നിങ്ങളുടെ ജീവിതത്തിൽ ശരിയായ മുൻഗണന ഉള്ളവരായിരിക്കുക – WFTW 17 ജനുവരി 2021

സാക് പുന്നന്‍

“ഞാൻ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നിരിക്കുന്നത്, എൻ്റെ ഇഷ്ടം ചെയ്വാനല്ല, എന്നാൽ എന്നെ അയച്ചവൻ്റെ ഇഷ്ടം ചെയ്വാനത്രെ” (യോഹ. 6:38). യേശു എന്തു ചെയ്യുവാനാണ് ഭൂമിയിലേക്കു വന്നത് എന്ന് അവിടുന്നു തൻ്റെ സ്വന്തം വാക്കുകളിൽ ഇവിടെ നമ്മോടു പറയുന്നു. ഈ ഒരൊറ്റ വാചകത്തിൽ ഭൂമിയിലെ തൻ്റെ മുഴു ജീവിതത്തിലും ഓരോ ദിവസവും യേശു എങ്ങനെയാണു ജീവിച്ചത് എന്ന് ഒരു വിവരണം നമുക്കു ലഭിക്കുന്നു. നസ്രേത്തിലെ മുപ്പതു വർഷത്തെ യേശുവിൻ്റെ ജീവിതം മറഞ്ഞിരുന്ന വർഷങ്ങൾ ആയാണ് പരാമർശിച്ചിരിക്കുന്നത്. എന്നാൽ ആ 30 വർഷങ്ങളിലെ ഓരോ ദിവസവും യേശു എന്താണ് ചെയ്തത് എന്ന് ഇവിടെ താൻ വെളിപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് തൻ്റെ ഇഷ്ടത്തെ നിരസിച്ച് തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്തു.

ഭൂതകാല നിത്യത മുതൽ യേശു പിതാവിനോടൊപ്പം സ്വർഗ്ഗത്തിലായിരുന്നപ്പോൾ, അവിടുത്തേക്ക് ഒരിക്കലും തൻ്റെ സ്വന്ത ഹിതം ത്യജിക്കേണ്ടി വന്നില്ല, കാരണം അവിടുത്തെ ഇഷ്ടവും പിതാവിൻ്റെ ഇഷ്ടവും ഒന്നു തന്നെ ആയിരുന്നു. എന്നാൽ അവിടുന്ന് നമ്മുടെ ജഡത്തിൽ ഭൂമിയിലേക്കു വന്നപ്പോൾ, ആ ജഡത്തിന് ഓരോ കാര്യത്തിലും പിതാവിൻ്റെ ഇഷ്ടത്തിന് നേരെ വിരുദ്ധമായി വരുന്ന ഒരു സ്വന്ത ഇഷ്ടം ഉണ്ടായിരുന്നു. അപ്പോൾ യേശുവിന് തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യാൻ കഴിയുന്ന ഏക മാർഗ്ഗം എല്ലാ സമയവും അവിടുത്തെ സ്വന്ത ഹിതം ത്യജിക്കുക എന്നതു മാത്രമായിരുന്നു. ഇതായിരുന്നു തൻ്റെ ഭൂമിയിലെ ജീവിതകാലം മുഴുവൻ യേശു വഹിച്ച ക്രൂശ്- അവിടുത്തെ സ്വയ ഹിതത്തിൻ്റെ ക്രൂശീകരണം- നമുക്ക് അവിടുത്തെ അനുഗമിക്കണമെങ്കിൽ, ഇന്നു നാം ഓരോ ദിവസവും വഹിക്കണമെന്ന് അവിടുന്ന് നമ്മോട് ആവശ്യപ്പെടുന്ന ക്രൂശും ഇതു തന്നെയാണ്. സ്ഥിരമായി തൻ്റെ സ്വന്ത ഹിതത്തെ നിരസിച്ചതാണ് യേശുവിനെ ഒരു ആത്മീയ മനുഷ്യനാക്കി തീർത്തത്. നമ്മുടെ സ്വന്ത ഇഷ്ടത്തെ നിരസിക്കുന്നതാണ് നമ്മെയും ആത്മീയരാക്കി തീർക്കുന്നത്.

ദൈവവുമായി ഒരു പ്രാവശ്യത്തെ കൂടിക്കാഴ്ചയിലൂടെ ഉണ്ടാകുന്ന ഒന്നല്ല ആത്മീയത. അത് ദിവസം തോറും, ആഴ്ചതോറും, വർഷം തോറും സ്ഥിരമായി സ്വന്ത ഹിതം ത്യജിച്ച് ദൈവഹിതം ചെയ്യുന്ന മാർഗ്ഗം തിരഞ്ഞെടുക്കുന്നതിൻ്റെ ഫലമാണ്. മാനസാന്തരപ്പെട്ട് പത്തു വർഷം കഴിഞ്ഞ രണ്ടു സഹോദരന്മാരുടെ ആത്മീയ നില പരിഗണിക്കുക (രണ്ടു പേരും ഒരേ ദിവസം മാനസാന്തരപ്പെട്ട് ക്രിസ്തുവിലേക്കു വന്നവർ) അവരിൽ ഒരാൾ ഇപ്പോൾ ആത്മീയ വിവേചന ശക്തിയും പക്വതയും ഉള്ളവൻ, ദൈവത്തിന് അദ്ദേഹത്തെ സഭയിലെ വളരെയധികം ഉത്തരവാദിത്തങ്ങൾ ഏൽപ്പിക്കാൻ കഴിയുന്നു. മറ്റെയാൾ ഇപ്പോഴും വിവേചന ശക്തിയില്ലാത്ത, മറ്റുള്ളവരാൽ നിരന്തരമായി പോഷിപ്പിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ട ഒരു ശിശുവാണ്. അവർക്കു രണ്ടു പേർക്കും തമ്മിൽ ഇത്തരത്തിലൊരു വ്യത്യാസം ഉണ്ടാക്കിയത് എന്താണ്? അതിൻ്റെ ഉത്തരം ഇതാണ്. അവരുടെ ഈ പത്തു വർഷത്തെ ക്രിസ്തീയ ജീവിതകാലത്ത് ഓരോ ദിവസവും അവർ എടുത്ത ചെറിയ തീരുമാനങ്ങളാണ്. ഇതേ രീതിയിൽ, അടുത്ത പത്ത് വർഷങ്ങൾ കൂടെ തുടർന്നാൽ, അവർക്കു തമ്മിലുള്ള വ്യത്യാസം ഇതിലുമധികം പ്രകടമായിരിക്കും. പിന്നീട്, നിത്യതയിൽ, അവരുടെ തേജസ്സിൻ്റെ ഡിഗ്രിയിലുള്ള വ്യത്യാസം ഒരു 2000 വാട്ട് ബൾബും ഒരു 5 വാട്ട് ബൾബും പുറപ്പെടുവിക്കുന്ന പ്രകാശത്തിലുള്ള വ്യത്യാസം പോലെ ആയിരിക്കും!! “ഒരു നക്ഷത്രവും മറ്റൊരു നക്ഷത്രവും തമ്മിൽ തേജസ്സിൽ വ്യത്യാസപ്പെട്ടിരിക്കുന്നു” (1.കൊരി. 15:41).

നിങ്ങൾ ഒരു ഭവനം സന്ദർശിക്കുമ്പോൾ അവിടെ സന്നിഹിതനല്ലാത്ത ഒരു സഹോദരനെ കുറിച്ച് (നിങ്ങൾക്ക് ഇഷ്ടമില്ലാത്ത ഒരാൾ) നല്ലതല്ലാത്ത ചില കാര്യങ്ങൾ പറയുവാൻ നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്ന ഒരു സാഹചര്യത്തെ കുറിച്ചു ചിന്തിക്കുക. നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ആ പ്രലോഭനത്തിനു വഴങ്ങി പരദൂഷണം പറയുമോ? അതോ നിങ്ങളെ തന്നെ നിരസിച്ച് നിങ്ങളുടെ വായടച്ച് ഇരിക്കുമോ? ആരെയെങ്കിലും കുറിച്ചു ദൂഷണം പറഞ്ഞു എന്നതുകൊണ്ടു മാത്രം ദൈവം ആരെയും കുഷ്ഠമോ, ക്യാൻസറോ കൊണ്ട് അടിച്ചിടുന്നില്ല. ഇല്ല. അതുകൊണ്ടു തന്നെ അനേകർ കരുതുന്നത് അത്തരം ഒരു പാപം അവരുടെ ജീവിതങ്ങളെ നശിപ്പിക്കുകയില്ല എന്നാണ്. കഷ്ടമെന്നു പറയട്ടെ, തങ്ങളെത്തന്നെ പ്രസാദിപ്പിച്ച ഓരോ സമയവും അവരെത്തന്നെ എങ്ങനെയാണ് അവർ അല്പാല്പം നശിപ്പിച്ചതെന്ന് നിത്യതയിൽ മാത്രമെ അനേകം സഹോദരന്മാരും സഹോദരിമാരും മനസ്സിലാക്കുകയുള്ളു. അപ്പോൾ അവർ ഭൂമിയിൽ തങ്ങളുടെ ജീവിതങ്ങളെ പാഴാക്കിക്കളഞ്ഞ രീതി ഓർത്ത് ദുഃഖിക്കും.

യേശുവും നസ്രേത്തിൽ 30 വർഷങ്ങൾ സമാന സാഹചര്യങ്ങളിൽ പ്രലോഭിപ്പിക്കപ്പെട്ടിരുന്നു. ആ മറഞ്ഞിരുന്ന വർഷങ്ങളെ കുറിച്ച് എഴുതപ്പെട്ടിരിക്കുന്നത്, ഒരു സമയത്തും “അവിടുന്ന് ഒരിക്കലും തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല” (റോമ. 15:3) എന്നാണ്. അവിടുന്ന് എല്ലായ്പ്പോഴും തന്നെത്താൻ ത്യജിച്ചു അങ്ങനെ അവിടുന്ന് എപ്പോഴും പിതാവിനെ പ്രസാദിപ്പിച്ചു . ഒരാളിൻ്റെ ജീവിതത്തിൽ പല മേഖലകളിൽ തന്നെത്താൻ പ്രസാദിപ്പിക്കുന്ന കാര്യം ചെയ്യാൻ കഴിയും- ഉദാഹരണത്തിന് ഭക്ഷണം കഴിക്കുന്ന മേഖലയിൽ, നിങ്ങൾക്ക് വിശക്കാതിരിക്കുമ്പോൾ പോലും, രുചികരമായ ചില ലഘുഭക്ഷണങ്ങൾ വാങ്ങിച്ചു കഴിക്കുവാൻ അല്പം പണം ചെലവാക്കാൻ നിങ്ങൾ തീരുമാനിക്കുന്ന ഒരു സാഹചര്യം പരിഗണിക്കുക. തീർച്ചയായും അതിൽ പാപകരമോ തെറ്റോ ആയതൊന്നും ഇല്ല. എന്നാൽ അത് ഒരു പ്രത്യേക ജീവിത രീതിയെ പറ്റി പറയുന്നു. നിങ്ങൾക്കു പണമുള്ളതുകൊണ്ട് നിങ്ങൾക്കിഷ്ടമുള്ളതു നിങ്ങൾ വാങ്ങുന്നു, നിങ്ങൾക്ക് അത് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും. നിങ്ങളെത്തന്നെ പ്രസാദിപ്പിക്കുന്ന കാര്യം നിങ്ങൾ ചെയ്യുന്നു. നിങ്ങൾക്ക് എന്തെങ്കിലും വാങ്ങണമെന്നു തോന്നിയാൽ നിങ്ങൾ അതു വാങ്ങുന്നു. നിങ്ങൾക്ക് എവിടെയെങ്കിലും പോകണമെന്നു തോന്നിയാൽ നിങ്ങൾ പോകുന്നു. വൈകി ഉറങ്ങണമെന്നു നിങ്ങൾക്കു തോന്നിയാൽ, നിങ്ങൾ വൈകി ഉറങ്ങുന്നു. അപ്രകാരം ജീവിക്കുന്നതിൻ്റെ അന്തിമഫലം എന്താണ്, നിങ്ങൾ പതിവായി മീറ്റിംഗുകൾക്കു പോവുകയും എല്ലാ ദിവസവും നിങ്ങളുടെ വേദപുസ്തകം വായിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ പോലും? നിങ്ങൾക്കു നിങ്ങളുടെ രക്ഷ നഷ്ടപ്പെടുകയില്ലായിരിക്കും , എന്നാൽ ദൈവത്തിനു വേണ്ടി ജീവിക്കാൻ അവിടുന്നു തന്ന ആ ഒരു ജീവിതം നിങ്ങൾ തീർച്ചയായും പാഴാക്കും.

മറ്റൊരു സഹോദരൻ ഏതു വിധേനയും വ്യത്യസ്തമായി പ്രവർത്തിക്കുന്നു. അവൻ തൻ്റെ ശരീരത്തെ ശിക്ഷണം ചെയ്യുവാൻ തീരുമാനിക്കുന്നു. അവന് വിശപ്പില്ലാത്തപ്പോൾ, അനാവശ്യമായി ഒന്നും കഴിക്കുകയില്ലെന്ന് അവൻ തീരുമാനിക്കുന്നു, അനാവശ്യമായ കാര്യങ്ങൾ ഒന്നും ഒരിക്കലും അവനു വേണ്ടി വാങ്ങുകയില്ലെന്ന് അവൻ തീരുമാനിക്കുന്നു. ദൈവവുമായി സമയം ചെലവഴിക്കേണ്ടതിന് ദിവസവും 15 മിനിറ്റ് നേരത്തേ ഉണർന്ന് എഴുന്നേൽക്കുമെന്ന് അവൻ തീരുമാനിക്കുന്നു. ആരെങ്കിലും തന്നോടു കോപിച്ചു സംസാരിച്ചാൽ, അവരോട് ശാന്തമായി മറുപടി പറയുമെന്ന് അവൻ തീരുമാനിക്കുന്നു. എപ്പോഴും സ്നേഹത്തിലും നന്മയിലും നില നിൽക്കുവാൻ അവൻ തീരുമാനിക്കുന്നു. അവൻ്റെ മോഹത്തെ ഉത്തേജിപ്പിക്കുന്ന തരത്തിൽ വർത്തമാന പത്രങ്ങളിൽ വരുന്ന ഏതെങ്കിലും വാർത്തകൾ വായിക്കുകയില്ലെന്ന് അവൻ തീരുമാനിക്കുന്നു. ഓരോ സാഹചര്യത്തിലും, തന്നെത്താൻ താഴ്ത്തുവാനും തന്നെത്തന്നെ ന്യായീകരിക്കാതിരിക്കുവാനും അവൻ തീരുമാനിക്കുന്നു. ലോകത്തിലേക്കു തന്നെ സ്വാധീനിക്കുന്ന ചില സുഹൃത് ബന്ധങ്ങൾ ഉപേക്ഷിക്കുവാൻ അവൻ തീരുമാനിക്കുന്നു. നിരന്തരമായി അവൻ്റെ സ്വന്ത ഹിതം (അവനെ പ്രസാദിപ്പിക്കുന്നത്) നിഷേധിക്കുന്നതിനു തീരുമാനിക്കുന്നതിലൂടെ, ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതിനുള്ള അവൻ്റെ ഇച്ഛയിൽ അവൻ ശക്തനായി തീരുന്നു. അവന് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങാതിരുന്നതിനാൽ, അല്ലെങ്കിൽ കിടക്കയിൽ നിന്നു 15 മിനിറ്റു നേരത്തേ എഴുന്നേൽക്കുന്നതിനാൽ, അല്ലെങ്കിൽ തൻ്റെ മാനുഷികമായ അന്തസ് ഉപേക്ഷിച്ച് ക്ഷമ ചോദിക്കുന്നതിനാൽ അവന് എന്താണ് നഷ്ടപ്പെട്ടത്? ഒന്നുമില്ല എന്നാൽ അവൻ നേടിയതെന്താണെന്നു ചിന്തിച്ചു നോക്കുക! നിരന്തരമായി ചെറിയ കാര്യങ്ങളിൽ വിശ്വസ്തനായ, അതുപോലെയുള്ള ഒരാൾ, ഏതാനും വർഷങ്ങൾക്കുള്ളിൽ ദൈവത്തിൻ്റെ ഒരു വിശ്വാസയോഗ്യനായി മാറും- അവൻ്റെ ബൈബിൾ പരിജ്ഞാനം കൊണ്ടല്ല, എന്നാൽ തൻ്റെ ജീവിതത്തിൽ അവനെത്തന്നെ പ്രസാദിപ്പിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കേണ്ടതിന് ജീവിതത്തിൽ അവനെടുത്ത ചെറിയ തീരുമാനങ്ങളിലുള്ള അവൻ്റെ വിശ്വസ്തത കാരണം. ആ സമയത്ത് ദുർബല- ഇച്ഛാശക്തിയുള്ളവനായിരിക്കരുത്. എല്ലാ സമയത്തും ദൈവത്തെ പ്രസാദിപ്പിക്കുവാൻ നിങ്ങളുടെ ഇച്ഛാശക്തിയെ അഭ്യസിപ്പിക്കുക.

പക്വതയുള്ള (പ്രായം തികഞ്ഞ) ക്രിസ്ത്യാനികൾ എന്നാൽ “നന്മതിന്മകളെ തിരിച്ചറിവാൻ തഴക്കത്താൽ അഭ്യസിച്ച (അനേക വർഷങ്ങളായി തങ്ങളുടെ ഇച്ഛയെ ശരിയായ ദിശയിൽ അഭ്യസിപ്പിച്ച) ഇന്ദ്രിയങ്ങളുള്ളവരാണ്” (എബ്രാ.5:14). നിങ്ങൾ ദൈവത്തിൻ്റെ ഒരു യഥാർത്ഥ പുരുഷൻ / സ്ത്രീ ആയിരിക്കുമെന്ന് തീരുമാനിക്കുക.

What’s New?