന് അനന്യാസ് അഭിനയിച്ചു. തന്റെ മുഖത്ത് വിശുദ്ധവും ഭക്തിനിര്‍ഭരവുമായ ഭാവത്തോടെ അനന്യാസ് താനും മറ്റുള്ളവരെപ്പോലെ എല്ലാം സമര്‍പ്പിച്ചവനാണെന്നു ഭാവിച്ചു. അയാള്‍ ഒരു അഭിനയക്കാരന്‍ അഥവാ കപടഭക്തന്‍ ആയിരുന്നു.

എന്നാല്‍ പത്രൊസ് ഒരു ദൈവപുരുഷനായിരുന്നു. അദ്ദേഹത്തെ കബളിപ്പിക്കുക സാധ്യമായിരുന്നില്ല. അനന്യാസിന്റെ സമര്‍പ്പണത്തിന്റെ പൊള്ളത്തരം കാണുവാനുള്ള വിവേചന ശക്തി ദൈവം അദ്ദേഹത്തിനു നല്‍കി. അദ്ദേഹം ചോദിച്ചു: ‘അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാന്‍ സാത്താന്‍ നിന്റെ ഹൃദയം കൈവശമാക്കിയത് എന്ത്?’ (അപ്പൊ. പ്ര. 5:3).

എന്തു വ്യാജമാണ് അനന്യാസ് പറഞ്ഞത്? അയാള്‍ തന്റെ വായ് തുറക്കുക പോലും ചെയ്തിരുന്നില്ല.

ഒരു വ്യാജം പറയുക എന്നു വച്ചാല്‍ എന്താണര്‍ത്ഥം? ഒരു തെറ്റായ ധാരണ നല്‍കുകയാണത്. നിങ്ങളുടെ വായ് തുറക്കുക പോലും ചെയ്യാതെ മറ്റുള്ളവര്‍ക്ക് ഒരു തെറ്റായ ധാരണ നല്‍കുവാന്‍ നിങ്ങള്‍ക്കു കഴിയും.

അതാണ് അനന്യാസ് ചെയ്തത്. താനും പൂര്‍ണഹൃദയത്തോടെ യേശുവിനെ പിന്തുടരുന്ന ഒരു ശിഷ്യനാണെന്നുള്ള അംഗീകാരം മറ്റുള്ളവരില്‍ നിന്നു ലഭിക്കുവാന്‍ അയാള്‍ ആഗ്രഹിച്ചു. എന്നാല്‍ അയാള്‍ അപ്രകാരമുള്ള ഒരുവനായിരുന്നില്ല. തനിക്കുവേണ്ടി ചിലത് അയാള്‍ മാറ്റിവച്ചു. പക്ഷേ മുകളില്‍ ഞാന്‍ പറഞ്ഞതുപോലെ അതൊരു പാപം ആയിരുന്നില്ല. അയാള്‍ക്ക് ഇപ്രകാരം പത്രൊസിനോടു പറയാമായിരുന്നു, ”സഹോദരനായ പത്രൊസേ, ഞാന്‍ എന്റെ നിലം വിറ്റു. എന്നാല്‍ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ വിറ്റു കിട്ടിയ മുഴുവന്‍ പണവും ദൈവത്തിനായി കൊടുക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നില്ല. ഇതാ അതില്‍ ഒരു ഭാഗമാണിത്.” ഇങ്ങനെ അയാള്‍ പറഞ്ഞിരുന്നെങ്കില്‍ അയാള്‍ മരിക്കുകയില്ലായിരുന്നു. അതു സത്യസന്ധതയാകുമായിരുന്നു. ദൈവം അതിനെ അഭിനന്ദിക്കുകയും ചെയ്യുമായിരുന്നു.

എന്നാല്‍ അയാള്‍ അഭിനയിച്ചു. അതായിരുന്നു അയാളുടെ പാപം. അതു കാരണമാണ് അയാള്‍ മരിച്ചത്. കുറെ സമയം കഴിഞ്ഞ് അയാളുടെ ഭാര്യ രംഗത്തു വന്നു. അവളും തന്റെ ഭാഗം ഭംഗിയായി അഭിനയിച്ചു. മുഴുവനും ദൈവത്തിനായി കൊടുക്കുന്ന മട്ടിലുള്ള അഭിനയം തന്നെ. തന്മൂലം അവളും മരിച്ചു.

ഈ കപട ഭക്തി ആദിമ സഭയില്‍ കടന്നുകൂടിയ അസാരം പുളിമാവുപോലെ ആയിരുന്നു. അത് ഉടനടി എടുത്തു മാറ്റിക്കളഞ്ഞില്ലെങ്കില്‍ മുഴുവന്‍ സഭയും ദുഷിക്കുമെന്നു ദൈവത്തിന് അറിയാമായിരുന്നു. അതിനാലാണ് അവരെ ഉടന്‍ തന്നെ ദൈവം കൊന്നുകളഞ്ഞത്.

നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും കപട ഭക്തിയെപ്പറ്റി നിങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ത്ഥനാ ജീവിതത്തില്‍ അതിനെ കീഴടക്കുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധ്യമല്ല. മറ്റുള്ളവര്‍ നിങ്ങളെ അഭിനന്ദിക്കണമെന്ന ഉദ്ദേശ്യത്തോടെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന പക്ഷം യേശു നിങ്ങളോടു പറയുന്നു: ‘നിങ്ങളുടെ പ്രതിഫലം നിങ്ങള്‍ക്കു ലഭിച്ചുപോയി’ (മത്താ. 6:2). നിങ്ങളുടെ പ്രാര്‍ത്ഥനയിലൂടെ ദൈവം മഹത്വപ്പെടണമെന്നതല്ല, പിന്നെയോ നിങ്ങള്‍ക്ക് എത്ര നന്നായി പ്രാര്‍ത്ഥിക്കുവാനറിയാമെന്നു മറ്റുള്ളവര്‍ ഗ്രഹിക്കണമെന്നതാണു നിങ്ങളുടെ ആഗ്രഹം. അങ്ങനെയെങ്കില്‍ ആ പ്രതിഫലം നിങ്ങള്‍ക്കു ലഭിക്കും.

എന്നാല്‍ അതു മാത്രമായിരിക്കും ലഭിക്കുന്നത്. അതാണു നിങ്ങള്‍ ആഗ്രഹിച്ചത്. അതു നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്തു.

ഇതു ക്രിസ്തീയ ജീവിതത്തിലെ ഒരു നിയമമാണ്. നമ്മുടെ അധരങ്ങള്‍ കൊണ്ടു നാം ചോദിക്കുന്നതല്ല. മറിച്ചു നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്നു നാം അഭിലഷിക്കുന്നതു തന്നെ നമുക്കു ലഭിക്കും. അന്വേഷിപ്പിന്‍, അപ്പോള്‍ നിങ്ങള്‍ വാസ്തവത്തില്‍ അന്വേഷിക്കുന്നതു നിങ്ങള്‍ക്കു കിട്ടും.

നാം ക്രിസ്തുവിന്റെ ന്യായാസനത്തിനു മുമ്പില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ എല്ലാ ബാഹ്യാവരണങ്ങളും കര്‍ത്താവ് എടുത്തു മാറ്റിക്കളയും. അവിടെ നാം അഭിനയിക്കുന്ന വേഷങ്ങളുടെ രൂപത്തിലല്ല, വാസ്തവത്തില്‍ നാം എന്തായിരുന്നുവോ, അതേ രൂപത്തില്‍ തന്നെ കാണപ്പെടും. ഒരിക്കല്‍ നിങ്ങള്‍ നഗ്നരും ലജ്ജിതരുമായിത്തീരാതിരിക്കേണ്ടതിന് ഇന്നു നിങ്ങള്‍ എങ്ങനെ നടക്കുന്നു എന്നു സൂക്ഷിച്ചുകൊള്‍ക എന്നു ബൈബിള്‍ പറയുന്നത് ഈ കാരണത്താലാണ്.

1 യോഹന്നാന്‍ 2:28ല്‍ നാം ഇപ്രകാരം വായിക്കുന്നു. ”ഇനിയും കുഞ്ഞുങ്ങളെ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ അവന്റെ സന്നിധിയില്‍ നാം ലജ്ജിച്ചു പോകാതെ അവന്റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്യം ഉണ്ടാകേണ്ടതിന് അവനില്‍ വസിപ്പിന്‍.” ഭൂമിയില്‍ അഭിനയക്കാരായി ജീവിതം നയിച്ചവരാണ് ആ ദിവസത്തില്‍ ലജ്ജിതരാകുവാന്‍ പോകുന്നത്.

ഇപ്പോള്‍ ഞാന്‍ വിശ്വാസികളോടാണ് സംസാരിക്കുന്നത്. ഗിരിപ്രഭാഷണം ആരോടാണ് പ്രസംഗിക്കപ്പെട്ടത്? മത്തായി 5:1,2 വാക്യങ്ങള്‍ ശ്രദ്ധിക്കുന്ന പക്ഷം യേശു തന്റെ ശിഷ്യന്മാരോടാണ് ആ വാക്കുകള്‍ സംസാരിച്ചതെന്നു നിങ്ങള്‍ക്കു കാണുവാന്‍ കഴിയും. ”മനുഷ്യര്‍ കാണേണ്ടതിനു നിങ്ങളുടെ നീതി അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍” എന്നു കര്‍ത്താവു പറഞ്ഞതു തന്റെ ശിഷ്യന്മാരോടാണ്. ”പരീശന്മാരുടെ പുളിച്ച മാവായ കപടഭക്തി സൂക്ഷിച്ചുകൊള്‍വിന്‍” എന്ന് അവിടുന്നു പറഞ്ഞതും തന്റെ ശിഷ്യന്മാരോടു തന്നെ (ലൂക്കൊ. 12:1).

വെളിച്ചത്തില്‍ നടക്കുക

നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു കൂട്ടായ്മ സാധ്യമല്ലെന്ന് 1 യോഹന്നാന്‍ 1:7ല്‍ ദൈവവചനം പറയുന്നു. നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തീര്‍ച്ചയായും ഒന്നും മറച്ചു വയ്ക്കുവാന്‍ സാധ്യമല്ല. എന്തെന്നാല്‍ മറഞ്ഞിരിക്കുന്ന എല്ലാറ്റിനെയും തെളിവായിക്കാട്ടുന്നതാണ് വെളിച്ചം. ഇരുട്ടില്‍ നടക്കുന്ന ഒരുവനാണ് ജീവിതത്തില്‍ എന്തിനെയെങ്കിലും മറച്ചു വയ്‌ക്കേണ്ട ആവശ്യം ഉണ്ടാകുന്നത്. നേരെ മറിച്ചു നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമ്മുടെ ജീവിതം ഒരു തുറന്ന പുസ്തകമായിരിക്കും. അപ്പോള്‍ നമുക്കു നമ്മുടെ രഹസ്യ ജീവിതത്തെയും നമ്മുടെ കണക്കുപുസ്തകങ്ങളെയും എല്ലാറ്റിനെയും വന്നു പരിശോധിച്ചു കൊള്ളുവാന്‍ ആളുകളോട് ആവശ്യപ്പെടാന്‍ കഴിയും. നാം മറച്ചു വയ്ക്കുവാനാഗ്രഹിക്കുന്നതായി യാതൊന്നും ഉണ്ടായിരിക്കയില്ല. ഇതുകൊണ്ടു നാം പരിപൂര്‍ണ്ണരാണെന്ന് അര്‍ത്ഥമാകുന്നില്ല. നാം സത്യസന്ധരാണെന്നു മാത്രമാണ് അതിന്റെ അര്‍ത്ഥം.

ദൈവം നമ്മോട് എല്ലാവരോടും ആവശ്യപ്പെടുന്ന ഒന്നാമത്തെ കാര്യം സത്യസന്ധതയാണ്; സമ്പൂര്‍ണ്ണ സത്യസന്ധത. നാം സത്യസന്ധരായിത്തീരുന്ന പക്ഷം നമ്മുടെ പല പ്രശ്‌നങ്ങളും വേഗത്തില്‍ പരിഹരിക്കപ്പെടും. ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ സത്യസന്ധതയെന്ന ഈ അടിസ്ഥാന നിയമം പാലിച്ചുകൊണ്ടു നാം ജീവിക്കുന്ന പക്ഷം നമ്മുടെ ആത്മീയ ജീവിതത്തില്‍ നാം അതിവേഗം അത്ഭുതകരമായ വളര്‍ച്ച പ്രാപിക്കും.

എന്നാല്‍ ഇതൊരു പോരാട്ടമാണെന്നു നിങ്ങള്‍ വേഗം മനസ്സിലാക്കും. ഇങ്ങനെ നിങ്ങള്‍ പറഞ്ഞേക്കാം. ”ഞാന്‍ ഈ പ്രബോധനം ഗൗരവമായിട്ടെടുക്കാന്‍ പോകയാണ്. ഇപ്പോള്‍ മുതല്‍ ഞാന്‍ തികഞ്ഞ സത്യസന്ധത പാലിക്കുവാന്‍ ആരംഭിക്കുന്നു.” ആ ആഴ്ച കഴിയുന്നതിനു മുമ്പുതന്നെ ഒരു അഭിനയക്കാരനാകുവാനുള്ള പരീക്ഷ വീണ്ടും നിങ്ങളെ നേരിടുന്നതായി നിങ്ങള്‍ കണ്ടെത്തും. ദൈവത്തിന്റെ പ്രശംസയല്ല, മനുഷ്യരുടെ പ്രശംസ നേടുവാന്‍ നിങ്ങള്‍ ശ്രമിക്കും. അതിനാല്‍ ഈ യുദ്ധത്തില്‍ തുടരെപ്പോരാടി വിജയം നേടുവാനുള്ള ഒരു ദൃഢ നിശ്ചയം നിങ്ങള്‍ക്കാവശ്യമാണ്.

വീണ്ടും ജനനം പ്രാപിച്ച ശേഷം ഇരുപതും മുപ്പതും നാല്‍പതും വര്‍ഷങ്ങളായിട്ടും സത്യസന്ധത എന്ന അടിസ്ഥാനപാഠം പഠിക്കായ്ക മൂലം ആത്മീയ വളര്‍ച്ച പ്രാപിക്കാത്ത ഒരു വലിയ സംഖ്യ ക്രിസ്ത്യാനികള്‍ ഇന്നു ജീവിക്കുന്നുണ്ട്. ഇതു ദൈവത്തെ ആഗാധമായി ദുഃഖിപ്പിക്കുന്ന ഒരു വസ്തുതയാണ്. നമ്മുടെ ജീവിതത്തില്‍ കപടഭക്തിയുണ്ടെങ്കില്‍ നമുക്ക് ആത്മീയമായി വളര്‍ച്ചയുണ്ടാകുക സാധ്യമല്ല. നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുകയില്ല. മുഴുരാത്രി പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നിങ്ങള്‍ പങ്കെടുത്തേക്കാം. പക്ഷേ അതു വെറുമൊരു സമയ ദുര്‍വ്യയമായി മാത്രം തീരും. ആദ്യം തന്നെ നമ്മുടെ കപടഭക്തിയെ എറിഞ്ഞു കളയാതെ നമ്മുടെ പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുകയില്ല.

നാം ദൈവമുമ്പാകെ എന്തായിരിക്കുന്നുവോ അതാണു നമ്മുടെ യഥാര്‍ത്ഥമായ ആത്മീയ മൂല്യം. അതില്‍ ഒട്ടും കൂടുതല്‍ ഇല്ലെന്നു നാം മനസ്സിലാക്കണം. നമ്മുടെ ആത്മീയ നിലവാരം നമുക്കുള്ള ബൈബിള്‍ പരിജ്ഞാനം വച്ചുകൊണ്ടല്ല നിര്‍ണ്ണയിക്കപ്പെടുന്നത്. അഥവാ നാം എത്രമാത്രം പ്രാര്‍ത്ഥിക്കുന്നുവെന്നോ, എത്ര കൂട്ടായ്മ യോഗങ്ങളില്‍ സംബന്ധിക്കുന്നുവെന്നോ, സഭയിലെ മൂപ്പന്മാരും മറ്റുള്ളവരും നമ്മെപ്പറ്റി എന്തു ചിന്തിക്കുന്നുവെന്നോ ഉള്ള അടിസ്ഥാനത്തിലല്ല അത് അളക്കപ്പെടുന്നത്. നേരെമറിച്ചു നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും കാണുന്ന ദൈവം നിങ്ങളെപ്പറ്റി എന്തു ചിന്തിക്കുന്നുവെന്നു നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കുക. ആ ചോദ്യത്തിന്റെ ഉത്തരമാണ് നിങ്ങളുടെ ആത്മീയതയുടെ മാനദണ്ഡം. ഈ കാര്യം ദിവസംപ്രതി നാം നമ്മെത്തന്നെ ഓര്‍മ്മിപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം നാം പിന്നെയും അഭിനയക്കാരായി മാറുവാന്‍ ഇടയുണ്ട്.

നഥനയേലിനെപ്പറ്റി യേശു പറഞ്ഞ വാക്കുകള്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നവയാണ്. ”ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍; ഇവനില്‍ കപടമില്ല” (യോഹ. 1:47). നിങ്ങളെപ്പറ്റിയോ എന്നെപ്പറ്റിയോ ഇപ്രകാരം പറയുവാന്‍ യേശുവിനു കഴിഞ്ഞിരുന്നെങ്കില്‍ അതു മറ്റെന്തിനെക്കാളുമധികം ഒരു അഭിനന്ദന വചനമാകുമായിരുന്നു. നഥനയേല്‍ പരിപൂര്‍ണ്ണതയുള്ള ഒരു വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു അപൂര്‍ണ്ണ മനുഷ്യനായിരുന്നു. എങ്കിലും തന്റെ അപൂര്‍ണ്ണതകളെപ്പറ്റി അദ്ദേഹം സത്യസന്ധത പുലര്‍ത്തിയിരുന്നു. താന്‍ വാസ്തവത്തില്‍ അല്ലാത്ത ഏതെങ്കിലുമാണെന്ന് അദ്ദേഹം ഭാവിച്ചിരുന്നില്ല. അനന്യാസില്‍ നിന്നും സഫീറയില്‍ നിന്നും അദ്ദേഹത്തിനുള്ള വ്യത്യാസം ഈ കാര്യത്തിലാണ്.

അര്‍ത്ഥശൂന്യമായ ജല്പനങ്ങള്‍ പാടില്ല

പ്രാര്‍ത്ഥനയില്‍ പാടില്ലാത്തതെന്നു യേശു നമ്മെ ഓര്‍മ്മിപ്പിച്ച രണ്ടാമത്തെ കാര്യം ജാതികള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചെയ്യുന്നതുപോലെയുള്ള അര്‍ത്ഥ ശൂന്യമായ ജല്പനങ്ങളാണ്.

നാം ഉപയോഗിക്കുന്ന വാക്കുകളുടെ സംഖ്യയല്ല ദൈവം നോക്കുന്നത്. മറിച്ച് നമ്മുടെ ഹൃദയത്തിലെ അഭിവാഞ്ഛകളെയാണ് അവിടുന്നു പ്രധാനമായി കരുതുന്നത്. യഥാര്‍ത്ഥമായ പ്രാര്‍ത്ഥന ഹൃദയത്തിലെ അഭിവാഞ്ഛയാണ്. അതാണു ദൈവസന്നിധിയിലേക്ക് ഉയര്‍ന്നു ചെല്ലുകയും അവിടുത്തെ മറുപടിക്കു പാത്രമായിത്തീരുകയും ചെയ്യുന്നത്.

നിങ്ങളുടെ വാക്കുകള്‍ അര്‍ത്ഥമുദ്ദേശിച്ചു നിങ്ങള്‍ പറയുന്നതാണെങ്കില്‍ വാക്കുകളുടെ ആവര്‍ത്തനം കൊണ്ടു കുഴപ്പമില്ല. ഗെത്‌ശെമനാ തോട്ടത്തില്‍ വച്ച് യേശു ഒരേ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു മൂന്നുവട്ടം പ്രാര്‍ത്ഥിക്കുകയുണ്ടായി (മത്താ. 26:44). എന്നാല്‍ അവിടുത്തെ വാക്കുകള്‍ അര്‍ത്ഥശൂന്യമായ ആവര്‍ത്തനമായിരുന്നില്ല. ഒരോ പ്രാവശ്യവും അവിടുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ നിന്ന് ആവശ്യബോധത്തോടെ പുറപ്പെട്ടവയായിരുന്നു. ഓരോ പ്രാവശ്യവും ആത്മാര്‍ത്ഥതയോടെ നിങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണെങ്കില്‍ ഒരു ദിവസം പത്തു പ്രാവശ്യം അതേ വാക്കുകള്‍ തന്നെ ഉപയോഗിച്ചു നിങ്ങള്‍ക്കു പ്രാര്‍ത്ഥിക്കാം. ആ പ്രാര്‍ത്ഥന ദൈവം ചെവിക്കൊള്ളുകയും ചെയ്യും.

മറ്റേതൊരു ദിവസം പറയുന്നതിലധികം കള്ളം ഞായറാഴ്ച ദിവസം ദൈവത്തോടു പറയുന്നവരാണ് ക്രിസ്ത്യാനികള്‍. എന്തുകൊണ്ടാണതെന്നറിയാമോ? ഞായറാഴ്ചയാണ് അവര്‍ താഴെക്കാണുന്ന വിധമുള്ള പാട്ടുകള്‍ പാടുന്നത്:


”മുറ്റും ഞാന്‍ തരുന്നിതാ ഭൂനിക്ഷേപം മുഴുവന്‍
ദേഹം ദേഹി സമസ്തം എന്നേക്കും നിന്റേതു ഞാന്‍.”
”പൊന്നുവെള്ളിയെല്ലാം ഞാന്‍
കാഴ്ച വയ്ക്കുന്നു മുന്നില്‍
ഒന്നും സ്വന്തമായി ഞാന്‍
തെല്ലുമേ കരുതിടാ.” തുടങ്ങിയവ.

ഈ വാക്കുകള്‍ നിങ്ങള്‍ പാടുന്നത് പാട്ടു പുസ്തകത്തില്‍ അവ കാണപ്പെടുന്നതു കൊണ്ടു മാത്രമാണ്. എന്നാല്‍ അവയൊന്നും അര്‍ത്ഥമുദ്ദേശിച്ചുകൊണ്ട് നിങ്ങള്‍ പാടുന്നവയല്ല. അത്തരം പാട്ടുകള്‍ പാടുമ്പോള്‍ നേരിട്ടു ദൈവത്തോടു സംസാരിക്കുകയാണെന്ന വസ്തുത നിങ്ങള്‍ മനസ്സിലാക്കുന്നില്ല. ഒരുപക്ഷേ അവയിലെ വാക്കുകളെക്കാളധികം പാട്ടിന്റെ ഈണത്തെപ്പറ്റിയായിരിക്കാം നിങ്ങള്‍ ബോധവാനായിരിക്കുന്നത്. ഈ സമയങ്ങളിലാണ് നിങ്ങള്‍ ദൈവത്തോടു കള്ളം പറയുന്നത്.

നാം അലസമായിപ്പറയുന്ന ഓരോ വാക്കിനും ന്യായവിധി ദിവസത്തില്‍ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടി വരുമെന്നു യേശു പറഞ്ഞിട്ടുണ്ട് (മത്താ. 12:36). കര്‍ത്താവിന്റെ അത്തരം താക്കീതുകളെ നാം ഗൗരവത്തോടെ വീക്ഷിക്കാത്തത് ദൈവത്തെ ഭയപ്പെടാത്ത ക്രിസ്ത്യാനികളുടേതായ ഒരു തലമുറയില്‍ നാം ജീവിക്കുന്നതു മൂലമാണ്.

ദൈവസന്നിധിയില്‍ വരികയും തങ്ങള്‍ അര്‍ത്ഥം വിവക്ഷിക്കാത്ത പൊള്ളയായ ജല്പനങ്ങള്‍ നടത്തുകയും ചെയ്യുന്നതു ലോകജാതികളുടെ ഒരു ലക്ഷണമാണ്. ഈ സമ്പ്രദായം നമ്മുടെ പ്രാര്‍ത്ഥനയിലോ പാട്ടിലോ ഒരു കാലത്തും ഉണ്ടാകാതിരിക്കട്ടെ.

നീണ്ട പ്രാര്‍ത്ഥനയില്‍ ആശ്രയിക്കരുത്

തങ്ങളുടെ അതിഭാഷണം നിമിത്തം ദൈവം തങ്ങള്‍ക്ക് ഉത്തരമരുളുമെന്നാണ് ലോകജാതികള്‍ ചിന്തിക്കുന്നതെന്നു കര്‍ത്താവു പറഞ്ഞു (മത്താ. 6:7).

രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രാര്‍ത്ഥനായോഗം നടുത്തുന്ന പക്ഷം തങ്ങള്‍ അത്ര ദീര്‍ഘസമയം പ്രാര്‍ത്ഥിക്കുക നിമിത്തം ദൈവം തങ്ങള്‍ക്ക് ഉത്തരമരുളുവാന്‍ ബാധ്യസ്ഥനായിത്തീരുമെന്നു ചില വിശ്വാസികള്‍ ചിന്തിക്കുന്നു. എന്നാല്‍ അത്തരം പ്രാര്‍ത്ഥന ലോകജാതികളുടെ സമ്പ്രദായമാണ്.

കര്‍മ്മേല്‍ പര്‍വ്വതത്തില്‍ ജാതികളുടെ ദേവനായ ബാലിന്റെ 450 പ്രവാചകന്മാര്‍ ഒരു വശത്തും ദൈവത്തിന്റെ പ്രവാചകനായ ഏലിയാവു തനിയെ മറുവശത്തുമായി നിന്ന രംഗം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടായിരിക്കുമല്ലോ. സത്യദൈവം ആരെന്നു തെളിയിക്കുന്നതിനായി ആകാശത്തു നിന്നു തീ ഇറക്കുവാന്‍ അവര്‍ ശ്രമിക്കുകയായിരുന്നു. ബാലിന്റെ പ്രാവാചകന്മാര്‍ ദീര്‍ഘനേരം നീണ്ടു നിന്ന ഒരു പ്രാര്‍ത്ഥനാ യോഗമാണു നടത്തിയത്. അവര്‍ വീണ്ടും വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. അനന്തരം അവര്‍ ചാടുകയും തുള്ളുകയും അട്ടഹസിക്കുകയും ചെയ്തു. എന്നിട്ടും തീ ഇറങ്ങിയില്ല. ദൈവം അവരുടെ ഹൃദയം കാണുന്നുണ്ടായിരുന്നു. അവരുടെ വികാരാവേശത്തിലോ ശബ്ദ ബഹളത്തിലോ ദൈവത്തിന് ഒരു മതിപ്പും തോന്നിയില്ല (1 രാജാ. 18:20-29).

ഈ വിധത്തില്‍ പ്രാര്‍ത്ഥിക്കുന്ന ക്രിസ്ത്യാനികളും ഉണ്ട്. തങ്ങളുടെ വികാരാവേശവും അട്ടഹാസവും നിമിത്തം ദൈവം ഉത്തരമരുളുമെന്ന് അവര്‍ ചിന്തിക്കുന്നു.

അനന്തരം ഏലിയാവു പ്രാര്‍ത്ഥിച്ചു. ഒരു മിനിറ്റില്‍ കുറവായ സമയം കൊണ്ട് അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന തീര്‍ന്നുവെങ്കിലും ആകാശത്തു നിന്നും തീ ഇറക്കുവാന്‍ ആ പ്രാര്‍ത്ഥനയ്ക്കു കഴിഞ്ഞു. നിങ്ങള്‍ ഒരു മിനിറ്റു പ്രാര്‍ത്ഥിക്കുന്നുവോ അതോ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിക്കുന്നുവോ എന്നതല്ല. നേരെ മറിച്ച് ദൈവം ഉത്തരമരുളുന്നുവോ എന്നതാണ് പ്രാര്‍ത്ഥനയുടെ ഉരകല്ല്.

”മനുഷ്യര്‍ കണ്ണിനു കാണുന്നതു നോക്കുന്നു. യഹോവയോ ഹൃദയത്തെ നോക്കുന്നു” (1 ശമു. 16:7).

”നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു” (യാക്കോ. 5:6). ഇതു പറഞ്ഞ ശേഷം ഏലിയാവിന്റെ ദൃഷ്ടാന്തത്തിലേക്കു യാക്കോബ് കടക്കുന്നു. ഏലിയാവിന്റെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിച്ചത് അനേകം മണിക്കൂറുകള്‍ അട്ടഹസിച്ചതു കൊണ്ടല്ല. പിന്നെയോ അദ്ദേഹം ഒരു നീതിമാനായിരുന്നതിനാലാണ്. പ്രാര്‍ത്ഥനയ്ക്കു പിന്നിലുള്ള ജീവിതമാണ് പ്രാര്‍ത്ഥനയെ ഫലപ്രദമാക്കുന്നത്. ഇതു നാം ഒരിക്കലും മറക്കാതിരിക്കുക.

എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നു തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതിനു മുമ്പായി യേശു അവര്‍ക്കു കാണിച്ചു കൊടുത്ത ചില അടിസ്ഥാന പാഠങ്ങളാണ് ഇവ. എങ്ങനെ പ്രാര്‍ത്ഥിക്കരുത് എന്ന കാര്യം ആദ്യം തന്നെ നാം മനസ്സിലാക്കുന്നില്ലെങ്കില്‍ ശരിയായി പ്രാര്‍ത്ഥിക്കുവാന്‍ ഒരിക്കലും നാം പഠിക്കുന്നില്ല.

തെറ്റിദ്ധാരയുണ്ടാകാതിരിക്കുവാന്‍ വേണ്ടി അവസാനമായി ഒരു വാക്കു പറഞ്ഞുകൊള്ളട്ടെ.

രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഒരു പ്രാര്‍ത്ഥനാ യോഗം നടത്തുന്നത് തീര്‍ച്ചയായും തെറ്റല്ല. ഒരു സന്ദര്‍ഭത്തില്‍ യേശു തന്നെയും രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു (ലൂക്കൊ. 6:12). ദീര്‍ഘസമയ പ്രാര്‍ത്ഥനയെ അല്ല, പിന്നെയോ വളരെയധികം വാക്കുകള്‍ ഉച്ചരിക്കുന്നതില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെയാണ് യേശു കുറ്റം വിധിച്ചത്. വളരെ വാക്കുകള്‍ ഉപയോഗിക്കുന്നതും വളരെ പ്രാര്‍ത്ഥിക്കുന്നതും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. നമ്മുടെ പ്രാര്‍ത്ഥന വളരെയധികം വാക്കുകളുടെ ഒരു പ്രവാഹം മാത്രമാണെങ്കില്‍ അത് ഒരു സമയ ദുര്‍വ്യയമാണ്. യേശുവിന് ഒരു രാത്രി മുഴുവന്‍ പ്രയോജനകരമായ പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാന്‍ സാധിച്ചത് തന്റെ ഹൃദയം സുസ്ഥിതിയിലായിരുന്നതിനാലും ദൈവദത്തമായ ഒരു ആവശ്യബോധം തന്നെ ഭരിച്ചിരുന്നതിനാലുമാണ്.

എന്നിരുന്നാലും ദൈവം പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കുന്നുവോ ഇല്ലയോ എന്ന കാര്യത്തില്‍ നിര്‍ണ്ണായകമായിരിക്കുന്നത് പ്രാര്‍ത്ഥനയ്ക്കായി ചെലവിടുന്ന സമയത്തിന്റെ ദൈര്‍ഘ്യമല്ല. പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ജീവിതമാണ് അതിനു നിര്‍ണ്ണായകമായ ഘടകം.

അധ്യായം 2 : ദൈവം നമ്മുടെ പിതാവ്

”സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ.”

കൊച്ചു കുട്ടികള്‍ ചിലപ്പോള്‍ കര്‍ത്താവായ യേശുവിനോടു പ്രാര്‍ത്ഥിക്കാറുണ്ട്. അതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ യേശു ആകെക്കൂടി തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചിട്ടുള്ള ഒരൊറ്റ പ്രാര്‍ത്ഥനയില്‍ അവന്‍ ”സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നു ദൈവത്തെ സംബോധന ചെയ്തു പ്രാര്‍ത്ഥിക്കണമെന്ന് പഠിപ്പിച്ചത് നമോര്‍ക്കണം. പരിശുദ്ധാത്മാവില്‍ പുത്രനിലൂടെ പിതാവിനോടു പ്രാര്‍ത്ഥിക്കുകയാണ് നാം ചെയ്യുന്നത്.

എന്നിരുന്നാലും എല്ലാവര്‍ക്കും ദൈവത്തെ ‘പിതാവേ’ എന്നു സംബോധന ചെയ്യുവാന്‍ സാധ്യമല്ല. ആരില്‍ നിന്നു നിങ്ങള്‍ ജനിച്ചുവോ ആ ആളിനെ മാത്രമേ പിതാവ് എന്നു വിളിക്കുവാന്‍ നിങ്ങള്‍ക്കു കഴിയൂ. ദൈവത്തോടു നാം പ്രാര്‍ത്ഥിക്കുമ്പോഴും ഈ വസ്തുത നാമോര്‍ക്കണം. ഒരു വ്യക്തി തന്റെ പാപങ്ങള്‍ വിട്ടു തിരിഞ്ഞു തന്റെ ജീവിതത്തിന്റെ അധീശനായി യേശുക്രിസ്തുവിനെ സ്വീകരിച്ച് അവിടുത്തേക്കു കീഴടങ്ങുമ്പോള്‍ മാത്രമേ അയാള്‍ ഒരു ദൈവപൈതലായി വീണ്ടും ജനനം പ്രാപിക്കുന്നുള്ളു. അപ്പോള്‍ മാത്രമേ അവനു ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കുവാന്‍ സാധ്യമാവൂ.

പുതിയ ഉടമ്പടിയില്‍ നമുക്കുള്ള പദവി

യിസ്രായേല്‍ ജനങ്ങള്‍ക്കു ദൈവത്തെ ഒരിക്കലും ‘പിതാവേ’ എന്നു വിളിക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ സംബോധന ആദ്യമായി അവതരിപ്പിച്ചത് യേശു ആയിരുന്നു. തന്റെ സ്വര്‍ഗ്ഗസ്ഥ പിതാവിനോടുള്ള സംഭാഷണത്തില്‍ യേശു തന്നെയും കൂടെക്കൂടെ ഉപയോഗിച്ചിരുന്ന സംബോധന അതായിരുന്നു. ദൈവത്തെ നമ്മുടെ പിതാവെന്നു വിളിക്കുന്നത് എത്ര വലിയ ഒരു പദവിയാണെന്നു നാം മനസ്സിലാക്കുന്നില്ല.

പഴയ നിയമത്തില്‍ ദൈവം യെരുശലേം ദൈവാലയത്തില്‍ ഒരു തിരശ്ശീല സ്ഥാപിച്ച് അടുത്തു കൂടാത്ത വിധം ഉന്നതമായ തന്റെ വിശുദ്ധിയെപ്പറ്റി യഹൂദ ജനതയെ പഠിപ്പിച്ചു. തിരശ്ശീലയ്ക്കപ്പുറമുള്ള അതിവിശുദ്ധ സ്ഥലത്തായിരുന്നു ദൈവം വസിച്ചിരുന്നത്. ഈ സ്ഥലത്തേക്ക് ആണ്ടിലൊരിക്കല്‍ മഹാപുരോഹിതനു മാത്രമേ പ്രവേശിക്കാമായിരുന്നുള്ളു. മറ്റൊരുത്തര്‍ക്കും അവിടേക്കു പ്രവേശനം ഉണ്ടായിരുന്നില്ല. 2500 വര്‍ഷങ്ങള്‍ക്കു മുമ്പു നിങ്ങള്‍ ഈ യഹൂദന്മാരുടെ അടുക്കല്‍ ചെന്ന് ഏതൊരാള്‍ക്കും സ്വതന്ത്രമായി തന്റെ സന്നിധിയിലേക്കു പ്രവേശിക്കുമാറ് ഒരിക്കല്‍ ദൈവം ഒരു വഴി തുറക്കുമെന്നു പറഞ്ഞിരുന്നെങ്കില്‍ അത് അസാധ്യ കാര്യമായി തന്നെ അവര്‍ കരുതുമായിരുന്നു.

എങ്കിലും പുതിയ നിയമ വ്യവസ്ഥയില്‍ നമുക്കു ദൈവം ദാനം ചെയ്തിട്ടുള്ള പദവി ഇതത്രേ. ഇപ്പോള്‍ തിരശ്ശീല ചീന്തപ്പെട്ടിരിക്കുന്നതിനാല്‍ നമുക്കു നേരേ പിതാവിന്റെ സന്നിധിയിലേക്കു പ്രവേശനം ലഭിച്ചിരിക്കുന്നു. ഇന്നു നമുക്കു ദൈവത്തെ ‘പിതാവേ’ എന്നു വിളിക്കാം. പുതിയ നിയമ പ്രകാരമുള്ള നമ്മുടെ പദവി വേണ്ടുവോളം നാം മനസ്സിലാക്കണമെങ്കില്‍ നാം പഴയ നിയമം വായിച്ചേ മതിയാവൂ.

മുടിയന്‍ പുത്രന്റെ ഉപമയില്‍ അടങ്ങിയിട്ടുള്ള പിതൃഹൃദയത്തെപ്പറ്റി ഗ്രഹിക്കുന്നത് അത്ഭുതാവഹമായ ഒരു കാര്യമത്രേ. തന്റെ പിതാവിന്റെ വസ്തുവക മുഴുവന്‍ നാനാവിധമാക്കുകയും അദ്ദേഹത്തിന്റെ പേരു ചീത്തയാക്കുകയും ചെയ്ത ശേഷം ആ മകന്‍ പിതാവിന്റെ അടുക്കലേക്കു മടങ്ങി വരികയാണ്. ആ മകനെ കണ്ടയുടന്‍ തന്നെ പിതാവ് അവനെ ആശ്ലേഷിക്കുവാനായി ഓടിച്ചെല്ലുന്നു. അവിടെ നാം കാണുന്നത് പിതാവായ ദൈവത്തിന്റെ ചിത്രമാണ്. ബൈബിളില്‍ ദൈവം ഓടുന്നതായി ചിത്രണം ചെയ്തിട്ടുള്ള ഏകഭാഗം അതാണ്. മാനസാന്തരപ്പെട്ട ഒരു പാപിയെ ആശ്ലേഷിക്കുവാനായിട്ടാണ് അവിടുന്ന് ഓടിച്ചെല്ലുന്നത് (ലൂക്കൊ. 15:20).

ഈ വിധത്തിലാണു യേശു ജനങ്ങളുടെ മുമ്പില്‍ പിതാവിനെ ചിത്രീകരിച്ചത്. ശാസ്ത്രിമാരുടെയും പരീശന്മാരുടെയും ഉപദേശം ദൈവത്തെപ്പറ്റി ജനങ്ങള്‍ക്കു നല്‍കിയിരുന്ന തെറ്റായ ബോധം അവരുടെ ഹൃദയങ്ങളില്‍ നിന്നു തുടച്ചു നീക്കുവാന്‍ അവിടുന്ന് ആഗ്രഹിച്ചു.

ഉയിര്‍ത്തെഴുന്നേല്‍പിനു ശേഷം മഗ്ദലക്കാരത്തി മറിയ കല്ലറയ്ക്കു പുറത്തു വച്ചു യേശുവിനെ കണ്ടപ്പോള്‍ യേശു അവളോടു പറഞ്ഞു: ”എന്റെ പിതാവും നിങ്ങളുടെ പിതാവുമായവന്റെ അടുക്കല്‍ ഞാന്‍ കയറിപ്പോകുന്നു” (യോഹ. 20:17). ക്രിസ്തുവിന്റെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്പിലും കൂടി ദൈവവുമായി മുമ്പോരിക്കലും ഇല്ലാതിരുന്ന ഒരു പുതിയ ബന്ധത്തിലേക്കു ശിഷ്യന്മാര്‍ പ്രവേശിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ അവര്‍ക്കു ദൈവത്തെ സ്വന്തം പിതാവെന്നു വിളിക്കാം. ഒരു കുഞ്ഞിന് അതിന്റെ പിതാവിന്റെ മടിയില്‍ക്കയറി ഇരിക്കുവാന്‍ കഴിയുന്നതുപോലെ മനുഷ്യന് ഇപ്പോള്‍ ദൈവവുമായി വളരെ അടുത്ത ഒരു ബന്ധത്തിലേക്കു പ്രവേശിക്കാം.

സ്‌നേഹനിധിയായ ഒരു പിതാവ്

പിതാവായ ദൈവം ഒരു കര്‍ശനക്കാരനാണെന്നും യേശു മാത്രമാണു തങ്ങളെ സ്‌നേഹിക്കുന്നതെന്നുമുള്ള ഒരു തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. സാത്താന്‍ സത്യത്തെ വികൃതമാക്കുന്നതിന്റെ ഒരു ദൃഷ്ടാന്തമാണിത്. നമ്മെ പാപത്തില്‍ നിന്നു രക്ഷിപ്പാനായി യേശുക്രിസ്തുവിനെ ഭൂമിയിലേക്കയച്ചത് പിതാവിന്റെ സ്‌നേഹമാണ്. ”പിതാവു താനും നിങ്ങളെ സ്‌നേഹിക്കുന്നു” എന്നു കര്‍ത്താവു ശിഷ്യന്മാരോടു പറഞ്ഞു (യോഹ. 16:27). തന്റെ സ്വര്‍ഗ്ഗസ്ഥ പിതാവ് പക്ഷികളെ തീറ്റിപ്പോറ്റുകയും പുഷ്പങ്ങളെ അണിയിക്കുകയും ചെയ്യുന്നുവെങ്കില്‍ അവര്‍ക്കായി അവന്‍ തീര്‍ച്ചയായും കരുതുമെന്നും യേശു പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവര്‍ക്കു ചിന്താകുലരാകേണ്ട യാതൊരാവശ്യവുമില്ല. എന്തെന്നാല്‍ അവരുടെ ആവശ്യങ്ങളെല്ലാം സ്വര്‍ഗ്ഗസ്ഥ പിതാവ് അറിയുന്നുണ്ട് (മത്താ. 6:26-34).

നിങ്ങളുടെ ഭൗമിക പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കുവാന്‍ അറിയുന്നുവെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്റെ മക്കള്‍ക്കു നന്മ എത്രയധികം കൊടുക്കുമെന്ന് അവിടുന്ന് അവരോടു പറയുകയുണ്ടായി (മത്താ. 7:11).

ഇതെല്ലാം പ്രാഥമിക വസ്തുതകളാണെന്നു നിങ്ങള്‍ പറഞ്ഞേക്കാം. എങ്കിലും പലപ്പോഴും നാം പ്രാര്‍ത്ഥനയില്‍ ദൈവത്തിന്റെ അടുക്കല്‍ വരുമ്പോള്‍ നമ്മുടെ അപേക്ഷകള്‍ അവിടുന്നു നല്‍കുവാന്‍ പോകുകയാണെന്നു നാം യഥാര്‍ത്ഥമായി വിശ്വസിക്കുന്നില്ല. കാരണം, അവിടുത്തെ പിതൃസഹജമായ ആര്‍ദ്ര സ്‌നേഹത്തെയും കരുതലിനെയും പറ്റി നമുക്കു നിശ്ചയമില്ല. അങ്ങനെ നമ്മുടെ അവിശ്വാസം മൂലം നാം ദൈവത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്. നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നിങ്ങളുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ സന്തോഷമുള്ളവനും നിങ്ങള്‍ക്കായി കരുതുന്നവരുമായ സ്‌നേഹനിധിയായ ഒരു പിതാവിനോടാണ് സംസാരിക്കുന്നതെന്നു വാസ്തവമായി നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

തങ്ങള്‍ പരിപക്വമതികളായ വിശുദ്ധന്മാരാണെങ്കില്‍ മാത്രമേ ദൈവം തങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയുള്ളു എന്നൊരു ധാരണ ചിലര്‍ക്കുണ്ട്. ഒരു ഭൗമിക പിതാവിന്റെ കാര്യത്തില്‍ അത് എങ്ങനെയാണ്? അദ്ദേഹത്തിന് അനേകം മക്കളുണ്ടെങ്കില്‍ മൂന്നു വയസ്സുള്ള തന്റെ മകളെക്കാളധികം ഇരുപതു വയസ്സുള്ള മകന്റെ അപേക്ഷയാണോ അദ്ദേഹം അധികം ശ്രദ്ധിക്കുന്നത്? അദ്ദേഹം തന്റെ പ്രായം കുറഞ്ഞ മക്കളോട്, ”നിങ്ങള്‍ക്ക് എന്നോടു സംസാരിക്കുവാന്‍ തക്ക പ്രായം ആയിട്ടില്ല. എനിക്കു നിങ്ങള്‍ പറയുന്നതു കേള്‍ക്കുവാന്‍ സാധ്യമല്ല” എന്നു പറയുമോ? തീര്‍ച്ചയായുമില്ല. യഥാര്‍ത്ഥത്തില്‍ തന്റെ മൂത്ത മക്കള്‍ പറയുന്നതിലധികം ഏറ്റവും ഇളയ കുഞ്ഞിന്റെ വാക്കുകളായിരിക്കും അദ്ദേഹം ശ്രദ്ധിക്കുക. ദൈവവും ഈ വിധത്തില്‍ത്തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

അവിടുന്നു പറയുന്നതു ശ്രദ്ധിക്കുക. ”ഏറ്റവും ഇളയവന്‍ മുതല്‍ ഏറ്റവും വലിയവന്‍ (പ്രായമായവര്‍) വരെ എല്ലാവരും എന്നെ അറിയും” (എബ്രാ. 8:11). ഇവിടെ ഏറ്റവും ഇളയവരെയാണ് ആദ്യം പരാമര്‍ശിച്ചിരിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക.

നിങ്ങള്‍ ഇന്നലെ മാത്രമാണ് വീണ്ടും ജനനം പ്രാപിച്ചതെങ്കില്‍ തന്നെയും ”ദൈവമേ, അവിടുന്ന് എന്റെ പിതാവാണ്. ഞാന്‍ അവിടുത്തെ പൈതലാണ്. അതിനാല്‍ അങ്ങയോടു സംസാരിക്കുവാന്‍ എനിക്കവകാശമുണ്ട്” എന്നു പറഞ്ഞുകൊണ്ട് ധൈര്യത്തോടെ നിങ്ങള്‍ക്കു ദൈവത്തിന്റെ അടുക്കലേക്കു വരാം. ഇപ്രകാരം പ്രാര്‍ത്ഥനയില്‍ ദൈവത്തെ സമീപിക്കുവാനാണ് യേശു തന്റെ ശിഷ്യന്മാരെ പ്രോത്സാഹിപ്പിച്ചത്.

നാം പ്രാര്‍ത്ഥിക്കുന്ന ഓരോ സമയത്തും നമ്മെ സ്‌നേഹിക്കുകയും നമുക്കായി കരുതുകയും നമ്മുടെ കാര്യത്തില്‍ താല്‍പര്യം വെയ്ക്കുകയും ചെയ്യുന്ന ഒരു പിതാവെന്ന നിലയില്‍ നാം ദൈവത്തെ സമീപിക്കണം. ആ വിധത്തില്‍ മാത്രമേ നമുക്കു വിശ്വാസം ഉത്ഭവിക്കുകയുള്ളു. വിശ്വാസം കൂടാതെ പ്രാര്‍ത്ഥിക്കുന്നതു കേവലം നിഷ്പ്രയോജനമാണ്.

ദൈവം സ്‌നേഹവാനായ ഒരു ദൈവമാണ്. അവിടുന്നു തന്റെ മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കുവാനാഗ്രഹിക്കുന്നു. സങ്കീര്‍ത്തനം 84:11-ല്‍ ഇപ്രകാരം പറയുന്നു: ”നേരോടെ നടക്കുന്നവര്‍ക്ക് അവന്‍ ഒരു നന്മയും മുടക്കുകയില്ല.” സങ്കീര്‍ത്തനം 37:4-ല്‍ ”ദൈവത്തില്‍ തന്നെ രസിച്ചുകൊള്‍ക. അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” എന്നു പറയുന്നു. പഴയ നിയമത്തിലുള്ള ഈ വാഗ്ദാനങ്ങളെ യേശു പുതിയ നിയമത്തില്‍ ശരി വയ്ക്കുകയും ഉറപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നു. അവയോടൊപ്പം മറ്റനേകം വാഗ്ദാനങ്ങള്‍ കൂടെ കര്‍ത്താവു നല്‍കുകയും ചെയ്തിരിക്കുന്നു.

ഇതാണ് നമ്മുടെ വിശ്വാസത്തിന്റെ അടിത്തറ. ദൈവം ഒരു സ്‌നേഹമുള്ള പിതാവെന്നു ബോധപൂര്‍വ്വം നാം അംഗീകരിക്കുക എന്നതു തന്നെ.

വിശുദ്ധനായ ദൈവം

”ഞങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവേ” എന്നാണു നാം ദൈവത്തെ സംബോധന ചെയ്യേണ്ടത്. അവിടുന്നു നമ്മുടെ പിതാവു മാത്രമല്ല. സര്‍വ്വശക്തനായ ദൈവവും കൂടിയാണ്. പ്രാര്‍ത്ഥനയില്‍ അവിടുത്തെ അടുക്കലേക്ക് അടുത്തു വരുമ്പോള്‍ ഈ രണ്ടു വസ്തുതകളും നാം മനസ്സില്‍ കരുതിക്കൊള്ളേണ്ടതാണ്.

അവിടുന്നു ദഹിപ്പിക്കുന്ന അഗ്നിയായ ഒരു ദൈവമാവുകയാല്‍ നാം ഭയാദരവുകളോടെ അവിടുത്തെ സമീപിക്കേണ്ടതാണ്.

പല ക്രിസ്ത്യാനികളും ദൈവത്തെ ഒരു മുത്തച്ഛനായി കരുതുന്നു. മുത്തച്ഛന്മാരുടെ സ്വഭാവം നിങ്ങള്‍ക്കറിയാമല്ലോ. തങ്ങളുടെ പേരക്കിടാങ്ങളോട് എപ്പോഴും വളരെ ഔദാര്യം കാട്ടുന്നവര്‍, അവര്‍ ചെയ്യുന്ന തിന്മകളെല്ലാം അവഗണിക്കുന്നവര്‍. ദൈവം തങ്ങളുടെ പാപങ്ങളെ ഗൗരവമായിട്ടെടുക്കാത്ത അത്തരം ഒരുവനാണെന്നു പല ക്രിസ്ത്യാനികളും ചിന്തിക്കുന്നു. ഈ ചിന്ത തികച്ചും തെറ്റാണ്. ദൈവം ഒരു പിതാവു തന്നെയാണ്.

എന്നാല്‍ അവിടുന്നു ദൈവവും കൂടിയാണ്. സ്വര്‍ഗ്ഗത്തിലെ സെറാഫുകള്‍ അവിടുത്തെ മുമ്പില്‍ മുഖങ്ങള്‍ മൂടിക്കൊണ്ട് ”സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍” എന്നാര്‍ത്തു വിളിക്കുന്നു (യെശയ്യ. 6:3). ഈ സെറാഫുകള്‍ ഒരിക്കലും പാപം ചെയ്തിട്ടില്ല. എങ്കിലും അവര്‍ ദൈവത്തെ സമീപിക്കുമ്പോള്‍ തങ്ങളുടെ മുഖങ്ങള്‍ മൂടേണ്ടതായി വരുന്നു. കാരണം, ദൈവത്തിന്റെ വിശുദ്ധിയെ നോക്കുവാന്‍ അവര്‍ക്കു കഴിവില്ല. നമ്മുടെ പരിമിതങ്ങളായ മനസ്സുകള്‍ക്ക് ഒരിക്കലും ഗ്രഹിപ്പാന്‍ കഴിയാത്ത ദൈവത്തിന്റെ വിശുദ്ധിയെപ്പറ്റി ഇതു നമുക്ക് ഒരു ധാരണ നല്‍കുന്നു.

ബൈബിളിലെ ചില മഹാവ്യക്തികള്‍ക്കുണ്ടായ ദൈവദര്‍ശനം അവരില്‍ ഉണ്ടാക്കിയ പ്രതികരണത്തെപ്പറ്റി ആലോചിച്ചു നോക്കുക. യെശയ്യാവ് ദൈവമഹത്വം ദര്‍ശിച്ചപ്പോള്‍ താനൊരു ഭയങ്കര പാപിയാണെന്നുള്ള കാര്യം അദ്ദേഹത്തിനു ബോധ്യമായി (യെശ. 6:5). മോശയ്ക്കു ദൈവത്തെ നോക്കുവാന്‍ ഭയമായിരുന്നതിനാല്‍ അദ്ദേഹം തന്റെ മുഖം മൂടി (പുറ. 33:6). ദാനിയേലിനു തന്നിലുള്ള എല്ലാ ശക്തിയും പൊയ്‌പ്പോയതായി തോന്നി (ദാനി. 10:8). അപ്പൊസ്തലനായ യോഹന്നാന്‍ മരിച്ചവനെപ്പോലെ അവിടുത്തെ കാല്‍ക്കല്‍ വീണു (വെളി. 1:17).

ഭൂരിപക്ഷം ക്രിസ്ത്യാനികളും ദൈവത്തെ ഈ വിധത്തില്‍ വീക്ഷിക്കാത്തതിനാല്‍ അവരുടെ ജീവിതം ആഴം കുറഞ്ഞതും ഉപരിപ്ലവവുമായിത്തീര്‍ന്നിരിക്കുന്നു.

ദൈവത്തെ സമീപിക്കുന്നതില്‍ മനുഷ്യര്‍ അവലംബിക്കുന്ന രണ്ട് അതിരു കടന്ന മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ദൈവം അനഭിഗമ്യനാണെന്നു കരുതുന്ന ഒരു കൂട്ടരുണ്ട്. അവിടുത്തെ സ്‌നേഹത്തെപ്പറ്റി യാതൊരറിവുമില്ലാതെ എപ്പോഴും അവിടുത്തെ ഭയപ്പെട്ടും വിവിധ രൂപങ്ങളില്‍ അവിടുത്തെ പ്രസാദിപ്പിക്കാന്‍ ശ്രമിച്ചും കൊണ്ട് അവര്‍ ജീവിക്കുന്നു. ഇതിന്റെ മറുവശത്തു ദൈവത്തെപ്പറ്റി അവിശുദ്ധമായ ഒരു തരം അതിപരിചയം വളര്‍ത്തുകയാല്‍ ദഹിപ്പിക്കുന്ന അഗ്നിയെന്ന നിലയില്‍ അവിടുത്തെ ഭയപ്പെടാതെ ജീവിക്കുന്ന ഒരു കൂട്ടം ക്രിസ്ത്യാനികളെയും നാം കാണുന്നുണ്ട്.

ഭയാദരങ്ങള്‍ കൂടാതെ ദൈവത്തെ സമീപിക്കുന്ന ഒരുവന്‍ ദൈവത്തെ അറിയുന്നതേയില്ല. ദൈവത്തെ അധികമധികം അറിയുന്തോറും പ്രാര്‍ത്ഥനയില്‍ അവിടുത്തെ നാം സമീപിക്കുന്ന സമയത്തു നാം അധികമധികം തന്നെ ഭയപ്പെടുകയും ബഹുമാനിക്കുകയും ചെയ്യും. ദൈവം നമ്മുടെ പിതാവാകയാല്‍ നാം ധൈര്യത്തോടെ അവിടുത്തെ അടുക്കല്‍ വരുന്നു. എന്നാല്‍ അവിടുന്നു ദൈവമാകയാല്‍ നാം ഭയാദരങ്ങളോടു കൂടെയും അവിടുത്തെ സമീപിക്കുന്നു.

റോമര്‍ മുതല്‍ ഫിലെമോന്‍ വരെയുള്ള 13 ലേഖനങ്ങളില്‍ ഓരോന്നും താഴെക്കാണുന്ന അഭിവാദന വാക്യത്തോടെ ആരംഭിക്കുന്നുവെന്ന വസ്തുത നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ”നമ്മുടെ പിതാവായ ദൈവത്തില്‍ നിന്നും… കൃപയും സമാധാനവും…” പൗലൊസ് അവിടുത്തെ ദൈവമായും പിതാവായും അറിഞ്ഞിരുന്നു. മറ്റുള്ളവരും അതുപോലെ അവിടുത്തെ അറിയണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.

ദൈവം സര്‍വോന്നതനായ ഭരണ കര്‍ത്താവ്

‘സ്വര്‍ഗ്ഗസ്ഥനായ’ എന്ന വിശേഷണം ഒരു കാര്യം കൂടി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നാം ആരോടു പ്രാര്‍ത്ഥിക്കുന്നുവോ ആ ദൈവം സര്‍വത്തെയും ഭരിക്കുന്നവനും സര്‍വശക്തനുമായി സ്വര്‍ഗ്ഗത്തില്‍ ഭരണം നടത്തുന്നു.

പഴയ നിയമത്തില്‍പ്പോലും ദൈവം തന്റെ സര്‍വാധിപത്യം തന്റെ ജനങ്ങളുടെ ഹൃദയത്തില്‍ ആഞ്ഞു പതിപ്പിക്കുവാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അവിടുന്ന് അവരോട് ഇപ്രകാരം അരുളിച്ചെയ്തു. ”നിങ്ങള്‍ വിശ്രാന്ത ചിത്തരായിരുന്നു ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍. ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതനാകും. ഞാന്‍ ഭൂമിയില്‍ ഉന്നതനാകും” (സങ്കീ. 46:10 ചഅടആ ാമൃഴി). ദൈവം സര്‍വോന്നതനായ ഭരണാധികാരിയായി ഈ ലോകത്തെ ഭരിക്കുന്നു. അതിനാല്‍ നമുക്കു വിശ്രാന്ത ചിത്തരായിരിപ്പാന്‍ കഴിയും. ഒരുപക്ഷേ ഇന്നു സഭ അറിഞ്ഞിരിക്കേണ്ട ഏറ്റവും വലിയ സത്യം ദൈവത്തിന്റെ സര്‍വാധിപത്യത്തെയും എല്ലാ രാഷ്ട്രങ്ങള്‍ക്കും ശക്തികള്‍ക്കും മേല്‍ യേശുക്രിസ്തുവിനുള്ള സമ്പൂര്‍ണ്ണാധികാരത്തെയും കുറിച്ചുള്ളതാണ്.

നമ്മില്‍ പലരുടെയും ജീവിതകാലത്തു സംഭവിച്ച ഒരു കാര്യത്തെപ്പറ്റിത്തന്നെ ചിന്തിച്ചു നോക്കുക. യിസ്രായേലിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നു സോവിയറ്റു റഷ്യയാണെന്നു നമുക്കെല്ലാമറിയാം. യിസ്രായേലിനെ ഭൂമുഖത്തു നിന്നു തുടച്ചു കളയുവാന്‍ സാധിച്ചിരുന്നെങ്കില്‍ റഷ്യ വളരെ സന്തോഷിക്കുമായിരുന്നു. എങ്കിലും 1948 മേയ് മാസത്തില്‍ യഹൂദന്മാര്‍ക്കു പാലസ്റ്റൈന്‍ രാജ്യം വിട്ടുകൊടുക്കാമെന്ന വാഗ്ദാനം ഗ്രേറ്റ് ബ്രിട്ടന്‍ പാലിക്കാതിരുന്നപ്പോള്‍ യിസ്രായേല്‍ രാജ്യം സ്ഥാപിതമാകുന്നതിനായി അംഗീകരിക്കുവാന്‍ ഐക്യരാഷ്ട്ര സമിതിയെ സഹായിച്ചത് അവര്‍ക്കനുകൂലമായി റഷ്യ രേഖപ്പെടുത്തിയ വോട്ടായിരുന്നു. റഷ്യയുടെ ലക്ഷ്യം ബ്രിട്ടീഷുകാരെ പാലസ്റ്റൈനില്‍ നിന്നു തുരുത്തുക എന്നതായിരുന്നു എന്ന കാര്യം തീര്‍ച്ച തന്നെ. എങ്കിലും ദൈവത്തിന്റെ വചനം നിറവേറ്റുന്നതിനും യഹൂദന്മാരെ തിരികെ പാലസ്റ്റൈനിലേക്കു കൊണ്ടുവരുന്നതിനുമായി ഒരു ക്രിസ്തീയ രാഷ്ട്രം തങ്ങളുടെ വാഗ്ദാനം പാലിക്കാതിരുന്ന സാഹചര്യത്തില്‍ ഒരു നിരീശ്വര രാഷ്ട്രത്തെ അതിനുപാധിയായി ഉപയോഗിക്കുവന്‍ തന്റെ സര്‍വാധിപത്യം മൂലം ദൈവത്തിനു സാധിച്ചു എന്ന വസ്തുതയെ ഈ സംഭവം വെളിപ്പെടുത്തുന്നു.

ദൈവം സിഹാസനസ്ഥനായിരിക്കുന്നു. ഈ ലോകത്തിലെ കാര്യങ്ങളെയെല്ലാം അവിടുന്നു പൂര്‍ണ്ണമായും നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. ഭാവികാലത്തു നമുക്കു ചുറ്റും എന്തു തന്നെ സംഭവിച്ചാലും നമ്മുടെ വിശ്വാസം ഈ സത്യത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടതായി തീര്‍ന്നെങ്കില്‍ മാത്രമേ നമ്മുടെ ഹൃദയങ്ങള്‍ക്കു വിശ്രാന്തിയനുഭവിക്കുവാന്‍ സാധ്യമാകുകയുള്ളു.
ഭരണാധികാരികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നുണ്ട് (1 തിമൊ. 2:1,2). നിലവിലിരിക്കുന്ന സാഹചര്യങ്ങളെ നമ്മുടെ പ്രാര്‍ത്ഥന കൊണ്ടു വ്യത്യാസപ്പെടുത്തുവാന്‍ കഴിയുമെന്നു നാം വിശ്വസിക്കുന്നില്ലെങ്കില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നത് നിഷ്പ്രയോജനമാണ്. പ്രാര്‍ത്ഥനയ്ക്കു മറുപടിയായി ഗവണ്മേന്റിന്റെ തീരുമാനങ്ങളും തിരഞ്ഞെടുപ്പു സമയത്തു വോട്ടു ചെയ്യുന്ന രീതികളെത്തന്നെയും സ്വാധീനിക്കുവാന്‍ തക്കവണ്ണം ദൈവം സര്‍വശക്തനാണെന്നു ഞാന്‍ വിശ്വസിക്കുന്നില്ലെങ്കില്‍ അധികാരത്തിലിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് എന്റെ സമയം പാഴാക്കുകയില്ല. കഴിഞ്ഞ സമയങ്ങളില്‍ നമ്മുടെ രാജ്യത്തിനു വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയും നമ്മുടെ രാജ്യത്തു ദൈവത്തിന്റെ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ അത്ഭുതാവഹമായ ഫലങ്ങള്‍ വരുത്തിയതായി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.

”രാജാവിന്റെ ഹൃദയം യഹോവയുടെ കൈയില്‍ നീര്‍ത്തോടു കണക്കെ ഇരിക്കുന്നു. തനിക്ക് ഇഷ്ടമുള്ളേടത്തൊക്കെയും അവന്‍ അതിനെ തിരിക്കുന്നു” (സദൃശ. 21:1). നാം പ്രാര്‍ത്ഥിക്കുന്ന പക്ഷം ലോകത്തിലെ ഏറ്റവും വലിയ ഭരണാധികാരിയെക്കൊണ്ട് അവന്റെ തീരുമാനങ്ങള്‍ ഭേദപ്പെടുത്തിക്കുവന്‍ ദൈവത്തിനു കഴിയും.

ഇന്ത്യയുടെ പ്രധാനമന്ത്രി നിങ്ങളുടെ പിതാവിയിരുന്നുവെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളോടും പ്രയാസങ്ങളോടുമുള്ള നിങ്ങളുടെ മനോഭാവത്തില്‍ എന്തൊരു വ്യത്യാസം സംഭവിക്കുമായിരുന്നു! നിങ്ങളുടെ ജന്മി നിങ്ങളെ ഭീഷണിപ്പെടുത്തുന്നുവെങ്കില്‍, നിങ്ങളുടെ മേലധികാരി നിങ്ങള്‍ക്കു ജീവിതം ദുര്‍വഹമാക്കിത്തീര്‍ക്കുന്നുവെങ്കില്‍, ആരെങ്കിലും നിങ്ങളോട് അന്യായമായി പെരുമാറുന്നുവെങ്കില്‍, അഥവാ ഏതെങ്കിലുമൊരു കാര്യം നിങ്ങള്‍ക്ക് അടിയന്തരമായി സാധിക്കുവാനുണ്ടെങ്കില്‍, അതിനെപ്പറ്റി എന്തെങ്കിലും വ്യാകുലത നിങ്ങള്‍ക്കുണ്ടാകുമോ? ഒരിക്കലുമില്ല. നിങ്ങള്‍ക്കു നിങ്ങളുടെ പിതാവിനെ ടെലിഫോണില്‍ വിളിച്ചു നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചു തരുവാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടാം.

നമ്മുടെ കര്‍ത്താവ് ഇന്ത്യന്‍ പ്രധാന മന്ത്രിയേക്കാള്‍ വലിയവനല്ലേ?

ജീവിതത്തില്‍ നമുക്കു ചില പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ നാമെന്താണ് ചെയ്യുന്നത്? നാം ഇങ്ങനെ പറയുമോ? ”ശരി, എന്റെ സ്വര്‍ഗ്ഗീയ പിതാവിനോട് ഞാന്‍ ഈ കാര്യമൊന്നു പറയട്ടെ. അവിടുന്ന് ഈ പ്രപഞ്ചത്തെ ഭരിക്കുന്നവനാണ്. അവിടുന്ന് ഈ പ്രശ്‌നം കൈകാര്യം ചെയ്തു തീരുമാനമുണ്ടാക്കും.” അഥവാ നാം പറയുന്നത് താഴെപ്പറയുന്ന വിധത്തിലായിരിക്കുമോ? ”സ്വാധീന ശക്തിയുള്ള ഏന്തെങ്കിലും ക്യാബിനറ്റ് മന്ത്രിയോ പോലീസ് ഓഫിസറോ എനിക്കു പരിചയക്കാരനായിട്ടുണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!” നമ്മുടെ പ്രഥമ പ്രതികരണം ഈ രണ്ടില്‍ ഏതാണ്?

അനുദിന ജീവിതത്തിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ പല ക്രിസ്ത്യാനികളും നിരീശ്വരന്മാരാണ്. അവര്‍ മീറ്റിംഗുകളില്‍ സംബന്ധിക്കുമ്പോഴും തങ്ങളുടെ ഭവനങ്ങളില്‍ ഇരിക്കുമ്പോള്‍ പോലും ദൈവത്തിലുള്ള വിശ്വാസത്തെപ്പറ്റി സംസാരിക്കുന്നു. എന്നാല്‍ പ്രായോഗിക പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഏതൊരു നിരീശ്വരനെയും പോലെ അവര്‍ ഭയവും വ്യാകുല ചിന്തയും നിറഞ്ഞവരായിത്തീരുന്നു.

നാം ജീവിക്കുന്ന ഈ കാലത്തെപ്പോലെ ഭയം നിറഞ്ഞ ഒരു കാലഘട്ടം മുമ്പ് ഉണ്ടായിട്ടില്ല. എന്താണ് അടുത്തതായി സംഭവിക്കാന്‍ പോകുന്നതെന്ന ചിന്തയാല്‍ മനുഷ്യഹൃദയം അന്ത്യകാലത്തു ഭയചകിതമായിത്തീരുമെന്നു യേശു പറഞ്ഞിട്ടുണ്ട് (ലൂക്കൊ. 21:26). എന്നാല്‍ ഈ വിധമുള്ള സമയത്തു തന്നെയാണ് നാം ഭയം കൂടാതെ തലയുയര്‍ത്തി നമ്മുടെ കര്‍ത്താവിന്റെ തിരിച്ചു വരവിനായി പ്രതീക്ഷാ പൂര്‍ണ്ണരായിത്തീരേണ്ടത് (ലൂക്കൊ. 21:28).

സമ്പൂര്‍ണ്ണ സുരക്ഷിതത്വം

നമുക്കു സര്‍വശക്തനായ ഒരു പിതാവുണ്ട്. അതിനാല്‍ തീര്‍ച്ചയായും നാം അനാഥരല്ല. അതിനാല്‍ നമുക്ക് അനാഥരെപ്പോലെ പെരുമാറാതിരിക്കാം. ഭയചകിതനോ വ്യാകുലചിത്തനോ ആയി നിങ്ങള്‍ തീരുമ്പോള്‍ നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവിനെ അപമാനിക്കുകയാണ്. കാരണം, അപ്പോള്‍ ആ ദൈവത്തില്‍ വിശ്വാസമില്ലെന്നും അവിടുത്തേക്കു നിങ്ങളുടെ സാഹചര്യത്തില്‍ നിങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യുവാന്‍ കഴിവില്ലെന്നും പറയുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഒന്നുകില്‍ അവിടുന്നു ശക്തിഹീനന്‍, അല്ലെങ്കില്‍ നിങ്ങളെപ്പറ്റി ചിന്തയില്ലാത്തവന്‍ ആയതുകൊണ്ടാണ് അവിടുന്ന് ഒന്നും ചെയ്യാത്തതെന്നാണ് നിങ്ങള്‍ പറയുന്നത്. ഇത് അവിശ്വാസമുള്ള ഒരു ഹൃദയത്തിന്റെ സാക്ഷ്യമാണ്.

ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും നിങ്ങള്‍ക്കായി കരുതുന്നുവെന്നും അവിടുന്നു സര്‍വ്വശക്തനാണെന്നും നിങ്ങള്‍ വാസ്തവമായി വിശ്വസിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വ്യാകുല ചിത്തനായി തീരേണ്ടതിന്റെ ആവശ്യം എന്താണ്? എന്നെ പലപ്പോഴും വെല്ലുവിളിച്ചിട്ടുള്ള ഒരു കവിതയുണ്ട്. രണ്ടു കുരുവികളുടെ കഥയാണതില്‍ അടങ്ങിയിട്ടുള്ളത്.

‘ഒരു കുരുവിയൊരു ദിനമതില്‍ കൂട്ടുകാരിയോ-
ടരുളി:- യിദമെന്തീ മനുഷ്യവൃന്ദം സദാ
അധിക വ്യഥപൂണ്ടഹോ വ്യാകുലചിത്തരാ-
യുഴലുവതി, തെന്നു കേട്ടോതിനാള്‍ മറ്റവള്‍.
സഖീ, മമ മതം ചൊല്ലുവേ, നീ മനുഷ്യര്‍ക്കു
മഹിതനൊരു വത്സലന്‍ നാകസ്ഥനീശ്വരന്‍
പിതൃപദവിയില്‍ നമുക്കെന്നപോലില്ല താന്‍
പെരിയരുജ പൂണ്ടുഴന്നീടുന്നതീ ജനം’



യേശു അരുളിച്ചെയ്തു. ”ഭയപ്പെടേണ്ട, ഏറിയ കുരുവികളെക്കാളും നിങ്ങള്‍ വിശേഷതയുള്ളവര്‍!” (മത്താ. 10:31). യേശു നമ്മുടെ ജീവിതത്തിന്റെ അധീശനെങ്കില്‍, ഭൂമിയില്‍ നമുക്കുള്ള ദൈവഹിതം ചെയ്യുന്നതല്ലാതെ മറ്റൊരാഗ്രഹവുമില്ലെങ്കില്‍, അപ്പോള്‍ നമുക്കോ ചുറ്റുമുള്ള സാഹചര്യങ്ങള്‍ക്കോ എന്തു മാറ്റമുണ്ടായായലും എല്ലാ കാര്യങ്ങളും നമ്മുടെ പരമമായ നന്മയ്ക്കായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്ന നിശ്ചയം നമുക്കുണ്ടാകുവാന്‍ സാധ്യമാണ്.

ദൈവത്തിനു നമ്മോടുള്ള പിതൃസ്‌നേഹത്തിലും പൈതൃകമായ കരുതലിലുമുള്ള വിശ്വാസത്തോടെ പൂര്‍ണ്ണ സുരക്ഷിത ബോധമുള്ളവരായി നാം ജീവിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നാം ജനിക്കുന്നതിനു മുമ്പു തന്നെ നമുക്കു വേണ്ടിയുള്ള അവിടുത്തെ കരുതല്‍ ആരംഭിച്ചിരുന്നുവെന്ന ഉറപ്പ് നമുക്കുണ്ടായിരിക്കണം. നമ്മുടെ മതാപിതാക്കന്മാര്‍ ആരായിരിക്കണമെന്നും നമ്മുടെ പ്രകൃതം എന്തായിരിക്കണമെന്നും നമുക്കെത്രത്തോളം വിദ്യാഭ്യാസം ലഭിക്കണമെന്നും നാം ഏതു സ്ഥലത്തു ജീവിക്കണമെന്നും മറ്റും മറ്റും തീരുമാനിച്ചത് അവിടുന്നാണ്. ഇതിനെപ്പറ്റിയുള്ള പൂര്‍ണ്ണ നിശ്ചയം ഒരിക്കല്‍ നമുക്കു ലഭിച്ചു കഴിഞ്ഞാല്‍ നമ്മുടെ സാഹചര്യങ്ങളെയോ മതാപിതാക്കളെയോ മറ്റാരെങ്കിലുമോ കുറിച്ചുള്ള ഒരൊറ്റ പരാതിപോലുമില്ലാതെ പൂര്‍ണ്ണ വിശ്രാന്തിയില്‍ ജീവിക്കുവാന്‍ നമുക്കു സാധ്യമാണെന്നു നാം മനസ്സിലാക്കും (സങ്കീ. 139:16).

മനുഷ്യന്റെ ക്രോധം പോലും ദൈവത്തെ സ്തുതിക്കുവാനുള്ള കാരണമാക്കി തീര്‍ക്കുവാന്‍ ദൈവത്തിനു കഴിയും (സങ്കീ. 76:10). ഇതിനുള്ള ഏറ്റവും പ്രകടമായ ഒരു ദൃഷ്ടാന്തം യോസേഫിന്റെ ജീവിതത്തില്‍ കാണാന്‍ കഴിയും. ഉല്‍പത്തി 37 മുതല്‍ 50 വരെയുള്ള അദ്ധ്യായങ്ങള്‍ നിങ്ങള്‍ വായിക്കുന്ന പക്ഷം വിഭിന്ന മനുഷ്യര്‍ യോസേഫിനു ചെയ്ത എല്ലാ തിന്മകളെയും അദ്ദേഹത്തിന്റെ നന്മയ്ക്കായി ഒരുമിച്ചു ചേര്‍ത്തു പ്രവര്‍ത്തിപ്പിക്കുവാന്‍ അദ്ദേഹം ദൈവത്തോടു വിശ്വസ്തനായിരുന്നതിനാല്‍ മാത്രം ദൈവത്തിനു കഴിഞ്ഞതെങ്ങനെയെന്നു നിങ്ങള്‍ക്കു മനസ്സിലാക്കുവാന്‍ കഴിയും.

സ്വന്തം മാതാപിതാക്കന്മാരെ ബഹുമാനിക്കുന്നവര്‍ ഭൂമിയില്‍ ദീര്‍ഘായുസ്സുള്ളവരായിരിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (എഫെ. 6:2,3). അപ്രകാരമുള്ള ഓരോ വ്യക്തിയെയും അയാള്‍ മറ്റൊരുവനാല്‍ കൊല്ലപ്പെടാതെയും ക്യാന്‍സര്‍ ബാധിച്ചു മരിക്കാതെയും അപകടത്തില്‍ മരണപ്പെടാതെയും സൂക്ഷിക്കുവാന്‍ ദൈവത്തിനു സാധ്യമല്ലെങ്കില്‍ ഇപ്രകാരം ഒരു വാഗ്ദാനം നല്‍കുവാന്‍ അവിടുത്തേക്ക് എങ്ങനെ കഴിയും? ഇന്നും ഇതു ചെയ്യുവാന്‍ കഴിയുന്നവനാണ് ദൈവം. അവിടുത്തെ സര്‍വാധിപത്യത്തിന്റെ പ്രയോജനങ്ങള്‍ ലഭിക്കാതിരിക്കുമാറ് നമ്മെ തടയുന്നത് നമ്മുടെ അവിശ്വാസം മാത്രമാണ്.

ഒരു കുടുംബത്തിന്റെ പിതാവ്

അവസാനമായി നാമോര്‍ക്കേണ്ട കാര്യം ഇതാണ്. ദൈവത്തെ ”എന്റെ പിതാവേ” എന്നല്ല. ”ഞങ്ങളുടെ പിതാവേ” എന്നു വിളിക്കുവാനാണ് യേശു നമ്മെ പഠിപ്പിച്ചത്. ഒരു പ്രധാന വസ്തുത ഇതില്‍ അടങ്ങിയിട്ടുണ്ട്. എന്റെ സ്വര്‍ഗ്ഗസ്ഥ പിതാവിന് ഒട്ടനേകം മക്കളുണ്ട്. ഞാന്‍ അവിടുത്തെ അടുക്കല്‍ ചെല്ലുമ്പോള്‍ ഈ സത്യം മനസ്സിലാക്കേണ്ടതാവശ്യമാണ്. അവിടുത്തെ അനേകം മക്കളില്‍ ഒരുവന്‍ മാത്രമാണ് ഞാന്‍. ഈ കുടുംബത്തില്‍ യാതൊരുത്തനും മറ്റൊരാളെക്കാള്‍ കൂടുതല്‍ പദവിയുള്ളവനല്ല. എല്ലാവരും തുല്യരാണ്. ദൈവം നമ്മുടെയെല്ലാം പിതാവാണ്.

അതിനാല്‍ ഈ കുടുംബത്തിലെ സഹവിശ്വാസികളുമായുള്ള തിരശ്ചീനമായ എന്റെ ബന്ധം ശരിയായിട്ടുള്ളതല്ലെങ്കില്‍ ദൈവവുമായി ലംബ രൂപേണയുള്ള ശരിയായൊരു ബന്ധം പുലര്‍ത്തുവാന്‍ എനിക്കു സാധ്യമല്ല. ഒരു കുരിശിന് ലംബരൂപവും തിരശ്ചീനവുമായ രണ്ടു ഭുജങ്ങള്‍ ഉണ്ട്. കൂട്ടായ്മയ്ക്കും ലംബരൂപവും തിരശ്ചീനവുമായ രണ്ടു മുഖങ്ങളുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ദൈവകുടുംബത്തിലെ എന്റെ സഹോദരീ സഹോദരന്മാരുമായുള്ള എന്റെ ബന്ധം ശരിയായിട്ടുള്ളതല്ലെങ്കില്‍, അവരില്‍ ചിലരുമായി സംസാരിക്കാത്ത ഒരവസ്ഥയിലാണ് ഞാനെങ്കില്‍, അവരില്‍ ഒരു വ്യക്തിയോട് ഒരു വൈരഭാവം (ഴൃൗറഴല) എന്റെ ഹൃദയത്തിലുണ്ടെങ്കില്‍, അഥവാ ആരോടെങ്കിലും എനിക്കു കോപമുണ്ടെങ്കില്‍, അല്ലെങ്കില്‍ ഒരുവനോട് ഞാന്‍ ക്ഷമിച്ചിട്ടില്ലെങ്കില്‍, എനിക്കു ദൈവത്തിന്റെ അടുക്കല്‍ വന്ന് ”ഞങ്ങളുടെ പിതാവേ” എന്നു വിളിക്കുവാന്‍ സാധ്യമല്ല. ഞാന്‍ ക്ഷമിച്ചിട്ടില്ലാത്ത മറ്റേ വ്യക്തിയുടെയും പിതാവല്ലേ അവിടുന്ന്?

ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഏതെങ്കിലും ഓരാളെ നാം നിന്ദിച്ചിട്ടുണ്ടെങ്കില്‍ നമുക്കു ദൈവസന്നിധിയില്‍ വരാന്‍ സാധ്യമല്ല. പരീശന്‍ നിന്നുകൊണ്ട്, ”ദൈവമേ, ഞാന്‍ മറ്റു മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ അല്ലാത്തതിനാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു” എന്നു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുമല്ലോ (ലൂക്കൊ. 18:11). ഇത്തരമൊരു മനോഭാവത്തോടെ നമുക്കൊരിക്കലും പ്രാര്‍ത്ഥനയില്‍ ദൈവസന്നിധിയില്‍ വരാന്‍ സാധ്യമല്ല. ദൈവത്തെ സംബന്ധിച്ചിടത്തോളം നിങ്ങളുടെ സാമൂഹ്യ പദവിയോ വിദ്യാഭ്യാസമോ ആത്മീയത പോലുമോ മറ്റുള്ളവരില്‍ നിന്നു നിങ്ങളെ ഏതെങ്കിലും വിധത്തില്‍ ഉയര്‍ന്നവനാക്കുന്നില്ല. ഈ വസ്തുത അംഗീകരിച്ചുകൊണ്ടു മറ്റെല്ലാ സഹവിശ്വാസികളുടെയും തലത്തിലേക്കു താണിറങ്ങുവാന്‍ നിങ്ങള്‍ക്കു സമ്മതമില്ലെങ്കില്‍ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നാമെല്ലാം ഒരേ കുടുംബത്തിലെ അംഗങ്ങളാണ്.

ഓരോ പ്രാദേശിക സഭയിലെയും കൂട്ടായ്മയ്ക്ക് ഒരു ഭവനത്തിന്റെ അന്തരീക്ഷമുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. അവിടെ സഹോദരീ സഹോദരന്മാര്‍ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ്. അവിടെ വന്നുചേരുന്ന അപരിചിതര്‍ക്കു തങ്ങള്‍ ഒരു ഭവനത്തിലേക്കാണ് വന്നു ചേര്‍ന്നതെന്ന തോന്നലുണ്ടാകും. ഇപ്രകാരമല്ലാത്തിടത്ത് അവിടെയുള്ള ദൈവമക്കള്‍ ഈ പ്രാര്‍ത്ഥനയിലൂടെ കര്‍ത്താവു പഠിപ്പിച്ചതെന്തെന്നു മനസ്സിലാക്കാത്തവരായിട്ടാണിരിക്കുന്നത്.

അതിനാല്‍ നാം ഓരോ പ്രാവശ്യം പ്രാര്‍ത്ഥിക്കുമ്പോഴും ഈ അടിസ്ഥാനത്തില്‍ ദൈവത്തെ സമീപിക്കണം.

  1. ദൈവത്തിന്റെ പിതൃത്വവും സ്‌നേഹപൂര്‍ണ്ണമായ കരുതലും അംഗീകരിക്കുക. തന്മൂലം ധൈര്യപൂര്‍വ്വം അവിടുത്തെ സമീപിക്കുക.
  2. അവിടുന്നു വിശുദ്ധിയുള്ള ദൈവമാണെന്ന് അംഗീകരിക്കുക. അതിനാല്‍ ആദരവോടു കൂടി അവിടുത്തെ സമീപിക്കുക.
  3. അവിടുന്നു സ്വര്‍ഗ്ഗസ്ഥനും സര്‍വാധിപതിയുമാണെന്ന് അംഗീകരിക്കുക. അതിനാല്‍ വിശ്വാസത്തോടെ തന്നെ സമീപിക്കുക.
  4. അവിടുന്ന് ഒരു വലിയ കുടുംബത്തിലെ പിതാവാണെന്ന സത്യം അംഗീകരിക്കുക. തന്മൂലം ആ കുടുംബത്തിലെ ഒരംഗമെന്ന നിലയില്‍ അവിടുത്തെ സമീപിക്കുക.

അധ്യായം 3 :”നിന്റെ നാമം വിശുദ്ധീകരിക്കെപ്പടണമേ”

പ്രാര്‍ത്ഥന സാരാംശത്തില്‍ നമ്മുടെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു കാര്യമാണ്. അതിനാലാണ് എപ്പോഴും പ്രാര്‍ത്ഥിക്കുവാന്‍ യേശു നമ്മോടു കല്പിച്ചിട്ടുള്ളത് (ലൂക്കൊ. 18:1). നാം എപ്പോഴും നമ്മുടെ മുട്ടിന്മേല്‍ തന്നെ നില്‍ക്കണമെന്ന് അതുകൊണ്ടര്‍ത്ഥമാകുന്നില്ല. എന്നാല്‍ എല്ലാ സമയത്തും നാം പ്രാര്‍ത്ഥനയുടെ അന്തരീക്ഷത്തില്‍ ആയിരിക്കണം. അതു നമ്മുടെ ജീവിതത്തെ മുഴുവന്‍ ബാധിക്കുന്ന ഒന്നായിരിക്കും.

പ്രാര്‍ത്ഥനയില്‍ ശരിയായ മുന്‍ഗണനകള്‍

യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ച പ്രാര്‍ത്ഥന, ജീവിതത്തില്‍ നമുക്കുണ്ടായിരിക്കേണ്ട മുന്‍ഗണനകള്‍ ഏവയായിരിക്കണമെന്നും നാം ഏറ്റവുമധികം വാഞ്ഛിക്കേണ്ടത് എന്തിനെല്ലാം വേണ്ടിയെന്നും വെളിപ്പെടുത്തുന്നുണ്ട്. ആ പ്രാര്‍ത്ഥനയില്‍ ആറ് അപേക്ഷകള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ മൂന്നെണ്ണം ദൈവത്തെ സംബന്ധിച്ചവയാണ്. നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ, നിന്റെ രാജ്യം വരണമേ, നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ. അടുത്ത മൂന്നെണ്ണം നമ്മെ സംബന്ധിച്ചവയാണ്. ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം ഇന്നു നല്‍കണമേ, ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമേ, ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദോഷത്തില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ.

ഇവിടെ നാം ശ്രദ്ധിക്കേണ്ട വളരെ പ്രധാനമായ ഒരു കാര്യമുണ്ട്. പ്രാര്‍ത്ഥനയില്‍ നമ്മുടെ ആദ്യത്തെ അപേക്ഷകള്‍ നമ്മുടെ തന്നെ പ്രശ്‌നങ്ങളെ സംബന്ധിച്ചവയാകരുത്. നമുക്കു പല പ്രശ്‌നങ്ങള്‍ – ആത്മീയ പ്രശ്‌നങ്ങള്‍ തന്നെയും- ഉണ്ടായിരിക്കാം. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥനയില്‍ ഒന്നാമതായി വരുന്ന വിഷയം നമ്മുടെ പ്രശ്‌നങ്ങളാവരുത്. ദൈവമഹത്വത്തിനായിരിക്കണം ഒന്നാമത്തെ സ്ഥാനം.

നാം നമ്മുടെ ജീവിതത്തെ പരിശോധിച്ചിട്ടു നമ്മുടെ അഭിവാഞ്ഛകള്‍ ദൈവത്തോടറിയിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ ഏറ്റവും മുന്തിയതായി വരുന്ന ആഗ്രഹങ്ങള്‍ ഏവയെന്നു മനസ്സിലാക്കുന്നുവെങ്കില്‍, നാം ഒരിക്കലും ഈ ക്രമം തുടരുന്നില്ലെന്നു കണ്ടെത്തുവാന്‍ കഴിയും. യേശുവിന്റെ ഉപദേശങ്ങള്‍ നാം ഗൗരവമായി എടുത്തിട്ടില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. കാരണം, നാം ദൈവവചനം സൂക്ഷ്മതയോടും ശ്രദ്ധയോടും കൂടി വായിച്ചിട്ടുണ്ടെങ്കില്‍ ഒരു വിധത്തില്‍ മാത്രം, അതായത് ദൈവത്തിനും അവിടുത്തെ മഹത്വത്തിനും സര്‍വോന്നതമായ മുന്‍ഗണന നല്‍കുന്ന വിധത്തില്‍ മാത്രം, പ്രാര്‍ത്ഥിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിച്ചിട്ടുള്ളതെന്നു നാം ഗ്രഹിക്കുമായിരുന്നു.

എല്ലാം ദൈവത്തില്‍ കേന്ദ്രീകരിച്ചതായിരിക്കട്ടെ

ഈ വിധത്തിലാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. ദൈവം തന്നെയായിരിക്കണം നമ്മുടെ ശിരസ്സ്. മനുഷ്യന്‍ ആ ശിരസ്സിനു കീഴടങ്ങുന്ന ശരീരമായിരിക്കണം. നമ്മുടെ ശിരസ്സ് മുകള്‍ ഭാഗത്താണ്. ഇതു ഭൗതികാര്‍ത്ഥത്തില്‍ മാത്രമല്ല സത്യമായിരിക്കുന്നത്; ശിരസ്സ് ശരീരത്തെ നിയന്ത്രിക്കുക കൂടി ചെയ്യുന്നുണ്ട്. നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളെ ശിരസ്സു നിയന്ത്രിക്കുന്ന കാലത്തോളം നമ്മുടെ നില ഭദ്രമാണ്. ഒരു മനുഷ്യന്റെ ശിരസ്സ് (തലച്ചോറ്) ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ അതിനു ശരീരത്തെ നിയന്ത്രിക്കുവാന്‍ കഴിവില്ലാതെയാകും. അത്തരമൊരു വ്യക്തിയെ മനസ്സിന്റെ സമനില തെറ്റിയവനെന്നോ ഭ്രാന്തനെന്നോ നാം വിളിക്കും. മനുഷ്യന്‍ ആ വിധത്തിലായിരിക്കുവാന്‍ ദൈവം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല.

ആത്മീയമായി നാം നിവര്‍ന്നു നടക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു (ലേവ്യ. 26:13). വളരെയധികം വിശ്വാസികളുടെയും പ്രശ്‌നം, അവരുടെ ശിരസ്സ് അതായിരിക്കേണ്ട സ്ഥാനത്ത് ആയിരിക്കുന്നില്ല എന്നതാണ്. തങ്ങളുടെ ജീവിതത്തില്‍ ദൈവത്തിനുണ്ടായിരിക്കേണ്ട സ്ഥാനം അവര്‍ അവിടുത്തേക്കു നല്‍കുന്നില്ല. നമ്മുടെ ജീവിതത്തിലും അഭിവാഞ്ഛകളിലും ആഗ്രഹങ്ങളിലും ഉല്‍ക്കര്‍ഷേച്ഛകളിലും ദൈവത്തിനു പ്രഥമ സ്ഥാനം ഉണ്ടായിരുന്നെങ്കില്‍, നമ്മുടെ ജീവിതത്തിലെ സര്‍വ വ്യാപകവും അത്യുല്‍ക്കടവുമായ ആഗ്രഹം ദൈവമായിരുന്നെങ്കില്‍, ഓരോ സമയത്തും നാം പ്രാര്‍ത്ഥനയ്ക്കായി ദൈവസന്നിധിയിലെത്തുമ്പോള്‍ അതു വ്യക്തമായിത്തീരുമായിരുന്നു.

നമ്മുടെ ജീവിതത്തില്‍ പല കാര്യങ്ങളും തക്ക സ്ഥാനത്തായിരിക്കാത്തതിന്റെ കാരണം, കുഴപ്പവും അവ്യവസ്ഥയും നിലവിലിരിക്കുന്നതിന്റെ കാരണം, ദൈവത്തിനു പ്രഥമ സ്ഥാനം നല്‍കാത്തതാണ്. നാം പ്രാര്‍ത്ഥിക്കുന്ന സമയത്തും ദാതാവായ ദൈവത്തെക്കാള്‍ ദാനങ്ങളെയാണ് കൂടുതല്‍ ആഗ്രഹിക്കുന്നത്. ആത്മീയ മനുഷ്യന്റെ ഒരു ലക്ഷണം അവന്‍ ദാനങ്ങളെക്കാളധികം ദാതാവിനെ പ്രിയപ്പെടും എന്നതാണ്. ഒരുവേള ദാനമൊന്നും ലഭിച്ചില്ലെങ്കില്‍ തന്നെയും അവന്‍ ദാതാവായ ദൈവത്തെ തുടര്‍ന്നു സ്‌നേഹിക്കുക തന്നെ ചെയ്യും.

നാം ആത്മീയരോ അല്ലയോ എന്നു നമ്മെത്തന്നെ പരിശോധിക്കുന്നതിനുള്ള ഉരകല്ലുകളില്‍ ഒന്ന് ഇതത്രേ. നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാതിരിക്കുമ്പോള്‍ അനവധി വിശ്വാസികള്‍ പരാതിപ്പെടുകയും പിറുപിറുക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണ്? കാരണം മറ്റൊന്നുമല്ല. അവര്‍ ദൈവത്തിന്റെ ദാനങ്ങള്‍ മാത്രമാണ് ആഗ്രഹിക്കുന്നത്. ദാതാവിനെ സംബന്ധിച്ച് അവര്‍ക്ക് അത്രയും താല്‍പര്യമില്ല. താന്‍ ആവശ്യപ്പെട്ടത് പിതാവില്‍ നിന്നു ലഭിച്ചപ്പോള്‍ അതു സ്വസുഖത്തിനായി ചെലവിടുവാന്‍ പുറപ്പെട്ടു പോയ മുടിയന്‍ പുത്രനെപ്പോലെയാണവര്‍. തനിക്കു ലഭിച്ചതെല്ലാം ചെലവിട്ടു തീരുകയും കുറെക്കൂടി കിട്ടുവാനാഗ്രഹിക്കുകയും ചെയ്തപ്പോള്‍ അവന്‍ പിതാവിന്റെ അടുക്കലേക്കു തിരിച്ചു വരികയാണല്ലോ ചെയ്തത് (ലൂക്കൊ. 15:11-24).

ഈ പ്രാര്‍ത്ഥനയുടെ 50 ശതമാനത്തോളം ദൈവത്തെയും അവിടുത്തെ മഹത്വത്തെയും സംബന്ധിച്ചുള്ളതാണെന്നു മനസ്സിലാക്കുക. ”ദൈവമേ, എല്ലാറ്റിനും മുമ്പേ അവിടുത്തെ നാമം മഹത്വീകരിക്കപ്പെടുവാന്‍ ഞാന്‍ അഗ്രഹിക്കുന്നു” എന്ന് ഒരാചാരമായി ആദ്യം പറഞ്ഞ ശേഷം അടുത്ത ഒരു മണിക്കൂര്‍ സമയം നാം ആഗ്രഹിക്കുന്നതിന്റെയെല്ലാം ഒരു കുറിപ്പടി ദൈവമുമ്പാകെ ഉരുവിടുന്ന ഒരു പരിപാടിയല്ല ഇവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രാര്‍ത്ഥനയുടെ ഒരു പ്രത്യേക രൂപത്തെപ്പറ്റിയല്ല, പിന്നെയോ ദൈവവും ദൈവമഹത്വവും നമ്മുടെ ചിന്തയില്‍ ഒന്നാമതായിത്തീരുമാറ് നമ്മുടെ മനോഭാവത്തില്‍ വരേണ്ട ഒരു മാറ്റം, നമ്മുടെ ചിന്താഗതിയില്‍ വരുന്ന നവീകരണം എന്നിവയെപ്പറ്റിയാണ് നാമിവിടെ സംസാരിക്കുന്നത്.

അഹന്താപരത (Self – Centeredness) എല്ലാ പാപത്തിനും മൂലം

ഈ പ്രപഞ്ചത്തിലുള്ള സകലവും തന്നില്‍ കേന്ദ്രീകരിച്ചതായിരിക്കുവാന്‍ വേണ്ടിയാണ് ദൈവം അവയെ സൃഷ്ടിച്ചിട്ടുള്ളത്.

സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍ എന്നിവയെപ്പറ്റി ചിന്തിക്കുക. അവയ്‌ക്കൊന്നിനും സ്വന്തമായ ഒരു ഇച്ഛാശക്തിയില്ല. അവ തങ്ങളുടെ സ്രഷ്ടാവിനെ ചോദ്യം ചെയ്യാതെ അനുസരിക്കുന്നു. ഭൂമി സൂര്യനു ചുറ്റും നിരുപാധികം പ്രദക്ഷിണം ചെയ്യുന്നു. നക്ഷത്രങ്ങള്‍ ആയിരമായിരം വര്‍ഷങ്ങളായി അതതിനു നിശ്ചയിച്ചിട്ടുള്ള സഞ്ചാരപഥത്തിലൂടെ നീങ്ങിക്കൊണ്ടേയിരിക്കുന്നു. ദൈവം അവയ്ക്കായി നിശ്ചയിച്ചിട്ടുള്ള മാര്‍ഗ്ഗത്തിലൂടെ അവ സുസ്ഥിരമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇവയെപ്പോലെയുള്ള അചേതന വസ്തുക്കളില്‍ ദൈവം സന്തോഷിക്കുന്നില്ല. പുത്രന്മാരെയാണു ദൈവം ആഗ്രഹിക്കുന്നത്. അവരിലാണ് അവിടുത്തെ സന്തോഷം.

ഒന്നാമത് ദൈവം സ്വതന്ത്രമായ ഇച്ഛാശക്തിയിലുള്ള മാലാഖമാരെ സൃഷ്ടിച്ചു. മലാഖമാരുടെ നായകനായിരുന്ന ലൂസിഫര്‍ ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതം ആഗ്രഹിക്കാതിരുന്നതു മൂലം ദൈവത്തിനെതിരെ മറുതലിച്ചു. സൃഷ്ടിക്കപ്പെട്ട ഒരു ജീവി, തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതം നയിക്കുവാനാഗ്രഹിച്ചതോടെ പാപം ഉത്ഭവിച്ചു (യെശ. 14:12-15).

ഇതു മനസ്സിലാക്കുക നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. പാപം എന്നാലെന്തെന്നു മനസ്സിലാക്കുവാന്‍ നാം അഗ്രഹിക്കുന്ന പക്ഷം അത് എങ്ങനെ ഉത്ഭവിച്ചുവെന്നു നാം ഗ്രഹിക്കണം. അപ്പോള്‍ പാപമെന്നത് കേവലം വ്യഭിചാരം, കൊല, കോപം, അസൂയ മുതലായവ മാത്രമല്ലെന്നു നമുക്കു ബോധ്യമാകും. തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരവസ്ഥയാണ് പാപത്തിന്റെ മൂലം.

തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരവസ്ഥ (അഹന്താപരത) ഒരു മാലാഖയെ നിമിഷ നേരത്തിനുള്ളില്‍ ഒരു പിശാചാക്കി മാറ്റി. അഹന്താപരത ഇന്നും ആളുകളെ പിശാചുക്കളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.

ആദാമിനെ അധഃപതിച്ച ഒരു പാപിയാക്കി മാറ്റിയത് അഹന്താപരതയാണ്. എദന്‍ തോട്ടത്തിലുള്ള രണ്ടു വൃക്ഷങ്ങള്‍ – ജീവന്റെ വൃക്ഷവും നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും- ആദാമിനു ജീവിക്കാമായിരുന്ന രണ്ടു ജീവിത പ്രമാണങ്ങളുടെ പ്രതീകങ്ങളാണ്. ഒന്ന് ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതം; മറ്റേതു തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതം. ”നിന്റെ കണ്ണു തുറക്കും. നീ ദൈവത്തെപ്പോലെയാകും. ദൈവത്തിലാശ്രയിക്കാത്ത സ്വതന്ത്രമായ ഒരു ജീവിതം നിനക്കു സാധ്യമായിത്തീരും” എന്നു പറഞ്ഞുകൊണ്ടു നിരോധിക്കപ്പെട്ടിരുന്ന വൃക്ഷഫലം തിന്നുവാന്‍ സാത്താന്‍ ഹവ്വയെ വശീകരിച്ചു. അപ്രകാരമുള്ള ജീവിതം- ദൈവത്തില്‍ ആശ്രയിക്കാതെ സ്വതന്ത്രവും തന്നില്‍ത്തന്നെ കേന്ദ്രീകരിച്ചതുമായ ഒരു ജീവിതം- ആദാമും ഹവ്വയും തിരഞ്ഞെടുത്തു.

ദൈവം തനിക്കു വേണ്ടിത്തന്നെ എന്തെങ്കിലും ആഗ്രഹിക്കുക മൂലമല്ല തന്നില്‍ കേന്ദ്രീകരിച്ച ഒരു ജീവിതം നയിക്കുവാന്‍ നമ്മോടാവശ്യപ്പെടുന്നത്. ഒരിക്കലുമല്ല. നേരെ മറിച്ച്, നമ്മുടെ ജീവിതത്തില്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്‍കുവാന്‍ അവിടുന്നു നമ്മോടാവശ്യപ്പെടുന്നത് നമ്മുടെ നന്മയ്ക്കു വേണ്ടിയാണ്. നാം ദൈവത്തെ ആരാധിക്കുന്നില്ലെങ്കില്‍ മറ്റെന്തിനെയെങ്കിലും ആരാധിക്കുന്നവരായിത്തീരും. തീര്‍ച്ച തന്നെ. അതു നമ്മെത്തന്നെയാകാം. പിശാചിനെയാകാം, ലോകത്തെയാകാം, മറ്റെന്തിനെയെങ്കിലുമാകാം. ഇപ്രകാരമുള്ള വ്യാജാരാധന മൂലം സ്വയം നശിപ്പിക്കുന്നതില്‍ നിന്നു നമ്മെ രക്ഷിക്കുവാനാണ്- നമ്മുടെ രക്ഷയ്ക്കും നന്മയ്ക്കും വേണ്ടിത്തന്നെയാണ്- ”എന്നെ ആരാധിപ്പാന്‍ പഠിക്കുവിന്‍; എന്നില്‍ കേന്ദ്രീകരിച്ചവരായിത്തീരുവിന്‍” എന്നു ദൈവം നമ്മെ ഉപദേശിക്കുന്നത്.

ദൈവം ഭൂമിയെ അതു സൂര്യനു ചുറ്റും പ്രദക്ഷിണം ചെയ്യുമാറ് സൃഷ്ടിച്ചു. സൂര്യനു ചുറ്റുമുള്ള ഈ പ്രദക്ഷിണം മതിയാക്കണമെന്നും ഇനിമേല്‍ സൂര്യന്‍ തനിക്കു ചുറ്റും പ്രദക്ഷിണം ചെയ്യണമെന്നും ഭൂമി അങ്ങു നിശ്ചയിക്കുന്ന പക്ഷം, എന്താണപ്പോള്‍ സംഭവിക്കുക? അതിലൂടെ ഭൂമി ദൈവികമായ ഒരു നിയമം ലംഘിക്കുകയും തല്‍ഫലമായി കാലാവസ്ഥയുടെ മാറ്റങ്ങള്‍ ഭൂമിയില്‍ നിലച്ചു പോകയും വേഗം തന്നെ ഭൂമിയിലുള്ള സകല ജീവജാലങ്ങളും നാശമടയുകയും ചെയ്യും. ദൈവിക നിയമങ്ങളുടെ ലംഘനം എപ്പോഴും മരണത്തിലേക്കു തന്നെ നയിക്കുന്നതാണ്.

ഈ വിധത്തില്‍ തന്നെയാണ് ആത്മീയ മരണവും ലോകത്തില്‍ കടന്നത്. ദൈവം മനുഷ്യനെ അവന്‍ ദൈവത്തില്‍ കേന്ദ്രീകരിച്ചവനായിത്തീരുന്നതിനായി സൃഷ്ടിച്ചു. എന്നാല്‍ ദൈവം തന്റെ ജീവിത കേന്ദ്രമായിരിക്കുന്ന അവസ്ഥയെ മനുഷ്യന്‍ നിരസിച്ചു കളഞ്ഞു. അവന്‍ അപ്രകാരം ചെയ്ത ആ ദിവസം തന്നെ അവന്‍ ആത്മീയമായി മരണമടഞ്ഞു. ഈ സത്യം നാം മനസ്സിലാക്കുമ്പോള്‍ രക്ഷയെന്നത് തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച അവസ്ഥയില്‍ നിന്നുള്ള വിടുതലാണെന്ന സത്യം നാം ഗ്രഹിക്കും.

ഒരു മനുഷ്യന്‍ രക്ഷിക്കപ്പെടണമെങ്കില്‍ അവന്‍ ഒന്നാമതായി അനുതപിക്കണം, അഥാവാ മാനസാന്തരപ്പെടണമെന്ന് പുതിയനിയമം പഠിപ്പിക്കുന്നു. മാനസാന്തരമെന്നത് നമ്മുടെ പഴയ ജീവിതരീതിയില്‍ നിന്നുള്ള മാറ്റമാണ്. മദ്യപാനം, പുകവലി തുടങ്ങിയ കേവലം ചില ദുസ്സ്വഭാവങ്ങള്‍ ഉപേക്ഷിക്കുന്നതിനെക്കാള്‍ കുടുതലായി വളരെ വളരെയധികം കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒന്നാണത്. നമ്മുടെ പഴയ ജീവിതം സ്വയത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതമാണ്. മാനസാന്തരമെന്നു വെച്ചാല്‍ – ”ദൈവമേ, എന്നില്‍ത്തന്നെ കേന്ദ്രീകരിച്ച ഒരു ജീവിതം എനിക്കു മടുത്തിരിക്കുന്നു; ഇനി നിങ്കലേക്കു തിരിയുവാനും നിന്നില്‍ കേന്ദ്രീകരിച്ചവനായിത്തീരുവാനും ഞാന്‍ ആഗ്രഹിക്കുന്നു” എന്നു ദൈവത്തോടു പറയുക തന്നെയാണ്.

അഹന്താപരതയില്‍ നിന്നുള്ള മോചനം

നമ്മെ പാപത്തില്‍ നിന്നു രക്ഷിപ്പാനാണ് യേശു വന്നത്. വേറൊരു വിധത്തില്‍ പറഞ്ഞാല്‍ നമ്മെ അഹന്താ പരതയില്‍ (തന്നില്‍ത്തന്നെ കേന്ദ്രീകരിച്ച അവസ്ഥയില്‍) നിന്നു രക്ഷിപ്പാനത്രേ അവിടുന്നു വന്നത്.

പുതിയ നിയമത്തില്‍ പാപം എന്ന പദം പ്രയോഗിച്ചിരിക്കുന്ന സ്ഥാനത്തെല്ലാം അഹന്താപരത (self-centeredness) എന്ന പദം ഉപയോഗിക്കുക. അപ്പോള്‍ പല വേദഭാഗങ്ങളിലും എന്ത് അര്‍ത്ഥം ലഭിക്കുമെന്നു നമുക്കു നോക്കാം. ‘പാപം നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല” എന്നത് ”അഹന്താപരത നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല” എന്നായി മാറുന്നു. തന്റെ ജനങ്ങളെപ്പറ്റി ദൈവം ആഗ്രഹിക്കുന്നത് അതു തന്നെയാണ്.

എങ്കിലും നമ്മുടെ ജീവിതങ്ങളെ നാം പരിശോധിക്കുന്ന പക്ഷം നമ്മുടെ ഏറ്റവും വിശുദ്ധമായ ആഗ്രഹങ്ങളില്‍ പോലും അഹന്താപരത ഉണ്ടെന്നു കാണാന്‍ കഴിയും. ഉദാഹരണത്തിനു പരിശദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കണമേ എന്ന പ്രാര്‍ത്ഥന തന്നെ എടുക്കുക. ആത്മ നിറവിനായി നാം ആഗ്രഹിക്കുന്നത് ഒരു വലിയ പ്രസംഗകനോ രോഗശാന്തി ശുശ്രൂഷകനോ ആകാന്‍ വേണ്ടിയാണെങ്കില്‍ അതൊരു സ്വാര്‍ത്ഥനിഷ്ഠമായ ആഗ്രഹമായിത്തീരും. ഈ ലോകത്തില്‍ വലിയവനാകുവാന്‍ ആഗ്രഹിക്കുന്നതു പോലെ സ്വാര്‍ത്ഥനിഷ്ഠമായ ഒരാഗ്രഹം തന്നെയാണത്. ഏറ്റവും വിശുദ്ധമായ സ്ഥലത്തുപോലും പാപം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നുണ്ടോ?

ഈ കാരണത്താലാണു നാം ആദ്യമായിത്തന്നെ പരിശുദ്ധാത്മ നിറവിനായി പ്രാര്‍ത്ഥിക്കണം എന്നു പഠിപ്പിക്കാതെ, ദൈവനാമം വിശുദ്ധീകരിക്കപ്പെടണമേ എന്നു പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു നമ്മെ പഠിപ്പിച്ചത്.

ഈ പ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ആത്മീയനായ ഒരാള്‍ക്കു മാത്രമേ കഴിയുകയുള്ളു. ഏതൊരാള്‍ക്കും ഈ പ്രാര്‍ത്ഥന ഉരുവിടാന്‍ സാധിക്കുമെന്നത് സത്യം തന്നെ. എന്നാല്‍ നമ്മുടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് അപ്രകാരം ആഗ്രഹിക്കുവാന്‍ കഴിയണമെങ്കില്‍ ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ പ്രഥമസ്ഥാനം നല്‍കുന്ന ഒരു യഥാര്‍ത്ഥമായ ഭക്തി നമുക്കുണ്ടായേ തീരു. നാം ദൈവത്തില്‍ കേന്ദ്രീകരിച്ചവരും ദൈവദാനങ്ങളെയല്ല, ദൈവത്തെത്തന്നെ അന്വേഷിക്കുന്നവരും ആണെങ്കിലേ അതു സാധ്യമാവൂ. ദൈവം തന്റെ ദാനങ്ങള്‍ നമുക്കു നല്‍കുന്നുവെങ്കില്‍ നല്ലതുതന്നെ. ദൈവം ഒരു ദാനവും നല്‍കുന്നില്ലെങ്കിലും നാം ദാനങ്ങളെയല്ല ദൈവത്തെത്തന്നെ അന്വേഷിക്കുന്നവരാകയാല്‍ അപ്പോഴും നാം സംതൃപ്തര്‍ തന്നെ.

ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുവാനും തങ്ങളുടെ അയര്‍ക്കാരെ തങ്ങളെപ്പോലെ തന്നെ സ്‌നേഹിക്കുവാനും ദൈവം യിസ്രായേല്‍ ജനങ്ങളോട് ഉപദേശിച്ചത് എന്തുകൊണ്ട്? ഇതിന്റെ ഏകോദ്ദേശ്യം അവരെ തങ്ങളുടെ സ്വാര്‍ത്ഥപരതയില്‍ നിന്നു രക്ഷിക്കുക എന്നതായിരുന്നു.

ഇംഗ്ലീഷിലുള്ള JOY എന്ന വാക്കിനെ സംബന്ധിച്ച ഒരു അലങ്കാര കല്പനയുണ്ട്. ആ വാക്കിലെ മൂന്ന് അക്ഷരങ്ങളിലോരോന്നും ഓരോ പദങ്ങളുടെ ആദ്യക്ഷരങ്ങളാണ്. ‘J’ എന്നത് Jesus എന്നതിന്റെയും ‘O’ Others (മറ്റുള്ളവര്‍) എന്നതിന്റെയും ‘Y’ Yourself (നിങ്ങള്‍) എന്നതിന്റെയും ആദ്യാക്ഷരങ്ങളാണ്. അതിനാല്‍ ആദ്യം യേശുവിനും പിന്നീട് മറ്റുള്ളവര്‍ക്കും ഒടുവിലായി നിങ്ങള്‍ക്കും പരിഗണന നല്‍കുന്ന പക്ഷം നിങ്ങള്‍ JOY (സന്തോഷം) ഉള്ളവനായിത്തീരും.

ദൈവം നിരന്തരമായി സന്തോഷ പൂര്‍ണ്ണനാണ്. സ്വര്‍ഗ്ഗത്തില്‍ ദുഃഖമോ ആകുല ചിന്തയോ ഇല്ല. കാരണം, അവിടെ സകലവും ദൈവത്തെ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ദൈവദൂതന്മാര്‍ എപ്പോഴും സന്തോഷിക്കുന്നു. എന്തെന്നാല്‍ അവര്‍ ദൈവത്തെ കേന്ദ്രമാക്കിക്കൊണ്ടാണ് ജീവിക്കുന്നത്.

നമുക്കു സന്തോഷവും സമാധാനവും മറ്റനേകം ആത്മീയ സല്‍ഗുണങ്ങളും ഇല്ലാതിരിക്കുന്നത് നമ്മുടെ ശരിയായ കേന്ദ്രം നാം കണ്ടെത്താത്തതു മൂലമാണ്. ദൈവത്തെ നമ്മുടെ ലക്ഷ്യപ്രാപ്തിക്കായി ഉപയോഗിപ്പാന്‍ നാം ആഗ്രഹിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥന പോലും ഏതാണ്ട് ഇതുപോലെയായിത്തീര്‍ന്നിരിക്കുന്നു. ”ദൈവമേ, എന്റെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തണമേ, എന്റെ ജോലിയില്‍ ഒരു പ്രമോഷന്‍ നല്‍കണമേ, എനിക്കു കൂടുതല്‍ നല്ല ഒരു വീടു നല്‍കണമേ,” തുടങ്ങിയവ. അലാഡിനും അവന്റെ അത്ഭുത ദീപവും എന്ന കഥയിലെ ഭൂതത്തെപ്പോലെ നമ്മുടെ ലോകജീവിതം കൂടുതല്‍ സുഖകരമാക്കുവാന്‍ ഉപകരിക്കുന്ന ഒരു ഭൃത്യനാക്കി ദൈവത്തെ മാറ്റുവാനാണ് നാം ആഗ്രഹിക്കുന്നത്.

ഈ വിധത്തിലുള്ള ഒരു ദൈവത്തോടാണ് വളരെയധികം വിശ്വാസികളും പ്രാര്‍ത്ഥിക്കുന്നത് – ഈ ലോകത്തില്‍ തങ്ങളുടെ ലാഭത്തിനും അഭിവൃദ്ധിക്കും ഒരു ഉപാധിയായി പ്രവര്‍ത്തിക്കുന്ന ഒരു ദൈവം. എന്നാല്‍ പുതിയ നിയമത്തിലെ ദൈവം ഒളിംപിക്‌സിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ഒന്നാം സ്ഥാനം നേടാനോ വ്യാപാരത്തില്‍ നിങ്ങളുടെ എതിരാളിയെ പിന്നിലാക്കുവാനോ സഹായിക്കുന്ന ഒരു ദൈവമല്ല.

നാം എത്രമാത്രം സ്വയത്തില്‍ കേന്ദ്രീകരിച്ചവരാണെന്നു നമ്മുടെ പ്രാര്‍ത്ഥനകള്‍ വെളിപ്പെടുത്തുന്നു.

”യഹോവയില്‍ തന്നെ രസിച്ചുകൊള്‍ക. അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും” എന്നു ബൈബിള്‍ പറയുന്നു (സങ്കീ. 37:4). യഹോവയില്‍ രസിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രമാക്കിത്തീര്‍ക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. അതിനാല്‍ ദൈവത്തെ കേന്ദ്രമാക്കി ജീവിക്കുന്ന ഒരു വ്യക്തിക്കു മാത്രമാണ് അവന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെല്ലാം ലഭിക്കുന്നത്.

”നേരായി നടക്കുന്നവര്‍ക്ക് (അതായത് തങ്ങളുടെ തലയെ മുകളിലാക്കിക്കൊണ്ടു നടക്കുന്നവര്‍ക്ക്, ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ട ജീവിതം നയിക്കുന്നവര്‍ക്ക്) അവന്‍ ഒരു നന്മയും മുടക്കുകയില്ല” (സങ്കീ. 84:11).

”നീതിമാന്റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു” (യാക്കോ. 5:16). ദൈവത്തെ കേന്ദ്രമാക്കി ജീവിക്കുന്ന ഒരുവനാണ് നീതിമാന്‍. നേരെ മറിച്ചു സ്വയത്തെ കേന്ദ്രമാക്കി ജീവിക്കുന്ന ഒരുവന്റെ ശ്രദ്ധയോടു കൂടിയ പ്രാര്‍ത്ഥന- അവന്‍ രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചാല്‍ തന്നെയും – ഒരു ഫലവും ഉളവാക്കുകയില്ല. നാം ഏതുതരം ജീവിതം നയിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണു നമ്മുടെ പ്രാര്‍ത്ഥനയ്ക്കു വിലയുണ്ടാകുന്നത്.

അതിനാല്‍ നമ്മുടെ ആദ്യത്തെ മൂന്ന് ആഗ്രഹങ്ങള്‍- പിതാവേ, അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടണമേ, അവിടുത്തെ രാജ്യം വരണമേ, അവിടുത്തെ ഇഷ്ടം നടക്കണമേ എന്നിവയായിരിക്കണം.

”എന്റെ നടുവേദന ശമിപ്പിക്കണമേ. താസിക്കാന്‍ അല്പം കൂടുതല്‍ സൗകര്യമുള്ള ഒരു വീടു നല്‍കണമേ. എന്റെ മകന് ഒരു ജോലി കിട്ടുവാന്‍ സഹായിക്കണമേ” എന്നിങ്ങനെ മറ്റു പല അപേക്ഷകളും നമുക്കുണ്ടായിരിക്കാം. എന്നാല്‍ – ”പിതാവേ, എന്റെ ഈ അപേക്ഷകള്‍ ഒന്നും നീ അനുവദിച്ചു തരുന്നില്ലെങ്കിലും എന്റെ പ്രാഥമികമായ ആഗ്രഹം നിന്റെ നാമം മഹത്വപ്പെടണമെന്നാണ് എന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമെങ്കില്‍ നിങ്ങള്‍ ഒരു ആത്മീയ മനുഷ്യനാണ്.

ദൈവനാമത്തിനു മഹത്വം ലഭിക്കുക

”നിന്റെ നാമം മഹത്വീകരിക്കപ്പെടണമേ” എന്ന ഈ ആദ്യത്തെ അപേക്ഷയ്ക്ക് എന്താണര്‍ത്ഥം? മഹത്വീകരിക്കപ്പെടുക (hallowed) എന്ന ഈ പദത്തിന്റെ പ്രകൃതിയില്‍ നിന്നാണ് പുതിയ നിയമത്തിലുള്ള sanctify (വിശുദ്ധീകരിക്കുക), holy (പരിശുദ്ധമായ), saint (വിശുദ്ധന്‍) മുതലായ പല പദങ്ങളും ഉത്ഭവിക്കുന്നത്. വേര്‍തിരിക്കുക അതായത് തിന്മയും അശുദ്ധവുമായ എല്ലാറ്റില്‍ നിന്നും വേര്‍പെടുത്തുക എന്നാണ് ഇതിന്റെ അര്‍ത്ഥം.

അതിനാല്‍ നാം ചെയ്യുന്ന അപേക്ഷ ”പിതാവേ, അവിടുത്തെ നാമത്തെ ജനങ്ങള്‍ ഭയപ്പെടുകയും ആദരിക്കുകയും ബഹുമാനിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യാന്‍ ഇടയാകണമേ” എന്നാണ്. വേറൊരു തരത്തില്‍ പറഞ്ഞാല്‍, ആദ്യം നാം ചെയ്യുന്ന അപേക്ഷ തന്നെ ഇതായിരിക്കയാല്‍ അതിന്റെ അര്‍ത്ഥം നമ്മുടെ ഹൃദയത്തിന്റെ ഏറ്റവും വലിയ അഭിവാഞ്ഛ ഭൂമിയില്‍ ദൈവത്തെ ആളുകള്‍ ഭയപ്പെടുകയും ആദരിക്കുകയും വേണമെന്നാണ്. യഥാര്‍ത്ഥത്തില്‍ നമ്മുടെ ഏറ്റവും വലിയ ആഗ്രഹം ഇതാണോ?

മനുഷ്യന്റെ പാപസ്വഭാവത്തെ ഒരൊറ്റ വാക്യത്തില്‍ നമുക്കു സംക്ഷേപിക്കാം. അവരുടെ ദൃഷ്ടിയില്‍ ദൈവഭയം ഇല്ല (റോമര്‍ 3:18). ദൈവഭയം ജ്ഞാനത്തിന്റെ ആരംഭമാകുന്നു (സദൃശ. 1:7). മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ ക്രിസ്തീയ ജീവിതത്തിലെ ആദിപാഠമാണ് ദൈവഭയം. ഒരുവന്‍ ആദ്യം പഠിക്കുന്നത് അ, ആ, ഇ തുടങ്ങിയ അക്ഷരങ്ങളാണല്ലോ. അവ ആദ്യം പഠിക്കാതെ നിങ്ങള്‍ക്കു ഗണിതമോ രസതന്ത്രമോ ഊര്‍ജ്ജതന്ത്രമോ മറ്റെന്തെങ്കിലുമോ പഠിക്കുവാന്‍ സാധ്യമല്ല. അതുപോലെ തന്റെ ക്രിസ്തീയ ജീവിതത്തിലെ ആദ്യപാഠമായ ദൈവഭയം നിങ്ങള്‍ പഠിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരാത്മീയ പുരോഗതിയും ഉണ്ടാകുന്നതല്ല.

നാം നമ്മുടെ പേരിനെക്കാള്‍ അധികം ദൈവനാമത്തെപ്പറ്റി ചിന്തയുള്ളവരാണോ എന്നതാണ് നമ്മുടെ ആത്മീയതയുടെ ശരിയായ ഉരകല്ല്. ആരെങ്കിലും നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്തുന്നുവെന്നു നിങ്ങള്‍ കേട്ടാല്‍ അപ്പോള്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ഒരുപക്ഷേ നിങ്ങള്‍ വളരെ ക്ഷോഭത്തോടെ ആയിരിക്കാം പ്രതികരിക്കുന്നത്. എന്നാല്‍ യേശുവിന്റെ പേരിനെ ആളുകള്‍ അനാദരിക്കുന്നുവെന്നറിയുമ്പോള്‍ നിങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു? ഇന്നു ദൈവജങ്ങളുടെ പെരുമാറ്റം നിമിത്തം ദൈവത്തിന്റെ നാമം ലോകജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുകയാണ് (റോമ. 2:24). ഇതു നമ്മെ ദുഃഖിപ്പിക്കുന്നുണ്ടോ?

യേശുക്രിസ്തുവിന്റെ നാമം ഇന്ത്യയില്‍ ദുഷിക്കപ്പെടുന്നുവെന്നു നിങ്ങള്‍ കാണുമ്പോള്‍ അതു നിങ്ങളെ മുറിപ്പെടുത്തുന്നുണ്ടോ? കര്‍ത്താവിന്റെ നാമം നമ്മുടെ രാജ്യത്ത് ആദരണീയമായിത്തീരണമെന്നുള്ള ഒരു ഹൃദയഭാരത്തോടു കൂടെ ദൈവമുമ്പാകെ മുട്ടിന്മേല്‍ നില്‍ക്കുവാന്‍ ആ സന്ദര്‍ഭം നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? ഇതു നമ്മുടെ ആത്മീയതയുടെ ഒരു ഉരകല്ലായിരിക്കും.

അപ്പൊസ്തല പ്രവൃത്തികള്‍ 17:16ല്‍ അഥേനക്കാര്‍ ആരാധിച്ചിരുന്ന വിഗ്രഹങ്ങളെയെല്ലാം കണ്ടപ്പോള്‍ പൗലൊസിന്റെ മനസ്സിനു ചൂടുപിടിച്ചതായി നാം വായിക്കുന്നു. സാത്താന്റെ നേരേ അദ്ദേഹം ക്രുദ്ധനായിത്തീര്‍ന്നു. നിങ്ങള്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു വ്യക്തിയെങ്കില്‍ നമ്മുടെ രാജ്യത്തെ വിഗ്രഹാരാധന കാണുമ്പോള്‍ സാത്താന്റെ നേരെ നിങ്ങള്‍ ക്രോധാവിഷ്ടനായിത്തീരും.

ദൈവാലയത്തില്‍ ആളുകള്‍ ദൈവത്തിന്റെ പേരുപയോഗിച്ചു പണം ഉണ്ടാക്കുന്ന കാഴ്ച കണ്ടപ്പോള്‍ യേശുവിന്റെ ആത്മാവ് ക്രോധം കൊണ്ടു കലങ്ങി. നാം ദൈവത്തോടു ചേര്‍ന്നു ജീവിക്കുന്നവരെങ്കില്‍ നമ്മുടെ രാജ്യത്തു ക്രിസ്തുവിന്റെ പേരില്‍ പണമുണ്ടാക്കുന്നതു കണ്ട് ദൈവനാമത്തിനു സംഭവിക്കുന്ന അപമാനമോര്‍ത്തു നാം കോപാകുലരായിത്തീരും.

എല്ലാം ദൈവമഹത്വത്തിന്

2 രാജാക്കന്മാര്‍ 17:33ല്‍ പറയുന്ന കാര്യം ശ്രദ്ധിക്കുക. ”അവര്‍ യഹോവയെ ഭജിക്കയും അവര്‍ വിട്ടു പുറപ്പെട്ടു പോന്ന ജാതികളുടെ മര്യാദപ്രകാരം സ്വന്ത ദൈവന്മാരെ സേവിക്കയും ചെയ്തു പോന്നു.” ഇതു നമ്മുടെ ജീവിതത്തെ എപ്രകാരം ബാധിക്കുമെന്നു ചിന്തിച്ചാല്‍ നാം ഞായറാഴ്ചകളില്‍ ദൈവത്തെ ആരാധിക്കുകയും മറ്റു സമയങ്ങളിലെല്ലാം നമ്മുടേതായ വിഗ്രഹങ്ങളെ ഭജിക്കയും ചെയ്യുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.

ബൈബിള്‍ വായിക്കുക, പ്രാര്‍ത്ഥിക്കുക, സുവിശേഷ ലഘുലേഖകള്‍ വിതരണം ചെയ്യുക, പ്രസംഗിക്കുക തുടങ്ങിയ ചില പ്രവര്‍ത്തനങ്ങളെ വിശുദ്ധമായി കരുതുന്ന ഒരവസ്ഥയിലാണ് നാമെല്ലാം വളര്‍ന്നു വന്നിട്ടുള്ളത്. ഭക്ഷിക്കുക, കുടിക്കുക, ഉറങ്ങുക, സംസാരിക്കുക, മാര്‍ക്കറ്റില്‍ നിന്നു സാമാനങ്ങള്‍ വാങ്ങുക തുടങ്ങിയ മറ്റു പ്രവൃത്തികളെ നാം മതേതരങ്ങളായി കരുതുന്നു.

ഇത്തരം ചിന്തയുടെ ഫലമായി ഇപ്രകാരം നിങ്ങള്‍ ചിന്തിക്കുവാന്‍ തുടങ്ങും. നിങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യപ്പെടേണ്ടവയാണ്. അവ ചെയ്തു കഴിഞ്ഞാല്‍ വീട്ടിലും പുറത്തും മറ്റൊരു ജീവിതം- ദൂഷണം പറഞ്ഞും വ്യര്‍ത്ഥ സംസാരത്തിലേര്‍പ്പെട്ടും ആളുകളുമായി കലഹിച്ചും കഴിയുന്ന ഒരു ജീവിതം – നമുക്കു നയിക്കാവുന്നതാണ്. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും നിങ്ങള്‍ സഭാ യോഗത്തിനു പോകുമ്പോള്‍ ഒരിക്കല്‍ കൂടി വിശുദ്ധനാകേണ്ടത് ആവശ്യം ആണെന്നു നിങ്ങള്‍ കരുതും. ഇതു കപട ഭക്തിയാണ്. 1 കൊരിന്ത്യര്‍ 10:31ല്‍ പൗലൊസ് ഇപ്രകാരം പറയുന്നു. ”നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്യുവിന്‍.” നമ്മുടെ ജീവിതത്തിലെ ഓരോ പ്രവര്‍ത്തനവും ദൈവമഹത്വത്തിനായി ചെയ്യപ്പെടേണ്ടതാണ്.

ബ്രദര്‍ ലോറന്‍സ് എന്ന പേരില്‍ പരക്കെ അറിയപ്പെടുന്ന നിക്കോളാസ് ഹെര്‍മാന്‍ വളരെക്കാലം മുമ്പ് ഒരു സന്യാസാശ്രമത്തിലെ പാചകക്കാരന്‍ ആയിരുന്നു. അദ്ദേഹം ഇപ്രകാരം പറയുക പതിവായിരുന്നു. ”ചുറ്റും പ്ലേറ്റുകള്‍ കൂട്ടിമുട്ടുന്ന ശബ്ദങ്ങള്‍ക്കിടയില്‍ പാത്രങ്ങള്‍ കഴുകുമ്പോഴും അടുക്കളയില്‍ ജോലി ചെയ്യുമ്പോഴുമെല്ലാം വിശുദ്ധ കുര്‍ബ്ബാന കൈക്കൊള്ളുവാന്‍ മുട്ടിന്മേല്‍ നില്‍ക്കുമ്പോഴത്തെപ്പോലെ തന്നെ ദൈവസന്നിധിയിലുള്ള പ്രശാന്തതയില്‍ എന്റെ ആത്മാവിനെ കാത്തു സൂക്ഷിക്കുവാന്‍ എനിക്കു കഴിയും.” നാം ചെയ്യുന്ന കാര്യങ്ങളെല്ലാം വിശുദ്ധമാണെന്നു മനസ്സിലാക്കിക്കൊണ്ട് എല്ലാ സമയത്തും ദൈവസാന്നിധ്യത്തില്‍ ജീവിക്കുക എന്നതിന്റെ അര്‍ത്ഥം ഇതത്രേ.

ശരിയായ പ്രേരക ശക്തികള്‍ പ്രാര്‍ത്ഥനയില്‍

കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ ഈ പ്രത്യേക അപേക്ഷയെപ്പറ്റിയുള്ള ശരിയായ അറിവു നമ്മുടെ പ്രാര്‍ത്ഥനയുടെ പ്രേരക ശക്തിയെയും സ്വാധീനിക്കുന്നതാണ്. പലപ്പോഴും നമ്മുടെ പ്രാര്‍ത്ഥനകള്‍ തെറ്റായ പ്രേരകശക്തിയില്‍ നിന്ന് ഉളവാകുന്നവ ആകയാല്‍ അവയ്ക്ക് ഉത്തരം ലഭിക്കാതെ പോകുന്നു. എന്നാല്‍ ഒരുവന്‍ തന്റെ പ്രാഥമിക പ്രാര്‍ത്ഥനയായി – ”അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടണമേ” എന്നു പ്രാര്‍ത്ഥിക്കുന്ന പക്ഷം തന്റെ പ്രാര്‍ത്ഥനകളില്‍ തെറ്റായ ഒരു പ്രേരക ശക്തി അയാള്‍ക്കുണ്ടാകുക സാധ്യമല്ല. എന്തെന്നാല്‍ അയാളുടെ പ്രാര്‍ത്ഥന ഇപ്രകാരമാണ്. ”കര്‍ത്താവേ, എന്റെ സാഹചര്യങ്ങള്‍ എന്തായിരുന്നാലും, അങ്ങ് എന്റെ അപേക്ഷ അനുവദിച്ചു തന്നാലും ശരി, തന്നില്ലെങ്കിലും ശരി, അവിടുത്തെ നാമം മഹത്വീകരിക്കപ്പെടണമേ.”

ദാവീദിന് ഒരിക്കല്‍ യഹോവയ്ക്കു വേണ്ടി ഒരാലയം പണിയുവാന്‍ വലിയ ആഗ്രഹം ഉണ്ടായി. എന്നാല്‍ 2 ശമുവേല്‍ 7:13,14 വാക്യങ്ങളില്‍ ദൈവം അദ്ദേഹത്തോട്, ”ഇല്ല ദേവാലയം പണിയുവാനായി നിന്നെ നിയോഗിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ശലോമോനേ ഞാന്‍ അതിനായി നിയോഗിക്കും” എന്ന് അരുളിച്ചെയ്തു. ദാവീദ് അതു കേട്ടപ്പോള്‍ അദ്ദേഹത്തിന് ഒരു ഇച്ഛാഭംഗവും തോന്നിയില്ല. അതിനെപ്പറ്റി അദ്ദേഹം പരാതിപ്പെട്ടുമില്ല. അദ്ദേഹം ദൈവത്തോടു പറഞ്ഞത് ഇത്രമാത്രമായിരുന്നു. ”അവിടുത്തെ നാമം എന്നുമെന്നേക്കും മഹത്വീകരിക്കപ്പെടുമാറാകട്ടെ” (2ശമു. 7:26). ദൈവത്തിന്റെ നാമം മഹത്വീകരിക്കപ്പെടുക മാത്രം ചെയ്യുമെങ്കില്‍ ദാവീദ് മാറ്റി നിര്‍ത്തപ്പെടുവാന്‍ ഒരുക്കമായിരുന്നു. നമുക്കെല്ലാം പിന്തുടരുവാന്‍ യോഗ്യമായ ഒരുത്തമ ദൃഷ്ടാന്തമാണത്.

നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കുവാന്‍ കഴിയുമോ? ”പിതാവേ, ഈ രാജ്യത്തു വിശുദ്ധീകരണത്തിനായുള്ള ഒരുണര്‍വ്വുണ്ടാകട്ടെ. അതു വേറെ ഏതെങ്കിലും സഭയിലൂടെ ആരംഭിക്കുവാന്‍ അവിടുന്നു തീരുമമനിക്കുന്നുവെങ്കില്‍ എനിക്കത് ഏറ്റവും സമ്മതം തന്നെ. എന്തായാലും ആ ഉണര്‍വ്വ് അയയ്ക്കണമേ. എന്നെയല്ല, മറ്റു വല്ലവരെയും അതിനായി ഉപയോഗിക്കുവാന്‍ അവിടുന്നു തീരുമാനിക്കുന്നുവെങ്കില്‍ അതും നല്ലതു തന്നെ. അവിടുത്തെ നാമം മഹത്വീകരിക്കപ്പെടട്ടെ. അതു മാത്രമാണെന്റെ ആഗ്രഹം.”

”പിതാവേ, എന്തായാലും ശരി. അവിടുത്തെ നാമം മഹത്വീകരിക്കപ്പെടണമേ” എന്നു സത്യമായും പ്രാര്‍ത്ഥിപ്പാന്‍ നമുക്കു കഴിയുമ്പോള്‍ അതു സകല വിധ സ്വാര്‍ത്ഥോദ്ദേശ്യത്തില്‍ നിന്നുമുള്ള ഒരു വിടുതല്‍ തന്നെയായിരിക്കും.

പിതാവിന്റെ നാമത്തെ മഹത്വപ്പെടുത്തുക

യേശുവിന്റെ ഈ വാക്കുകള്‍ ഓര്‍ക്കുക. ”മനുഷ്യപുത്രന്‍ ഒരു ഗോതമ്പു മണി പോലെ നിലത്തു വീണ് മനുഷ്യരാല്‍ ചവിട്ടി മെതിക്കപ്പെടുകയും മരണമടയുകയും ചെയ്യുവാനുള്ള നാഴിക വന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ എന്തു പറയേണ്ടു? പിതാവേ, ഈ നാഴികയില്‍ നിന്ന് എന്നെ വിടുവിക്കണമേ എന്നു ഞാന്‍ പറയട്ടയോ? ഇല്ല. പിതാവേ, എന്തു സംഭവിച്ചാലും, എനിക്കു മരണം സംഭവിച്ചാല്‍ തന്നെയും, അവിടുത്തെ നാമം മഹത്വെപ്പടണമേ” (യോഹ. 12:24,27,28 പരാവര്‍ത്തനം).

താന്‍ എന്തു പ്രസംഗിച്ചുവോ, അതു പ്രവര്‍ത്തിക്കുകയും കൂടി ചെയ്തു യേശു. അതിന്റെ അര്‍ത്ഥം മരണമാണെന്നു വന്നാല്‍ തന്നെയും തന്റെ പിതാവിന്റെ നാമം മഹത്വീകരിക്കപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു.

തന്മൂലമാണ് തന്റെ ഐഹിക ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ പിതാവിനോട് ”ഞാന്‍ ഭൂമിയില്‍ അങ്ങയെ മഹത്വപ്പെടുത്തി” എന്നു പറയുവാന്‍ യേശുവിനു കഴിഞ്ഞത് (യോഹ. 17:4).

ഭൂരിപക്ഷം വിശ്വാസികളും തങ്ങളുടെ മുഴുവന്‍ ജീവിതത്തിലും ഈ നിലവാരത്തിലേക്ക് ഉയരുന്നില്ല. ദൈവത്തില്‍ കേന്ദ്രീകരിച്ച ഈ അത്ഭുത ജീവിതത്തെപ്പറ്റി അവര്‍ക്കു യാതൊരറിവും ഇല്ല. അതിനാല്‍ യഥാര്‍ത്ഥത്തില്‍ ആത്മീയരായിത്തീരുക എന്നതിനെപ്പറ്റിയും അവര്‍ക്കു യാതൊരു ധാരണയുമില്ല. സ്വര്‍ഗ്ഗീയ മനോഭാവത്തില്‍ നിന്നു തികച്ചും അന്യപ്പെട്ട ഒരു ചിന്താഗതിയാണ് അവര്‍ക്കുള്ളത്.

സ്വര്‍ഗ്ഗത്തില്‍ എല്ലാവരുടെയും പ്രാര്‍ത്ഥന ഇതാണ്. ”കര്‍ത്താവേ, അവിടുത്തെ നാമം മഹത്വീകരിക്കപ്പെടണമേ.” ഈ മനോഭാവം ഇപ്പോള്‍ നാം സമ്പാദിക്കുന്നില്ലെങ്കില്‍ നിത്യതയിലുടനീളം നാം സ്വര്‍ഗ്ഗത്തില്‍ എങ്ങനെ വസിക്കും? ഇപ്പോള്‍ ഈ ഭൂമിയില്‍ വച്ചു തന്നെ സ്വര്‍ഗ്ഗത്തിന്റെ മനോഭാവം ഉള്ളവരായി നാം തീരണമെന്നു ദൈവം ആഗ്രഹിക്കുന്നു. എന്തിനാണ് ദൈവം നമുക്കു പരിശുദ്ധാത്മാവിനെ നല്‍കിയത്? ”സ്വര്‍ഗ്ഗം ഇറങ്ങി വന്നു. മഹത്വം എന്റെ ആത്മാവില്‍ നിറഞ്ഞു” എന്നു നാം പാടുമ്പോള്‍ എന്താണു നാം അര്‍ത്ഥമാക്കുന്നത്? സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവരുടെ ആഗ്രഹം തന്നെ നമ്മുടെയും ആഗ്രഹമായിത്തീര്‍ന്നിരിക്കുന്നു എന്നാണതിന്റെ അര്‍ത്ഥം.

അവസാനമായി മലാഖി 3:16ലേക്കു നമുക്കു ശ്രദ്ധ തിരിക്കാം. ”അന്നു യഹോവയെ ഭയപ്പെടുന്നവര്‍ തമ്മില്‍ത്തമ്മില്‍ സംസാരിച്ചു. യഹോവ ശ്രദ്ധ വച്ചു കേട്ടു. യഹോവയെ ഭയപ്പെടുന്നവര്‍ക്കും അവിടുത്തെ നാമത്തെ ബഹുമാനിക്കുന്നവര്‍ക്കും വേണ്ടി അവിടുത്തെ സന്നിധിയില്‍ ഒരു സ്മരണപുസ്തകം എഴുതി വച്ചിരിക്കുന്നു.”

ദൈവത്തെ ഭയപ്പെടുന്നവരും ദൈവനാമത്തിന്റെ ബഹുമാനം അന്വേഷിക്കുന്നവരുമായ മനുഷ്യരുടെ പേരുകള്‍ അടങ്ങിയ ഒരു പുസ്തകം ദൈവത്തിന്റെ പക്കലുണ്ട്. ഈ ജനങ്ങളെപ്പറ്റി അവര്‍ തന്റെ സമ്പാദ്യമാണെന്നും തന്റെ പ്രത്യേക നിക്ഷേപമാണെന്നും തനിക്കുള്ള രത്‌നങ്ങളാണെന്നും ദൈവം അരുളിച്ചെയ്തിരിക്കുന്നു (വാക്യം 17). ദൈവത്തിനു തന്റെ ഭവനത്തില്‍ വളരെയധികം മണ്‍പാത്രങ്ങള്‍ ഉള്ളതുപോലെ തന്നെ അവിടുത്തേക്കു കുറേ പൊന്‍പാത്രങ്ങളും ഉണ്ട് (2 തിമൊഥി 2:20,21).

എനിക്കു പറയുവാനുള്ളത് ഇത്ര മാത്രമാണ്. ദൈവത്തെ ഭയപ്പെടുന്നവരും അവിടുത്തെ നാമത്തെ അന്വേഷിക്കുന്നവരും എന്തു വന്നാലും അവിടുത്തെ നാമം മഹത്വപ്പെടണമെന്നു മാത്രം വാഞ്ഛിക്കുന്നവരുമായ ജനങ്ങളുടെ പട്ടിക അടങ്ങിയ ആ പുസ്തകത്തില്‍ എന്റെ പേരും കാണപ്പെടണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

മൂന്നാമത്തെ അപേക്ഷയുടെ മധ്യഭാഗത്ത് ”സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും” എന്നിങ്ങനെ ചേര്‍ത്തിട്ടുള്ള ആ പദപ്രയോഗം ആദ്യത്തെ മൂന്ന് അപേക്ഷകളിലും ചേര്‍ക്കേണ്ടതാണ്.

അതുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥന ഇതായിരിക്കട്ടെ. ”പിതാവേ, അവിടുത്തെ നാമം സ്വര്‍ഗ്ഗത്തില്‍ വിശുദ്ധമായിരിക്കുന്നതുപോലെ ഭൂമിയിലും വിശുദ്ധീകരിക്കപ്പെടണമേ. ദൈവദൂതന്മാര്‍ അങ്ങയെ ഭയപ്പെട്ടു തങ്ങളുടെ മുഖങ്ങള്‍ മൂടിക്കൊണ്ട് – ”സൈന്യങ്ങളുടെ യഹോവ പരിശുദ്ധന്‍, പരിശുദ്ധന്‍, പരിശുദ്ധന്‍” എന്നാര്‍ക്കുന്നതു പോലെ ഞാനും എന്റെ സഹവിശ്വാസികളും അങ്ങയെ എപ്പോഴും ഭയപ്പെടുകയും ബഹുമാനിക്കയും ചെയ്യണമെന്നു ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ വാഞ്ഛിക്കുന്നു.”

അധ്യായം 4 : ദൈവത്തിന്റെ രാജ്യം

”നിന്റെ രാജ്യം വരണമേ.”

യഥാര്‍ത്ഥമായ ആത്മരക്ഷ, അഹന്തയില്‍ കേന്ദ്രീകരിച്ച അവസ്ഥയില്‍ നിന്നു വിടുതല്‍ ലഭിക്കുവാനുള്ള ഒരു വാഞ്ഛ നമുക്കു നല്‌കേണ്ടതാണ്. തല്‍ഫലമായി ഇപ്പോള്‍ ദൈവം നമ്മുടെ ജീവിതത്തിന്റെയും പ്രാര്‍ത്ഥനയില്‍ നാം കഴിക്കുന്ന യാചനകളുടെയും കേന്ദ്രമായിത്തീരുന്നു. ഒരിക്കല്‍ വഴി പിഴച്ചവരായിരുന്ന നമ്മെ ദൈവം നേര്‍പാതയിലാക്കി തീര്‍ത്തു. തന്മൂലം ഇപ്പോള്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ദൈവത്തെ ഒന്നാം സ്ഥാനത്തു പ്രതിഷ്ഠിക്കുവാന്‍ നാം ആഗ്രഹിക്കുന്നു.

യഥാര്‍ത്ഥമായ ആത്മീയതയുടെ ഏറ്റവും വ്യക്തമായ തെളിവുകളിലൊന്ന് ഒരു മനുഷ്യന്‍ തന്നില്‍ത്തന്നെ കേന്ദ്രീകരിച്ചിരുന്ന അവസ്ഥയെ വെറുക്കുന്നതും പൂര്‍ണ്ണമായി ദൈവത്തില്‍ കേന്ദ്രീകരിച്ചവരാകുവാന്‍ ആഗ്രഹിക്കുന്നതുമാണ്.

ദൈവത്തില്‍ കേന്ദ്രീകരിച്ചവനാകുവാന്‍ ആഗ്രഹിച്ചുകൊണ്ടു ദൈവത്തിന്റെ അടുക്കല്‍ വരുന്ന മനുഷ്യന്‍ ഇപ്രകാരം പറയും. ”ഞങ്ങളുടെ സ്വര്‍ഗ്ഗസ്ഥ പിതാവേ, എന്റെ ഹൃദയത്തിന്റെ ഏറ്റവും വലിയ അഭിവാഞ്ഛ അവിടുത്തെ നാമം ഭൂമിയിലെല്ലാം മഹത്വീകരിക്കപ്പെടണം എന്നതാണ്.” ദൈവനാമം ഭൂമിയില്‍ ബഹുമാനിക്കപ്പെടുന്നില്ലെന്ന് അവന്‍ മനസ്സിലാക്കും. തന്മൂലം അവന്‍ അടുത്ത അപേക്ഷയിലേക്കു നീങ്ങിക്കൊണ്ട് ഇപ്രകാരം പറയും: ”പിതാവേ, ഭൂമി മുഴുവന്‍ അവിടുത്തെ നാമത്തെ ഭയപ്പെടുകയും ബഹുമാനിക്കയും ചെയ്യുമാറ് അങ്ങ് ഈ ഭൂമിയില്‍ വന്ന് അവിടുത്തെ രാജ്യം ഇവിടെ സ്ഥാപിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.”

ദൈവഭക്തിയുള്ള എല്ലാ സ്ത്രീ പുരുഷന്മാരും പത്തൊമ്പതു നൂറ്റാണ്ടിലധികമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രാര്‍ത്ഥനയാണിത്. ആ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കുവാനിടയുള്ള സമയം ഇപ്പോള്‍ സമീപിച്ചിരിക്കുന്നു.

നീതിയുടേതായ ഒരു രാജ്യം

ഈ ലോകത്തില്‍ നിലവിലുള്ള തിന്മകളെക്കുറിച്ച് അറപ്പും വെറുപ്പും തോന്നുന്ന ഒരാളിനു മാത്രമേ ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ കഴിയൂ. ”നാം നീതി വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായി കാത്തിരിക്കുന്നു” എന്നു പത്രൊസ് പറയുന്നു (2പത്രൊ. 3:13).

ഇന്നു ലോകത്തിലുള്ള അക്രമങ്ങളും അധാര്‍മ്മികതകളും നോക്കുക. വര്‍ത്തമാന പത്രങ്ങള്‍ വായിക്കുമ്പോള്‍ നമ്മുടെ ഹൃദയത്തില്‍ നിന്നുയരേണ്ട ഏറ്റവും പ്രധാനപ്പെട്ട പ്രാര്‍ത്ഥനകളിലൊന്ന് ഇതാണ്: ”പിതാവേ, അവിടുത്തെ രാജ്യം വരണമെന്നു ഞാന്‍ വാഞ്ഛിക്കുന്നു. ഇതു ഞാന്‍ എന്റെ വ്യക്തിപരമായ സുഖത്തിനു വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത്. അവിടുത്തെ മഹത്വത്തിനായി സൃഷ്ടിക്കപ്പെട്ട ഈ ഭൂമിയില്‍ അവിടുത്തെ നാമം മഹത്വപ്പെടുന്നതിനു വേണ്ടിയാണ് അവിടുത്തെ നീതിയുള്ള ഭരണം വേഗത്തില്‍ സ്ഥാപിതമാകണമെന്നു ഞാന്‍ ആഗ്രഹിക്കുന്നത്.”

ഈ ലോകത്തിന്റെ അന്ത്യ നാളുകള്‍ നോഹയുടെ കാലം പോലെ ആയിരിക്കുമെന്നു യേശു പറഞ്ഞിട്ടുണ്ട്. അധഃപതിച്ച ദോഷ പൂര്‍ണ്ണമായിരുന്ന ലോകത്തില്‍ നീതിനിഷ്ഠനായ ഏക മനുഷ്യനായിരുന്നു നോഹ. അദ്ദേഹം ഒരു നീതി പ്രസംഗകനുമായിരുന്നു. തന്റെ ചുറ്റും നടന്നിരുന്ന കാര്യങ്ങളെപ്പറ്റി അദ്ദേഹത്തിന് അറപ്പും വെറുപ്പും തോന്നിയിരിക്കണം (2 പത്രൊ. 2:5). തന്റെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ”അവിടുത്തെ രാജ്യം വരണമേ” എന്നതിനു തുല്യമായിരുന്നിരിക്കണം.

തന്റെ രാജ്യം ഭൂമിയില്‍ സ്ഥാപിക്കുവാന്‍ ക്രിസ്തു വേഗത്തില്‍ തിരിച്ചു വരാന്‍ പോകുന്നു എന്ന വസ്തുത എല്ലാ വിശ്വാസികളും അംഗീകരിക്കും. എന്നാല്‍ ഇതു നാം സത്യമായും വിശ്വസിക്കുന്നു എന്നതിന് എന്താണ് തെളിവ്? ഒരു വിശുദ്ധമായ ജീവിതമാണ് അതിനുള്ള തെളിവ്. ഇപ്പോള്‍ തന്നെ കടങ്ങള്‍ കൊടുത്തു തീര്‍ക്കുന്ന സ്വഭാവം, കലഹങ്ങള്‍ ഒതുക്കി തീര്‍ക്കുന്ന മനോഭാവം എന്നിവയൊക്കെയാണ് ഇതുമൂലം ഉണ്ടാകേണ്ടത്. കാരണം, യേശു വിശുദ്ധനായിരിക്കുന്നതുപോലെ നാമും നമ്മുടെ ജീവിതത്തെ നിര്‍മ്മലീകരിച്ചു കൊണ്ടിരിക്കയാണ്. അപ്രകാരം ജീവിക്കുന്ന ഒരുവനു മാത്രമേ ”നിന്റെ രാജ്യം വരണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയൂ.

ക്രിസ്തുവിന്റെ വരവിനായി നമ്മെത്തന്നെ വിശുദ്ധീകരിക്കാതെ ഈ പ്രാര്‍ത്ഥന ഉരുവിടുക എന്നു വച്ചാല്‍ അതിന്റെ അര്‍ത്ഥം ഇതിനെ ഒരു ചടങ്ങാക്കി താഴ്ത്തിക്കളയുക എന്നാണ്.

അവിടുത്തെ വരവിനായി നിരന്തര സന്നദ്ധത


”ദൈവമേ, പെട്ടെന്നുള്ള മരണത്തില്‍ നിന്ന് എന്നെ രക്ഷിക്കണമേ” എന്നൊരു പ്രാര്‍ത്ഥന ചില സഭാവിഭാഗങ്ങളുടെ പ്രാര്‍ത്ഥനാ ക്രമത്തിലുണ്ട്. മാനസാന്തരപ്പെടാത്ത ഒരാള്‍ മാനസാന്തരപ്പെടാത്തവര്‍ക്കു വേണ്ടി എഴുതിയുണ്ടാക്കിയ ഒരു പ്രാര്‍ത്ഥനയാണത്. തങ്ങളില്‍ത്തന്നെ കേന്ദ്രീകരിച്ചു ജീവിക്കുന്ന ആളുകള്‍ക്കു തങ്ങളുടെ വഴക്കുകള്‍ തീര്‍ക്കുന്നതിനും കടങ്ങള്‍ കൊടുത്തു തീര്‍ക്കുന്നതിനും മറ്റുമായി മരണത്തിനു മുമ്പ്- തങ്ങളുടെ സ്രഷ്ടാവിനെ സന്ധിക്കുന്നതിനു മുമ്പ്- കുറേ സമയം ലഭിക്കേണ്ടതാവശ്യമാണ്. തങ്ങള്‍ ആരോഗ്യത്തോടിരിക്കുന്ന കാലത്തോളം ഈ കാര്യങ്ങള്‍ ക്രമീകരിക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. അത്തരക്കാര്‍ക്കു ദൈവഭയം ഒട്ടുമില്ല. തങ്ങളില്‍ തന്നെ കേന്ദ്രീകരിച്ച സ്വന്തം അവസ്ഥയെപ്പറ്റി അവര്‍ അനുതപിക്കുന്നതു വരെയും രക്ഷയിലേക്കു വരുവാന്‍ അവര്‍ക്കു സാധ്യമല്ല.

ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനി ഒരിക്കലും അപ്രകാരമൊരു പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ല. എന്തെന്നാല്‍ അയാള്‍ എപ്പോഴും ഒരുക്കമുള്ളവനായിരിക്കും. അയാളുടെ കണക്കുകള്‍ എപ്പോഴും പൂര്‍ത്തീകരിക്കപ്പെട്ടിരിക്കും. അതിനാല്‍ എപ്പോഴും അയാള്‍ക്ക് ”നിന്റെ രാജ്യം വരണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയും.

ദൈവരാജ്യം വരുവാന്‍ നാം ആകാംക്ഷയുള്ളവരോ എന്ന് എങ്ങനെ അറിയാന്‍ കഴിയും? അതിനായി നമുക്ക് ഒരൊറ്റ ജീവിതമണ്ഡലം പരിശോധിക്കാം. അതു നമ്മുടെ കുടുംബജീവിതം തന്നെയാകട്ടെ.

ഒരു പ്രഭാതത്തില്‍ നിങ്ങള്‍ വീടിന്റെ ജനലില്‍ക്കൂടി നോക്കിയപ്പോള്‍ കര്‍ത്താവായ യേശുക്രിസ്തു തന്നെ നിങ്ങളുടെ വീട്ടിലേക്കു നടന്നു വരുന്നതായി കണ്ടു എന്നു സങ്കല്പിക്കുക. അപ്പോള്‍ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും? ദൈവരാജ്യാഗമനത്തിനു നിങ്ങള്‍ സന്നദ്ധനോ അല്ലയോ എന്നു പരിശോധിച്ചറിയാനുള്ള ഒരു നല്ല മാര്‍ഗ്ഗമാണത്.

നിങ്ങളുടെ ഗ്രന്ഥ ശേഖരത്തിലെ ചില പുസ്തകങ്ങള്‍ യേശുക്രിസ്തു കാണരുതെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതു മൂലം നിങ്ങള്‍ ഓടിച്ചെന്ന് അവയെടുത്തു മറച്ചു വയ്ക്കുമോ? നിങ്ങള്‍ക്ക് ഒരു റ്റി.വി. സെറ്റുണ്ടെങ്കില്‍ ഒരുപക്ഷേ അതും നിങ്ങള്‍ മറച്ചു വെച്ചേക്കാം. യേശു നിങ്ങളോടൊപ്പം താമസിക്കുന്നിടത്തോളം സമയം നിങ്ങളുടെ ഭക്ഷണമേശയില്‍ പതിവായി ഉണ്ടാകാറുള്ള വ്യര്‍ത്ഥ സംസാരം ഉണ്ടാവുകയില്ല.

നിങ്ങളുടെ സംഭാഷണത്തില്‍ സാധാരണയായി ഉണ്ടാകാറുള്ള പരുക്കനായ വാക്കുകള്‍ ഒഴിവാക്കിക്കൊണ്ടു നിങ്ങളുടെ കുടുംബാംഗങ്ങളോടും ജോലിക്കാരോടും പ്രത്യേകമായ മര്യാദ പാലിക്കുവാന്‍ നിങ്ങള്‍ക്കു വിശേഷ യത്‌നം ചെയ്യേണ്ടതായും വരാം.

നിങ്ങളുടെ എല്ലാ സ്‌നേഹിതന്മാരെയും യേശുവുമായി സന്ധിപ്പിക്കുവാന്‍ നിങ്ങള്‍ക്കു സന്തോഷം തോന്നുമോ? അതോ, യേശു നിങ്ങളോടൊപ്പം ഉള്ള സമയത്ത് അവര്‍ നിങ്ങളെ സന്ദര്‍ശിക്കരുതെന്നു നിങ്ങള്‍ ആഗ്രഹിക്കുമോ?

ഈ വിധത്തില്‍ യേശു എന്നുമെന്നും നിങ്ങളോടൊപ്പം താമസിക്കുന്നതില്‍ നിങ്ങള്‍ സന്തുഷ്ടനായിരിക്കുമോ? അതോ അവിടുത്തെ സന്ദര്‍ശനം അവസാനിപ്പിച്ച് അവിടുന്നു പോകുമ്പോള്‍ ഒരാശ്വാസ നിശ്വാസം നിങ്ങളില്‍ നിന്ന് ഉയരുമോ?

നിങ്ങളോടു തന്നെ സത്യസന്ധത പുലര്‍ത്തിക്കൊണ്ടു ഈ ചോദ്യങ്ങള്‍ക്കു നിങ്ങള്‍ നല്‍കുന്ന ഉത്തരമെന്തായിരിക്കുമെന്ന് അറിയുവാനുള്ള ഒരു മാര്‍ഗ്ഗമിതാണ്. നിങ്ങളെക്കുറിച്ചു നല്ല ധാരണ ഉണ്ടാകണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്ന ചില അതിഥികള്‍ നിങ്ങളുടെ വീട്ടില്‍ വന്നു താമസിക്കുമ്പോള്‍ നിങ്ങളുടം പെരുമാറ്റം സാധാരണയില്‍ നിന്നു വ്യത്യസ്തമായിരിക്കുമോ? അങ്ങനെയെങ്കില്‍ യേശു തന്നെ ഏതാനും നാള്‍ നിങ്ങളോടൊപ്പം താമസിക്കുവാന്‍ വരുമ്പോള്‍ നിങ്ങളുടെ പെരുമാറ്റം എത്രയധികം വ്യത്യസ്തമായിത്തീരും!

എല്ലാ ദിവസവും യേശുക്രിസ്തു നിങ്ങളോടൊപ്പം താമസിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ – ”നിന്റെ രാജ്യം വരണമേ” എന്നു പ്രാര്‍ത്ഥിക്കുന്നത് അര്‍ത്ഥ ശൂന്യമാണ്. എന്തൊക്കെയായാലും ദൈവരാജ്യം എന്നറിയപ്പെടുന്നത് യേശു മുഴുവന്‍ സമയവും സന്നിഹിതനായിരിക്കുന്ന ഒരു സ്ഥലമാണ്. അവിടെ യേശുവിന്റെ സാന്നിധ്യം ചിലപ്പോള്‍ മാത്രമല്ല ഉള്ളത്. കേവലം അല്പ ദിവസങ്ങളിലേക്ക് അവിടുന്ന് നിങ്ങളുടെ ഭവനത്തില്‍ ആയിരിക്കുന്നത് നിങ്ങള്‍ക്കൊരു ഭാരമാണെങ്കില്‍ നിത്യത മുഴുവന്‍ ദൈവത്തോടൊപ്പം നിങ്ങള്‍ എങ്ങനെ ചെലവഴിക്കും?

സ്വര്‍ഗ്ഗത്തിലെ നിക്ഷേപം

”നിന്റെ രാജ്യം വരണമേ” എന്നു പ്രാര്‍ത്ഥിക്കുന്നവന്‍ തന്റെ മനസ്സും അഭിലാഷങ്ങളും താല്‍പര്യങ്ങളും ഉയരത്തിലുള്ള കാര്യങ്ങളിന്മേല്‍ വച്ചിട്ടുള്ള ഒരുവനാണ്. അയാള്‍ ക്രിസ്തീയതയുടെയും വിശുദ്ധിയുടെയും കേവലം വേഷം മാത്രം ധരിച്ചിട്ടുള്ള ഒരുവനായിരിക്കയില്ല. അയാളുടെ ആത്മീയത ഉപരിപ്ലവമല്ല. അത് അയാളുടെ വ്യക്തിത്വത്തിന്റെ അന്തസ്സത്തയിലേക്കു തന്നെ കടന്നിട്ടുള്ള ഒന്നായിരിക്കും. ഭൂമിയില്‍ നിക്ഷേപങ്ങള്‍ സ്വരൂപിക്കുന്നതിനെക്കാള്‍ അധികമായി സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കുവാന്‍ തല്‍പരനായിരിക്കും അയാള്‍.

ഒരു ക്രിസ്ത്യാനിക്ക് പണത്തോടുള്ള മനോഭാവം അയാളുടെ ആത്മീയ നിലവാരത്തിന്റെയും ദൈവരാജ്യം സ്ഥാപിതമാകുന്നതില്‍ അയാള്‍ക്കുള്ള അഭിവാഞ്ഛയുടെയും ഉരകല്ലായിരിക്കും.

ഒരിക്കല്‍ ഒരു കൃഷിക്കാരന്റെ കഥ കേട്ടത് ഞാന്‍ ഓര്‍ക്കുന്നു. അയാള്‍ ഒരു ദിവസം തന്റെ ഭാര്യയോടു പറഞ്ഞു. ”നമ്മുടെ പശു രണ്ടു കിടാങ്ങളെ പ്രസവിച്ചു. ഒന്നു വെളുത്തതും മറ്റത് തവിട്ടു നിറമുള്ളതും. അവ വളര്‍ന്നു വരുമ്പോള്‍ അവയില്‍ ഒന്നിനെ കര്‍ത്താവിനു കൊടുക്കാമെന്നു ഞാന്‍ ചിന്തിക്കുന്നു.’ അയാളുടെ ഭാര്യ ചോദിച്ചു, ”ഏതിനെയാണ് നിങ്ങള്‍ കര്‍ത്താവിനു കൊടുക്കുന്നത്? വെളുത്തതോ തവിട്ടു നിറമുള്ളതോ? അയാള്‍ പറഞ്ഞു: ”ശരി, അവ വളര്‍ന്നു വരട്ടെ. അപ്പോള്‍ നമുക്കു തീരുമാനിക്കാം.”

കിടാങ്ങള്‍ വളര്‍ന്നു വന്നു. അവ മേല്ക്കുമേല്‍ തടിച്ചു കൊഴുത്തവയായിത്തീര്‍ന്നു. ഒരു ദിവസം കൃഷിക്കരന്‍ ദുഃഖഭവത്തോടെ വന്നു തന്റെ ഭാര്യയോടു പറഞ്ഞു: ”ഒരു ദുഃഖവര്‍ത്തമാനം പറയാം. കര്‍ത്താവിന്റെ വകയായ കിടാവ് അല്പം മുമ്പേ ചത്തുപോയി.” അയാളുടെ ഭാര്യ ചോദിച്ചു: ”കര്‍ത്താവിന്റെ കിടാവ് ഏതായിരിക്കുമെന്ന് എങ്ങനെയാണ് നിങ്ങള്‍ തീരുമാനിച്ചത്? അതിനെപ്പറ്റി ഇതെവരെയും തീരുമാനിച്ചിരുന്നില്ലല്ലോ.” അയാള്‍ പറഞ്ഞു: ”തവിട്ടു നിറമുള്ളതിനെ കര്‍ത്താവിനു കൊടുക്കാമെന്നാണ് ഇക്കാലമത്രയും ഞാന്‍ ചിന്തിച്ചിരുന്നത്. അത് ഇന്നു രാവിലെ ചത്തു പോകുകയും ചെയ്തു.”

ഇതുപോലെയാണ് മിക്ക വിശ്വാസികളുടെയും സ്ഥിതി. ചത്തു പോകുന്നത് എപ്പോഴും കര്‍ത്താവിന്റെ കിടാവായിരിക്കും. തങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നടന്നതിനു ശേഷം മിച്ചം വരുന്നതവര്‍ കര്‍ത്താവിനു കൊടുക്കും. ദൈവവിഷയമായി അവര്‍ സമ്പന്നരല്ലാത്തതിനാല്‍ ജീവിതകാലം മുഴുവന്‍ അവര്‍ ആത്മീയ പാപ്പരത്വത്തില്‍ കഴിയുന്നു (ലൂക്കൊ. 12:21).

പഴയ നിയമത്തില്‍ ദൈവം യിസ്രായേല്‍ ജനതയുമായി ഒരു ഉടമ്പടി ചെയ്തിരുന്നു. തങ്ങളുടെ വിളവുകളുടെ ആദ്യ ഫലത്തില്‍ നിന്ന് ഏറ്റവും നല്ലഭാഗം ദൈവത്തിനു നല്‍കണമെന്നായിരുന്നു ആ ഉടമ്പടി (പുറ. 23:19). ദൈവത്തെ ബഹുമാനിക്കുന്നതിനുള്ള എക മാര്‍ഗ്ഗം ഇതായിരുന്നു (സദൃശ. 3:9). ഇന്നും സ്ഥിതി ഇതു തന്നെ. നമുക്കുള്ള ഏറ്റവും നല്ല വസ്തുക്കള്‍ ദൈവത്തിനു നല്‍കുന്നില്ലെങ്കില്‍ നമുക്ക് അവിടുത്തെ ബഹുമാനിക്കുവാന്‍ സാധ്യമല്ല.

നമ്മുടെ ജീവിതത്തില്‍ നാം കാണുന്നതെന്താണ്? ഏറ്റവും നല്ലതു ദൈവത്തിനു കൊടുക്കാതിരിപ്പാന്‍ ചില ഒഴിവു കഴിവുകള്‍ നാം കണ്ടു പിടിക്കുന്നുണ്ടോ? അങ്ങനെയെങ്കില്‍ നമ്മുടെ ഹൃദയം യഥാര്‍ത്ഥത്തില്‍ എവിടെയെന്ന് അതു കാണിക്കുന്നു. ഒരുവന്റെ നിക്ഷേപം ഉള്ളിടത്ത് അവന്റെ ഹൃദയവും ഇരിക്കും.

എന്നാല്‍ ”നിന്റെ രാജ്യം വരണമേ” എന്നു പ്രാര്‍ത്ഥിക്കുന്ന ഒരുവന്‍ പണത്തില്‍ നിന്നും ഭൗതിക വസ്തുക്കളില്‍ നിന്നും വിടുതല്‍ പ്രാപിച്ചവനായിരിക്കും. അവന്‍ ഇപ്പോള്‍ ദൈവത്തിനായും നിത്യതയ്ക്കായും ജീവിക്കുന്നു.

ദൈവത്തിന്റെ സര്‍വാധിപത്യം

ദൈവരാജ്യം എന്നു വച്ചാല്‍ ദൈവത്തിന്റെ ഭരണം അഥവാ ദൈവത്തിന്റെ സര്‍വാധിപത്യം എന്നാണര്‍ത്ഥം. യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളുടെയും അധിപതിയാക്കുക എന്നതാണ് അതുകൊണ്ടു ഉദ്ദേശിക്കുന്നത്.

ദൈവരാജ്യം വരുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ആത് ആദ്യമായി നമ്മുടെ ഹൃദയങ്ങളിലും ഭവനങ്ങളിലും സഭകളിലും വരണം. ഈ രംഗങ്ങളില്‍ നാം സാത്താനോ ജഡത്തിനോ യാതൊരു സ്ഥാനവും നല്‍കരുത്. മറ്റൊന്നിനും നമ്മുടെ ഹൃദയങ്ങളിലും ഭവനത്തിലും സഭയിലും സ്ഥാനം ലഭിക്കാതിരിക്കുമാറ് ദൈവരാജ്യം അവിടെയെല്ലാം നിറഞ്ഞിരിക്കുവാനാണ് നാം വാഞ്ഛിക്കുന്നത്.

സ്വര്‍ഗ്ഗരാജ്യം ശക്തിയോടു കൂടി ഭൂമിയിലേക്കു വരുന്നതിനു വേണ്ടിയാണ് പരിശുദ്ധാത്മാവ് വന്നത് (മര്‍ക്കൊ. 9:1). ഒരിക്കല്‍ ഭൂമിയില്‍ മുഴുവന്‍ വ്യാപിച്ചു നിറയുവാന്‍ പോകുന്ന ദൈവരാജ്യത്തിന്റെ ഒരു പ്രദര്‍ശനശാലയായിരിക്കണം നമ്മുടെ പ്രാദേശിക സഭകള്‍. ഈ കാര്യത്തിലാണ് നമ്മള്‍ കര്‍ത്താവിന്റെ മുമ്പില്‍ പരാജിതരായിട്ടുള്ളത്.

മുമ്പെ ദൈവരാജ്യം അന്വേഷിപ്പാനും ഭൗതിക കാര്യങ്ങളെക്കുറിച്ച് ഒന്നും വ്യാകുല ചിത്തരാകാതിരിപ്പാനും യേശു നമ്മോടു കല്പിച്ചപ്പോള്‍ അവിടുന്ന് ഉദ്ദേശിച്ച അര്‍ത്ഥം ഇതായിരുന്നു. ഏതെങ്കിലും കാര്യത്തെപ്പറ്റി നിങ്ങള്‍ക്കു ചിന്താകുലത്വം ആവശ്യമുണ്ടെങ്കില്‍ അതു ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്നതിനെക്കുറിച്ചായിരിക്കണം (മത്താ. 6:33). സഭയുടെ വിശുദ്ധ സ്ഥിതിയെക്കുറിച്ചും ദൈവരാജ്യാഗമനത്തെക്കുറിച്ചുമുള്ള ഇത്തരം ചിന്താകുലത്വം നമ്മില്‍ എത്ര പേര്‍ക്കുണ്ട്?

മുമ്പേ ദൈവരാജ്യം അന്വേഷിക്കുന്ന ഒട്ടനേകം പേരെ നമ്മുടെ മധ്യത്തില്‍ ദൈവം എഴുന്നേല്പിക്കട്ടെ.

അധ്യായം 5 : ദൈവഹിതം

”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമെ.”

യേശുവിന്റെ ഇഷ്ടം നമ്മുടെ പ്രതിദിന ജീവിതത്തില്‍ ചെയ്യുവാന്‍ സന്നദ്ധരാകുമ്പോള്‍ മാത്രമേ യേശുവിനെ നമ്മുടെ കര്‍ത്താവ് എന്നു വിളിക്കുവാന്‍ നമുക്കു കഴിയുകയുള്ളു. ഒരു മനുഷ്യനു തന്റെ ബുദ്ധിയിലും വികാരങ്ങളിലും പ്രചോദനമുണ്ടാകുമ്പോഴല്ല, പിന്നെയോ – ”കര്‍ത്താവേ, എന്റെ ഹിതമല്ല, അവിടുത്തെ ഹിതം തന്നെ നടക്കണമേ” എന്നു പറഞ്ഞുകൊണ്ട് അയാള്‍ തന്റെ ഇച്ഛാശക്തിയെ അടിയറ വയ്ക്കുമ്പോഴാണ് അയാള്‍ക്കു യഥാര്‍ത്ഥ ജീവിത പരിവര്‍ത്തനം സംഭവിക്കുന്നത്. നാം കര്‍ത്താവിന്റെ മുമ്പില്‍ സ്ഥിരചിത്തതയോടെ ഈ മനോഭാവം പുലര്‍ത്തുമ്പോള്‍ അധികമധികം വിശുദ്ധീകരണം നാം പ്രാപിക്കും.

വിശുദ്ധിയുടെ രഹസ്യം

”എന്റെ ഹിതമല്ല, അവിടുത്തെ ഹിതം തന്നെ നടക്കണമേ” എന്നു യേശു തന്നെയും തന്റെ ഭൗമിക ജീവിത കാലം മുഴുവന്‍ പിതാവിനോടു പ്രാര്‍ത്ഥിച്ചിരുന്നു (യോഹ. 6:38). തന്റെ പിതാവിനെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി യേശുവിനു പോലും ഇപ്രകാരം ജീവിക്കേണ്ടിവന്നുവെങ്കില്‍ നമുക്കും ദൈവത്തെ പ്രസാദിപ്പിക്കവാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു തീരുമാനിക്കാം. അതല്ല നമ്മുടെ ജീവിതത്തിലെ നിരന്തരമായ മനോഭാവമെങ്കില്‍ കര്‍ത്താവിനോടു കൂടെയുള്ള നമ്മുടെ നടപ്പില്‍ നമുക്കു യാതൊരു പുരോഗതിയും സാധ്യമല്ല.

പ്രാര്‍ത്ഥനയിലും വേദപഠനത്തിലും അനേക മണിക്കൂറുകള്‍ നാം ചെലവഴിച്ചുവെന്നു വരാം. നൂറു കണക്കിനു പ്രാര്‍ത്ഥനാ യോഗങ്ങളില്‍ നാം പങ്കെടുത്തു എന്നും വരാം. എന്നാല്‍ അവയെല്ലാം നമ്മെ (ഒന്നാമതായി നമ്മുടെ ജീവിതത്തില്‍) ”അവിടുത്തേ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്നു പറയുന്ന ഒരവസ്ഥയിലേക്കു നയിക്കുന്നില്ലെങ്കില്‍ ആ സമയമെല്ലാം നാം ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തത്. ”പിതാവേ, എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം നടക്കണമേ” എന്നു ഹൃദയത്തില്‍ നിന്നു തന്നെ പറയുന്ന ഒരുവസ്ഥയിലേക്കാണ് എല്ലാ കൃപാ മാര്‍ഗ്ഗങ്ങളും നമ്മെ നയിക്കേണ്ടത്.

യഥാര്‍ത്ഥ വിശുദ്ധിയുടെ രഹസ്യം ഇതത്രേ

ആത്മാവും ജഡവും തമ്മിലുള്ള പോരാട്ടത്തെപ്പറ്റി പൗലൊസ് ഗലാത്യര്‍ക്കെഴുതിയപ്പോള്‍ മനുഷ്യ ഹിതവും ദൈവഹിതവും തമ്മിലുള്ള ഈ സംഘട്ടനത്തെ പറ്റിയാണ് അദ്ദേഹം പരാമര്‍ശിച്ചത്.

ജഡത്തെയും അതിന്റെ എല്ലാ മോഹങ്ങളെയും ‘സ്വന്തഹിതം’ എന്ന ഏക പദത്തില്‍ സംക്ഷേപിക്കാം (ഗലാ. 5:17). പുതിയ നിയമത്തില്‍ ജഡത്തിന്റെ ഇഷ്ടത്തെപ്പറ്റി വായിക്കുന്നിടത്തെല്ലാം അതിനു പകരം ‘സ്വന്തഹിതം’ അഥവാ ‘സ്വാര്‍ത്ഥ നിഷ്ഠമായ താല്‍പര്യം’ എന്ന പദങ്ങള്‍ നമുക്കു പ്രയോഗിക്കാം. നമ്മുടെ സ്വന്ത ഹിതത്തെയും സ്വാര്‍ത്ഥ നിഷ്ഠമായ താല്‍പര്യങ്ങളെയും ഒന്നാമതു നശിപ്പിക്കാതെ നമ്മെ ഒരിക്കലും സ്വര്‍ഗ്ഗത്തിനു യോഗ്യരോ വിശുദ്ധരോ ക്രിസ്തു തുല്യരോ ആക്കി തീര്‍ക്കുവാന്‍ സാധ്യമല്ലെന്നു പരിശുദ്ധാത്മാവിന് അറിയാം.

വിശുദ്ധിയുടെയും ശുദ്ധീകരണത്തിന്റെയും മാര്‍ഗ്ഗം സ്വയത്തോട് ”ഇല്ല” എന്നും ദൈവത്തോട് ”ഉവ്വ്” എന്നും പറയുന്ന അഹന്താ നാശത്തിന്റെ മാര്‍ഗ്ഗമത്രേ. ”പിതാവേ, എന്റെ ജീവിതത്തെപ്പറ്റിയുള്ള അവിടുത്തെ ഹിതത്തിന്റെ പരിധിക്കു വെളിയിലായി എനിക്കു യാതൊരു താല്‍പര്യവും പദ്ധതിയും ഉല്‍കര്‍ഷേച്ഛയും ഇല്ല. അവിടുത്തെ പരിപൂര്‍ണ്ണ ഹിതത്തില്‍ നിന്നന്യമായി എനിക്കൊന്നും വേണ്ടാ” എന്നു പറയുകയാണ് യഥാര്‍ത്ഥ വിശുദ്ധീകരണം.

പ്രിതദിന ജീവിതത്തില്‍ ക്രൂശ്

യേശു പറഞ്ഞു: ”എന്നെ അനുഗമിപ്പാന്‍ ഒരുവന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ നിഷേധിച്ചു നാള്‍തോറും തന്റെ ക്രൂശെടുത്തു കൊണ്ട് എന്നെ അനുഗമിക്കട്ടെ” (ലൂക്കൊ. 9?23). ഓരോ ദിവസവും ദൈവഹിതം നമ്മുടെ ഹിതത്തിനെതിരായി വരുന്ന സ്ഥാനത്തു നാം നമ്മുടെ ക്രൂശു കണ്ടെത്തുന്നു. ക്രൂശ് എടുക്കുക എന്നു വച്ചാല്‍ ”പിതാവേ, എന്റെ ഹിതമല്ല, അവിടുത്തെ ഹിതം നടക്കണമേ” എന്നു പറയുകയാണ്.

തന്റെ ഇഷ്ടത്തോടും തന്റെ പദ്ധതികളോടും തന്റെ സ്വന്ത ആഗ്രഹങ്ങള്‍, ഉല്‍ക്കര്‍ഷേച്ഛകള്‍ എന്നിവയോടുമെല്ലാം ”ഇല്ല” എന്നു പറഞ്ഞ ശേഷം ”കര്‍ത്താവേ, എന്റെ ക്രൂശെടുക്കുവാനും അങ്ങയെയും അങ്ങയുടെ ഹിതത്തെയും മാത്രം പിന്തുടുരുവാനും ഞാന്‍ ആഗ്രഹിക്കുന്നു” എന്നു പറയുന്ന ഒരുവനു മാത്രമേ – ”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ കഴിയൂ.

യേശു അരിളിച്ചെയ്തു: ”അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമേ, നിങ്ങള്‍ എല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും” (മത്താ. 11:28). എന്നാല്‍ അവിടെ കര്‍ത്താവു നിറുത്തിയില്ല. നമുക്ക് ആ വിശ്വാസം എങ്ങനെ ലഭിക്കും എന്നു തുടര്‍ന്നു വരുന്ന ഭാഗത്തു യേശു പറയുന്നുണ്ട്.

ആ വാക്കുകള്‍ ഇവയാണ്. ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍. എന്നാല്‍ നിങ്ങളുടെ ആത്മാക്കള്‍ക്ക് ആശ്വാസം (വിശ്രമം) കണ്ടെത്തും” (മത്താ. 11:29). വേറൊരു വിധത്തില്‍ പറഞ്ഞാല്‍, നിങ്ങള്‍ നിങ്ങളുടെ ക്രൂശെടുത്തു സ്വന്ത ഇഷ്ടത്തോട് ”ഇല്ല” എന്നു പറയാതിരിക്കുന്ന പക്ഷം ഈ വിശ്രമം എന്താണെന്നറിയുവാന്‍ ഒരിക്കലും നിങ്ങള്‍ക്കു സാധ്യമല്ല. എല്ലാ അസ്വസ്ഥതയും ഉത്ഭവിക്കുന്നത് നാം നമ്മുടെ സ്വന്തം ഇഷ്ടം ചെയ്യുന്നതില്‍ നിന്നാണ്. ഇതില്‍ നിങ്ങളുടെ ക്രൂശെടുക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ കര്‍ത്താവിങ്കലേക്കു വരുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.

ഒരു യഥാര്‍ത്ഥ ശിഷ്യനു മാത്രമേ ”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്നു പ്രാര്‍ത്ഥിപ്പാന്‍ കഴിയൂ. യേശു തന്റെ ജീവിതകാലം മുഴുവന്‍ ഈ പ്രാര്‍ത്ഥന സ്വയം പ്രാര്‍ത്ഥിച്ചിരുന്നു. താന്‍ പ്രസംഗിച്ചത് അവിടുന്നു പ്രയോഗത്തില്‍ വരുത്തിയിരുന്നു. അവിടുന്ന് ഒരു മനുഷ്യനായി ജീവിച്ചു അവിടുത്തെ ഏറ്റവും വലിയ അഭിവാഞ്ഛ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുക എന്നതായിരുന്നു.

എന്തിനാണ് യേശു ഭൂമിയിലേക്കു വന്നത്? ”അവിടുത്തെ പിതാവിന്റെ ഇഷ്ടം ചെയ്യുവാന്‍” എന്നതാണ് ഈ ചോദ്യത്തിന്റെ ഉത്തരം. യോഹന്നാന്‍ 6:38ല്‍ കര്‍ത്താവു തന്നെ പറഞ്ഞിട്ടുള്ളത് ഈ കാര്യമത്രേ. ”ഞാന്‍ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങി വന്നിരിക്കുന്നു.” അവിടുന്നു വന്നത് പ്രാഥമികമായി ലോകത്തിന്റെ പാപങ്ങള്‍ക്കു വേണ്ടി മരിക്കുവാന്‍ ആയിരുന്നില്ല. പിന്നെയോ തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുവാനാണ് അവിടുന്നു കാല്‍വറിയിലേക്കു പോയി അവിടെ വച്ചു മരിച്ചത്. അത് തന്റെ ജീവിതത്തെക്കുറിച്ചുള്ള തന്റെ പിതാവിന്റെ ഹിതത്തിന്റെ ഒരു ഭാഗമായിരുന്നതിനാല്‍ തന്നെയാണ്.

യോഹന്നാല്‍ 4:34ല്‍ ”എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവന്റെ പ്രവൃത്തി തികയ്ക്കുന്നതു തന്നെ എന്റെ ആഹാരം” എന്നു യേശു പറയുന്നുണ്ട്. വിശപ്പുള്ള ഒരു മനുഷ്യന്‍ ആഹാരത്തിനായി നിലവിളിക്കുന്നതുപോലെ യേശുവിന്റെ മുഴുവന്‍ വ്യക്തിത്വവും തന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിനായി നിലവിളിച്ചിരുന്നു. യേശുവിനെ പിന്തുടരുക എന്നു വച്ചാല്‍ നമ്മുടെ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും അതുപോലുള്ള ഒരഭിവാഞ്ഛ ഉണ്ടാവുകയാണ്.

സ്വര്‍ഗ്ഗത്തില്‍ വളരെയധികം സന്തോഷം ഉള്ളതിന്റെയും അവിടെ ദുഃഖം അശേഷം ഇല്ലാത്തതിന്റെയും കാരണം അവിടെ ദൈവഹിതം സമ്പൂര്‍ണ്ണമായി നിറവേറുന്നു എന്നതാണ്. ദൈവഹിതമെന്നത് ആളുകളെ ഏറ്റവുമധികം സന്തുഷ്ടരാക്കുകയും ആനന്ദം കൊണ്ടു നിറയ്ക്കുകയും ചെയ്യുന്ന ഒരു കാര്യമാണ്.

പത്രൊസ് എഴുതുന്നു: ”ക്രിസ്തു ജഡത്തില്‍ കഷ്ടമനുഭവിച്ചതു കൊണ്ട് നിങ്ങളും ആ ഭാവം തന്നെ ആയുധമായി ധരിപ്പിന്‍. ജഡത്തില്‍ കഷ്ടമനുഭവിച്ചവന്‍ ജഡത്തിലുള്ള തന്റെ ജീവിതത്തിന്റെ അവശിഷ്ട കാലം മുഴുവന്‍ മനുഷ്യരുടെ ഹിതമല്ല, ദൈവഹിതം തന്നെ ചെയ്യത്തക്ക വിധം പാപം വിട്ടൊഴിഞ്ഞിരിക്കുന്നു” (1 പത്രൊ. 4:1,2).

അപ്പൊസ്തലനായ യോഹന്നാന്‍ എഴുതുന്നു: ”ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു; ദൈവഹിതം ചെയ്യുന്നവനോ എന്നേക്കും ജീവിക്കുന്നു” (1 യൊഹ. 2:17).

വിശ്വാസികള്‍ക്കു വേണ്ടി അപ്പൊസ്തലന്മാര്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള പ്രാര്‍ത്ഥനകളിലെ ഭാരം മുഴുവനും ”അവര്‍ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണ നിശ്ചയമുള്ളവരുമായി”ത്തീരണം എന്നായിരുന്നു (കൊലൊ. 4:12). പാപക്ഷമയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു രക്ഷ- അത് ഒരുവനെ ദൈവഹിതം ചെയ്യുന്നവനായി തന്നത്താന്‍ സമര്‍പ്പിക്കുന്ന ഒരവസ്ഥയിലേക്കു നയിക്കുന്നില്ലെങ്കില്‍ – അത് ഒരു കപട രക്ഷയാണെന്നും ആ അപ്പൊസ്തലന്മാര്‍ അറിഞ്ഞിരുന്നു. ഇടുങ്ങിയ ജീവിത പാതയിലേക്കു ദൈവത്തിന്റെ മുഴു ഹിതവും ചെയ്യുവാനായി ഒരുവനെ നയിക്കുന്ന ഒരു വാതില്‍ മാത്രമാണ് പാപക്ഷമ.

ദൈവഹിതം സ്വര്‍ഗ്ഗത്തില്‍ എങ്ങനെ നടക്കുന്നു?

”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്നാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്. ഇതിനെപ്പറ്റി നാലു കാര്യങ്ങള്‍ പറയാനുണ്ട്.

ഒന്നാമത്, ദൈവദൂതന്മാര്‍ ദൈവത്തിന്റെ കല്പനകള്‍ക്കായി നിരന്തരം ശ്രദ്ധിച്ചു കാത്തിരിക്കുന്ന ഒരവസ്ഥയിലാണ്. അവര്‍ തങ്ങളുടെ ആശയ ഗതിയനുസരിച്ചു ദൈവത്തിനായി ചിലതൊക്കെ ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍ വിരഞ്ഞോടി നടക്കുകയല്ല ചെയ്യുന്നത്. നേരെ മറിച്ച്, ഒന്നാമതു ദൈവം അരുളിച്ചെയ്യുന്നതു കേള്‍ക്കുവാന്‍ അവര്‍ കാത്തിരിക്കുന്നു. പിന്നീടു മാത്രം അവര്‍ അതനുസരിച്ചു പ്രവര്‍ത്തിക്കുന്നു.



ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു:-
”എന്‍ കണ്ണുമെന്‍ കൈയുമേതേതു മാര്‍ഗ്ഗത്തില്‍ച്ചലി-
ച്ചെന്‍ ഹിതം തെളിയപ്പതെന്നു പാര്‍ത്തിരിപ്പന്‍,
ഞാന്‍ നല്‍കും പ്രവൃത്തിയെന്‍ ഹിതാനുസാരം ചെയ്‌വോന്‍
ഞാന്‍ നല്‍കാത്തതൊക്കെയും തള്ളുവോനിമ്മട്ടായി
ഏതൊരു പുരുഷനിപ്പാര്‍ത്തലം തന്നില്‍ ജീവി-
ച്ചീടുന്നുവെന്നു നോക്കിക്കാത്തിരിപ്പു ഞാന്‍ സദാ.
ഇവ്വിധമൊരുത്തനെ കണ്ടെത്തും സമയത്തി-
ലെന്തൊരാമോദം ഹാ! മന്മാനസം പ്രാപിക്കുന്നു!
നാഥന്‍ തന്‍ മനോഗതം വീക്ഷിപ്പാന്‍, പഠിക്കുവാന്‍
ജീവിതം ചെലവിട്ടു തന്‍ഹിതം സമസ്തവും
മോദമായ് നിറവേറ്റും വിശിഷ്ട ഭൃത്യന്നായി-
ദ്ദാഹിപ്പൂ മമചിത്തം സാകാംക്ഷം തിരന്തരം.”



അതിനാല്‍ ”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവത്തിന് എന്താണു നമ്മോടു പറയാനുള്ളത് എന്നു കേള്‍ക്കുവാന്‍ നാം ഒന്നാമതു ശ്രദ്ധിക്കണം എന്നാണ് അതിന്റെ താല്‍പര്യം.

രണ്ടാമത്, ദൈവം സംസാരിച്ചാല്‍ ഉടന്‍ തന്നെ ദൂതന്മാര്‍ അവിടുത്തെ അനുസരിക്കുന്നു. ”കര്‍ത്താവേ, ഞാന്‍ ഏതാനും ദിവസം ഇതിനെപ്പറ്റി ചിന്തിക്കട്ടെ. എന്റെ സഹഭൃത്യന്മാരായ മറ്റു ദൈവദൂതന്മാര്‍ ഇതിനെക്കുറിച്ച് എന്തു പറയുന്നുവെന്നു ഞാന്‍ മനസ്സിലാക്കട്ടെ” എന്ന് അവര്‍ പറയുന്നില്ല. അങ്ങനെയൊരു കാര്യം സ്വര്‍ഗ്ഗത്തിലില്ല. ദൈവം സംസാരിച്ചാല്‍ അത് അന്തിമ വാക്കാണ്. അനുസരണം ഉടന്‍ സംഭവിക്കുന്ന ഒരു കാര്യമാണ്.

അതിനാല്‍ നമ്മുടെ പ്രാര്‍ത്ഥന ഈ വിധമായിരിക്കണം ”പിതാവേ, അങ്ങയുടെ ശബ്ദം കേട്ടു കഴിഞ്ഞാല്‍ അത് അനുസരിക്കാന്‍ താമസം വരുത്താതിരിക്കുമാറ് എന്നെ സഹായിക്കണമേ. അവിടുത്തെ സമയം വരുന്നതിനു മുമ്പ് തിടുക്കത്തില്‍ എടുത്തു ചാടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഒരിക്കല്‍ അങ്ങു സംസാരിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ അനുസരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

മൂന്നാമതായി, സ്വര്‍ഗ്ഗത്തില്‍ ദൈവം ഒരു കാര്യം കല്പിച്ചാല്‍ അതു പൂര്‍ണ്ണമായി ചെയ്യപ്പെടുന്നു. ദൂതന്മാര്‍ തങ്ങള്‍ കേട്ട കാര്യം ഭാഗികമായി മാത്രം അനുസരിക്കുന്നവരല്ല. അതിനാല്‍ ”പിതാവേ, എന്റെ ജീവിതത്തില്‍ എന്തു വില കൊടുക്കേണ്ടി വന്നാലും അവിടുത്തെ ഹിതം മുഴുവനായി ചെയ്യുവാന്‍, ഓരോ കല്പനയും സമ്പൂര്‍ണ്ണമായി അനുസരിക്കുവാന്‍ എന്നെ സഹായിക്കണമേ” എന്നാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്.

അവസാനമായി, ദൂതന്മാര്‍ സന്തോഷമായി അനുസരിക്കുന്നവരാണ്. അവരുടെ അനുസരണത്തില്‍ പിറുപിറുപ്പോ പരാതിയോ കലര്‍ന്നിട്ടില്ല. യാതൊരു ദൂതനും തന്റെ കര്‍ത്തവ്യത്തെ മറ്റൊരുവന്റേതുമായി താരതമ്യപ്പെടുത്തിയിട്ട് ”പിതാവേ, അവനു കൊടുത്തതിനെക്കാള്‍ വഷമകരമായ ഒരു ജോലി അങ്ങ് എന്തിനാണെനിക്കു തന്നത്?” എന്നു ചോദിക്കുകയില്ല.

വിശ്വാസികളുടെ ഇടയില്‍പ്പോലും ഇത്തരം പരാതികള്‍ നാം കേള്‍ക്കാറുണ്ട്. ”ഇത്രയധികം ത്യാഗം ഞാന്‍ എന്തിനു സഹിക്കണം? അയാളെ (അവളെ) നോക്കൂ.” ഇമ്മാതിരി വാക്കുകള്‍ സ്വര്‍ഗ്ഗത്തില്‍ ഒരിക്കലും നാം കേള്‍ക്കുകയില്ല. ദൈവഹിതം അനുസരിപ്പാനുള്ള ഓരോ സന്ദര്‍ഭത്തെയും ഒരു വലിയ പദവിയായി ദൂതന്മാര്‍ കരുതുകയും അതു നിമിത്തം തങ്ങള്‍ അനുസരിക്കുന്ന ഓരോ അവസരത്തിലും അവര്‍ സന്തോഷിക്കുകയും ചെയ്യുന്നു.

അതിനാല്‍ നാം ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുമ്പോള്‍ സന്തോഷത്തോടും പരാതി കൂടാതെയും മറ്റുള്ളവരോടു താരതമ്യപ്പെടുത്താതയും നമ്മുടെ ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുവാനാണ് നാം പ്രാര്‍ത്ഥിക്കുന്നത്.

നിത്യതയില്‍ പശ്ചാത്താപമില്ല

ഭൂമിയില്‍ വച്ച് ഈ വിധത്തില്‍ നിങ്ങള്‍ ദൈവഹിതം ചെയ്യുന്ന പക്ഷം നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ നിങ്ങള്‍ക്ക് ഒരു പശ്ചാത്താപവും ഉണ്ടാവുകയില്ല.

ഇനിയൊരിക്കല്‍ നാം കര്‍ത്താവിനെ മുഖാമുഖമായി കാണുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ കൂടുതല്‍ ഭാഗം അവിടുത്തേക്കു കീഴ്‌പ്പെടുത്തിയിരുന്നെങ്കില്‍ എന്നും കൂടുതല്‍ പൂര്‍ണ്ണമായി നാം അനുസരിച്ചിരുന്നെങ്കില്‍ എന്നും നാം ആഗ്രഹിക്കുവാനിടയാകും. ഇവിടെ ഭൂമിയില്‍ വെച്ച് ദൈവത്തിന്റെ കല്പനകള്‍ എല്ലാം ഉടനടിയും പൂര്‍ണ്ണമായും സന്തോഷമായും നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗത്തിന്റെ മാധുര്യത്തില്‍ ഒരു ഭാഗം നിങ്ങള്‍ക്കു നഷ്ടപ്പെടുവാനിടയാകും.

ഒരിക്കല്‍ നിങ്ങള്‍ ഈ ലോകം വിട്ടുപോയി കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും ക്രിസ്തുവിന്റെ ക്രൂശ് വഹിക്കാനുളള ഒരവസരം നിങ്ങള്‍ക്കു ലഭിക്കുകയില്ലെന്നു സാധു സുന്ദര്‍ സിംഗ് പറയുക പതിവായിരുന്നു. കര്‍ത്താവിനോടുള്ള നിങ്ങളുടെ സ്‌നേഹം തെളിയിക്കുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന പക്ഷം അതു ചെയ്യുവാനുള്ള അവസരം നിങ്ങള്‍ക്കു സ്വര്‍ഗ്ഗത്തിലെത്തുമ്പോഴല്ല, ഇപ്പോഴാണ്.

നാം ചിന്തിച്ച മൂന്ന് അപേക്ഷകളെപ്പറ്റി ആലോചിച്ചു നോക്കുക. ”പിതാവേ, അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. അവിടുത്തെ രാജ്യം വരണമേ. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ.” പാപക്ഷമയ്ക്കു വേണ്ടി നാം അപേക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ അതു ചെയ്യുന്നതിനു മുമ്പു തന്നെ നമ്മുടെ ജീവിതത്തില്‍ ദൈവനാമത്തിന്റെ മഹത്വവും ദൈവരാജ്യത്തിന്റെ ആഗമനവും ദൈവഹിതത്തിന്റെ നിര്‍വഹണവും നാം അന്വേഷിക്കേണ്ടതാവശ്യമെന്നാണ് കര്‍ത്താവു പഠിപ്പിച്ചിട്ടുള്ളത്.

കര്‍ത്താവു നമ്മെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യം നമുക്കു പഠിക്കാം.

അധ്യായം 6 : നമ്മുടെ ഭൗതികാവശ്യങ്ങള്‍

”ഞങ്ങളുടെ ദിനംപ്രതിയുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ.”

നമ്മുടെ ശാരീരികാവശ്യങ്ങള്‍ സാധിച്ചു തരുവാന്‍ ദൈവം തല്‍പരനാണ്. എന്നാല്‍ അവ നിമിത്തം നമുക്കു ദോഷം വരാത്ത വിധത്തില്‍ ഈ ആവശ്യങ്ങള്‍ നിര്‍വഹിക്കപ്പെടേണ്ടതുണ്ട്. തങ്ങളുടെ ജീവിതത്തില്‍ ദൈവത്തെ ഒന്നാംസ്ഥാനത്തു കരുതുവാന്‍ കഴിവില്ലാത്ത ആളുകളെ ആത്മീയമായി നശിപ്പിക്കുവാനുള്ള ഒരു കഴിവു ഭൗതിക സമൃദ്ധിക്കും ശാരീരികമായ അനുഗ്രഹങ്ങള്‍ക്കും ഉണ്ട്.

പക്വത പ്രാപിച്ച ഒരാത്മീയ വ്യക്തിക്കു പതിനായിരം രൂപ ലഭിച്ചാല്‍ അതു വളരെ പ്രയോജനകരമായി വിനിയോഗിക്കുവാന്‍ കഴിയും. എന്നാല്‍ നിയന്ത്രണവും ചുമതല ബോധവുമില്ലാത്ത ഒരു കുട്ടിയെ അത്രയും പണം നാശത്തിലേക്കു നയിക്കും.

അതിനാല്‍ നമ്മെ ശാരീരികമായും ഭൗതികമായും അനുഗ്രഹിക്കുന്നതിനു മുമ്പു നമ്മെ ദൈവത്തില്‍ കേന്ദ്രീകരിക്കപ്പെട്ടവരാക്കി തീര്‍ക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

ഒന്നാമതു നമ്മുടെ ശാരീരികാവശ്യങ്ങള്‍

നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങളെക്കുറിച്ചുള്ള മൂന്ന് അപേക്ഷകള്‍ ഈ പ്രാര്‍ത്ഥനയിലുണ്ട്. അത്ഭുതകരമെന്നു പറയട്ടെ, അവയില്‍ ആദ്യത്തേത് നമ്മുടെ ആത്മീയ സുസ്ഥിതിയെക്കുറിച്ചുള്ളതല്ല! ഇതു കൗതുകകരമല്ലേ? നമ്മെ സംബന്ധിച്ചു തന്നെയുള്ള ഒന്നാമത്തെ അപേക്ഷ ”ആത്മീയമായ തിന്മകളില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ” എന്നോ ”ഞങ്ങള്‍ക്കു പാപത്തിന്റെ മേല്‍ വിജയം നല്‍കണമേ” എന്നോ ”ഞങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കണമേ” എന്നു തന്നെയുമോ അല്ല. ഒന്നാമത്തെ അപേക്ഷ ”കര്‍ത്താവേ, എന്റെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റിത്തരണമേ” എന്നാണ്.

മനുഷ്യന്‍ മൂന്നു ഘടകങ്ങള്‍ അടങ്ങിയ ഒരു സൃഷ്ടിയാണെന്നു ബൈബിള്‍ പഠിപ്പിക്കുന്നു. അവനില്‍ ദൈവവുമായി ബന്ധം പുലര്‍ത്തുവാന്‍ കഴിയുന്ന ഒരാത്മാവും അവന്റെ വ്യകതി സത്തയായ ഒരു ദേഹിയും (ബുദ്ധി, വികാരം, ഇച്ഛാശക്തി എന്നിവ) അവന്റേതായ ഒരു ശരീരവും ഉണ്ട്.

ഇവിടെയുള്ള ഈ മൂന്ന് അപേക്ഷകള്‍ നമ്മുടെ വ്യക്തിത്വത്തിന്റെ ഈ മൂന്നു ഘടകങ്ങളെ സംബന്ധിക്കുന്നവയാണ്. അവയില്‍ ആദ്യത്തേത് ശരീരത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ളതത്രേ. രണ്ടാമത്തേത് നമ്മുടെ ദേഹിയെ അഥവാ മനസ്സിനെ ബാധിക്കാവുന്ന വിധം പാപത്തില്‍ നിന്നുളവാകുന്ന കുറ്റബോധത്തെ സംബന്ധിക്കുന്നതാണ്. മൂന്നാമത്തേത് ആത്മീയ ദോഷങ്ങളില്‍ നിന്നു നമ്മുടെ ആത്മാവ് വിടുവിക്കപ്പെടുന്നതിനു വേണ്ടിയാണ്. നമ്മുടെ വ്യക്തിത്വത്തിലെ ഏറ്റവും പ്രധാനമായ ഘടകം നമ്മുടെ ആത്മാവാണ്. എന്നാല്‍ ഇവിടെ ഒന്നാമതായി നമ്മുടെ ശാരീരാകവശ്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു നമ്മെ പഠിപ്പിച്ചിരിക്കുന്നു.

ശരീരത്തെ സംബന്ധിച്ചു രണ്ട് അതിരു കടന്ന ചിന്താഗതികള്‍ ക്രൈസ്തവ ലോകത്തില്‍ നിലവിലുണ്ട്. ശരീരത്തിലെ ആഗ്രഹങ്ങളെ നിയന്ത്രിച്ചടക്കുകയും അതിന് എല്ലാ സുഖങ്ങളും നിഷേധിക്കുകയും ചെയ്യാത്ത പക്ഷം നമുക്കു വിശുദ്ധി പ്രാപിക്കുവാന്‍ സാധ്യമല്ല എന്ന ആത്മപീഡനപരമായ അഭിപ്രായമാണ് ഒന്നാമത്തേത്. എന്നാല്‍ ശരീര രഹിതനായ സാത്താന്‍ പാപം നിറഞ്ഞവനും ശരീരം ധരിച്ച യേശുക്രിസ്തു ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തവനും ആണല്ലോ. അതിനാല്‍ ശരീരമല്ല പാപത്തിനു കാരണമെന്നു സിദ്ധിക്കുന്നു.

ആത്മ പീഡന പ്രധാനമായ ഉപദേശം വിവാഹ ബന്ധത്തെപ്പറ്റിയും പാപകരമായിട്ടാണ് വീക്ഷിക്കുന്നത്. എന്നാല്‍ മനുഷ്യനില്‍ ലൈംഗികാഭിലാഷം സൃഷ്ടിച്ചത് ദൈവമാണെന്നും അവിടുന്ന് അതിനെ ”എത്രയും നല്ലത്” എന്നു കണ്ടുവെന്നും ഓര്‍ക്കുക (ഉല്‍പത്തി 1:31). ഭക്ഷണത്തിനും വിശ്രമത്തിനും ലൈംഗിക സംതൃപ്തിക്കും വേണ്ടിയുള്ള അഭിലാഷങ്ങള്‍ എല്ലാം നല്ലവ തന്നെ. ഇവ ദൈവസൃഷ്ടിയായ ശരീരത്തിന്റെ സാധാരണ ആഗ്രഹങ്ങള്‍ അത്രേ. അവയില്‍ ഏതെങ്കിലും ഒന്നിനെപ്പറ്റി നാം ലജ്ജിക്കേണ്ട കാര്യമില്ല. ദൈവം വിലക്കിയ മാര്‍ഗ്ഗങ്ങളില്‍ക്കൂടി അവയില്‍ ഏതിനെങ്കിലും സംതൃപ്തമാക്കുവാന്‍ ശ്രമിക്കാതെ കരുതുക മാത്രമാണ് നാം ചെയ്യേണ്ടത്.

ചില ക്രിസ്ത്യാനികള്‍ പൂലര്‍ത്തുന്ന രണ്ടാമത്തെ അഭിപ്രായം നാം ഐശ്വര്യ സമൃദ്ധിയുള്ളവരായിത്തീരുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന ചിന്താഗതിയാണ്. ശരീരത്തെ ക്രമാധികമായി താലോലിക്കുന്ന മനോഭാവത്തിലേക്കു വഴി തെളിക്കുന്നതാണീ നിലപാട്.

എന്നാല്‍ യേശുവിന്റെ ഉപദേശം ആത്മ പീഡനപരമായ അതിരു കടന്ന മനോഭാവമോ അതിരറ്റ ശാരീരിക തര്‍പ്പണത്തിലേക്കു വഴി തെളിക്കുന്ന ഭൗതിക ചിന്താഗതിയോ അല്ല. നേരെമറിച്ചു ശരീരം ദൈവസേവനത്തിന് ഉതകുന്നതായിത്തീരുമാറ് അതിന്റെ ന്യായയുക്തമായ ആവശ്യങ്ങള്‍ക്കായി കരുതുവാനാണ് അവിടുന്നു പഠിപ്പിച്ചത്.

ശരീരത്തിനു വേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍

ദൈവം നമ്മുടെ ശാരീരികാവശ്യങ്ങളില്‍ തല്‍പരനല്ല എന്നിങ്ങനെ പല വിശ്വാസികളും പുലര്‍ത്തുന്ന തെറ്റായ ചിന്താഗതി നിമിത്തമാണ് ശരീരം രോഗാതുരമായി തീരുമ്പോള്‍ അതിന്റെ ശമനത്തിനായി അവര്‍ ദൈവത്തെ അന്വേഷിക്കുവാന്‍ മുതിരാതിരിക്കുന്നത്. ആസയെപ്പോലെ (2 ദിന. 16:12). അവരുടെ വിശ്വാസം ദൈവത്തിലല്ല, വൈദ്യന്മാരിലാണ്. നമുക്കു രോഗശാന്തി നല്‍കുവാന്‍ ദൈവം ഡോക്ടറന്മാരെയും ഔഷധങ്ങളെയും ശസ്ത്രക്രിയയെപ്പോലും ഉപയോഗിച്ചെന്നു വരാം. നമ്മുടെ പ്രാര്‍ത്ഥനയ്ക്ക് ഏതു വിധം ഉത്തരം നല്‍കണമെന്ന് അവിടുത്തേക്കു പറഞ്ഞു കൊടുക്കുവാന്‍ നമുക്കു സാധ്യമല്ല. എന്നാല്‍ തന്റെ മക്കള്‍ മനുഷ്യരിലാശ്രയം വയ്ക്കണമെന്ന് അവിടുന്നു തീര്‍ച്ചയായും പ്രതീക്ഷിക്കുന്നില്ല. നമ്മുടെ ശരീരങ്ങള്‍ ആരോഗ്യപൂര്‍ണ്ണവും തന്റെ മഹത്വത്തിന് ഉപകരിക്കുമാറ് സ്വസ്ഥവും ആയിരിക്കുന്നതില്‍ അവിടുന്നു തീര്‍ച്ചയായും തല്‍പരനാണ്.

നമ്മുടെ ശരീരങ്ങളെ സംബന്ധിച്ച് ബൈബിള്‍ പഠിപ്പിക്കുന്ന മൂന്നു മഹത്വകരമായ സത്യങ്ങള്‍ താഴെപ്പറയുന്നവയാണ്:
1) ശരീരം കര്‍ത്താവിനുള്ളതെങ്കില്‍ കര്‍ത്താവ് ശരീരത്തിനുള്ളവന്‍ തന്നെ.
2) നമ്മുടെ ശരീരങ്ങള്‍ ക്രിസ്തുവിന്റെ അവയവയങ്ങളാണ്.
3) നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമത്രേ.

അതു നിമിത്തം നമുക്കു നമ്മുടെ ശരീരത്തിനു വേണ്ടി ദൈവശക്തിയെ അവകാശപ്പെടുവാന്‍ തീര്‍ച്ചയായും സാധ്യമാണ്.

ശാരീരിക ആവശ്യങ്ങള്‍ ആത്മീയമായവയെ അപേക്ഷിച്ചു കൂടുതല്‍ പ്രധാനമല്ല എന്നതു ശരി തന്നെ. നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ദൈവത്തിന് ആയിരിക്കണമെന്നും മറ്റുള്ളവയ്‌ക്കെല്ലാം രണ്ടാം സ്ഥാനമേ ഉള്ളുവെന്നും നാം നേരത്തെ കണ്ടു കഴിഞ്ഞു. എന്നാല്‍ നാം ഒന്നാമതായി ”അങ്ങയുടെ നാമം പരിശുദ്ധമാകണമേ, അങ്ങയുടെ രാജ്യം വരണമേ, അങ്ങയുടെ ഹിതം നടക്കണമേ” എന്നു പ്രാര്‍ത്ഥിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ അടുത്തതായി ”ഞങ്ങളുടെ ദിനംപ്രതിയുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ” എന്നും കൂടി പ്രാര്‍ത്ഥിക്കുന്നതു ശരിയാണ്. കാരണം നാം ആഹാരത്തിനായി അപേക്ഷിക്കുന്നത് സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ദൈവഹിതം ചെയ്തു ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയാണ്.

നമ്മുടെ ആത്മീയ സ്ഥിതി ഒരളവു വരരെയും നമ്മുടെ ശാരീരിക നിലയെക്കൂടി ആശ്രയിച്ചാണിരിക്കുന്നത്. ഏലിയാവിനെപ്പറ്റി അദ്ദേഹം ആകാശത്തില്‍ നിന്നു തീയും മഴയും ഇറങ്ങുവാന്‍ പ്രാര്‍ത്ഥിച്ച് അതു സാധിച്ചതിനു ശേഷം ധൈര്യം നശിച്ചവനായി തീര്‍ന്നു തന്റെ ജീവനെ എടുത്തു കൊള്ളണമേ എന്നു പ്രാര്‍ത്ഥിച്ചതായി നാം കാണുന്നു. 850 കള്ള പ്രവാചകന്മാരോട് എതിര്‍ത്തു നിന്ന ഈ ധീരനായ വ്യക്തി ഈസബേല്‍ എന്ന ഒരൊറ്റ സ്ത്രീയുടെ ഭീഷണിയെ ഭയപ്പെട്ട് ഓടിയതായി നാം വായിക്കുന്നു (1രാജാ. 18,19 അധ്യായങ്ങള്‍ വായിക്കുക).

ഇതെങ്ങനെ സംഭവിച്ചു? മൂന്നു വര്‍ഷക്കാലത്തിലധികം അദ്ദേഹം ഏകാകിയായി ജീവിച്ചു. ഇപ്പോള്‍ കര്‍മ്മേല്‍ പര്‍വതത്തിലെ ആ ക്ലേശപൂര്‍ണ്ണമായ ദിവസത്തിനു ശേഷം അദ്ദേഹം ശാരീരികമായി ശക്തിയറ്റവനായി തീര്‍ന്നു. പ്രവാചകന്‍ നഷ്ടധൈര്യനായി ചൂരല്‍ ചെടിയുടെ കീഴിലിരുന്നപ്പോള്‍ ദൈവം അദ്ദേഹത്തോട് ഒരു പ്രസംഗം ചെയ്കയല്ല ഉണ്ടായത്. നേരേമറിച്ചു ദൈവം ഒരു ദൂതനെ ഭക്ഷ്യ പാനീയങ്ങളുമായി അദ്ദേഹത്തിന്റെ അടുക്കല്‍ അയച്ചു. ഏലിയാവു തിന്നു കുടിച്ച ശേഷം കിടന്നുറങ്ങി. അദ്ദേഹം ഉണര്‍ന്നപ്പോള്‍ ദൈവം അദ്ദേഹത്തിനു കുറേക്കൂടി ഭക്ഷണ പാനീയങ്ങള്‍ നല്‍കി (1 രാജാ. 19:1-8). ഏലിയാവ് ക്ഷീണിച്ചു തളര്‍ന്ന നിലയിലാണെന്നു ദൈവത്തിന് അറിയാമായിരുന്നു. അദ്ദേഹത്തിനാവശ്യമായതു പ്രബോധനല്ല, പോഷണം നല്‍കുന്ന ആഹാരമായിരുന്നു. നമുക്കും ചില സമയത്ത് അതു തന്നെയാണ് വേണ്ടത്. നീണ്ട ഒരു പ്രസംഗമല്ല, പിന്നെയോ നല്ല ഭക്ഷണവും വിശ്രമവുമാണ് അപ്പോള്‍ നമുക്കാവശ്യം.

ചില ക്രിസ്ത്യാനികള്‍ തങ്ങളുടെ ശരീരത്തിന്റെ നേരേ അതിരു കടന്ന ഒരാത്മീയ നിലപാട് സ്വീകരിച്ചു കൊണ്ട് ”ഞാന്‍ ദൈവത്തിനായി എരിഞ്ഞു തീരുവാനാഗ്രഹിക്കുന്നു” എന്നു പറയാറുണ്ട്. അവര്‍ പോയി ദൈവത്തിനു വേണ്ടിയുള്ള തങ്ങളുടെ സേവനം ആഴ്ചയിലെ ഏഴു ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടും നിര്‍വഹിക്കുന്നു. ഫലമോ, അവര്‍ ക്ഷീണിതരും നിരാശാ ബാധിതരുമായി തീരുന്നു. അവരുടെ പ്രവര്‍ത്തനം കേവലം ദേഹീപരമാണ്. അവരുടെ നൈരാശ്യത്തിന് ആത്മീയമായ കാരണമല്ല, ശാരീരികമായ കാരണമാണുള്ളത്. കര്‍ത്താവ് അത്തരക്കാരോട് ”നിങ്ങള്‍ ഒരേകാന്ത സ്ഥലത്തു വച്ചു വന്ന് അല്പം ആശ്വസിച്ചു കൊള്‍വിന്‍” എന്നു പറയേണ്ടിയിരിക്കുന്നു (മര്‍ക്കൊ. 6:31).

ഒരിക്കല്‍ യേശു ഒരു പടകില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ അവിടുന്നു കിടന്നുറങ്ങിയതായി നാം വായിക്കുന്നു. വ്യക്തമായും അവിടുന്നു ക്ഷീണിതനായിരുന്നു. താന്‍ കിടന്നുറങ്ങിയതായി ആളുകള്‍ കാണുന്നതില്‍ അവിടുന്നു ലജ്ജിച്ചില്ല. അവിടുന്നു വിശപ്പും ദാഹവും ബാധിച്ചവനായി തീര്‍ന്ന സമയങ്ങള്‍ ഉണ്ടായിരുന്നു. ആ വസ്തുത സമ്മതിക്കുവാന്‍ അവിടേക്കു മടിയുണ്ടായിരുന്നില്ല. തന്റെ ശാരീരിക ആവശ്യങ്ങളെപ്പറ്റി അദ്ദേഹം ലജ്ജിതനായിത്തീര്‍ന്നില്ല. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരമാണ്. നാം അതിനെ സൂക്ഷിക്കേണ്ടത് ആവശ്യമാണ്.

നമ്മുടെ ശരീരങ്ങള്‍ക്ക് ആവശ്യമായതെല്ലാം നല്‍കുവാന്‍ ദൈവം സന്നദ്ധനാണ്. നമ്മുടെ ഭൗമിക ജീവിതത്തില്‍ നമുക്കു ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ആവശ്യമാണെന്ന് അവിടുന്ന് അറിയുന്നുണ്ട്. നിങ്ങള്‍ക്കു സ്വന്തമായൊരു വീടുണ്ടാകേണ്ടത് ഉചിതമെന്ന് അവിടുന്നു കരുതിയിട്ടുണ്ടെങ്കില്‍ ഒരു വീടു വാടകയ്‌ക്കെടുക്കുവാന്‍ നിങ്ങള്‍ക്കു കഴിവു നല്‍കുമെന്നതു തീര്‍ച്ചയാണ്. യിസ്രായേല്‍ക്കാര്‍ക്കു മരുഭൂമിയില്‍ ഒരു വിശ്രമ സ്ഥലം അന്വേഷിച്ചവന്‍ നിങ്ങള്‍ക്കു വേണ്ടിയും അപ്രകാരമൊരു സ്ഥലം കണ്ടെത്തും (സംഖ്യ. 10:33). നാം ദൈവത്തോട് ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത അനാത്മീയ കാര്യങ്ങളാണ് ഇവയെന്നു നാം ചിന്തിക്കരുത്.

ആളുകള്‍ക്ക് ഉണ്ടായിരുന്ന തെറ്റായ ധാരണകളെ തിരുത്തുന്നതിനു വേണ്ടിയാണ് യേശു ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള അപേക്ഷയ്ക്ക് ഈ പ്രാര്‍ത്ഥനയിലെ ഒടുവിലത്തെ മൂന്ന് അപേക്ഷകളില്‍ പ്രഥമ സ്ഥാനം നല്‍കിയത്.

നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടിയുള്ള ദൈവത്തിന്റെ കരുതല്‍

”ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം ഇന്നു തരണമേ” എന്ന ഈ അപേക്ഷയില്‍ നമ്മുടെ എല്ലാ ഭൗതിക ആവശ്യങ്ങളും സംക്ഷേപിക്കപ്പെട്ടിരിക്കുന്നു. ”എനിക്കൊരു ജോലി നല്‍കണമേ, എനിക്കു പാര്‍ക്കുവാന്‍ ഒരു വീടു നല്‍കണമേ, എനിക്കും കുടുംബത്തിനും ധരിക്കുവാനുള്ള വസ്ത്രം തരണമേ, എന്റെ കുട്ടികള്‍ക്ക് ഒരിക്കല്‍ തങ്ങളുടെ പ്രതിദിനാഹാരം നേടേണ്ടി വരുന്നതിനാല്‍ അവര്‍ക്കാവശ്യമായ വിദ്യാഭ്യാസം നല്‍കണമേ” എന്നീ കാര്യങ്ങളെല്ലാം ഈ അപേക്ഷയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ഈ കാര്യങ്ങളിലെല്ലാം ദൈവം തല്‍പരനാണ്. നാം ദൈവരാജ്യത്തെ ഒന്നാമതായി അന്വേഷിക്കുന്നുവെങ്കില്‍ ഇവയെല്ലാം നമുക്കു നല്‍കപ്പെടും.

ഭക്ഷണം, വസ്ത്രം, ജോലി, വീട്, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളെപ്പറ്റിയെല്ലാം നാം വളരെ വ്യാകുല ചിത്തരായി തീരുന്നത് എന്തുകൊണ്ടാണെന്നു നിങ്ങള്‍ക്കറിയാമോ? ഈ ഭൗതിക കാര്യങ്ങള്‍ നമുക്കു നല്‍കി സഹായിക്കുന്നതില്‍ ദൈവം യഥാര്‍ത്ഥത്തില്‍ തല്‍പരനല്ല എന്ന് ഒരു തോന്നല്‍ നമ്മുടെ ഹൃദയത്തിന്റെ അടിത്തട്ടില്‍ കുടികൊള്ളുന്നതാണ് അതിന്റെ കാരണം. നമ്മുടെ ആത്മീയ നന്മയില്‍ മാത്രമേ ദൈവത്തിനു താല്‍പര്യമുള്ളു എന്നാണ് നാം ചിന്തിക്കുന്നത്.

നമ്മുടെ ആത്മാവ്, ദേഹി, ദേഹം എന്നീ എല്ലാ അംശങ്ങളിലും ദൈവം താല്‍പര്യമുള്ളവനാണ് എന്ന സത്യം പരിശുദ്ധാത്മാവ് നമ്മെ ബോധ്യപ്പെടുത്തേണ്ടത് എത്ര ആവശ്യം! നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടി നാം തന്നോടപേക്ഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു. നാം ഒരിക്കലും വ്യാകുല ചിത്തരാകുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ”ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. എല്ലാറ്റിലും പ്രാര്‍ത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങള്‍ സ്‌തോത്രത്തോടു കൂടെ ദൈവത്തെ അറിയിക്കയത്രേ വേണ്ടത്” എന്നു തിരുവചനം പറയുന്നത് (ഫിലി. 4:6).

ഭൂമിയിലുള്ള ഒരു ഗൃഹനായകന്‍ തന്റെ ചുറ്റുമുള്ള എല്ലാവരുടെയും ഭൗതിക ആവശ്യങ്ങള്‍ സാധിച്ചു കൊടുപ്പാന്‍ കടപ്പെട്ടവനല്ല. എന്നാല്‍ തന്റെ കുടുംബത്തിന്റെ ഭൗതിക ആവശ്യങ്ങള്‍ സാധിച്ചു കൊടുപ്പാനുള്ള കടപ്പാട് അയാള്‍ക്കുണ്ട്. ദൈവമാകട്ടെ, പക്ഷികള്‍ക്കു പോലും ആഹാരം കൊടുക്കുന്നവനും അത്രയധികം നന്മ നിറഞ്ഞവനുമാണ്. അങ്ങനെയെങ്കില്‍ സ്വന്ത മക്കളുടെ ആവശ്യങ്ങളെ അവിടുന്ന് എത്രയധികമായി സാധിച്ചു കൊടുക്കും!

ഒരിക്കല്‍ ഒരു കനാന്യ സ്ത്രീ വന്നു തന്റെ മകളെ സൗഖ്യമാക്കണമെന്നു യേശുവിനോടപേക്ഷിച്ചപ്പോള്‍ ”മുമ്പേ മക്കള്‍ക്കു തൃപ്തി വരട്ടെ” എന്നു കര്‍ത്താവ് അവളോടു പറയുകയുണ്ടായി. അവളാകട്ടെ, മേശമേല്‍ നിന്നു വീഴുന്ന അപ്പ നുറുക്കുകള്‍ കൊണ്ടു മാത്രം താന്‍ തൃപ്തിപ്പെടുമെന്നു കര്‍ത്താവിനോടു മറുപടി പറഞ്ഞു. തല്‍ഫലമായി അവളുടെ മകള്‍ക്കു പൂര്‍ണ്ണ സൗഖ്യം സിദ്ധിച്ചു. ഇതിനെപ്പറ്റി ചിന്തിക്കുക. ദുരാത്മാവു ബാധിച്ച അവസ്ഥയില്‍ നിന്നു വിടുവിക്കുവാന്‍ നുറുക്കുകള്‍ മാത്രം മതിയായിരുന്നു. ആ സ്ഥിതിക്കു ദൈവമക്കളായ നമുക്ക് ഒരു മുഴുവന്‍ അപ്പക്കഷണം കൊണ്ട് എത്രയധികം തൃപ്തി വരുമെന്നു ചിന്തിക്കുക. ”മുമ്പേ മക്കള്‍ക്കു തൃപ്തി വരട്ടെ” എന്നാണ് കര്‍ത്താവു പറഞ്ഞതെന്നു നാമോര്‍ക്കണം. ”പിതാവേ, ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം തരണമേ” എന്നു നമുക്കു ധൈര്യപൂര്‍വ്വം പ്രാര്‍ത്ഥിക്കാം.

ദൈവത്തിന്റെ കരുതലില്‍ സംതൃപ്തി

ഇവിടെ ആഡംബരങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കുവാന്‍ യേശു പഠിപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധിക്കുക. ”പിതാവേ, ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ഐസ്‌ക്രീം തരണമേ” എന്നു നാം പ്രാര്‍ത്ഥിക്കുന്നില്ല. ദിനംപ്രതിയുള്ള ആഹാരത്തിനു വേണ്ടി മാത്രമേ നാം അപേക്ഷിക്കുന്നുള്ളു. ദൈവത്തിന്റെ വാഗ്ദാനം ഇപ്രകാരമാണ്. ”എന്റെ ദൈവമോ നിങ്ങളുടെ ആവശ്യങ്ങള്‍ ഒക്കെയും… തീര്‍ത്തു തരും” (ഫിലി. 4:9). നാം ആഗ്രഹിക്കുന്നതെല്ലാം അല്ല, നമ്മുടെ ആവശ്യങ്ങള്‍ എല്ലാം തന്നെ കര്‍ത്താവു നല്‍കും. നിങ്ങള്‍ക്ക് ഒരു കാര്‍ ലഭിക്കണമെന്ന് ആഗ്രഹമുണ്ടാവാം. എന്നാല്‍ നിങ്ങള്‍ക്ക് അതിന്റെ ആവശ്യമില്ല എന്നു മനസ്സിലാക്കിയിട്ടു ദൈവം അതു നിങ്ങള്‍ക്കു നല്‍കാതിരുന്നേക്കാം. മറ്റൊരാള്‍ക്ക് അതിന്റെ ആവശ്യമുണ്ടെങ്കില്‍ അയാള്‍ക്ക് അതു നല്‍കിയെന്നും വരാം. നിങ്ങള്‍ അയാളോട് അസൂയപ്പെടുകയോ ദൈവത്തിനെതിരായി പിറുപിറുക്കുകയോ ചെയ്യേണ്ടതില്ല. ഉള്ളതു കൊണ്ടു സംതൃപ്തനായി തീരുക. ആഡംബരങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കരുത്. ദൈവം ചില ആഡംബരങ്ങള്‍ നമുക്കു നല്‍കുന്ന പക്ഷം അതു നാം സ്വീകരിച്ച് അവിടുത്തെ മഹത്വത്തിനായി അത് ഉപയോഗിച്ചു കൊള്ളണം. എന്നാല്‍ ദൈവം അപ്രകാരമുള്ളതൊന്നും നല്‍കുന്നില്ലെങ്കില്‍ നാം അപ്പോഴും ദൈവത്തെ സ്തുതിക്കയാണ് വേണ്ടത്.

നാം നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുത്. നമുക്ക് ഏറ്റവും നല്ലതെന്തെന്നു ദൈവം അറിയുന്നു. നാം അവിടുത്തോട് അപ്പം ചോദിച്ചാല്‍ അവിടുന്നു കല്ലു തരികയില്ല. അപ്പം തന്നെ തരും.

ദൈവം നല്‍കിയിട്ടുള്ളതില്‍ സംതൃപ്തനായി തീരുക. പൗലൊസിന്റെ ജീവിത രഹസ്യങ്ങളിലൊന്നു പൂര്‍ണ്ണ സംതൃപ്തിയായിരുന്നു. ഫിലിപ്യര്‍ 4:11ല്‍ ”ഉള്ള അവസ്ഥയില്‍ അലംഭാവത്തോടിരിപ്പാന്‍ ഞാന്‍ പഠിച്ചിട്ടുണ്ട്” എന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതു നോക്കുക.

ദിനംപ്രതിയുള്ള ആവശ്യങ്ങള്‍

”ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം ഇന്നു ഞങ്ങള്‍ക്കു തരണമേ” എന്നാണ് പ്രാര്‍ത്ഥന. ദൈവം അനേക ദിവസങ്ങളിലേക്കുള്ള ആഹാരം ഒരുമിച്ചു നമുക്കു നല്‍കിയെന്നു വരാം. എന്നാല്‍ ഒരൊറ്റ ദിവസത്തെ ഭൗതിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് ഇവിടെയുള്ള പ്രാര്‍ത്ഥന. നാളെ നടക്കുവാന്‍ പോകുന്ന കാര്യത്തെക്കുറിച്ചു പോലും വ്യാകുലപ്പെടരുതെന്നു യേശു നമ്മോടു പറഞ്ഞിട്ടുണ്ട്. ഭാവിയെപ്പറ്റി നാം വ്യാകുലപ്പെടുവാന്‍ ദൈവം ആഗ്രഹിക്കുന്നില്ല. ഓരോ ദിവസവും നാം ദൈവത്തില്‍ ആശ്രയം വയ്‌ക്കേണ്ടതാണ്.

മരുഭൂമിയില്‍ വച്ച് ദൈവം അത്ഭുതകരമായ വിധത്തില്‍ ഈ പാഠം യിസ്രായേല്‍ മക്കളെ പഠിപ്പിച്ചു. ഓരോ പ്രഭാതത്തിലും അവര്‍ പോയി അന്നന്നത്തേക്കുള്ള മന്നാ ശേഖരിക്കേണ്ടിയിരുന്നു. പല ദിവസങ്ങളിലേക്കുള്ളത് ഒരുമിച്ചു ശേഖരിക്കുവാന്‍ അവര്‍ക്കു സാധ്യമായിരുന്നില്ല. ഓരോ ദിവസവും അവര്‍ ദൈവത്തില്‍ ആശ്രയിക്കേണ്ടി വന്നു. ഇത് ഒരു ക്ലേശമായിരുന്നു എന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? അതു ക്ലേശമായിരുന്നില്ല എന്ന കാര്യം എനിക്കു തീര്‍ച്ചയുണ്ട്. അത് അവേശജനകമായ ഒരനുഭവം ആയിരുന്നു.

ദൈവം നമുക്ക് ആവശ്യത്തിലധികം ഒരുമിച്ചു നല്‍കുന്ന പക്ഷം നമ്മുടെ ഹൃദയങ്ങള്‍ ദൈവത്തില്‍ നിന്ന് അകന്നു പോകും. അതിനാല്‍ എപ്പോഴും എന്തെങ്കിലും ചില ആവശ്യങ്ങള്‍ ഭൗതിക തലത്തില്‍ ഉയര്‍ന്നു വരുമാറ് ദൈവം നമ്മുടെ സാഹചര്യങ്ങളെ ക്രമീകരിക്കുന്നു. കാരണം, ഭൗതിക കാര്യങ്ങള്‍ ആത്മീയ കാര്യങ്ങളെക്കാള്‍ വളരെയധികം നമ്മെ സ്പര്‍ശിക്കുന്നു. ഈ ആവശ്യങ്ങള്‍ നമുക്കുണ്ടാകുവാന്‍ ദൈവം അനുവദിക്കുന്നത് നാം വീണ്ടും വീണ്ടും തങ്കലേക്കു തിരിയുന്നതിനു വേണ്ടിയാണ്. ആ വിധത്തില്‍ ദൈവത്തിലുള്ള നിരന്തര ആശ്രയം എന്ന പാഠം നാം പഠിക്കുന്നു.

മന്ന ആകാശത്തില്‍ നിന്നു വിണുകൊണ്ടിരുന്നെങ്കിലും അതു നേരെ അവരുടെ വായിലേക്കു വന്നു വീഴുവാന്‍ ദൈവം അനുവദിച്ചില്ല. അതിരാവിലെ തന്നേ യിസ്രായേല്‍ മക്കള്‍ പോയി അതു ശേഖരിക്കേണ്ടത് ആവശ്യമായിരുന്നു. മടിയനായ ഒരുവന് ഒന്നും ലഭിക്കാതെ വരാന്‍ ഇടയുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കു ദിനംപ്രതിയുള്ള ആഹാരം നല്‍കണമേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ നാം ഒരു ജോലിയും ചെയ്യാതെ നമ്മുടെ ആവശ്യങ്ങള്‍ നിറവേറുമാറ് ഒരത്ഭുതം ദൈവം പ്രവര്‍ത്തിക്കണമേ എന്ന് അപേക്ഷിക്കുകയല്ല നാം ചെയ്യുന്നത്. ”വേല ചെയ്യുവാന്‍ മനസ്സില്ലാത്തവന്‍ തിന്നുകയുമരുത്” എന്നു ദൈവവചനം പറയുന്നു (2 തെസ്സ. 3:10). ദൈവം പക്ഷികളെ പോറ്റുന്നതായി യേശു പറയുന്നു. എന്നാല്‍ ദൈവം പക്ഷികളുടെ വായിലേക്കു ഭക്ഷണം ഇട്ടു കൊടുക്കുന്നില്ല. അവ പോയി ഭക്ഷണം തേടി പിടിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ നാം കഠിനാധ്വാനം ചെയ്യണമെന്നും ദൈവത്തില്‍ ശരണപ്പെടണമെന്നും ദൈവം പ്രതീക്ഷിക്കുന്നു. വിശ്വാസം കഠിനാധ്വാനത്തിനു പകരമുള്ളതല്ല.

ദൈവഹിതം ചെയ്യുവാനാവശ്യമായ ആരോഗ്യം

”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്ന മുന്‍ അപേക്ഷയുമായി ബന്ധപ്പെട്ടതാണ് ഈ അപേക്ഷ. നാം ദൈവഹിതം ചെയ്യുവാന്‍ പ്രാപ്തരാകേണ്ടതിനു ശാരീരികാരോഗ്യം നമുക്കു നല്‍കണമേ എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്.

രോഗികളായ ആളുകള്‍ തങ്ങളുടെ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് എന്നോടാവശ്യപ്പെട്ടിട്ടുള്ള സന്ദര്‍ഭങ്ങളില്‍ ഈ ചിന്ത എന്റെ മനസ്സില്‍ വന്നിട്ടുണ്ട്. ”ദൈവത്തെ സേവിക്കുന്നതിന് ആവശ്യമായ ബലം ലഭിക്കുവാനായിട്ടാണോ ഈ വ്യക്തി ആരോഗ്യം ആഗ്രഹിക്കുന്നത്? അതോ അയാള്‍ തനിക്കു വേണ്ടിത്തന്നെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്നുവോ? അയാള്‍ ലോകത്തിനു വേണ്ടി ജീവിക്കുവാനായി അയാളെ സൗഖ്യമാക്കുവാന്‍ നാം പ്രാര്‍ത്ഥിക്കേണ്ടതുണ്ടോ?” നാം നമ്മുടെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം തന്നെ ചെയ്യേണ്ടതിലേക്കാണ് നമ്മുടെ ഭൗതിക ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുവാന്‍ യേശു നമ്മെ പഠിപ്പിച്ചത്.

ഒരു കുടുംബ പ്രാര്‍ത്ഥന

”എനിക്കു തരണമേ” എന്നല്ല ”ഞങ്ങള്‍ക്കു തരണമേ” എന്നാണ് ഇവിടെയുള്ള പ്രാര്‍ത്ഥന എന്ന കാര്യം നാമോര്‍ക്കണം.

ജീവിതത്തില്‍ ദൈവത്തെ ഒന്നാമതായി കരുതുന്ന ഒരാള്‍ക്കു തന്നെത്തന്നെ രണ്ടാമതായി കരുതുവാന്‍ സാധ്യമല്ല. ഒരു പിതാവിന്റെ മേശയ്ക്കു ചുറ്റും ഇരിക്കുന്ന മക്കളാണ് നാം. ഭക്ഷണ പാത്രങ്ങള്‍ മുഴുവന്‍ തങ്ങള്‍ക്കായി പിടിച്ചെടുക്കുന്നവരും മേശയ്ക്കു ചുറ്റുമിരിക്കുന്ന മറ്റുള്ളവര്‍ക്ക് ആവശ്യത്തിനു ലഭിക്കുന്നുണ്ടോ എന്നു ചിന്തിക്കാത്തവരുമായ സ്വാര്‍ത്ഥമതികളുമായ മക്കള്‍ തന്റെ മേശയില്‍ ഉണ്ടാകണെന്നു പിതാവ് ആഗ്രഹിക്കുന്നില്ല. അത്തരം പെരുമാറ്റം മാനസാന്തരപ്പെടാത്തവര്‍ക്കു പോലും ഹീനമാണ്. ആ നിലയ്ക്ക് ഒരു ക്രിസ്ത്യാനിക്ക് എത്രയധികം?

താന്‍ ജനങ്ങളെ ന്യായം വിധിക്കുവാന്‍ തന്റെ സിംഹസനത്തില്‍ ഇരിക്കുന്ന ന്യായവിധി നാളിനെപ്പറ്റി യേശു പറഞ്ഞ കാര്യം ഓര്‍ക്കുക. ”എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷണം തന്നില്ല. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല. ഞാന്‍ രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണാന്‍ വന്നില്ല” എന്നു കര്‍ത്താവു പറയും. അപ്പോള്‍ അവര്‍ ചോദിക്കും. ”കര്‍ത്താവേ, അതെപ്പോഴായിരുന്നു? അങ്ങയെ ഒരിക്കലും വിശുപ്പുള്ളവനായോ നഗ്നനായോ രോഗിയായോ ഞങ്ങള്‍ കാണാനിടയായില്ലല്ലോ?” അപ്പോള്‍ കര്‍ത്താവു പറയും, ”വീണ്ടും ജനനം പ്രാപിച്ചവരില്‍ ഞാന്‍ വസിക്കുന്നു. എന്റെ ആ സഹോദരന്‍ ആവശ്യത്തിലായിരുന്നപ്പോള്‍ ഞാനാണ് അപ്രകാരമായിരുന്നതെന്നു നീ മനസ്സിലാക്കിയില്ല. ഞാനാണ് വിശുപ്പുള്ളവനും നഗ്നനുമായിരുന്നത്” (മത്താ. 25:31-46 പരാവര്‍ത്തനം).

സ്വര്‍ഗ്ഗവും നരകവും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസങ്ങളില്‍ ഒന്നാണിത്. നരകം പാപം കൊണ്ട്, സ്വാര്‍ത്ഥ നിഷ്ഠത കൊണ്ടു നിറഞ്ഞതാണ്. അവിടെ ഓരോ മനുഷ്യനും തനിക്കുവേണ്ടി തന്നെ ജീവിക്കുന്നു. ദൈവത്തിനോ മറ്റുള്ളവര്‍ക്കോ അവന്റെ ജിവിതത്തില്‍ സ്ഥാനമില്ല. സ്വര്‍ഗ്ഗത്തില്‍ കാര്യം നേരെ മറിച്ചാണ്. ദൈവം ഒന്നാമത്, മറ്റുള്ളവര്‍ രണ്ടാമതും.

സ്വര്‍ഗ്ഗ നരകങ്ങളെക്കുറിച്ച് ഉപമാ രൂപത്തിലുള്ള ഒരു സ്വപ്നം കണ്ട ഒരു മനുഷ്യന്റെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. അയാള്‍ ആദ്യം നരകത്തില്‍ പോയി. അവിടെ എല്ലാവരും ഒരു മേശയ്ക്കു ചുറ്റുമായി ധാരാളം രുചികരമായ ഭക്ഷണം മുന്‍പില്‍ വച്ചുകൊണ്ട് ഇരുന്നിരുന്നു. എങ്കിലും അവരെല്ലാം മെലിഞ്ഞവരും രോഗികളും ദുഃഖാര്‍ത്തരുമായിരുന്നു. അവര്‍ക്കെല്ലാവര്‍ക്കും നാലടി വീതം നീളമുള്ള ഓരോ സ്പൂണ്‍ അവരുടെ കൈകളോടു ചേര്‍ത്തു കെട്ടിയിരുന്നതിനാല്‍ അവര്‍ക്കാര്‍ക്കും ഭക്ഷണം കഴിക്കുവാന്‍ സാധ്യമായിരുന്നില്ല എന്ന് അദ്ദേഹം മനസ്സിലാക്കി. നാലടി നീളമുള്ള ഒരു സ്പൂണ്‍ നിങ്ങളുടെ കൈയില്‍ വച്ചു കെട്ടിയിരിക്കുമ്പോള്‍ നിങ്ങള്‍ക്കാര്‍ക്കു ഭക്ഷണം കഴിക്കുവാന്‍ സാധ്യമല്ലല്ലോ.

അനന്തരം ഈ മനുഷ്യന്‍ തന്റെ സ്വപ്നത്തില്‍ സ്വര്‍ഗ്ഗത്തിലെത്തി. അവിടെയും ഇതുപോലെ രുചികരമായ ഭക്ഷണം മേശമേല്‍ വിളമ്പിയിരുന്നു. അവിടെയും മേശയ്ക്കു ചുറ്റുമിരുന്ന ആളുകള്‍ക്ക് ഇതേ നാലടി നീളമുള്ള സ്പൂണ്‍ കൈകളോടു ചേര്‍ത്തു കെട്ടിയിരുന്നു. എന്നാല്‍ ഇവിടെ അവരെല്ലാവരും ആരോഗ്യപൂര്‍ണ്ണരും ബലിഷ്ഠരുമായിരുന്നു. ”നിങ്ങള്‍ എല്ലാവരും ഇത്ര ആരോഗ്യപൂര്‍ണ്ണരും ബലിഷ്ഠരുമായിരിക്കുന്നതെങ്ങനെ?” എന്ന് അദ്ദേഹം ഒരുത്തനോടു ചോദിച്ചു. അയാള്‍ പറഞ്ഞു. ”എനിക്കാവശ്യമായ ഭക്ഷണം സ്വയം കഴിക്കുവാന്‍ എനിക്കു സാധ്യമല്ല എന്നു ഞാന്‍ മനസ്സിലാക്കുന്നു. അതു നിമിത്തം ഞാന്‍ കൈ നീട്ടി മേശമേല്‍ അല്പമകലെയിരിക്കുന്ന ഒരാള്‍ക്കു ഭക്ഷണം കോരി കൊടുക്കുന്നു. അതുപോലെ എന്റെ മുമ്പിലിരിക്കുന്ന മറ്റൊരാള്‍ എനിക്കും ഭക്ഷണം തരുന്നു. ഇങ്ങനെ ഞങ്ങള്‍ക്കെല്ലാം വേണ്ടുവോളം ഭക്ഷിക്കുവാന്‍ സാധിക്കുന്നു.”

അനന്തരം ഈ മനുഷ്യന്‍ തിരിയെ നരകത്തില്‍ പോയി അവിടെയുള്ളവരോടു പറഞ്ഞു. ”നിങ്ങള്‍ക്കെല്ലാവര്‍ക്കും ഭക്ഷിപ്പാന്‍ സാധിക്കുന്ന മാര്‍ഗ്ഗം ഇതാണ്. നിങ്ങള്‍ ഓരോരുത്തന്‍ മറ്റൊരാളെ നിങ്ങളുടെ പാത്രത്തില്‍ നിന്നു ഭക്ഷിക്കുവാന്‍ അനുവദിക്കണം. അല്പം അകലെയിരിക്കുന്ന ഒരാള്‍ക്കു നിങ്ങളുടെ പാത്രത്തില്‍ നിന്നു ഭക്ഷണം നല്‍കണം.” അതു കേട്ടപ്പോള്‍ അവരെല്ലാവരും പറഞ്ഞത് ഒരേ ഉത്തരമായിരുന്നു. ”എന്റെ പാത്രത്തില്‍ നിന്നും മറ്റാരും ഭക്ഷിക്കുവാന്‍ ഞാന്‍ അനുവദിക്കുകയില്ല. കാരണം, മറ്റൊരാള്‍ തന്റെ പാത്രത്തില്‍ നിന്ന് എനിക്കു ഭക്ഷണം തരുമെന്നുള്ളതിന് എന്താണുറപ്പ്?”

ഇപ്രകാരം ‘പുല്‍ത്തൊട്ടിയിലെ നായ്’ എന്ന പഴമൊഴി പ്രകാരമുള്ള സ്വാര്‍ത്ഥതയാണ് നരകത്തിന്റെ പ്രത്യേകത. അന്തിമമായി അവിടേക്കു പോകുന്നവരെല്ലാം ആ മനോഭാവമുള്ളവരാണ്. അവര്‍ക്കെല്ലാം താല്‍പര്യമുള്ളത് തങ്ങളുടെ ദിനംപ്രതിയുള്ള ആഹാരത്തില്‍ മാത്രമാണ്.

ക്രിസ്തുവിലുള്ള നിങ്ങളുടെ സഹോദരീ സഹോദരന്മാരെ കുറിച്ചുള്ള ഒരു കരുതല്‍ നിങ്ങള്‍ക്കില്ലെങ്കില്‍ നിങ്ങളുടെ പ്രതിദിന ആഹാരത്തിനു വേണ്ടിയുള്ള ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.

അബ്രഹാമിന്റെ ജീവിതത്തില്‍ തനിക്കു സാറായിലൂടെ ഒരു മകനെ ലഭിക്കുവാന്‍ ഇരുപത്തിയഞ്ചു വര്‍ഷം കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. അദ്ദേഹത്തിന് അന്നുവരെയും ആ മകനെ ലഭിച്ചിരുന്നില്ല. അദ്ദേഹം വീണ്ടും വീണ്ടും വീണ്ടും അതിനായി പ്രാര്‍ത്ഥിച്ചിരുന്നു. പക്ഷേ ഒരു മറുപടിയും ലഭിച്ചില്ല. അനന്തരം അദ്ദേഹം ഗെരാര്‍ ദേശത്തായിരുന്നപ്പോള്‍ അവിടെയുള്ള ആളുകളുടെ ഭാര്യമാര്‍ വന്ധ്യകളായിരിക്കുമാറ് ദൈവം അവരെ ശിക്ഷിച്ചിരുന്നതായി അദ്ദേഹം മനസ്സിലാക്കുന്നു. ദൈവം അവര്‍ക്കു വേഗത്തില്‍ മക്കളെ കൊടുക്കുവാനായി അബ്രഹാം പ്രാര്‍ത്ഥിച്ചു (ഉല്‍പത്തി 20:17). തന്റെ ഭാര്യയ്ക്കു വേണ്ടിയുള്ള അബ്രഹാമിന്റെ പ്രാര്‍ത്ഥന അന്നും ഫലിച്ചിരുന്നില്ലെന്നു നാമോര്‍ക്കണം. മച്ചികളായിരുന്ന ആ സ്ത്രീകള്‍ക്കു ദൈവം അബ്രഹാമിന്റെ പ്രാര്‍ത്ഥന കേട്ടു മക്കളെ നല്‍കി. എന്നാല്‍ ദൈവം അവിടം കൊണ്ടു മതിയാക്കിയോ? ഇല്ല. അതേ സമയം തന്നെ ദൈവം സാറായ്ക്കും വാഗ്ദത്ത സന്തതിയെ നല്‍കി (ഉല്‍പത്തി 21:1). അബ്രഹാം മറ്റുള്ളവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അദ്ദേഹത്തിന്റെ ആവശ്യവും നിറവേറ്റി.

ആദ്യം ദൈവത്തെക്കുറിച്ചും അടുത്തതായി മറ്റുള്ളവരെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്കു ദൈവത്തിന്റെ പരമോന്നത നന്മ ലഭിക്കുന്നു. ഇയ്യോബ് തന്റെ സ്‌നേഹിതര്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവം അദ്ദേഹത്തിനു തന്റെ സമ്പത്തുക്കള്‍ എല്ലാം തിരിച്ചു നല്‍കി (ഇയ്യോബ് 42:10). ഇതാണ് ദൈവത്തിന്റെ വഴി.

നമ്മുടെ ഭൗതിക ആവശ്യങ്ങളെക്കുറിച്ചുള്ള ഈ അപേക്ഷ മറ്റു രണ്ടപേക്ഷകള്‍ക്കിടയിലായിട്ടാണ് വച്ചിട്ടുള്ളത്. അതിന്റെ ഒരു വശത്ത് ”നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ” എന്ന അപേക്ഷയും മറുവശത്ത് ”ഞങ്ങളോടു പാപം ചെയ്തവരോടു ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ” എന്ന അപേക്ഷയും കാണുന്നു. നിങ്ങള്‍ ദൈവഹിതം ചെയ്യുവാനും നിങ്ങളോടു ദോഷം ചെയ്തവരോടു ക്ഷമിപ്പാനും താല്‍പര്യമുള്ളവനോ? അതോ ക്രീം ബിസ്‌കറ്റു കിട്ടിയപ്പോള്‍ ബിസ്‌കറ്റുകള്‍ക്കിടയിലുള്ള ക്രീം മാത്രം തിന്നുവാന്‍ ആഗ്രഹിച്ച കുട്ടിയെപ്പോലെ ആണോ നിങ്ങള്‍? പ്രതിദിനാഹരത്തിനു വേണ്ടിയുള്ള അപേക്ഷയ്ക്കു മുമ്പും പിമ്പുമുള്ള അപേക്ഷകള്‍ അഗണ്യമാക്കിയ ശേഷം ഭൗതികാവശ്യങ്ങള്‍ നിറവേറണം എന്നു മാത്രം ആഗ്രഹിക്കുന്ന ഒരുവനാണോ നിങ്ങള്‍?

അങ്ങനെ രണ്ടു വിദൂര കോടികളിലുള്ള രണ്ടു തരം ക്രിസ്ത്യാനികളെ നാം കാണുന്നു. ഒരു ഭാഗത്തു ഭൗതിക ആവശ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതു തെറ്റാണെന്നു ചിന്തിക്കുമാറ് അത്രയധികം ആത്മീയത കാണിക്കുന്ന ഒരു കൂട്ടര്‍. മറുഭാഗത്തു തങ്ങളുടെ ഭൗതികവും ശാരീരികവുമായ ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രം പ്രാര്‍ത്ഥിക്കുന്ന മറ്റൊരു കൂട്ടര്‍.

എന്നാല്‍ യേശു പഠിപ്പിച്ച സമതുലിതമായ ജീവിതം മനസ്സിലാക്കുന്നവര്‍ ഭാഗ്യവാന്മാര്‍ തന്നെ.

അധ്യായം 7 : പാപക്ഷമ

”ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കണമേ.”

പാപം ദൈവത്തോടുള്ള ഒരു കടബാധ്യതയാണ്. ആ പാപം ദൈവത്തിന്റെ നിലവാരത്തില്‍ നിന്നും നാം താണുപോകുന്നതാവാം. അഥവാ ദൈവം അനുവദിച്ചിരിക്കുന്ന അതിര്‍ കടന്നു പോകുന്നതാവാം. രണ്ടായാലും അതൊരു കടം തന്നെ.

മനസ്സാക്ഷിയുടെ വില

ഈ ഭൂമിയിലെ എല്ലാ സൃഷ്ടികളിലും വച്ചു മനുഷ്യര്‍ മാത്രമാണ് തെറ്റായ ഒരു കാര്യം ചെയ്യുമ്പോള്‍ അതേപ്പറ്റി കുറ്റബോധമുള്ളവരായി തീരുന്നത്. ജന്തുക്കളില്‍ നിന്ന് അവനെ വേര്‍തിരിക്കുന്ന ഒരു സവിശേഷതയാണിത്.

ഒരു പട്ടി എന്തെങ്കിലും തെറ്റു ചെയ്താല്‍ അതിന്റെ യജമാനന്‍ അതിനെ കുറ്റബോധം തോന്നുമാറു പരിശീലിപ്പിച്ചിട്ടില്ലെങ്കില്‍ അതിനു കുറ്റബോധം ഉണ്ടാകുന്നില്ല. എന്നാല്‍ മനുഷ്യരെ സംബന്ധിച്ചാണെങ്കില്‍ അവര്‍ വനാന്തരങ്ങളില്‍ വസിച്ചു മതത്തെപ്പറ്റി യാതൊന്നും കേട്ടിട്ടില്ലാത്തവരാകട്ടെ, ആരും വിദ്യ അഭ്യസിപ്പിച്ചിട്ടില്ലാത്തവരാകട്ടെ, ഒരിക്കലും ബൈബിള്‍ കാണാനിടയായിട്ടില്ലാത്തവരാകട്ടെ, അവര്‍ക്കു കുറ്റബോധം ഉണ്ടാകുന്നതായി നിങ്ങള്‍ കാണുന്നു. അവര്‍ തങ്ങളുടെ സ്രഷ്ടാവിനെ ദുഃഖിപ്പിച്ചതായി അവരുടെ മനസ്സാക്ഷി അവരോടു പറയുന്നു. തന്മൂലം ഏതെങ്കിലും വിധത്തില്‍ ആ ദൈവത്തെ പ്രീണിപ്പിക്കുവാന്‍ അവര്‍ ശ്രമിക്കുന്നു. എന്നാല്‍ ഈ വിധത്തിലൊരു മതബോധമുള്ള ഒരു കുരങ്ങിനെയോ പട്ടിയെയോ ഒരിക്കലും നിങ്ങള്‍ക്കു കാണുവാന്‍ കഴിയുകയില്ല.

നമ്മുടെ മനസ്സാക്ഷി ദൈവം നമുക്കു നല്‍കിയിട്ടുള്ള ഏറ്റവും വലിയ ദാനങ്ങളില്‍ ഒന്നാണ്. ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ എന്തെങ്കിലും തകരാറുണ്ടാകുമ്പോള്‍ അതു നമ്മെ താക്കീതു ചെയ്യുന്നു. ശരീരത്തില്‍ എന്തോ തകരാറുണ്ടെന്നു വേദന നമുക്കു താക്കീതു നല്‍കുന്നതു പോലെയാണിത്. അതിനാല്‍ എപ്പോഴും സംവേദന ക്ഷമമായ ഒരു മനസ്സാക്ഷി (a sensitive conscience) പാലിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്.

സത്യസന്ധമായ പാപം ഏറ്റു പറച്ചില്‍

”പിതാവേ, ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ” എന്നു പ്രാര്‍ത്ഥിക്കുന്ന പല ആളുകള്‍ ഉണ്ട്. എങ്കിലും ആദ്യമായി തങ്ങളുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറയാത്ത പക്ഷം നമ്മോടു ക്ഷമിക്കണമേ എന്നപേക്ഷിക്കുവാന്‍ നമുക്കു സാധ്യമല്ല എന്ന കാര്യം അവര്‍ മനസ്സിലാക്കുന്നില്ല. തികഞ്ഞ സത്യസന്ധതയോടെ നമ്മുടെ പാപങ്ങള്‍ നാം ദൈവമുമ്പാകെ സമ്മതിക്കേണ്ടതാണ്.

”തന്റെ അകൃത്യങ്ങളെ മറയ്ക്കുന്നവന്‍ ശുഭപ്പെടുകയില്ല” എന്നു ദൈവവചനം പറയുന്നു (സദൃശ. 28:13). തന്റെ പാപങ്ങളെ മറയ്ക്കുന്ന ഒരുവന്‍ എന്നോടു ക്ഷമിക്കണമേ, ക്ഷമിക്കണമേ, എന്നു പ്രാര്‍ത്ഥിച്ചേക്കാം. എന്നാല്‍ അവനു ക്ഷമ ലഭിക്കുകയില്ല. ആ വാക്യത്തിന്റെ അടുത്ത ഭാഗം ഇപ്രകാരം പറയുന്നു. ”എന്നാല്‍ അവയെ ഏറ്റു പറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.” ബൈബിള്‍ ഇതു കൂടി പറയുന്നു. ”നമ്മുടെ പാപങ്ങളെ ഏറ്റു പറയുന്നു എങ്കില്‍ (ഇതു നമ്മുടെ ഭാഗം) ദൈവം പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു” (ഇതു ദൈവത്തിന്റെ ഭാഗം) (1 യൊഹ. 1:9). നാം നമ്മുടെ ഭാഗം നിറവേറ്റുന്നുണ്ടെങ്കില്‍ ദൈവം തന്റെ ഭാഗം നിറവേറ്റുവാന്‍ തക്കവണ്ണം വിശ്വസ്തനത്രേ.

ആദാം പാപത്തില്‍ വീണകാലം മുതല്‍ തന്നെ മനുഷ്യനു തന്റെ പാപങ്ങളെ ഏറ്റു പറയാതെ അതു മറയ്ക്കുവാനുള്ള ഒരു പ്രവണത ഉണ്ടായിത്തീര്‍ന്നു. ആദാമും ഹവ്വയും പാപം ചെയ്തപ്പോള്‍ അവരുടെ ആദ്യത്തെ പ്രതികരണം എന്തായിരുന്നു? ഉടന്‍ തന്നെ ദൈവത്തിന്റെ അടുക്കലേക്കോടിച്ചെന്ന് ”ദൈവമേ, ഞങ്ങള്‍ പാപം ചെയ്തിരിക്കുന്നു. ചെയ്യരുതെന്ന് അവിടുന്നു പറഞ്ഞ കാര്യം ഞങ്ങള്‍ ചെയ്തുപോയി.” എന്നു പറയുകയാണോ അവര്‍ ചെയ്തത്? അല്ല. അവര്‍ അപ്രകാരം ചെയ്തില്ല. അവര്‍ ദൈവത്തിന്റെ അടുക്കല്‍ നിന്നും ഓടിപ്പോയി ഒളിക്കുവാന്‍ ശ്രമിച്ചു. എന്തൊരു ഭോഷത്തം! സര്‍വ്വശക്തനായ ദൈവത്തില്‍ നിന്നും ഒരു വൃക്ഷത്തിനു മറഞ്ഞ് ഒളിക്കുവാന്‍ ആദമിനും ഹവ്വയ്ക്കും കഴിയുമോ? പാപം തീര്‍ച്ചയായും ഒരുവനെ ഭോഷനാക്കിത്തീര്‍ക്കുന്നു.

മനുഷ്യന്റെ മറ്റൊരു സ്വഭാവ വിശേഷം തന്റെ പാപത്തിന്റെ കുറ്റം മറ്റൊരാളുടെ മേല്‍ ചുമത്തുകയാണ്. ദൈവം ആദാമിന്റെ പാപത്തെ കണ്ടെത്തിയപ്പോള്‍ അവിടുന്നു ചോദിച്ചു. ”നീ ഈ വൃക്ഷഫലം തിന്നുവോ?” എന്തായിരുന്നു ആദാമിന്റെ ഉത്തരം? ആദാം തന്റെ ഭാര്യയെ കുറ്റം ചുമത്തി. അവന്റെ ഭാര്യ പാമ്പിനെയും.

ഈ സ്വഭാവം ആദാം, ഹവ്വ എന്നിവരില്‍ നിന്നു നമുക്കെല്ലാം ലഭിച്ചിരിക്കുന്നു. നാം ചെയ്ത തെറ്റുകള്‍ക്കു നാമല്ല ഉത്തരവാദികള്‍ എന്നവകാശപ്പെട്ടുകൊണ്ടു സ്വയം നീതികരിക്കുവാനാണ് നാം എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ നമ്മെ പാപ കര്‍മ്മത്തില്‍ തന്നെ പിടികൂടിയാല്‍ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ നാം ചെയ്തുപോയി എന്നായിരിക്കും നമ്മുടെ സമാധാനം. നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുന്നതിനു പകരം അതിനെ എങ്ങനെയെങ്കിലും മൂടിവയ്ക്കുവാനാണ് നമ്മുടെ ശ്രമം. അതു നിമിത്തമാണ് ദൈവത്തില്‍ നിന്നും ക്ഷമ ലഭിക്കുവാന്‍ നമുക്കു സാധിക്കാത്തത്.

വെളിച്ചത്തില്‍ നടക്കുക

വെളിച്ചത്തിലേക്കു വരുന്നതിനെപ്പറ്റി യേശു സംസാരിച്ചപ്പോള്‍ അവിടുന്ന് ഇപ്രകാരം പറഞ്ഞു: ”മനുഷ്യരുടെ പ്രവൃത്തികള്‍ ദോഷമുള്ളതാകയാല്‍ അവര്‍ വെളിച്ചത്തെക്കാള്‍ ഇരുളിനെ സ്‌നേഹിച്ചു. തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകയ്ക്കുന്നു. തന്റെ പ്രവൃത്തിക്ക് ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിലേക്കു വരുന്നതുമില്ല. സത്യം പ്രവര്‍ത്തിക്കുന്നവനോ… വെളിച്ചത്തിലേക്കു വരുന്നു” (യോഹ. 3:19-21).

ഇവിടെ പറയുന്ന വ്യത്യാസം ശ്രദ്ധിക്കുക. ഒരു ഭാഗത്തു യേശു പറയുന്നത് തിന്മ പ്രവര്‍ത്തിക്കുന്ന ഏവനും വെളിച്ചത്തെ പകയ്ക്കുന്നു എന്നാണ്. തിന്മയുടെ എതിര്‍വശം നന്മയാകയാല്‍ നന്മ പ്രവര്‍ത്തിക്കുന്ന ഏവനും വെളിച്ചത്തിലേക്കു വരുമെന്നു യേശു പറയുമെന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ അതല്ല അവിടുന്നു പറഞ്ഞത്. സത്യം പ്രവര്‍ത്തിക്കുന്ന ഏവനും വെളിച്ചത്തിലേക്കു വരും എന്നാണ് കര്‍ത്താവു പറഞ്ഞത്.

വ്യത്യാസം നിങ്ങള്‍ ശ്രദ്ധിച്ചുവോ? യേശു നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നത് ആദ്യമായി നന്മയല്ല, മറിച്ച് നേര്, യാഥാര്‍ത്ഥ്യം, അഥവാ സത്യസന്ധതയാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ തിന്മ ചെയ്യുന്ന മനുഷ്യന്‍ വ്യാജം പ്രവര്‍ത്തിക്കുന്നവനാണെന്നത്രേ കര്‍ത്താവു പറഞ്ഞത്. എന്നാല്‍ വെളിച്ചത്തിലേക്കു വരുന്ന മനുഷ്യന്‍ പൂര്‍ണ്ണനാണെങ്കില്‍ മാത്രമേ വെളിച്ചത്തിലേക്കു വരാന്‍ കഴിയൂ എന്നു വന്നാല്‍ നമ്മിലാര്‍ക്കും ഒരിക്കലും അതിലേക്കു വരാന്‍ സാധ്യമല്ല. എന്നാല്‍ ദൈവം സത്യസന്ധരായവരെ തന്റെ അടുക്കലേക്കു ക്ഷണിക്കുന്നു. ഇപ്രകാരം സത്യസന്ധരായവര്‍ ക്രമാനുഗതമായി നല്ലവരായി പരിണമിച്ചു കൊള്ളും.

ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ എന്ന പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ നാം സത്യസന്ധരാകുവാന്‍ തയാറാണെങ്കില്‍ മാത്രമേ നമുക്കു കഴിയൂ. നിങ്ങള്‍ അപൂര്‍ണ്ണനായിരിക്കാം. എന്നാല്‍ നിങ്ങള്‍ സ്വന്തം അപൂര്‍ണ്ണതകളെപ്പറ്റി സത്യസന്ധനാണെങ്കില്‍ ദൈവത്തിന്റെ പ്രകാശത്തിലേക്കു നിങ്ങള്‍ക്കു വരുവാന്‍ കഴിയും. സത്യം പ്രവര്‍ത്തിക്കുന്ന ഏതൊരുവനും വെളിച്ചത്തിലേക്കു വരുവാനും തന്റെ പാപം സമ്മതിപ്പാനും കഴിയും. അപ്പോള്‍ അയാളുടെ പാപങ്ങള്‍ മായിക്കപ്പെടും.

”അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്. അവന്റെ പുത്രനായ യേശുവി ന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു” (1 യോഹ.1:7).

ഈ വാക്യത്തിന്റെ അവസാന ഭാഗം മാത്രം അവകാശപ്പെട്ടു കൊണ്ടു ജീവിക്കുന്ന പലരുണ്ട്. ”അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.” എന്നാല്‍ ആ വാക്യ ഭാഗത്തെ അങ്ങനെ അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുന്നതു ശരിയല്ല. ആ വാക്യത്തിന്റെ ആദ്യത്തെ ഭാഗത്തു പറഞ്ഞിരിക്കുന്ന വ്യവസ്ഥ പാലിക്കുന്നവരെ, അതായത് വെളിച്ചത്തില്‍ നടക്കുന്നവരെ മാത്രമേ യേശുവിന്റെ രക്തം ശുദ്ധീകരിക്കുകയുള്ളു.

ഒരു ദൃഷ്ടാന്തം കൊണ്ട് ഈ കാര്യം വ്യക്തമാക്കാം. എന്റെ ചുറ്റും ഇരുട്ടാണെന്നു സങ്കല്‍പിക്കുക. അപ്പോള്‍ വെളിച്ചത്തിലേക്കു വരിക എന്നു പറഞ്ഞാല്‍ ഞാന്‍ എന്നെത്തന്നെ വെളിപ്പെടുത്തുക (ലഃുീലെ) അഥവാ ദൃശ്യനാക്കി തീര്‍ക്കുക എന്നാണ് അതിന്റെ അര്‍ത്ഥം. അപ്പോള്‍ എന്റെ ഷര്‍ട്ടു ചെളിയുള്ളതാണെങ്കില്‍ അതു മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയും. എന്റെ ഷര്‍ട്ട് ചെളിയുള്ളതാണെന്നു വെളിപ്പെടുത്തുക മാത്രമാണ് വെളിച്ചം ചെയ്യുന്നത്. എന്റെ ഉള്ളില്‍ ഞാന്‍ കാണുന്നതിനെപ്പറ്റി അതിനെ മറയ്ക്കുന്നതിനു പകരം സത്യസന്ധനാകുക എന്നാണ് അതിന്റെ അര്‍ത്ഥം. വെളിച്ചത്തിലേക്കു വരിക എന്നതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥം ഇതത്രേ.

ഇതു നാം വ്യക്തമായി മനസ്സിലാക്കേണ്ടത് ആവശ്യമാണ്. കാരണം, ഇതു ദൈവവുമായുള്ള നമ്മുടെ ബന്ധത്തെ മാത്രമല്ല, നമ്മുടെ സഹജീവികളായ മനുഷ്യരുമായുള്ള ബന്ധത്തെയും ബാധിക്കുന്നു.

ക്രിസ്തീയ മാര്‍ഗ്ഗത്തില്‍ ദൈവത്തോടുള്ള ലംബരൂപമായ (vertical) ഒരു ബന്ധവും സഹ വിശ്വാസികളുമായുള്ള തിരശ്ചീനമായ (horizontal) ഒരു ബന്ധവും ഉണ്ട്. ഇതില്‍ ഒന്നു കൂടാതെ മറ്റേതു ലഭിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങളുടെ സഹവിശ്വാസികളുമായി നിങ്ങള്‍ കൂട്ടായ്മയില്ല എങ്കില്‍ നിങ്ങള്‍ക്കു ദൈവവുമായുള്ള കൂട്ടായ്മയും ഉണ്ടാകുവാന്‍ സാധ്യമല്ല.

”ഞാന്‍ ദൈവത്തെ സ്‌നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകയ്ക്കുകയും ചെയ്യുന്നവന്‍ കള്ളനാകുന്നു (1 യോഹ. 4:20). നിങ്ങള്‍ യഥാര്‍ത്ഥമായി ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ സഹോദരനെയും സ്‌നേഹിക്കും.

ശരിയായ ഒരു തിരശ്ചീന ബന്ധം

ദൈവത്തോടു നാം ചെയ്ത തെറ്റുകള്‍ അവിടുത്തെ മുമ്പില്‍ നാം ഏറ്റു പറയേണ്ടിയിരിക്കുന്നതുപോലെ നമ്മുടെ സഹജീവികളായ മനുഷ്യരുടെ മുമ്പിലും അവരോടും നാം ചെയ്ത തെറ്റായ കാര്യങ്ങള്‍ ഏറ്റു പറയേണ്ടതാണ്. അപ്രകരമുള്ള ഏറ്റു പറച്ചില്‍ കൂടാതെ നമുക്കു ക്ഷമ ലഭിക്കുകയില്ല.

നാം ആരെയെങ്കിലും പണ സംബന്ധമായി കബളിപ്പിച്ചിട്ടുണ്ടെങ്കില്‍ അതു നാം തിരിയെ കൊടുക്കണം. അല്ലാത്തപക്ഷം ദൈവത്തിനു നമ്മോടു ക്ഷമിക്കുവാന്‍ സാധ്യമല്ല. നാം യഥാര്‍ത്ഥമായി മാനസാന്തരപ്പെട്ടു എന്നു തെളിയിക്കുന്ന ഏക മാര്‍ഗ്ഗം നാം തെറ്റു ചെയ്ത ആളോടു കുറ്റം ഏറ്റു പറകയും അന്യായമായി നാം എടുത്തിട്ടുളളത് തിരികെ കൊടുക്കയുമാണ്.

നിങ്ങള്‍ ട്രെയിനില്‍ ടിക്കറ്റു കൂടാതെ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ മുമ്പില്‍ച്ചെന്ന് ”ഞാന്‍ ദുഃഖിക്കുന്നു. റെയില്‍വേയെ ഞാന്‍ കബളിപ്പിച്ചു” എന്നു പറയുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ കൂടുതല്‍ വില കൊടുക്കേണ്ട മാര്‍ഗ്ഗം-നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാനസാന്തരപ്പെട്ടുവെന്നു തെളിയിക്കുന്ന മാര്‍ഗ്ഗം- റെയില്‍വേ കൗണ്ടറില്‍ പോയി ആ യാത്രയുടെ ഒരു ടിക്കറ്റു വാങ്ങിയ ശേഷം അതു കീറിക്കളയുകയാണ്. അല്ലാത്ത പക്ഷം നിങ്ങളുടെ മാനസാന്തരം പൊള്ള വാക്കുകള്‍ മാത്രമാണ്.

ദൈവവുമായി ആഴമായ ഒരു കൂട്ടായ്മ ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പല ആളുകള്‍ക്കും കഴിയാത്തതിന്റെ കാരണം ഇതാണ്. അവര്‍ തങ്ങളുടെ അധരങ്ങളാല്‍ മാത്രമല്ലാതെ തങ്ങളുടെ ഹൃദയത്തില്‍ മാനസാന്തരപ്പെടുന്നില്ല. അവര്‍ ദൈവത്തോടു തങ്ങളുടെ പാപങ്ങള്‍ ഏറ്റു പറയുന്നു. എങ്കിലും തങ്ങളുടെ സഹജീവികളായ മനുഷ്യരോടു പാപം ചെയ്യുമ്പോള്‍ ആ പാപം അവര്‍ ഏറ്റു പറയുന്നില്ല.

ഒരു മനുഷ്യനോട്: ”എനിക്കു ദുഃഖമുണ്ട്. ഞാന്‍ ചെയ്തതു തെറ്റാണ്. എന്നോടു ക്ഷമിക്കണം” എന്നു പറയുന്നത് ഏറ്റവും പ്രയാസമുള്ള ഒരു കാര്യമാണ്. എന്തുകൊണ്ടെന്നോ? കാരണം, അതു നമ്മുടെ അഹന്തയെ മരിപ്പിക്കുന്ന പ്രവൃത്തിയാണ്. നാമെല്ലാം അടിസ്ഥാനപരമായി നിഗളമുള്ളവരാണ്. നമ്മെത്തന്നെ താഴ്ത്തി നാം തെറ്റു ചെയ്തുവെന്നു സമ്മതിക്കുവാന്‍ നാം ഇഷ്ടപ്പെടുന്നില്ല.

വിശുദ്ധനായ ഒരു ദൈവത്തോടു നമ്മുടെ പാപം ഏറ്റു പറയുന്നത് വളരെ വിഷമമായി നമുക്കനുഭവപ്പെടുന്നതും എന്തുകൊണ്ടാണ്? കാരണം ഇതായിരിക്കാം. നാം മുറിയിലേക്കു പോയി ദൈവത്തോട് ഏറ്റു പറയുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ നാം യഥാര്‍ത്ഥത്തില്‍ നമ്മോടു തന്നെയായിരിക്കാം ഏറ്റു പറയുന്നത്. ദൈവത്തോടു നാം ഏറ്റു പറയുന്നില്ല തന്നെ. നാം നമ്മെത്തന്നെ താഴ്ത്തിയോ എന്നറിയാനുള്ള ഉരകല്ല് നിങ്ങള്‍ ദ്രോഹിച്ചിട്ടുള്ള ഒരു മനുഷ്യ വ്യക്തിയോടു ക്ഷമ ചോദിക്കുവാന്‍ നിങ്ങള്‍ സന്നദ്ധനാണോ എന്നതാണ്.

ഇന്‍ഡ്യന്‍ സംസ്‌കാരത്തില്‍ ഭാര്യമാര്‍ ഭര്‍ത്താക്കന്മാരോടു ക്ഷമ ചോദിക്കുക എന്നതല്ലാതെ മറിച്ചൊരു കാര്യം ആവശ്യമില്ല എന്നൊരു സങ്കല്പമുണ്ട്. പുരുഷന്‍ ഏതോ ഉയര്‍ന്ന ഒരു സൃഷ്ടിയാണെന്ന ഒരാശയം ഇവിടെ നിലവിലുള്ളതുപോലെ തോന്നിപ്പോകുന്നു.

ക്ഷമ ചോദിക്കുന്ന കാര്യം വരുമ്പോള്‍ ഉയര്‍ന്നവനോ താണവനോ എന്ന പ്രശ്‌നം ഉദിക്കുന്നില്ല. നിങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ഡയറക്ടര്‍ ആണെങ്കില്‍ പോലും അവിടെ ഏറ്റവും താഴേക്കിടയിലുള്ള ഒരാളോട് നിങ്ങള്‍ തെറ്റു ചെയ്തു പോയെങ്കില്‍ അയാളുടെ അടുക്കല്‍ ചെന്ന്, ”ഞാന്‍ ഖേദിക്കുന്നു. ഞാന്‍ ചെയ്തതൊരു തെറ്റാണ്. ദയവായി ക്ഷമിക്കണം” എന്നു പറയുവാന്‍ വേണ്ടി നിങ്ങള്‍ സ്വയം താഴ്‌ത്തേണ്ടതാവശ്യമാണ്. അതില്‍ കുറഞ്ഞതൊന്നും യഥാര്‍ത്ഥ ക്രിസ്തീയത്വമല്ല.

പല സഭകളിലും തകര്‍ന്ന സ്‌നേഹബന്ധങ്ങളോടു കൂടിയ ആളുകള്‍ ഉണ്ട്. ആ കാര്യം പറഞ്ഞു തീര്‍ക്കുവാനായി അവര്‍ അന്യോന്യം അടുത്തു ചെല്ലുന്നില്ല. അവര്‍ക്ക് അന്യോന്യം വൈരമുണ്ട്. അവര്‍ പരസ്പരം സന്ദര്‍ശിക്കുന്നില്ല. എങ്കിലും അവര്‍ തങ്ങളെത്തന്നെ ക്രിസ്ത്യാനികള്‍ എന്നു വിളിക്കുന്നു. അവര്‍ ക്രിസ്ത്യാനികളേ അല്ല. തങ്ങള്‍ ദൈവരാജ്യത്തില്‍ പങ്കാളികളാണെന്ന് അത്തരം ആളുകള്‍ ചിന്തിക്കുന്ന പക്ഷം അവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുക മാത്രമാണ് ചെയ്യുന്നത്.

നിങ്ങള്‍ക്ക് ഒരു സഹോദരനോടു സംസാരിക്കുവാനോ അയാളെ സന്ദര്‍ശിക്കുവാനോ വിസമ്മതമായിരിക്കുകയും എന്നിട്ടും നിങ്ങള്‍ കര്‍ത്താവിന്റെ മേശയില്‍ സംബന്ധിക്കുകയും ചെയ്യുന്ന പക്ഷം അതു ദൈവദൂഷണമാണ്. ഈ മനോഭാവത്തോടു കൂടി നമുക്കു ദൈവവുമായി സംസര്‍ഗ്ഗം ചെയ്യുവാന്‍ സാധ്യമല്ല. നിങ്ങളുടെ സഹവിശ്വസികളുമായിട്ടുള്ള നിങ്ങളുടെ ബന്ധം ശരിയല്ലാതിരിക്കെ ദൈവവുമായി ബന്ധം പുലര്‍ത്തുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.

എന്നാല്‍ നാം യഥാര്‍ത്ഥമായി ദൈവത്തോടും മനുഷ്യരോടും പാപം ഏറ്റു പറഞ്ഞ ശേഷം നമ്മുടെ ഭൂതകാലത്തെപ്പറ്റിയുള്ള ഓര്‍മ്മ ഒരിക്കലും ദൈവമുമ്പാകെ വരാത്തവണ്ണം അത്രമാത്രം സമ്പൂര്‍ണ്ണമായി ദൈവം നമ്മെ ശുദ്ധീകരിക്കും. അവിടുന്നു നമ്മുടെ കഴിഞ്ഞകാലത്തെ പാപങ്ങള്‍ മേലാല്‍ ഓര്‍ക്കുന്നില്ലെങ്കില്‍ അവയെപ്പറ്റി നാം ചിന്തിക്കേണ്ട ആവശ്യമെന്താണ്? (എബ്രാ. 8:12).

സമ്പൂര്‍ണ്ണ ക്ഷമ

യേശുക്രിസ്തുവിന്റെ രക്തത്താല്‍ നാം നീതീകരിക്കപ്പെട്ടിരിക്കുന്നുവെന്നു ദൈവവചനം പറയുന്നു (റോമ. 5:9). ദൈവം നമ്മെ ശുദ്ധീകരിക്കുന്നതോടെ അവിടുന്നു നമ്മെ നീതീകരിക്കുകയും കൂടെ ചെയ്യുന്നു. നീതീകരിക്കുക എന്ന വാക്കിന്റെ അര്‍ത്ഥം എന്റെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ പാപം ചെയ്തിട്ടില്ലാത്തതു പോലെ എന്നും, ഞാന്‍ സമ്പൂര്‍ണ്ണ നീതിമാനായിരിക്കുന്നതുപോലെ എന്നുമത്രേ. ഇത് എത്ര അത്ഭുതകരം!

നമ്മുടെ ജീവിതത്തെ ഒരു ബ്ലാക് ബോര്‍ഡിന്മേല്‍ എഴുതപ്പെട്ട അനേകം വാക്കുകളോടു തുല്യമായിക്കരുതാം. ഇപ്പോള്‍ ആ ബോര്‍ഡ് ഒരു നനഞ്ഞ തുണിയുപയോഗിച്ചു തുടച്ചു നിര്‍മ്മലമാക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ബ്ലാക് ബോര്‍ഡിലേക്കു നോക്കുമ്പോള്‍ എന്താണു നിങ്ങള്‍ കാണുന്നത്? യാതൊന്നുമില്ല. ഒരിക്കലും ആ ബോര്‍ഡിന്മേല്‍ ഒന്നും എഴുതപ്പെട്ടിട്ടില്ലെങ്കില്‍ ആ ബോര്‍ഡ് എങ്ങനെയിരിക്കുമോ അങ്ങനെയാണ് അതിന്റെ ഇപ്പോഴത്തെ സ്ഥിതി. അങ്ങനെയാണ് യേശുവിന്റെ രക്തം നമ്മെ ശുദ്ധീകരിക്കുന്നത്. നിശ്ശേഷമായും സമ്പൂര്‍ണ്ണമായും തന്നെ.

നാം നമ്മുടെ പാപങ്ങള്‍ ദൈവത്തോട് ഏറ്റു പറഞ്ഞിട്ടുണ്ടെങ്കില്‍ അവയെ ഒരിക്കല്‍ ഏറ്റു പറഞ്ഞതു മതിയാകും. ദൈവം അവയെ ഉടനടി മായിച്ചു കളയുന്നു. അവിടുത്തെ വാഗ്ദാനം ഇതാണ്. ”അവരുടെ പാപങ്ങളെ ഞാന്‍ ഇനി ഓര്‍ക്കുകയില്ല (എബ്രാ. 8:12). നമ്മോടു ദൈവം യഥാര്‍ത്ഥമായി ക്ഷമിച്ചിരിക്കുന്നുവെന്നും ഇനി നമ്മുടെ പാപങ്ങളെ വീണ്ടും വീണ്ടും കര്‍ത്താവിനോട് ഏറ്റു പറയേണ്ട ആവശ്യമില്ലെന്നും നാം അറിയുമ്പോള്‍ എത്ര വിശ്രാന്തിയാണ് നമ്മുടെ ഹൃദയങ്ങളിലേക്കു കടന്നു വരുന്നത്!

ഒരു കാര്യം കൂടി ഞാന്‍ പറയട്ടെ. ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കണമേ എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പാപം എന്താണെന്ന് എടുത്തു കാണിച്ചു കൊണ്ട് അപ്രകാരം പ്രാര്‍ത്ഥിക്കുന്നത് ഏറ്റവും നല്ലതാണ്. പല ആളുകളും ”കര്‍ത്താവേ, ഞാന്‍ ഒട്ടനേകം പാപങ്ങള്‍ ചെയ്തിരിക്കാനിടയുണ്ട്” എന്ന മട്ടില്‍ ഒഴുക്കനായി പ്രാര്‍ത്ഥിക്കുക പതിവാണ്. അതിന്റെ അര്‍ത്ഥം അവര്‍ക്ക് അതിനെപ്പറ്റി തീര്‍ച്ചയില്ലയെന്നാണ്. അപ്രകാരം ഏറ്റു പറയുന്നത് നിഷ്പ്രയോജനമാണ്. എന്തെന്നാല്‍ ഒരുപക്ഷേ നിങ്ങള്‍ പാപം ചെയ്തിട്ടേയില്ല എന്നുകൂടി നിങ്ങള്‍ അപ്പോള്‍ അര്‍ത്ഥമാക്കുന്നുണ്ടാവാം.

പാപങ്ങളെ പ്രത്യേകം എടുത്തു കാട്ടിക്കൊണ്ട്, ”കര്‍ത്താവേ, ഇതാണ് എന്റെ പാപം. ആ വ്യക്തിക്കെതിരേ ഒരു വിദ്വേഷം എന്റെ ഹൃദയത്തിലുണ്ടായിരുന്നു. ഞാന്‍ അയാളോടു ക്ഷമിച്ചിരുന്നില്ല. അതു ചെയ്തതില്‍ എന്റെ ഉദ്ദേശ്യം പൂര്‍ണ്ണമായും സ്വാര്‍ത്ഥപരമായിരുന്നു. അതു ഞാന്‍ എന്റെ സ്വന്ത മഹത്വത്തിനു വേണ്ടിയായിരുന്നു ചെയ്തത്” എന്നിങ്ങനെ പാപം ഏറ്റു പറയുന്നത് ഏറ്റവും നല്ലതായിരിക്കും. ഇവിടെ നിങ്ങള്‍ സത്യസന്ധത പാലിക്കണം.

നമുക്കറിവുള്ള എല്ലാ പാപങ്ങളും നാം ഏറ്റു പറഞ്ഞ ശേഷം ദാവീദിനെപ്പോലെ ”മറഞ്ഞിരിക്കുന്ന പാപങ്ങളെ പോക്കി എന്നെ മോചിപ്പിക്കണമേ” എന്നു പിന്നെയും നാം പ്രാര്‍ത്ഥിക്കേണ്ടതാവശ്യമാണ്. എന്തെന്നാല്‍ നാമെല്ലാവരും അബോധ പൂര്‍വമായി പാപം ചെയ്തിട്ടുള്ളവരാണ് (സങ്കീ. 19:12).

മറ്റുള്ളവരോടു ക്ഷമിക്കുക

ക്ഷമയ്ക്കു വേണ്ടിയുള്ള ഈ അപേക്ഷ ഈ പ്രാര്‍ത്ഥനയിലെ ഏറ്റവും പ്രധാന അപേക്ഷകളിലൊന്നാണ്. കാരണം, തന്റെ പ്രാര്‍ത്ഥനയുടെ അവസാനത്തില്‍ കര്‍ത്താവു വീണ്ടും ആവര്‍ത്തിച്ച് എടുത്തു പറഞ്ഞ ഏക പ്രാര്‍ത്ഥന ഇതു മാത്രമാണ്.

അതു നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?

ഈ പ്രാര്‍ത്ഥനയിലെ ആറ് അപേക്ഷകളില്‍ വച്ച് ഒരെണ്ണം യേശു പ്രത്യേകമായി അവസാനത്തില്‍ എടുത്ത പറഞ്ഞ് അതിന്റെ പ്രാധാന്യം വ്യക്തമാക്കി. അവിടുന്നു പറഞ്ഞു: ”നിങ്ങള്‍ മനുഷ്യരോട് അവരുടെ പിഴകളെ ക്ഷമിച്ചാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. നിങ്ങള്‍ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കുകയില്ല” (മത്താ. 6:14,15).

ഒട്ടനേകം ക്രിസ്ത്യാനികളും ഈ അപേക്ഷ ഗൗരവപൂര്‍വ്വം എടുത്തിട്ടില്ലാത്തതിനാല്‍ ദൈവവുമായി സമ്പൂര്‍ണ്ണവും സ്വതന്ത്രവുമായ കൂട്ടായ്മ അനുഭവിക്കുന്നില്ല.

യേശുക്രിസ്തു ഒരിക്കല്‍ ഒരു രാജാവിന്റെ ഉപമ പറഞ്ഞു, ആ രാജാവ് ഒരിക്കല്‍ തന്റെ ഭൃത്യന്മാരുടെ കണക്കുകള്‍ പരിശോധിച്ചു തനിക്ക് ഒരു ഭൃത്യന്‍ നാലുകോടി രൂപ കടപ്പെട്ടിരുന്നതായി കണ്ടു പിടിച്ചു. ആ ഭൃത്യന്‍ അദ്ദേഹത്തോട്, ”യജമാനനേ, എനിക്കു വീട്ടുവാന്‍ വകയില്ല. എന്നോടു ക്ഷമിക്കണമേ” എന്നപേക്ഷിച്ചപ്പോള്‍ രാജാവ് അവനു കടം പൂര്‍ണ്ണമായും ഇളച്ചു കൊടുത്തു. ആ മനുഷ്യന്‍ പോകുമ്പോള്‍ തനിക്കു കേവലം നാല്പതു രൂപാ കടപ്പെട്ടിരുന്ന മറ്റൊരു ഭൃത്യനെ കണ്ടെത്തി. അയാള്‍ അവന്റെ തൊണ്ടയ്ക്കു പിടിച്ചു ഞെക്കി അവനോടു വ്യവഹരിച്ച് അവനെ ജയിലിലാക്കി. രാജാവ് ഇതു കേട്ടപ്പോള്‍ ആ നിര്‍ദ്ദയനായ ഭൃത്യനെ വിളിച്ച് അയാളോട് ഇപ്രകാരം പറഞ്ഞു. ”ഞാന്‍ നാലു കോടി രൂപ നിനക്കു സൗജന്യമായി ഇളച്ചു തന്നു. നിനക്ക് ആ മനുഷ്യന്റെ നാല്പതു രൂപ ഇളച്ചു കൊടുക്കുവാന്‍ കഴിഞ്ഞില്ലേ? അനന്തരം രാജാവ് അവനെ ദണ്ഡകന്മാരുടെ പക്കല്‍ ഏല്പിച്ചു. പിന്നെ യേശു പറഞ്ഞു: ”നിങ്ങള്‍ ഓരോരുത്തന്‍ സഹോദരനോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് അങ്ങനെ തന്നെ നിങ്ങളോടും ചെയ്യും” (മത്താ. 18:35). ഇവിടെ പറയുന്ന ദണ്ഡകന്മാര്‍ നാം മറ്റുള്ളവരോടു ദയ കാണിക്കാന്‍ പഠിക്കുന്നതു വരെയും നമ്മെ പീഡിപ്പിക്കുന്ന ദുരാത്മാക്കളാണ്.

ദൈവം നമുക്കു ക്ഷമിച്ചു തന്നിരിക്കുന്നത് എത്ര വലിയൊരു കടമാണെന്നും നമ്മെ ദ്രോഹിച്ചിട്ടുള്ള ഏതെങ്കിലും വ്യക്തിയോടു ക്ഷമിക്കാതിരിക്കുന്നത് എത്ര നിര്‍ദ്ദയവും ദോഷകരവുമാണെന്നും ഉദാഹരിക്കുവാന്‍ യേശു ഈ ഉപമയെ ഉപയോഗിക്കുകയാണ് ചെയ്തത്.

ആരെങ്കിലും നിങ്ങള്‍ക്ക് എന്തെങ്കിലും ദ്രോഹം ചെയ്തിട്ടുണ്ടോ? ഒരുപക്ഷേ ഒരാള്‍ നിങ്ങളെപ്പറ്റി ചില കള്ളക്കഥകള്‍ പറഞ്ഞു പരത്തിയിട്ടുണ്ടാകാം. ഒരുപക്ഷേ നിങ്ങളുടെ അയല്‍ക്കാരനോ ഭാര്യയോ പിതാവോ സ്യാലനോ ഒരു ദ്രോഹ പ്രവൃത്തി നിങ്ങള്‍ക്കു ചെയ്തിരിക്കാം. നിങ്ങളുടെ ജിവിതത്തെ ഏതെങ്കിലും വിധത്തില്‍ അവര്‍ നശിപ്പിച്ചിട്ടുണ്ടായിരിക്കാം. ഒരുവേള നിങ്ങളെ ഓപ്പറേറ്റു ചെയ്ത ഡോക്ടര്‍ ഒരു തെറ്റു വരുത്തുകയും അതുമൂലം നിങ്ങള്‍ക്ക് അവര്‍ണ്ണനീയമായ കഷ്ടത സഹിക്കേണ്ടതായി വരികയും ചെയ്തിരിക്കാം. എന്നാല്‍ കര്‍ത്താവു പറയുന്നത് ഈ ദ്രോഹങ്ങളെല്ലാം ഒരുമിച്ചു ചേര്‍ന്നാലും നിങ്ങള്‍ ദൈവത്തോടു ചെയ്തിരുന്ന പാപത്തോടു താരതമ്യപ്പെടുത്തിയാല്‍ അതു വളരെ നിസ്സാരമെന്നേ കരുതുവാനുള്ളുവെന്നാണ്. നിങ്ങളുടെ ആ പാപം ദൈവം ക്ഷമിച്ചിരിക്കുന്നു. അതിനാല്‍ ആ ആളുകളോടെല്ലാം ഹൃദയപൂര്‍വ്വം ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും. അപ്രകാരം കഴിയാതെ വരാന്‍ യാതൊരു കാരണവുമില്ല.

മത്തായി 18:35ലെ ഏറ്റവും പ്രധാന ഭാഗം ‘ഹൃദയപൂര്‍വം’ (ഹൃദയത്തില്‍ നിന്നും) എന്നതാണ്. നിങ്ങളുടെ സഹജീവിയോടു ഹൃദയത്തില്‍ നിന്നുതന്നെ ക്ഷമിക്കുവാന്‍ നിങ്ങള്‍ക്കു മനസ്സില്ലെങ്കില്‍ ദൈവത്തിന്റെ അടുക്കല്‍ വന്ന് ”ഞങ്ങളുടെ പാപങ്ങളെ ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ നിങ്ങള്‍ സമയം ദുര്‍വ്യയം ചെയ്യരുത്. എന്തെന്നാല്‍ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. ഈ മുഴുവന്‍ ലോകത്തിലും നിങ്ങള്‍ ക്ഷമിക്കാത്ത ഒരൊറ്റ വ്യക്തിയുണ്ടെങ്കില്‍ നിങ്ങളോടു ക്ഷമിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല. അങ്ങനെയെങ്കില്‍ നിത്യമായ നാശത്തിനു നിങ്ങള്‍ ഇരയാകും. കാരണം, ക്ഷമ ലഭിക്കാത്ത ഒരൊറ്റ ആത്മാവിനു പോലും ദൈവസന്നിധിയില്‍ പ്രവേശനമില്ല. നാം ചിന്തിക്കുന്നതിനേക്കാള്‍ ഗൗരവമുള്ള കാര്യമാണിത്.

”ഞങ്ങള്‍ മറ്റുള്ളവരോടു ക്ഷമിച്ചതുപോലെ” എന്നാണ് ഇവിടത്തെ അപേക്ഷ. നാം മറ്റുള്ളവരോട് എപ്രകാരമാണ് ക്ഷമിച്ചതെന്നു കൃത്യമായും ദൈവം അറിയുന്നുണ്ട്. നാം മറ്റുള്ളവര്‍ക്കു കൊടുക്കുന്ന അതേ അളവില്‍ ദൈവം നമുക്കും നല്‍കുന്നതായി യേശു പഠിപ്പിച്ചു. അവിടുന്നു പറഞ്ഞു: ”കൊടുപ്പിന്‍, എന്നാല്‍ നിങ്ങള്‍ക്കു കിട്ടും. അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയില്‍ തരും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലൂക്കൊ. 6:38).

നിങ്ങള്‍ മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ ചെറിയൊരു സ്പൂണാണ് ഉപയോഗിച്ചതെങ്കില്‍ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം നല്‍കുമ്പോള്‍ ആ ചെറിയ സ്പൂണ്‍ തന്നെ ഉപയോഗിക്കും. അതിനാല്‍ മഹത്തും ശക്തിപൂര്‍ണ്ണവുമായ ഒന്നിനുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം ഒരു ചെറിയ സ്പൂണ്‍ എടുത്ത് അല്പം മാത്രം നിങ്ങള്‍ക്കു തരുന്നുവെങ്കില്‍ അതിന്റെ കാരണം പലപ്പോഴും ഇതാണ്. മറ്റുള്ളവര്‍ക്കു നല്‍കുവാന്‍ നമ്മള്‍ ആ ചെറിയ സ്പൂണ്‍ മാത്രമാണ് ഉപയോഗിച്ചത്. മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ നാം എത്ര വലിയ സ്പൂണ്‍ ഉപയോഗിക്കുന്നുവോ അത്രയും വലിയ സ്പൂണ്‍ തന്നെ നമുക്കു നല്‍കുവാന്‍ ദൈവം ഉപയോഗിക്കും. നമ്മോടുള്ള ദൈവത്തിന്റെ പെരുമാറ്റത്തിന്റെ മാറ്റമില്ലാത്ത ഒരു പ്രമാണമാണിത്.

”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്കു കരുണ ലഭിക്കും” (മത്താ. 5:7). നിങ്ങള്‍ മറ്റുള്ളവരോട് എ ത്ര കൂടുതല്‍ കരുണയുള്ളവനായിരുന്നുവോ അത്ര കൂടുതല്‍ കരുണ ന്യായവിധി ദിവസത്തില്‍ ദൈവം നിങ്ങളോടും കാണിക്കും. എന്നാല്‍ കരുണ കാണിക്കാത്തവനു കരുണയില്ലാത്ത ന്യായവിധി ഉണ്ടാകും (യാക്കോബ് 2:13).

അതിനാല്‍ നിങ്ങള്‍ മറ്റുള്ളവരോടു പിശുക്കു കാട്ടി മോശമായ വിധത്തിലാണു ക്ഷമിച്ചിട്ടുള്ളതെങ്കില്‍ ദൈവവും നിങ്ങളോട് അതേ വിധത്തില്‍ മാത്രം ക്ഷമിക്കും. എന്നാല്‍ നിങ്ങള്‍ക്കു ദ്രോഹം ചെയ്തവരുടെ നേരേ സ്‌നേഹപൂര്‍വ്വം ക്ഷമാപുരസ്സരമായുള്ള ഒരു നോട്ടം നിങ്ങള്‍ അയയ്ക്കുന്ന പക്ഷം ദൈവവും അതേ വിധത്തില്‍ നിങ്ങളോടും പെരുമാറും.

സ്‌നേഹബന്ധങ്ങള്‍ ശരിയാക്കുക

യേശു അരുളിച്ചെയ്തു: ”നിങ്ങള്‍ നിങ്ങളുടെ വഴിപാട് യാഗപീഠത്തിങ്കല്‍ കൊണ്ടുവരുമ്പോള്‍, അതായത് നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ അടുത്തു വരുമ്പോള്‍, അഥവാ നിങ്ങള്‍ സ്‌തോത്രകാഴ്ച പെട്ടിയിലോ സഞ്ചിയിലോ പണം ഇടാനാരംഭിക്കുമ്പോള്‍, നിങ്ങളുടെ സഹോദരനെ മുറിപ്പെടുത്തിയായി അവിടെ വച്ച് ഓര്‍മ്മ വന്നാല്‍, മുമ്പേ പോയി നിങ്ങളുടെ സഹോദരനോടു നിരന്നുകൊള്‍ക. പിന്നെ വന്നു നിങ്ങളുടെ വഴിപാടു കഴിക്ക” (മത്താ. 5:22-24). അല്ലാത്ത പക്ഷം ദൈവം നിങ്ങളുടെ പണമാകട്ടെ, പ്രാര്‍ത്ഥനയാകട്ടെ കൈക്കൊള്ളുകയില്ല.

പഴയ നിയമ നിലവാരം ന്യായമായിട്ടുള്ളതായിരുന്നു. ”നിന്റെ അയല്‍ക്കാരനോടു പക വയ്ക്കരുത്” (ലേവ്യ 19:18). അതു പാലിക്കുവാന്‍ എളുപ്പമായിരുന്നു.

എന്നാല്‍ പുതിയ നിയമത്തിന്റെ നിലവാരമാകട്ടെ. കൂടുതല്‍ ഉന്നതമാണ്. യേശു പറഞ്ഞു: ”നിങ്ങളുടെ സഹോദരന് നിങ്ങള്‍ക്കെതിരായി എന്തെങ്കിലും പകയുണ്ടെങ്കില്‍ പോയി അതു ശരിയാക്കി നിരപ്പു പ്രാപിക്കുക.” തീര്‍ച്ചയായും നാം ഒരു തെറ്റും ചെയ്യാതെ തന്നെ നമുക്കെതിരായി എന്തെങ്കിലും നീരസം വച്ചു പുലര്‍ത്തുന്ന സഹോദരന്മാര്‍ ഉണ്ടായിരിക്കും. യേശുവും അപ്പൊസ്തലന്മാരും സത്യത്തിനു വേണ്ടി നിലകൊണ്ടതിനാല്‍ അവര്‍ക്കു ധാരാളം ശത്രുക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇവിടുത്തെ ഈ സന്ദര്‍ഭത്തില്‍ യേശു ഉദ്ദേശിക്കുന്നത് നാം അവിവേകമായി എന്തെങ്കിലും സംസാരിക്കുക നിമിത്തം നമ്മോടു പക വയ്ക്കുന്ന ഒരു സഹോദനെപ്പറ്റിയാണ് (മത്താ. 5:22). നാം ചെയ്ത പാപകരമായ പ്രവൃത്തി നിമിത്തം ഉണ്ടായ പകയാണത്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം മുമ്പേ അയാളുടെ അടുക്കല്‍ പോയി നമ്മുടെ പാപം ഏറ്റു പറഞ്ഞു മാപ്പപേക്ഷിക്കണം. അപ്പോള്‍ മാത്രമേ നമുക്കു നമ്മുടെ വഴിപാട് ദൈവത്തിന് അര്‍പ്പിക്കുവാന്‍ കഴിയൂ.

നാം ദൈവത്തിന്റെ അടുക്കല്‍ ചെന്ന് ”കര്‍ത്താവേ, എനിക്ക് എന്റെ ജീവിതത്തില്‍ പുതിയ നിയമ ശക്തിയുടെ സമ്പൂര്‍ണ്ണത വേണം” എന്നു പറയുന്ന പക്ഷം ദൈവം നമ്മോട് ഇങ്ങനെ പറയും: ”നിനക്ക് ഞാന്‍ പുതിയനിയമ ശക്തി നല്‍കുമ്പോള്‍ അത് അതിനോടൊപ്പം പുതിയ നിയമത്തിന്റേതായ ഉത്തരവദിത്വങ്ങളും ഉണ്ടാക്കി തീര്‍ക്കും.”

പല ക്രിസ്ത്യാനികളും പഴയ നിയമ നിലവാരത്തില്‍ ജീവിക്കുന്നതു മൂലം പുതിയനിയമ ശക്തി അവര്‍ അനുഭവമാക്കുന്നില്ല. ചിലരോട് പോയി ക്ഷമ ചോദിക്കുവാന്‍ അവര്‍ക്കു മനസ്സില്ലാത്തതിനാല്‍ അവര്‍ ശക്തിഹീനരായി തുടരുന്നു.

കരുണയുള്ളവരാകുക

നമുക്കെല്ലാം ഒരു ജഡമുണ്ട്. ജഡമുള്ളവരായ മറ്റാളുകളുടെ മധ്യത്തില്‍ നാം വസിക്കുന്നു. അതിനാല്‍ അറിഞ്ഞുകൊണ്ടോ അറിയാതെയോ നാം അന്യോന്യം മുറിപ്പെടുത്തുവാനിടയുണ്ട്. ഒരിക്കലും മറ്റുള്ളവരാല്‍ മുറിവേല്ക്കാത്ത ഏകസ്ഥലം സ്വര്‍ഗ്ഗമാണ്. അതിനാല്‍ നാം ഈ ഭൂമിയില്‍ വസിക്കുന്ന കാലത്തോളം അന്യോന്യം ക്ഷമിക്കേണ്ടത് ആവശ്യമത്രേ. തെറ്റു മാനുഷികം, ക്ഷമ ദൈവികവും.

നരകത്തിന്റെ ഒരു പ്രത്യേകത അവിടെ ദയ എന്നൊന്നില്ല എന്നതു തന്നെ. മറ്റുള്ളവരോടു ഹൃദയത്തില്‍ കരുണയില്ലാത്തതിന്റെ അളവനുസരിച്ചു നരകത്തിന്റെ ഒരംശം നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിത്തീരുന്നു. നിങ്ങളുടെ മതപരമായ പ്രവര്‍ത്തനം നിമിത്തം മറ്റുള്ളവര്‍ നിങ്ങളെ ഭക്തരെന്നു കരുതിയേക്കാം. എങ്കിലും മുഴുവന്‍ സമയവും നരകത്തിന്റെ ഈ ചെറിയ അംശം നിങ്ങളുടെ ഉള്ളില്‍ സ്ഥിതി ചെയ്യുന്നു. ആ നിലയില്‍ സ്വര്‍ഗ്ഗത്തിലേക്കു പോകുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. കാരണം, നരകത്തെ സ്വര്‍ഗ്ഗത്തില്‍ കൊണ്ടെത്തിക്കുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ലല്ലോ. ഈ ഭൂമി വിട്ടു പോകുന്നതിനു മുമ്പ് നിങ്ങള്‍ അതില്‍നിന്നു രക്ഷപെട്ടേ മതിയാവൂ.

അതിനാലാണ് ”ഞങ്ങള്‍ മറ്റുള്ളവരോടു ക്ഷമിക്കുന്ന അതേ വിധത്തില്‍ ഞങ്ങളോടും ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിക്കുവാന്‍ കര്‍ത്താവു നമ്മെ പഠിപ്പിച്ചത്.

നാം മറ്റുള്ളവരോടു ക്ഷമിക്കാത്തപ്പോള്‍ അതു നമ്മുടെ ശരീരങ്ങളെയും ബാധിക്കും. ദൈവിക നിയമങ്ങളോടുള്ള അനുസരണക്കേട് ശാരീരിക പീഡനത്തെയും ഉളവാക്കുന്നു.

ഏതെങ്കിലും ഒരാളോട് നിങ്ങള്‍ ഹൃദയത്തില്‍ പക വയ്ക്കുന്നുവെങ്കില്‍, അഥവാ നിങ്ങള്‍ക്ക് ആരോടെങ്കിലും അസൂയയുണ്ടെങ്കില്‍, അങ്ങനെ നിങ്ങള്‍ സ്‌നേഹമെന്ന ദൈവിക നിയമത്തെ ലംഘിക്കുന്നുവെങ്കില്‍, അത് അന്തിമമായി നിങ്ങളുടെ ഹൃദയത്തെ ബാധിക്കാനിടയുണ്ട്. സന്ധിവീക്കം, കൊടിഞ്ഞി, വാതരോഗം, ആസ്ത്മാ തുടങ്ങിയവ കൊണ്ടു പീഡിതരായ ക്രിസ്ത്യാനികളെ ഇന്നു നാം കാണുന്നുണ്ട്. ഒരൊറ്റ കാരണത്താല്‍ തന്നെ അവര്‍ക്കു സൗഖ്യം ലഭിക്കുക സാധ്യമല്ല. അവര്‍ ചിലരോടു പക വയ്ക്കുന്നു എന്നതാണ് ആ കാരണം. അവര്‍ എത്ര ഗുളികകള്‍ വേണമെങ്കിലും കഴിച്ചേക്കാം. എന്നാലും ക്ഷമിക്കാന്‍ അവര്‍ പഠിക്കുന്നതു വരെ അവര്‍ക്കു സൗഖ്യം ലഭിക്കുകയില്ല. ഇത്തരം രോഗങ്ങളുടെ കാരണം ശാരീരികമല്ല. ശരീരത്തിലല്ല അവരുടെ മനസ്സിലാണ് ആ കാരണം കുടികൊള്ളുന്നത്.

നിങ്ങള്‍ നിങ്ങളുടെ സഹോദരനോടോ സഹോദരിയോടോ ക്ഷമിച്ചിട്ടില്ലെങ്കില്‍ ദൈവം നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുകയില്ല. ”ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു” എന്നു സങ്കീര്‍ത്തനം 66:18-ല്‍ പറയുന്നു. കര്‍ത്താവ് ഉത്തരം നല്‍കുകയില്ലെന്നു മാത്രമല്ല, കര്‍ത്താവു കേള്‍ക്കുകയേ ഇല്ല.

നമുക്കു നമ്മെത്തന്നെ വഞ്ചിക്കാതിരിക്കാം. യഥാര്‍ത്ഥ ക്ഷമയില്‍ ഹൃദയത്തകര്‍ച്ചയും ഏറ്റു പറച്ചിലും ഉള്‍ക്കൊള്ളുന്നുണ്ട്. അതില്‍ നമ്മുടെ ജഡത്തിന്റെ ചീഞ്ഞു നാറുന്ന അവസ്ഥയെ സമ്മതിച്ചു കൊടുക്കുന്നതും അടങ്ങിയിരിക്കുന്നു. ദൈവവുമായുള്ള നമ്മുടെ ബന്ധം നേര്‍വഴിയിലാകുന്നതിനു വേണ്ടി ഏതു പ്രായശ്ചിത്തം അനുഷ്ഠിക്കുവാനും ആവശ്യമെങ്കില്‍ ആരോടും ക്ഷമ ചോദിക്കുവാനുമുള്ള സന്നദ്ധതയും അതിന്റെ ഒരു ഭാഗമാണ്.

അന്തിമമായി ഒരു കാര്യം. ”ഞങ്ങളോടു ക്ഷമിക്കേണമേ” എന്നാണ് ഇവിടെയുള്ള അപേക്ഷ എന്നോര്‍ക്കുക. നമ്മുടെ സഹോദരര്‍ക്കും ക്ഷമ ലഭിക്കണമെന്നു നാം ആഗ്രഹിക്കുന്നു. ഒരു സഹോദരന്‍ നമ്മോടു പെരുമാറിയ വിധമനുസരിച്ചു ദൈവം അയാളെ വിധിക്കണമെന്നുള്ള രഹസ്യമായ ഒരാഗ്രഹം ചിലപ്പോള്‍ നമ്മില്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അത്തരം ഒരു മനോഭാവം പൈശാചികമാണ്. കാരണം, ആളുകള്‍ ദൈവത്താല്‍ ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്നത് പിശാച് മാത്രമാണ്.

”ഞാന്‍ നിങ്ങളുടെ കാല്‍ കഴുകിയെങ്കില്‍ നിങ്ങളും തമ്മില്‍ തമ്മില്‍ കാല്‍ കഴുകേണ്ടതാകുന്നു” (യോഹ. 13:14) എന്നു കര്‍ത്താവു പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ സഹോദരന്റെ കാലില്‍ ചെളി (ആത്മീയാര്‍ത്ഥത്തില്‍) കാണുമ്പോള്‍ അയാള്‍ക്കു ശുദ്ധി ലഭിക്കണമെന്നുള്ള ഒരാഗ്രഹവും കൂടി നിങ്ങള്‍ക്കുണ്ടാകണം എന്നാണ് അതിന്റെ അര്‍ത്ഥം.

”ഞങ്ങളോടു ക്ഷമിക്കണമേ” എന്നതിന്റെ അര്‍ത്ഥം ”പിതാവേ, അങ്ങ് എന്റെ പാപങ്ങള്‍ ക്ഷമിക്കുന്നതുകൊണ്ടു മാത്രം ഞാന്‍ സംതൃപ്തനല്ല. എന്റെ ചുറ്റിലും മറ്റു സഹോദരീ സഹോദരന്മാരുണ്ട്. അവരുടെ പാപങ്ങളും അങ്ങു ക്ഷമിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു” എന്നിങ്ങനെയാണ്.

അധ്യായം 8 : ദോഷത്തില്‍ നിന്നു സ്വാതന്ത്ര്യം

”ഞങ്ങളെ പരീക്ഷയില്‍ കടത്താതെ ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ.”

ഈ അപേക്ഷയ്ക്കു രണ്ടു വശങ്ങള്‍ ഉണ്ട്. ഒന്നാമത്തേതില്‍ നമ്മെ സംരക്ഷിക്കുവാനും രണ്ടാമത്തേതില്‍ നമ്മെ വിടുവിക്കുവാനുമാണ് നാം അപേക്ഷിക്കുന്നത്.

മുന്‍ അപേക്ഷയില്‍ പാപത്തിന്റെ ശക്തിയില്‍ നിന്നു വിടുതല്‍ ലഭിക്കുവാനായി അപേക്ഷിക്കുന്നു. നാം പാപക്ഷമ മാത്രം ആഗ്രഹിക്കുകയും പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനായി ആഗ്രഹിക്കാതിരിക്കുകയും ചെയ്യുന്ന പക്ഷം നമ്മുടെ മാനസാന്തരം ശരിയായിരുന്നില്ല എന്നാണ് അതു കാണിക്കുന്നത്. പാപക്ഷമ നമ്മെ വിശുദ്ധ ജീവിതത്തിലേക്കു നയിക്കുന്ന ഒരു പ്രവേശന കവാടമായിട്ടാണിരിക്കേണ്ടത്. അത് ഒരിക്കലും ദൈവകൃപ കൊണ്ടു മുതലെടുക്കുന്ന ഒരു മാര്‍ഗ്ഗമായിത്തീരരുത്.

സന്തുഷ്ടിയും ശക്തിയും

എല്ലാ ക്രിസ്ത്യാനികളും സന്തുഷ്ടരാകുവാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ യേശു ഇപ്രകാരം അരുളിച്ചെയ്തു. ‘ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍” (മത്താ. 5:5). ഭാഗ്യവാന്മാര്‍ എന്ന വാക്കിനു സന്തുഷ്ടര്‍ എന്നു കൂടി അര്‍ത്ഥമുണ്ട്. അതിനാല്‍ യേശു ഇവിടെപ്പറയുന്നത് യഥാര്‍ത്ഥ വിശുദ്ധിയില്‍ നിന്നാണ് യഥാര്‍ത്ഥ സന്തുഷ്ടി ഉത്ഭവിക്കുന്നതെന്നാണ്. സ്വര്‍ഗ്ഗം അന്തമറ്റ സന്തുഷ്ടിയുടെ സ്ഥലമാണെങ്കില്‍ അതിന്റെ കാരണം അതു പരിപൂര്‍ണ്ണ വിശുദ്ധിയുടെ സ്ഥലവും കൂടി ആയിരിക്കുന്നതാണ്.

വിശുദ്ധി കൂടാതെയുള്ള സന്തുഷ്ടി ഒരു കപട സന്തുഷ്ടിയാണ്. നാം അശുദ്ധരാണെങ്കില്‍ അപ്പോള്‍ നാം ദൈവത്തോടു നമ്മെ അസന്തുഷ്ടരാക്കണമേ എന്നു പ്രാര്‍ത്ഥിക്കേണ്ടത് വാസ്തവത്തില്‍ ആവശ്യമത്രേ. അല്ലാത്തപക്ഷം നമ്മുടെ ആത്മീയാവസ്ഥയെ വിലയിരുത്തുന്നതില്‍ നാം വഞ്ചിതരായിത്തീരും.

അനേകം ക്രിസ്ത്യാനികള്‍ തങ്ങളുടെ ജീവിതത്തില്‍ ശക്തിക്കുവേണ്ടി ദൈവത്തെ അന്വേഷിക്കുന്നു. എന്നാല്‍ വിശുദ്ധിക്കുവേണ്ടി തുല്യശക്തമായ ഒരാഗ്രഹം അവര്‍ക്കുണ്ടാകുന്നില്ല. ഈ രണ്ട് ആഗ്രഹങ്ങളെ തമ്മില്‍ വേര്‍പിരിക്കാന്‍ പാടുള്ളതല്ല. അപ്രകാരം വേര്‍പിരിക്കുന്നത് ആപല്‍ക്കരമായിരിക്കും. അശുദ്ധനായ ഒരുവന്റെ പക്കല്‍ തന്റെ ശക്തിയെ ദൈവം ഭരമേല്‍പിക്കുന്നതു രോഗാണുക്കള്‍ നീക്കം ചെയ്യാത്ത ഒരു കത്തി കൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നതിനെക്കാള്‍ ആപല്‍ക്കരമാണ്. അതു ജീവനു പകരം മരണമായിരിക്കും വരുത്തി വയ്ക്കുന്നത്.

തന്റെ ശക്തിയുടെ ഗണ്യമായ ഒരു പങ്കു പല ക്രിസ്ത്യാനികള്‍ക്കും നല്‍കുവാന്‍ ദൈവത്തിനു കഴിയാതിരിക്കുന്നത് ഈ കാരണത്താലാണ്. അത് അവരെ വഷളാക്കുകയും നശിപ്പിക്കുയും ചെയ്യും. നാം ദൈവത്തോടു ചോദിച്ചിട്ടുള്ള എല്ലാ പ്രകൃത്യതീത ശക്തികളും ദൈവം നമുക്കു നല്‍കാതിരുന്നതിന് നാം അവിടുത്തോടു നന്ദി പറയേണ്ടതാണ്. തങ്ങള്‍ക്കു ലഭിച്ച കൃപാ വരങ്ങള്‍ നിമിത്തം വിശ്വാസികള്‍ നാശമടഞ്ഞ ഒട്ടനേകം ദൃഷ്ടാന്തങ്ങളുണ്ട്. എന്തെന്നാല്‍ അവയെ ശരിയായി ഉപയോഗിക്കുവാന്‍ കഴിയുമാറ് അവര്‍ വിനീതരോ വിശുദ്ധരോ ആയിരുന്നില്ല. വിശുദ്ധിക്കും ശക്തിക്കും വേണ്ടി നാം തുല്യ ജാഗ്രതയോടെ വാഞ്ഛിക്കേണ്ടതാണ്. അപ്പോള്‍ മാത്രമേ നാം സുരക്ഷിതരായിരിക്കുകയുള്ളു.

ദൈവം സാത്താനെ ഉപയോഗിക്കുന്ന വിധം

യഥാര്‍ത്ഥമായ വിശുദ്ധി ഒരു പോരാട്ടത്തിന്റെ ഫലമായി ലഭിക്കേണ്ടതാണ്. ചാരുകസേരയില്‍ വിശ്രമിച്ചു കൊണ്ട് അനായാസമായി ജീവിതത്തിന്റെ ഉന്നത മണ്ഡലങ്ങളിലേക്ക് ഉയരുവാന്‍ ആഗ്രഹിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് അതു ലഭിക്കുന്നില്ല. നമ്മുടെ ദുര്‍മ്മോഹങ്ങള്‍ക്കും സാത്താനും എതിരായിട്ടുള്ള യുദ്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ നാം വിശുദ്ധരായിത്തീരുന്നുള്ളു.

അതിനെപ്പറ്റി നാം ഇപ്രകാരം ഒരു ചോദ്യം ചോദിച്ചേക്കാം. സാത്താന്‍ നമ്മുടെ വിശുദ്ധിക്ക് അത്ര വലിയ ഒരു തടസ്സമാണെങ്കില്‍ ദൈവം അവനെ നശിപ്പിച്ചു കളയാത്തത് എന്തുകൊണ്ട്?

അതിന്റെ ഉത്തരം ഇതാണ്: സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുവാന്‍ ഉല ആവശ്യമായിരിക്കുന്നതു പോലെ ഒരര്‍ത്ഥത്തില്‍ നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്കു സാത്താന്‍ ആവശ്യമാണ്. നമ്മുടെ മാംസപേശികള്‍ ചില എതിര്‍ ശക്തികളെ നേരിടുമ്പോള്‍ മാത്രമേ സുശക്തമായിത്തീരുന്നുള്ളു. അല്ലാത്തപക്ഷം നാം തടിച്ചു കൊഴുത്തു പിണുപിണുത്തവരായി തീര്‍ന്നു പോകും. ആത്മീയ മണ്ഡലത്തിലും ഇതു തന്നെയാണ് സ്ഥതി. ആത്മീയമായി നാം ശക്തി പ്രാപിക്കണമെങ്കില്‍ അതിനു ചില എതിര്‍ ശക്തികള്‍ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിനാലാണ് നമ്മെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുന്നത്.

ജീവിതത്തില്‍ അനായാസമായ ഒരു മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന ഒരുവന്‍ ആത്മീയമായി ദുര്‍ബ്ബലനും ശിഥില ഗാത്രനും പുഷ്ടിയില്ലാത്തവനും ആയിരിക്കും. അവന്‍ ചെയ്യണമെന്നു ദൈവം ആഗ്രഹിക്കുന്നതെല്ലാം ചെയ്യുവാന്‍ അവനു കഴിവുണ്ടായിരിക്കയില്ല. എന്നാല്‍ പീഡനങ്ങളിലും ശോധനകളിലും കൂടി വിജയപൂര്‍വ്വം മുന്നേറിയിട്ടുള്ള ഒരുവന്‍ സുശക്തനും ദൈവഹിതം മുഴുവനും ചെയ്യുവാന്‍ കഴിവുള്ളവനും ആയിരിക്കും.

ദൈവം സാത്താനെ നശിപ്പിക്കാതിരുന്നതിന്റെ കാരണം കുറഞ്ഞ പക്ഷം ഇതാണ്.

ദൈവം ഏദന്‍ തോട്ടത്തില്‍ നിരോധിക്കപ്പെട്ട ആ വൃക്ഷത്തെ സ്ഥാപിച്ചത് എന്തിനാണ്? ദൈവം ആ വൃക്ഷം അവിടെ സ്ഥാപിച്ചിരുന്നില്ലെങ്കില്‍ ആദാം ഒരിക്കലും പാപം ചെയ്യുമായിരുന്നില്ലല്ലോ എന്നു ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ ആദാം വിശുദ്ധനായിത്തീരേണ്ടതിന് ആ വൃക്ഷം ആവശ്യമായിരുന്നു. പ്രലോഭനങ്ങള്‍ കൂടാതെ മനുഷ്യന് വിശുദ്ധി പ്രാപിക്കുവാന്‍ സാധ്യമല്ല. അതിനാലാണ് സാത്താന്‍ ഏദെന്‍ തോട്ടത്തില്‍ പ്രവേശിക്കുവാന്‍ ദൈവം അനുവദിച്ചത്.

ആദാം നിഷ്‌കളങ്കനായിരുന്നു. എന്നാല്‍ നിഷ്‌കളങ്കതയെന്നത് വിശുദ്ധിയല്ല. ആദാമിനെ പരീക്ഷിച്ചിരുന്നില്ലെങ്കില്‍ അവന്‍ ജീവിതകാലം മുഴുവന്‍ നിഷ്‌കളങ്കനായി തുടരുകയും ഒരിക്കലും വിശുദ്ധി പ്രാപിക്കാതിരിക്കുകയും ചെയ്യുമായിരുന്നു. നിഷ്‌കളങ്കത ഒരുതരം നിഷ്പക്ഷ നിലയാണ്. ആ നിഷ്പക്ഷ നിലയില്‍ നിന്നു വാസ്തവമായ വിശുദ്ധിയില്‍ ആദാം ചെന്നെത്തുന്നതിന് അവന്‍ ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടത് ആവശ്യമായിരുന്നു. അവന്‍ പ്രലോഭനത്തോട് ”ഇല്ല” എന്നും ദൈവത്തോട് ”ഉവ്വ്” എന്നും പറയേണ്ടത് ആവശ്യമായിരുന്നു. അപ്പോള്‍ മാത്രമേ അവന്‍ വിശുദ്ധനായി തീരുമായിരുന്നുള്ളു. അതിനാല്‍ അവനു പ്രലോഭനം (പരീക്ഷ) ഉണ്ടാകേണ്ടത് ആവശ്യമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ അവന്‍ ദൈവത്തോട് ”ഇല്ല” എന്നു പറകയും ഒരു പാപിയായിത്തീരുകയും ആണ് ഉണ്ടായത്.

പ്രലോഭനവും പാപവും

യേശുവും സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനാണ് (എബ്രാ. 4:15). എന്നാല്‍ അദ്ദേഹവും ആദാമും തമ്മിലുള്ള വ്യത്യാസം ഇതാണ്. യേശു എപ്പോഴും ദൈവത്തോട് ”ഉവ്വ്” എന്നു മാത്രം പറഞ്ഞു. എല്ലാ മനുഷ്യരും എങ്ങനെ ആകണമെന്നു ദൈവം ആഗ്രഹിക്കുന്നുവോ ആ മാതൃകയിലുള്ള ഒരു പരിപൂര്‍ണ്ണ മനുഷ്യന്‍ ആകേണ്ടതിനു യേശുവിന് താന്‍ സഹിച്ച കഷ്ടതകളിലൂടെ അനുസരണം പഠിക്കേണ്ടിയിരുന്നു. അവിടുന്നു പ്രലോഭനങ്ങളെ അഭിമുഖീകരിച്ചു വിജയം നേടുകയും അങ്ങനെ ആ പരിപൂര്‍ണ്ണത പ്രാപിക്കുകയും ചെയ്തു (എബ്രാ. 5:8,9).

അതുകൊണ്ടാണ് യേശു തന്റെ ശിഷ്യന്മാര്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിച്ചത്: ”പിതാവേ, അവരെ ലോകത്തില്‍ നിന്ന് എടുക്കേണം എന്നല്ല, ദുഷ്ടന്റെ കൈയില്‍ അകപ്പെടാത വണ്ണം അവരെ കാത്തുകൊള്ളണം എന്നത്രേ ഞാന്‍ അപേക്ഷിക്കുന്നത്” (യോഹ. 17:15). തന്റെ ശിഷ്യന്മാര്‍ ലോകത്തില്‍ അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ദങ്ങളില്‍ നിന്നും പീഡനങ്ങളില്‍ നിന്നും പ്രലോഭനങ്ങളില്‍ നിന്നും എടുത്തു മാറ്റപ്പെട്ടാല്‍ അവര്‍ ഒരിക്കലും വിശുദ്ധരായിത്തീരുകയില്ലെന്നു യേശുവിന് അറിയാമായിരുന്നു.

നാം പ്രലോഭനത്തെയും പാപത്തെയും തമ്മില്‍ വേര്‍തിരിച്ചറിയേണ്ടത് ആവശ്യമാണ്. യാദൃച്ഛികമായി കാണാനിടയാകുന്ന ഏതെങ്കിലും കാര്യത്താല്‍ നാം പ്രലോഭിതരാകുന്നുവെങ്കില്‍ അതു പാപമല്ല. എന്നാല്‍ നമ്മെ പ്രലോഭിപ്പിക്കുന്ന വസ്തുവിനെ നാം തുടര്‍ന്നു നോക്കുന്ന പക്ഷം, അഥവാ അതിനെപ്പറ്റി ചിന്തിക്കുന്ന പക്ഷം അപ്പോള്‍ നാം പാപം ചെയ്യുകയാണ്. പ്രലോഭിതരാകുന്നതിനെ ഒഴിവാക്കുവാന്‍ നമുക്കു സാധ്യമല്ല. എന്നാല്‍ നമ്മെ പ്രലോഭിപ്പിക്കുന്ന വസ്തുവില്‍ നിന്നു നമ്മുടെ കണ്ണുകളെയും മനസ്സിനെയും മാറ്റിക്കളയുക എന്നതു നമുക്കു തിരഞ്ഞെടുക്കുവാന്‍ കഴിയും. പ്രലോഭനം നിങ്ങളെ നേരിടുന്നതു തടയുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. എന്നാല്‍ അതു നിങ്ങളുടെ മനസ്സില്‍ സ്ഥാനമുറപ്പിക്കുന്നതിനെ തടയുക നിങ്ങള്‍ക്കു സാധ്യം തന്നെ.

നാം എത്രമാത്രം ശക്തരാണെന്നു തെളിയിക്കുന്നതിനു വേണ്ടി സാധ്യമായിടത്തോളം പ്രലോഭനങ്ങളെ നേരിടണം എന്നു ദൈവവചനം പഠിപ്പിക്കുന്നില്ല. നേരെ മറിച്ചു നാം പ്രലോഭനങ്ങളെ വിട്ടോടേണ്ടത് ആവശ്യമാണ്. തന്നെ വശീകരിക്കുന്ന കാര്യങ്ങളെ വിട്ടോടുവാന്‍ പൗലൊസ് തിമൊഥിയോസിനോട് ആജ്ഞാപിക്കുന്നുണ്ട് (2 തിമൊ. 2:22). പണത്തോടുള്ള സ്‌നേഹത്തെയും പ്രേമ വിലാസക്കാരികളായ സ്ത്രീകളെയും ദൈവത്തില്‍ നിന്നു നമ്മെ അകറ്റുന്ന എന്തിനെയും വിട്ടോടേണ്ടത് നമുക്കാവശ്യമത്രേ.

പ്രലോഭനത്തിന്റെ നേരെയുള്ള നമ്മുടെ മനോഭാവം ‘അതില്‍ നിന്നു സാധ്യമായിടത്തോളം ദൂരത്തില്‍ ഞാന്‍ കഴിഞ്ഞുകൊള്ളട്ടെ’ എന്നതായിരിക്കണം. ഒരു കടുന്തൂക്കായ സ്ഥലത്തിന്റെ വക്കില്‍ നിന്നു വീഴാതെ വണ്ണം എത്രയധികം അതിന്റെ വക്കിനോടടുത്തു ചവിട്ടി നില്ക്കുവാന്‍ സാധിക്കുമെന്നു പരീക്ഷിക്കുന്ന കൊച്ചു കുട്ടികളെ പോലെയോ, ട്രെയിന്‍ തങ്ങളെ ഇടിച്ചു താഴെയിടാതെ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ ട്രെയിനിനോട് എത്രയടുത്തു വരെ ചെന്നു നില്ക്കാമെന്നു പരിശോധിക്കുന്ന ബാലന്മാരെപ്പോലെയോ നാം ആകരുത്. വിവേകമുള്ള ഒരു മാതാവോ പിതാവോ തന്റെ കുട്ടിക്കു നല്‍കുന്ന ഉപദേശം മേല്‍പ്പറഞ്ഞ പ്രകാരം ചെയ്യുവാന്‍ അവനെ അനുവദിക്കുകയില്ല. അത്തരം ആപത്തുകളില്‍ നിന്നു വളരെ ദൂരത്തായി നാം അകന്നു നില്‌ക്കേണ്ടതാണ്. ദൈവം നമ്മോടു കല്പിക്കുന്നതും അതുതന്നെ.

ഈ അപേക്ഷയുടെ വാസ്തവമായ അര്‍ത്ഥം ”പിതാവേ, എനിക്കു നേരിടുവാന്‍ കഴിയാതവണ്ണം അത്ര ശക്തമായ പരീക്ഷകള്‍ എനിക്കുണ്ടാകുവാന്‍ അനുവദിക്കരുത്” എന്നാണ്. തന്റെ ജഡം ബലഹീനമാണെന്നും താന്‍ വേഗം വീണുപോകാമെന്നും അറിവുള്ള ഒരാളിന്റെ നിലവിളിയാണിത്.

പ്രലോഭനം നേരിടുവാന്‍ ഒരുങ്ങുക

ഗെത്‌ശെമനാ തോട്ടത്തില്‍ വച്ചു യേശു പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും ”പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍” എന്നു കല്പിച്ചു (മത്താ. 26:41). പരീക്ഷ അവരെ നേരിടുവാന്‍ പോകുന്നുവെന്നു കര്‍ത്താവിന് അറിയാമായിരുന്നു. അതിനായി അവരെ ഒരുക്കുവാന്‍ കര്‍ത്താവ് ആഗ്രഹിച്ചു. എന്നാല്‍ പ്രാര്‍ത്ഥിക്കുന്നതിനു പകരം അവര്‍ ഉറങ്ങുകയാണ് ചെയ്തത്. അതിന്റെ ഫലമായി പരീക്ഷ വന്നപ്പോള്‍ പത്രൊസ് ഒരു പടയാളിയുടെ കാത് അറുത്തു വീഴ്ത്തി. അദ്ദേഹം ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിക്കാത്തതു മൂലം പാപത്തില്‍ വീണുപോയി. നേരെമറിച്ചു യേശുവാകട്ടെ, പ്രാര്‍ത്ഥനയില്‍ ജാഗരിച്ചതു മൂലം വിശുദ്ധവും സ്‌നേഹപൂര്‍ണ്ണവുമായ രീതിയില്‍ പെരുമാറുവാന്‍ അവിടുത്തേക്കു സാധിച്ചു.

കാലേകൂട്ടി നമുക്കു മുന്നറിയിപ്പു നല്‍കുവാന്‍ തക്കവണ്ണം ദൈവം വിശ്വസ്തനാണ്. ”ഇപ്പോള്‍ ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥനയില്‍ ചെലവിടുക” എന്ന ആത്മാവിന്റെ ശബ്ദം നാമെല്ലാവരും ചില സമയങ്ങളില്‍ നമ്മുടെ ഹൃദയങ്ങളില്‍ കേട്ടിട്ടുണ്ടായിരിക്കും. നിങ്ങളെ നേരിടുവാന്‍ പോകുന്ന ഏതോ പ്രലോഭനത്തിനായി നിങ്ങളെ ഒരുക്കുന്ന ദൈവശബ്ദമാണെന്ന് അത്തരം സമയങ്ങളില്‍ നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടോ?

അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ എന്താണു ചെയ്തിട്ടുള്ളത്? ഒരുപക്ഷേ ആ ശിഷ്യന്മാരെപ്പോലെ നിങ്ങള്‍ ആ ശബ്ദത്തെ അവഗണിച്ചിരിക്കാം. തല്‍ഫലമായി പ്രലോഭനം വന്നപ്പോള്‍ നിങ്ങള്‍ വീണു പോയിരിക്കാം. നിങ്ങളെ പ്രലോഭനത്തിനു വേണ്ടി ഒരുക്കുവാന്‍ ദൈവം ശ്രമിച്ചു. എന്നാല്‍ നിങ്ങള്‍ അതു ചെവിക്കൊണ്ടില്ല.

എല്ലാ പ്രലോഭനത്തെയും ജയിക്കാം

നമുക്കു വഹിക്കുവാനോ ജയിക്കുവാനോ കഴിയാത്ത യാതൊരു പീഡനവും പ്രലോഭനവും നമുക്കുണ്ടാകുവാന്‍ ദൈവം അനുവദിക്കയില്ലെന്നുള്ള ഒരു വലിയ വാഗ്ദാനം തന്റെ വചനത്തിലൂടെ അവിടുന്നു നമുക്കു നല്‍കിയിട്ടുണ്ട് (1കൊരി. 10:13). മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഓരോ പീഡനത്തെയും പ്രലോഭനത്തെയും അതിനെ ജയിക്കുവാന്‍ നമുക്കു കഴിവുണ്ടോ എന്നു കാണുവാനായി ദൈവം ശോധന ചെയ്യും. അതിനു ശേഷം മാത്രമേ അതു നമുക്കുണ്ടാകുവാന്‍ അവിടുന്ന് അനുവദിക്കുകയുള്ളു. ഒരു നല്ല അധ്യാപകന്‍ ഒരിക്കലും ഒരു രണ്ടാം സ്റ്റന്‍ഡേര്‍ഡു വിദ്യാര്‍ത്ഥിക്ക് ഒമ്പതാം സ്റ്റാന്‍ഡേര്‍ഡിലെ ചോദ്യക്കടലാസ് നല്‍കുകയില്ല. വിദ്യാര്‍ത്ഥിയുടെ സ്റ്റാന്‍ഡേര്‍ഡിന് അനുയോജ്യമായ പേപ്പര്‍ മാത്രമേ അദ്ദേഹം നല്‍കുകയുള്ളു. അപ്രകാരമാണ് ദൈവവും.

ഈ വചനത്തിന്റെ വെളിച്ചത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന ഏതെങ്കിലും പ്രലോഭനമോ പീഡനമോ വളരെ കടന്ന ഒന്നാണെന്നു ചിന്തിക്കുന്നതു ശരിയാണോ? ഒരിക്കലുമല്ല. ദൈവം അപ്രകാരം ചിന്തിക്കുന്നില്ലെന്നു വ്യക്തമാണ്. അല്ലാത്ത പക്ഷം അതു നിങ്ങള്‍ക്കുണ്ടാകുവാന്‍ ദൈവം അനുവദിക്കുകയില്ലായിരുന്നു. ആ പരീക്ഷ നിങ്ങള്‍ക്കുണ്ടാകുവാന്‍ ദൈവം അനുവദിച്ചു എന്നതു തന്നെ അതിനെ അതിജീവിക്കുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടെന്നതിനു തെളിവാണ്.

അതിനാല്‍ നാം പ്രലോഭനങ്ങളെ ഈ വിധത്തിലാണ് വീക്ഷിക്കേണ്ടത്: ”ഈ പ്രലോഭനം എനിക്കു നേരിടുവാന്‍ ദൈവം അനുവദിച്ചിരിക്കുന്നു. അതിനാല്‍ ഇത് അവിടുത്തേക്ക് എന്നിലുള്ള വിശ്വാസത്തിന്റെ ഒരു തെളിവാണ്. എനിക്ക് ഇതുപോലും ജയിക്കുവാന്‍ കഴിവുണ്ടെന്ന് അവിടുത്തേക്കറിയാം. അതിനാല്‍ അവിടുന്നു തീര്‍ച്ചയായും ഇതിനെ ജയിക്കുവാന്‍ അവിടുത്തെ പരിശുദ്ധാത്മാവിന്റെ ശക്തി എനിക്കു നല്‍കും.” ഈ വിധത്തില്‍ നാം പ്രലോഭനങ്ങളെയും പീഡനങ്ങളെയും വീക്ഷിക്കുന്ന പക്ഷം നമുക്കു നേരിടുന്ന എന്തിനെയും ജയിപ്പാന്‍ നാം പ്രാപ്തരാകും.

നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും തന്റെ നിയമങ്ങള്‍ താന്‍ ഏഴുതുമെന്നും ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. അവിടുത്തെ പരിപൂര്‍ണ്ണ ഹിതം ചെയ്യുവാനായി അവിടുന്നു തന്റെ ആത്മാവു മുഖാന്തരം നമ്മില്‍ ഇച്ഛിക്കയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു (ഫിലി. 2:13). അതിനാല്‍ നാം ഒരിക്കലും പരാജിതരാകേണ്ട ആവശ്യമില്ല.

പാപത്തിന്റെ ശക്തിയില്‍ നിന്നു മോചനം

(ഞങ്ങള്‍ക്കു നേരിടുവാന്‍ കഴിവില്ലാത്ത) ”പരീക്ഷയിലേക്കു ഞങ്ങളെ കടത്തരുത്” എന്ന പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ”ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ” എന്ന പ്രാര്‍ത്ഥന.”

”വിടുവിക്കണമേ” എന്ന വാക്കിനെ ”നിങ്കലേക്കു ഞങ്ങളെ ആകര്‍ഷിക്കണമേ” എന്നും പരാവര്‍ത്തനം ചെയ്യാം. അതിനാല്‍ ”ദുഷ്ടങ്കല്‍ നിന്നു ഞങ്ങളെ നിങ്കലേക്ക് ആകര്‍ഷിക്കണമേ” എന്നാണ് ഇവിടുത്തെ അപേക്ഷ. ദൈവവും ദുഷ്ടനും രണ്ടു ഭിന്ന ദിക്കുകളിലേക്കു നമ്മെ വലിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ നാം പറയന്നത്, ”പിതാവേ, ദുഷ്ടങ്കലേക്കുള്ള ആകര്‍ഷണം എന്റെ ജഡത്തില്‍ ഉള്ളതായി എനിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ ആ വഴിക്കു പോകുവാന്‍ എന്നെ അനുവദിക്കരുതേ. അതിനു കീഴടങ്ങുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദയവായി എന്നെ അങ്ങയുടെ വഴിയിലേക്കു വലിച്ചടുപ്പിക്കേണമേ.” ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കപ്പെടുവാനുള്ള ഈ അഭിവാഞ്ഛയും ദാഹവും പാപത്തിന്റെ മേല്‍ വിജയമുള്ള ഒരു ജീവിതത്തിന് അനുപേക്ഷണീയമായ ഒരാവശ്യമാണ്.

റോമര്‍ 6:14ല്‍ കാണുന്ന വാഗ്ദാനം ”പാപം നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല” എന്നതാണല്ലോ. ഈ വാഗ്ദാനം പല ക്രിസ്ത്യാനികളുടെയും ജീവിതത്തില്‍ നിറവേറാതിരിക്കുന്നതിന്റെ ഒരു കാരണം പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ഒരു ദാഹം അവരുടെ ഹൃദയത്തിന്റെ ഏറ്റവും അഗാധമായ തലത്തില്‍ ഇല്ലാത്തതാണ്. ”ദൈവമേ, എന്തു വില കൊടുക്കേണ്ടി വന്നാലും പാപത്തില്‍ നിന്നുള്ള വിടുതല്‍ എനിക്കു നല്‍കണമേ” എന്ന് അവര്‍ നിലവിളിക്കുന്നില്ല. അതിനായി അവര്‍ ദാഹിക്കുന്നില്ല. അവര്‍ക്കു കഠിനമായ ഒരു രോഗം വന്നിരുന്നെങ്കില്‍ അവര്‍ നിലവിളിക്കുമായിരുന്നു. എന്നാല്‍ പാപം ചെയ്യുക എന്നത് അത്ര ചീത്തയായ ഒരു കാര്യമാണെന്ന് അവര്‍ക്കു തോന്നുന്നില്ല. അവര്‍ പരാജിതരായി ജീവിക്കുന്നതില്‍ അത്ഭുതത്തിന് അവകാശമില്ലല്ലോ.

പുറപ്പാട് 2:23 മുതല്‍ 25 വരെ വാക്യങ്ങളില്‍ ഇപ്രകാരം പറയുന്നു: ”യിസ്രായേല്‍ മക്കള്‍ അടിമ വേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അടിമവേല ഹേതുവായിട്ടുള്ള നിലവിളി ദൈവസന്നിധിയില്‍ എത്തി… ദൈവം യിസ്രയേല്‍ മക്കളെ കടാക്ഷിച്ചു.” ദൈവം നമ്മെ കടാക്ഷിക്കുന്നതും ഇതുപോലെ നിരാശയുടെ അടിത്തട്ടില്‍ നിന്നു നാം വിടുതലിനായി നിലവിളിക്കുമ്പോഴാണ്. ”നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും” എന്നു ദൈവം അരുളിച്ചെയ്യുന്നു (യിരെമ്യ. 29:13).

ദൈവത്തില്‍ നിന്നു നമുക്കു ലഭിക്കേണ്ട ഏതു കാര്യത്തിനു വേണ്ടിയും ഒന്നാമതായി നാം വിശക്കുകയും ദാഹിക്കുകയും ചെയ്യണം എന്നതു ദൈവവചനത്തിലെ ഒരു വ്യവസ്ഥയാണ്. അപ്പോള്‍ മാത്രമേ നാം അതിനെ വേണ്ടുവോളം വിലയുള്ളതായി കരുതുകയുള്ളു. അതിനാല്‍ നാം വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നതു വരെ ദൈവം കാത്തിരിക്കുന്നു. അപ്പോള്‍ നാം യഥാര്‍ത്ഥമായി വാഞ്ഛിക്കുന്ന കാര്യം ദൈവം നമുക്കു നല്‍കുകയും ചെയ്യുന്നു.

ക്രിസ്തീയ ജീവിതം സാത്താനെതിരായ ഒരു യുദ്ധമാണ്. ഈ യുദ്ധത്തില്‍ സാത്താന്റെ ഏജന്റെന്മാരില്‍ ഒരാള്‍ നമ്മുടെ ഉള്ളില്‍ത്തന്നെ കുടികൊള്ളുന്നുണ്ട്. നമ്മുടെ ജഡം. അതു ശത്രുവിന്റെ ഭാഗത്തായതിനാല്‍ സാത്താനോടു നാം ഫലപ്രദമായി യുദ്ധം ചെയ്യുന്നതിനെ തടയുവാന്‍ അതു സാധ്യമായതെല്ലാം ചെയ്യും. ഈ കാര്യം ഒരിക്കലും നാം മറക്കരുത്. അതിനാലാണ് സാത്താനെ നാം ജയിക്കണമെങ്കില്‍ ജഡത്തില്‍ നിന്നുള്ള സമ്പൂര്‍ണ്ണ വിടുതലിനായി നാം വാഞ്ഛിക്കേണ്ടിയിരിക്കുന്നത്.

എല്ലാ തിന്മയില്‍ നിന്നുമുള്ള വിടുതല്‍

”ദൈവമേ, പിശാചും മറ്റു മനുഷ്യരും ചെയ്യുന്ന എല്ലാ തിന്മയില്‍ നിന്നും എന്നെ സംരക്ഷിക്കണമേ” എന്നു പ്രാര്‍ത്ഥിക്കുന്ന ഒട്ടു വളരെ വിശ്വാസികളുമുണ്ട്. എങ്കിലും ആ സമയമെല്ലാം അവര്‍ പിശാചിന്റെ എജന്റായ തങ്ങളുടെ ജഡത്തെ അതിനു വേണ്ടതെല്ലാം നല്‍കി പോഷിപ്പിച്ചു കൊണ്ടാണിരിക്കുന്നത്. തന്മൂലം ദൈവത്തിന് എല്ലാ ദോഷങ്ങളില്‍ നിന്നും അവരെ വിടുവിക്കുവാന്‍ സാധിക്കുന്നില്ല.

നമുക്ക് ഒന്നാമതായി നമ്മുടെ ജഡത്തിലെ മോഹങ്ങളില്‍ നിന്നുള്ള വിടുതലിനായി വാഞ്ഛിക്കാം. അപ്പോള്‍ സാത്താനെ ജയിക്കുന്നത് ഒരു നിഷ്പ്രയാസമായ കാര്യമായിത്തീരും. അപ്പോള്‍ മനുഷ്യരില്‍ നിന്നും പിശാചുക്കളില്‍ നിന്നുമുള്ള യാതൊരു ദോഷത്തിനും നമ്മെ സ്പര്‍ശിക്കുവാന്‍ സാധ്യമല്ലെന്നു നാം മനസ്സിലാക്കും.

റോമര്‍ 7:14 മുതല്‍ 25 വരെയുള്ള വാക്യങ്ങളില്‍ തന്റെ ജഡത്തിലെ മോഹങ്ങളില്‍ നിന്നുള്ള സമ്പൂര്‍ണ്ണ വിടുതലിനായി പൗലൊസിനുള്ള വാഞ്ഛ നാം വായിച്ചറിയുന്നു. അതിനു ശേഷം റോമര്‍ 8:28ല്‍ ദൈവം എല്ലാ കാര്യങ്ങളെയും നമ്മുടെ നന്മയ്ക്കായി ഒരുമിച്ചു പ്രവര്‍ത്തിപ്പിക്കുന്നതായും നാം വായിക്കുന്നു. ഇവിടെയുള്ള മുന്‍പിന്‍ ക്രമം നോക്കുക. ഒന്നു മറ്റതിനെ തുടര്‍ന്നു വരുന്നു. ശത്രുവിന്റെ ഏജന്റായ നമ്മുടെ ജഡത്തില്‍ നിന്നുള്ള വിടുതലിനായി നാം ഒന്നാമതു വാഞ്ഛിക്കുന്നുവെങ്കില്‍ മാത്രമേ റോമര്‍ 8:28 നമ്മുടെ ജീവിതത്തില്‍ യഥാര്‍ത്ഥമാവുകയുള്ളു.

യാതൊരു തിന്മയും നമ്മുടെ ജീവിതത്തില്‍ വന്നു കൂടുവാന്‍ സാധ്യമല്ല എന്നു പറയുന്ന റോമര്‍ 8:28 എത്ര അത്ഭുതകരമായ ഒരു വാഗ്ദാനമാണ്! എല്ലാ കാര്യങ്ങളും – ചില കാര്യങ്ങള്‍ മാത്രമല്ല, പല കാര്യങ്ങളുമല്ല, മിക്ക കാര്യങ്ങളുമല്ല, 99 ശതമാനം കാര്യങ്ങള്‍ തന്നെയുമല്ല, പിന്നെയോ എല്ലാ കാര്യങ്ങളും – നിങ്ങളുടെ നന്മയ്ക്കായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു നിങ്ങള്‍ യഥാര്‍ത്ഥമായി വിശ്വസിക്കുന്നുണ്ടോ?

ജീവിതത്തില്‍ സംഭവിക്കുന്ന ഈ കാര്യങ്ങള്‍ ഓരോന്നായി നോക്കുമ്പോള്‍ അവ ഭയാനകമായി നിങ്ങള്‍ക്കു തോന്നിയേക്കാം. എന്നാല്‍ നിങ്ങള്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെങ്കില്‍, അവിടുത്തെ ഉദ്ദേശ്യ പ്രകാരം വിളിക്കപ്പെട്ടവനാണ് നിങ്ങളെങ്കില്‍, അവയെല്ലാം ഒരുമിച്ചു ചേര്‍ന്നു നിങ്ങളുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കും. ദൈവത്തിന്റെ ഉദ്ദേശ്യമാകട്ടെ, തൊട്ടടുത്തു 29-ാം വാക്യത്തില്‍ പറയുന്നതുപോലെ നിങ്ങള്‍ പാപത്തില്‍ നിന്നും സമ്പൂര്‍ണ്ണമായും സ്വതന്ത്രനായി തീരണമെന്നും ക്രിസ്തുവിന്റെ സാദൃശ്യത്തോട് അനുരൂപനായി ഭവിക്കണമെന്നുമാണ്. അതിനാല്‍ നിങ്ങള്‍ക്കു പാപത്തില്‍ നിന്നു സ്വതന്ത്രനാകുവാനുള്ള ഒരു അഭിവാഞ്ഛയുണ്ടെങ്കില്‍ നിങ്ങള്‍ക്കു സംഭവിക്കുന്ന ഓരോ കാര്യവും നിങ്ങളുടെ നന്മയ്ക്കായി കൂടിച്ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്യുന്നു. ഹല്ലേലുയ്യാ!

യോസേഫിനെപ്പറ്റി ചിന്തിക്കുക. ഒരു ദൈവഭക്തിയുള്ള ജീവിതം നയിക്കുവാന്‍ അദ്ദേഹം ശ്രമിച്ചു. തനിക്കുണ്ടായിരുന്ന വെളിച്ചമനുസരിച്ചു തിന്മയില്‍ നിന്നു വിടുതല്‍ പ്രാപിക്കുവാന്‍ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു. അദ്ദേഹം ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിച്ചു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവര്‍ അദ്ദേഹത്തോട് എങ്ങനെ പെരുമാറി? യോസേഫിന്റെ പത്തു സഹോദരന്മാര്‍ കഠിനമായ അസൂയയോടെ അദ്ദേഹത്തെ ഈജിപ്തിലേക്കു വിറ്റു കളഞ്ഞു. അത് ഒരു തിന്മ പോലെ നമുക്കു തോന്നിയേക്കാം. എന്നാല്‍ യോസേഫിനെ ഈജിപ്തിലെ രണ്ടാം ഭരണാധികാരിയാക്കുവാനുള്ള ദൈവത്തിന്റെ പ്ലാനിന്റെ ഒരു ഭാഗമായിരുന്നു അതെന്ന് അന്തിമമായി നാം കണ്ടെത്തുന്നു. യോസേഫിന്റെ സഹോദരന്മാര്‍ അദ്ദേഹത്തോടു ചെയ്ത തിന്മ അദ്ദേഹത്തിന്റെ നന്മയ്ക്കായി ഫലിക്കുകയാണുണ്ടായത്.

യോസേഫ് ഈജിപ്തിലെത്തിയപ്പോള്‍ പോത്തീഫര്‍ എന്നൊരാളുടെ വീട്ടുവേലക്കാരനായി അടിമക്കച്ചവടക്കാര്‍ അദ്ദേഹത്തെ വിറ്റു. അവിടെ പോത്തീഫറിന്റെ ഭാര്യ അദ്ദേഹത്തെ വശീകരിച്ചെങ്കിലും അദ്ദേഹം ആ വശീകരണത്തിനു കീഴ്‌പ്പെട്ടില്ല. വശീകരണ രംഗത്തു നിന്നു യോസേഫ് ഓടിക്കളയുകയാണു ചെയ്തത്. അദ്ദേഹത്തെ ആ സ്ത്രീ കള്ളക്കുറ്റം ചുമത്തി ജയിലിലടച്ചു. അതും ഒരു തിന്മയായിത്തന്നെ കാണപ്പെടുന്നു. എന്നാല്‍ ദൈവമാണു സിംഹാസനത്തിലേക്കുള്ള യോസേഫിന്റെ വഴി ജയിലിന്റെ മാര്‍ഗ്ഗത്തില്‍ക്കൂടി ആസൂത്രണം ചെയ്തത്. കാരണം, അതേ ജയിലില്‍ വച്ചുതന്നെ യോസേഫ് ഫറവോന്റെ പാനപാത്രവാഹകനെ കണ്ടുമുട്ടുകയും തദ്വാര അയാള്‍ പില്‍ക്കാലത്തു യോസേഫിനെ ഫറവോനു പരിചയപ്പെടുത്തുകയും ചെയ്തു (ഉല്‍പത്തി 39:41).

വിദ്വേഷവും പകയും മൂലം മറ്റുള്ളവര്‍ യോസേഫിനു ചെയ്യുവാന്‍ ശ്രമിച്ചു തിന്മയെ ദൈവം തന്റെ സര്‍വാധിപത്യം മൂലം യോസേഫിന്റെ ജീവിതത്തില്‍ തന്റെ ഹിതം നിവേറുവാനുള്ള ഉപാധിയാക്കി തീര്‍ത്തു.

നമ്മുടെ ജീവിതത്തിലും ഇപ്രകാരം തന്നെ സംഭവിക്കാം. ദൈവം നമുക്കുവേണ്ടി പ്ലാന്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്കായി സകലവും കൂടിച്ചേര്‍ന്നു വ്യാപരിക്കുവാനും നമ്മെ ക്രിസ്തുവിന്റെ രൂപത്തോട് അനുരൂപരാക്കി തീര്‍ക്കുവാനുമാണ് അതെല്ലാം സംഭവിക്കുന്നത്. പക്ഷേ അതും നാം വിശ്വസിക്കണം. എന്തെന്നാല്‍ നമ്മുടെ വിശ്വാസം എത്രമാത്രമുണ്ടോ അത്രയ്ക്കു മാത്രമേ ദാവിവാഗ്ദാനങ്ങള്‍ സ്വായത്തമാക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു.

എസ്ഥേറിന്റെ പുസ്തകത്തില്‍ മോര്‍ദ്ദേഖായിയെ തൂക്കുക്കൊല്ലുവാന്‍ ഹാമാന്‍ ഒരു കഴുമരം തയ്യാറാക്കുന്നതായി നാം വായിക്കുന്നു. എന്നാല്‍ അവസാനത്തില്‍ ഹാമാന്‍ തന്നെ ആ കഴുമരത്തില്‍ തൂക്കപ്പെടുന്നു (എസ്ഥേര്‍ 7:10). തന്റെ ജനത്തിന്റെ ശത്രുവിനെതിരായി വിധിചക്രം തിരിയുവാന്‍ ദൈവം ഇടയാക്കി. ദൈവം ഇതേ കാര്യം തന്നെ സാത്താനെതിരെയും പ്രവര്‍ത്തിക്കുന്നു. സാത്താന്‍ നമുക്കായി തയ്യാറാക്കിയ അതേ കഴുമരത്തില്‍ അവന്‍ തന്നെ തൂക്കപ്പെടുമാറു ദൈവം വിധിചക്രത്തെ തിരിക്കുന്നു. ഹല്ലേലുയ്യാ!

മറ്റോരുരുത്തരും നമുക്ക് ആവശ്യമുള്ളവര്‍

ഈ അപേക്ഷയിലും ”എന്നെ വിടുവിക്കണമേ” എന്നല്ല, ”ഞങ്ങളെ വിടുവിക്കണമേ” എന്നാണു പ്രാര്‍ത്ഥിക്കുന്നതെന്ന കാര്യം ശ്രദ്ധിക്കുക. ”എന്റെ സഹോദരനെയും എന്നെയും ദുഷ്ടനില്‍ നിന്നു വിടുവിക്കണമേ. എന്റെ സഹോദരിയെയും എന്നെയും, ഞങ്ങളെ, പിതാവേ, വിടുവിക്കണമേ” എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്.

നമുക്കു മറ്റ് ഓരോരുത്തരും ആവശ്യമാണ്. ദോഷത്തില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ നമുക്ക് അന്യോന്യമുള്ള കൂട്ടായ്മ ആവശ്യമാണ്. ”ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലത്… വീണാല്‍ ഒരുവന്‍ മറ്റവനെ എഴുന്നേല്പിക്കും. ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കുവാന്‍ ആരുമില്ലായ്ക കൊണ്ട് അവന് അയ്യോ കഷ്ടം!” (സഭാ. 4:9,10).

ഈ കാരണത്താലാണ് സാത്താന്‍ വിശ്വാസികളെ തമ്മിലകറ്റുവാനും അവര്‍ക്കിടയില്‍ ഭിന്നത ഉളവാക്കുവാനും ശ്രമിക്കുന്നത്. അതേ കാരണം കൊണ്ടു തന്നെയാണ് ഒരു ഭര്‍ത്താവിനെയും ഭാര്യയെയും തമ്മില്‍ ഭിന്നിപ്പിക്കുവാന്‍ അവന്‍ ശ്രമിക്കുന്നതും. ചെറിയ തെറ്റിദ്ധാരണകള്‍ ഉളവാക്കുന്നത് പിശാചാണ്. ഒരുവന്‍ ഒരു കാര്യം വിശ്വസിപ്പാനും മറ്റൊരുവന്‍ മറ്റൊന്നു വിശ്വസിപ്പാനും ഇടയാക്കുന്നതും അവന്‍ തന്നെ. ഗൗരവമായി എന്തെങ്കിലും സംഭവിക്കാതെ തന്നെ സാത്താന്‍ അവരെ തമ്മില്‍ അകറ്റുന്നു.

വിശ്വാസികളെ ഒരിക്കല്‍ തമ്മില്‍ വേര്‍പിരിച്ചു കഴിഞ്ഞാല്‍ പിന്നെ അവരെ വീഴിക്കുവാന്‍ കൂടുതല്‍ എളുപ്പമാണെന്നു സാത്താനറിയാം. അവര്‍ യോജിച്ചിരിക്കുന്ന കാലത്തോളം അവന് അതു ചെയ്യുവാന്‍ സാധ്യമല്ല. അതിനാല്‍ അവന്‍ അവരെ തമ്മില്‍ ഭിന്നിപ്പിക്കുന്നു. ഓരോ വിശ്വാസിയും മറ്റുള്ളവര്‍ക്കു വേണ്ടി കരുതാതെ തനിക്കായി മാത്രം ജീവിക്കുമാറ് അവരെ സ്വാധീനിക്കുവാന്‍ ഒരിക്കല്‍ തനിക്കു സാധിച്ചു കഴിഞ്ഞാല്‍ ദൈവത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ അവര്‍ക്കെല്ലാമുള്ള കാര്യക്ഷമത അവര്‍ക്കു നഷ്ടപ്പെടുവാന്‍ പിന്നെ അധികം സമയം ആവശ്യമില്ല.

നമുക്ക് ഒരൊറ്റ ശത്രുവേയുള്ളുവെന്നു നാം അംഗീകരിക്കേണ്ടത് ആവശ്യമത്രേ. ആ ശത്രു പിശാചാണ്. അങ്ങനെയെങ്കില്‍ നമുക്കു അന്യോന്യം കലഹിക്കാതെ ഓരോരുത്തര്‍ക്കും മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ കഴിയും.

വീണുപോയ ഒരു സഹോദരനെപ്പറ്റിയുള്ള ഭാരം

”ഞങ്ങളെ വിടുവിക്കണമേ” എന്ന പ്രാര്‍ത്ഥനയുടെ മറ്റൊരര്‍ത്ഥം ഒരു സഹോദരന്‍ പാപത്തില്‍ വീഴുന്നതായി ഞാന്‍ കാണുമ്പോള്‍ ഞാന്‍ അതേപ്പറ്റി സന്തോഷിക്കുകയോ അവനെ ദുഷിക്കുകയോ ചെയ്യാതെ അവനെപ്പറ്റി ദുഃഖത്തോടെ പ്രാര്‍ത്ഥിക്കുകയും അവനെ ഉദ്ധരിക്കുവാന്‍ ശ്രമിക്കുകയും ചെയ്യണം എന്നത്രേ.

നല്ല ശമര്യക്കാരന്റെ ഉപമയില്‍ പുരോഹിതന്റെ മനോഭാവവും ശമര്യക്കാരന്റെ മനോഭാവവും തമ്മില്‍ നിശിതമായ ഒരു താരതമ്യം ഉണ്ട്. പുരോഹിതന്‍ വീണു കിടക്കുന്ന മനുഷ്യനെ നോക്കി ”ഞാന്‍ അവനെപ്പോലെ വീഴാഞ്ഞതിനാല്‍ ദൈവത്തിനു സ്‌തോത്രം” എന്നു പറഞ്ഞിട്ടു നടന്നു കളഞ്ഞു (ലൂക്കൊ. 10:30-37). മറ്റൊരു വിശ്വാസി പാപത്തില്‍ വീണതായി കാണുമ്പോള്‍ ചില വിശ്വാസികള്‍ ചെയ്യുന്നത് ഇപ്രകാരമാണ്. ”നോക്കൂ, അയാള്‍ വീണു കിടക്കുന്നത്!” എന്ന് അവര്‍ മറ്റുള്ളവരോടു പറയും. അതിന്റെ അര്‍ത്ഥം ഇതാണ്: ”നോക്കൂ, ഞാന്‍ വീഴാതിരുന്നത്!”

എന്നാല്‍ ആ നല്ല ശമര്യക്കാരന്‍ എന്താണു ചെയ്തത്? തന്റെ വിജയത്തിനായി അവന്‍ ദൈവത്തെ സ്തുതിച്ചില്ല. അവന്‍ അടുത്തു ചെന്ന് ആ മനുഷ്യനെ എടുത്തുയര്‍ത്തി. അവനു സൗഖ്യം ലഭിക്കാവുന്ന സ്ഥാനത്തേക്ക് അവനെ ചുമന്നു കൊണ്ടുപോയി. യേശു നമ്മോടു പറയുന്നു: ”നീയും പോയി അപ്രകാരം ചെയ്യുക” (ലൂക്കൊ. 10:37).

~ഒരു പ്രത്യേക ബലഹീനതയുള്ള അഥവാ ഏതെങ്കിലും രംഗത്തു വീണുപോയ ഒരു സഹോദരനോടുള്ള നിങ്ങളുടെ മനോഭാവം ഇതാണോ? നിങ്ങള്‍ അവനെ പ്രാര്‍ത്ഥനയുടെ കരങ്ങളില്‍ ഉയര്‍ത്തി സൗഖ്യം ലഭിക്കുന്നതിനായി യേശുവിന്റെ അടുക്കല്‍ എത്തിക്കുന്നുണ്ടോ? നിങ്ങള്‍ ദൈവത്തില്‍ കേന്ദ്രീകരിച്ചവനോ അല്ലയോ എന്നതിന്റെ സാമാന്യം നല്ലൊരു ഉരകല്ലാണത്.

ഒരുവന്‍ പാപത്തില്‍ വീഴുമ്പോള്‍ അവനെക്കുറിച്ചു നാം കരുതാതിരിക്കുന്നത് മറ്റുള്ളവരെക്കാള്‍ ആത്മീയരായി നമ്മെത്തന്നെ കാണിക്കുവാനുള്ള സ്വാര്‍ത്ഥപരമായ ആഗ്രഹം നിമിത്തമാണ്. മറ്റുള്ളവരെക്കാള്‍ ശ്രേഷഠരെന്നു നമ്മെത്തന്നെ കാണിക്കുവാനുള്ള ആഗ്രഹം ദുഷിച്ചതും പൈശാചികവുമായ ഒരാഗ്രഹമാണ്. ”പിതാവേ, ദുഷ്ടനില്‍ നിന്നു ഞങ്ങളെ വിടുവിക്കണമേ” എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍ മറ്റൊരാളെക്കാളധികം ആത്മീയരായി നമ്മെത്തന്നെ കാണിക്കുവാനുള്ള ആഗ്രഹത്തിന് അവിടെ സ്ഥാനമില്ല.

നാം ക്രിസ്തുവില്‍ ഒരു ശരീരമത്രേ. എന്റെ ഇടംകൈക്കു മുറിവേറ്റാല്‍ ആ മുറിവു സൗഖ്യമാക്കുവാനുള്ള പ്രവര്‍ത്തനത്തിന് എന്റെ വലംകൈ സന്നദ്ധമാണ്. എന്റെ വലംകൈ മാത്രമല്ല, മഴുവന്‍ ശരീര സംവിധാനവും ആ മുറിവു വേഗം സുഖപ്പെടുത്തുവാനായി ജാഗരൂകമായിത്തീരുന്നു. ക്രിസ്തുവിന്റെ ശരീരത്തിലും ഈ വിധമാണ് സംഭവിക്കേണ്ടത്.

ഏറ്റവും വലിയ രണ്ടു കല്പനകള്‍

മോശ തന്റെ കൈയില്‍ രണ്ടു കല്പലകകളുമായി സീനായി മലയില്‍ നിന്ന് ഇറങ്ങി വന്നു. ഒന്നാമത്തെ കല്പലകയില്‍ മനുഷ്യനു ദൈവവുമായിട്ടുള്ള ബന്ധത്തെ കുറിക്കുന്ന നാലു കല്പനകള്‍ എഴുതപ്പെട്ടിരുന്നു. മറ്റേ കല്പനകള്‍ മനുഷ്യനു തന്റെ സഹ ജീവികളായ മറ്റു മനുഷ്യരുമായുണ്ടായിരിക്കേണ്ട ബന്ധത്തെക്കുറിച്ചുള്ള മറ്റ് ആറു കല്പനകള്‍ എഴുതിയിരുന്നു.

ഈ രണ്ടു കല്പലകകളെയും രണ്ടു കല്പനകളായി സംക്ഷേപിക്കാമെന്നു കര്‍ത്താവായ യേശു പറഞ്ഞിട്ടുണ്ട്. ഒന്നാമത്തേത് ”നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണത്മാവോടും പൂര്‍ണ്ണ മനസ്സോടും കൂടെ സ്‌നേഹിക്കണം” രണ്ടാമത്തേത് ”നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം” എന്നുമാണ് (മത്താ. 22:37-39).

താന്‍ പഠിപ്പിച്ച പ്രാര്‍ത്ഥനയിലും യേശു ഈ രണ്ടു കല്പനകള്‍ക്ക് ഊന്നല്‍ നല്‍കിയിട്ടുണ്ട്. ആദ്യത്തെ മൂന്നപേക്ഷകള്‍ ഒന്നാമത്തെ കല്പനയെയും പിന്നീടുള്ള മൂന്നപേക്ഷകള്‍ രണ്ടാമത്തെ കല്പനയെയും സംബന്ധിക്കുന്നവയാണ്. ഈ രണ്ടാമത്തെ കല്പനയെ യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കിയ പുതിയ കല്പനയില്‍ കൂടുതല്‍ വിപുലീകരിച്ചിട്ടുണ്ട്. ”ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതു പോലെ നിങ്ങളും തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കണം” എന്നാണ് ആ പുതിയ കല്പന (യോഹ. 13:34).

യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ ബോധപൂര്‍വവും അബോധപൂര്‍വവുമായ ജീവിതത്തില്‍ തന്റെ എല്ലാ ആഗ്രഹങ്ങളും ദൈവാനുരൂപമയിരിക്കുമാറ് ദൈവത്തിനു തന്റെ ജീവിതത്തെക്കുറിച്ചുള്ള ഹിതത്തില്‍ നിന്ന് അന്യമായ യാതൊരാഗ്രഹമോ ഉല്‍കര്‍ഷേച്ഛയോ താല്പര്യമോ കൂടാതെ പൂര്‍ണ്ണമായി ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരു വ്യക്തിയായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. അതേ സമയത്തു തന്നെ യേശു തന്നെ സ്‌നേഹിച്ചതുപോലെ തന്റെ സഹോദര സമൂഹത്തെ പൂര്‍ണ്ണമായി സ്‌നേഹിപ്പാനും അയാള്‍ ആഗ്രഹിക്കുന്നു.

എന്നിരുന്നാലും ഈ രണ്ടു ദിശകളിലും തന്റെ മനോഭാവം അത് ആയിരിക്കേണ്ടതുപോലെ പൂര്‍ണ്ണം അല്ലെന്നതിനെപ്പറ്റി അയാള്‍ എപ്പോഴും ബോധവാനാണ്. എന്നാലും ആ ലക്ഷ്യത്തിലേക്കെത്തിച്ചേരുവാന്‍ അയാള്‍ പ്രവര്‍ത്തിക്കുന്നു. അവിടെയെത്തുവാനായി എന്തു വില കൊടുപ്പാനും എപ്പോഴും അയാള്‍ സന്നദ്ധനാണ്.

നമ്മുടെ സഹോദരന്മാരെ സ്‌നേഹിക്കുക എന്നു വച്ചാല്‍ അവരെ സംബന്ധിച്ചു കരുതലും താല്‍പര്യവും ഉണ്ടായിരിക്കുക എന്നാണര്‍ത്ഥം. ലോകത്തില്‍ എല്ലാവരെക്കുറിച്ചും നമുക്കു കരുതലും താല്‍പര്യവും ഉണ്ടായിരിക്കുക സാധ്യമല്ല. അതിനുള്ള കഴിവു ദൈവത്തിനു മാത്രമേ ഉള്ളു. എന്നാല്‍ നമ്മുടെ കഴിവനുസരിച്ചു നമുക്കു നമ്മുടെ സഹവിശ്വാസികളെ സംബന്ധിച്ചു കരുതല്‍ ഉണ്ടായിരിക്കണം. ഈ കഴിവു വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയും വേണം.

തുടക്കത്തില്‍ നമുക്ക് ഈ കഴിവിന്റെ വലിയൊരളവ് ഉണ്ടായിരിക്കയില്ല. ആദ്യത്തെ പടി യേശു നമ്മെ സ്‌നേഹിച്ചതുപോലെ നമ്മുടെ കുടുംബാംഗങ്ങളെ സ്‌നേഹിക്കുക എന്നതാണ്. എന്നാല്‍ അവിടെ നാം നിറുത്തിക്കളയന്നില്ല. നാം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കയും യേശു നമ്മെ സ്‌നേഹിച്ചതുപോലെ ദൈവിക കടുംബത്തില്‍ പെട്ട നമ്മുടെ സഹോദരീ സഹോദരന്മാരേ സ്‌നേഹിക്കുകയും വേണം.

പരിപൂര്‍ണ്ണത എന്നത് നാം ഉന്നം വയ്‌ക്കേണ്ട ഒരു ലക്ഷ്യമാണ്. എങ്കിലും അതു പ്രാപിക്കുമെന്ന നിര്‍ണ്ണയം നമുക്കാവശ്യമാണ്. ”ഒന്നു ഞാന്‍ ചെയ്യുന്നു. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ടു ക്രിസ്തു യേശുവില്‍ ദൈവത്തിന്റെ പരമ വിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു.” (ഫിലി. 3:13,14) എന്നു പറഞ്ഞപ്പോള്‍ പൗലൊസ് മനസ്സില്‍ കരുതിയ ലക്ഷ്യം അതത്രേ. മേല്‍ക്കു മേല്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന ദൈവത്തിന്റെ പരമ വിളി ദൈവത്തില്‍ കേന്ദ്രീകരിച്ച ഒരുവനായിത്തീര്‍ന്നു ദൈവത്തെ സര്‍വോപരിയും സഹവിശ്വാസികളെ യേശു സ്‌നേഹിച്ചതു പോലെയും അയല്‍ക്കാരനെ തന്നെപ്പോലെ തന്നെയും സ്‌നേഹിക്കുക എന്നതാണ്.

അധ്യായം 9 : മഹത്വം ദൈവത്തിന്

”രാജ്യവും ശക്തിയും മഹത്വവും അവിടുത്തേക്കുള്ളതാകുന്നുവല്ലോ. ആമേന്‍”

ഈ പ്രാര്‍ത്ഥന ”അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടണമേ, അവിടുത്തെ രാജ്യം വരണമേ, അവിടുത്തെ ഹിതം നടക്കണമേ” എന്നിങ്ങനെ ദൈവത്തോടു കൂടി ആരംഭിക്കുന്നു. അപ്രകാരം തന്നെ ”രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അവിടുത്തേക്കുള്ളതല്ലോ” എന്നിങ്ങനെ ഇതു ദൈവത്തോടു കൂടി അവസാനിക്കുകയും ചെയ്യുന്നു.

ദൈവം തന്റെ വചനത്തില്‍ ”ഞാന്‍ അല്‍ഫയും ഒമേഗയും ആകുന്നു” എന്നു പറഞ്ഞിട്ടുണ്ട് (വെളി. 1:8). ഓരോ ക്രിസ്തു ശിഷ്യന്റെയും ജീവിതത്തില്‍ ഏറ്റവും ഒന്നാമത്തെ ചിന്ത ദൈവമായിരിക്കണം. ഏറ്റവും അവസാത്തെ ചിന്തയും അതുപോലെ തന്നെ. ദൈവം നമ്മുടെ ജീവിതത്തിന്റെ കേന്ദ്രവും പരിധിയും ആയിരിക്കണം. നാം ദൈവത്തില്‍ – അവിടുന്നു നമുക്കായി വരച്ചിട്ടുള്ള വൃത്ത പരിധിയില്‍ തന്നെ – ഇരിക്കയും ചരിക്കയും ജീവിക്കയും ചെയ്യുന്നു. ആ വൃത്തത്തിനുള്ളില്‍ നാം എപ്പോഴും അവിടുത്തെ കണ്ടെത്തുകയും ചെയ്യും (അപ്പൊ. പ്ര. 17:26,27).

ഈ പ്രാര്‍ത്ഥനയുടെ അവസാനത്തിലുള്ള മൂന്നു പ്രസ്താവനകളെ മരുഭൂമിയില്‍ വച്ച് നമ്മുടെ കര്‍ത്താവിനുണ്ടായ മൂന്നു പ്രലോഭനങ്ങളോടു താരതമ്യപ്പെടുത്താം.

രാജ്യം ദൈവത്തിനുള്ളത്

ഒന്നാമതായി രാജ്യം അവിടുത്തേക്കുള്ളതാകുന്നുവല്ലോ എന്ന പ്രസ്താവന.

കര്‍ത്താവിനുണ്ടായ മൂന്നാമത്തെ പരീക്ഷയില്‍ പിശാച് ലോകത്തിലെ സകല രാജ്യങ്ങളും അവിടുത്തേക്കു കാണിച്ചു കൊടുത്തിട്ട് എന്നെ ഒന്നു വണങ്ങി ഇവ സ്വീകരിച്ചു കൊള്‍ക എന്നു പറയുന്നതിനോട് ഇതിനെ താരതമ്യപ്പെടുത്തുക. എന്നാല്‍ യേശു പറഞ്ഞത് ഇപ്രകാരമാണ്: ”ഇല്ല. രാജ്യം പിതാവിന്റേതാണ്. അവിടുന്നു മാത്രമാണ്. രാജാവ്.” അങ്ങനെ യേശു സാത്താന്റെ കൈയില്‍ നിന്നു രാജ്യം സ്വീകരിക്കുവാന്‍ വിസമ്മതിച്ചു.

അതിനാലാണ് തന്റെ ഇഹലോക ജീവിത കാലത്ത് ഒരിക്കലും ഒരു രാജാവായി തീരാന്‍ യേശു ആഗ്രഹിക്കാതിരുന്നത്. ആളുകള്‍ അവിടുത്തെ പിടിച്ചു രാജാവാക്കുവാന്‍ ശ്രമിച്ചപ്പോള്‍ കര്‍ത്താവ് അവരെ വിട്ടൊഴിഞ്ഞു പോയി (യോഹ. 6:15). അവിടുന്ന് എല്ലാ മനുഷ്യര്‍ക്കും ഒരു ദാസനായി ജീവിച്ചു.

നാമും മറ്റുള്ളവരുടെ മേല്‍ രാജാക്കന്മാരാകുവാന്‍ ആഗ്രഹിക്കരുതെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു. ഒരു നേതാവാകുവാന്‍, അഥവാ ഒരു ക്രിസ്തീയ നേതാവാകുവാന്‍, തന്റെ സഹവിശ്വാസികള്‍ക്കുപരി ഏതെങ്കിലും വിധത്തില്‍ ഉന്നതനാകുവാന്‍, ആഗ്രഹിക്കുന്ന ഏതൊരുവനും ”പിതാവേ, അവിടുന്നു മാത്രമാണ് രാജസ്ഥാനത്തിനു യോഗ്യന്‍” എന്നു പ്രാര്‍ത്ഥിപ്പാന്‍ അര്‍ഹതയില്ലാത്തവനാണ്. ദൈവത്തിന്റ സഭയില്‍ ദൈവം മാത്രമാണ് രാജാവാകേണ്ടത്. നാം രാജാക്കന്മരായിട്ടല്ല, ദാസന്മാരായിട്ടാണ് തീരേണ്ടത്.

ശക്തി ദൈവത്തിനുള്ളത്

അടുത്ത പ്രസ്താവന ”ശക്തി ദൈവത്തിനുള്ളത്” എന്നത്രേ. ”ബലം ദൈവത്തിനുള്ളത്” (സങ്കീ. 62:11).അവിടുന്നു നമുക്കു ശക്തി നല്‍കുന്നത് താല്‍ക്കാലികമായ ഒരു കടമായിട്ടും അവിടുത്തെ മഹത്വത്തിനു വേണ്ടി ഉപയോഗിപ്പാനുമാണ്. എങ്കിലും അത് അവിടുത്തെ വക തന്നെയാണ്. നമ്മുടെ തന്നെ സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിപ്പാനായി ദൈവം നമുക്കു ശക്തി നല്‍കുന്നില്ല.

ഇതിനെ കര്‍ത്താവിന്റെ ആദ്യത്തെ പരീക്ഷയുമായി താരതമ്യപ്പെടുത്തുക. പിശാച് കര്‍ത്താവിനോട് ”നിനക്കു കല്ല് അപ്പമാക്കി തീര്‍ക്കുവാനും നിന്റെ വിശപ്പു ശമിപ്പിക്കുവാനുമുള്ള ശക്തിയുണ്ടല്ലോ. ഇപ്പോള്‍ അത് ഉപയോഗിക്കുക” എന്നു പറഞ്ഞു. യേശു ഉത്തരം പറഞ്ഞു. ”ഇല്ല, എല്ലാ ശക്തിയും ദൈവത്തിന്റേതത്രേ. അവിടുന്ന് എന്നോട് അതുപയോഗിപ്പാന്‍ പറയുന്നതു വരെ ഞാന്‍ അത് ഉപയോഗിക്കുകയില്ല.”

പല വിശ്വാസികളും ഈ രംഗത്ത് അവിശ്വസ്തരാണ്. ദൈവം അവര്‍ക്ക് ആത്മീയമായ ഒരു കൃപാവരം നല്‍കുമ്പോള്‍ അവര്‍ അതിനെ തങ്ങളുടെ തന്നെ സ്വാര്‍ത്ഥപരമായ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു.

ആത്മീയമോ ലൗകികമോ ആയ ഏതൊരു ശക്തിയാണ് നിങ്ങള്‍ക്കുള്ളതെങ്കിലും – അതു പ്രവചന വരമാകട്ടെ. രോഗശാന്തി വരമാകട്ടെ, സംഗീത പാടവമാകട്ടെ – ശക്തി ദൈവത്തിനുള്ളതെന്ന് ഓര്‍ത്തുകൊള്ളുക. നമ്മെത്തന്നെ ഉയര്‍ത്തുവാനായി അവിടുന്ന് ഒരു കൃപാവരമോ ശക്തിയോ നമുക്കു നല്‍കുന്നില്ല.

നാം ദൈവത്തിന്റെ കൃപാവരങ്ങളെ സ്വാര്‍ത്ഥപരമായി, നമ്മുടെ തന്നെ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പക്ഷം യേശുവിന് ദേവാലയത്തില്‍ നിന്നു പുറത്താക്കേണ്ടി വന്ന പൊന്‍ വാണിഭക്കാരനെപ്പോലെ നാം ആയിത്തീരും. അവര്‍ എന്താണവിടെ ചെയ്തു കൊണ്ടിരുന്നത്? മതത്തിന്റെ പേരില്‍ അവര്‍ തങ്ങള്‍ക്കു വേണ്ടി തന്നെ പണം സമ്പാദിക്കുകയായിരുന്നു. ”ഞങ്ങള്‍ ദൈവത്തെ സേവിക്കുകയാണ്” എന്ന് അവര്‍ പറഞ്ഞിരുന്നെങ്കിലും അവര്‍ സത്യത്തില്‍ സ്വന്ത ഗുണത്തെയാണ് സേവിച്ചു കൊണ്ടിരുന്നത്.

ഇന്നും അതുപോലെയുള്ള ആളുകള്‍ ഉണ്ട്. യേശുക്രിസ്തുവിന്റെ പേരില്‍ അവിടുത്തെ നാമം തങ്ങളുടെ സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ക്കു വേണ്ടി ഉപയോഗിച്ചു കൊണ്ട് തങ്ങള്‍ക്കായി പേരു സമ്പാദിക്കുന്നവരെയും തങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി പണം സമ്പാദിക്കുന്നവരെയും ഇന്നു നമുക്കു കാണാന്‍ കഴിയും.

യേശുക്രിസ്തുവിന്റെ നാമത്തില്‍ ചിലതു ചെയ്യുകയും അതേസമയം അതു മുഖേന തങ്ങള്‍ക്കായി തന്നെ ലാഭമുണ്ടാക്കുകയും ചെയ്യുന്നത് – ആ ലാഭം പണമോ പ്രശസ്തിയോ ബഹുമാനമോ ഉന്നത സ്ഥാനമോ സുഖമോ എന്തുമാകട്ടെ – വലിയ ഒരു ദോഷം തന്നെയാണ്. ദൈവഭക്തി നമുക്ക് ഒരിക്കലും ഒരാദായ മാര്‍ഗ്ഗമാകരുത് (1 തിമൊഥി 6:5). ഇന്നു ദൈവത്തിന്റെ പ്രവാചകന്മാര്‍ പൊന്‍വാണിഭക്കാരെ ദൈവാലയത്തില്‍ നിന്നു തുരത്തി പുറത്താക്കേണ്ടതാണ്.

മഹത്വം ദൈവത്തിനുള്ളത്

മൂന്നാമതായി, ”മഹത്വവും ദൈവത്തിനുള്ളത്.”

ഈ ആത്മീയമായ പ്രാര്‍ത്ഥന സത്യസന്ധമായി പ്രാര്‍ത്ഥിച്ചതിനു ശേഷം, ആത്മീയമായ ഈ ജീവിതം നാം സ്വായത്തമാക്കിയ ശേഷം, കര്‍ത്താവിനു വേണ്ടി അത്ഭുതകരമായ ഒരു ശുശ്രൂഷ നിറവേറ്റിയ ശേഷം, അതിന്റെയെല്ലാം ഒടുവിലായി ”ഞങ്ങള്‍ അര്‍ഹതയില്ലാത്ത അടിമകള്‍. ഞങ്ങള്‍ ചെയ്യാന്‍ കടപ്പെട്ടിരുന്നതു മാത്രമേ ചെയ്തിട്ടുള്ളു” എന്നു മാത്രമേ നമുക്കു പറയാന്‍ കഴിയൂ (ലൂക്കൊ. 17:10).

നാം പറയുന്നത് നാം അര്‍ത്ഥമാക്കുകയും ചെയ്യുന്നു. ”ദൈവം എന്നെ സഹായിച്ചു” എന്നു പറകയും അതിനെതിരായി തങ്ങള്‍ക്കു തന്നെ പ്രശസ്തി സമ്പാദിക്കുകയും ചെയ്യുന്നവരെപ്പോലെ കപട വിനയം നടിച്ചുകൊണ്ടുള്ള വാക്കുകളല്ല നാം ഉച്ചരിക്കുന്നത്.

യേശു മരുഭൂമിയില്‍ അഭിമൂഖീകരിച്ച രണ്ടാമത്തെ പരീക്ഷയുമായി ഈ പ്രസ്താവനയെ താരത്യമപ്പെടുത്തുക. ദേവാലയത്തിന്റെ അഗ്രസ്തൂപത്തില്‍ നിന്നു ദൈവിക സംരക്ഷണം അവകാശപ്പെട്ടുകൊണ്ട് താഴോട്ടു ചാടുകയും യാതൊരു കേടുപാടും കൂടാതെ താഴെയെത്തുകയും ചെയ്ത ശേഷം ജനങ്ങളില്‍ നിന്ന് അവരുടെ മിശിഹാ എന്ന ബഹുമാനവും സ്വാഗതവും നേടുവാന്‍ സാത്താന്‍ യേശുവിനെ പ്രലോഭിപ്പിച്ചു. എന്നാല്‍ യേശു ഉത്തരം പറഞ്ഞു: ”ഇല്ല, എല്ലാ മഹത്വവും പിതാവിനു മാത്രം.”

”ദൈവം തീക്ഷ്ണതയുള്ള ദൈവമാണ്. അവിടുന്നു തന്റെ മഹത്വം മറ്റൊരുത്തനും വിട്ടു കൊടുക്കയില്ല” (യെശ. 42:8). ഏതെങ്കിലും മനുഷ്യന് മഹത്വം ലഭിക്കുന്ന ഒരു കാര്യം നിത്യത മുഴുവന്‍ നോക്കിയാലും സ്വര്‍ഗ്ഗത്തില്‍ കാണുകയില്ല. എല്ലാ മഹത്വവും ദൈവത്തിനു തന്നെ.

തന്റെ ഹൃദയത്തില്‍ സ്വര്‍ഗ്ഗത്തിന്റെ ആത്മാവിനെ സ്വായത്തമാക്കിയിട്ടുള്ള ഒരു മനുഷ്യന് ഇപ്പോള്‍ തന്നെ ആ മനോഭാവം ഉണ്ടായിരിക്കും. ആളുകളുടെ ശ്രദ്ധ തന്റെ മേലോ തന്റെ വേലയുടെ മേലോ വരാതെ ദൈവത്തിങ്കലേക്കു തന്നെ തിരിയുമാറു താന്‍ പശ്ചാത്തലത്തിലായിരിക്കാന്‍, അദൃശ്യനും അജ്ഞാതനുമായിരിക്കയും ചെയ്യും.

അപ്രകാരമുള്ള ഒരു മനുഷ്യന് താന്‍ ദൈവത്തിനുവേണ്ടി ചെയ്തിട്ടുള്ള കാര്യത്തെപ്പറ്റിയോ താന്‍ എന്തായിരുന്നു എന്നതിനെപ്പറ്റിയോ യാതൊരു സ്വയംബോധവും ഉണ്ടായിരിക്കുകയില്ല. തനിക്കു ലഭിച്ചിട്ടുള്ളതല്ലാതെ മറ്റു യാതൊന്നും അയാള്‍ക്കില്ല. അതിനാല്‍ പൗലൊസിനോടു ചേര്‍ന്ന് ”എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിലല്ലാതെ പ്രശംസിക്കുവാന്‍ ഇടവരരുത്” എന്നു പറയും (ഗലാ. 6:14).

ഫിലിപ്പിയര്‍ 3:14ല്‍ ”പിമ്പിലുള്ളതിനെ മറന്ന്” എന്ന് പൗലൊസ് പറയുന്നു. പൗലൊസിന്റെ പിമ്പില്‍ എന്താണുണ്ടായിരുന്നത്? വിജയകരമായ ഒരു ജീവിതവും കര്‍ത്താവിനു വേണ്ടി ചെയ്യപ്പെട്ട മഹത്തായ ഒരു ശുശ്രൂഷയും. തന്റെ ജീവിതത്തിനും ശുശ്രൂഷയ്ക്കും വേണ്ടിയുള്ള എല്ലാ മഹത്വവും അദ്ദേഹം ദൈവത്തിനു കൊടുക്കുക മൂലം അതെല്ലാം തന്റെ മനസ്സില്‍ നിന്നു നീക്കി കളയുകയാണ് അദ്ദേഹം ചെയ്തത്.

ന്യായവിധി ദിവസത്തില്‍ തന്റെ മുമ്പാകെ നില്ക്കുവാന്‍ പോകുന്ന രണ്ടു കൂട്ടം ആളുകളെപ്പറ്റി യേശു പറഞ്ഞിട്ടുണ്ട്. ഒരു കൂട്ടര്‍ ”കര്‍ത്താവേ, ഞങ്ങള്‍ അവിടുത്തെ നാമത്തില്‍ പ്രവചിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും വളരെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.” എന്നു പറയും. കര്‍ത്താവ് അവരോട് ”അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരെ എന്നെ വിട്ടു പോകുവിന്‍” എന്നുത്തരം പറയും (മത്താ. 7:22,23). മറ്റേ കൂട്ടരോട് യേശു പറയും: ”എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു. ദാഹിച്ചു. നിങ്ങള്‍ കുടിപ്പാന്‍ തന്നു. ഞാന്‍ നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു. രോഗിയായിരുന്നു. നിങ്ങള്‍ എന്നെ കാണ്മാന്‍ വന്നു. തടവില്‍ ആയിരുന്നു. നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.” എന്നാല്‍ തങ്ങള്‍ ഈ കാര്യങ്ങള്‍ ചെയ്തതായി അവര്‍ക്കു ബോധ്യമുണ്ടാവുകയില്ല. അവരുടെ ഉത്തരം, ”കര്‍ത്താവേ, ഞങ്ങള്‍ ഇതൊക്കെയും എപ്പോഴാണ് ചെയ്തത്? ഈ കാര്യങ്ങള്‍ ചെയ്തതായി ഞങ്ങള്‍ ഓര്‍ക്കുന്നില്ലല്ലോ.” എന്നായിരിക്കും. ഇത് അത്ഭുതകരമല്ലേ? കര്‍ത്താവു പറയും: ”നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവരത്രേ, എന്റെ രാജ്യം അവകാശമാക്കുവാന്‍ നിങ്ങള്‍ക്ക് അര്‍ഹത ലഭിച്ചിരിക്കുന്നു” (മത്താ. 25:13,14).

നീതിമാന്മാര്‍ നന്മ ചെയ്കയും തങ്ങള്‍ ചെയ്ത കാര്യം മറന്നു പോകയും ചെയ്യുന്നു. അനീതി പ്രവര്‍ത്തിക്കുന്നവരാകട്ടെ, തങ്ങള്‍ ചെയ്ത എല്ലാ സല്‍പ്രവൃത്തികളും മനസ്സില്‍ കുറിച്ചു വയ്ക്കുന്നു.
കര്‍ത്താവിനു വേണ്ടിയും മറ്റുള്ളവര്‍ക്കു വേണ്ടിയും നാം ചെയ്യുന്ന എല്ലാ സല്‍പ്രവൃത്തികളെയും പറ്റി നാം ബോധവാന്മാരോ? അങ്ങനെയെങ്കില്‍ നാം തെറ്റായ കൂട്ടത്തിലാണ്.

എന്നുമെന്നേക്കും

കര്‍ത്താവു പാഠിപ്പിച്ച പ്രാര്‍ത്ഥനയിലെ തുടര്‍ന്നു വരുന്ന ഭാഗം ”എന്നുമെന്നേക്കും” എന്ന പദമണ്. ഏതാനും വര്‍ഷങ്ങളിലേക്കു മാത്രമല്ല, നിത്യകാലത്തേക്കും എന്നാണ് ഇതിനര്‍ത്ഥം.

നിത്യതയില്‍ മുഴുവന്‍ നാം ചെയ്യുവാന്‍ പോകുന്ന കാര്യം ഇതു തന്നെ. ദൈവത്തെ സ്തുതിക്കുകയും അവിടുത്തെ നാമത്തിന് അത് അര്‍ഹിക്കുന്ന മഹത്വം കൊടുക്കയും ചെയ്യുക. നമ്മുടെ എല്ലാ പ്രാര്‍ത്ഥനകളും സമാപിക്കേണ്ടത് മഹത്വകരമായ ഈ വിധത്തില്‍ തന്നെയാണ്. യാതൊരു പുകഴ്ചയും നമുക്ക് ഉണ്ടാകാതിരിക്കത്തക്ക വണ്ണം എല്ലാ സ്തുതിയും ബഹുമാനവും മഹത്വവും ദൈവത്തിനു കൊടുക്കുക.

നാം എല്ലായ്‌പ്പോഴും ആളുകളുടെ ശ്രദ്ധയെ നമ്മില്‍ നിന്നകറ്റി ദൈവത്തിങ്കലേക്ക് ആക്കിത്തീര്‍ക്കണം. എല്ലാ സമയത്തും നാം പശ്ചാത്തലത്തില്‍ മറഞ്ഞിരിക്കുവാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ നമുക്കുവേണ്ടിയും നമ്മിലും നാം മുഖാന്തരവും തന്റെ ഉദ്ദേശ്യത്തില്‍ പെട്ട വളരെയധികം കാര്യങ്ങള്‍ നിറവേറ്റുവാന്‍ ദൈവത്തിനു കഴിയും.

അപ്രകാരം തന്നെ

അവസാനത്തെ വാക്ക് ”ആമേന്‍ ” എന്നത്രേ.

ഈ അത്ഭുതകരമായ പ്രാര്‍ത്ഥനയിലെ ഒറ്റ പദം പോലും വിട്ടു കളയുവാന്‍ നാം ആഗ്രഹിക്കുന്നില്ല. തീര്‍ച്ചയായും അവസാനത്തെ പദമായ ”ആമേന്‍” എന്നതിനെയും വിട്ടു കളയാന്‍ സാധ്യമല്ല.

”ആമേന്‍” എന്ന പദത്തിന് എന്താണര്‍ത്ഥം? ദൗര്‍ഭാഗ്യവശാല്‍ തങ്ങളുടെ മതപരമായ പദസഞ്ചയത്തില്‍ ക്രിസ്ത്യാനികള്‍ അലസമായി ഉപയോഗിക്കുന്ന പദങ്ങളില്‍ ഒന്നായി ഇതു തീര്‍ന്നിട്ടുണ്ട്.

എന്നാല്‍ നിങ്ങള്‍ ”ആമേന്‍” എന്നതിന്റെ അര്‍ത്ഥം ഉല്‍പത്തി 15:6ല്‍ ഉപയോഗിച്ചിട്ടുള്ള ഒരു എബ്രായ ഭാഷാ പദമാണത്. അത് ഇപ്രകാരമാണ്. അബ്രഹാം ദൈവത്തില്‍ വിശ്വസിച്ചു. അബ്രഹാമിന് മക്കളില്ലാതിരുന്ന സമയത്ത് അദ്ദേഹത്തിന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായ സന്തതിയുണ്ടാകുമെന്നു ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു. അസാധ്യമായ ആ കാര്യത്തിന് ”ആമേന്‍, അവിടുന്ന് അപ്രകാരം കല്പിക്കുകയാല്‍ അത് അപ്രകാരം തന്നെ, കര്‍ത്താവേ” എന്ന് അബ്രഹാം ഉത്തരം പറഞ്ഞു.

ഇതാണ് ആമേന്‍ എന്നതിന്റെ അര്‍ത്ഥം. വിശ്വാസത്തിന്റെ ഒരു സ്ഥിരീകരണം തന്നെയാണത്.

മറ്റൊരു രൂപത്തില്‍ പറഞ്ഞാല്‍ നാം ഇപ്രകാരം പറഞ്ഞുകൊണ്ട് നമ്മുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു. ”പിതാവേ, ഞാന്‍ ചോദിച്ചിട്ടുള്ള എല്ലാ കാര്യങ്ങളും നല്‍കപ്പെടുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അവിടുത്തെ നാമം സ്വര്‍ഗ്ഗത്തില്‍ എങ്ങനെയോ അപ്രകാരം തന്നെ ഭൂമിയിലും വിശുദ്ധീകരിക്കപ്പെടും. അവിടുത്തെ രാജ്യം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും സ്ഥാപിതമാകും. അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തില്‍ ഏതുവിധമോ അതുവിധം ഭൂമിയിലും നടക്കും. അങ്ങു ഞങ്ങള്‍ക്കു ഞങ്ങളുടെ ദിനംപ്രതിയുള്ള ആഹാരം നല്‍കും. അവിടുന്നു ഞങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കും. അവിടുന്നു ഞങ്ങളോടു ക്ഷമിച്ചതുപോലെ മറ്റുള്ളവരോടും ക്ഷമിക്കുവാന്‍ അവിടുന്നു ഞങ്ങളെ പ്രാപ്തരാക്കും. ഞങ്ങള്‍ക്കു തരണം ചെയ്യുവാനാവാത്ത വിധം കഠിനമായ പരീക്ഷയൊന്നും അവിടുന്നു ഞങ്ങള്‍ക്കു നല്‍കുകയില്ല. അവിടുന്നു ഞങ്ങളെ ദുഷ്ടനില്‍ നിന്നു വിടുവിക്കും. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അവിടുത്തേക്കു തന്നെ. അപ്രകാരം തന്നെ, പിതാവേ. അതു പൂര്‍ണ്ണ ഹൃദയത്തോടെ ഞാന്‍ വിശ്വസിക്കുന്നു. അമേന്‍, ആമേന്‍.”