സർദ്ദിസിലെ സഭയെക്കുറിച്ച് ദൈവത്തിൻ്റെ വിലയിരുത്തല്‍ – WFTW 3 മെയ് 2020

സാക് പുന്നന്‍

വെളിപ്പാട് 3:1–6 പറയുന്നത് സർദ്ദിസിലെ സഭയുടെ ദൂതന് എഴുതുക….സർദ്ദിസിലെ ദൂതന്‍(മൂപ്പന്‍), മറ്റുള്ളവരുടെ മുമ്പില്‍ ഒരു ആത്മീയ മനുഷ്യന്‍ ആണെന്ന ഒരു വലിയ പ്രശസ്തി പടുത്തുയര്ത്തി്യിട്ടുള്ള ഒരാളായിരുന്നു. എന്നാല്‍ അയാളെക്കുറിച്ച് ദൈവത്തിനുണ്ടായിരുന്ന അഭിപ്രായം അയാളുടെ സഹവിശ്വാസികളുടേതിന് നേരേ എതിരായിരുന്നു. ഇതു കാണിക്കുന്നത് സർദ്ദിസിലെ വിശ്വാസികള്‍ എത്രമാത്രം ജഡികരും വേഗത്തില്‍ കബളിപ്പിക്കപ്പെടാവുന്നവരും ആണെന്നാണ്.

90 ശതമാനത്തിൽ അധികം വിശ്വാസികൾക്കും ഒരു ജഡിക പ്രാസംഗികനെയും ഒരു ആത്മീയ പ്രാസംഗികനേയും തമ്മിൽ വേർതിരിക്കാൻ കഴിയുന്നില്ല. അതുതന്നെയല്ല 99 ശതമാനത്തിൽ അധികം വിശ്വാസികൾക്ക് മാനുഷിക ദേഹീ ശക്തിയും പരിശുദ്ധാത്മ ശക്തിയും തമ്മിലും വേർതിരിക്കാൻ കഴിയുന്നില്ല. മിക്ക വിശ്വാസികളും ആത്മീയ വരങ്ങളുടെ പ്രദര്ശനത്താലും അഭ്യാസത്താലും ആകർഷിക്കപ്പെടുന്നു, അങ്ങനെയാണ് അവർ ഒരു പ്രാസംഗികനെയോ ഒരു മൂപ്പനെയോ വിലയിരുത്തുന്നത്. അങ്ങനെയാണ് അവർ വഞ്ചിക്കപ്പെടുന്നതും. ദൈവം എങ്ങനെ ആയാലും ഹൃദയത്തെയാണ് നോക്കുന്നത്. സർദ്ദിസിലെ ദൂതന് ആത്മാവിന്റെ വരങ്ങൾ ഉണ്ടായിരുന്നിരിക്കാം. എങ്കിലും അയാൾ ആത്മീയമായി മരിച്ചവനായിരുന്നു. ഇത് നമുക്കെല്ലാവർക്കും ശ്രദ്ധിക്കുവാനുള്ള ഒരു മുന്നറിയിപ്പാണ്. നമ്മുടെ സഹവിശ്വാസികളിൽ 99 ശതമാനം പേർക്കും നമ്മെക്കുറിച്ചുള്ള അഭിപ്രായം 100 ശതമാനം തെറ്റാകാൻ കഴിയും! നമ്മെക്കുറിച്ച്‌ ദൈവത്തിനുള്ള അഭിപ്രായം അവരുടെ അഭിപ്രായത്തിന് നേരെ എതിരായിരിക്കാം. അതുതന്നെ ഒരു സഭയുടെ കാര്യത്തിലും പ്രയോഗിക്കാം. ഒരു സഭ ‘ആത്മീയമായി ജീവനുള്ളതാണെന്ന്’ മറ്റുള്ളവർ കരുതിയേക്കാം. എന്നാൽ അത് ആത്മീയമായി മരിച്ചതെന്നായിരിക്കും ദൈവം അതിനെ അറിയുന്നത്. മറിച്ചും സംഭവിക്കാം. ആത്മീയമായി ജീവനുള്ളതെന്ന്‌ ദൈവം കണക്കാക്കിയ സഭകളെ മരിച്ചതെന്ന് വിവേചനമില്ലാത്ത മനുഷ്യർ കണക്കാക്കിയേക്കാം.

മിക്ക വിശ്വാസികളും ഒരു സഭയെ വിലയിരുത്തുന്നത്, അവർ സഭാ യോഗങ്ങൾക്കു കടന്നു വരുമ്പോൾ അവർക്കു ലഭിക്കുന്ന വരവേൽപ്പിന്റെ ഊഷ്മളത, കൂടി വരവിന്റെ വലിപ്പം, യോഗത്തിലുണ്ടാകുന്ന ശബ്ദകോലാഹലത്തിന്റെയും വികാരത്തിന്റെയും അളവുകൾ, പാടുന്നതിലുള്ള സംഗീത ഗുണമേന്മ, പ്രസംഗങ്ങളിലുള്ള ബുദ്ധിപരമായ അന്തസത്ത, കൂടാതെ സ്തോത്രകാഴ്ചയിൽ കിട്ടുന്ന തുക എന്നിവയിലാണ്! എന്നാൽ ഇവ ഒന്നിനാലും ദൈവത്തിനു മതിപ്പുളവാകുന്നില്ല.

ദൈവം സഭയെ വിലമതിക്കുന്നുന്നത്‌ അതിലെ അംഗങ്ങളുടെ ഹൃദയത്തിൽ കാണുന്ന ക്രിസ്തു തുല്യമായ താഴ്മ, നിർമ്മലത, സ്നേഹം, സ്വയകേന്ദ്രീകൃത ജീവിതത്തിൽ നിന്നുള്ള സ്വാതന്ത്ര്യം മുതലായവയുടെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് ഒരു സഭയെപ്പറ്റിയുള്ള ദൈവത്തിന്റെ മൂല്യ നിർണ്ണയവും മനുഷ്യന്റെ മൂല്യ നിർണ്ണയവും തമ്മിൽ പരസ്പരം പൂർണ്ണമായും വ്യത്യസ്തമായിരിക്കാം. വാസ്തവത്തിൽ സാധാരണയായി അവ അങ്ങനെയാണ്. സർദ്ദിസിൽ ഇസബെൽമാരോ, ബിലെയാമിന്റെ ഉപദേശമോ, നിക്കൊലാവ്യരുടെ ഉപദേശമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവർക്കു അതിനേക്കാൾ മോശമായ ചില കാര്യങ്ങൾ ഉണ്ടായിരുന്നു- കാപട്യം. തനിക്കു വേണ്ടി താൻ പണിതുയർത്തിയ പ്രശസ്തിയെക്കുറിച്ചു സർദ്ദിസിലെ ദൂതന് രഹസ്യ സംതൃപ്തി തോന്നിയിരിക്കാം. അല്ലെങ്കിൽ അയാൾ ഒരു കപട ഭക്തനായി തീരുകയില്ലായിരുന്നു. ആത്മീയമായി ജീവനുള്ള ഒരാൾ മറ്റുള്ളവരാൽ അറിയപ്പെടുന്നതിൽ തെറ്റൊന്നുമില്ല, അവർക്കു നമ്മെക്കുറിച്ചുള്ള അഭിപ്രായത്തിൽ നമുക്കൊരു സ്വയ തൃപ്തി ഉണ്ടാകുന്നില്ലെങ്കിൽ. എന്നാൽ നാം കർത്താവിനു വേണ്ടി ചെയ്യുന്ന കാര്യത്തിൽ നമുക്കുവേണ്ടിത്തന്നെ ഒരു പേര് അന്വേഷിക്കുന്നുണ്ടെങ്കിൽ, അപ്പോൾ നാം ദൈവത്തിന്റെ മുമ്പാകെ ജീവിക്കാതെ മനുഷ്യരുടെ മുമ്പില്‍ ജീവിക്കുന്നവരായി അവസാനിക്കും. അപ്പോൾ മനുഷ്യന്റെ അഭിപ്രായം വിലയില്ലാത്തതാണെന്ന് നാം മനസ്സിലാക്കിയിട്ടില്ലെന്നു നമുക്ക് സമ്മതിക്കേണ്ടി വരും.

ക്രിസ്തീയ ഗോളം മുഴുവൻ സ്ഥിരമായി കാര്യങ്ങൾ ചെയ്യുകയും അവർക്കൊരു പേര് ലഭിക്കേണ്ടതിനായി അതിനെക്കുറിച്ചു റിപ്പോർട്ട് എഴുതുകയും ചെയ്യുന്ന പ്രാസംഗികരാൽ നിറഞ്ഞിരിക്കുന്നു, അവരെല്ലാവരും സർദ്ദിസിലെ ദൂതനെപ്പോലെ അവസാനിക്കും. അവർ അന്ത്യ നാളിൽ കർത്താവിനാൽ ന്യായം വിധിക്കപ്പെടുകയും ചെയ്യും, കാരണം ദൈവത്തിന്റെ മുമ്പില്‍ അവരുടെ പ്രവർത്തികൾ പൂർണ്ണതയുള്ളതല്ല. നമ്മുടെ ലക്ഷ്യം മനുഷ്യരിൽ മതിപ്പുളവാക്കാനാണെങ്കിൽ, നമ്മുടെ പ്രവർത്തികൾ ദൈവ മുമ്പാകെ തികഞ്ഞവ ആയിരിക്കുവാൻ സാധ്യമല്ല. സർദ്ദിസിലെ മൂപ്പനും ആത്മീയമായി ഗാഢനിദ്രയിലയായിരുന്നു.

യേശു തന്റെ ശിഷ്യന്മാരോട് തന്റെ വരവിനു വേണ്ടി ഒരുക്കേണ്ടതിനു സദാ ഉണർന്നും പ്രാർത്ഥിച്ചും കൊണ്ട് ഇരിക്കേണ്ട വലിയ ആവശ്യത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകി – കാരണം ലോകചിന്തകൾക്കും മാമ്മോനോടുള്ള സ്നേഹത്തിനും, ഏറ്റവും നല്ല വിശ്വാസികളെപ്പോലും ഉറക്കത്തിലേക്കു തള്ളിയിടാനുള്ള ഒരു വഴിയുണ്ട് (ലൂക്കോസ് 21 : 34 -36 ). ഒരു മനുഷ്യൻ ഉറങ്ങുമ്പോൾ അവനു ചുറ്റും യഥാർത്ഥ ലോകത്തിൽ സംഭവിക്കുന്ന ഒന്നിനെക്കുറിച്ചും അവന്‍ അറിയുന്നില്ല. അവന്റെ സ്വപ്നത്തിലെ യാഥാർത്ഥമല്ലാത്ത ലോകത്തെക്കുറിച്ചാണ് അവൻ കൂടുതൽ ബോധവാനായിരിക്കുന്നത്. ആത്മീയമായി ഉറങ്ങുന്നവരുടെ കാര്യത്തിലും ഇത് അങ്ങനെതന്നെയാണ്. ദൈവരാജ്യത്തിന്റെ യഥാർത്ഥമായ ലോകത്തെക്കുറിച്ച് അവൻ അറിയുന്നില്ല. യഥാർത്ഥമല്ലാത്ത താൽക്കാലികമായ ഭൌതിക സമ്പത്ത്, സന്തോഷം, സുഖം, ഭൌമിക ബഹുമാനങ്ങൾ, പ്രശസ്തി എന്നിവയുടെ താൽക്കാലിക ലോകത്തോട് ഏതു വിധത്തിലും അവർ സജീവമാണ്. സർദ്ദിസിലെ സഭയുടെ ദൂതന്റെ കാര്യത്തിൽ അത് അങ്ങനെ ആയിരുന്നു.

കർത്താവ് അവനോട് ഉണര്ന്നെഴുന്നേൽക്കുവാനും – മറ്റു വാക്കുകളിൽ പറഞ്ഞാൽ അവന്റെ സ്വപ്നത്തിലെ അയഥാർത്ഥലോകത്തെ (ഭൗതികതയുടെ ലോകം) ഉപേക്ഷിച്ച് – അവന്റെ ജീവിതത്തിൽ ആത്മീയ മരണത്തിലേക്ക് ആഴ്ന്നു കൊണ്ടിരിക്കുന്നതും എന്നാൽ ഇപ്പോഴും മരിച്ചിട്ടില്ലാത്തതുമായ ഏതാനും കാര്യങ്ങളെ ശക്തിപ്പെടുത്തുവാനും പ്രബോധിപ്പിക്കുന്നു (വാക്യം.2 )കനലുകൾ പൂർണ്ണമായും കെട്ട് പോയിട്ടില്ല. എന്നാൽ അവൻ എത്രയും വേഗം അതിനെ ഊതി കത്തിച്ച് ഒരു ജ്വാല ആക്കേണ്ടതുണ്ട്, അല്ലെങ്കിൽ അവ പൂർണ്ണമായി കെട്ടുപോകും (2. തിമൊഥെയൊസ്‌ 1: 6 – ആംപ്ലിഫൈഡ് ബൈബിള്‍). കർത്താവ് പറയുന്നത് അവന്റെ പ്രവൃത്തികൾ ഒന്നും ദൈവത്തിന്റെ ദൃഷ്ടിയിൽ പൂർണ്ണത ഉള്ളതായി കാണുന്നില്ല (വാക്യം. 2 കെ.ജെ.വി).അനേകം വിശ്വാസികളും ‘പൂർണ്ണത’ എന്ന വാക്കിനെ ഭയപ്പെടുന്നു. എന്നാൽ ഇവിടെ നാം കാണുന്നത് മൂപ്പന്റെ (ദൂതന്റെ) പ്രവൃത്തികൾ ദൈവത്തിന്റെ മുമ്പിൽ പൂർണ്ണത യുള്ളതായിരിക്കണമെന്ന് കർത്താവ് ആഗ്രഹിക്കുന്നു എന്നാണ്.
ആത്മീയ പൂർണ്ണത എന്നത് ഒരു വിശാലമായ വിഷയമാണ്. എന്നാൽ ഇവിടെ, മൂപ്പന്മാരുടെ പ്രവൃത്തികൾ ദൈവത്തിന്റെ അംഗീകാരം മാത്രം നേടാനുള്ള ഹൃദയത്തിന്റെ ഏകാഗ്രതയോടെ ആയിരുന്നില്ല എന്നാണ് അർത്ഥമാക്കുന്നത്. അയാളുടെ പ്രവൃത്തികൾ നല്ലതായിരുന്നു- അതുകൊണ്ടാണ് അവന് ആത്മീയമായി ജീവനുള്ളവനാണെന്നുള്ള പേര് ലഭിച്ചത്.

എന്നാൽ അവ ദൈവനാമ മഹത്വത്തിന് വേണ്ടിയല്ല നിവർത്തിക്കപ്പെട്ടത്. അവ മനുഷ്യരിൽ മതിപ്പുളവാക്കുന്നതിനു വേണ്ടി ചെയ്യപ്പെട്ടവയാണ്. അതുകൊണ്ട് അവയെല്ലാം നിർജീവ പ്രവൃത്തികൾ ആയിരുന്നു. അവന്റെ ” വിശുദ്ധ പ്രവർത്തനങ്ങളിലെല്ലാം അതിക്രമങ്ങൾ ഉണ്ടായിരുന്നു” (പുറപ്പാട്‌ 28:38 ). ദൈവത്തിന് അതിനെ അംഗീകരിക്കാൻ കഴിയേണ്ടതിന്, ആത്മാവിലെ കന്മഷങ്ങളിൽ നിന്ന് അവനെ ശുദ്ധീകരിക്കേണ്ടതുണ്ടായിരുന്നു. (2കൊറിന്ത്യർ7:1). മനുഷ്യന്റെ മാനം നേടേണ്ടതിനു ചെയ്യപ്പെടുന്ന നല്ല പ്രവൃത്തികൾ നിർജീവ പ്രവൃത്തികൾ ആണ്. പൂർണ്ണതയിലേക്കുള്ള ഒന്നാമത്തെ ചുവട് എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ തിരുമുഖത്തിന്റെ മുമ്പില്‍ ചെയ്യുക എന്നതാണ്. നാം അവിടെ തുടങ്ങുന്നില്ലെങ്കിൽ, നാം ഒരിടത്തും എത്തുകയില്ല. നാം പ്രാർത്ഥിക്കുകയോ, ഉപവസിക്കുകയോ മറ്റുള്ളവരെ സഹായിക്കുകയോ അല്ലെങ്കിൽ എന്തുതന്നെ ചെയ്താലും നാം നമ്മോടു തന്നെ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം ഇതാണ്,” ഞാൻ ഈ കാര്യം ചെയ്യുന്നത്, മറ്റൊരാൾ ഇത് കണ്ടിട്ട് എന്നെ അഭിനന്ദിക്കണമെന്നാണോ ഞാൻ ചിന്തിക്കുന്നത് അതോ ഞാനിത് ദൈവത്തിന്റെ മഹത്വത്തിനുവേണ്ടി മാത്രം അവിടുത്തെ തിരുമുമ്പിലാണോ, ചെയ്യുന്നത്”? മിക്കവാറും നല്ല പ്രവൃത്തികളെ മലിനപ്പെടുത്തുന്നതും ദൈവത്തിന്റെ ദൃഷ്ടികളിൽ അതിനെ അപൂർണ്ണമാക്കുന്നതും അതിന്റെ തെറ്റായ ലക്ഷ്യമാണ്.